നിന്നിലെ പ്രണയത്തെ ഞാൻ ആദ്യം കണ്ടത് നിന്റെ കണ്ണുകളിലാണു ...
നിന്നിൽ പ്രണയം നിറയുമ്പോൾ ഇമകൾ വെട്ടാതെ നീയെന്റെ കണ്ണുകളിലേക്ക് നോക്കും.. അപ്പോൾ ഞാൻ കണ്ടിരുന്നു നിന്റെ നയനങ്ങളിൽ ഒരു പ്രകാശം വിടരുന്നതും അതിന്റെ കിരണങ്ങൾ എന്റെ കണ്ണുകളിലൂടെ എന്റെ ആത്മാവിലേക്ക് പ്രണയമായി അലിഞ്ഞുചേരുന്നതും ....
നിന്റെ മനസ്സും ശരീരവും ആത്മാവും പ്രണയത്താൽ നിറയുമ്പോൾ നിന്റെ ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരിയിലൂടെയാണു നിന്നിലെ പ്രണയത്തിന്റെ മനോഹാരിത ഞാൻ അറിഞ്ഞിരുന്നത് ...
പ്രണയത്തെ അറിയുവാനുളള അല്ല്ലെങ്കിൽ അനുഭവഭേദ്യമാക്കാനുളള നിന്നിലെ വ്യഗ്രത ഞാൻ അറിഞ്ഞിരുന്നത് നിന്റെ വാക്കുകളിലൂടെയാണു ....
നിന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുന്ന ശബ്ദത്തിനുമുണ്ടായിരുന്നു പ്രണയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാൻ കഴിയാവുന്ന ശക്തമായ തരംഗങ്ങൾ ... ആ തരംഗങ്ങളാണു നിന്നിലെ പ്രണയത്തിന്റെ സംഗീതത്തെ എന്റെ കാതുകൾക്ക് കേൾക്കുമാറാക്കിയത് ...
പ്രണയത്തിന്റെ പൂർണ്ണതയിൽ നിന്നിലെ ശബ്ദം മൗനത്തിനു വഴിമാറുമ്പോൾ നിന്നിൽ നിന്നുതിരുന്ന നിശ്വാസത്തിൽ നിന്നും ഞാൻ അറിഞ്ഞു നിന്നിലെ പ്രണയത്തിൻ തീവ്രത...
നിന്റെ സ്പർശം ഏൽക്കാതെ..
നിന്റെ നെഞ്ചിലെ ചൂടറിയാതെ..
നിന്റെ തനുവിൻ ഗന്ധമറിയാതെ..
ഞാനറിഞ്ഞു നിന്റെയാത്മാവിലെ പ്രണയത്തെ..
പ്രണയമേ... നിന്നെ ഞാൻ അറിയാതെ അറിഞ്ഞതോ ... അതോ പൂർണ്ണമായും ഞാൻ നിന്നെ അറിയുമെന്ന പ്രത്യാശയോ എന്റെ ജന്മത്തിൻ സാഫല്യം ...
നിന്നെ അറിയാതെ ഞാനീ ലോകത്തിൽ നിന്നും യാത്രയായാൽ ഇനിയുമൊരു ജന്മത്തിനായി നീയും കാത്തിരിക്കുമോ... ഇനിയൊരു പുനർജ്ജന്മം നമുക്കുണ്ടാകുമോ .... അറിയില്ല ... അതുകൊണ്ട് ഞാനും എന്റെ പ്രണയവും ഈ പ്രകൃതിയിലേക്ക് ലയിക്കുന്നതിനു മുൻപ്
ഈ ജന്മം നീ നീയായും ഞാൻ ഞാനായും പ്രണയമെന്ന അനശ്വര സത്യത്തെ അതിന്റെ പൂർണ്ണതയിൽ അറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു .....
പ്രണയപൂർവം
എന്നിലെ പ്രണയം ...
No comments:
Post a Comment