"ഞാൻ ഒരു അഹങ്കാരിയാണോ?"... ഈ ഒരു ചോദ്യം ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുളളതാണു... അങ്ങനെയൊരു ചോദ്യം ഇവിടെ ഇപ്പോൾ ഉന്നയിക്കുവാൻ കാരണം എന്റെ ചില തീരുമാനങ്ങളാണു...
"റ്റിൻസ് നീയൊരു അന്താരാഷ്ട്ര (international) അഹങ്കാരിയാണു. ഞാൻ നിന്നെ ഉപദേശിച്ചു നന്നാക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എല്ലാ ഉപദേശങ്ങളും കേൾക്കുവാൻ നീ ഇരുന്നു തരും, പക്ഷേ അവസാനം നിന്റെ മനസ്സിനു എന്ത് ശരിയെന്ന് തോന്നുന്നുവോ അതേ നീ ചെയ്യൂ. അതിനു നിനക്ക് ആയിരം ന്യായീകരണങ്ങളും കാണും. ഇത് ഞാൻ മനസ്സിലാക്കിയതോടെ നിന്നെ ഉപദേശിക്കുന്നത് ഞാൻ നിർത്തി. പക്ഷേ ഒരു കാര്യം ... നീ എടുക്കുന്ന തീരുമാനങ്ങളിൽ നിനക്ക് പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ, അതിൽ നീ നൂറു ശതമാനം സന്തോഷവതിയാണെങ്കിൽ അതെ എന്ത് തീരുമാനമാണെങ്കിലും ഞാൻ നിന്റെ കൂടെയുണ്ടാവും."
നമ്മളെ ഒരാൾ ഇങ്ങനെ പച്ചക്ക് വായിക്കുമ്പോൾ അതു കേട്ട് പൊട്ടിച്ചിരിക്കാൻ മാത്രമേ കഴിയൂ. അങ്ങനെ ഞാൻ പൊട്ടിച്ചിരിച്ചപ്പോഴും അവസാനം അവൾ പറഞ്ഞ വാക്കുകൾ എന്നെ ഒരു പാട് സ്പർശിച്ചു.
ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ച തീരുമാനം എന്താണന്ന് അറിയേണ്ടേ, " ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും എല്ലാവരും ആഗ്രഹിക്കുന്നത് ഒരു ഗവൺമന്റ് ജോലി സ്വന്തമാക്കുകയെന്നതാണു. അങ്ങനെ കിട്ടിയ ഒരു ജോലി വേണ്ടെന്ന് വെച്ച് എല്ലാ അർത്ഥത്തിലും ആനുകൂല്യങ്ങൾ കുറവുളള എന്നാൽ ഞാൻ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പ്രൈവറ്റ് ജോലി ഏറ്റെടുക്കുവാൻ തീരുമാനിച്ചു. ഒരു പാടു ദിവസത്തെ മാനസിക സംഘർഷത്തിനു ശേഷമാണു ഞാൻ ആ തീരുമാനത്തിൽ എത്തിച്ചേർന്നത്."
പണം എന്നത് നമ്മുടെയെല്ലാവരുടേയും ജീവിതത്തിൽ വളരെ പ്രാധാന്യം ഉളളതു തന്നെയാണു, പക്ഷേ ആ പണത്തിനു നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ആ സന്തോഷവും, പൂർണ്ണതയും നൽകുവാൻ സാധിക്കുന്നില്ലായെങ്കിൽ വളരെക്കുറച്ച് ആയുസ്സ് മാത്രമുളള നമ്മുടെ ഈ ജീവിതം കൊണ്ട് നമ്മൾ പിന്നെ എന്താണു നേടേണ്ടത്.
ഏകദേശം എട്ട് വർഷങ്ങൾക്ക് മുൻപ് ഇതിനു സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായി. സാധാരണ നേഴ്സിംഗ് പഠിച്ചിറങ്ങുന്ന എല്ലാ കുട്ടികളുടേയും ആദ്യത്തെ പരിപാടി ഐ.ഇ.എൽ.റ്റി.സ് എഴുതി വിദേശത്തേക്ക് പോവുക എന്നുളളതാണു. എന്റെ അപ്പന്റെ ആഗ്രഹ നിവർത്തിക്കായി ഞാൻ രണ്ടു പ്രാവശ്യം ആ പരീക്ഷ എഴുതി, പക്ഷേ സംഗതി ചീറ്റിപ്പോയി. അവിടം കൊണ്ട് രെക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയ എന്റെ അപ്പൻ നേരെ എന്നെ ഡെൽ ഹിക്ക് അയച്ചു. വേറൊന്നിനുമല്ല അവിടെ നിന്ന് ഗൾഫിലേക്ക് പോകുവാൻ എളുപ്പമാണെന്ന് ആരോ പറഞ്ഞു. പക്ഷേ എന്റെ അപ്പന്റെ കാലക്കേടുകൊണ്ട് ഗൾഫിലേക്ക് പോകുവാനുളള അവസരം വന്നപ്പോൾ എന്റെ കൈ ഒടിഞ്ഞ് ഞാൻ നാട്ടിലേക്ക് വണ്ടി കയറി. അതോടെ എന്റെ അപ്പൻ എന്നെ വിദേശത്ത് അയച്ച് പൈസാ ഉണ്ടാക്കാമെന്നുളള മോഹം ഉപേക്ഷിച്ച്‌കൊണ്ട് എന്നെ കെട്ടിച്ചു വിടാൻ തീരുമാനിച്ച് എന്റെ ഡെൽ ഹി ജീവിതത്തിനു തിരശ്ശീല ഇട്ടു.
