My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, March 21, 2018

കത്തുകൾ ....

കത്തുകൾ .... ഒരു പക്ഷേ ഇന്നത്തെ തലമുറക്ക്‌ അന്യമായ ഒരു സ്നേഹ സമ്മാനം. വാട്സപ്പിന്റേയും, ഫെയ്സിബുക്കിന്റേയുമൊക്കെ പ്രഭാവത്തിൽ മുങ്ങിപ്പോയ, അല്ലെങ്കിൽ കാലം ശേഷക്രിയയ ചെയ്ത മനുഷ്യന്റെ കണ്ടു പിടുത്തങ്ങളിലൊന്ന്. എനിക്ക്‌ ഗ്രീറ്റിംഗ്‌ കാർഡുകൾ ഒരുപാടിഷ്ടമാണു. ചെറുപ്പം മുതൽ അത്‌ സൂക്ഷിച്ചു വെക്കുകയെന്നത്‌ ഞാൻ ഒരുപാടിഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണു. അടുത്തയിടക്ക്‌ ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഗ്രീറ്റിംഗ്‌ കാർഡുകൾ വെറുതെയൊന്ന് തുറന്ന് നോക്കി, അതിലെഴുതിയിരിക്കുന്നതൊക്കെ വായിച്ച്‌ സായൂജ്യമടഞ്ഞങ്ങനെയിരിക്കുമ്പോൾ ഒരു ഗ്രീറ്റിംങ്ങ്‌ കാർഡിന്റെയകത്ത്‌ ഞാനൊരു എഴുത്തു കണ്ടു. 




ദുബായി ജീവിതം അവസാനിപ്പിച്ച്‌ ആസ് ട്രേലിയായിൽ കുടിയേറുന്നതിനു മുൻപ്‌ ഒരു വിടപറയൽ സമ്മാനമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തും, സഹോദരിയും, വഴികാട്ടിയും എന്റെ എല്ലാമായ അനി എനിക്ക്‌ സമ്മാനിച്ചതായിരുന്നു ആ ഗ്രീറ്റിംങ്ങ്‌ കാർഡും എഴുത്തും. അത്‌ ഞാൻ പല ആവർത്തി വായിച്ചു. അതിൽ അവൾ എഴുതിയിരിക്കുന്ന ഒരു വാചകം എന്നെ‌ നിർന്നിമേഷയാക്കി, "നീ ഈ ലോകത്തിന്റെ ഏത്‌ കോണിൽ പോയാലും നീ ഒരിക്കലും നിന്നെ നഷ്ടപ്പെടുത്തരുത്‌." അവൾ അങ്ങനെ എഴുതിയതിനു പുറകിൽ ഒരു കാരണമുണ്ടെങ്കിൽ കൂടിയും, ആജീവനാന്തം എന്റെ ജീവിതത്തിൽ ഞാൻ പാലിക്കപ്പെടണമെന്ന് അവൾ ആഗ്രഹിക്കുന്ന ഒരു കാര്യം. അത്‌ വായിച്ച്‌ കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.


നഷ്ടങ്ങൾ മാത്രമുണ്ടായിരുന്ന എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും നഷ്ടപ്പെടുത്താതിരുന്നിട്ടുളളത്‌ "എന്റെ ആത്മാവും, ആരുടെ മുൻപിലും തലകുനിക്കുവാൻ ആഗ്രഹിക്കാത്ത എന്റെ അഭിമാനവും, ആരാലും പ്രാപ്യമാകാത്ത എന്റെ ദേഹിയുമാണു..." അതും കാലത്തിന്റെ നിയത പുസ്തകത്തിനുളളിൽ ആരാലും വായിക്കപ്പെടുവാൻ സാധിക്കാത്ത ഒരദ്ധ്യായമായി ഞാനതെഴുതി ചേർത്തുകഴിഞ്ഞൂ.... അവിടെ എനിക്കൊരിക്കലും എന്നെ നഷ്ടപ്പെട്ടിട്ടില്ല... പക്ഷേ അതിന്റെ നിഗൂഢത നിനക്ക്‌ മുന്നിൽ തുറക്കുവാൻ പോലും ഞാൻ ഭയപ്പെടുന്നു. പക്ഷേ ഞാൻ നിനക്ക്‌ തന്ന വാക്കുപോലെ "ഞാനെന്നും ഞാനായിരിക്കും..." അവിടെ ആർക്കും തന്നെ എന്റെ അസ്ഥിത്വത്തിനു കൂച്ചുവിലങ്ങുകൾ ഇടുവാൻ സാധിക്കില്ല. എന്നും അഭിമാനത്തോട്‌ കൂടിത്തന്നെ ഞാൻ എന്റെ ശിരസ്സുയർത്തി നിൽക്കും. 


