സാഹിത്യവേദിയുടെ കൂട്ടായ്മ ഒരിക്കൽ കൂടി കൊറോണയുടെ ആകുലതകളെ മാറ്റി വെച്ച് സെപ്റ്റംബർ 26-നു സംഗമിച്ചപ്പോൾ പുസ്തക പരിചയവും ചർച്ചകളുമായി വീണ്ടും ഒരു പിടി നല്ല ഓർമ്മകൾ ഞങ്ങളിൽ അവശേഷിപ്പിച്ചു.
സജിച്ചായൻ പരിചയപ്പെടുത്തിയ വി. ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും ഏറെ ചർച്ചചെയ്യപ്പെട്ടു. 1971-ൽ കേരള സാഹിത്യ പുരസ്കാരം ഈ കൃതിക്ക് ലഭിച്ചു. വി ടി -യുടെ ബാല്യം കൗമാരം യവ്വനം വരച്ചു കാട്ടുന്ന ആത്മകഥ ബ്രാഹ്മണ സമൂഹത്തിന്റെ അനാചാരങ്ങളെ വളരെ ധീരമായി എടുത്തുകാണിക്കുന്ന ഒരു ചരിത്ര പുസ്തകമായിത്തന്നെ ഇതു മാറി.
തന്റെ പതിനേഴാം വയസ്സ് വരെ നിരക്ഷരനായിരുന്ന ആ യുവാവ് ഒരു ചെറു ബാലികയില്‍ നിന്ന് ആദ്യമായി അക്ഷരം പഠിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വലിയവഴിത്തിരിവായി മാറി. വ്യവസായ വിപ്ലവങ്ങളിലൂടെയും ശാസ്ത്രീയ വിജ്ഞാനത്തിലൂടെയും ലോകം മുന്നേറുമ്പോള്‍ ദര്‍ഭ പുല്ലുകൊണ്ട് പവിത്രമോതിരവും കൂര്ച്ചവും കെട്ടി ഹോമരൂപേണ നമ്പൂതിരിമാര്‍ നടത്തി വന്ന ലഘു വ്യവസായത്തിന്റെ ദയനീയതയോര്‍ത്തു അദ്ദേഹം പരിതപിച്ചു.
‘ഉണ്ണുക, ഉറങ്ങുക, ഗർഭമുണ്ടാക്കുക’, ‘വയ്ക്കുക, വിളമ്പുക, പ്രസവിക്കുക’ തുടങ്ങി വിവാദപരമായ പ്രസ്താവനകളിൽ മുഖമടച്ചു പ്രഖ്യാപിക്കുന്ന ആഖ്യാന ശൈലി രചനയിൽ അവലംബിച്ചിരിക്കുന്നു. നങ്ങേമയും അമ്മുക്കുട്ടിയും സ്വകാര്യ ജീവിതത്തിലെ വേദനകളും ആത്മകഥാ ലക്ഷണങ്ങൾ പൂർണത്തിൽ എത്തിക്കുമ്പോളും കൃത്യമായ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഈ പുസ്തകത്തിലൂടെ വി.ടി. എടുത്തുകാണിക്കുന്നു.
“വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ ഉള്ളുരുകി. ആ ചൂട് എന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചു. മനുഷ്യചിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്ക് തോന്നുന്നു. സ്വാതന്ത്ര്യസമരമെന്നാല്‍ രാഷ്ട്രീയസമരമോ, സാമ്പത്തിക സമരമോ സാമൂഹ്യസമരമോ മാത്രമല്ല. എന്നാല്‍ ഇതെല്ലാമാണുതാനും…”
കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെപ്പിടിച്ച കണ്ണാടിയായിമാറിയ ഇതിഹാസസമാനമായ ഒരു ആത്മകഥയിലെ കുറിപ്പുകളാണ്.
അര്‍ത്ഥശൂന്യവും യാന്ത്രികവുമായ ആചാരാനുഷ്ഠാനങ്ങളുടെ കണിശതയില്‍ ബുദ്ധിയും സര്‍ഗ്ഗ ശേഷിയും മുരടിച്ചു തങ്ങളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാന്‍ സാധിക്കാതെ ആത്മസംഘര്‍ഷങ്ങളില്‍ പെട്ട് കഷ്ടപെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹംകണ്ടു. ആ കാഴ്ച അദ്ദേഹത്തില്‍ ഉണ്ടാക്കിയ ആത്മനൊമ്പരങ്ങള്‍ ആണ് വി. ടി. ഭട്ടതിരിപ്പട് എന്നാ സാമൂഹ്യ പരിഷ്കര്ത്താവിനു ജന്മം നല്‍കിയത്.
"1921-ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻറെ വാർഷികത്തിൽ ഞാൻ കേരളത്തിൻറെ ഒരു പ്രതിനിധിയായി പങ്കെടുത്തു." എന്നതൊഴിച്ചാൽ അവിടെ സംഭവിച്ച രാഷ്ട്രീയ തീരുമാനങ്ങളെ ബോധപൂർവം ഒഴിവാക്കി തന്റെ കേരളം നവോത്ഥാനം എന്ന ലക്ഷ്യത്തിലേക്കു വി ടി കൃത്യമായി ഒരുക്കുന്നത് ഒരു വിരോധാഭാസമാണ് . ഇന്ത്യയുടെ ചുറ്റുപാടിനേക്കാൾ ഉപരി കേരളം സമൂഹം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി മേഖല എന്നതിന് ഒരു അടിവര മാത്രമാണ് പ്രസ്തുത ഭാഗം
വിദ്യാഭ്യാസവിപ്ലവത്തിലും സാമൂഹ്യവിപ്ലവത്തിലും അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചുപറയുന്ന ആത്മകഥാസ്വഭാവമുള്ള ഗ്രന്ഥമാണിത്.
(കടപ്പാട് : വിക്കിപീഡിയ, ഡി.സി. ബുക്ക്സ്).
സ്നേഹപൂർവ്വം
കാർത്തിക.