My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Sunday, December 27, 2015

ആദ്യത്തെ പ്രണയം ( അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി)

പുറത്ത് വീശിയടിക്കുന്ന തണുത്ത കാറ്റും ചന്നം പിന്നം‌ പെയ്യുന്ന ചാറ്റൽ മഴയും ആസ്വദിച്ചങ്ങനെയിരുന്നപ്പോൾ ദേ വരുന്നു ആശാൻ.

"എന്തേ ഇത്ര വൈകിയത്‌ ഇന്ന് വരാൻ. ഒരു നല്ല മഴ ഇങ്ങൾക്കൊന്നു പെയ്യിച്ചൂടെ ഇവിടെ. ഞാൻ ഒരു നല്ല മഴക്കായി ഒരു വേഴാമ്പലിനെപ്പോലെ ഇവിടെയിരിക്കാൻ തുടങ്ങിയിട്ട്‌ എത്രനേരമായെന്നറിയുമോ?? ഇങ്ങൾക്കറിയില്ലേ മഴയെന്നത്‌ എന്റെ പ്രണയമാണെന്ന്"

"അല്ലാ... ഞാൻ പല പ്രാവശ്യം ചോദിക്കണമെന്ന് വിചാരിച്ചതാ...അനക്ക്‌ പ്രണയമല്ലാത്തതായി ഈ ലോകത്തിൽ എന്തെങ്കിലുമുണ്ടോ?? ചുമ്മാ ഇതുവഴി പോയപ്പോൾ അന്റെ രോഗവിവരം അന്വേഷിക്കാൻ ഒന്ന് കയറിയതാ.. അതിപ്പോൾ അബദ്ധമായീന്നു തോന്നുന്നു." ദൈവം ആണെന്ന് പറഞ്ഞിട്ട്‌ എന്താകാര്യം പുളളിക്കും ദേഷ്യം മൂക്കിന്റെ തുമ്പത്താ.

"എന്റെ പടച്ചോനെ ഞമ്മക്കൊന്നും വേണ്ടായേ... ഞമ്മളീ ചാറ്റ മഴയും ആസ്വദിച്ചിരുന്നോളാം." പടച്ചോന്റെ മുൻപിൽ ഞാൻ തോൽവി സമ്മതിച്ചു.

"അല്ലാ.. അന്റെ കഥ എന്തായി?? നീയ്‌ ഓർക്കുന്നുണ്ടോ നീ എനിക്കെഴുതിയ ആദ്യത്തെ കത്ത്‌." പടച്ചോൻ എന്റെ കഥയിലേക്ക്‌ കടന്നു.



"യ്യോ!!! ഇങ്ങളത്‌ മറന്നിട്ടില്ല. ഞാനും ഓർക്കുന്നു."

ഞാൻ അന്ന് അഞ്ചാം ക്ലാസ്സിൽ പടിക്കുന്ന സമയം. മരിച്ചുപോയ എന്റെ വല്യവല്യമ്മച്ചിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടാണു അക്ഷരങ്ങളോടുളള എന്റെ ആദ്യത്തെ പ്രണയം ഞാൻ കുറിക്കുന്നത്‌ "ദൈവത്തിനുളള എന്റെ കത്ത്‌". ഞാനിപ്പോഴും ഓർക്കുന്നു ഞങ്ങൾ കിടക്കുന്ന മുറിയിലെ ഒരു ചെറിയ മേശയിൽ വെച്ചിരിക്കുന്ന ടേബിൾ ലാമ്പിന്റെ അടിയിലിരുന്നാണു ആദ്യത്തെ വരികൾ ഞാൻ കുറിക്കുന്നത്‌. ഒരു ഇളം ചാണക പച്ച നിറത്തിലുളള ഒരു കുഞ്ഞു പോക്കറ്റ്‌ ഡയറി. അതിലു ഞാനെഴുതി,

"പ്രിയപ്പെട്ട അപ്പാ,

അപ്പയ്ക്‌ സുഖമെന്നു വിശ്വസിക്കുന്നു. എന്റെ വല്യവല്യമ്മച്ചി അങ്ങോട്ട്‌ വന്നായിരുന്നു. അമ്മച്ചിക്കും സുഖമെന്ന് വിശ്വസിക്കുന്നു. അമ്മച്ചി പോയതിൽപിന്നെ ഒരു രസവുമില്ല. പപ്പ ഇപ്പോൾ ഞങ്ങളെ ഒരുപാട്‌ വഴക്കു പറയും. എല്ലാത്തിനും ഞങ്ങളെ തല്ലുകയും ചെയ്യും. വേനലവധിക്ക്‌ മമ്മിയുടെ വീട്ടിൽ ചെല്ലുമ്പോൾ അമ്മച്ചിയുടെ കൂടെ നാലുമണിയാകുമ്പോൾ കാറ്റുകൊളളാൻ തെക്കോട്ട്‌ ഒരു നടപ്പുണ്ട്‌. എന്തു രസായിരുന്നു അത്‌. അമ്മച്ചി വടി കുത്തിപ്പിടിച്ചു വരും ഞാനും എന്റെ അനിയത്തിയും അമ്മച്ചിയുടെ കൂടെ ചാടി തുളളി നടക്കും. പക്ഷേ ഒരു കാര്യത്തിൽ മാത്രം അമ്മച്ചിയോട്‌ എനിക്ക്‌ ദേഷ്യമായിരുന്നു. പോകുന്ന വഴിക്ക്‌ മുറ്റത്തെവിടെയെങ്കിലും പശു ചാണകം ഇട്ടിട്ടുണ്ടെങ്കിൽ ഞങ്ങളെക്കൊണ്ട്‌ അത്‌ വാരിക്കും. വയ്യാന്ന് പറഞ്ഞാലും അത്‌ വാരി കളയാതെ അമ്മച്ചി മുൻപോട്ട്‌ നടക്കത്തില്ല. അങ്ങനെ എത്ര ചാണകം അമ്മച്ചി ഞങ്ങളെക്കൊണ്ട്‌ വാരിച്ചിരിക്കുന്നു. എന്നാലും അപ്പ അമ്മച്ചിയെ ഇത്ര നേരത്തെ വിളിക്കണ്ടായിരുന്നു. ഞാൻ ഇപ്പോൾ തനിച്ചായില്ലേ ഇവിടെ.അമ്മച്ചിയോട്‌ എന്റെ അന്വേഷണം പറയണം ട്ടോ."

അമ്മച്ചിയുടെ മരണശേഷമാണു ഞാനും പടച്ചോനും സുഹൃത്തുക്കളാകുന്നത്‌. എന്റെ എന്തു വിഷമ്മങ്ങളും ഞാൻ ദൈവത്തിനുളള കത്തിലൂടെ എഴുതുവാൻ തുടങ്ങി. ഒരിക്കലും എനിക്ക്‌ മറുപടി കിട്ടില്ലാ എന്നറിയാമായിരിന്നിട്ടും ഞാൻ എന്നും കത്തെഴുതുമായിരുന്നു.

ഞാൻ തന്നെ എനിക്കു ചുറ്റും ഒരു ലോകം സൃഷ്ടിച്ചു. സ്വപ്നങ്ങൾക്കൊണ്ടുളള വളരെ മനോഹരമായ ലോകം. ഞാനും ദൈവവും പ്രകൃതിയും അതിലെ ജീവജാലങ്ങളും അടങ്ങുന്ന ഒരു ലോകം. അവിടെ ഞങ്ങൾ പരസ്പരം ഒരുപാട്‌ സംസാരിക്കുമായിരുന്നു. എന്റെ എന്തു പ്രശ്നത്തിനും എനിക്ക്‌ ഉത്തരവും കിട്ടിയിരുന്നു. എല്ലാവരും ഉച്ചക്ക്‌ ഊണൊക്കെ കഴിഞ്ഞ്‌ ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉണർന്നിരിക്കും. പറമ്പിൽ കൂടി നടന്ന് മരങ്ങളോടും ചെടികളോടും പൂക്കളോടും കിളികളോടും അണ്ണാരക്കണ്ണന്മാരോടുമെല്ലാം പായാരം പറഞ്ഞു നടക്കും. ഞാൻ സ്ഥിരം സന്ദർശകയായതുകൊണ്ട്‌ ഞാൻ വരുമ്പോളേ അവർക്ക്‌ അറിയാം. ഞാൻ സംസാരിച്ചു തുടങ്ങുമ്പോഴേ അവർ ചെവിയോർത്തു എന്നേയും നോക്കി നിൽക്കുന്നത്‌ കാണാം. അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവർക്കും മനസ്സിലാകുമായിരുന്നു. പ്രകൃതിയുടെ ഭാഷ...

"നീയ്‌ അതു പറഞ്ഞപ്പോളാ നമ്മടെ ഇപ്പോളത്തെ കുട്ടികളെക്കുറിച്ച്‌ ഓർത്തത്‌. ഇപ്പോഴുളള കുട്ടികൾക്ക്‌ ആകെ അറിയാവുന്നത്‌ മൊബെയിലിന്റേയും , കർട്ടൂണിന്റേയും , കമ്പ്യൂട്ടർ ഗെയിമിന്റേയും ഭാഷയാണു. അവർക്ക്‌ ഈ പ്രകൃതീന്റെയും, അതിലെ ജീവജാലങ്ങളുടേയും ഭാഷയൊന്നും മനസ്സിലാകില്ലാ. അല്ലാ .. അതിനു പിളേളരെ പറഞ്ഞിട്ട്‌ കാര്യമില്ലാ.. അവരുടെ അപ്പനും അമ്മക്കും ആകെയറിയാവുന്ന ഭാഷ ഫേയ്സ്‌ ബുക്കിന്റെയാണല്ലോ...  അവരു ഫോട്ടൊയിട്ടും ലൈക്ക്‌ മേടിച്ചും സമയം കളയുമ്പോൾ പിളേളരു കാർട്ടൂൺ കണ്ടും ഗെയിമു കളിച്ചും സമയം കളയുന്നു... കലികാലം അല്ലാണ്ടെന്താ പറയുക.." പടച്ചോന്റെ പരാതി പറച്ചിൽ എന്റെ കഥയുടെ ഗതി മാറ്റി.