ആ എഴുത്ത്‌ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ്‌ കടിഞ്ഞാണില്ലാതെ എന്തൊക്കെയോ ചിന്തകൾക്ക്‌ പുറകേ പാഞ്ഞൂ.... അവസാനം തിരികയെത്തിയപ്പോഴും അവൾ എഴുതിയ ആ വാക്കുകൾ മനസ്സിൽ മുഖരിതമായിക്കൊണ്ടിരുന്നു. ആ കത്ത്‌ ഞാൻ എന്റെ ഹാൻഡ്‌ ബാഗിലെടുത്തു വെച്ചു. എന്റെ യാത്രകളിൽ, എന്റെ ഒഴിവു സമയങ്ങളിൽ നീ എന്നും എന്റെ മാർഗ്ഗദീപമായി എന്നും കൂടെയുണ്ടാകണമെന്ന ആഗ്രഹത്താൽ... എപ്പോഴെങ്കിലും മനസ്സ്‌ ദുഃഖത്തിന്റെ ആഴങ്ങളിലേക്ക്‌ മുങ്ങിത്താഴുമ്പോൾ നീ എഴുതിയത്‌ വായിച്ച്‌ എന്നെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുവാൻ...


ഒരു കടലാസ്സിൽ കുറിച്ചു വെക്കുന്ന സ്‌നേഹ വാക്കുകൾക്ക്‌ ഒരു ജന്മം മുഴുവൻ ഒരു വ്യക്തിത്വത്തെ സന്തോഷിപ്പിക്കുവാനും, സംരക്ഷിക്കുവാനും സാധിക്കുമെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വാട്സപ്പിന്റേയും, ഫെയ്സ്‌ ബുക്കിന്റേയും ഡെലീറ്റ്‌ ചെയ്യപ്പെടുന്ന മെസ്സേജ്ജുകൾക്ക്‌ പകരം വല്ലപ്പോഴും ഒരു തുണ്ട്‌ കടലാസ്സിൽ നിങ്ങളുടെ സ്നേഹം പകർത്തുക.... നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ നിങ്ങൾ നൽകുന്ന ഏറ്റവും വലിയ ഒരു സമ്മാനമായിരിക്കുമത്‌... ഈ ജീവിത യാത്രയിൽ എപ്പ്പോഴെങ്കിലും ഒരു പുസ്തകത്തിന്റെ ഉളളിൽ നിന്നോ, ഒരു മേശവലിപ്പിൽ നിന്നോ അത്‌ വീണ്ടും കണ്ടെത്തുമ്പോൾ , അതും വീണ്ടും വായിക്കപ്പെടുമ്പോൾ അത്‌ ഒരാളുടെ ഉളളിൽ നിറക്കുന്ന സന്തോഷത്തിനു ഒരു ജന്മത്തിന്റെ പ്രാർത്ഥനയുടെ അനുഭവമുണ്ടായിരിക്കും ....


നല്ല സൗഹൃദങ്ങളും, നല്ല ബന്ധങ്ങളും ജീവിതത്തിലെ ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കാണുന്നു.... നന്ദി അനീ വീണ്ടും നീയെന്റെ ജീവിതത്തിൽ ഒരു എഴുത്തിന്റെ രൂപത്തിൽ വന്നതിൽ ...എന്റെ മർഗ്ഗങ്ങളെക്കുറിച്ച്‌ എന്നെ ഓർമ്മപ്പെടുത്തിയതിൽ ...



No comments: