2019-ൽ ഇറങ്ങിയ പുസ്തകം സ്വന്തമാക്കീട്ട് ഒന്നര വർഷങ്ങളെടുടുത്തു എന്റെ വായനയുടെ ലോകത്തേക്ക് അതിനു പിറവി കൊളളുവാൻ....
സ്വന്തം ജീവിതാനുഭവങ്ങൾ ചേർത്ത് വെച്ച് എഴുതിയത്, ഒരു ഭാവനയാലും സൃഷ്ടിക്കപ്പെടുന്ന എഴുത്തിനോട് സമാനമാവില്ലാ!... തീവ്രങ്ങളല്ലാത്ത, എന്നാൽ ജോസഫിനു താൻ കടന്നു പോയ വഴികളിൽ ഒരു പാട് മാനസ്സിക വ്യഥ നൽകിയ അനുഭവങ്ങൾ!.. തന്റെ കഥയിലൂടെ പറഞ്ഞ മറ്റുളളവരുടെ കഥ ഏറെ ഹൃദ്യം.
മണിപ്പൂർ പെൺകുട്ടികളുടെ വളരെ ഹൃദയഭേദകമായ അനുഭവങ്ങളിലൂടെ നാടും, സോഷ്യൽ മീഡിയയും കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ജോസഫ് എഴുതിയ ഈ പുസ്തകത്തിലെ "ഫെമിനിച്ചി" എന്ന അധ്യായത്തെക്കുറിച്ച് രണ്ട് വാക്ക്...
ഇതൊരു പെൺകുട്ടിയുടെ കഥയാണ്. വേർപ്പിരിയലിന്റെ വക്കിലെത്തിയ മാതാപിതാക്കൾ. അപ്പൻ മകളെ ഒരു പാർട്ടിക്ക് കൊണ്ടു പോകുന്നു. അപ്പന്റെ കൈകളിൽ പിടിച്ച് അപരിചമായ ലോകത്ത് തന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന മകൾ. മദ്യ സഭയിലേക്ക് ക്ഷണം കിട്ടിയ അപ്പൻ മകളുടെ കൈകൾ വിടുവിച്ച് പോകുന്നു. തന്നെ തനിച്ചാക്കരുതെന്ന അഭ്യർത്ഥന അയാൾ നിരസിക്കുന്നു. ആരും മിണ്ടുവാനില്ലാതെ അപരിചിതത്വന്റെ ഭീതിയിൽ നിന്ന് രക്ഷപ്പെട്ട് ഒരു മുറിയിൽ കയറി ആ കുട്ടി ഇരിക്കുന്നൂ. പെട്ടെന്ന് അപ്പന്റെ കൂട്ടുകാരൻ മുറിയിലേക്ക് വാഷ്‌റൂം ഉപയോഗിക്കുവാൻ വരുന്നു. അയാൾ വളരെ സ്നേഹത്തോടെ കുട്ടിയോട് ഇടപെട്ടിട്ട് വാഷ് റൂമിലേക്ക് പോകുന്നൂ. തിരികെ അയാൾ വിവസ്ത്രനായ് വന്ന് ആ പെൺകുട്ടിയെ ഏറ്റവും മൃഗീയമായ രീതിയിൽ ഉപദ്രവിക്കുന്നൂ. മദ്യത്തിലും, പാർട്ടിയിലും മുങ്ങിയ ആരും അവളുടെ കരച്ചിൽ കേട്ടില്ലാ. ഇത് പുറം ലോകത്തോട് പറഞ്ഞാൽ തന്റെ അപ്പനെ ജോലിയിൽ നിന്ന് പിരിച്ച് വിടുമെന്ന് ഭീക്ഷണിയും മുഴക്കി... പാവം പെൺകുട്ടി കരഞ്ഞ് തളർന്ന് തന്റെ അപ്പനെ അന്വേഷിച്ച് ചെന്നപ്പോൾ അയാൾ ബോധരഹിതനായ് കിടക്കുന്നൂ. ആ ഉദ്യോഗസ്ഥന്റെ ഭീക്ഷണയിൽ അവൾ ആ വേദനയും, അപമാനവും വർഷങ്ങളോളം മറച്ചു വെച്ചു.
