"എല്ലാം നൈമിഷികമാണു ഈ ഭൂവിലെന്ന് ഓരോ ജീവിതാനുഭവങ്ങളും എപ്പോഴും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു."
മാർച്ച് പതിമൂന്നാം തീയതി എന്റെ ബ്ലോഗിൽ ഞാൻ കുറിച്ചത് എന്റെ കുഞ്ഞിനെക്കുറിച്ചും അവളുടെ വല്യപ്പച്ചനെക്കുറിച്ചുമാണു. അന്ന് ഉച്ചകഴിഞ്ഞ് ആ വാർത്തയും ഞങ്ങളെ തേടിയെത്തി; അവളുടെ വല്യപ്പച്ചൻ, എന്റെ രെഞ്ചിയുടെ പിതാവ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നുവെന്ന്. അവൾക്കും എനിക്കും അവസാനമായി ഒന്നു കാണുവാനുളള ഭാഗ്യം ലഭിച്ചില്ലാ. വിദേശ വാസത്തിന്റെ തുടർച്ചയിൽ ജീവിതത്തിൽ നമ്മൾക്ക് നഷ്ടപ്പെടുന്ന ഏറ്റവും അമൂല്യമായ നിമിഷങ്ങളിൽ ഒന്ന്.
വേദന തോന്നിയെങ്കിലും ആ അനുഭവങ്ങൾ ഓരോ മനുഷ്യരുടേയും കർമ്മത്തിന്റെ ഫലമായി അനുഭവിക്കേണ്ടതാണെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ചില വിശ്വാസങ്ങൾ മനസ്സിൽ വേരൂന്നിയിറങ്ങുമ്പോൾ ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കുവാൻ അത് നമ്മെ സഹായിക്കും. ഒരു പാട് കണക്കുക്കൂട്ടലുകൾ , ആ കൂട്ടിക്കിഴിക്കലുകളുടെ ഭാഗമായി ഉരുത്തിരിയുന്ന കുറേ സ്വപ്നങ്ങൾ. ജീവിതയാത്രയിലെ ചില നഷ്ടങ്ങൾക്കിടയിൽ അതിൽ ചില സ്വപ്നങ്ങളെ മനസ്സിന്റെ ഒരു കോണിൽ കുഴിവെട്ടി നമ്മൾ തന്നെ മണ്ണിട്ടു മൂടുന്നു.
നഷ്ട സ്വപ്നങ്ങൾക്ക് വിട നൽകി ജീവിതത്തിൽ ഇനിയും ബാക്കിയായ ഒരു പിടി സ്വപ്നങ്ങളുടെ സാക്ഷാൽക്കാരത്തിനുവേണ്ടിയുളള യാത്ര ഇനിയും തുടർന്നേ മതിയാകൂ....
അപ്പോൾ കാലം തീർത്ത മുറിവുകൾ കാലം തന്നെ ഉണക്കുന്നു...
Grief The Unspoken....
Grief The Unspoken....
No comments:
Post a Comment