Published in Metro Malayalam, Australia (Sep-Oct 2015).
Thank You Santhosh Sir for sending me the link...
http://issuu.com/mtromalayalam/docs/metro_malayalam_sept-oct_2015
വികൃതികള്‍ ഉറങ്ങും ബാല്യം
ബാല്യം
മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലഘട്ടത്തില്‍ ഒരിക്കെലെങ്കിലും ജീവിതത്തില്‍
തിരിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാലഘട്ടം ബാല്യമായിരിക്കും. കാരണം
ബാല്യമെന്നത് നിഷ്കളങ്കത്തിന്‍റെയും പൂര്‍ണസ്വാതന്ത്ര്യത്തിന്‍റെയും നാളുകളാണ്. ആ
ബാല്യകാല ഓര്‍മ്മകള്‍ വിടരുവാന്‍ വെമ്പുന്ന ഒരു പുഷ്പം പോലെ എന്‍റെ ഓര്‍മ്മകളിലെന്നും
നിറഞ്ഞുനില്‍ക്കുന്നു. അതില്‍ ഒരു പുഷ്പമാണ് വികൃതികള്‍ ഉറങ്ങും ബാല്യത്തിലൂടെ
ഇവിടെ വിടരുവാന്‍ തുടങ്ങുന്നത്...
പിതാവിന്‍റെ
കാര്‍ക്കശ്യസ്വഭാവം ഞങ്ങളുടെ കുസൃതിക്ക് എന്നും ഒരു വിലങ്ങുതടിയായിരുന്നു.
എന്നിരുന്നാലും ചില കുറുമ്പുകള്‍ കൊണ്ട് ഞങ്ങള്‍ അപ്പനേയും ഞെട്ടിച്ചിട്ടുണ്ട്.
ഇത് സംഭവിച്ചത് ഒരു വേനലവദിക്കാലത്താണ്. രാവിലെ ഉറക്കമുണര്‍ന്ന് പല്ലു തേച്ചാലും
ഇല്ലെങ്കിലും കാപ്പിയും കുടിച്ചു നേരെ ഇറങ്ങുന്നത് കളിക്കാനാണ്. എല്ലാ ദിവസവും
കഞ്ഞീം കറിയും, ഒട്ടാപ്പിടുത്തവും, സാറ്റ് കളിയുമൊക്കെ കളിച്ചു മടുത്തപ്പോളാണ്
എന്‍റെ അനിയത്തി പുതിയ കളിയെക്കുറിച്ച് പറഞ്ഞത്.
"എടീ
നമുക്കിന്ന് കോഴി കളിച്ചാലോ?"
"എന്തൂട്ടാ,
കോഴിയോ.. അതെങ്ങനെ കളിക്കാനാണ്?" ഞാന്‍ അതിശയത്തോടെ ചോദിച്ചു!
അവള്‍
വിവരിക്കുവാന്‍ തുടങ്ങി..."നീ കോഴിയായിട്ട് അഭിനയിക്കണം ഞാന്‍ നമ്മടെ
അമ്മച്ചിയായിട്ടും. വൈകിട്ട് അമ്മച്ചി കൂട് അടക്കാന്‍ വരുമ്പോള്‍ നീ കൂട്ടില്‍
കയറിയിരിക്കണം. ഞാന്‍ വന്ന് വാതിലടക്കും. രാവിലെ നീ കോഴികൂകുന്നതുപോലെ കൂകുമ്പോള്‍
ഞാന്‍ നിന്നെ വന്നു അഴിച്ചുവിടും."
"എന്നാലും
... കോഴികൂട്ടില്‍ ഞാന്‍..." ആകാംക്ഷയോടും അമ്പരാപ്പോടും കൂടി അവസാനം ഞാന്‍
കോഴിയായി അഭിനയിക്കുവാന്‍ തീരുമാനിച്ചു.
വളരെ
തത്രപ്പെട്ട് കോഴികള്‍ക്ക് കയറുവാന്‍ വെച്ചിരുന്ന കൊച്ചു ഗോവണിയിലൂടെ ഞാന്‍
അതിന്‍റെയകത്ത് കയറിപ്പറ്റി. കാലും കൈയ്യും തലയും കൂച്ചിക്കൂട്ടിപ്പിടിച്ചു ഒരു
കോഴിമുട്ടയുടെ ആകൃതിയില്‍ ഞാന്‍ അതില്‍ നിലയുറപ്പിച്ചു. ശരിക്കും എനിക്ക് ശ്വാസം
മുട്ടുന്നുണ്ടായിരുന്നു, അതിന്‍റെ കൂടെ കോഴികാഷ്ഠത്തിന്‍റെ വൃത്തികെട്ട
നാറ്റവും... ഞാന്‍ കയറിയതോടെ അവള്‍ വന്ന് വാതിലും അടച്ചു.
