My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, March 3, 2016

പെണ്ണുകാണൽ..



പ്രണയിച്ചു വിവാഹം കഴിക്കണമെന്നായിരുന്നു ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്ന്. എന്റെ അപ്പന്റെ സ്വഭാവം അറിയാമായിരുന്നിട്ടും പ്രണയത്തിന്റെ കാര്യം പറഞ്ഞു ചെന്നാൽ പുളളി മരത്തേൽ കെട്ടിയിട്ട്‌ അടിക്കുമെന്ന പൂർണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും എനിക്ക്‌ പ്രണയിച്ച്‌ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. 

പലരേയും വായിൽ നോക്കിയെങ്കിലും പക്ഷേ പ്രണയിക്കാൻ പറ്റിയ ഒറ്റയൊരാളേയും കണ്ടുകിട്ടിയില്ല. എന്നാ പ്രണയക്കാമെന്ന് തോന്നിയ ആൾക്കാരൊക്കെ കല്യാണം കഴിച്ചവരുമായിരുന്നു. അങ്ങനെ പ്രണയം എന്ന പണി എനിക്ക്‌ പറ്റിയതല്ലെന്ന് മനസ്സിലായതോടെ എനിക്ക്‌ കല്യാണം വേണ്ടായെന്ന മുദ്രാവാക്യവുമായി ഞാൻ കളത്തിലിറങ്ങി. അത്‌ അറിഞ്ഞതോടെ എന്റെ വീട്ടുകാരും കുടുംബക്കാരും എന്നെ ഓടിച്ചിട്ട്‌ കെട്ടിക്കുവാൻ തീരുമാനിച്ചു.

ഓരൊരുത്തരായി എന്നെ ഉപദേശിക്കുവാൻ എത്തിത്തുടങ്ങി.

ഉപദേശം നംബർ 1: മോളെ ഇപ്പോ നിനക്ക്‌ കല്യാണം വേണ്ടന്നൊക്കെ തോന്നും. അത്‌            ചോരത്തിളപ്പിന്റേയാ.

ഉ.ന.2: നാട്ടുകാരു ഓരോന്ന് പറഞ്ഞുണ്ടാക്കും അത്‌ ഈ കുടുംബത്തിലെ മറ്റു പെൺകുട്ടികളേക്കൂടി ബാധിക്കും.

ഉ.ന.3: നീ ജീവിത കാലം മുഴുവൻ തനിച്ചു താമസിക്കേണ്ടി വരും.

Etc.... etc...

അവസാനം ഞാൻ മുട്ടുമടക്കി കല്യാണാലോചന തുടങ്ങി. എന്റെ ഉദ്ദേശ്യം വരുന്ന ആലോചനയൊക്കെ ഇഷ്ടാമില്ലായെന്ന് പറഞ്ഞ്‌ ഒഴിവാക്കാനായിരുന്നു.

ആദ്യ പെണ്ണുകാണൽ

താത്പര്യമില്ലാഞ്ഞിട്ടും ഞാൻ അവരുടെ മുൻപിൽ പോയി നിന്നു. ഞാൻ ആദ്യമേ എല്ലാവരോടുമായിട്ട്‌ പറഞ്ഞു ഞാൻ കാപ്പിയും കൊണ്ടൊന്നും ആരുടേയും മുൻപിൽ പോകില്ലെന്ന്. അതുകൊണ്ട്‌ എന്റെ അന്റിമാരായിരുന്നു കാപ്പി സപ്പ്ലൈ. പിന്നെ ഒരു ചടങ്ങുണ്ടല്ലോ ചെറുക്കനും പെണ്ണും സംസാരിക്കുന്ന ചടങ്ങ്‌. എനിക്കിപ്പോഴും മനസ്സിലാകാത്തത്‌ ആ രണ്ട്‌ മിനിട്ട്‌ അവരു തമ്മിൽ സംസാരിച്ചാൽ എന്തു കിട്ടുമെന്നാണു , പരസ്പരം എന്ത്‌ അറിയുവാൻ പറ്റുമെന്നാണു. 

