മനസ്സിനു ഇഷ്ടപ്പെട്ട ജോലി ചെയ്യുക എന്ന് പറയുന്നത് ശരിക്കും ഒരു ഭാഗ്യാണുട്ടോ. നമ്മൾ എത്ര ആത്മാർത്ഥതയോട് കൂടി ജോലി ചെയ്താലും നമ്മൾ ആഗ്രഹിക്കുന്ന ജോലിയല്ലാ നമ്മൾ ചെയ്യുന്നതെങ്കിൽ ആ ജോലിയുടെ അവസാനം ഒരു ആത്മസംതൃപ്തിയും
നമുക്ക് ലഭിക്കില്ലാ... പിന്നെ ജീവിക്കുവാൻ വേണ്ടി എല്ലാവരും ഇഷ്ടങ്ങൾ നോക്കാതെ പണിയെടുക്കുന്നു.
ജോലിയ്കിടയിൽ വീണു കിട്ടിയ ഒരു നാൽപ്പതു മിനിട്ട് ഇടവേളയിൽ എന്റെ ചിന്തികൾ കാട് കയറുവാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ഒരാൾ എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ പുള്ളി എന്നെ കണ്ട് നിർത്താതെ ചിരിക്കുകയാണു. അതിന്റെ കൂടെ ഒരു ഡയലോഗും.
"അന്റെ വെടിക്കെട്ട് ചീറ്റിയ കാര്യം ഞാൻ അറിഞ്ഞായിരുന്നു. "
ഞാൻ ഒന്നും മിണ്ടിയില്ലാ.
അപ്പോൾ വീണ്ടും പുളളിതന്നെ സംസാരം തുടർന്നു.
"അനക്കെന്നോട് ദേഷ്യാ?? അനക്ക് തോന്നുന്നുണ്ടോ അന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഞാൻ അനക്ക് നിഷേധിക്കുകയാണെന്ന്????"
അപ്പോളും ഞാനൊന്നും മിണ്ടിയില്ലാ.
"അപ്പോ സംഗതി വളരെ ഗൗരവമുളളതാണല്ലോ??" പടച്ചോൻ തന്നെ വീണ്ടും തുടർന്നു.
അവസാനം ഞാനെന്റെ മൗനം ഖണ്ഡിച്ചു,
"ഇങ്ങൾക്ക് എന്നോട് വല്ല വൈരാഗ്യവുമുണ്ടോ??? ഞാൻ എത്ര പ്രതീക്ഷയോടെയാണു ബുർജ്ജ് കലീഫേലെ വെടിക്കെട്ട് കാണാൻ പോയതെന്നറിയുമോ. എന്റെ ഈ വർഷമെങ്കിലും എനിക്ക് ഏറ്റവും സന്തോഷത്തോടെ തുടങ്ങണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു. മുപ്പത്തി ഒന്നാം തീയതി ഏഴുമണി തൊട്ട് ബുർജ്ജ് കലീഫേന്റെ കീഴിൽ ഞാൻ ആകാശത്തിൽ എന്റെ വാൽനക്ഷത്രത്തെ നോക്കിയും , രെഞ്ജിയും ഷിബിയും മദാമ്മമാരേയും ഫിലിപ്പിനോകളേയും വായിനോക്കിയും സമയം കളഞ്ഞുകൊണ്ടിരുന്ന ഞങ്ങക്ക് പണി തന്നത് ഒരു തീപിടുത്തത്തിന്റെ രൂപത്തിലും . ഞങ്ങളുടെ മുൻപിൽ കുറച്ച് അകലത്തിലായി ഒരു ഹോട്ടലു മുഴുവനായും നിന്ന് കത്തണ കണ്ടപ്പോൾ ഞങ്ങളുടെ ചങ്കു തകർന്നു. എനിക്ക് ഒരുപാട് സങ്കടം തോന്നി. വെടിക്കെട്ടും കണ്ടില്ലാ ഒരു കുന്തവും കണ്ടില്ലാ."
എന്റെ മനസ്സിലുളള ദേഷ്യം മുഴുവനും പുറത്തുവരുവാനായി അദ്ദേഹം ഒരു നല്ല കേൾവിക്കാരനായി നിന്നു.
"ഇങ്ങളെന്നെ അത് കാണിക്കാഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു ഞാൻ ഈ നാട്ടിൽ നിന്നു പോയാലും ഒരു ഹോളിഡേക്ക് ഞാൻ ഇവിടെ തിരികെ വന്ന് എന്റെ ചീറ്റിപ്പോയ വെടിക്കെട്ട് കാണുമെന്ന് . അവിടം കൊണ്ട് തീർന്നുവെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ദേ വരുന്നു അടുത്തപണി."
"എന്റെ ജോലി സ്ഥലത്തുനിന്നും എന്നെ മൂന്നാഴ്ച്ചത്തേക്ക് വേറൊരു സ്ഥലത്തേക്ക് ഇട്ടിരിക്കുന്നു. അവിടെ പണികിട്ടിയത് ഞാൻ എഴുതികൊണ്ടിരിക്കുന്ന നോവലിനും. ആഴ്ചയിൽ മൂന്നോ നാലോ ഡൂട്ടിയുണ്ടായിരുന്ന ഞാനിപ്പോൾ റെഗുലർ ഷിഫ്റ്റിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഇപ്പോൾ നോവിലെഴുത്ത് ഗോവിന്ദ. എന്തിനാ ഇങ്ങൾ എന്നോടിങ്ങനെ ചെയ്യുന്നത്."
"പക്ഷേ ഞാനൊരു കാര്യം തീരുമാനിച്ചു. എനിക്ക് തോറ്റ് തരാൻ മനസ്സില്ല. ഇപ്പോൾ ഞാൻ നാലു മണിക്കെണീറ്റ് കുറച്ചു സമയം എന്റെ എഴുത്തിന്നായി മാറ്റിവെക്കുവാൻ തുടങ്ങി. എനിക്കൊരു റ്റാർജ്ജെറ്റ് ദിവസമുണ്ട് . അന്ന് എനിക്കത് തീർത്തിരിക്കണം. "
"അഹങ്കാരമാണെന്ന് കരുതരുത് , ഇങ്ങളോടുളള വാശിയുമല്ലാ. എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും നിഷേധിക്കപ്പെടുമ്പോഴുളള വേദന കൊണ്ടാ."
"പടച്ചോനെ ഇനിയെന്താണു അടുത്ത പണി???"
ഞാൻ അതും പറഞ്ഞ് തല കുമ്പിട്ടിരുന്നു.
പടച്ചോൻ എന്റെ അടുത്ത് വന്നിരുന്ന് എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു,
"എനിക്കറിയാം നീയിപ്പോൾ ചെയ്യുന്ന ജോലി നിനക്ക് പ്രിയപ്പെട്ടതല്ലെന്ന്. പക്ഷേ നീയെന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുളള ഉയർച്ച മുഴുവനും ആ ജോലിയിലൂടെ നിനക്ക് ലഭിച്ച സാമ്പത്തിക ഭദ്രതകൊണ്ടാണു. നിന്റെ പ്രിയപ്പെട്ടവർക്ക് മുൻപിൽ നീ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് നൽകിയതും ആ ജോലിയാണു. നിനക്ക് വേണ്ട സാഹചര്യങ്ങളെല്ലാം ഞാൻ ഒരുക്കി തന്നു. ഇനി നീയാണു തീരുമാനിക്കേണ്ടത് ആത്മാവിശ്വാസത്തോടെ നീ ആഗ്രഹിക്കുന്ന ജോലിക്കായി പരിശ്രമിക്കണോയെന്നത്. ഓരോ മനുഷ്യർക്കുവേണ്ട സമയവും സാഹചര്യവുമൊക്കെ കാലം ഒരുക്കിത്തരും അത് ബുദ്ധിപൂർവ്വം ഉപയോഗിക്കേണ്ടത് മനുഷ്യരുടെ ധർമ്മമാണു." പടച്ചവനെ തർക്കിച്ചു തോൽപ്പിക്കുവാൻ ഈ ലോകത്താർക്കും കഴിയില്ലായെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
അപ്പോളേക്കും എന്റെ ബ്രേക്കും കഴിഞ്ഞു.
"ഞാൻ പോകുവാ.. ഇങ്ങളോടിനി ഞാൻ സംസാരിച്ചുകൊണ്ടിരുന്നാൽ എന്റെ ജോലി തെറിക്കും." അതും പറഞ്ഞ് ഞാൻ പോകുവാൻ ഇറങ്ങി.
"അനക്കെന്നോട് ദേഷ്യമുണ്ടോ???" പടച്ചോൻ എന്നോടതു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ച ദുഃഖം ഞാനറിഞ്ഞു.
"ഹേയ്... ഇങ്ങോളോടെനിക്ക് ദേഷ്യമോ... ഒരിക്കലുമില്ലാ. ദേഷ്യം ഉണ്ടായിരുന്നു പണ്ട്. എനിക്ക് നിങ്ങൾ ഒരു കുഞ്ഞിനേക്കൂടി തരില്ലായെന്നറിഞ്ഞപ്പോൾ. പക്ഷേ ഒരു കുഞ്ഞിന്റെ അമ്മയായി മാത്രം ജീവിക്കാനുളളതല്ലാ എന്റേയീ ജീവിതമെന്ന് ഞാൻ പൂർണ്ണമായും മനസ്സിലാക്കിയ ദിവസം.. ഒരു പാട് കുഞ്ഞുങ്ങൾക്ക് എന്റെ മാതൃത്വം പങ്കിടപ്പെടേണ്ടതാണെന്ന് ഞാൻ തീരുമാനിച്ച ദിവസം ഞാനറിഞ്ഞു നിങ്ങൾക്കെന്നോടുളള സ്നേഹം.. ഇങ്ങളെന്റെ ആജന്മ സൗഹൃദമല്ലേ.. "
അതും പറഞ്ഞ് ഞാനിറങ്ങി. അപ്പോൾ ഞാൻ കണ്ടു അദ്ദേഹത്തിന്റെ കണ്ണുകളിൽ വാത്സല്യത്തിന്റെ ഒരു വലിയ പ്രകാശം വിടരുന്നത്, അത് മനോഹരമായ പുഞ്ചിരിയായി ആ ചുണ്ടുകളിൽ വിടർന്നു.
കാർത്തിക....
No comments:
Post a Comment