കാര്‍മേഘങ്ങള്‍
ഇരുണ്ടു കൂടിയ ആകാശത്തിലേക്ക് നോക്കി മഴക്കായി കാത്തിരിക്കുന്ന വേഴാമ്പല്‍ പോലെ
ഞാനും കാത്തിരുന്നു.
പെയ്തിറങ്ങുന്ന മഴയുടെ നവ്യാനുഭൂതി
നുകരുവാന്‍. ആ കാത്തിരുപ്പ് ഞാനെന്നും ആസ്വദിച്ചിരുന്നു. പ്രകൃതിയും അതിലെ
ജീവജാലങ്ങളും മഴയ്ക്ക് മുന്‍പ് ചിലപ്പോള്‍ ഇരുണ്ടുകൂടിയ കാര്‍മേഘപടലങ്ങളാല്‍ വളരെ
നിഗൂഡമായി കാണപ്പെടും. ചില സമയങ്ങളില്‍ മഴയ്ക്കുമുന്‍പ് പ്രകൃതി ഒരു സ്വര്‍ഗീയ
പ്രകാശത്താല്‍ വലയം പ്രാപിച്ചിരിക്കുന്നതായും തോന്നിയിട്ടുണ്ട്. ഇതുപോലെ മനുഷ്യനും
എത്രയെത്ര ഭാവാഭിനയങ്ങളാലാണു് ജീവിതം മുന്‍പോട്ടു കൊണ്ടുപോവുന്നത്..
ഞാനും
തികച്ചും ഒരു അഭിനയജീവി തന്നെയായിരുന്നു. സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള
അഭിനയങ്ങള്‍, എന്നാല്‍ ചില അഭിനങ്ങള്‍ ആത്മാര്‍ത്ഥവുമായിരുന്നു. പക്ഷേ എവിടേയും
ഒരു പരസ്പര ബഹുമാനം കാത്തു
സൂക്ഷിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
രണ്ടു
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കമ്പനിയില്‍ ജോലി കിട്ടിയത്. ഒരു സ്ഥലത്തും
സ്ഥിരമായി നില്‍ക്കുന്ന ഒരു സ്വഭാവം എനിക്കില്ലായിരുന്നു. അതൊകൊണ്ട് ഈ
കമ്പനിയില്‍നിന്നും എത്രയും വേഗം ഇറങ്ങിപോരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ചില
കണക്കുകൂട്ടലുകള്‍ നമ്മുടെ ജീവിതത്തില്‍ തെറ്റാറുണ്ടു, അത് ഇവിടെയും സംഭവിച്ചു.
നീണ്ട മൂന്ന് വര്‍ഷങ്ങള്‍ ഞാന്‍ അവിടെ ചിലവഴിച്ചു.
ഞാനെന്നും
ആലിംഗനം ചെയ്യാന്‍ കൊതിച്ച ഒന്നാണ് ഒരു വിഭാഗത്തിന്‍റെ മേലധികരിയായി ജോലി ചെയ്യുക
എന്നത്. അത് സാക്ഷാല്കരിച്ചതും ഈ കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍ ആണ്. ഞാന്‍
എന്‍റെ കഴിവുകളിലും പൂര്‍ണമായും വിശ്വസിച്ചിരുന്നു. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കു
മുന്‍പ് ഒരുപാടു പ്രതീക്ഷകളോടെ ഞാന്‍ ഇവിടെയെത്തി. മുപ്പതു വയസു കഴിഞ്ഞ ഒരു
ബാച്ചിലര്‍ പെണ്‍കുട്ടിക്ക് കിട്ടാവുന്ന സ്വീകരണങ്ങള്‍ ഒക്കെ എനിക്ക് അവിടെയും
കിട്ടി.
എന്‍റെ വരവ്
ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അവിടുത്തെ യുവകോമളന്‍മാരെയാണ്. ഒരു ബാച്ചിലര്‍ പെണ്‍കുട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ജനസമ്മിതി.
പക്ഷേ ഈ ആര്‍ഭാടങ്ങള്‍ ഒന്നും എന്നെ ഒട്ടും ആകര്‍ഷിച്ചിരുന്നില്ല. കണ്ണില്‍
പ്രണയവും കാമവും ഒളിപ്പിച്ചു വരുന്ന യുവകോമളന്മാരെ വളരെ ഭവ്യതയോടെ ഒഴിവാക്കാന്‍
ഞാന്‍ പണ്ടേ പഠിച്ചിരുന്നു. അങ്ങനെ അഭിനയ കലയുടെ പാഠങ്ങള്‍ എന്നെ പുതിയ
വ്യക്തിയാക്കി മാറ്റികൊണ്ടേയിരുന്നു.
