ഒരു പെണ്‍കുട്ടിയുടെ കഥ
ഏന്‍റെ ലോകം എത്ര
ചെറുതാണ്. കഷ്ടപ്പാടുകളും
ദുരിതങ്ങളും ,കണ്ണുനീരും മാത്രമുള്ള ലോകം. സ്നേഹം എന്ന
വാക്കിന്‍റെ അര്‍ഥം ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ല മുഴുക്കുടിയനായ അച്ഛനില്‍
നിന്നോ, ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടിലെത്തുന്ന രണ്ടാനമ്മയില്‍ നിന്നോ, എന്‍റെ
അമ്മയുടെ രൂപവും, പ്രകൃതവും ദൈവം എനിയ്ക്കു നല്‍കിയതുകൊണ്ട് ഇപ്പഴും എന്നെ ദ്രോഹിക്കന്ന
മുത്തശ്ശിയില്‍ നിന്നോ......
ഈ
ജല്പനങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെ പ്രായവും പക്വതയും എത്തിയ ഒരാളുടേതല്ല,
പകരം കളിചിരികള്‍ വിട്ടുമാറാത്ത, കുട്ടിത്തം മായാത്ത ഒരു ഒന്‍പതു വയസ്സുകാരി
പെണ്‍കുട്ടിയുടേതാണ്. അവളുടെ പേരു തീര്‍ത്ഥ. അത് അവളുടെ അമ്മയിട്ട പേരാണ്. ആ വാക്കിന്‍റെ എല്ലാ പരിശുദ്ധിയും ആ കുഞ്ഞിലും
ഉണ്ടായിരുന്നു.
എന്‍റെ
അമ്മയെ കണ്ട ഓര്‍മ്മപോലും എനിക്കില്ല. എന്തിന് എന്‍റെ അമ്മയുടെ ഒരു ഫോട്ടോ പോലും ആവീട്ടില്‍ അവരാരും
വെച്ചിട്ടില്ല. നാട്ടുകാര്‍
പറയുന്നത് എന്‍റെ അച്ഛനും മുത്തശ്ശിയും കൂടി എന്‍റെ അമ്മയെ പീഡിപ്പിച്ചു
കൊന്നുവെന്നാണ്.
"തീര്‍ത്ഥാ"
..... ആമി ടീച്ചറുടെ നീട്ടിയുള്ള വിളി
അവളെ ആ പേടി സ്വപ്നങ്ങളില്‍ നിന്നു തട്ടിയുണര്‍ത്തി.
"എന്താ
കുട്ടീ നീ തനിച്ചിരിക്കുന്നത്? എല്ലാ കുട്ടികളും ആഹാരം കഴിക്കുമ്പോള്‍ നീ മാത്രം
എന്തേ ഇവിടിരിക്കുന്നത്" എന്നു ചോദിക്കാന്‍ ആമിടീച്ചര്‍ മുതിര്‍ന്നില്ല,
കാരണം ആ പെണ്‍കുട്ടിയുടെ എല്ലാ അവസ്ഥകളും
ടീച്ചര്‍ക്ക് അറിയാമായിരുന്നു. അവള്‍ക്കുള്ളപൊതി ചോറുമായിട്ടാണ് ആമിടീച്ചര്‍ വന്നത്.
"
ആമി ടീച്ചര്‍ എന്തിനാ എനിയ്ക്ക് എന്നും ആഹാരം കൊണ്ടുവന്നു തരുന്നത്. എനിയ്ക്ക്
പട്ടണി കിടന്നൊക്കെ നല്ല ശീലമാണ്, വെറുതെ ആമി ടീച്ചര്‍ക്കു ബുദ്ധിമുട്ട് കൂട്ടാന്‍" അവളുടെ
പരിഭവത്തിന്‍റെ ആഴം ടീച്ചര്‍ അറിഞ്ഞു.
"
എന്‍റെ കുട്ടീ എനിക്കെന്തു ബുദ്ധിമുട്ട്; എന്‍റെ കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന
ആഹാരത്തിന്‍റെ ഒരു പങ്ക് എന്‍റെ ഈ കുട്ടിക്കും ഞാന്‍ കൊണ്ടുവരുന്നു. അതാണോ എത്ര ബുദ്ധിമുട്ട്" ആമി ടീച്ചര്‍
അവളെ തന്നോട് ചേര്‍ത്തു അവളുടെ തലയില്‍ തലോടി.
