My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Sunday, April 24, 2016

യാത്രകൾ തുടരുന്നു..




ഏപ്രിൽ 14 എല്ലാവരും വിഷു ആഘോഷിച്ചപ്പോൾ ഞാൻ രെഞ്ചിയെക്കൂട്ടി എന്റെ ആശുപത്രിയിലേക്ക്‌. മാസം രണ്ടര ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി രാജിവെക്കുന്നതിനു. ഒരു വലിയ സാമ്പത്തിക ഭദ്രതയിൽ നിന്നും ജീവിതം ശൂന്യതയിലേക്ക്‌ മാറുമെന്നറിഞ്ഞിട്ടും ആ തീരുമാനത്തിനു വഴിതെളിച്ചത്‌ എന്റെ കുഞ്ഞിന്റെ സംരക്ഷണവും. ഏഴു വർഷങ്ങൾക്ക്‌ ശേഷം ദൈവം തന്ന ആ ദാനത്തിന്റെ ജീവൻ എന്റെ ഗർഭാശയത്തിൽ സുരക്ഷിതമാക്കുവാൻ ഒരമ്മക്ക്‌ ചെയ്യുവാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആരോടും അഭിപ്രായം ചോദിച്ചില്ല. പകരം എല്ലാവരോടും എന്റെ തീരുമാനം ഞാൻ പറഞ്ഞു. 

ചിലർ പറഞ്ഞു കുറച്ചുംകൂടി കാത്തിട്ടു മതിയായിരുന്നു രാജിയെന്ന്. ചിലർ എന്റെ രാജിയെ അനുകൂലിച്ചു. പക്ഷേ മറ്റുളളവരുടെ അഭിപ്രായത്തേക്കാൾ എനിക്ക്‌ കേൾക്കുവാൻ കഴിഞ്ഞത്‌ എന്റെ കുഞ്ഞിന്റെ ആ ഹൃദയമിടിപ്പായിരുന്നു. അത്‌ നിലക്കാതിരിക്കുവാൻ എന്നാൽ കഴിയുന്നത്‌ എനിക്ക്‌ ചെയ്യണമെന്ന ദൃഢനിശ്ചയമായിരുന്നു. അവൾ സുരക്ഷിതയാണിപ്പോൾ എന്റെ ഉദരത്തിൽ. എനിക്കും അവൾക്കും മാത്രം മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ സംസാരിക്കുന്നു. ഞങ്ങൾ പരസ്പരം അറിയുന്നു. എന്റെ തീരുമാനങ്ങൾക്ക്‌ അവൾ പൂർണ്ണ പിന്തുണ നൽകുന്നു. 

ഇനി ഒന്നര മാസം കൂടി യു.എ.ഇ. എന്ന രാജ്യത്ത്‌ . പിന്നെയെങ്ങോട്ടാണു യാത്രയെന്നുളളത്‌ ദൈവം പോലും ഒരു സസ്പെൻസായി വെച്ചിരിക്കുകയാണു. പക്ഷേ ഞാൻ വിശ്വസിക്കുന്നു എവിടെയാണോ എന്റെ സ്വപ്നങ്ങൾക്ക്‌ ചിറകുമുളക്കുന്നത്‌ ആ നാട്ടിലേക്ക്‌ ഞാൻ എന്റെ യാത്ര ആരംഭിക്കുമെന്ന്. ഓരോ ദിവസവും എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു ആറു വർഷം ജീവിച്ച ഈ മണ്ണിൽ നിന്നും പടിയിറങ്ങുവാൻ. അതൊരു യാത്രയാണു... എല്ലാം അവസാനിപ്പിച്ച്‌, എല്ലാം ഒരു ഓർമ്മയായി അവശേഷിപ്പിച്ചു കൊണ്ടുളള ഒരു യാത്ര. എവിടെയൊക്കെയോ ഒരു നോവ്‌ മനസ്സിനുളളിൽ വിങ്ങുന്നതു പോലെ. പക്ഷേ പോയേ തീരു.

മരുഭൂമിയുടെ നാട്ടിൽ നിന്നും പൂക്കളും, മഴയും, പച്ചപ്പുമൊക്കെ നിറഞ്ഞ വേറൊരു നാട്ടിലേക്ക്‌. ഇതെല്ലാം സാർത്ഥകമായത്‌ ഒരു വലിയ സ്വപ്നത്തിലൂടെ, ആ സ്വപ്നത്തിലൂടെ വീണ്ടുമെന്റെ ജീവിതത്തിൽ ഒരു വിരുന്നകാരനെപ്പോലെ വന്നു പോയ ആ നല്ല സൗഹൃദത്തിലൂടെ, ആ സ്വപ്നം എനിക്ക്‌ കാണിച്ചു തന്ന എന്റെ ദൈവത്തിലൂടെ....


നന്ദിയോടെ....

Saturday, April 16, 2016

ഭൂമിയുടെ അവകാശികൾ



കുറേ ദിവസായി ഇതിലെന്തെങ്കിലുമൊന്ന് കുത്തിക്കുറിച്ചിട്ട്‌. മറന്നിട്ടല്ലാ ട്ടോ. ന്റെ കുഞ്ഞിപ്പെണ്ണു സമ്മതിക്കണ്ടേ. ഓൾക്ക്‌ ആകെയിഷ്ടം സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതുമാ. ഞാൻ വലിയ സിനിമാ പ്രേമിയൊന്നുമല്ലാട്ടോ. വളരെ സെലെക്റ്റീവായി, എന്റെ മനസ്സിൽ എനിക്ക്‌ ഇഷ്ടം തോന്നണ സിനിമ മാത്രമേ ഞാൻ കാണാറുളളൂ. പക്ഷേ അവളു വന്നേൽപ്പിന്നെ എന്നെക്കൊണ്ട്‌ എല്ലാ സിനിമയും കാണിപ്പിക്കും. ഞാൻ കാണണ്ടായെന്ന് വെച്ച്‌ മാറ്റിവെച്ച സിനിമകളെല്ലാം എന്നെക്കൊണ്ട്‌ തപ്പിയെടുപ്പിച്ച്‌ അവൾ എന്നെക്കാണിച്ചുകൊണ്ടിരിക്കുകയാ. എന്താ പറയുക! അവളൊരു വല്ലാത്ത വാശിക്കാരിയാണെ. അങ്ങനെ ഇന്നത്തെ തപ്പലിന്റെ ഭാഗമായി കിട്ടിയ ഒരു സിനിമയാണു "ഭൂമിയുടെ അവകാശികൾ".