ഞാന്‍
ജോലിയില്‍ പ്രവേശിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങളുടെ മാനേജേരിയല്‍ മേധാവി മിസ്റ്റര്‍
വരുണ്‍ വര്‍മ്മ അവധി കഴിഞ്ഞു കമ്പനിയില്‍ തിരിച്ചെത്തിയത്. ഞാന്‍
ഇന്‍റെര്‍വ്യുവിന്‍റെ സമയത്ത് കണ്ടിരുന്നു, നല്ല സൗന്ദര്യം ഉള്ളൊരു വ്യക്തിത്വം.
എല്ലാവര്‍ക്കും അയാളെക്കുറിച്ച് നല്ല മതിപ്പായിരുന്നു, പ്രത്യേകിച്ച്
സ്ത്രീജനങ്ങള്‍ക്ക്. അയാളുടെ ഗുഡ് ബുക്കില്‍ കയറിപറ്റാന്‍ എല്ലാവരും
മത്സരിച്ചുകൊണ്ടിരുന്നു. എന്തോ എനിക്കും പുള്ളിയെ നന്നായങ്ങു ബോധിച്ചു. സ്ത്രീകളെ
ബഹുമാനിക്കുന്ന പുരഷന്മാരോട് സ്ത്രീകള്‍ക്ക് എന്നും വല്ലാത്ത ഒരു ബഹുമാനവും
ഇഷ്ടവുമാണ്.
എന്നെ
പരിചയപ്പെടുത്തുവാന്‍ ഞാന്‍ അയാളുടെ കാബിനിലേക്ക് പോയി.
"മെ ഐ
കമിന്‍ സര്‍?"..ചെറിയൊരു ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു.
"യെസ്",
അയാള്‍ തന്‍റെലാപ്ടോപ്പില്‍ നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു.
ഞാന്‍
ഭവ്യതയോടെ മുറിയില്‍ കയറി.
"ഐ അം
ആന്‍. ജോയിന്‍ ചെയ്തിട്ട് ഒരാഴ്ച ആയതേയുള്ളൂ."
"യെസ്
എനിക്കറിയാം. ഈസ് ദേര്‍ എനിതിംഗ് എല്‍സ്?"
ആ ഒരു മറുപടി
ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. ഒരു സുന്ദരിയായ പെണ്‍കുട്ടി
മുന്‍പില്‍ വന്നു പരിചയപെടാന്‍ നില്‍ക്കുമ്പോള്‍ ഒരു തണുപ്പന്‍ പ്രതികരണം തന്ന
ബോസിനോട്അപ്പോള്‍ എനിക്ക് തോന്നിയവികാരം എന്താണെന്ന്‍ എനിക്ക് പോണക്കും അറിയില്ല.
ചമ്മലും ദേഷ്യവും അത്മാഭിമാനം ഇടിഞ്ഞുവീണതിലുള്ള വീര്‍പ്പുമുട്ടലും എല്ലാം എന്‍റെ
മുഖത്തു പ്രകടമായിരുന്നു.
"ഒന്നുമില്ല സര്‍", എന്നു പറഞ്ഞു ഞാന്‍ ദേഷ്യത്തില്‍ തിരിഞ്ഞു നടന്നു. വാതില്‍ തുറക്കാന്‍
തുടങ്ങിയപ്പോള്‍ അയാള്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ണാടിയിലൂടെ ഞാന്‍
കണ്ടു
. ഞാന്‍ കാണാത്തപോലെ വാതില്‍
വലിച്ചുതുറന്നു ഇറങ്ങിപോയി.
"ഈസ്
ഹി ഫ്ലേര്‍ടിങ്ങ് വിത്ത് മി" ഞാന്‍ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി.
"ഈഗോ"
എന്ന രണ്ടു വാക്കുകള്‍ എന്‍റെ ജീവിതത്തില്‍ എപ്പോഴും മുന്‍പന്തിയില്‍
നിന്നിരുന്നു. അത് മുറിപ്പെടുമ്പോള്‍ നമുക്ക് ഒരുതരം വാശിയാണ് എല്ലാത്തിനോടും.
അതുകൊണ്ട് പിന്നീടൊരിക്കലും അയാളുടെ മുന്‍പില്‍പോകാന്‍ ഞാന്‍ താത്പര്യം
കാണിച്ചില്ല.
അങ്ങനെ
സുന്ദരന്‍ ബോസ്സിനോടുള്ള ദേഷ്യം ഒക്കെ ഉള്ളില്‍ ഒതിക്കിവെച്ചു ദിവസങ്ങള്‍
കടന്നുപോയി. ഒരു ദിവസം ബോസ്സ് പെട്ടെന്നൊരു മീറ്റിംഗ് വിളിച്ചുചേര്‍ത്തു. വിശാലമായ
കോണ്‍ഫെറെന്‍സ് മുറിയിലെ ഏറ്റവും ഒടുവിലത്തെ കസേര തന്നെ ഞാന്‍ സംഘടിപ്പിച്ചു.