ഒരമ്മയുടെ
സ്വാന്തനവും പരിചരണവും എല്ലാം തീര്‍ത്ഥ അനുഭവിച്ചറിഞ്ഞിരുന്നത് ആമി
ടീച്ചറിലൂടെയായിരുന്നു. അവള്‍ക്കു ഈ
ലോകത്തില്‍ ആകെയുണ്ടായിരുന്ന ഏക ആശ്വാസവും ആമി ടീച്ചര്‍ ആയിരുന്നു. അവള്‍ തന്‍റെ സങ്കടങ്ങളുടെ ഭാണ്ടകെട്ടുകള്‍
മുഴുവന്‍ ടീച്ചറിന്‍റെ മുന്‍പില്‍ അഴിച്ചു വെക്കുമായിരുന്നു.
സര്‍ക്കാര്‍
പള്ളിക്കൂടത്തില്‍ ആയതിനാല്‍ ഉച്ചക്കഞ്ഞി കിട്ടും. അത് അവള്‍ക്ക് എന്നും ഒരു
ആശ്വാസമായിരുന്നു...പിന്നെ ആമി ടീച്ചര്‍ കൊണ്ടുവരുന്ന പലഹാരങ്ങളും,
പൊതിച്ചോറുമായിരുന്നു അവള്‍ക്കറിയാവുന്ന മറ്റു രുചികള്‍. ശനിയും ഞായറും
പള്ളിക്കൂടം അടച്ചാല്‍ പിന്നെ പട്ടിണിയാണ്.....ഉച്ചക്കഞ്ഞിയുമില്ല ആമിടീച്ചറുടെ
പൊതിച്ചോറുമില്ല....
പള്ളിക്കൂടത്തിലെ
നാലുമണിയുടെ ശബ്ദം അവള്‍ക്കെന്നും അരോചകമായിരുന്നു. കാരണം വീണ്ടും കഷ്ടപ്പാടുകളുടെ
ലോകത്തിലേയ്ക്ക് മടക്കയാത്ര ചെയ്യാനുള്ള
ഒരു മണിമുഴക്കമായിരുന്നു അത്. എന്നിരുന്നാലും പള്ളിക്കൂടം കഴിഞ്ഞ് എത്രയും വേഗം വീട്ടിലെത്താന്‍
അവള്‍ ശ്രമിച്ചു..
"ചെന്നിട്ട്
എന്തെല്ലാം പണികളാണ് എനിക്ക് ചെയ്തു തീര്‍ക്കാന്‍ ഉള്ളത്; ആഹാരം ഉണ്ടാക്കണം,
വെള്ളം കോരണം, മുത്തശിയെ കുളിപ്പിക്കണം, വിറകു പെറുക്കാന്‍ പോകണം...എന്‍റെ കൃഷ്ണാ
എന്നാണ് എന്‍റെയീ അലച്ചിലുകള്‍ തീരുന്നത്?". അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.
പക്ഷെ അവളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അവളുടെ
സങ്കടങ്ങള്‍ എന്നും അവളുടെ മാത്രം സങ്കടങ്ങള്‍ ആയിരുന്നു.
വീട്ടിലെത്തിയപ്പോഴേയ്ക്കും
മുത്തശ്ശി വാതില്‍ക്കല്‍ ഇരിപ്പുണ്ടയിരുന്നു. ചെന്നു് കയറാന്‍ നോക്കിയിരിക്കും
എന്നെ ഉപദ്രവിക്കാനും എന്‍റെ കുറ്റങ്ങള്‍ മുഴുവനും അച്ഛനോട് പറഞ്ഞു അച്ചന്‍റെ വക
ഉപദ്രവും വാങ്ങിതാരനും...അവര്‍ക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തു
കൊടുക്കുന്നുണ്ട്. പിന്നെയും അവരെന്തിനാണ് എന്നെയിങ്ങനെ വേദനിപ്പിക്കുന്നത്, ഞാന്‍
ഒരു പെണ്‍കുട്ടിയായി ജനിച്ചു പോയതുകൊണ്ടാണോ!...
"തീര്‍ത്ഥാ"
.....
"ഈശ്വരാ!
