❤️# HOME….❤️
റിവ്യൂസുകൊണ്ട് സോഷ്യൽ മീഡിയയിലും, ജനഹൃദയങ്ങളിലും നിറഞ്ഞു നിൽക്കുന്ന#HOME എന്ന സിനിമയെക്കുറിച്ച് എഴുതണമെന്ന് ആഗ്രഹിച്ചിട്ട് കുറച്ചു ദിവസമായി. അങ്ങനെയിരിക്കുമ്പോൾ മലയാള മനോരമയിൽ ഹോമിന്റെ ഡയറക്ടറായ റോജിൻ തോമസ്സിന്റെ ഇന്റർവ്യൂ ഞാൻ ഇന്ന് കണ്ടു.സ്വന്തം പിതാവിന്റെ ജീവിതാനുഭവത്തിൽ തുടങ്ങിയ ഒരു വൺ ലൈൻ ത്രെഡ്. ഏഴ് തവണ ഏഴു നടീ-നടന്മാരെ സങ്കൽപ്പിച്ച് മാറ്റിയെഴുതിയ സ്ക്രിപ്റ്റ്. അഞ്ചാറു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന വീണ ഒരു കുഞ്ഞ്. ഹോമെന്ന ജനകീയ സിനിമയിലേക്കുളള യാത്ര എനിക്കൊരുപാടിഷ്ടപ്പെട്ടു. കാത്തിരിപ്പും, കഠിനാധ്വാനവും വെറുതെയായില്ലായെന്ന് ഒരു നല്ല സിനിമ വീണ്ടുംതെളിയിച്ചിരിക്കുന്നു.
ഇന്ദ്രൻസും, മഞ്ജുപിളളയും അതിലഭിനയിച്ച എല്ലാവരും തന്നെ ജീവിച്ചു കാണിച്ച സിനിമ. ആദ്യം കുറച്ച് സ്ലോയായി തുടങ്ങിയെങ്കിലും പിന്നീട് ഹൃദയത്തിനുളളിലേക്ക് ആഴ്‌ന്നിറങ്ങികണ്ണു നനയിച്ച് നമ്മളെ കൂടെക്കൂട്ടുമ്പോൾ... ഇനിയുമെന്തൊക്കെയോ പറയാൻ ബാക്കിവെച്ചതുപോലെ.... ഒരു നിമിഷം സ്വന്തം ഫോണിലേക്ക് നോക്കി ഇത്രയുമൊക്കെ പ്രഭാവം ഞങ്ങളുടെ ജീവിതത്തിലുണ്ടല്ലേയെന്ന് അപ്പോഴും കൈയ്യിലിരിക്കുന്ന ഫോണിനെ നോക്കി ചോദിക്കുമ്പോൾ... അടുത്തിരിക്കുന്ന മകൾ എന്നോട് ചോദിച്ചു, "Amma… Why are you crying Amma?”… സിനിമാ കണ്ട് കഴിഞ്ഞപ്പോൾ ഞാൻ നിന്നെക്കുറിച്ചോർത്തു. നമ്മുടെ കൊച്ച് വീടിനെക്കുറിച്ചോർത്തു. വളരെക്കുറച്ച് മാത്രം മൊബൈയിൽ ഉപയോഗിക്കുവാൻ ഇഷ്ടപ്പെടുന്ന ആളാണു ഞാനെങ്കിലും, ചിലപ്പോഴൊക്കെ മൊബൈയിൽ കൈയ്യിലെടുത്താൽ ചുറ്റും നടക്കുന്നത് കാണുവാനും, കേൾക്കുവാനും സാധിക്കാതെ വേറൊരു ലോകത്തെത്തപ്പെടുന്നതായിട്ട് തോന്നിയിട്ടുണ്ട്. എന്റെ മകൾ അവൾക്ക് കിട്ടേണ്ട ശ്രദ്ധ കിട്ടാതെയാവുമ്പോൾ, അമ്മേയെന്ന് പറഞ്ഞ് കരയുമ്പോളണു ചിലപ്പോൾ ബോധം തിരിച്ചു വരുന്നത്. പല തവണ ഇതാവർത്തിച്ചപ്പോൾ കുഞ്ഞ് അടുത്തു വരുമ്പോഴെ മൊബെയിൽ മാറ്റിവെക്കുവാൻ തുടങ്ങി... ആ സിനിമയിലും സ്വന്തം മാതാപിതാക്കളെ കാണാതെ, അവരെ കേൾക്കാതെ മക്കൾ ഓൺലൈനിൽ മുങ്ങിതാഴുന്നത് കണ്ടപ്പോൾ തോന്നി, മക്കളെ കാണാതെ മുങ്ങിത്താഴുന്ന മാതാപിതാക്കളുമുണ്ടെന്ന്..
ആ സിനിമയിലെ ചില ഡയലോഗുകൾ ഒരുപാടിഷ്ടപ്പെട്ടു...
"മറ്റൊരാളുടെ കുറ്റം പറയുന്ന, മറ്റൊരാളെ മോശക്കാരാക്കുന്ന ഓർമ്മകൾ പങ്കുവെക്കാതിരിക്കുന്നതല്ലേ നല്ലത്." (My favorite)
"അവനെ ഫോണിലാരെങ്കിലും വിളിച്ചാൽ ഭയങ്കര ചിരിയും, കളിയും, തമാശയുമൊക്കെയാണു. അടുത്തു നിന്ന് നമ്മളെന്തെങ്കിലും പറഞ്ഞാൽ ഹെ..ഹാ..ഹൂ.. ഇങ്ങനെ രണ്ടുമൂന്ന് മൂളൽ മാത്രമേ ഉണ്ടാവുകയുളളൂ..."
"ഫ്രിഡ്ജുമതെ... ഫോണുമതേ ... അകത്തൊന്നുമില്ലാന്നറിയാമെങ്കിലും ഇടക്കുവന്നൊന്ന് തുറന്നു നോക്കിയില്ലെങ്കിൽ മനസ്സിനൊരു വിഷമമാ..."
"ഇത്രയും നാൾ ഞാനന്വേഷിച്ച് നടന്ന എന്റെ ദൈവത്തെ കാണാൻ..."
അങ്ങനെ ഒരു പാട് നല്ല ഡയലോഗുകൾ...
ഏറ്റവും ഇഷ്ടപ്പെട്ട സീൻ - ഇന്ദ്രൻസേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീക്കുന്ന സീൻ... റോജിൻ തോമസ്സും തന്റെ ഇന്റർവ്വ്യൂവിൽ പറയുന്നുണ്ട്, ഇന്ദ്രൻസേട്ടൻ ശരിക്കും ജീവിച്ച ഒരു സീനായിരുന്നു അതെന്ന്. അതിലെ ഓരോ കഥാപാത്രവും അവരുടെ കൈയ്യൊപ്പ് ആ സിനിമയിൽ അവശേഷിപ്പിച്ചു. നസ്ലിൻ ഭാവിയിലെ വാഗ്ദാനം. മഞ്ജുചേച്ചി കുട്ടിമ്മയായിജീവിച്ചു.
എല്ലാ സിനിമകളേയും പോലെ കണ്ടു രണ്ടു ദിവസം കൊണ്ട് അതുന്റെ പ്രഭാവം ജീവിതത്തിൽ നിന്ന് പോകുന്നതു പോലെ, ഈ സിനിമ നൽകുന്ന സന്ദേശവും നമ്മുടെയെല്ലാം ജീവിതത്തിൽ നിന്ന് പോവാതിരിക്കട്ടെ.
#HOME … Live your moments… #
❤️
KR
No comments:
Post a Comment