അയാളെ വീണ്ടും നേരിട്ട് കാണാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ ഞങ്ങളുടെ
മീറ്റിംഗ് തുടങ്ങി. അയാളുടെ കണ്ണുകള്‍ ആരെയോ തിരയുന്നതായി എനിക്കു തോന്നി. ആ
കണ്ണുകള്‍ അവസാനം ഉടക്കിയത് എന്നിലാണ്.
"ഹായ്
ആന്‍, താനെന്താ ഏറ്റവും പുറകില്‍ ഇരിക്കുന്നത്, വരൂ വന്നു മുന്‍പില്‍
ഇരിക്കു".
അതാ
വരുന്നു അടുത്ത വെള്ളിടി. ഇയാളെന്താ എന്നെ മാത്രം വിളിച്ചു മുന്‍പിലിരുത്തുന്നത്.
ചമ്മല്‍ മറച്ചുപിടിച്ചു അയാള്‍ക്കു തൊട്ടു മുന്‍പില്‍ കിടന്നിരുന്ന കസേരയില്‍ പോയി
ഞാന്‍ ഇരുന്നു.
"കര്‍ത്താവേ
ഇത്രയും ശ്വാസംമുട്ടിയ നിമിഷങ്ങള്‍ ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇതുവരെയും
അനുഭവിച്ചിട്ടില്ല . അവിടെയിരുന്നത് മാത്രം എനിക്കോര്‍മയുണ്ട്. അയാള്‍ അവിടെ
നിന്ന്‍ പ്രസംഗിച്ചതൊന്നും ഞാന്‍ കേട്ടില്ല."
ഇടയ്ക്ക്,
അല്ല പലപ്രാവശ്യം വെള്ളാരം കല്ലുകള്‍ പോലുള്ള അയാളുടെ കണ്ണുകളിലെ കുസൃതി എന്‍റെ
കണ്ണുകളിലേക്കു ചൂഴന്നിറങ്ങുതായി എനിക്ക് തോന്നി.
മീറ്റിംഗ്
കഴിഞ്ഞതും ആദ്യം തന്നെ ഞാന്‍ അവിടുന്ന് ഇറങ്ങി എന്‍റെ കാബിനിലേക്ക് പോയി. എന്‍റെ
മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അതില്‍ ഒരു നൂറായിരം ചോദ്യങ്ങളും
ഉയര്‍ന്നു. അയളെന്താണ് എന്നെ അങ്ങനെ നോക്കിയത് അതോ അതെന്‍റെ വെറും തോന്നല്‍
മാത്രമായിരുന്നോ. എവിടെയോ ഒരു ടെന്‍ഷന്‍ അനുഭവപ്പെടുന്നതായി എനിക്ക് തോന്നി.
മീറ്റിംഗ് കഴിഞ്ഞു എല്ലാവരും വരുന്നതേ ഉണ്ടായിരുന്നുള്ളു.
ജോലി കഴിഞ്ഞ്
തിരികെ മുറിയില്‍ എത്തിയപ്പോഴേക്കും ചിന്തകള്‍ മദിച്ച് എനിക്ക് ഭ്രാന്ത് പിടിച്ച
അവസ്ഥ എത്തിയിരുന്നു. പിന്നെ ഒരു കോഫിയുമായി ബാല്‍ക്കണിയില്‍ പോയിരുന്ന് സായം
സന്ധ്യയുടെ ഭംഗി ആസ്വദിച്ചു. മനസ്സില്‍ കുളിര്‍മഴ പൊഴിച്ച് ഒരു തണുത്ത തെന്നല്‍
എന്‍റെ ശരീരത്തേയും മുടിയിഴകളെയും തഴുകി പോയ്കൊണ്ടേയിരുന്നു. പെട്ടെന്നാണ്
നാട്ടില്‍നിന്നും അമ്മച്ചിയുടെ ഫോണ്‍ വിളിവന്നത്. അവരുമായി അര മണിക്കൂര്‍
കത്തിവെച്ചു. പിന്നീട് ചാനലുകള്‍ മാറ്റികളിച്ചും സമയം കളഞ്ഞു. വിസ്തരിച്ചുള്ള
കുളിയും കഴിഞ്ഞ് അത്താഴം കഴിച്ചു. എല്ലാ കാര്യങ്ങളിലും ഒരു ശൂന്യത
എനിക്കനുഭവപ്പെട്ടു. ഉറങ്ങുന്നതിനു മുന്‍പുള്ള പുസ്തകവായനയും തടസപെട്ടു. അന്നു
ഞാന്‍ ഡയറിയില്‍ കുത്തികുറിച്ചതു മുഴവന്‍ അയാളെക്കുറിച്ചായിരുന്നു.