അത് അച്ഛന്‍റെ വിളിയാണല്ലോ....ഇനി ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് എന്നെ
ഉപദ്രവിക്കാന്‍ തുടങ്ങും. ഞാന്‍ എങ്ങോട്ടാണ് ഓടിയൊളിക്കേണ്ടത്!.." അവളുടെ
മനസ്സില്‍ പേടിയുടെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുകയായിരുന്നു. അത് കൊച്ചുകൊച്ച്
കണ്ണുനീര്‍ തുള്ളികളായി അവളുടെ മുഖത്തുകൂടി പെയ്തിറങ്ങുന്നുണ്ടായിരുന്നു.
"നിന്നെ
എത്രനേരം കൊണ്ട് ഞാന്‍ വിളിക്കുന്നു, എന്താടീ നീ ഇന്ന് മുത്തശ്ശിയുടെ
കാര്യങ്ങളൊന്നും നോക്കിയില്ലേ.." അതും പറഞ്ഞ് ആ മനുഷ്യന്‍ ആ പാവം
പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുവാന്‍ തുടങ്ങി.
അവളുടെ
നിലവിളികള്‍ ആ ചുവരുകളില്‍ തട്ടി അവിടെ തളംകെട്ടിനിന്നു. ആരും ഉണ്ടായിരുന്നില്ല
അവളുടെ രക്ഷക്കായി വരുവാന്‍. ചിലപ്പോള്‍ ഈശ്വരനുപോലും എല്ലാത്തിനും മൂകസാക്ഷിയായി
നിലനില്‍ക്കേണ്ടിവരുന്നു...
അവളെ അയാള്‍
ആ തറയിലൂടെ വലിച്ചിഴച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു... ആ വീഴ്ച്ചയുടെ ആഘാതത്തില്‍
ആ കുരുന്നു ശരീരത്തില്‍ നിന്ന് ഒരു ചെറിയ ഞരക്കം മാത്രം ഉതിര്‍ന്നു..പിതൃത്വം
ശാപമായി മാറുന്ന നിമിഷങ്ങള്‍.
അമ്മയുടെ
സാമീപ്യം അപ്പോള്‍ അവള്‍ ഒരുപാടു കൊതിച്ചു. "എന്തിനാ അമ്മെ എന്നെ
തനിച്ചാക്കിപ്പോയത്...ഈശ്വരന്‍റെ അടുത്തേക്ക് പോയപ്പോള്‍ അമ്മക്ക് ഈ മോളെക്കൂടി
കൊണ്ടുപോവയിരുന്നില്ലേ?" അവളുടെ ചുണ്ടുകളില്‍നിന്നും ഒരു നേര്‍ത്ത
സ്വരത്തില്‍ അതുയര്‍ന്നു.
സ്വര്‍ഗത്തിലിരുന്നോ, ഭൂമിയല്‍ അവളുടെ സമീപേഇരുന്നോ ആ അമ്മയുടെ ആത്മാവ് അത്
കേള്‍ക്കുന്നുണ്ടായിരുന്നിരിക്കണം...ആ ആത്മാവിന്‍റെ വേദനയെന്നപോലെ ഒരു ചെറിയ
തെന്നലവളെ തഴുകി മറഞ്ഞു.
എത്ര
രാത്രികള്‍, എത്ര പകലുകള്‍ ഇങ്ങനെ
സ്വന്തം പിതാവിന്‍റെയും മുത്തശ്ശിയുടെയും മര്‍ദ്ദനങ്ങള്‍ക്കിരയായി ആ പിഞ്ചു ബാല്യം. എന്തോ ദൈവം രണ്ടാനമ്മയ്ക്ക് ഒരു വില്ലത്തി വേഷം
നല്‍കിയില്ല. എന്നാല്‍ ഒരു അമ്മയുടെ മാതൃസ്നേഹവും
നല്‍കിയിരുന്നില്ല.
പട്ടണത്തില്‍ എവിടെയോ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയാണ് അവര്‍. അച്ചനിടയ്ക്ക് പണത്തിനായി അവരോടും വഴക്കിടും.
എല്ലാം കുടിച്ചു നശിപ്പിക്കും.