"എന്തിനാ എല്ലാവരും കലികാലത്തെ കൂട്ടുപിടിക്കണത്‌. ശാസ്ത്രം മാറുന്നതിനനുസരിച്ച്‌ മനുഷ്യരുടെ ചിന്താഗതിയും ജീവിത രീതിയും മാറുന്നു അത്രേയുളളൂ. എന്നാലും എന്റെ അഭിപ്രായവും കുട്ടികളെ പ്രകൃതിയുടെ ആത്മാവു അറിയിച്ചു വളർത്തണമെന്നാണു. കാരണം പ്രകൃതിയാണു ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഗുരു. അതിന്റെ ആത്മാവിൽ തൊടുന്നവർക്ക്‌ എപ്പോഴും ഒരു പോസിറ്റീവ്‌ എനർജി അവർക്ക്‌ ചുറ്റും അനുഭവിച്ചറിയാൻ സാധിക്കും." ഞാനും വളരെ ഫിലോസഫിക്കലായതുപോലെ എനിക്കും തോന്നി.



"സമയം 4:19. സന്ധ്യയാകുവാൻ തുടങ്ങിയിരിക്കുന്നു. ഞാൻ എന്നാ അങ്ങോട്ട്‌ ചെല്ലട്ടെ. പോയിട്ട്‌ കുറച്ചു തിരക്കുണ്ട്‌. നിന്റെ അടുത്തു വന്നാൽ പിന്നെ സമയം പോണതറിയില്ലാ. നീയ്‌ ആരോഗ്യം നോക്കണം ട്ടോ. എനിക്കറിയാം അസുഖങ്ങൾ നിന്നെ ഒരുപാട്‌ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന്. എത്ര വേദനയുണ്ടെങ്കിലും അന്റെ മുഖത്തുളള ആ ചിരിയായിരുന്നു എന്റെ സന്തോഷം. മനസ്സു തുറന്നുളള നിന്റെ ആ ചിരി കണ്ടിട്ട്‌ കുറേ നാളായിരിക്കുന്നു." പടച്ചോൻ അതും പറഞ്ഞ്‌ എന്റെ മുഖത്തേക്ക്‌ നോക്കി.

"ആ ചിരി എനിക്ക്‌ നഷ്ടപ്പെട്ടൂന്ന് ഇങ്ങൾക്കറിയില്ലേ... അങ്ങനെ ചിരിക്കാൻ ഞാൻ മറന്നേ പോയിരിക്കുന്നു. ഇപ്പോൾ ചിരിക്കുമ്പോൾ മുഖത്തെ പേശികളെല്ലാം വരിഞ്ഞു മുറുകി വല്ലാതെ വേദനിക്കുന്നു. ചിലപ്പോൾ ഉളളിൽ വിങ്ങുന്ന ആ നോവ്‌ ചിരിക്കുവാൻ എന്നെ അനുവദിക്കാത്തതുകൊണ്ടാവണം... സാരല്ല്യാ.. ഇങ്ങളു പൊയ്കീളീൻ. ഞമ്മക്ക്‌ ഇതൊക്കെയൊരു ശീലമല്ലേയെന്ന്." അതു ഞാൻ പറയുമ്പോൾ എന്റെ ഹൃദയത്തിന്റെ വേദന പടച്ചോൻ അറിഞ്ഞിരുന്നു.

അദ്ദേഹം നടന്നകന്ന് പോകുന്തോറും തിരിഞ്ഞു തിരിഞ്ഞു എന്നെ നോക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്റെ കണ്ണിൽ നിന്നു മറഞ്ഞപ്പോഴേക്കും ഒരു നല്ല മഴയായി എന്നിലെ പ്രണയത്തെ തൊട്ടുണർത്തുവാൻ അദ്ദേഹം മറന്നില്ല. എന്റെ മനസ്സിലെ എല്ലാ ദുഃഖവും ആ മഴിയിലൂടെ ഈ ഭൂമിയിലേക്ക്‌ പെയ്തിറങ്ങുന്നത്‌ ഞാൻ അറിഞ്ഞു... അവിടെ എനിക്ക്‌ കൂട്ടായി നിന്റെ പ്രണയവും എന്നെ തഴുകി എന്റെ ആത്‌മാവിനെ പുൽകിയപ്പോൾ ഞാൻ അറിഞ്ഞു മഴയെന്നത്‌ പ്രകൃതിയുടെ പ്രണയമാണെങ്കിൽ നീയെന്നത്‌ എനിക്ക്‌ എന്റെ ആത്മാവിന്റെ സൗഹൃദമാണു...
എന്റെ അനശ്വരമായ പ്രണയമാണു ...

(പ്രണയം അവസാനിച്ചിട്ടില്ലാ... അവസാനിക്കുകയുമില്ലാ..)

കാർത്തിക...










No comments: