ചില നേരങ്ങളിൽ തനിച്ചിരിക്കുവാൻ ഒരു പാട് ഇഷ്ടമാണെനിക്ക്.... മനസ്സിൽ ഒരുപാട് ആകുലതകൾ നിറയുമ്പോൾ... ഏതെങ്കിലുമൊരു സമസ്യക്കൊരുത്തരം തേടേണ്ടുമ്പോൾ.... അല്ലെങ്കിൽ എവിടെയോ നഷ്ടപ്പെട്ട എന്റെ മനസ്സിന്റെ താളത്തെ വീണ്ടെടുക്കുവാൻ...
ജോലിയും, കുഞ്ഞിന്റെ ഉത്തരവാദിത്വങ്ങളും, എന്നിൽ നിഷിപ്തമായിരിക്കുന്ന കടമകളും എപ്പോഴും തനിച്ചിരിക്കേണ്ട നിമിഷങ്ങളെ എന്നിൽ നിന്ന് കവർന്നെടുക്കാറാണു പതിവ്....
ജീവിത യാത്രയിൽ ആ നിമിഷങ്ങൾ വല്ലപ്പോഴും എന്നെ തേടി വരുന്നത് ഈ ലോകം ഉറങ്ങുമ്പോഴാണു..... നിശയും പ്രഭാതവും പരസ്പരം സംഗമിക്കുന്ന മൂന്നാം യാമങ്ങളിൽ എന്റെ നിദ്ര എന്നെ കൈവെടിയുമ്പോൾ ഞാൻ എനിക്കുവേണ്ടി, എന്റെ ആത്മാവിനു വേണ്ടി കുറച്ച് നിമിഷങ്ങൾ കണ്ടെത്തും ... കട്ടിലിൽ നിന്നെണീറ്റ് സോഫയിൽ പോയിരുന്ന് മനസ്സിനെ സ്വതന്ത്രമായി അങ്ങ് വിടും...
ആ യാത്രയിൽ ഞാൻ തേടുന്ന ഉത്തരങ്ങൾ എനിക്ക് വഴികാട്ടും... മനസ്സിനേറ്റ മുറിവുകളെ സ്നേഹത്തിന്റെ സ്വാന്തനം കൊണ്ട് ഞാനുണക്കും... എന്റെ ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾ .... എന്റെ അക്ഷരങ്ങൾ പിറവിയെടുക്കും... എല്ലാം ശുഭമായിയെന്ന് തോന്നാമെങ്കിലും അതല്ലാ എന്റെ ജീവിതം.....
ഞാൻ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾക്കും ഞാൻ വില കൊടുക്കുന്നുണ്ട്.... എന്റെ ഭർത്താവിനു .... എല്ലാ കടമകളും നിർവ്വഹിച്ച് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഞാൻ ചിലവഴിക്കുന്ന നിമിഷങ്ങൾ തുടങ്ങുന്നത് ആ വ്യക്തിയുടെ പരാതികളിലൂടെയും, കുറ്റപ്പെടുത്തലുകളിലൂടെയുമാണു..... രാത്രി ഞാൻ ഉണർന്നിരിക്കുന്നതിനെക്കുറിച്ചുളള പരാതി.... എഴുതുന്നതിനെക്കുറിച്ചുളള പരാതി.... പിന്നെ ഒരു വ്യക്തിയുടെ സ്വകാര്യതയെ അപമാനിച്ചുകൊണ്ടുളള പരിഹാസം.... അങ്ങനെ ഒരു വഴക്കിലൂടെയാണു എന്റെ സ്വകാര്യ നിമിഷങ്ങൾ തുടങ്ങുന്നത്....
ഇതാണു ജീവിതം .... ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ജീവിതത്തിൽ സാധാരണമാണു.... പക്ഷേ ഒരാളുടെ വ്യക്തിത്വത്തെ മറ്റൊരാൾ ബഹുമാനിക്കാതെ വരുമ്പോൾ, അവരുടെ അവകാശങ്ങളെ നിഷേധിക്കുമ്പോൾ അത് എത്രമാത്രം മുറിവാണു ഒരു വ്യക്തിയിൽ സൃഷ്ടിക്കുന്നത്.... എല്ലാം എല്ലാവർക്കും അറിയാമെങ്കിലും അഹമെന്ന ഭാവം എവിടേയും മുൻപിട്ട് നിൽക്കുന്നു......
എല്ലാം അവസാനിക്കുവാൻ,
എല്ലാം അവസാനിപ്പിക്കുവാൻ ഒരു നിമിഷം മതി....
കേവലം ഒരു നിമിഷം...
ഇതിന്റെ പൊരുൾ ആത്മഹത്യയായി തർജ്ജിമ ചെയ്യരുത്...
ആത്മഹത്യയേയ്ക്കാൾ മനോഹരമായ എന്തെല്ലാം കാര്യങ്ങൾ
നമ്മുടെ ജീവിതത്തിലുണ്ട്....
ആ തീരുമാനങ്ങളാൽ ഈ മനോഹരമായ ജീവിതത്തെ പുൽകുക ...
ആത്മഹത്യയെന്നത് എന്റെ പൂർണ്ണ പരാജയമല്ലേ!!
എന്റെ വിജയങ്ങളെ പുൽകേണ്ട ഞാൻ,
ആ പരാജയത്തെ എന്തിനു വരിക്കണം !!!
No comments:
Post a Comment