ജീവിതത്തിൽ മറ്റു ചില കാര്യങ്ങൾക്ക് പ്രാധാന്യമേറുമ്പോൾ നമ്മൾ നമ്മുടെ സ്വപ്നങ്ങളേയും, ഇഷ്ടങ്ങളേയും ചെറുതായിയൊന്ന് മാറ്റി നിർത്തും. അതാണിപ്പോൾ എന്റെ ബ്ലോഗിൽ ഒരു വരി കുറിക്കുവാൻ എനിക്ക് കഴിയാത്തത്. പക്ഷേ അത് എന്നന്നേക്കുമായുളള ഒരു ഇടവേളയല്ലാ; ജീവിതത്തിന്റെ രണ്ട് അറ്റങ്ങൾ തമ്മിൽ കൂട്ടിയോചിപ്പിക്കുവാനുളള തത്രപ്പാടിൽ എന്റെ അക്ഷരങ്ങൾക്കും, എഴുത്തിനും ഒരു ഇടവേള നൽകിയെന്നേയുളളൂ.
എന്റെ സമയത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത് എന്റെ കുഞ്ഞാണു. അവൾ ഉറങ്ങുമ്പോൾ ഞാനുറങ്ങുന്നു, അവൾ ഉണരുമ്പോൾ ഞാനും ഉണരുന്നു. അവൾ വെളുപ്പിനെ എണീക്കും. പാലുകുടിയും അവളുടെ പ്രഭാതകാര്യങ്ങളുമൊക്കെ കഴിഞ്ഞ് അവളോട് വർത്തമാനം പറയണം. വാതോരാതെ എന്തൊക്കെയോ സംസാരിക്കും. മാലാഖമാരുടെ ഭാഷ മനസ്സിലായില്ലെങ്കിൽ കൂടിയും ഞാൻ അവൾക്ക് മറുപടി നൽകും. സംസാരം കഴിഞ്ഞ് വീടിന്റെ മുറ്റത്തു കൂടി ഞങ്ങൾ രണ്ടുപേരും ഉലാത്തും. ഇളം വെയിലും, നനുത്ത മഞ്ഞും അവളുടെ കുഞ്ഞിളം മേനിയെ തഴുകുംമ്പോൾ അവൾ എന്റെ നെഞ്ചിന്റെ ചൂടേറ്റ് കിടന്ന് അപ്പച്ചൻ നട്ടു വളർത്തിയ ചെടികളുടേയും, പൂക്കളൂടേയും ഭംഗി ആസ്വദിക്കുന്നുണ്ടാവും.
കഴിഞ്ഞ മാർച്ച് 14-നാണു അവൾ എന്റെ ഉദരത്തിൽ ഉരുവായെന്ന് ഞാൻ അറിയുന്നത്. ഇന്ന് ഒരു വർഷമാകുന്നു അവൾ എന്റെ ജീവിതത്തിന്റെ, എന്റെ ആത്‌മാവിന്റെ ഭാഗമായിട്ട്. ഈ ലോകത്തിലെ എല്ലാ സന്തോഷവും എനിക്ക് അവളിൽ കാണുവാൻ സാധിക്കുന്നു. എനിക്കാ ഭാഗ്യം ലഭിച്ചതിനു ദൈവത്തിനു ഓരോ നിമിഷവും ഞാൻ നന്ദി പറയുകയാണു. അവൾ ഇപ്പോൾ എന്നെ തിരിച്ചറിയുവാൻ തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞു കുഞ്ഞു വാശികളും, കുസൃതികളും, സങ്കടങ്ങളുമെല്ലാം ഞാനും ഒരുപാട് ആസ്വദിക്കുന്നു.
ജീവിതത്തിൽ വളരെ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണു ഞങ്ങൾ കടന്നു പൊയ്കൊണ്ടിരിക്കുന്നത്. പക്ഷേ ആ അവസ്ഥയെയെല്ലാം തരണം ചെയ്യുവാൻ അവളുടെ പുഞ്ചിരി ഞങ്ങളെ സഹായിക്കുന്നു. പക്ഷേ ചെറിയ ഒരു ദു:ഖം അവിടേയും അവശേഷിക്കുന്നു. അവളുടെ വല്യപ്പച്ചൻ ജീവിതത്തിന്റെ അവസാന നാളുകളിലൂടെ യാത്ര ചെയ്യുകയാണു. കൊച്ചുമോളെ കൊണ്ടുപോയി കാണിക്കുവാൻ ഉളള സാഹചര്യം എനിക്ക് ഇല്ലാണ്ടുപോയി. അവളുടെ വല്യപ്പച്ചന്റെ കൈകളിൽ ഇരിക്കുവാനും, ആ അനുഗ്രഹം വാങ്ങുവാനും അവൾക്കും സാധിക്കാതെ പോയിരിക്കുന്നു. ആ പിതാവിനെ ശുശ്രൂഷിക്കുവാൻ രെഞ്ചിക്കെങ്കിലും ഭാഗ്യം ലഭിച്ചല്ലോയെന്നോർത്ത് ആശ്വസിക്കുന്നു.
ജനനവും മരണവും ഒരു പോലെ ജീവിതത്തിലൂടെ കടന്നു പോകുന്നു. ജനനത്തിന്റെ സന്തോഷം പൂർണ്ണമാകുന്നതിനു മുൻപേ വേർപ്പാടിന്റെ ദു:ഖവും ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നശ്വരമായ ഈ ലോകത്തിൽ ഓട്ടം തികക്കുവാൻ ജീവിതം ബാക്കിയുളളവരും.......
No comments:
Post a Comment