The song which I loved to sing for You.....
13 JANUARY 2016
EDD (Expected Date of Delivery)
ഇന്ന് എന്റെ കുഞ്ഞ് ഈ ഭൂമിയിൽ എന്റെ കൈകളിലേക്ക് ജനിച്ചു വീഴേണ്ട ദിവസം. പക്ഷേ എന്റെ ഗർഭപാത്രവും എന്റെ കൈകളും ഇന്ന് ശൂന്യമാണു. എന്നാൽ എന്റെ മനസ്സും ഹൃദയവും നിന്റെ ഓർമ്മകളാൽ എന്നും പൂർണ ഗർഭാവസ്ഥയിലാണു. നീയെന്ന് എന്റെ ഉദരത്തിൽ ജന്മകൊണ്ടുവോ അന്ന് നീയെന്റെ ജീവിതത്തിലും ഹൃദയത്തിലും ജനിച്ചു കഴിഞ്ഞിരുന്നു.
13 MAY 2015 :
നീയെന്റെ ഉദരത്തിൽ ജന്മമെടുത്തുവെന്ന് ഞാൻ ആദ്യം അറിഞ്ഞ ദിവസം.
13 എന്ന സംഖ്യക്ക് ഒരു പ്രത്യേകതയുണ്ട്. എന്റെ വല്യപ്പച്ചൻ മരിച്ച ദിവസമാണു സെപ്റ്റെംബർ 13. പത്ത് മക്കൾക്ക് ജന്മം കൊടുക്കുവാൻ ഭാഗ്യം ലഭിച്ച വല്യപ്പച്ചന്റെ കൊച്ചുമോൾക്ക് ഒരു കുഞ്ഞിനെപ്പോലും ദൈവം കൊടുക്കുന്നില്ലല്ലൊ എന്നു പറഞ്ഞ് എന്റെ കൈകളിൽ പിടിച്ച് കരഞ്ഞ എന്റെ വല്യപ്പച്ചൻ എന്നെ വിട്ടുപോയ ദിവസം.
പുനർജ്ജന്മം ഉണ്ടോയെന്നെനിക്കറിയില്ല. പക്ഷേ ചില കാര്യങ്ങളിൽ എനിക്ക് എന്റേതായ വിശ്വാസങ്ങൾ ഉണ്ട്. ഒരു കുഞ്ഞിനുവേണ്ടിയുളള കാത്തിരിപ്പിനൊടുവിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോൾ എന്റെ മനസ്സിൽ കൂടെക്കൂടെ ഒരു ചിന്ത കടന്നു വരുവാൻ തുടങ്ങി. " എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഈ ലോകത്തുനിന്നും യാത്രയാകുമ്പോൾ ആ അത്മാവിന്റെ ഒരംശം എന്റെ ഉദരത്തിൽ ജന്മമെടുക്കുമെന്ന്."
2014-ൽ ഞാൻ അവധിക്ക് പോയപ്പോൾ എന്റെ അപ്പച്ചൻ ഏറ്റവും കൂടുതൽ വേദനിച്ചത് എന്നെക്കുറിച്ചോർത്തായിരുന്നു, എന്റെ കുഞ്ഞിനെ അപ്പച്ചനു കാണുവാൻ സാധിച്ചില്ലല്ലോയെന്നു പറഞ്ഞായിരുന്നു. എനിക്കറിയാമായിരുന്നു എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ച ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത എന്റെ അപ്പച്ചന്റെ ആത്മാവിന്റെ ഒരംശം എന്റെ ഉദരത്തിൽ ജന്മമെടുക്കുമെന്ന്. പക്ഷേ എന്റെ അപ്പച്ചനു എന്നും ആയുസ്സും ആരോഗ്യവും കൊടുക്കണമേയെന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷേ ഞാൻ അപ്പച്ചനെക്കണ്ട് മൂന്നുമാസങ്ങൾക്കുളളിൽ അപ്പച്ചന്റെ ആരോഗ്യസ്ഥിതി മോശമായി. പത്തുമക്കളും അവരുടെ കുടുംബവും, കൊച്ചുമക്കളും, അവരുടെ മക്കളും ചുറ്റും നിന്ന് അവരുടെ പരിചരണത്തോടെ രാജകീയമായ മരണം അനുഭവഭേദ്യമാക്കി അപ്പച്ചൻ ഈ ലോകത്തോട് വിട പറഞ്ഞു.
പിന്നേയും എട്ടു മാസങ്ങൾക്ക് ശേഷം ഒരു പതിമൂന്നാം തീയതി(മെയ്) ആ സന്തോഷ വാർത്ത എന്നെ തേടിയെത്തി. എന്റെ കുഞ്ഞ് ജനിക്കുവാൻ സാധ്യതയുളള ദിവസവും ജാനുവരി പതിമൂന്നാണെന്നറിഞ്ഞപ്പോൾ ഞാൻ പൂർണ്ണമായും വിശ്വസിച്ചു ഞാൻ ഭാഗ്യവതിയാണെന്ന്.
15 JUNE 2015:
നിന്റെ ഹൃദയമിടിപ്പ് കേൾക്കുവാൻ ആഗ്രഹിച്ച കാതുകൾക്ക്, നിന്റെ ചലനങ്ങൾ കാണുവാൻ ആഗ്രഹിച്ച കണ്ണുകൾക്ക് കാണുവാൻ കഴിഞ്ഞത് നിന്റെ ചേതനയറ്റ ശരീരവും, നിശബ്ദമായ ഹൃദയതാളങ്ങളുമായിരുന്നു.
എന്റെ പപ്പയുടെ കാൻസർ ചികിത്സയുടെ ഭാഗമായി രെഞ്ചി നാട്ടിൽ ആയിരുന്നതുകൊണ്ട് എനിക്കും എന്റെ കുഞ്ഞിനും കൂട്ടായി രെഞ്ചിയുടെ ഫോൺവിളികളും, എനിക്ക് ജനിക്കുവാൻ പോകുന്നത് ആൺകുഞ്ഞാണെന്ന തോന്നൽ എന്നിൽ ഉണ്ടായിരുന്നെങ്കിലും, എന്റെ കുഞ്ഞിനെ മരിയ എന്ന പേരു വിളിച്ച് രാവിലേയും വൈകിട്ടും എനിക്ക് വരുന്ന സുമിയുടെ മെസ്സേജുകളും, പിന്നെ എന്റെ സന്തോഷങ്ങളിൽ മനസ്സുകൊണ്ട് ഒരുപാട് സന്തോഷിച്ചിരുന്ന അജുവെന്ന എന്റെ സൗഹൃദത്തിന്റെ കരുതലുമായിരുന്നു ആ സമയങ്ങളിൽ ഞാൻ അനുഭവിച്ച എല്ലാ മാനസിക വ്യഥകളിൽ നിന്നും എന്നെ കരകയറ്റിയത്.
എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വാനോളം ഉയർന്നു. ഞാൻ തനിയെ ഒരു ദിവസം സ്കാൻ ചയ്തപ്പോൾ എന്റെ കുഞ്ഞ് അനങ്ങുന്നതും കൈകാലുകൾ അനക്കുന്നതും ഞാൻ കണ്ടു. ഞാൻ തനിയെ സ്‌കാൻ ചെയ്തകാര്യം അജുവിനോട് പറഞ്ഞപ്പോൾ അയാളെന്നെ വഴക്കു പറഞ്ഞു എന്തുകൊ ണ്ട് നിനക്കു ഒരു ഡോക്‌ടറെ പോയി കണ്ടുകൂടായെന്ന് പറഞ്ഞ്. അങ്ങനെ മൂന്നു നാലു ദിവസം കഴിഞ്ഞ് ഡോക്‌ടറെ പോയി കണ്ടപ്പോൾ എനിക്ക് വേണ്ടി കാത്തിരുന്നത് എന്റെ കുഞ്ഞിന്റെ വിയോഗമായിരുന്നു.
സ്കാനിംങിൽ എന്റെ കുഞ്ഞിന്റെ നിശ്ചലമായ ശരീരം കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ തുടങ്ങി. സ്കാനിംങ്ങ് കഴിഞ്ഞെണീറ്റപ്പോൾ ഡോക്‌ടർ എന്നെ കെട്ടിപ്പിടിച്ചു. അപ്പോൾ എന്റെ സർവനിയന്ത്രണവും വിട്ട് ഞാൻ കരഞ്ഞു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വിശദമായ സ്കാനിംങ്ങിനു ഞാൻ പോയി. ഹോസ്പിറ്റലിലെ നീണ്ട ഇടനാഴികളിലൂടെ ഇടറുന്ന കാലടികളോടെ നടന്നപ്പോൾ ഒരു കൈയ്യിൽ സ്കാനിംങ്ങിന്റെ കടലാസും മറുകൈ എന്റെ ഉദരത്തോട് ചേർത്ത് വെച്ച് എന്റെ കുഞ്ഞിനോട് ഞാൻ സംസാരിച്ചു,
"കുഞ്ഞേ നീയുമെന്നെ തനിച്ചാക്കി പോവുകയാണോ? നീയുമെന്നെ തോൽപ്പിക്കുകയാണോ? ഇല്ല ... നിനക്കൊന്നും സംഭവിച്ചിട്ടില്ലാ. ഡോക്ടർക്ക് തെറ്റിയതാണു. നീയെങ്കിലും എന്നെ വേദനിപ്പിക്കില്ലായെന്ന് എനിക്കറിയാം. എന്നെ തനിച്ചാക്കി നീ പോകരുത് ."
മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കുമ്പോളും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ വഴികൾ മൂടുന്നത് ഞാനറിഞ്ഞു. സത്യത്തെ അങ്ങീകരിക്കുവാൻ മനസ്സ് ഒരുപാട് സമയം എടുത്തു.
അന്ന് പപ്പയും രെഞ്ചിയും പപ്പയുടെ ചികിത്സക്കായി വെല്ലൂർക്ക് പോകുന്ന ദിവസമായിരുന്നു. എല്ലാവരും ഒരുപാട് പ്രതീക്ഷകളോടെ പപ്പയെ യാത്ര അയക്കുവാൻ ഇരിക്കുമ്പോൾ എന്റെ കുഞ്ഞിന്റെ വിയോഗം അവരുടെ യാത്രക്ക് ഒരു തടസ്സമാകരുതെന്ന് കരുതി നാട്ടിൽ ആരേയും അറിയിച്ചില്ല. സുമിക്ക് ഞാനെഴുതി "നിന്റെ മരിയ നിന്നെ തനിച്ചാക്കിപ്പോയെന്ന്." അവളോടോ അജുവിനോടോ ഞാനൊന്നു സംസാരിക്കെന്ന് പറഞ്ഞ് അവൾ എനിക്ക് മെസ്സേജ് അയച്ചു. പക്ഷേ അന്നെനിക്ക് ആരോടും സംസാരിക്കാൻ സാധിക്കില്ലായിരുന്നു. അന്നെനിക്ക് കരയുവാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. തിരികെ ഫ്ലാറ്റിലോട്ട് കാർ ഓടിച്ചുപോയപ്പോൾ പലതവണ എന്റെ കാറിന്റെ കന്റ്രോൾ എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു.
എനിക്ക് ദേഷ്യമായിരുന്നു എന്നോട് , എല്ലാം കൈയ്യെത്തും ദൂരത്ത് തന്നിട്ട് തട്ടിയെടുക്കുന്ന വിധിയോട്, പരാജയങ്ങൾ മാത്രം നൽകി തോൽപ്പിക്കുന്ന ജീവിതത്തോട്. ദേഷ്യവും സങ്കടവും നിരാശയുമെല്ലാം മുറിയിൽ പോയി കട്ടിലിൽ കിടന്നു കരഞ്ഞു തീർത്തു ആ പകലും രാത്രിയും മുഴുവൻ.
23 JUNE 2015
കുഞ്ഞേ നീയെന്റെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ദിവസം.
ഒരാഴ്ച്ച എന്റെ കുഞ്ഞിന്റെ ചേതനയറ്റ ശരീരം എന്റെ ഉദരത്തിൽ വഹിച്ചു. ഒരു ഓപറേഷൻ കൂടാതെ നീ വെളിയിൽ വരുമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ ഇരുപത്തിമൂന്നാം തീയതി ഞാൻ ഓപറേഷനു പോകുവാൻ തീരുമാനിച്ചു. രെഞ്ചിയോട് വിളിച്ചു പറഞ്ഞു. അപ്പോളേക്കും എനിക്ക് പ്രിയപ്പെട്ട പലരും എന്നിൽ നിന്ന് അകലുന്നത് ഞാനറിഞ്ഞു. എനിക്ക് ചുറ്റും മതിലുകൾ ഉയർന്നു.