റ്റി. വി. ചന്ദ്രൻ സാറിന്റെ 2012-ൽ ഇറങ്ങിയ ഒരു മനോഹരമായ ചിത്രം. ഈ സിനിമ കാണണമെന്ന് വെച്ചിട്ട്‌ കുറേ നാളായി. ഇതിന്റെ സിഡിയും മുറിയിൽ കിടക്കാൻ തുടങ്ങിയിട്ട്‌ കുറേ നാളുകളായി. ഇന്ന് കുഞ്ഞിപ്പെണ്ണു അതെന്നെക്കൊണ്ട്‌ തപ്പിയെടുപ്പിച്ച്‌ ഞങ്ങൾ രണ്ടുപേരും കൂടിയിരുന്നു കണ്ടു.

ആ സിനിമ എന്നെക്കാണാൻ പ്രേരിപ്പിച്ചത്‌ അതിന്റെ പേരാണു "ഭൂമിയുടെ അവകാശികൾ." ശ്രീ വൈക്കം മുഹമ്മദ്‌ ബഷീർ എഴുതിയ ഭൂമിയുടെ അവകാശികൾ എന്ന കഥയാണോ എന്നുളള ആകാംക്ഷയായിരുന്നു. പക്ഷേ അതല്ലെങ്കിൽ കൂടിയും ബഷീർ പറയുന്ന ഭൂമിയുടെ അവകാശികളെ ഇതിലും പ്രമേയമാക്കിയിട്ടുണ്ട്‌.

നമ്മുടെ നാട്ടിൽ മുറ്റത്തും തൊടിയിലും കാണുന്ന എല്ലാത്തരം ജീവജാലങ്ങളും ഇതിൽ ആഥിത്യം അരുളിയിട്ടുണ്ടു. അട്ട, പുഴു, മണ്ണിര, പാമ്പ്‌, അണ്ണാൻ, മരയോന്ത്‌, പല്ലി എന്നുവേണ്ട ഒരു വലിയ പട്ടിക തന്നെയുണ്ടേ. ഈ ജീവികളെയെല്ലാം വീണ്ടും ഒന്നൂടി കണ്ടപ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നി, എന്റെ കുഞ്ഞിപ്പെണ്ണിനു അതിശയവും. അവളിതൊക്കെ ആദ്യായിട്ട്‌ കാണണതാണേ. ഞാൻ അവളോടു പറഞ്ഞു നീ കുറച്ചു നാൾ കഴിഞ്ഞു ഈ ലോകത്തിൽ ജനിച്ചു വീഴുമ്പോൾ ഞാൻ നിന്നെയിതൊക്കെ നേരിട്ട്‌ കാണിക്കാമെന്ന്. അവൾക്ക്‌ വലിയ സന്തോഷായി അത്‌ കേട്ടപ്പോൾ. 

പിന്നെയൊരു കാര്യം ഞാനീ സിനിമ നല്ലതാണെന്ന് പറഞ്ഞതുകൊണ്ട്‌ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലാട്ടോ. കാരണം ചാർളിയെന്ന സിനിമയൊക്കെപ്പോലെ കളർഫുള്ളോ, മാജിക്കോ ഒന്നും ഇതിലില്ല. പ്രകൃതിയെ ഇഷ്ടപ്പെടുന്ന, സമൂഹത്തിലെ ചില തിന്മകളെ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ മുൻപോട്ടു പോകുന്ന ഒരു സിനിമ. എനിക്കും എന്റെ കുഞ്ഞിപ്പെണ്ണിനും ഒരുപാടിഷ്ടായി. കാണുവാൻ സാധിക്കുമെങ്കിൽ എല്ലാവരും അത്‌ കാണണം.

വിദേശത്തും, ഫ്ലാറ്റുകളിലും വളരുന്ന കുട്ടികളെയൊക്കെ ഇത്‌ കാണിച്ചാൽ ഒരു ചെറിയ പ്രകൃതി പഠനം സമ്മാനിച്ച അനുഭവം അവർക്കും ഉണ്ടാകും. പിന്നെ നമ്മുടെ നാടിന്റെ നന്മയും ഭംഗിയുമൊക്കെ ഇങ്ങനെയെങ്കിലും അവർ ആസ്വദിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.

അപ്പോ ഇത്രയെങ്കിലും എന്നെ എഴുതാൻ സമ്മതിച്ച എന്റെ കുഞ്ഞിപ്പെണ്ണിനോടും, ഒരു നല്ല സിനിമ അനുഭവം സമ്മാനിച്ച ശ്രീ റ്റി. വി. ചന്ദ്രൻ സാറിനോടുമുളള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട്‌ നിർത്തുന്നു.

സ്നേഹപൂർവ്വം
കാർത്തിക

Friday, April 8, 2016

സ്വപ്നം

ഇന്ന് ഏപ്രിൽ 8. 
ഏപ്രിൽ മാസം തുടങ്ങിയപ്പോൾ മുതൽ ഈ മാസത്തിന്റെ പ്രത്യേകത എല്ലാ ദിവസവും ഞാൻ ഓർക്കാറുണ്ട്‌. ഒരു പക്ഷേ ഞാൻ മാത്രമേ ആ ഒരു കാര്യം ഏറ്റവും ആത്മാർത്ഥമായി ആഗ്രച്ചിരുന്നത്‌ എന്ന് ചിലപ്പോഴൊക്കെ തോന്നും. എന്നാലും എനിക്കറിയാം എല്ലാം സാഹചര്യത്തിൽ അധിഷ്ഠിതമായിരുന്നുവെന്ന്.

ഇന്നലെ വെറുതെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ ഓർത്തു ചിലപ്പോൾ ഞാൻ മാത്രമേ നാളത്തെ ദിവസത്തിന്റെ പ്രത്യേകതയും ഒരു ഓർമ്മയായി സൂക്ഷിക്കുന്നുളളുവെന്ന്.  പക്ഷേ ഇന്ന് രാവിലെ ഞാൻ ഉറക്കമുണർന്നത്‌ ഒരു നല്ല സ്വപ്നവും കണ്ടുകൊണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം നമ്മൾ ഒരുമിച്ച കണ്ട സ്വപ്നം, പിന്നീട്‌ എന്റെത്‌ മാത്രമായ ആ സ്വപ്നം. അപ്പോൾ മനസ്സിലായി സ്വപ്നത്തിലൂടെയാണെങ്കിലും താനും അതൊക്കെ ഓർക്കുന്നുവെന്ന്. ഒരു പാട്‌ സന്തോഷം തോന്നി സ്വപ്നത്തിലെങ്കിലും ദൈവം എനിക്കത്‌ സാധ്യമാക്കിത്തന്നല്ലോ.

വേറൊന്നും എഴുതുവാൻ തോന്നുന്നില്ല. പ്രാർത്ഥിക്കുന്നു എന്നും നന്മകൾ മാത്രം ഉണ്ടാകുവാൻ. ഞാൻ ഇന്ന് സ്വപ്നത്തിൽ കണ്ടപോലെ ജീവിതത്തിലും അത്‌ സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...

നന്മയുളള സ്വപ്നങ്ങൾ ജീവിതത്തിൽ എന്നെങ്കിലും സാർത്ഥകമാകും... 