എന്താണേലും ഞാനും നിർബന്ധത്തിനു വഴങ്ങി ആ ചടങ്ങിന്റെ ഭാഗവാക്കായി. ഞാനും ആ ചെക്കനും മാത്രം മുറിയിൽ. ഞാൻ നോക്കിയപ്പോൾ ചെക്കൻ നിന്ന് വിയർക്കുകയാണു. അയാളുടെ ടെൻഷൻ കണ്ടപ്പോൾ മനസ്സിലായി അയാൾ ഒന്നും സംസാരിക്കുവാൻ പോകുന്നില്ലായെന്ന്. അങ്ങനെ ഞാൻ തന്നെ സംസാരിക്കുവാൻ തീരുമാനിച്ചു. എന്റെ ആദ്യ ചോദ്യം,

"എന്താ ഇയാൾക്ക്‌ ടെൻഷനാ?"

എന്റെ ചോദ്യം കേട്ടതും ഒരു സുമാറു ചിരി ചിരിച്ചുകൊണ്ട്‌ ഓൻ പറഞ്ഞു, "അതെ.. ചെറിയ ടെൻഷൻ. ഇതാദ്യമായിട്ടാണേ പെണ്ണു കാണുന്നത്‌." അയാളുടെ ആ നിഷ്കളങ്കത്വം എനിക്കൊരുപാടിഷ്ടപ്പെട്ടു.

ഞാൻ വീണ്ടും പറഞ്ഞു, "പേടിക്കുകയൊന്നും വേണ്ടാ. ധൈര്യായിട്ടിരിക്ക്‌."

പാവം പയ്യൻ ... ഞാനപ്പോഴേ ഉറപ്പിച്ചു ഇയാൾക്ക്‌ ഒരു പൂച്ചക്കുട്ടി പോലത്തെ പെൺകുട്ടിയേ ചേരുകയുള്ളൂ. ഞാനൊന്നും ആ പാവത്തിനു പറ്റിയതല്ലെന്ന്. അങ്ങനെ അത്‌ റിജെക്റ്റെഡ്‌. അങ്ങനെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ്‌ ചെറുക്കനു ധൈര്യം കൊടുത്തുകൊണ്ട്‌ ഉത്ഘാടിച്ചു.

വീണ്ടും ഒരാളുടെ മുൻപിൽ കൂടി ഈ സംസാര ചടങ്ങിനായി പോയി. അതും പരമ ബോറായപ്പോൾ ഞാൻ പ്രഖ്യാപിച്ചു ഈ സംസാരമില്ലാത്ത പെണ്ണുകാണലിനാണെങ്കിലേ ഞാനുള്ളൂന്ന്. അവർക്ക്‌ സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു കാരണം എന്നെ കെട്ടിച്ചു വിടണമല്ലോ.

എല്ലാ കല്യാണങ്ങളും എനിക്കിഷ്ടപ്പെട്ടില്ലായെന്ന് പറഞ്ഞുളള എന്റെ ഉഴപ്പു മനസ്സിലാക്കിയ എന്റെ അപ്പൻ എന്നോട്‌ പറഞ്ഞു നിന്നെ പെണ്ണുകാണാൻ വരുന്നവർക്ക്‌ പലഹാരം മേടിച്ച്‌ എന്റെ പൈസ നീ മുടിപ്പിക്കുകയാ നിനക്ക്‌ സമ്മതമില്ലെങ്കിൽ നിന്റെ അനിയത്തിയുടെ കല്യാണം നടത്തുവാൻ പോവുകയാണെന്നു പറഞ്ഞു. 

അപ്പോൾ എന്റെ അനിയത്തിമാരു എന്റെയടുത്ത്‌ വന്ന് പറഞ്ഞു നീ കല്യാണം കഴിച്ചില്ലെങ്കിൽ ഞങ്ങൾക്ക്‌ നല്ല ആലോചനകൾ ഒന്നും വരത്തില്ല. നീ ഞങ്ങളുടെ ഭാവി നശിപ്പിക്കരുതെന്ന്. അവരെ പറഞ്ഞിട്ട്‌ കാര്യമുണ്ടോ മ്മടെ നാട്ടുകാരല്ലേ ഒരു പെണ്ണു കല്യാണം കഴിക്കാതെ നിന്നാൽ അവരു പറയണ കാര്യങ്ങൾ ഇതൊക്കെയാണു, 

1. അവൾക്ക്‌ ലൈനൊണ്ട്‌. 
2. അവൾക്ക്‌ വയറ്റിലൊണ്ട്‌. 
3. അവൾക്ക്‌ എന്തോ മാറാ രോഗമുണ്ട്‌.