അയാളുടെ
കണ്ണുകളിലെ തീഷ്ണത എന്നെ പിന്തുടര്‍ന്നുകൊണ്ടെയിരുന്നു. അയാള്‍ മാന്യനായ വ്യക്തി
ആണെന്ന് എല്ലാവരും പറയുന്നു, പക്ഷേ ആ നോട്ടത്തിന്‍റെ അര്‍ത്ഥം! അത് ചിലപ്പോള്‍
എന്‍റെ ഭാവനാസൃഷ്ടി മാത്രമായിരിക്കും. അങ്ങനെ ചിന്തകളുടെ ലോകത്തിലൂടെ സഞ്ചരിച്ച്
ഞാന്‍ എപ്പോഴോ ഉറങ്ങി.
ദിവസങ്ങള്‍
കൊഴിഞ്ഞു പോയ്കൊണ്ടെയിരുന്നു. വരുണ്‍ വര്‍മ്മ എന്ന സുന്ദരന്‍ ബോസ്സുമായി പലതവണ
കൂടികാഴ്ചകള്‍ നടത്തേണ്ടതായി വന്നു. ഞങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും ഞങ്ങളുടെ
സംഭാഷണങ്ങളുടെ ദൈര്‍ഘൃം കൂടിക്കൂടിയും വന്നു. എന്നേക്കാള്‍ അയാള്‍ എന്നോട് ഒരുപാട് സംസാരിക്കാന്‍ ഇഷ്ടപെടുന്നതായി എനിക്ക് തോന്നി.
ഒരു തകര്‍ന്ന പ്രണയത്തിന്‍റെഓര്‍മയില്‍ ജീവിതം കഴിച്ചുകൂട്ടുന്ന എനിക്ക് അയാളുടെ
എന്നിലുള്ള താത്പര്യം മനസ്സിലാക്കാന്‍ അധിക ദിവസം വേണ്ടിവന്നില്ല. എന്നാല്‍ ഒരു
സുഹൃദ്ബന്ധത്തിന്‍റെ അടുപ്പവും സ്വാതന്ത്ര്യവും മാത്രമേ ഞാന്‍ അയാളോട്
കാണിച്ചൊള്ളു.
ഒരു ദിവസം
ജോലി കഴിഞ്ഞ് അയാള്‍ എന്നെ പുറത്തുപോയി ഒരു കോഫി കുടിക്കാന്‍ ക്ഷണിച്ചു. ഞാന്‍
നിരസിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും, എന്നെ സമ്മതിച്ചെടുപ്പിക്കുന്നതില്‍ അയാള്‍
വിജയിച്ചു. ജീവിതത്തില്‍ ഒരുപാട് നാളിനു ശേഷമുള്ള ഒരു പുറത്തുപോകല്‍ ആയിരുന്നു
അത്. കോഫി ഡേ ഷോപ്പില്‍ എത്തി രണ്ടു കപ്പുച്ചീനോ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കുറെ
നേരം മൌനമായിരുന്നു. ആ മൌനത മുറിക്കുവാനായി ഞാന്‍ തന്നെ സംസാരം തുടങ്ങി.
"വരുണ്‍
ഇതുവരെ ഇയാളുടെ കുടുംബത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല."
"ആന്‍
ഇതുവരെ എന്നോട് ചോദിച്ചിട്ടുമില്ല! എന്നാലല്ലേ എനിക്ക് പറയാന്‍ പറ്റൂ. എനിക്ക് ഒരു
ചെറിയ കുടുംബം ഇവിടുണ്ട്. എന്‍റെ ഭാര്യയും മോനും അടങ്ങുന്ന ചെറിയ ഒരു കുടുംബം.
മോന് മൂന്ന് വയസ്സ്, ഭാര്യ എഞ്ചിനീയര്‍ ആണ്. അപ്പോള്‍ ആനിന്‍റെ കുടുംബം ഒക്കെ?"
എന്‍റെ
മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. ഒരു എയര്‍ ക്രാഷ് ആയിരുന്നു. വളര്‍ന്നതും പഠിച്ചതും ഒക്കെ അപ്പച്ചന്‍റെയും
അമ്മച്ചിയുടെയും കൂടെ".
"ഓ!
ഐ ആം സോറി, പിന്നെയെന്തേ കല്യാണം ഒന്നും നോക്കാത്തത്. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയ്ക്ക് ചെറുക്കനെ കിട്ടാന്‍
ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ."
"അത്
ശരിയാണ്, എനിക്ക് യോചിച്ച ഒരാളെ ഇതുവരെ കണ്ടുകിട്ടിയില്ല." ആന്‍ അതു പറയുമ്പോള്‍ എവിടെയോ ഒരു വേദന അവള്‍ക്ക് അനുഭവപ്പെട്ടു.
കുറേ നേരം
എന്തൊക്കയോ ഞങ്ങള്‍ സംസാരിച്ചു. പിന്നെ യാത്ര പറഞ്ഞു പിരിഞ്ഞു. തിരികെ
വീട്ടിലേക്കു പോകുമ്പോള്‍ അവളുടെ മനസ് മുഴുവന്‍ തന്‍റെ നഷ്ട
പ്രണയത്തെക്കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു. വരുണിനോട് അത് തുറന്നു പറയാന്‍ അവള്‍
മടിച്ചു. തന്‍റെ ദുഃഖങ്ങള്‍ എന്നും തന്‍റെ മാത്രം ദുഃഖങ്ങള്‍ ആയിരുന്നു. അത്
ആരോടും തുറന്നു പറയാന്‍ താന്‍ തത്പര്യപെട്ടിരുന്നുല്ല.
