മൂകയായ് എന്ന സൃഷ്ടിയുടെ ജനന കഥ!
ആലാപനം: G. വേണുഗോപാൽ
സംഗീതം: ശിവദാസ് വാര്യർ
വരികൾ: അനീഷ് നായർ
2021 ഒക്ടോബറിലാണ് ഈ ഗാനം പ്രേഷകരിലേക്ക് എത്തുന്നത്. ആ പാട്ടിനെക്കുറിച്ച് മെട്രോ മലയാളത്തിൽ ഒരു ആർട്ടിക്കിൾ എഴുതുന്ന വേളയിൽ അനീഷ് നായർ എനിക്ക് കുറച്ച് വോയിസ് ക്ലിപ്പുകൾ അയച്ചു തന്നിട്ട് പറഞ്ഞു,
"ഈ പാട്ടിന്റെ അർത്ഥത്തെക്കുറിച്ച് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങൾ ഇതിലുണ്ട്. ഇതിൽ ഒരു കാര്യം ഒഴിച്ച് ബാക്കിയെല്ലാം ആർട്ടിക്കിളിൽ ചേർത്തോളൂ."
ആ വോയിസ് ക്ലിപ്പിലൂടെ അന്ന് അദ്ദേഹം പങ്കുവെച്ച ഒരനുഭവത്തിലൂടെ ശരിക്കും ആ പാട്ടിന്റെ ദൈവീക സാന്നിധ്യം ഞാൻ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
ആ അനുഭവം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഞാൻ ഇവിടെ കുറിക്കുന്നു;
"ഈ പാട്ടെഴുതുന്ന സമയത്ത് എവിടെയുമില്ലാത്ത ഒരു ഗന്ധം എന്റെ മുറി ഒന്നായിട്ട് വന്നുനിറഞ്ഞു. കൂടെ ആരുമില്ലാ. ഇതുവരെയുമില്ലാത്ത ആ സുഗന്ധം എന്തിന്റെയാണെന്ന് അറുയുവാൻ പറ്റാതെ എനിക്ക് ഒരുതരം ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി. എന്നിട്ട് ഞാൻ മുകളിലത്തെ മുറിയിലേക്ക് പോയി പെർഫ്യൂമിന്റെ കുപ്പി എന്തെങ്കിലും പൊട്ടിയതാണോയെന്ന് നോക്കി. മുകളിലൊന്നും ആ സ്മെല്ലില്ലാ. അപ്പോൾ മനസ്സിലായി അത് പെർഫ്യൂമിന്റെ മണമല്ലാ, ഞാൻ ഇതുവരേയും അനുഭവിക്കാത്ത ഒരു ഗന്ധമാണ്. ആ സുഗന്ധം നിറഞ്ഞു നിന്ന എന്റെ മുറിയിലിരുന്ന് ആ ദിവസമാണ് ഞാനീ പാട്ട് എഴുതുന്നത്. അടുത്ത ദിവസം രാവിലെ ഞാൻ എണീറ്റയുടനെ നോക്കിയത് ആ മണം അവിടെയുണ്ടോയെന്നാണു. അപ്പോഴും എന്റെ കൈയ്യിൽ ആ മണം ബാക്കിയുണ്ട്. ആദിവസം മുഴുവൻ ആ മണം എന്റെ കൂടെയുണ്ടായിരുന്നു. ഞാനൊരു ഭക്തനല്ലാ, പക്ഷേ ഏതോ ഒരു ശക്തിയാണ് എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ആ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. നമ്മളല്ലാ ഇതൊന്നും ചെയ്യുന്നതെന്ന് നമ്മളെ മനസ്സിലാക്കിത്തരുന്ന ഒന്നാണ് എഴുത്ത്."
അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ടുകഴിഞ്ഞപ്പോൾ ഒന്നും പറയുവാൻ ആകാതെ എത്ര നിമിഷം ഞാൻ അങ്ങനെ ഇരുന്നുവെന്ന് അറിയില്ലാ. ആ ദൈവീക സാന്നിധ്യം ഞാനും അറിയുകയായിരുന്നു. അന്ന് അതെന്നിൽ നിറച്ച പൂർണ്ണത എന്റെ കണ്ണുകളെ നനയിച്ചു.
ഈ ഒരു കാര്യം ഒരിടത്തും എഴുതരുതെന്ന് അദ്ദേഹമെന്നോട് പറഞ്ഞിരുന്നു. പക്ഷേ ആ പാട്ടിനെ ആസ്വദിച്ചവർക്ക് അത് പൂർണ്ണമാകുവാൻ ഈ ഒരു കുറിപ്പ് വേണമെന്ന് ഞാൻ വിശ്വസിക്കുന്നു.
ആ ദൈവീക സാന്നിദ്ധ്യത്തിൽ ജന്മം കൊണ്ട വരികൾ !
*സഹസ്രകോടി സൂര്യപ്രഭാപൂരസദൃശാം*
*പഞ്ചബ്രഹ്മസ്വരൂപിണീ തവമുഖപങ്കജം*
*മായയാം മമ മാനസത്തിൻ മാലകറ്റി*
*മായാതെയെന്നുള്ളിൽ വിളങ്ങീടണം ചിരം*
(ആയിരംകോടി സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലയുള്ള പഞ്ചബ്രഹ്മസ്വരൂപിണിയായഅമ്മയുടെ താമരപ്പൂ പോലെയുള്ള മുഖം....
എന്റെ മായയുടെ അഴുക്കു മൂടിയ മനസ്സിൽ എന്നെന്നും മായാതെ വിളങ്ങീടണം)
*മൂകമായ് ഭജിക്കുമീയടിയന്റെ നാവിലെന്നും*
*വരമായി വരേണം നീ മൂകാംബികേ*
*അഹമെന്ന ഭാവങ്ങളൊഴിഞ്ഞോരെന്നുള്ളിലെന്നും*
*അറിവായി നിറയേണം ജ്ഞാനാംബികേ*
*തെറ്റുന്നോരിളം പാദമടിവെക്കും വഴിത്താരിൽ*
*വിരൽത്തുമ്പാൽ നടത്തേണം വേദാംബികേ*
*നേരെന്തെന്നറിയാതെ നേരമെന്തെന്നറിയാതെ*
*വ്രതം നോറ്റു പ്രണമിപ്പൂ ത്രിപുരേശ്വരീ*
*ഒന്നുമാത്രമറിയുന്നേൻ*
*അമ്മയാണെന്നുള്ളിലെന്നും*
*അമ്മയുണ്ടെൻ പിന്നിലെന്നും*
*അമ്മയെന്ന മന്ത്രമൊന്നെൻ ചുണ്ടിലെന്നും*.
*ജ്ഞാനോദയം നൽകും പുലരിപ്പൊന്നൊളി തൂകി*
*നെറുകിൽ ജ്ഞാനാംബിക തൊട്ടുണർത്തും*
*അജ്ഞാനമകലുവോളം*
*കൂരിരുട്ടിൽ കൂട്ടിരിക്കാൻ*
*താരാട്ടിൻ താളമായെൻ*
*അമ്മമാത്രമമ്മമാത്രമുണർന്നിരിക്കും*
❣️
KR