അങ്ങനെ
വേനല്‍ അവധി വന്നടുക്കുകയാണ്. എല്ലാ
കുട്ടികളും രണ്ടു മാസത്തേക്ക് പള്ളിക്കൂടം അടക്കുമ്പോള്‍ സന്തോഷിക്കുകയാണ്. പക്ഷേ
അവള്‍ മാത്രം ഉള്ളില്‍ കരയുകയായിരുന്നു. ഇനി രണ്ടു മാസം താന്‍ പട്ടണി ആകുകയാണ്.
പിന്നെ വീട്ടില്‍ ഉള്ളവരുടെ ഉപദ്രവവും.
വാകമരച്ചോട്ടില്‍
തനിച്ചിരിക്കുന്ന തീര്‍ത്ഥയെ കണ്ടുകൊണ്ടാണ് ആമി ടീച്ചര്‍ അങ്ങോട്ടു ചെന്നതു.
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ടീച്ചര്‍ കണ്ടു. അവളുടെ വിഷമം മനസ്സിലാക്കിയെന്നോണം അവളോട് ടീച്ചര്‍ ഒരു കഥ പറഞ്ഞു "
ഒരു പെണ്‍കുട്ടിയുടെ കഥ " തന്‍റെ കുടുംബത്തിനു വേണ്ടി കഷ്ടപെടുന്ന ഒരു
പെണ്‍കുട്ടിയുടെ, സ്നേഹവും സന്തോഷവും സമാധാനവും
ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഒരു പാവം പെണ്‍കുട്ടിയുടെ കഥ. ആ
കഥയുടെ അവസാനം ഇങ്ങനെ ആയിരുന്നു. " അവളുടെ വിഷമങ്ങളും ദുഃഖങ്ങളും കണ്ടു
മനസ്സലിഞ്ഞ ദൈവം അവള്‍ക്കു മുത്തുകളും പവിഴങ്ങളും നക്ഷത്രങ്ങളും പൂക്കളും
മാലാഖമാരുമുള്ള ഒരു ലോകം നല്‍കി.
അവിടെ അവള്‍ എല്ലാ ദുഃഖങ്ങളും വേദനകളും മറന്നു. എങ്ങും സന്തോഷം മാത്രം നിറഞ്ഞു
നില്‍ക്കുന്ന ഒരു ലോകം".
"എന്നാണ്
എനിക്കവിടെ പോകാന്‍ പറ്റുക. ദൈവം എനിക്കും അതുപോലൊരു ലോകം തരുമോ ടീച്ചറെ എപ്പോഴും
സന്തോഷം മാത്രമുള്ള ഒരു ലോകം". ആമി ടീച്ചറുടെ കഥാഗതിയെ ഭേദിച്ചുകൊണ്ട് അവള്‍
ചോദിച്ചു.
"
ഒരിക്കല്‍ നിനക്കും അവിടെ പോകാന്‍ പറ്റും". അതു പറഞ്ഞപ്പോള്‍ ആമി ടീച്ചറുടെ കണ്ണുകളും അറിയാതെ
നിറഞ്ഞു. ജീവിതത്തില്‍ പ്രതീക്ഷകള്‍ നശിച്ച ഒരു കുരുന്നിന്‍റെ സ്വപ്നങ്ങള്‍ക്ക്
നിറം പകരുന്നതായിരുന്നു ആമി ടീച്ചറുടെ കഥ. അതില്‍ കൂടുതല്‍ ഒന്നും ആമി
ടീച്ചര്‍ക്കും അവള്‍ക്കു വേണ്ടി ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. ചിലപ്പോള്‍ ജീവിതം
അങ്ങനെയാണ്, നമ്മള്‍ അറിയാതെ തന്നെ നമ്മുടെ കൈകള്‍ ചില വിലങ്ങുകളാല്‍ ബന്ധിക്കും.
തികച്ചും നിസ്സഹായമായ അവസ്ഥയെന്ന വിലങ്ങുകള്‍ കൊണ്ട്........
അവളുടെ
സ്വപ്നങ്ങള്‍ക്ക് ആമി ടീച്ചര്‍ പറഞ്ഞ ആ ലോകം നിറങ്ങള്‍ പകര്‍ന്നു കൊണ്ടേയിരുന്നു .
പക്ഷേ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അവള്‍ക്കു വേണ്ടി കാത്തുവെച്ചിരുന്നതി
ദുരന്തങ്ങള്‍ മാത്രമായിരുന്നു.