നാലു
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മനുവിനെ പരിചയപ്പെടുന്നത്. തന്‍റെ ഏകാന്ത ജീവിതത്തില്‍
ഒരു കളിക്കൂട്ടുകാരനെപോലെയാണ് അവന്‍ എത്തിയത്. ജീവിതത്തില്‍ അങ്ങനെ ആരോടും ഒരു
അടുപ്പവും തോന്നിയിട്ടില്ല. ആദ്യമൊക്കെ ഒരു ആകര്‍ഷണം പിന്നീടത് ശാരീരികമാനസിക
അനുഭൂതികളെ വേറൊരു തലത്തിലേക്ക് എത്തിക്കുന്ന സാക്ഷാല്‍ പ്രണയമായി തീര്‍ന്നു.
ഞാന്‍ എന്ന വ്യക്തി ഒരുപാടു മാറുകയായിരുന്നു. എത്ര നാള്‍ ആ പ്രണയം നീണ്ടു പോയി... വളരെ കുറച്ചു ദിനങ്ങള്‍. പക്ഷേ ഞാന്‍
അയാളുമായി ഒരുപാടു അടുത്തിരുന്നു എന്‍റെ ശരീരം കൊണ്ടും മനസുകൊണ്ടും. ജീവിതത്തില്‍
വര്‍ണങ്ങള്‍ മാത്രം നിറഞ്ഞു നിന്ന നിമിഷങ്ങള്‍.
പക്ഷേ അത്
വെറും നശ്വരം മാത്രമായിരുന്നു. അയാളുടെ ആ ഫോണ്‍ വിളി എന്‍റെ ജീവിതം
മാറ്റിമറിക്കുകയായിരുന്നു. ആ രാത്രി... എന്‍റെ ജീവിതവും സ്വപ്നങ്ങളും തകര്‍ത്ത
രാത്രി..വളെര വൈകിയാണ് അയാളുടെ വിളി വന്നത്. അയാളുടെ ശബ്ധം ഇടറിയിരുന്നു. എന്‍റെ
സ്വരം കേട്ടപ്പോള്‍ അയാള്‍ നിര്‍ത്താതെ കരയുവാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നത്
എന്ന്‍ മനസിലാകാതെ ഞാന്‍ നിന്നു. പിന്നെ അയാളുടെ കഥന കഥയുടെ വിഴുപ്പലക്കലില്‍
തകര്‍ന്നത് എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു.
അയാള്‍
വേറൊരു പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നത്രേ. അവരുടെ വിവാഹവും
ഉറപ്പിച്ചിരുന്നു. ഞാന്‍ തകര്‍ന്നു പോവുകയായിരുന്നു അവിടെ. പക്ഷേ അയാളെ ഞാന്‍
കുറ്റപ്പെടുത്തിയില്ല. എന്‍റെ കരച്ചില്‍ ഞാന്‍ ഉള്ളിലൊതുക്കുക മാത്രം ചെയ്തു.
അയാള്‍ തന്‍റെ തെറ്റ് ഏറ്റുപറഞ്ഞുകൊണ്ടേയിരുന്നു.
അവസാനം ആ
ഫോണ്‍ സംഭാഷണം അവസാനിപ്പിക്കാനായി ഞാന്‍ പറഞ്ഞു,
"
സാരമില്ല മനു. നമ്മള്‍ക്ക് ഇവിടെ പിരിയാം".
അതും പറഞ്ഞ്
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ എന്‍റെ സര്‍വ നിയന്ത്രണവും വിട്ടു ഞാന്‍ പൊട്ടി
പൊട്ടി കരഞ്ഞു. എന്‍റെ പപ്പയുടേയും മമ്മയുടെയും സാമീപ്യം ഞാന്‍ ആഗ്രഹിച്ചു. പലതവണ
ആത്മഹത്യ ചെയ്യുവാന്‍ തോന്നി. ആ രാത്രി ഒരു ജന്മത്തില്‍ ഒഴുക്കേണ്ട കണ്ണുനീര്‍
മുഴുവനും ഞാന്‍ ഒഴുക്കി തീര്‍ത്തു. പിന്നെ പലതവണ അയാളുടെ കോള്‍ എന്‍റെ
മൊബൈലിലേക്ക് വന്നുകൊണ്ടേയിരുന്നു. ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു.
പിന്നീടൊരിക്കലും ഞാന്‍ അയാളെ വിളിച്ചിട്ടില്ല. എന്നന്നേക്കുമായി ആ ബന്ധം അവിടെ
അവസാനിക്കുകയായിരുന്നു.
