24.03.20
05:35
വെളുപ്പിനെ നാലു മണി മുതൽ ഉണർന്ന് കിടക്കുന്നതാണു... ജനലിലൂടെ ആകാശത്തേക്ക് നോക്കിയപ്പോൾ നക്ഷത്രങ്ങളെയൊന്നും കാണുവാനില്ലാ... കുറച്ച് കഴിഞ്ഞപ്പോൾ ചന്നം പിന്നം പെയ്യുന്ന മഴയുടെ ശബ്ദം കേട്ടു.... എന്നാ നല്ല മഴ കാണാമെന്ന് ആഗ്രഹിച്ചപ്പോൾ അതും നിമിഷങ്ങൾക്കുളളിൽ അവസാനിച്ചു ... പിന്നെ ഓർമ്മിക്കുവാൻ ഒരു പാട് ഓർമ്മകൾ ജീവിതം ബാക്കിവെച്ചതുകൊണ്ട് ആ ഓർമ്മകളെ പുൽകി കുറേ നേരം കട്ടിലിൽ തന്നെ കിടന്നു.... ചില ഓർമ്മകൾ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നപ്പോൾ മറ്റു ചില ഓർമ്മകൾ ഞാനറിയാതെ എന്റെ കണ്ണുകളെ ഈറനണിയിച്ചു... മനസ്സ് ദു:ഖസാഗരത്തിൽ മുങ്ങിത്താഴുന്നതിനു മുൻപേ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഒരു കാപ്പിയിട്ട് കുടിച്ച് എഴുതുവാൻ തുടങ്ങി....
ഇപ്പോളെനിക്ക് കൂട്ട് ആകാശത്തിലെ നക്ഷത്രങ്ങളാണു... ജനലിനോട് ചേർത്തിട്ടിരിക്കുന്ന കട്ടിലിൽ കിടന്ന് ആ നക്ഷത്രങ്ങളെ നോക്കിയങ്ങനെ കിടക്കും... എനിക്ക് പറയുവാനുളളതെല്ലാം അവർ കേൾക്കും ... പക്ഷേ ഇന്നലെ രാത്രി അവർ ഇല്ലായിരുന്നു... ഇന്ന് വെളുപ്പിനേയും അവരെ കണ്ടില്ലാ... കാർമേഘങ്ങൾ അവരെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണു.. ഒരു പക്ഷേ ഞാനവരെയു ഒരു പാട് സ്നേഹിക്കാതിരിക്കുവാനായിരിക്കും....
തനിച്ചായതുപോലൊരു തോന്നൽ .... അല്ലാ എല്ലാവരും എന്നും ജീവിതത്തിൽ തനിച്ചാണു... പിന്നെ ആരൊക്കെയോ നമ്മുടെ കൂടെയുണ്ടാവുമെന്ന് നമ്മൾ വിശ്വസിക്കുന്നു എന്നു മാത്രം ...
എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനു ആരുമുണ്ടാകില്ലായെന്നൊരുവേദന മനസ്സിനെ അലട്ടുന്നു... മരിക്കുവാൻ ഒരു തരുമ്പു പേടിയില്ലാ.. പക്ഷേ ഞാൻ ജീവിച്ചിരിക്കേണ്ടത് ഇപ്പോൾ എന്റെ മാത്രം ആവശ്യകതയായി മാറിയിരിക്കുന്നു... എന്റെ കുഞ്ഞിനു വേണ്ടി ...
നാട്ടിലേക്ക് തിരികെ പോയാലോ എന്നൊരു ചിന്ത... അവിടെ ചെന്നാൽ മനസ്സ് നിറഞ്ഞ് സ്വീകരിക്കാനാരുമില്ലാ... സ്വന്തമായി ഒരു തുണ്ടു ഭൂമിയോ കേറിക്കിടക്കാൻ സ്വന്തമായൊരു വീടുമില്ലാ... പക്ഷേ പോകണം ..... ഞാനാഗ്രഹിച്ചതുപോലെ ഒരു ഇല്ലമൊക്കെ വാങ്ങി നാട്ടിലെ കാറ്റും മഴയും വെയിലും മഞ്ഞുമൊക്കെ അനുഭവിച്ച് ... നീ നൽകിയ ഓർമ്മകളിൽ അങ്ങനെ ജീവിച്ച് മരിക്കണം .....
ഇത് എഴുതിക്കൊണ്ടിരുന്നപ്പോൾ ആകാശത്തൊരു വെളിച്ചം കണ്ടു... ഒരു വിമാനം ആകാശ വിതാനത്തെ ഭേദിച്ചു പോകുന്നതാണു ... പണ്ടൊക്കെ വിമാനം കാണുമ്പോൾ ഒരു സന്തോഷമായിരുന്നു... ഇപ്പോ കാണുമ്പോൾ മനസ്സിൽ വരുന്നത് ഈശ്വരാ എത്ര കൊറോണ അതിലുണ്ടായിരിക്കുമോ എന്തോ... ഇപ്പോ വിമാനങ്ങളൊക്കെ കൊറോണ വാഹാകരാണു...
ഈശ്വരാ ഈ രണ്ട് മണിക്കൂർ കൊണ്ട് മനസ്സ് എവിടെയെല്ലാം പോയി തിരിച്ചു വന്നൂ ല്ലേ!!!.... എല്ലാം നല്ലതായി തീരട്ടെ....