Tuesday, April 5, 2016

എല്ല്ലാം മായ!!

അകലുവാനായി അടുത്തു നാം
അടുക്കുവാനായി അകന്നു നാം
അകലുന്തോറും അറിഞ്ഞു നമ്മൾ
അത്രമേൽ അടുത്തിരുന്നു നാമെന്ന്


അകലുവാൻ ആശിച്ചിരുന്നില്ല എങ്കിലും
വിധിയുടെ കോമരങ്ങളായി ആടുവാൻ
വിധിക്കപ്പട്ടതോ നീയും ഞാനും
നമ്മൾ നെയ്തുതീർത്ത സ്വപ്നങ്ങളും


വഴികൾ രണ്ടായി പിരിഞ്ഞീടിലും
ജീവിത പാന്ഥാവിലെൻ തുണയായി
നീയെനിക്ക്‌ നൽകിയ ഓർമ്മകൾ
തെളിക്കുന്നു പാതകൾ ഒന്നായീടുവാൻ


എല്ലാമേ സ്വന്തമെന്ന് കരുതി 
സ്വാർത്ഥതയേ പുൽകുന്ന മാനവൻ
അറിയുന്നു ഒന്നുമേ സ്ഥായിയല്ലെന്നും 
ആരും ആർക്കും സ്വന്തവുമല്ലെന്നും


എല്ലാമറിഞ്ഞിട്ടും പിന്നേയും തുടരുന്നു
മാത്സര്യ ബുദ്ധിയോടും വാശിയോടും
എല്ലാം തനിക്ക്‌ മാത്രമെന്ന 
സ്വാർത്ഥ ചിന്തയോടെ ജീവിതയാത്ര


എല്ലാം മായ, മായാജാലം!
കണ്ണുചിമ്മി തുറക്കുമ്പോൾ അദൃശ്യമാകും
ഈ ജീവിതം പോലും
വെറുമൊരു മായാ വലയം.




Sunday, April 3, 2016

എന്റെ വാൽ നക്ഷത്രം



ഞാനും എന്റെ കുഞ്ഞിപ്പെണ്ണും കൂടി ആകാശത്തെ നക്ഷത്രങ്ങളേയും നോക്കിക്കിടക്കുകയാണു. അവൾ ഓരോ നക്ഷത്രത്തേയും ചൂണ്ടിക്കാട്ടി അതിന്റെ പേരു ചോദിക്കും. എനിക്കാണെങ്കിൽ ആകെ അറിയാവുന്നത്‌ എന്റെ വാൽ നക്ഷത്രത്തെ മാത്രവും. എല്ലാ നക്ഷത്രത്തേയും എന്റെ വാൽനക്ഷത്രമായി സങ്കൽപ്പിച്ച്‌ ഞാൻ അവൾക്ക്‌ നക്ഷത്രങ്ങളുടെ കഥ പറഞ്ഞു കൊടുക്കുവാൻ തുടങ്ങി.

ഞാൻ അവളെ തലോടിക്കൊണ്ടു പറഞ്ഞു, ദേ.. അവിടെ ചുവന്നു തുടുത്തു നിൽക്കുന്ന നക്ഷത്രത്തെക്കണ്ടോ നീയ്‌. അതാണു ഈ മമ്മയുടെ വാൽനക്ഷത്രം. മമ്മയുടെ ഭാഗ്യ നക്ഷത്രം. എപ്പോഴൊക്കെ ആ നക്ഷത്രം എന്റെ ജീവിതത്തിലോട്ടു കടന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ മമ്മക്ക്‌ ഒരുപാടു ഭാഗ്യം കൊണ്ടുവന്ന് തന്നിട്ടുണ്ട്‌. നീയെന്ന ഭാഗ്യത്തെ വീണ്ടും എനിക്ക്‌ തന്നത്‌ എന്റെ വാൽ നക്ഷത്രത്തിന്റെ സാന്നിദ്ധ്യത്താലാണു.

ഒരു പാടു നിർഭാഗ്യങ്ങൾക്കിടയിൽ ഭാഗ്യം എന്നത്‌ എന്നെ തേടി വന്നത്‌ എന്റെ വാൽ നക്ഷത്രത്തിലൂടെയാണു. അത്‌ മമ്മയുടെ ഒരു വിശ്വാസമാണു. മമ്മക്ക്‌ മാത്രം മനസ്സിലാകുന്ന മമ്മയുടെ വിശ്വാസം. ചിലപ്പോൾ തോന്നും ആകാശത്ത്‌ മിന്നിത്തിളങ്ങി നിൽക്കുന്ന അതിന്റെ പ്രഭ കുറയാറുണ്ടോയെന്ന്, ചിലപ്പോൾ അത്‌ ആകാശത്ത്‌ പ്രത്യക്ഷപ്പെടാറേയില്ല.

അപ്പോളൊക്കെ മമ്മക്ക്‌ വിഷമമാകും കാരണം മമ്മയെ ഇട്ടേച്ച്‌ ആ വാൽ നക്ഷത്രവും പോയോന്ന് ചിന്തിക്കും. കാരണം മമ്മ സ്‌നേഹിച്ചിട്ടുളളവരെല്ലാം മമ്മയെ ഇട്ടിട്ട്‌ പോയിട്ടേയുളളൂ. എന്റെ ഭാഗ്യത്തിന്റെ പേരും പറഞ്ഞ്‌ ഞാൻ എന്റെ വാൽനക്ഷത്രത്തെ ഒത്തിരി ബുദ്ധിമുട്ടിക്കുന്നതുകൊണ്ടാകാം ചിലപ്പോൾ എന്നെ കാണാതെ എന്നോട്‌ മിണ്ടാതെ ആകാശത്ത്‌ മേഘങ്ങൾക്ക്‌ ഇടയിൽ മറഞ്ഞിരിക്കുന്നത്‌. കാണാതാകുമ്പോൾ എനിക്ക്‌ വിഷമമാകുമെങ്കിലും പിന്നെ ചിന്തിക്കും ഞാനെന്തിനാ പാവം എന്റെ വാൽ നക്ഷത്രത്തെ ബുദ്ധിമുട്ടിക്കുന്നതെന്ന്. അപ്പോ ഞാനും ഒന്നും മിണ്ടാതെ തിരിച്ചു പോരും.

ഞാൻ പോയെന്നറിയുമ്പോൾ എന്റെ വാൽ നക്ഷത്രം വീണ്ടും ആകാശത്ത്‌ മിന്നി തിളങ്ങി നിൽക്കുന്നത്‌ ഞാൻ ദൂരെ നിന്ന് കണ്ടിട്ടുണ്ട്‌. അപ്പോ എനിക്ക്‌ സന്തോഷാകും. അവിടെ സുഖായിട്ട്‌ ഇരിപ്പുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി. 

ഞാൻ മെല്ലെ എന്റെ കുഞ്ഞിപ്പെണ്ണിനെ തോട്ടപ്പോൾ മനസ്സിലായി അവൾ ഉറങ്ങിക്കഴിഞ്ഞെന്ന്. ഇനി അടുത്ത വിശപ്പിന്റെ വിളി വരുന്നിടം വരെ ആ ഉറക്കം തുടരും.

ഞാൻ വീണ്ടും ആകാശത്തേക്ക്‌ നോക്കി എന്റെ വാൽനക്ഷത്രത്തോടായി പറഞ്ഞു "അറിയില്ല എത്ര ദിവസം കൂടി എന്റെ കുഞ്ഞിപ്പെണ്ണു എന്റെ കൂടെ കാണുമെന്ന്. ഓരോ പ്രവശ്യവും ഡോക്ട്‌ർമാരുടെ അടുത്തുചെല്ലുമ്പോഴും ഓരോ ആഴ്ചത്തെ ആയുസ്സാണു അവരു പറയുന്നത്‌. ഓരോ ആഴ്ചകളും പിന്നിട്ട്‌ അവളെ നെഞ്ചോടു ചേർത്ത്‌ പിടിച്ച്‌ ഞാൻ മുൻപോട്ടു പോവുകയാണു. ആ യാത്രയിൽ നീ എനിക്ക്‌ നൽകിയ ഭാഗ്യം എന്റെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി അതിന്റെ പേരും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ വരില്ലാട്ടോ.  പക്ഷേ എന്റെ പ്രാർത്ഥനകൾ എന്നും കൂടെയുണ്ടാവും."

Wednesday, March 30, 2016

ഹോളിക്രോസ്സ്‌ ജീവിതം



ജീവിതത്തിൽ നമുക്ക്‌ ഓർത്തിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഓർമ്മകൾ നമ്മൾ ക്ഷണിക്കാതെ തന്നെ നമ്മളെ തേടി വരാറുണ്ട്‌. ആ ഓർമ്മകളുടെ കൂട്ടത്തിൽ ഒന്നാണു ഞങ്ങളുടെ ഹോളിക്രോസ്സ്‌ ജീവിതം. ഞങ്ങളെന്നു പറയുമ്പോൾ ഞാനും, അന്നക്കുട്ടിയും (ആൻ), പിന്നെ പ്രാച്ചിയും ( പ്രതിഭാ). അതൊരു നേഴ്സ്സിംഗ്‌ സ്കൂളായിരുന്നു. ഞങ്ങൾ അവിടുത്തെ ഇത്തിരി തല തെറിച്ച ടീച്ചർമ്മാരും. പക്ഷേ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർമാരായിരുന്നു ട്ടോ ഞങ്ങൾ.

അവിടുത്തെ പ്രത്യേകത ഹോസ്റ്റലും, ക്ലാസ്സുമുറിയും ഒറ്റ കെട്ടിടത്തിലാണെന്നതാണു.അതു കൊണ്ട്‌ ഞങ്ങടെ മുറിയിൽ നിന്നിറങ്ങിയാൽ നേരെ കാലു വെക്കുന്നത്‌ ഏതെങ്കിലും ക്ലാസ്സ്‌ മുറിയിലേക്കായിരിക്കും. അതുകൊണ്ട്‌ ഊഹിക്കാമല്ലോ കിടക്കപ്പായേന്ന് എണീറ്റ്‌ ചിലപ്പോൾ ക്ലാസ്സിലോട്ട്‌ ഓടിയിട്ടുണ്ട്‌. കാരണം ഉറക്കത്തിന്റെ കാര്യത്തിൽ അവിടെ മത്സരമായിരുന്നു പ്രാച്ചിയും അന്നക്കുട്ടിയും തമ്മിൽ. ഞാൻ അപ്പോഴും സ്വപ്നങ്ങളുടെ ലോകത്ത്‌ പറന്നു നടക്കകയായിരിക്കും.

പിന്നെ ഞങ്ങളുടെ നിർത്താതെയുളള വർത്തമാനങ്ങൾ .....
കൂട്ടത്തിലുളള മറ്റു ടീച്ചേർസ്സിനേയും, പിന്നെ പിളേളരെയും അങ്ങനെ അവിടെയുളള ഒരു മാതിരിപ്പെട്ട എല്ലാവരേയും കുറിച്ച്‌ കുറ്റം പറഞ്ഞു സന്തോഷിക്കും. സത്യം പറഞ്ഞാൽ കുറ്റമല്ലാ. ഞങ്ങൾ സിസ്റ്റർ തെരേസ്സ്‌ മാർട്ടിന്റെ (പ്രിൻസിപ്പാൾ) പ്രിയപ്പെട്ട ടീച്ചർമ്മാരായിരുന്നു. ഞങ്ങൾ അവിടെ പുതിയ ഭരണ പരിഷ്കാരങ്ങളൊക്കെ കൊണ്ടു വരുവാൻ ശ്രമിച്ചു. അത്‌ മറ്റുളളവർക്ക്‌ അത്ര പിടിക്കുന്നില്ലായിരുന്നു. പിന്നെ ഇടയ്കിടക്ക്‌ വേറൊരു അഥിതി കൂടി ഞങ്ങടെ മുറിയിൽ വരുമായിരുന്നു സ്വപ്നാ ടീച്ചർ. പുളളി ഞങ്ങളുമായിട്ട്‌ വെറുതെ കത്തിവെക്കാൻ വരുന്നതാണു ട്ടോ. ആറു മണി കഴിയുമ്പോൾ പുളളി വീട്ടിൽ പോകും.

പിന്നെ ഞങ്ങളു നാലു മണി കഴിയുമ്പോൾ ഒരു കറക്കമുണ്ട്‌. ആദ്യം നേരെ ചാപ്പലിൽ. അവിടെ എന്റെ വക മൂന്നു നാലു പാട്ടൊക്കെ പാടി മാതാവിനെ സന്തോഷിപ്പിക്കും. പിന്നെ പതിയെ ഒരു നടപ്പിനിറങ്ങും, അടൂർ പട്ടണം മുഴുവൻ ചുറ്റിക്കറങ്ങി കടയായ കടയിൽ ഒക്കെ കയറി ഹോസ്റ്റലിന്റെ താഴെയുളള തട്ടുകടയുടെ മുൻപിൽ എത്തും. അവിടെ വരുമ്പോഴേക്കും സ്വിച്ചിട്ടപോലെ ഞങ്ങൾ മൂന്നു പേരും നിൽക്കും. പരസ്പരം മുഖത്തോടു മുഖം നോക്കും. കാരണം ആരെങ്കിലും ഒരാൾ പറയണം ഓർഡർ ചെയ്യാമെന്ന്. ഒരാൾക്ക്‌ ആഗ്രഹം തോന്നിയാൽ മതി പിന്നെ മൂന്നു പേർക്കും പകർച്ചവ്യാധി പോലെ ആ കൊതിയങ്ങ്‌ പടരും. പിന്നെ തട്ടുകടച്ചേട്ടനു പൊറോട്ടായും, ഗോബി മഞ്ചൂരിയും, ചില്ലി ചിക്കനും ഓർഡറായി.