അതിന്‍റെ
അടുത്തുള്ള പശുത്തൊഴുത്തിന്‍റെ ഇറയത്ത് അവള്‍ ഉറങ്ങുന്നതായി അഭിനയിച്ചു.
ഉടനെതന്നെ ഞാന്‍ കൂകുവാന്‍ തുടങ്ങി,"കൊക്കരക്കോ.. കൊക്കരക്കോ..".
എവിടെ അവള്‍
അനങ്ങുന്ന ലക്ഷണമില്ല.
ഞാന്‍
വീണ്ടും ഉച്ചത്തില്‍ കൂകി, "കൊക്കരക്കോ.. കൊക്കരക്കോ.."
ദേ! അവള്
വീണ്ടും കൂര്‍ക്കം വലിച്ചുറങ്ങന്നു... പിന്നെ ഞാന്‍ അലറികൂവി. അത്കേട്ടു
പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ ചാടിയെണീറ്റു വാതില്‍ തുറക്കുവാന്‍ വന്നു. എനിക്ക്
ദേഷ്യം ഇരച്ചുകയറി. എങ്ങെനെയെങ്കിലും അതിന്‍റെയുള്ളില്‍ നിന്നും പുറത്തുചാടുവാന്‍
കാത്തിരുന്ന ഞാന്‍ കേള്‍ക്കുന്നത് ഒരു അലറിവിളിയാണ്..
"എടീ
ഇത് തുറക്കാന്‍ വയ്യാടീ.."
"എന്‍റെ
ദൈവമേ! നീ എങ്ങനെയെങ്കിലും അത് തുറക്ക്...ഇല്ലാച്ചാല്‍ അപ്പന്‍ ഇന്നെന്നെ
കോഴിക്കറിയാക്കും."
തന്‍റെ
പരിശ്രമങ്ങള്‍ വിഫലമായിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കോഴിക്കൂട്ടിന്‍റെയകത്തും അവള്‍
കോഴിക്കൂട്ടിന്‍റെ പുറത്തും നിന്ന് കരയുവാന്‍ തുടങ്ങി.
"അയ്യോ!
ഞാന്‍ കോഴിക്കൂട്ടില്‍ കിടന്നു ചത്തുപോകുമേ. ആരെങ്കിലും എന്നെ
തുറന്നുവിടണേ.." എന്‍റെ കാറിച്ച കേട്ടു പണിക്കാരും വീട്ടുകാരും നാട്ടുകാരും
ഓടിയെത്തി.
അവര്‍
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് തുറക്കുവാന്‍ കഴിഞ്ഞില്ല. പിന്നെ ആ
പൂട്ട് തല്ലിപ്പൊളിച്ചു. അങ്ങനെ കോഴികൂട്ടിലിരുന്നു കരഞ്ഞുവിളിച്ചു
വിയര്‍ത്തുകുളിച്ചു നനഞ്ഞ കോഴിയെപ്പോലെയിറങ്ങിവന്ന എന്നെ സ്വീകരിച്ചത്
നാട്ടുകാരുടെയും വീട്ടുകാരുടേയും ഉച്ചത്തിലുള്ള ചിരിയായിരുന്നു. ഞാന്‍ എന്‍റെ
അനിയത്തിയെ അമര്‍ത്തിയൊന്നു നോക്കി മനസ്സില്‍ പറഞ്ഞു, "അവടെയൊരു കോഴിക്കളി".. അത് മനസ്സിലായിട്ടെന്നോണം അവളുടെ
കരച്ചിലിനിടക്കും അവള്‍ എന്നെ നോക്കി ചിരിച്ചു... അവളുടെ ചിരികണ്ടപ്പോള്‍ ഞങ്ങളുടെ
വികൃതികള്‍ക്ക് അന്നത്തേക്ക് വിരാമമിട്ടുകൊണ്ട് ഞാനും ചിരിച്ചു....
കാര്‍ത്തിക.....
No comments:
Post a Comment