അവൾ ജോസഫിനെഴുതിയ എഴുത്തിൽ ഇങ്ങനെ എഴുതി, "അതേ ചേട്ടാ ഞാനൊരു ഫെമിച്ചിയാണ്, പുരുഷന്മാരെ വെറുക്കുന്ന ഫെമിനിച്ചിയല്ലാ, പുരുഷന്മാരാൽ ഫെമിനിച്ചിയാകേണ്ടി വന്നവൾ. ഇതെന്റെ മാത്രം കഥയല്ലാ, ഒരുപാട് പെൺകുട്ടികളുടെ കഥയാണ്. ഫെമിനിച്ചികൾ എന്ന് എന്നെപ്പോലെയുളളവരെ വിളിക്കുമായിരിക്കും. ഫെമിനിസം എന്ന് പറയുന്നത് നിശബ്ദമായ് സഹിക്കുന്ന പെൺകുട്ട്കൾക്ക് വേണ്ടി സംസാരിക്കുന്ന പെണ്ണിന്റെ സ്വരമാണ്. ഫെമിനിസം ആൺ വിരോധമല്ല, തുല്യതക്ക് വേണ്ടിയുളള പോരാട്ടമല്ലാ, പെണ്ണായി ജനിച്ചു എന്നതിന്റെ പേരിൽ അവൾക്ക് നിഷേധിക്കപ്പെടുന്ന "നീതി" തിരിച്ചു പിടിക്കാനുളള അവളുടെ ശ്രമമാണ്. സ്വാതന്ത്ര്യത്തോടും ആത്മാഭിമാനത്തോടും ഒരു പണ്ണിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന സ്വരത്തിന്റെ പേര്."
ഇതൊരു പെൺകുട്ടിയുടെ കഥയാണെങ്കിൽ, ഇതുപോലെ മറ്റുതരത്തിൽ പീഢനങ്ങൾ അനുഭവിക്കുന്ന ആൺകുട്ടികളും ഉണ്ടാകും!.. അവരുടെയെല്ലാം സ്വരങ്ങൾ ഭയത്തിന്റെ, ഭീക്ഷണിയുടെ മറവിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നൂ. നമ്മുടെ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾ മാറ്റുവാൻ, പ്രതികരിക്കേണ്ടിടത്ത് നമ്മുടെ കുഞ്ഞുങ്ങളെ, സ്ത്രീകളെ, പുരുഷന്മാരെ, വൃദ്ധരെ പ്രതികരിക്കുവാൻ പഠിപ്പിക്കാം!... എന്തും തുറന്ന് പറയുവാനുളള സ്വാതന്ത്ര്യം നമുക്ക് നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കാം. പീഢനത്തിനിരയായവർക്ക് സാധ്യമാകുന്ന ബ്ലാക്ക്മെയിലിംങ്ങിനെക്കുറിച്ച് അവരിൽ അവബോധം സൃഷ്ടിച്ച്, അവർക്ക് ധൈര്യം പകർന്ന് ഈ നശിച്ച സാമൂഹിക വൈകൃതത്തെ ഉന്മൂലനം ചെയ്യുവാൻ നമുക്ക് പരിശ്രമിക്കാം!... നാടും, നാടുവാഴികളും, നിയമസംഹിതകളും അതിലെ പൗരന്മാരുടെ, പൗരകളുടെ സുരക്ഷ ഉറപ്പാക്കുവാൻ പ്രാപ്തമാക്കാത്തിടത്തോളം കാലം എന്ത് നേട്ടം കൈവരിച്ചിട്ടെന്ത്?
സമൂഹത്തിനു അവബോധം നൽകുന്ന ഈ പുസ്തകങ്ങൾ നമ്മുടെ പുതിയ തലമുറ വായിക്കട്ടെ!...
❣️
KR
No comments:
Post a Comment