എന്റെ കസിനോട് വിളിച്ചു പറഞ്ഞു എന്തെങ്കിലും എമെർജെൻസിയുണ്ടെങ്കിൽ ഹോസ്പിറ്റലുകാർ നിന്നെ വിളിക്കുമെന്ന്. ഞാൻ തനിച്ചായിരുന്നു അവിടെ. ആശുപത്രിയിൽ ഓപറേഷനു കാത്തിരുന്നപ്പോളും വീട്ടിൽ നിന്ന് എല്ലാവരുമെന്നെ വിളിക്കുന്നുണ്ടായിരുന്നു. പപ്പായും , മമ്മിയും , അനിയത്തിമാരുമെല്ലാം എന്റെ കുഞ്ഞിനു സുഖമാണോയെന്ന് ചോദിക്കുമ്പോൾ ഉളളിൽ ഞാൻ കരയുകയായിരുന്നു. അവർ അപ്പോളും അറിഞ്ഞിരുന്നില്ലാ അവർ സുഖവിവരങ്ങൾ അന്വേഷിക്കുന്ന ആ കുഞ്ഞ് കുറച്ച് നിമിഷങ്ങൾക്കുളളിൽ എന്റെ ശരീരത്തിൽ നിന്നും മുറിച്ചുമാറ്റപ്പെടുവാൻ പോവ്വുകയാണെന്ന്.
പിന്നേയും മൂന്നു മാസങ്ങൾ എടുത്തു ഞാനത് വീട്ടിൽ പറയുവാൻ. കാരണം പപ്പയുടെ ഏറ്റവും വലിയ സന്തോഷവും, ആത്മവിശ്വാസവും ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞതായിരുന്നു. ആ ആത്മവിശ്വാസം പപ്പയുടെ ചികിത്സയെ ഒരുപാടു സഹായിച്ചു. പപ്പയുടെ ശാരീരിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ മമ്മി ആ വാർത്ത പപ്പയൊട് പറഞ്ഞു. പാവം അത് കേട്ട് കഴിഞ്ഞ് കട്ടിലിൽ പോയി ഒറ്റക്കിടപ്പായിരുന്നുവത്രേ. ആരോടും ഒന്നും മിണ്ടിയില്ല. പിന്നെ ഞാൻ പപ്പയെ വിളിച്ചു സംസാരിച്ചു.
ഇന്ന് എല്ലാവരും അത് മറന്നുവെന്നറിയാം. പക്ഷേ ഈ ഒൻപത് മാസവും ഞാൻ നിന്നെക്കുറിച്ചോർക്കുന്നാണ്ടായിരുന്നു. നിന്റെ ഓരോ വളർച്ചയും ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു.
ഇന്നലെ ഞാൻ ആകാശത്തേക്ക് നോക്കിയപ്പോൾ ഞാൻ കണ്ടു എന്റെ വാൽനക്ഷത്രത്തിന്റെ കൂടെ ഒരു കുഞ്ഞു വാൽനക്ഷത്രവും. രണ്ടു പേരും എന്നെ നോക്കി കണ്ണുചിമ്മി അവരുടെ വരവ് അറിയിച്ചു. എനിക്കറിയാം നീയെന്റെ അരികിൽ ഉണ്ടെന്ന്. നിന്റെ കുഞ്ഞിക്കൈകളാൽ നീയെന്നെ തൊടുന്നതും, എന്നെ പുണരുന്നതും, എന്റെ കവിളിൽ മാറി മാറി മുത്തം നൽകുന്നതുമൊക്കെ ഞാനറിയുന്നുണ്ട്.
എന്റെ വിശ്വാസങ്ങൾ ശരിയാണെങ്കിൽ ഞാൻ വിശ്വസിക്കുന്നു നീയെനിക്കുവേണ്ടി ഈ ലോകത്തിൽ പുനർജ്ജനിച്ചിരിക്കുന്നുവെന്ന്, ഈ ജന്മം നിന്നെയെനിക്ക് കാണുവാൻ സാധിക്കുമെന്ന്.
കുഞ്ഞേ ഞാൻ കാത്തിരിക്കുന്നു നിനക്കായി.... നിന്നെയൊന്ന് കാണുവാൻ നിന്നെയൊന്ന് തൊടുവാൻ... അതിനു മാത്രമേ നിന്റെയീ അമ്മക്ക് അവകാശമുളളൂ.... ആ ഭാഗ്യമെങ്കിലും എന്റെ ജീവിതം എനിക്ക് നൽകട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു...
പ്രതീക്ഷകളോടെ നിന്റെ മാത്രം അമ്മ...
I WISH TO SEE YOU & TOUCH YOU AGAIN... |
No comments:
Post a Comment