അയാള്‍ എന്നെ
പ്രണയിച്ചിരുന്നു ഏറ്റവും ആത്മാര്‍ഥമായിത്തന്നെ. എന്നെ നഷ്ടപെടതിരിക്കാന്‍ അയാള്‍
തന്‍റെ ആദ്യ പ്രണയം മറച്ചുവെക്കുകയായിരുന്നു. പക്ഷേ അയാളുടെ സ്വാര്‍ഥമായ പ്രണയം
നഷ്ടപ്പെടുത്തിയതു എന്‍റെ ജീവിതം ആയിരുന്നു. ആ ഓര്‍മ്മകള്‍ എന്‍റെ കണ്ണുകളെ
വീണ്ടും ഈറനണിയിച്ചു. മുറിയിലേക്ക് നടക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍
നിറഞ്ഞൊഴുകുകയായിരുന്നു.
ആ ഒരു
ഷോക്കില്‍ നിന്നും കരകയറാന്‍ ഒരുപാട് നാളെടുത്തു. പിന്നീട് വേറൊരാളെ
പ്രണയിക്കുവാനോ, കല്യാണം കഴിക്കുവാനോ ഉള്ള മാനസികാവസ്ഥ ഉണ്ടായിട്ടില്ല എന്നതാണ്
യാഥാര്‍ഥ്യം.
മുറിയില്‍
എത്തി നേരെ കട്ടിലില്‍ ചെന്നുകിടന്നു. കുറേനേരം കരഞ്ഞു. പിന്നെ പതിയെ
ബാല്‍കണിയില്‍ പോയിരുന്ന് വെറുതേ ദൂരേക്ക് നോക്കിയിരുന്നു. അപ്പോഴും ആകാശത്ത്
കാര്‍മേഖങ്ങള്‍ ഇരുണ്ട്കൂടിയിരുന്നു. എത്രനേരം ഞാന്‍ അങ്ങനെ ഇരുന്നെന്ന് അറിയില്ല.
എപ്പോഴോ കണ്ണുകളില്‍ ഉറക്കത്തിന്‍റെ ആലസ്യം ചാഞ്ചാടിയപ്പോള്‍ നേരെ കട്ടിലില്‍ പോയി
കിടന്നുറങ്ങി.
അടുത്തദിവസം
വളരെ താമസിച്ചാണ് ഞാന്‍ എണീറ്റത്. കുറച്ചു കഴിഞ്ഞപ്പോള്‍ വരുണിന്‍റെ ഫോണ്‍ വന്നു.
അയാളുടെ സംസാരം വേഗം നിര്‍ത്തിക്കുവാനായി ഞാന്‍ ശ്രമിച്ചു.
അയാളെ
എനിക്കൊട്ടും മനസിലാക്കുവാന്‍ പറ്റുന്നില്ല. തന്നെ ഒരു സുഹൃത്തായിട്ടു തന്നെയാണോ
അയാള്‍ കാണുന്നത്. പിന്നെയെന്തിനാണ് അയാള്‍ എന്നോടിങ്ങനെ ഒരുപാടു സംസാരിക്കുന്നത്.
അയാള്‍ എന്‍റെയടുത്തു മാത്രം ഒരുപാട് സ്വാതന്ത്ര്യം കാണിക്കുന്നതായി എനിക്ക്
തോന്നി.
അങ്ങനെ
ദിവസങ്ങള്‍ ഒരുപാടു കഴിഞ്ഞു. വരുണിന് തന്‍റെ മേലുള്ള സ്വാതന്ത്ര്യം കൂടിക്കൂടി
വരുന്നതായി എനിക്കു തോന്നി. ഒരു
പ്രോജെക്ട് കൊടുത്തുകഴിഞ്ഞ് ഞാന്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍, അയാള്‍ എന്‍റെ
അടുത്തുവന്നു ചോദിച്ചു,
"ഇന്ന്
നമ്മള്‍ക്ക് പുറത്തു പോയി ലഞ്ച് കഴിച്ചാലോ?"
"ഇല്ല
വരുണ്‍, ഞാനില്ല."
അതും പറഞ്ഞു
പോകുവാന്‍ തിരിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ കൈക്കുകയറി പിടിച്ച് എന്നെ അയാളോട്
അടുപ്പിച്ചു. ഞാന്‍ അയാളില്‍നിന്നും കുതറിമാറി
ദേഷ്യപെട്ടുകൊണ്ടുചോധിച്ചു, " വാട്ട് നോണ്‍സെന്‍സ് ആര്‍ യു
ഡൂയിംഗ്?".
എന്‍റെ
പ്രതികരണം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ മുഖം വിളറി വെളുത്തു.
"ഐ അം
സോറി ആന്‍. വെറുതെ ഒരു തമാശയ്ക്ക്.." അയാളുടെ വാക്കുകള്‍
വിറക്കുന്നുണ്ടായിരുന്നു.
"ലുക്ക്
മിസ്റ്റര്‍ വരുണ്‍, തനിക്ക് തമാശ കാണിക്കാനുള്ള വസ്തുവല്ല ഞാന്‍", അതും
പറഞ്ഞ് ദേഷ്യപ്പെട്ടു ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി.
എന്‍റെ സര്‍വ നിയന്ത്രണങ്ങളും
നഷ്ടപ്പെടുകയായിരുന്നു. എനിക്ക് എന്നോടുതന്നെ വല്ലാത്ത ദേഷ്യവും അരിശവും തോന്നി. എന്നും മറ്റുള്ളവര്‍ക്ക് ദുരുപയോഗം
ചെയ്യാനുള്ള ഒരു ഉപകരണം ആയി ഞാന്‍
മാറിയിരിക്കുന്നു. പിന്നീട്
ഓഫീസില്‍ നിന്നു അര ദിവസത്തെ അവധിയെടുത്ത് നേരെ മുറിയിലേക്ക് പോയി.
അടുത്ത
ദിവസം ഓഫീസില്‍ പോകുവാന്‍ തോന്നിയില്ല. ഒരാഴ്ചത്തേക്ക് അവധിയെടുത്ത് നേരെ നാട്ടില്‍ അപ്പച്ചന്‍റെയും, അമ്മച്ചിയുടെയും അരികിലേക്കു പോയി. വരുണിന്‍റെ കോള്‍ ഒന്നും ഞാന്‍ എടുത്തില്ല.
സോറി പറഞ്ഞുകൊണ്ട് ഒരുപാട് മെസ്സേജുകള്‍ അയാള്‍ എനിക്ക് അയച്ചിരുന്നു. ഒന്നിനും
മറുപടി ഞാന്‍ ചെയ്തില്ല.
പാലക്കാട്ടേക്കു
വണ്ടിയെടുത്തപ്പോള്‍ തന്നെ തന്‍റെ എല്ലാ ദുഖങ്ങളും ആ നഗരത്തില്‍ തന്നെ ഞാന്‍
കുഴിച്ചു മൂടിയിരുന്നു. ഒരാഴ്ത്തെ
അവധി ആ പച്ചപ്പ് നിറഞ്ഞ ഗ്രാമഭംഗിയിലൂടെയും നെല്‍പാടത്തിലൂടെയും പുഴകളിലൂടെയും
എല്ലാം ഞാന്‍ ആഘോഷിച്ചു. അവയെല്ലാം
എന്നെ കൂടുതല്‍ ഊര്‍ജസ്വലയാക്കി. പതിയെ പതിയെ വരുണിന്‍റെ തെറ്റ് എനിക്ക്
പൊറുക്കുവാന്‍ കഴിഞ്ഞു. വീണ്ടും ഒരു
പുതിയ വ്യക്തിയായാണ് ഞാന്‍ ഓഫീസില്‍ ചെന്നത്.
ഓഫീസില്‍
എങ്ങനെ വരുണിനെ അഭിമുഖീകരിക്കും എന്നുള്ളത് എന്നില്‍ ചെറിയൊരു ടെന്‍ഷന്‍ ഉളവാക്കി. എവിടെയോ ഒരു ചമ്മല്‍ പോലെ. അയാളെ കാണുവാന്‍
ഞാന്‍ കാബിനിലേക്ക് പോയി. പക്ഷേ
അയാളുടെ പ്രതികരണം എന്നെ വല്ലാതെ അത്ഭുതപെടുത്തി. അയാളുടെ ഭാവത്തിലും വാക്കുകളിലും
എന്തോയൊരു അകല്‍ച്ച ഞാന്‍ കണ്ടു.
താനിപ്പോള്‍
തിരക്കിലാണെന്നു അയാള്‍ പറഞ്ഞത് തന്നെ ഒഴിവാക്കുവാന്‍ ആണെന്നു എനിക്ക്
മനസ്സിലായി. അത് ഹൃദയത്തില്‍ എവിടെയോ ഒരു വേദന സൃഷ്ടിച്ചു. ഞാന്‍ എന്‍റെ പതിവ്
ജോലിയിലേക്ക് തിരിഞ്ഞെങ്കിലും ഒന്നിലും ശ്രദ്ധിക്കുവാനുള്ള ഒരു മാനസികാവസ്ഥ
ഉണ്ടായിരുന്നില്ല.
ഞങ്ങള്‍
തമ്മിലുള്ള അകല്‍ച്ച ദിവസം ചെല്ലുന്തോറും കൂടിക്കൂടി വന്നു. അത് എന്‍റെ ജോലിയേയും ബാധിക്കുവാന്‍ തുടങ്ങി.
എത്രയും പെട്ടെന്ന് അവിടെ നിന്നും ഒരു മാറ്റം അനിവാര്യമായി തോന്നി.
അങ്ങനെയിരിക്കുമ്പോളാണ് കമ്പനിയുടെ പുതിയ ബ്രാഞ്ച് യു.എസ്സില്‍ തുടങ്ങുന്നതായി
അറിഞ്ഞത്. ഞാന്‍ അവിടേക്ക് മാറുവാന്‍ എന്‍റെ പേപ്പര്‍ വര്‍ക്കുകള്‍ ആരഭിച്ചു.
പലതവണ വരുണിനോട് യാത്ര പറയാന്‍ സമീപിച്ചെങ്കിലും, ഓരോ കാരണങ്ങളാല്‍ അയാള്‍ എന്നെ
ഒഴിവാക്കി.
അങ്ങനെ
എന്‍റെ ജോലിയിലെ അവസാനത്തെ ദിവസം വന്നെത്തി. എനിക്ക് വേണ്ടി വലിയ ഒരു പാര്‍ട്ടി
ഒരുക്കിയിരുന്നു. പക്ഷേ വരുണ്‍ മാത്രം അതില്‍നിന്നും വിട്ടു നിന്നു. പാര്‍ട്ടി
കഴിഞ്ഞ് എല്ലാവരും അവിടെ നിന്നും പോയപ്പോള്‍ അയാള്‍ വരില്ലെന്ന്
അറിയാമായിരിന്നിട്ടുകൂടിയും ഞാന്‍ വെറുതെ അവിടെ കാത്തിരുന്നു അയാള്‍ വരുമെന്ന
പ്രതീക്ഷയില്‍. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എന്തിനാണ് ഞാന്‍ കരയുന്നത്, ആര്‍ക്കു വേണ്ടിയാണ് ഞാന്‍ കരയുന്നത്,
എനിക്കൊന്നും അറിയില്ലായിരുന്നു.
തിരികെ
മുറിയില്‍ എത്തിയപ്പോള്‍ എവിടെയോ ഒരു നഷ്ടബോധം എനിക്ക് അനുഭവപ്പെട്ടു.
ബാല്‍കണിയില്‍ ചെന്നിരുന്നപ്പോള്‍ പുറത്ത് ആകാശം കാര്‍മേഘങ്ങളാല്‍ ഇരുണ്ടു
കൂടിയിരുന്നു. എന്‍റെ ചിന്തകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. "എവിടെയാണ്
എനിക്ക് തെറ്റ് പറ്റിയത്. ഒരു സൌഹൃദത്തിനപ്പുറം ഞങ്ങള്‍ പരസ്പരം അടുത്തിരുന്നോ.
അതോ അയാളും എന്നെ വഞ്ചിക്കുകയായിരുന്നോ..." വീണ്ടും എന്‍റെ കണ്ണുകള്‍
നിറഞ്ഞൊഴുകി ആ കണ്ണീരിനു കൂട്ടായി ഇരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴത്തുള്ളികളായി
പെയ്തിറങ്ങുവാന്‍ തുടങ്ങി. ആ മഴ കുറച്ചുനേരം നിര്‍ത്താതെ പെയ്തു. മഴ പെയ്തു തോര്‍ന്നപ്പോള്‍ എന്‍റെ ഫോണില്‍ ഒരു
മെസ്സേജ് വന്നു. അതില്‍ ഇങ്ങനെ എഴുതി " ഐ വില്‍ മിസ്സ് യു ആന്‍. താങ്ക്
യു". വരുണ്‍ വര്‍മ.
എനിക്ക്
ഒരുപാട് സന്തോഷം തോന്നി. മഴ പെയ്ത് തോര്‍ന്ന ആകാശം പോലെയായി എന്‍റെ മനസ്.
പലപ്രാവശ്യം ഞാന്‍ മറുപടി അയക്കാന്‍ ആലോചിച്ചു. പക്ഷേ അവസാനം അത് വേണ്ടന്നു വെച്ചു. ചില ബന്ധങ്ങള്‍ക്ക് നമ്മള്‍ പണിയുന്ന
മതിലുകള്‍ ഒരു പക്ഷേ പല ദുരന്തങ്ങളും ഇല്ലാതാക്കും. പ്രണയത്തിനും എത്ര മുഖങ്ങള്‍
ആണല്ലേ. ഒരു പ്രണയം എന്നെ
പൂര്‍ണമായും തകര്‍ത്തപ്പോള്‍, മറ്റൊരു പ്രണയം തുറന്നു പറയപ്പെടനാവാതെ ഞാന്‍ തന്നെ
കുഴിച്ചു മൂടിയിരിക്കുന്നു.
ഞാന്‍ നാളെ
യാത്രയാവുകയാണ്. പുതിയ മുഖങ്ങള്‍, പുതിയ അനുഭവങ്ങള്‍ എനിക്കായി കാത്തിരിക്കുന്നു.
അങ്ങനെ ജീവിതത്തിലെ ഭവാഭിനയങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.....
KARTHIKA
No comments:
Post a Comment