ഇന്ന് രാവിലെ നൈറ്റ് ഡൂട്ടി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ഞാൻ സ്വീകരിക്കപ്പെടുന്നത് വലിയ ഒരു പരാതിയുടെ ഭാണ്ഡക്കെട്ടുമായാണു. എന്റെ അമ്മു അവളുടെ അപ്പനെ രാത്രി ഒട്ടും ഉറക്കിയില്ലാത്രേ!! അമ്മയും മകനും മാറി മാറി അത് പറഞ്ഞ് പരാതിപ്പെട്ടു. എന്നാൽ എന്റെ പെണ്ണു അതൊന്നും കാര്യമാക്കാതെ എന്റെ തോളത്ത് കയറി അമ്മിഞ്ഞപ്പാലിനു വേണ്ടി എന്റെയടുത്ത് ശുണ്ഡികൂടുവാൻ തുടങ്ങി. എല്ലാവരുടേയും പരാതികളും പരിഭവങ്ങളും കേട്ട് ഞാൻ കുഞ്ഞിനു പാലും കൊടുത്തുകൊണ്ട് സോഫായിലേക്കിരുന്നു...
മകൻ ഒരു രാത്രി ഉറങ്ങാതിരുന്നപ്പോൾ അമ്മക്ക് വിഷമം. നൈറ്റ് ഡൂട്ടിയായിട്ടും, കുഞ്ഞിന്റെ കാര്യങ്ങൾക്കായിട്ടും എത്രയോ രാത്രികൾ ഞാൻ ഉറങ്ങാതിരിക്കുന്നു... ആരും എന്നെക്കുറിച്ചോർത്ത് വിഷമിക്കുന്നില്ലാ!!! ആരും എനിക്ക് വേണ്ടി വാദിക്കുന്നതുമില്ലാ...
വിദേശിയായി പോയതുകൊണ്ട് ഭാര്യമാർ ജോലിക്ക് പോകുന്നതുകൊണ്ട് ഭർത്താക്കന്മാർ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കണമെന്നും, കുട്ടികളുടേയും വീട്ടിലേയും കാര്യങ്ങൾ നോക്കണമെന്നുമൊക്കെയുളള അഭിപ്രായമുളള കൂട്ടത്തിലല്ല ഞാൻ. പരസ്പരം എല്ലാ കാര്യങ്ങളിലും സഹരിക്കണമെന്നും, ഉത്തരവാദിത്വങ്ങൾ പരസ്പരം പങ്കുവെക്കപ്പെടണമെന്നുമുളള ചിന്താഗതിയുളള വ്യക്തിയാണു. ചിലപ്പോൾ ഡൂട്ടികാരണം ഞാൻ തിരക്കായി പോകുമ്പോൾ ഭക്ഷണം ഉണ്ടാക്കാൻ മകൻ അടുക്കളിയിൽ കയറുന്നത് നാട്ടിലെ ശീലങ്ങളിൽ വളർന്ന അമ്മക്ക് വിഷമം ഉണ്ടാക്കുന്നതായി എനിക്ക് തോന്നി. പക്ഷേ ആ രീതികളുമായി അമ്മ പൊരുത്തപ്പെട്ട് പോകുമ്പോഴും എന്റെ മനസ്സ് എന്നെ കൂട്ടിക്കൊണ്ട് പോയത് മറ്റൊരു ചിന്തയിലേക്കാണു; മരുമക്കൾ എത്ര സ്നേഹമുളളവരാണെങ്കിലും അപ്പനും അമ്മക്കും മക്കൾകഴിഞ്ഞേ അവർക്ക് സ്ഥാനം കൊടുക്കുകയുക്കളളൂ... അതൊരു ലോക സത്യമാണു....
എനിക്ക് ആരേക്കുറിച്ചും പരാതിയില്ലാ... കാരണം എന്റെ കുറവുകളും എന്റെ പരിധികളും എനിക്ക് നന്നായി അറിയാം. എനിക്ക് ചെയ്യാൻ പറ്റുന്ന എല്ലാ കടമകളും എന്റെ പരിധിക്കുളളിൽ നിന്നു കൊണ്ട് ഞാൻ ചെയ്യുന്നുണ്ട്. അത് ഏത് രീതിയിൽ സ്വീകരിക്കപ്പെടണം എന്നുളളത് ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണു.
ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട് ആ സ്ത്രീത്വത്തിന്റെ ബലഹീനതയെ ചൂഷണം ചെയ്യുവാൻ ഞാൻ ആരേയും അനുവദിക്കില്ല. പക്ഷേ എന്റെ കടമകൾ എന്റെ പരിധിക്കുളളിൽ നിന്ന് കൊണ്ട് പൂർണ്ണ മനസ്സോട് കൂടിത്തന്നെ ഞാൻ ചെയ്യും. അതിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുക... പരാതിപ്പെടേണ്ടവർ പരാതിപ്പെടുക.... ഇണക്കങ്ങളുടേയും, പിണക്കങ്ങളുടേയും ഇടയിലുളള ഈ കൊച്ച് ജീവിതത്തിൽ ഈ എന്നെ ഞാനായി അംഗീകരിക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ!!!.....