ഒരു പിടി ഓർമ്മകൾ ബാക്കിവെച്ച് കാലത്തിന്റെ യവനികക്കുളളിൽ നിന്റെ പ്രിയപ്പെട്ടവർക്ക് ഒരു കടലോളം നോവ് അവശേഷിപ്പിച്ച് നീ പോയ് മറയുമ്പോൾ എനിക്ക് ചുറ്റും നിസ്സഹായതയുടേയും, കണ്ണുനീരിന്റേയും, പ്രതീക്ഷകളുടേയും ഒരു പിടി മുഖങ്ങൾ ഒരു കൈ പിടി സഹായത്തിനായി നോക്കിപ്പാർക്കുന്നു. മരണം നിന്നെ ഈ ലോകത്തിന്റെ ആകുലതകളിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ആകുലതകളെ ആ മരണം വാനോളം ഉയർത്തിയിരിക്കുന്നു.
റെൻസി, 38 വയസ്സ്, 2018 ജൂലൈ മാസം നാലാം തീയതി ഗോവയിൽ വെച്ചുണ്ടായ ഒരു കാറപകടത്തിൽ ഈ ലോകത്തിൽ നിന്നും വിട വാങ്ങിയിരിക്കുന്നു.
എന്റെ നാത്തൂനായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ , പ്രായത്തിൽ എന്നേക്കാൾ മുതിർന്നവൾ ആയിരുന്നിട്ടും സ്വന്തം ആങ്ങളയുടെ ഭാര്യയെന്ന നിലയിലുളള ബഹുമാനം കാത്തുസൂക്ഷിച്ച് എന്നെ ചേച്ചിയെന്ന് മാത്രം വിളിച്ചിട്ടുളള വ്യക്തി. എന്നെ ചേച്ചിയെന്ന് വിളിക്കെണ്ടെന്ന് പല തവണ പറഞ്ഞിട്ട് കൂടിയും "എന്റെ റെഞ്ചിച്ചായന്റെ ഭാര്യ സ്ഥാനം കൊണ്ട് ചേച്ചിയാണെന്നും അതുകൊണ്ട് ബഹുമാന സൂചകം ചേച്ചിയെന്ന് മാത്രമേ വിളിക്കുവാൻ സാധിക്കൂവെന്ന്" എന്നോട് പറഞ്ഞ എന്റെ റെൻസി ചേച്ചിയെന്ന വിളിയെ അന്യമാക്കിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അവൾ എനിക്ക് വേണ്ടി അവശേഷിപ്പിച്ചത് പത്ത് വയസ്സും, മൂന്ന് വയസ്സും പ്രായമുളള പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയാണു. അവർക്ക് നല്ലൊരാന്റിയായി, അമ്മയുടെ വാത്സല്യവും, സംരക്ഷണവും പകരുവാൻ ദൈവം ഈ ജന്മത്തിൽ എന്നെ നിയോഗിച്ചിരിക്കുന്നു.
നിന്റെ മരണ ദിവസം നിന്റെ ആത്മാവിന്റെ സാമീപ്യം ഞാനറിഞ്ഞു. ഒരു പക്ഷേ നീയെന്നെ ഏറ്റവും അടുത്തറിയുന്ന നിമിഷം. നീയറിഞ്ഞിരിക്കും എനിക്കിപ്പോൾ ബന്ധങ്ങളുടെ കെട്ടുപാടുകളില്ലെന്ന്. എന്റെ ഈ ജന്മത്തിന്റെ നിയോഗങ്ങൾക്കായി മാത്രം ഞാനിപ്പോൾ ജീവിക്കുന്നു. നിന്റെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏൽക്കുവാൻ ഞാൻ യോഗ്യയെങ്കിൽ അതിനായി എന്റെ ലക്ഷ്യങ്ങളെ നീ ക്രോഡീകരിക്കുക. എന്റെ ന്യൂനതകൾ ഒരിക്കലും ആരുടെ ജീവിതത്തേയും ബാധിക്കാതിരിക്കുവാൻ ഞാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ദൈവം നിയോഗമുണ്ടെങ്കിൽ നിന്റെ കുഞ്ഞുങ്ങളുടെ ഭാവിയും എന്റെ കൈകളിൽ സുരക്ഷിതമായിരിക്കും.
ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച് നീ യാത്രയാകുമ്പോൾ മറ്റൊരു ലോകം ഈ പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ സ്വർഗ്ഗീയമായ നല്ലെയൊരു അനുഭവം നിനക്കായി ഞാൻ നേരുന്നു...
പ്രാർത്ഥനകളോടെ.....