My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, January 30, 2020

മാതാ പിതാ ഗുരോ ദൈവം

28.01.20

"മാതാ പിതാ ഗുരോ ദൈവം"


വിദേശ ജീവിതത്തിന്റെ ഭാഗമായി വിദേശിയായി മാറിയ എത്ര കുഞ്ഞുങ്ങൾക്ക്‌ ഇതിന്റെ അർത്ഥം അറിയാമോ എന്ന് ചോദിച്ചാൽ ഒരു പക്ഷേ ഉത്തരം വളരെ നിരാശ ജനകമായിരിക്കും....

പക്ഷേ അതിനു കാരണക്കാർ ആ കുഞ്ഞുങ്ങളല്ലാ.... അതിനു വേണ്ടി നമ്മൾ സമയം കണ്ടെത്തുന്നില്ലാ എന്നുളളതാണു....

ഇന്നെന്റെ ബ്ലിസ്സുക്കുട്ടൻ ആദ്യമായി സ്കൂളിൽ പോയ ദിവസം... അവളുടെ മുഖത്ത്‌ ഞാൻ കണ്ട സന്തോഷവും ഉത്സാഹവും എന്നിൽ നിറച്ച സന്തോഷത്തിനു ഒരായിരം ജന്മത്തിന്റെ പുണ്യമുണ്ട്‌...

ഞാൻ അവളോട്‌ തലേ ദിവസം പറഞ്ഞു , "നാളെ കുഞ്ഞ്‌ സ്കൂളിൽ പോകുന്നതിനു മുൻപ്‌ അച്ചന്റേം അമ്മയുടേയും കാലിൽ തൊട്ട്‌ അനുഗ്രഹം വാങ്ങണമെന്ന്... അപ്പോൾ അവളുടെ ചേച്ചി ബർക്ക എന്നോട്‌ ചോദിച്ചു ,"അതെന്തിനാ ആന്റി അങ്ങനെ ചെയ്യുന്നത്‌?". ഞാൻ അവളോട്‌ പറഞ്ഞു, "നമ്മുടെയെല്ലാം ജീവിതത്തിൽ എന്ത്‌ തുടങ്ങുന്നതിനു മുൻപും നമ്മുടെ മാതാപിതാക്കന്മാരുടെ അനുഗ്രഹം വാങ്ങണം. നമ്മൾ അവരുടെ കാലിൽ തൊടുമ്പോൾ നാം അറിയാതെ തന്നെ അവർ നമ്മൾക്ക്‌ ചെയ്‌ത എല്ലാ നന്മകൾക്കും നാം നന്ദി പറയുകയും അതോടൊപ്പം മുൻപോട്ടുളള നമ്മുടെ ജീവിതത്തെ നയിക്കുന്നതിനു അവരുടെ അനുഗ്രഹം നമ്മൾ സ്വായക്തമാക്കുകയും ചെയ്യുന്നു."

ഇന്ത്യൻ സംസ്കരത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംസ്കാരം....

ഞാൻ അവരോട്‌ അത്‌ പറഞ്ഞെങ്കിലും അത്‌ എത്രമാത്രം അവരുടെ ഉളളിലേക്ക്‌ ഇറങ്ങിച്ചെന്നു എന്ന് എനിക്കറിയില്ലാ... പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട്‌ എന്റെ കുട്ടികൾ സ്കൂളിൽ പോകുന്നതിനു മുൻപ്‌ അവരുടെ അച്ചന്റേം അമ്മയുടേയും അനുഗ്രഹം വാങ്ങിച്ചു... എന്റെ കുട്ടികളെക്കുറിച്ച്‌ ഞാൻ ഏറ്റവും അഭിമാനിച്ച നിമിഷം.... ഈ ജന്മത്തിൽ ഒരു നല്ല മകളും ഒരു നല്ല സ്ത്രീയും ഒരു നല്ല അമ്മയും ഒരു നല്ല ഭാര്യയും ഒരു നല്ല അമ്മൂമ്മയുമൊക്കെയായി എന്റെ കുട്ടികൾ മാറുമെന്ന് ഞാൻ വിധിയെഴുതിയ ദിവസം... ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു... എന്റെ ജീവിതത്തിനു ഒരർത്ഥമുണ്ടെന്ന് ദൈവം എനിക്ക്‌ കാണിച്ചു തന്ന നിമിഷം... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം....

അങ്ങനെയിരിക്കുമ്പോൾ ജീവിതം ചില നല്ല നിമിഷങ്ങൾ നമുക്ക്‌ സമ്മാനിക്കും.... ഓർമ്മയുടെ ഏടുകളിൽ എന്നും ഒരു നല്ല ഓർമ്മക്കൂട്ടായി സമ്മാനിക്കുവാൻ.... എന്റെ കുട്ടികൾക്ക്‌ ജന്മം നൽകിയ നിങ്ങളും പുണ്യം ചെയ്തവർ... നന്ദി ഒരു നല്ല സൗഹൃദത്തിലൂടെ നിങ്ങൾ എനിക്ക്‌ നൽകിയ ഈ നിമിഷങ്ങൾക്ക്‌...

സ്നേഹ പൂർവ്വം
കാർത്തിക...

Monday, January 20, 2020

നന്ദി !!!....