ഇത്‌ കിട്ടാനും സമയമെടുക്കും. അപ്പോൾ അവിടെ നിന്ന് കത്തിവെക്കലിന്റെ കൂടെ ആ  ബെസ്റ്റോപ്പിൽ വരുന്ന ആൾക്കാരെ ഞങ്ങൾ ബസ്സ്‌ കയറ്റിവിടും, വരുന്നവരെ വീട്ടിൽ കൊണ്ടെ വരെ വിടും.  പച്ച മലയാളത്തിൽ പറഞ്ഞാൽ വായിനോട്ടം. പിന്നെ പൊതിയും വാങ്ങിച്ചോണ്ട്‌ ഒരു പോക്കാണു. പൊതിയഴിക്കുന്നതും കാണാം പിന്നെയവിടെ ഒരു യുദ്ധമാണു. ഈശ്വരാ.... ഇപ്പോഴും അതോർക്കുമ്പോൾ ചിരി വരും. ആദ്യത്തെ ആക്രാന്തം കഴിയുമ്പോഴേക്കും ഞാനും പ്രാച്ചിയും വടിയാകും. ഇര വിഴുങ്ങിയ പാമ്പിനെപ്പോലെ ഞങ്ങൾ കട്ടിലേൽ നീണ്ടു നിവർന്ന് കിടപ്പുണ്ടാവും. അപ്പോഴും ഒരു ഇടതടവില്ലാതെ തീറ്റി തുടരുന്നുണ്ടാവും അന്നക്കുട്ടി. കൂടെയൊരു ഉപദേശവും ഞങ്ങൾക്ക്‌ സ്ഥിരമായി തരാറുണ്ട്‌. പതിയെ തിന്നാൽ പനയും തിന്നാം. എന്താണേലും ഞങ്ങൾ വാങ്ങിക്കുന്ന ആഹാരമൊക്കെ പാഴാക്കാതെ കഴിച്ചുകൊണ്ടിരുന്നത്‌ അവളാണു. അതു മൊത്തം കഴിച്ചു കഴിയുമ്പോഴേക്കും പിന്നെ മൂന്നു വശത്തു നിന്നുമായി കൂർക്കം വലികൾ ഉയരും. എന്താണെങ്കിലും ആ തട്ടുകടയും, അവിടുത്തെ ഭക്ഷണത്തിന്റേയും രുചി ഇപ്പോഴും നാവിലുണ്ട്‌.

ആഴ്ചയവസാനം ആനും പ്രാച്ചിയും വീട്ടിൽ പോകും, ഞാൻ മാത്രം ആ ഹോസ്റ്റലിൽ തനിച്ചാകും. പിന്നെ അതെന്റെ ലോകമായി മാറും. എന്റെ വീട്ടിൽ പോകാൻ എനിക്ക്‌ വലിയ താത്പര്യമില്ലാത്തതു കൊണ്ട്‌ ഞാനെന്റെ ഡയറിയെഴുത്തും, സ്വപ്നം കാണലുമായി സമയം കൊല്ലും. പിന്നെ കുട്ടികളുമായി വർത്തമാനം പറഞ്ഞും, അവരുടെ സമസ്യകൾക്കുമൊക്കെയായി ആ അവധി ദിവസങ്ങൾ മാറ്റി വെക്കുമായിരുന്നു. 

പിന്നെ എന്റേയും ആനിന്റേയും ഡ്രൈവിംഗ്‌ പഠിത്തം. ഹോ!! ആ ആശാന്റെ ക്ഷമ മുഴുവനും ഞങ്ങൾ പരീക്ഷിച്ചിട്ടുണ്ട്‌. എന്തോരം ചീത്തവിളിച്ച ആ പാവം മനുഷ്യൻ ഞങ്ങളെ പഠിപ്പിച്ചെടുത്തത്‌. അവിടെ ഏറ്റവും കൂടുതൽ ക്ലാസ്സെടുത്ത്‌ പഠിച്ചത്‌ ഞങ്ങളായിരുന്നെന്ന് തോന്നുന്നു. കാരണം ആശാൻ അവസാനം ഞങ്ങളോടു ചോദിച്ചു "എന്തേ എന്റെ ജോലി തെറുപ്പിക്കാൻ വല്ല പ്ലാനുമുണ്ടോ??? നിങ്ങളു മാത്രമെന്താ ടെസ്റ്റിനു ഡെയിറ്റ്‌ എടുക്കാത്തത്‌?? ഞങ്ങളു തറവായിട്ടേ എഴുതത്തൊളളൂ. എങ്ങനെയോ ആദ്യത്തെ ടെസ്റ്റിൽത്തന്നെ ജയിച്ചു. ടെസ്റ്റ്‌ ജെയിച്ചെന്ന് പറഞ്ഞപ്പോൾ ആശാൻ പറയുകയാ "നിങ്ങളെന്റെ മാനം കാത്തു. ഇല്ലായിരുന്നേൽ ഞാനീ ജോലി രാജി വെച്ചേനെ."

ഇപ്പോഴും എന്നെ വിളിക്കുമ്പോൾ ആനും, പ്രാച്ചിയും എന്നോട്‌ എപ്പോഴും സംസാരിക്കാൻ ഇഷ്ടപ്പെടുന്നത്‌ ആ ദിവസങ്ങളെക്കുറിച്ചാണു. ശരിക്കും ജീവിതത്തിലെ സന്തോഷവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്‌ യൗവന കാലത്താണു. എല്ലാം ഒരോർമ്മയായി മാറിയിരിക്കുന്നു. ആൻ, പ്രാച്ചി, സ്വപ്നാ ശരിക്കും നിങ്ങളെയൊക്കെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു, ആ ഹോളി ക്രോസ്സ്‌ ജീവിതവും, ചാപ്പലിലെ എന്റെ പാട്ടും, പൊറോട്ട കഴിപ്പും, എന്റെ ആനിന്റേയും ഡ്രൈവിംഗ്ഗ്‌ പഠിത്തവും... അങ്ങനെയെല്ലാം..


Monday, March 28, 2016

ജീവിതം

ജീവിതമേ നിന്റെ മറിമായങ്ങളുടെ 
ബാക്കിപത്രമോ അതോ കാരുണ്യമോ 
ഞങ്ങളുടെയീ കൊച്ചു കൊച്ചു സന്തോഷങ്ങൾ


സർവ്വ സുഖലോലുപരായി നിന്നെ 
പുൽകുവാൻ കാംക്ഷിക്കും മാനവമനസ്സിനു
നീ വിധിക്കുന്നതെന്തോ അതാണു അവരുടെ ജീവിതം


ചിലർക്ക്‌ നീ സമ്മാനിക്കുന്നതോ 
നിതാന്തമായ കണ്ണീർക്കണങ്ങൾ
എന്നാൽ മറ്റുചിലർക്കോ 
ആഡംഭരത്തിന്റെ കുത്തൊഴുക്ക്‌


ജീവിതമെന്ന തുലാസ്സിൽ സുഖദുഃഖങ്ങൾ 
ഒരേപോലെ അളന്നു നൽകി നീ
അനുഗ്രഹിക്കുന്നു മറ്റു ചിലരെ


വൈവിധ്യമാം അനുഭവങ്ങൾ നമ്മെ
തേടി വരുമ്പോഴും, മൂക സാക്ഷിയായി
നാമെല്ലാം മരണമെന്ന പരമസത്യത്തിലൂടെ 
ലയിക്കുന്നു ഈ പ്രകൃതിതൻ മടിത്തട്ടിൽ

കാർത്തിക....

Saturday, March 26, 2016

വെറുതേ..



എല്ലാമൊരു വിശ്വാസമാണു... 
അവിടെ മറുപടികളില്ല..
കാത്തിരിപ്പുമില്ല...


ചിലപ്പോൾ തോന്നും 
എല്ലാം എന്റെ മാത്രം സ്വാർത്ഥതയല്ലേയെന്ന് ..



മനസ്സു തുറന്ന് എന്തൊക്കെയൊ എഴുതണമെന്ന് ആഗ്രഹിക്കും..
പക്ഷേ മറുപടികളില്ലാത്ത ആ അക്ഷരങ്ങൾക്ക്‌ ഇനിയും 
കാത്തിരിക്കുവാൻ മാത്രമാണു വിധിയെന്ന്  ചിന്തിച്ച്‌ 
എല്ലാം ചിന്തകളുടെ ലോകത്തിനു സമർപ്പിക്കും


ചിന്തകൾ അവയെന്നെ കൊണ്ടെത്തിക്കുന്നത്‌
എപ്പോഴും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾക്ക്‌ മുൻപിലും...
ഉത്തരം അറിയണമെന്ന് എന്റെ മനസ്സ്‌ വാശിപിടിക്കുമ്പോഴും
ഹൃദയത്തിന്റെ കോണിൽ ഇരുന്ന് ആരോ മന്ത്രിക്കും
മൗനത്തിനുളള ഉത്തരം മൗനം മാത്രമാണു


അതേ ആ മൗനത്തോടെ 
ഞാനും പടിയിറങ്ങുകയാണു..
അറിയാം ക്ഷണനങ്ങളില്ലായിരുന്നുവെന്ന്..
എന്നിട്ടും വെറുതെ.. 
വീണ്ടും പടികൾ കയറിയപ്പോൾ 
ഞാൻ കണ്ടു അതേ പ്രകാശം..


എന്റെ ജീവിതത്തിൽ ,
എന്റെ ആത്മാവിൽ തെളിഞ്ഞ
ആ വെളിച്ചമായിരുന്നു.. 
എന്റെ അക്ഷരങ്ങൾ , എന്റെ പ്രണയം,
 എന്റെ സ്വ്പ്നങ്ങൾ, എന്റെ സൗഹൃദം...


എന്റെ യാത്രകൾ തുടരുന്നു.. 
ആ ജ്യോതിയുടെ ഉറവിടം തേടി..
ചുറ്റും അലയടിക്കുന്ന പ്രതിസന്ധികളെന്ന 
കാറ്റിന്റെ ദിക്കിൽ നിന്നും 
അണയാതെ കൈകളിലേന്തുന്നു 
ജീവിത പാത്ഥാവിൽ എന്നെ നയിക്കുവാൻ 
അണഞ്ഞ ആ പ്രകാശത്തെ..


എന്റെ സ്വപ്നവും അതായിരുന്നു
പ്രതീക്ഷകൾ അസ്തമിക്കാത്ത 
ആ സ്വപ്നം ഭൂമിയിലേക്കുളള 
ഒരു യാത്ര..
പ്രണയത്തിന്റെ പൂർണ്ണതക്കായുളള 
ഒരു യാത്ര....



വെറുതെ...

കാർത്തിക..

Wednesday, March 23, 2016

ഞാനും ഒരു ടീച്ചറായിരുന്നു...


ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ടീച്ചറായി ജോലി ചെയ്യുകയെന്നത്‌. അത്‌ സാർത്ഥകമായത്‌ ഹോളി ക്രോസ്സ്‌ നേഴ്സ്സിംങ്‌ സ്കൂളിൽ ടീച്ചറായി ജോലിക്ക്‌ ചേർന്നപ്പോഴാണു. എന്റെ സുഹൃത്ത്‌ ആൻ വഴിയാണു ഞാൻ അവിടെ ജോലിക്കു ചേരുന്നത്‌.

രണ്ടാം വർഷക്കാരുടെ ക്ലാസ്സ്‌ ടീച്ചറായിട്ടായിരുന്നു എന്റെ നിയമനം. ഞാൻ അവരെ പഠിപ്പിച്ചത്‌ സൈക്കാട്രി എന്ന വിഷയവും. ജോലിക്ക്‌ കയറിയപ്പോൾ മുതൽ പ്രിൻസിപ്പാളടക്കം എല്ലാk ടീച്ചേഴ്സും പറഞ്ഞു ആ കുട്ടികൾ പഠിക്കാൻ അത്ര മിടുക്കരല്ലാ. ആദ്യ വർഷ പരീക്ഷയിൽ ആകെ ഇരുപത്‌ ശതമാനം കുട്ടികളേ ജയിച്ചിട്ടുളളുവെന്ന്. ശരിക്കും പറഞ്ഞാൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു കൂട്ടം കുട്ടികളെയാണു എനിക്ക്‌ കിട്ടിയത്‌.

ഞാൻ ആ കുട്ടികളുടെ ക്ലാസ്സിൽ ചെന്നപ്പോൾ അവരെല്ലാവരും വളരെ നിരാശരായും ദുഃഖിതരായും ഇരിക്കുന്നത്‌ കണ്ടു. ഞാൻ അറിഞ്ഞു അവർക്ക്‌ വേണ്ടിയത്‌ സഹതാപമല്ല. മറിച്ച്‌ ഈ ലോകത്തിൽ ഏതു ദുഃഖത്തേയും മാറ്റുവാൻ കഴിയുന്ന സ്നേഹവും, പിന്നെ ആത്മവിശ്വാസമാണെന്ന്. ഏന്റെ ഏറ്റവും ശ്രമകരമായ ജോലി അവർക്ക്‌ നഷ്ടപ്പെട്ട അവരുടെ ആ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നുളളതായിരുന്നു. അവരുടെ ബുദ്ധിക്കും കഴിവിനും അനുസരിച്ച്‌ പുതിയ രീതിയിലുളള പഠന രീതികൾ അവലംബിച്ചു. 