വേനലവധിക്കായി
പള്ളിക്കൂടം അടയ്ക്കേണ്ട ആ ദിനത്തിലെ പ്രഭാതം ഉണര്‍ന്നത് കരളലിയിയിക്കുന്ന ഒരു
ദുരന്ത വാര്‍ത്തയുമായാണ്. തീര്‍ത്ഥ എന്ന ആ പാവം ഒന്‍പത് വയസ്സുകാരി പെണ്‍കുട്ടി
ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. പള്ളിക്കൂടം തുറക്കാന്‍ വന്ന പ്യുണ്‍ ആണ്
പൂര്‍ണ്ണമായും പൊള്ളലേറ്റ ശരീരം കഞ്ഞിപുരയില്‍ കണ്ടത്.
ദുരന്ത
വാര്‍ത്തയറിഞ്ഞ ആമി ടീച്ചര്‍ ആശുപത്രിയിലേക്ക് ഓടി. ഒരു വാഴയിലയില്‍ പൂര്‍ണമായും
പൊള്ളലേറ്റ ആ പിഞ്ചു ശരീരം കിടക്കുന്നതു കണ്ടു അവര്‍ ഹൃദയം തകര്‍ന്നു പൊട്ടി
കരഞ്ഞു. അവളുടെ മുഖത്തിന് മാത്രം
പൊള്ളലേറ്റിരുന്നില്ല. ആ മുഖത്തു നിന്നു ഒരു വലിയ പ്രകാശം പ്രവഹിക്കുന്നതായി ആമി
ടീച്ചര്‍ക്ക് അനുഭവപ്പെട്ടു.
ആമി
ടീച്ചര്‍ തന്‍റെ വിറയ്ക്കുന്ന വിരലുകള്‍ അവളുടെ മുഖത്തോട് അടുപ്പിച്ചു. ആ കൈകളുടെ
സ്പര്‍ശം തിരിച്ചറിഞ്ഞപോലെ അവള്‍ പതിയെ കണ്ണുകള്‍ തുറന്നു. ആമി ടീച്ചറെ
കണ്ടപ്പോള്‍ അവളുടെ മുഖത്തിന്‍റെ പ്രഭയൊന്നുകൂടി വര്‍ദ്ധിച്ചു. ഒരു ചെറിയ പുഞ്ചിരി
ആ ചുണ്ടുകളില്‍ വിടര്‍ന്നു.
ടീച്ചറോടായി ഒരു നേര്‍ത്ത സ്വരത്തില്‍ അവള്‍ പറഞ്ഞു " ആമി ടീച്ചറെ ഞാന്‍
കണ്ടു മുത്തുകളും പവിഴങ്ങളും പൂക്കളും നക്ഷത്രങ്ങളും കൊണ്ടു അലങ്കരിച്ച ആ ലോകം
അവിടെ ഒരുപാടു മാലാഖമാര്‍ ഉണ്ടായിരുന്നു. എങ്ങും സന്തോഷം മാത്രം..........."
അവ്യക്തമായ
ആ വാക്കുകള്‍ നേര്‍ത്ത ശബ്ധങ്ങള്‍ ആയി മാറി. ആമി ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവര്‍ അവളുടെ നെറ്റിയിലും കവിളിലും
ഉമ്മകള്‍ കൊണ്ടു പൊതിഞ്ഞു.
പക്ഷേ
അപ്പോഴേക്കും ആ കുരുന്നിന്‍റെ ആത്മാവ് അവളുടെ ചേതനയറ്റ ശരീരം ഉപേക്ഷിച്ച് ആമി ടീച്ചര്‍ പറഞ്ഞ
മുത്തുകളും പവിഴങ്ങളും പൂക്കളും നക്ഷത്രങ്ങളും മാലാഖമാരുമുള്ള സ്നേഹവും സന്തോഷവും
എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ ലോകത്തിലേക്ക് യാത്രയായി കഴിഞ്ഞിരുന്നു...... ഒരു പക്ഷേ അവള്‍ക്കു അവളുടെ അമ്മയെ അവിടെ
വെച്ചു കാണാന്‍ കഴിഞ്ഞിരിക്കും.
..... ഒരു ചെറുപുഞ്ചിരി ആ ചേതനയറ്റ ചുണ്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു.......
കാര്‍ത്തിക
**************************************
No comments:
Post a Comment