14.1.2020

നന്ദി എന്ന വാക്കിലുമപ്പുറം എന്തെങ്കിലും ജീവിതത്തിൽ തരുവാൻ സാധിച്ചിരുന്നെങ്കിൽ.... അപ്പോഴും മാറ്റുവാൻ പറ്റാത്ത  ചില ചിന്തകളും ശീലങ്ങളും ...

ആരു ജയിച്ചു ആരു തോറ്റു എന്നതല്ലാ.... 
എല്ലാം നല്ലതായി തീരാൻ ആരു മുൻ കൈ എടുത്തുവെന്നത്‌ പ്രാധാന്യം.... 
അഭിനന്ദനാർഹം...

അവിടെ ഞാൻ ചെറുതായൊന്ന് തോറ്റതു പോലെ.... 
ഇനി ആരും എന്റെ മുന്നിൽ തോൽക്കാതിരിക്കുവാൻ ഞാൻ ശ്രദ്ധിക്കുന്നതാണു....
 അതല്ലേ എനിക്ക്‌ ചെയ്യുവാൻ പറ്റൂ ല്ലേ.... 

നന്ദി ....

Monday, January 6, 2020

6.01.2020

ജീവിതത്തിൽ ഇപ്പോൾ ഏത്‌ ഗിയറിലാണു ഞാനിപ്പോൾ സഞ്ചരിക്കുന്നത്‌ എന്ന് ചോദിച്ചാൽ എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ലാ....

എല്ലാ വികാരങ്ങളുടേയും ഒരു സമ്മിശ്രമായ അനുഭവം...

മനസ്സിന്റെ ഒരു കോണിൽ കടലിരമ്പുന്നതുപോലെ ദേഷ്യം നുരഞ്ഞു പൊങ്ങുമ്പോഴും , മറുകോണിലിരുന്ന് സ്നേഹമതിനെ ശാന്തമാക്കുന്നു...

ഒരു കോണിൽ നിരാശയുടെ ചതുപ്പിലേക്ക്‌ ഞാൻ മുങ്ങിത്താഴുമ്പോഴും മറുകോണിൽ ആവസിക്കുന്ന ആത്മവിശ്വാസമെന്നെ കൈ പിടിച്ചുയർത്തുന്നു...

ജീവിതത്തിൽ ഒരു പോയിന്റിലെത്തുമ്പൊൾ ഞാനെന്ന അസ്ഥിത്വം മാത്രം അവശേഷിക്കുന്നു... കൂടെ ഉണ്ടാകുമെന്ന് നമ്മൾ കരുതിയവരെല്ലാം ചിറകു വിടർത്തി പറന്നകലുമ്പോൾ തനിച്ചാവുന്ന നേരങ്ങളും അന്യമാകുന്ന സ്വപ്നങ്ങളും ഒരു പിടി ഓർമ്മകളും മാത്രം നമുക്ക്‌ കൂട്ടായി അണയുന്നു...

 എല്ലാറ്റിനുമപ്പുറം ഒരു ശാന്തത വന്നു നിറഞ്ഞതുപോലെ.... ഇനി ഒന്നും ഇതിൽ കൂടുതൽ ജീവിതത്തിൽ നൽകുവാനുമില്ലാ സ്വീകരിക്കപ്പെടാനുമില്ലാ എന്നതുകൊണ്ടാവണം... എല്ലാ അനുഭവങ്ങൾക്കും ജീവിതത്തോടും എല്ലാവരോടും കടപ്പാടും നന്ദിയും മാത്രം!!!.....


Friday, January 3, 2020

3.01.2020

കാലം കാത്ത്‌ വെച്ച മരണവും എന്നെ തേടി വന്നിരിക്കുന്നു...

ആ മരണം പുൽകിയത്‌ എന്നിലെ പ്രണയത്തെ...
ആ പ്രണയത്തിൽ ഞാൻ നെയ്‌ത്‌ കൂട്ടിയ 
എന്റെ സ്വപ്നങ്ങളെ...മോഹങ്ങളെ ... വിശ്വാസങ്ങളെ...

നെഞ്ചിനുളളിൽ എരിയുന്ന ചിതക്കുളളിൽ നിന്നും,
കേൾക്കുന്നു വിലാപങ്ങൾ ...
തരുമോ ഇനിയൊരു ജന്മം കൂടി ഞങ്ങൾക്ക്‌ നീ ...

ആ വിലാപങ്ങൾ നേർത്ത്‌ നേർത്ത്‌ നിശബ്ദമായപ്പോൾ 
ഒരു പിടി വെണ്ണീറായി മാറിയെൻ സ്വപ്നങ്ങൾ...

സ്വപ്നങ്ങളെ ഇനിയൊരു ജന്മം 
നിങ്ങൾക്ക്‌ നൽകുവാൻ ഞാൻ യോഗ്യയല്ലാ... 
നിങ്ങൾ വീണ്ടും ജനിക്കുക...
സ്വപ്നങ്ങളെ പുൽകുന്ന നല്ല മനസ്സുകൾക്കൊപ്പം ....

എന്റെ യാത്രകളും എന്റെ ജന്മങ്ങളും ഇവിടെ അവസാനിക്കുന്നു.....