നാട്ടിൽ തിരിച്ചെത്തിയ എനിക്ക് കാസർഗോട്ട് നല്ല ഒരു ശമ്പളത്തിൽ ഒരു ജോലിക്ക് ഓഫർ കിട്ടി. ഇന്റർവ്യൂവിനു പോയപ്പോൾ എനിക്ക് ആ സ്ഥലം ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു. എന്റെ മനസ്സിൽ വീണ്ടും ഐ.ഇ.എൽ.റ്റി.എസ്സ് എഴുതാമെന്നുളള ആഗ്രഹമൊക്കെയായിരുന്നു. ഇതൊക്കെ മനസ്സിലാക്കിയ എന്റെ അപ്പൻ എന്റെ മുഖത്ത് നോക്കി നേരിട്ട് പറഞ്ഞു ഇനിയും ഞങ്ങൾക്ക് ചിലവിനു തരാൻ പുളളിക്ക് താത്പര്യമില്ലെന്നും, എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചോണമെന്ന്. അങ്ങനെ അപ്പൻ വീട്ടിൽ നിന്ന് എന്നെ പുറത്താക്കി. അവിടെ നിന്നും ഞാൻ നേരെ പോയത് അടൂർക്കാണു. അവിടെ ഹോളി ക്രോസ്സിൽ അന്നക്കുട്ടിക്കും, പ്രാച്ചിക്കുമൊപ്പം ഞാനും ഒരു ടീച്ചർ ആയി ജോലിക്ക് ചേർന്നു. പക്ഷേ അവിടുത്തെ ശമ്പളം വളരെ കുറവായിരുന്നു ട്ടോ. എന്നാൽ എന്നെ അങ്ങോട്ടേക്ക് ആകർഷിച്ച പ്രധാന ഘടകം എന്റെ അന്നക്കുട്ടിയായിരുന്നു, പിന്നെ അവിടുത്തെ ചാപ്പലും, വളരെ ശാന്തമായ അന്തരീക്ഷവും,കുട്ടികളുമെല്ലാം എന്നിൽ ഒരു പോസിറ്റീവിറ്റി ഉണ്ടാക്കി. എന്റെ അപ്പൻ പിന്നെ എപ്പോൾ എന്നെ കണ്ടാലും എന്നെ കുറ്റപ്പെടുത്തി പറയുമായിരുന്നു "നല്ല ശമ്പളമുളള ഒരു ജോലി കളഞ്ഞിട്ട് അവൾ തന്നിഷ്ടത്തിനു പോയി ഒരു ജോലി കണ്ടു പിടിച്ചിരിക്കുന്നു." (സാധരണയായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും പറഞ്ഞു പോകാവുന്ന ഒരു ഡയലോഗ്...... പക്ഷേ എട്ട് വർഷം കഴിഞ്ഞ് ഞാൻ ഇവിടെ വന്നിട്ടും എന്റെ അപ്പൻ അത് എന്നോട് വീണ്ടും പറഞ്ഞു എന്നത് വേറൊരു വാസ്ഥവം)
എന്റെ ജീവിതത്തിൽ ഞാൻ എന്നും ഓർമ്മിക്കുവാൻ ഇഷ്ട്പ്പെടുന്ന ദിനങ്ങളിൽ ഒന്നാണു എന്റെ അടൂർ ജീവിതം... അന്നക്കുട്ടിയും ഞാനുമായുളള സൗഹൃദത്തെ ഊട്ടിയുറപ്പിച്ചത് അവിടുത്തെ ജീവിതമാണു, പ്രാച്ചിയെന്ന ഒരു പുതിയ സൗഹൃദം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ ഡ്രൈവിംഗ് പഠിക്കുവാൻ സാധിച്ചത്, പരാജയത്തിന്റെ അനുഭവത്തിൽ നിന്നും ഒരു പറ്റം കുട്ടികളെ വിജയത്തിന്റെ സന്തോഷത്തിലേക്ക് കൈ പിടിച്ചുയർത്താൻ സാധിച്ചത്... അങ്ങനെ ഒരു പാട് ഒരു പാട് നല്ല ഓർമ്മകൾ ആ തീരുമാനം എനിക്ക് നൽകി....
No comments:
Post a Comment