ഒരു ടീച്ചർ എന്ന രീതിയിൽ നിന്ന് മാറി ഞാൻ അവരുടെ ഏറ്റവും നല്ല സുഹൃത്തായി. അവർക്ക്‌ അവരുടെ എന്ത്‌ ആവശ്യങ്ങളുമായി എന്നെ സമീപിക്കുവാനുളള സ്വാതന്ത്ര്യം ഞാൻ നൽകി. ചില കുട്ടികൾ പഠന സംബന്ധമായ കാര്യങ്ങളുമായി എന്നെ സമീപിച്ചപ്പോൾ ചിലർ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളുമായി എന്നെ സമീപിച്ചു. അങ്ങനെ ഞാൻ അവർക്ക്‌ നല്ല ഒരു കൗൺസിലറും കൂടിയായി മാറി.

ഞാൻ കാണുവാൻ തുടങ്ങി അവരിലെ മാറ്റം. നിരാശയുടെ മൂടു പടം അണിഞ്ഞു ഞാൻ സ്വീകരിച്ച എന്റെ  കുട്ടികളുടെ ചുണ്ടിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി വിരിയിക്കുവാൻ എനിക്കു കഴിഞ്ഞു. 

ചെറിയ ചെറിയ ഗൃഹപാഠങ്ങളിലൂടെ , പഴയ ചോദ്യപ്പേപ്പറുകളിലെ ഉത്തരങ്ങൾ അവരെക്കൊണ്ടു തന്നെ തയ്യാറാക്കിച്ച്‌ അതിൽ നിന്നു തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കൊണ്ട്‌ പരീക്ഷകൾ നടത്തി ഞാൻ അവരുടെ പരീക്ഷയോടുളള പേടി മാറ്റിയെടുത്തു. അവരുടെ എല്ലാ വിഷയങ്ങളിലും ഞാൻ ഈ രീതി അവലംബിച്ചു.

അവരുടെ ക്ലിനിക്കൽ പോസ്റ്റിങ്ങിനും, സൈക്കാട്രി പോസ്റ്റിങ്ങിനുമൊക്കെ ഞാൻ കൂടെ ചെല്ലുവാൻ അവർ അതിയായി ആഗ്രഹിച്ചു. കാരണം അപ്പോഴേക്കും ഞാൻ അവർക്ക്‌ പ്രിയപ്പെട്ട അവരുടെ ടീച്ചറായിട്ട്‌ മാറിയിരുന്നു.

അങ്ങനെ പരീക്ഷ വന്നെത്തി. കുട്ടികളേക്കാൾ കൂടുതൽ ടെൻഷൻ എനിക്കായിരുന്നു. കാരണം അവർ ഇനിയും പരാജയപ്പെട്ടാൽ ആ തോൽവിയുടെ ഉത്തരവാദിത്വം ഈ ടീച്ചർക്കാണു. എല്ലാ ദിവസവും പരീക്ഷയുളളപ്പോൾ രാവിലേയും വൈകിട്ടും കുട്ടികൾ എന്നെ കാണാൻ വരും ഈ ടീച്ചറുടെ അനുഗ്രഹം വാങ്ങുവാൻ. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളായിരുന്നു അതൊക്കെ.

അങ്ങനെ പരീക്ഷാ ഫലം വന്നു. പ്രിൻസിപ്പാൾ സിസ്റ്റർ എന്നെ സിസ്റ്ററിന്റെ മുറിയിലേക്ക്‌ വിളിപ്പിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ എന്റെ കുട്ടികളെല്ലാം അങ്ങനെ നിരന്നു നിൽക്കുന്നു. അവരുടെ മുഖത്തേക്ക്‌ നോക്കിയപ്പോൾ എല്ലാവരും പിരിമുറുക്കത്തിന്റെ ഉച്ചസ്ഥായിയിൽ. സത്യം പറഞ്ഞാൽ എനിക്ക്‌ ശരിക്കും ടെൻഷനായി.

സിസ്റ്റർ എന്നോട്‌ ചോദിച്ചു, " മിസ്സറിഞ്ഞോ ഇവരുടെ റിസൽട്ടിന്റെ കാര്യം?"

ഞാൻ ഇല്ലായെന്നു മറുപടി പറഞ്ഞു. ഞാൻ സിസ്റ്ററിന്റെ മറുപടിക്കായി കാത്തിരുന്നു. സിസ്റ്റർ പറഞ്ഞു, "മിസ്സിന്റെ കുട്ടികൾ 100% വിജയം കൈവരിച്ചിരിക്കുന്നു. അവർ എങ്ങനെ ഈ വിജയം കരസ്ഥമാക്കിയെന്നതാണു ഞങ്ങളെ അതിശയപ്പെടുത്തുന്നത്‌."



എനിക്ക്‌ അതിയായ സന്തോഷം തോന്നി. ഞാൻ പതിയെ തിരിഞ്ഞു എന്റെ കുട്ടികളെ നോക്കി. ചിലർ ചിരിക്കുന്നു, ചിലർ കരയുന്നു. ജീവിതത്തിൽ പരാജയത്തിൽ നിന്നും കൈപിടിച്ചു വിജയത്തിലേക്ക്‌ നയിക്കുമ്പോളുണ്ടാകുന്ന സന്തോഷമെന്താണെന്ന് അന്ന് ഞാൻ ആ കുട്ടികളുടെ സന്തോഷത്തിലൂടെ അനുഭവിച്ചറിഞ്ഞു. പിന്നീട്‌ മൂന്നാം വർഷവും ആ കുട്ടികളെല്ലാവരും 100% വിജയം കൈവരിച്ചുവെന്ന് ആ കുട്ടികൾ എന്നെ ഫോണിലൂടെ വിളിച്ച്‌ അറിയിച്ചു. കാരണം ഞാൻ അപ്പോഴേക്കും ആ നാടു വിട്ടിരുന്നു.

ഒരു നല്ല അധ്യാപനത്തിന്റെ ഓർമ്മകളും, ഒരു പാട്‌ അനുഭവങ്ങളുടെ പാഠങ്ങളും ആ കുട്ടികളിലൂടെ ജീവിതം എനിക്ക്‌ സമ്മാനിച്ചു. 

ഒരു വ്യക്തിയേം അവരുടെ കുറവുകളെ ചൂണ്ടി ആ വ്യക്തിത്വത്തിനു വിധിയെഴുതരുതെന്ന് ആ കുട്ടികളിലൂടെ ജീവിതം എനിക്ക്‌ കാണിച്ചു തന്നു. എല്ല്ലാവരും മിടുക്കന്മാരോ, സാമർത്ഥ്യം ഉളളവരോ ആയല്ല ജനിക്കുന്നത്‌. അവരുടെ കുറവുകളെ സ്നേഹം കൊണ്ടു മനസ്സിലാക്കി, ആത്മവിശ്വാസം കൊണ്ട്‌ അടിത്തറപാകി, കാരുണ്യം കൊണ്ട്‌ നയിക്കുമ്പോഴാണു ഓരോരുത്തരും ജീവിത വിജയത്തെ പുൽകുന്നത്‌.



സ്നേഹപൂർവ്വം..
കാർത്തിക..


Tuesday, March 22, 2016

നന്ദി ദൈവമേ...



                               ഗാനം.    : വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ.. 
പാടിയത്‌  : എസ്‌. ജാനകി.
        സംഗീതം : ജോൺസൺ മാഷ്  
വരികൾ :   ഒ. എൻ. വി.

I have been experiencing immense positivity
And heavenly touch each and every seconds.
You are making the impossible  Possible.
We are witnessing Your glory 
through out my journey of hardship.
 Oh! Lord. I know that I am not eligible 
to receive all these blessings from YOU,
 But YOU bestow all the kindness over me to keep
MY MOST PRECIOUS REALITIES & DREAMS 
CLOSE TO MY HEART.

All the prayers I offered through my Rosary 
answered by YOU except ONE,
The prayer which I offered
 for a very special person in my life.


You are the one reasoned in experiencing 
the power of the prayer through that rosary .
But, now you are staying miles apart, 
keeping a long distance between us.
I remember the day I started my prayer 
and still continuing with a firm trust 
that My prayer will be answered one day.


PLEASE …. PLEASE…. PLEASE…
TRY FOR THE RECOVRY………
KNOW THAT YOUR LIFE IS PRECIOUS…….
WHEN OPPORTUNITIES KNOCK AT THE DOOR,
PLEASE!!! NEVER SHUT THE DOOR
FOR THE SAKE OF YOUR EXCUSES…..





I really want to share the miracles happening around me now,
But ,still I need a time to settle everything before sharing to the world.


ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍ നമ്മള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു പോകുമ്പോളാണ്‌ നമ്മുടെ വ്യക്തിത്വം എത്രമാത്രം ശക്തമാണെന്ന തിരിച്ചരിവ് നമുക്കുണ്ടാകുന്നത്. ഒരു വെളിച്ചം നമ്മിലേക്ക് എത്തുന്നിടം വരെ നമ്മള്‍ തേടുന്നത് ആരുടെയൊക്കെയോ ചിറകിന്‍റെയടിയില്‍ സ്വയം കണ്ടെത്തുന്ന താത്കാലികമായ ഒരു സംരക്ഷണത്തെയാണ്‌. സംരക്ഷണത്തിന്‍റെ ചട്ടക്കൂടില്‍ നിന്നും പുറത്തു വന്ന്‍ നമ്മളെ സ്വയം കണ്ടെത്താന്‍ പ്രാപ്തമാക്കുന്നതോ നമ്മുടെ ജീവിതാനുഭവങ്ങളും. അനുഭവങ്ങള്‍ ചിലരുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്നത് അവരുടെ ജീവിത പന്ഥാവില്‍  അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെയാണ്. അതിന്‍റെ തീഷ്ണതയാണ് അവരെ അതിനോട് എല്ലാ ആര്‍ജ്ജവത്തോടും കൂടി പടവെട്ടി പൊരുതി ജീവിത വിജയത്തെ സ്വായക്തമാക്കുവാന്‍ സാധ്യമാക്കുന്നത്.


പ്രാര്‍ത്ഥന എന്നത് എനിക്ക് ഒരിക്കലും മുന്‍കൂട്ടി ചിട്ടപ്പെടുത്തിയത് കാണാതെ ചൊല്ലുന്ന ഒന്നായിട്ടല്ല ഞാന്‍ കാണുന്നത്. മൌനമായി കണ്ണുകള്‍ അടച്ച് ദൈവീക സാന്നിധ്യത്തെ അറിഞ്ഞ് നമ്മുടെ മനസ്സില്‍ നമ്മള്‍ ലോകത്തിനു വേണ്ടി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ്‌ എനിക്ക് പ്രാര്‍ത്ഥന. എന്‍റെ കൊന്തമണികളില്‍ ഞാന്‍ സമര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനകളാണ്.


പപ്പയുടെ കാന്‍സെര്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണ്ണ സൌഖ്യത്തിനായി ഒരുപാട് പേരുടെ പ്രാര്‍ത്ഥനകളും സഹായങ്ങളുമുണ്ട്. ആറു മാസം പോലും ആയുസ്സ് തികച്ചില്ലെന്നു വിധിയെഴുതിയ വൈദ്യശാസ്ത്രത്തിന് പപ്പയുടെ ആത്മധൈര്യവും ഒരുപാട് പേരുടെ പ്രാര്‍ത്ഥനയുമാണ്‌ ജീവിതം തിരികെ നല്‍കിയത്. അതിന്‍റെ ഭാഗമായി ഞാന്‍ കാന്‍സര്‍ ഓര്‍ഗനൈസേഷന്‍റെ ഭാഗമാവുകാനും  അവിടുത്തെ രോഗികള്‍ക്കായും, അഡിക്ഷന്‍ രോഗികള്‍ക്കായും പ്രവൃത്തിക്കുവാനും തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഒരു പബ്ലിക്‌ സ്പീച്ചിനുവേണ്ടി തെയ്യാറാകാന്‍ ക്ഷണം കിട്ടിയപ്പോഴാണു ആരോഗ്യ പരമായ കാരണങ്ങളാല്‍ എനിക്ക് റെസ്റ്റ് വേണ്ടി വന്നത്.


പക്ഷേ ഒരുപാട് വിഷമസന്ധികളുടെ ഇടയിലും ഞാന്‍ എനിക്ക് കഴിയാവുന്ന രീതിയലില്‍ എന്‍റെ ജീവിതത്തിലെ ഓരോ പ്രതിസന്ധിയേയും ഞാന്‍ തരണം ചെയ്യുന്നു, ദൈവത്തിന്‍റെ കൃപയാല്‍, പ്രാര്‍ത്ഥനയാല്‍.

എന്തോ സ്വയം ആശ്വസിപ്പിക്കാനാണോ, അതോ എനിക്ക് ഇനിയും എല്ലാം സാധ്യമാകുമെന്ന് സ്വയം ബോധിപ്പിക്കനാണോ എന്നറിയില്ല ഇതെഴുതണമെന്ന്‍ തോന്നി.
എന്‍റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ ഇനിയും തുടരും..... എന്നെങ്കിലും സന്തോഷവാര്‍ത്ത എനിക്ക് കേള്‍ക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍....


എന്നും നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്...
കാര്‍ത്തിക....


OH! LORD
KEEP SAFE IN YOUR HAND YOUR MOST PRECIOUS GIFT .
KEEP SAFE EVERYONE
THANK YOU MY LORD