ഇല്ലാത്ത ഇത്രയും കാര്യങ്ങൾ നാട്ടുകാർ ഉണ്ടാക്കുമ്പോൾ കല്യാണം വേണ്ടന്ന് വെച്ച ആരും കല്യ്യാണം കഴിച്ചു പോകും. 

എന്റെ രെഞ്ചിക്കിട്ട്‌ കിട്ടേണ്ടുന്ന പണിയുമായി ഞാൻ ആരു വന്നാലും കല്യാണം കഴിക്കുവാൻ തീരുമാനിച്ചു. ആ നറുക്ക്‌ വീണത്‌ എന്റെ രെഞ്ചിക്കും. അയാളെ ആദ്യം കണ്ടപ്പോൾ ഒരു അശരീരി പോലെ ഒന്നു മുഴങ്ങി "ആളൊരു പാവാണു."

 അത്‌ അയാളുടെ ആദ്യ ചോദ്യത്തിൽ നിന്നു തന്നെ മനസ്സിലായി, "ഡിഗ്രിക്ക്‌ എത്ര മാർക്കുണ്ടായിരുന്നു."

എനിക്ക്‌ ആ ചോദ്യം കേട്ടിട്ടു ചിരിവന്നു. കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ രെഞ്ചിയൊടു ചോദിച്ചു ഇങ്ങൾക്ക്‌ ഈ ചോദ്യം മാത്രമേ എന്നോട്‌ ചോദിക്കാനുണ്ടായിരുന്നുളളൂ.

അതിനു രെഞ്ചി മറുപടി പറഞ്ഞത്‌, " ഒരു പെണ്ണുകാണലിനു ഒരു പളളിപ്പെരുന്നാളിന്റെ ആളു നിങ്ങടെ വീട്ടിൽ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ലാ. അവരെ കണ്ടപ്പോഴേ എന്റെ ഗ്യാസ്സ്‌ പോയി. എന്നാ തനിച്ച്‌ സംസാരിക്കാമെന്ന് വെച്ചപ്പോൾ നിനക്ക്‌ താത്പര്യവുമില്ലാ. അപ്പോ വായിൽ വന്നത്‌ ആ ചോദ്യമായിരുന്നു. അത്രയും പെണ്ണുങ്ങളുടെ ഇടയ്ക്‌ നിന്നേപ്പോലും ഞാൻ നേരെ ചൊവ്വേ കണ്ടില്ലാ."

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കല്യാണം നടത്തുന്നതിനു ഞാൻ സമ്മതിച്ചു. അതു കേൾക്കേണ്ട താമസം ഒരാഴ്ച്ചക്കുള്ളിൽ അവരെന്റെ കല്യാണം നടത്തി.

കല്യാണം കഴിഞ്ഞപ്പോൾ ഞാൻ രെഞ്ചിയൊടു പറഞ്ഞു ഞാൻ കല്യാണം കഴിക്കാൻ ഇരുന്ന വ്യക്തിയൊന്നുമല്ലായിരുന്നുവെന്ന്. അപ്പോളാണു രെഞ്ചി പറയുന്നത്‌ രെഞ്ചിയുടെ സ്വപ്നത്തിലുളള പെണ്ണു നല്ല പൊക്കമുളള , മെലിഞ്ഞിട്ട്‌ സുന്ദരിയായ പെണ്ണു ആയിരുന്നുവെന്ന്. ഇതിൽ സൗന്ദര്യമൊഴിച്ച്‌ ( എന്റെ ആത്മവിശ്വാസം) ബാക്കി രണ്ടും എനിക്കില്ലായിരുന്നത്‌ കൊണ്ട്‌ രെഞ്ചിക്കും ഈ കല്യാണത്തിനു താത്പര്യമില്ലായിരുന്നുവത്രേ. പിന്നെ അയാളുടെ മാതാപിതാക്കൾക്ക്‌ എന്നെ ഇഷ്ടപ്പെട്ടു അവരുടെ നിർബന്ധം കൊണ്ടായിരുന്നു പാവം ഈ കല്യാണത്തിനു സമ്മതിച്ചത്‌.

പിന്നെ എനിക്ക്‌ കുട്ട്യോളും ഉണ്ടാകാതായപ്പോൾ ഞാനെന്റെ രെഞ്ചിയൊട്‌ പറഞ്ഞു. ഇങ്ങടെ മനസ്സിനു ഇഷ്ടപ്പെട്ട ഒരു പെണ്ണിനെ ഇങ്ങളു കണ്ടു പിടിച്ചോളീൻ ഞാൻ ഇങ്ങടെ കല്യാണം നടത്തിത്തരാമെന്ന്. പാവം എന്റെ രെഞ്ചി ഞാൻ കാരണം അയാളുടെ സ്വപ്നങ്ങളും ഇല്ലാണ്ടായി.

എന്താണെങ്കിലും കല്യാണോം പരിപാടിയുമൊന്നും എനിക്ക്‌ പറഞ്ഞിട്ടുളള കര്യമല്ലായെന്ന് എനിക്കും മനസ്സിലായി... 

നല്ല നല്ല പ്രതീക്ഷകളും സ്വപ്നങ്ങളുമായി തുടരുന്നൂ ഈ യാത്ര... 

കാർത്തിക...

Wednesday, March 2, 2016

വീണ്ടും പണികിട്ടി!!!

01/3/16
06:52 pm

നാലു മണി കഴിഞ്ഞപ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത്‌ വിളിച്ചിട്ടു പറഞ്ഞു ഇന്ന് അയാളും കൂടി  എന്റെ കൂടെ ഡൂട്ടിക്കു വരുന്നുണ്ടെന്ന്. ഞാൻ ഇന്ന് ലീവെടുത്തൂന്ന് അയാൾക്കറിയില്ലായിരുന്നു. അയാളെ നിരാശപ്പെടുത്തെണ്ടെന്ന് വെച്ച്‌ ഞാൻ പറഞ്ഞു നീ വന്ന് എന്റെ കാറുമായിട്ട്‌ പൊയ്കോ നാളെ ഡൂട്ടി കഴിഞ്ഞു വരുമ്പോൾ ഞാൻ തന്നെ വീട്ടിലോട്ട്‌ വിട്ടേക്കാമെന്നു പറഞ്ഞു.

ആറര ആയപ്പോളേക്കും അയാൾ വന്നു. ഞാൻ വലിയ ഒരു കാര്യം ചെയ്ത ചാരിതാർത്ഥ്യത്തിൽ റൂമിന്റെ താഴെ പോയി വണ്ടിയും അതിന്റെ കീയും കൈമാറി തിരിച്ചു മുറിയിലോട്ട്‌ നടന്നപ്പോഴാണു പണി പാളിയെന്ന് മനസ്സിലായത്‌.

എനിക്ക്‌ വീട്ടിൽ കയറുവാൻ ഒരു നിർവാഹവുമില്ലാ കാരണം കാറന്റെ ചാപിക്കൂട്ടത്തിൽ നിന്നും എന്റെ മുറിയുടെ താക്കോൽ എടുക്കാൻ മറന്നു പോയി. ഞാനാ വഴിയിൽ നിന്ന് ചിരിച്ചു പോയി.

"ന്റെ പടച്ചോനെ ഇങ്ങളെനിക്കിട്ട്‌ വീണ്ടും പണി തന്നല്ലോ, അതും ഈ ഒന്നാതീയതി തന്നേ".

രെഞ്ചി വന്നാലേ എനിക്കകത്ത്‌ കയറാൻ പറ്റൂ. ഞാൻ അയാളെ വിളിച്ചപ്പോൾ അറിഞ്ഞു അയാൾ വരാൻ ഇനിയും സമയമെടുക്കുമെന്ന്. നേരെ അടുത്തുളള ഷവർമ്മ കടയിലേക്ക്‌ വെച്ചു പിടിപ്പിച്ചു.

അവിടെ ചെന്നപ്പോൾ ഒരാളു ഷവർമ്മക്കടയുടെ ബോർഡിലേക്ക്‌ നോക്കിയങ്ങനെ നിൽക്കുകയാണു. എനിക്ക്‌ മനസ്സിലായി എനിക്ക്‌ പണി തന്നിട്ട്‌ ഒന്നുമറിയാത്തപോലെ നിൽക്കുകയാണെന്ന്."

കാത്തു: "ഇങ്ങളിതിവിടെ എന്തെടുക്കുവാ? ബോർഡു വായിച്ചു പഠിക്കുവാ?"

പടച്ചോൻ: "അല്ലാ .. ഈ ഷവർമ്മയൊക്കെ കഴിക്കുന്നത്‌ നല്ലതാണോ? ഇത്‌ ആളെ കൊല്ലണ സാധനമല്ലേയെന്ന്!".

കാത്തൂ: "പിന്നെ ഇങ്ങളെന്തിനാ ഇതിന്റെ ചോട്ടിൽ വന്ന് വെള്ളമിറക്കി നിൽക്കണത്‌."

പടച്ചോൻ : "ഇയ്യ്‌ വിചാരിച്ചോ ഞാൻ കൊതിയോണ്ട്‌ നോക്കി നിൽക്കണതാണെന്ന്! ഇത്‌ കഴിച്ച്‌ എത്ര പേർക്ക്‌ അസുഖം വരണൊണ്ടെന്ന് ആലോചിച്ചു നിന്നതാ."

(പടച്ചോനും ദേഷ്യയൊക്കെയുണ്ട്‌ ട്ടോ)

കാത്തൂ: "യ്യോ ... ഇങ്ങൾക്ക്‌ ഫീലു ചെയ്തു. സാരല്യ ഞാനിങ്ങൾക്ക്‌ ഷവർമ്മ വാങ്ങിച്ചു തരാം." 

പടച്ചോൻ: "എനിക്ക്‌ വേണ്ടാ അന്റെ ഷവർമ്മയൊന്നും."

പടച്ചോനെ വലിച്ചോണ്ട്‌ 
അവിടെ ചെന്ന് രണ്ട്‌ ഷവർമ്മയും ഒരു അവക്കാഡോ ജൂസും പറഞ്ഞു. അതും വാങ്ങിച്ച്‌ ഫ്ലാറ്റിന്റെ താഴെ വന്നു അതിന്റെ അടുത്തുകണ്ട ഒരു കല്ലിന്റെ പുറത്ത്‌ കയറി ഞങ്ങളു രണ്ടു പേരും ഇരിപ്പുറപ്പിച്ചു. പതിയെ ഷവർമ്മയെടുത്ത്‌ തീറ്റി തുടങ്ങി. പുള്ളിയത്‌ തൊട്ടില്ലാട്ടോ.

അതു തിന്നു കഴിഞ്ഞപ്പോൾ മനസ്സിനൊരാശ്വാസം തോന്നി. ഒന്നാം തീയതി പറ്റിയ അക്കിടി ഷവർമ്മക്കൊപ്പം അങ്ങട്ട്‌ ദെഹിച്ചു. 

കാത്തു: "ഷവർമ്മ തിന്നുന്നത്‌ ആരോഗ്യത്തിനു ചീത്തയാണെന്ന് അറിയുവാൻ വയ്യാഞ്ഞിട്ടല്ല. ഇതൊക്കെ തിന്നാതെയിരുന്നാലും മ്മളു ചാകും, തിന്നാലും ചാകും. ന്നാപ്പിന്നെ തിന്നിട്ട്‌ അങ്ങോട്ട്‌ ചത്തൂടെ."

പടച്ചോൻ: "ഈ മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ഇതൊക്കെ തന്നെയാ പറയുന്നത്‌. അവസാനം ആഘോഷങ്ങളെല്ലാം കഴിഞ്ഞ്‌ അസുഖങ്ങളു കയറി അങ്ങോട്ട്‌ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ പിന്നെ കുറ്റ ബോധവും കെട്ടിപ്പിടിച്ച്‌ അവിടെയിരിക്കും. കൂടെയാരും കാണില്ലാ നമ്മുടെ ശരീരവും ആത്മാവും പിന്നെ നമ്മൾ നേടിയ അസുഖവുമൊഴിച്ച്‌."

(പടച്ചോൻ വളരെ ഗൗരവത്തിലായി.)

കാത്തു: "എനിക്കറിയാം അതൊക്കെ."

പടച്ചോൻ: "അറിയാമെന്ന് പറഞ്ഞിട്ട്‌ കാര്യമില്ലാ. അറിയാവുന്ന അറിവ്‌ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണു ആ അറിവുകൊണ്ട്‌ പ്രയോജനമുണ്ടാകുന്നത്‌. എല്ലാവർക്കും എല്ലാ അറിയാം പക്ഷേ എല്ലാമറിയാമെങ്കിലും ഒന്നും അറിയാത്തവനെപ്പോലെ എല്ലാവരും ജീവിക്കുന്നു."

കാത്തു: " മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണു."
"പുകവലി ആരോഗ്യത്തിനു ഹാനികരമാണു."
"ഷവർമ്മ ആരോഗ്യത്തിനു ഹാനികരമാണു."

പടച്ചോൻ: "ഇതെന്താ പെട്ടെന്നൊരു മുദ്രാവാക്യം."

കാത്തു: "കണ്ണുളളവർ കാണട്ടെ, ചെവിയുളളവൻ കേൾക്കട്ടെ."

പടച്ചോൻ: " കാത്തൂ".

കാത്തു: "ഇങ്ങൾക്കറിയുവോ എന്റെ പപ്പയ്കു പുകവലിയായിട്ടോ മദ്യപാനമായിട്ടോ ഒരു ദുസ്വഭാവവും ഇല്ലായിരുന്നു. പക്ഷേ കഴിഞ്ഞ വർഷം പപ്പയ്ക്‌ കാൻസർ ആണെന്നറിഞ്ഞപ്പോൾ അസുഖത്തിനു ആളും തരവുമൊന്നും നോട്ടമില്ലെന്ന് മനസ്സിലായി. അന്നു മുതൽ രണ്ട്‌ പേർക്ക്‌ വേണ്ടി എന്നും പ്രത്യേകം പ്രാർത്ഥിക്കുവാൻ തുടങ്ങി.

 കഴിഞ്ഞ വെള്ളിയാഴ്ച വെല്ലൂരു വെച്ച്‌ നടന്ന പരിശോധനയിൽ തെളിഞ്ഞു പപ്പയുടെ കാൻസർ പൂർണ്ണമായും മാറിയെന്ന്. മരണത്തിൽ നിന്നും പുതിയ ജീവിതത്തിലേക്കുളള തിരിച്ചു വരവായിരുന്നു അത്‌. അസുഖത്തോട്‌ പടവെട്ടുവാനുളള നിശ്ചയ ദാർഡ്യമായിരുന്നു പപ്പയെ അതിൽ നിന്ന് കരകയറുവാൻ സഹായിച്ചത്‌. 

ആ നിശ്ചയദാർഡ്യമുണ്ടെങ്കിൽ എന്തും സാധ്യമാകും ജീവിതത്തിൽ. പക്ഷേ അതിനു നമ്മൾ പരിശ്രമിക്കണം എന്നു മാത്രം. 

(പ്രാർത്ഥിക്കുന്നു ഇപ്പോഴും എല്ലാം ശരിയാകുവാൻ. എല്ലാ രോഗങ്ങളിൽ നിന്നും എല്ലാവരേയും വിടുവിക്കുവാൻ.)

പ്രർത്ഥനകളോടെ 
കാർത്തിക...

Monday, February 29, 2016

എന്റെ കുഞ്ഞുങ്ങൾ ...

നിന്നിലെ പ്രണയവും നെഞ്ചിലേറ്റി 
എന്റെ ഹൃദയത്തിൽ ഞാൻ ഗർഭം ധരിച്ചു
ജന്മം നൽകിയ എന്റെ കുഞ്ഞുങ്ങളാണു
എന്റെ അക്ഷരങ്ങൾ, എന്റെ സൃഷ്ടികൾ...


ഈ ലോകത്ത്‌ നീ അവയെ ആദ്യം അറിയണമെന്ന് 
എന്റെ കുഞ്ഞുങ്ങളെ നീയാദ്യം തൊടണമെന്ന് 
ഞാനാഗ്രഹിച്ചു
അവരും കൊതിച്ചു നിന്റെ ഒരു നോക്കിനായി
നിന്റെ സ്പർശനത്തിനായി, നിന്റെ തലോടലിനായി


അവയ്ക്‌ ജീവനില്ലായിരിക്കാം പക്ഷേ ഒരാത്മാവുണ്ട്‌..
നിന്നൊട്‌ സംസാരിക്കുവാൻ സാധിക്കില്ലായിരിക്കാം
പക്ഷേ നിന്നെ കേൾക്കുന്ന കാതുകളുണ്ട്‌
നിന്റെ സ്പർശനം അറിയുന്ന ഒരു ഉടലുണ്ട്‌.


നിന്നെക്കാണുവാൻ നിന്നെയറിയുവാൻ 
അവരെത്തിയെന്ന് നീ അറിഞ്ഞിട്ടും 
നീ തുറക്കാത്ത നിന്റെ അടഞ്ഞ വാതിലിനപ്പുറം
അവർ ഇപ്പോഴും കാത്തിരിക്കുന്നു..


അവരുടെ കണ്ണുകളിൽ ഞാനിപ്പോഴും കാണുന്നു
നിനക്കുവേണ്ടിയുളള അവരുടെ പ്രതീക്ഷ
നിനക്ക്‌ നൽകുവാൻ അവരുടെ കൈയ്യിൽ
സ്നേഹം മാത്രമേയുളളൂ
അവർക്ക്‌ വേണ്ടത്‌ നിന്റെ അനുഗ്രഹം മാത്രമാണു..


എന്റെ കുഞ്ഞുങ്ങളെ അനാഥമാക്കരുത്‌.... 
അവരെന്റെ പ്രാണനും ആത്മാവുമാണു ....
അവരെന്റെ പ്രണയമാണു..
ഞാൻ അവരുടെ അമ്മയും...

നന്ദി...




Friday, February 26, 2016

യ്യോ!!! എനിക്ക്‌ ഫൈനടിച്ചേ..



25/2/2015
രാത്രി 11:55

ഡേ ഡൂട്ടി കഴിഞ്ഞ ക്ഷീണത്തിൽ രാവിലെ മൊബെയിലിൽ ആർ.ടി.എക്കാരു  ഓവർ സ്പീഡിനു എനിക്ക്‌ ഫൈനടിച്ചുവെന്നു പറഞ്ഞു അയച്ച മെസ്സേജും നോക്കി ആ വൈക്ലബ്യത്തിൽ അങ്ങനെയിരുന്നപ്പോൾ ഒത്തിരി നാളിനു ശേഷം എന്റെ ആശാൻ എന്നെ കാണാൻ വന്നു.

പടച്ചോൻ: "എന്താടി പെണ്ണേ നീയിതു വരെ ഉറങ്ങിയില്ലേ?".

കാർത്തു: "ഇങ്ങളിത്‌ എവിടെയായിരുന്നു? എത്ര നാളായി ഇങ്ങളെ കണ്ടിട്ട്‌. ഞാൻ വിചാരിച്ചു ഇങ്ങളു വാലന്റൈൻസ്‌ ഡേയിക്ക്‌ എന്നെ കാണാൻ വരുമെന്ന്."

പടച്ചോൻ: "ഓ... വാലന്റൈൻസ്‌ ഡേയിക്ക്‌ നീയ്‌ രുക്മിണിയുടേയും രാധയുടേയും പുറകേ അല്ലായിരുന്നോ. നിന്റെ വാൽനക്ഷത്രമല്ലായിരുന്നോ അവിടെ സ്റ്റാർ."

(പടച്ചോന്റെ ഇത്തിരി കുശുമ്പ്‌ കണ്ട്‌ എനിക്ക്‌ ഒത്തിരി ചിരി വന്നു.)

കാർത്തു: "ഹേയ്‌! ഇങ്ങളത്‌ വിട്‌ അതൊരു തമാശക്ക്‌."

പടച്ചോൻ: "അത്‌ അനക്ക്‌ തമാശയല്ലെന്ന് എനിക്ക്‌ നന്നായി അറിയാം."

(ഞാൻ ഒന്നും പറയാതെ ഒരു നിസംഗ ഭാവത്തോടെ തല കുമ്പിട്ടിരുന്നു. പടച്ചോൻ എന്റെ അടുത്തുവന്ന് എന്റെ തലയിൽ തലോടി. ഞാൻ മുഖമുയർത്തി അദ്ദേഹത്തോടായി പറഞ്ഞു.)

കാർത്തു: "ഇങ്ങളു നോക്കിക്കോ എല്ലാം ശരിയാകും. എല്ലാം..."

(എന്റെ കണ്ണുകളിലെ ആത്മവിശ്വാസം അദ്ദേഹം കണ്ടു.)

പടച്ചോൻ: "അതു പൊട്ടേ. അന്റെ വാലന്റൈൻസ്‌ ഡേ എങ്ങനെയുണ്ടായിരുന്നു."

കാർത്തു: "എപ്പോഴും ഹൃദയത്തിൽ പ്രണയം കാത്തുസൂക്ഷിക്കുകയും ഓരോ നിമിഷവും അതിന്റെ സ്പന്ദനങ്ങൾ എന്റെ അന്തരാത്മാവിനാൽ അറിയുവാനും കഴിയുന്ന എനിക്കെന്ത്‌ ആഘോഷം. ഒരു ദിവസത്തേക്ക്‌ മാത്രമായി തളച്ചിടേണ്ട ഒന്നാണോ ഈ പ്രണയം."

(എന്റെ വാചകമടി കേട്ടപ്പോൾ പടച്ചോന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. പിന്നേയും ഞാൻ തന്നെ സംസാരം തുടർന്നു.)

കാർത്തു: "എന്റെ ജീവിതത്തിലെ ആഘോഷങ്ങളൊക്കെ ഞാൻ തനിയെ ആഘോഷിക്കാറാണു പതിവെന്ന് ഇങ്ങൾക്കറിയില്ലേ. അതുകൊണ്ട്‌ ഇപ്രാവശ്യവും വാലന്റൈൻസ്‌ ഡേയുടെ അന്ന് എന്നത്തേയും പോലെ ഞാൻ എനിക്കായിട്ട്‌ സ്വന്തമായി ഒരു സമ്മാനം വാങ്ങി, ഞാൻ അത്‌ എനിക്ക്‌ തന്നെ സമ്മാനിച്ച്‌ ,ഞാൻ എന്നോട്‌ തന്നെ  ആശംസയും പറഞ്ഞു ഞാനതങ്ങോട്ട്‌ ആഘോഷിച്ചു."

" എങ്ങനെയുണ്ട്‌ ന്റെ ആഘോഷം??? അതാകുമ്പോൾ ആരും മ്മളെ ആശംസിച്ചില്ലെന്നോ, മ്മൾക്ക്‌ സമ്മാനം തന്നില്ലല്ലോയെന്ന് പറഞ്ഞ്‌ കരയേണ്ടല്ലോ."

പടച്ചോൻ: "അന്റെ ഓരോ വട്ടുകളു. ഇയ്യെന്താ ഇങ്ങനെയായി പോയത്‌?"

കാർത്തു: "അത്‌ വട്ടൊന്നുമല്ല. എന്റെ അപ്പനാണു അതെന്നെ പഠിപ്പിച്ചത്‌. ഞാൻ ഡെൽഹിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയം. അന്നെന്റെ പിറന്നാളായിരുന്നു. എല്ലാ പിറന്നാളിനു എന്റെ പാവം മമ്മ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ചെറുപയറു പരിപ്പ്‌ പായസം ഉണ്ടാക്കി തരും. ശ്ശോ! എനിക്കിപ്പോ അത്‌ കുടിക്കാൻ തോന്നുന്നു.

അന്നു രാവിലെ മമ്മയും എന്റെ അനിയത്തിമാരും എനിക്ക്‌ പിറന്നാൾ ആശംസ നേരുവാനായി വിളിച്ചു. അവരെല്ലാവരും ആശംസിച്ച്‌ കഴിഞ്ഞ്‌ എന്റെ അനിയത്തി പറഞ്ഞു എടീ പപ്പ ഇവിടെയിരുപ്പുണ്ട്‌ ഞാൻ പപ്പയുടെ കൈയ്യിൽ ഫോൺ കൊടുക്കാമെന്ന്. ഒരുപാട്‌ സന്തോഷത്തോടെ ഞാൻ പപ്പയ്കുവേണ്ടി ചെവിയോർത്തു. ഞാനപ്പോൾ കേൾക്കുന്നുണ്ടായിരുന്നു എന്റെ അനിയത്തി പപ്പയോടു പറയുന്നത്‌, "പപ്പാ ഇതവളാ. ഇന്നവളുടെ പിറന്നാളാ."

വളരെ പ്രതീക്ഷയൊടെ പപ്പയുടെ ആശംസക്ക്‌ ചെവിയോർത്ത ഞാൻ കേട്ടത്‌, "വെച്ചിട്ടു പോടീ ഫോൺ. അവടെയൊരു പിറന്നാൾ." പാവം എന്റെ അനിയത്തി അതുകേട്ട്‌ പേടിച്ച്‌ ഫോൺ വെച്ചിട്ടോടി.

അന്നെന്റെ പിറന്നാൾ വളരെ ആഘോഷമായി കരഞ്ഞ്‌ ഞാൻ ആഘോഷിച്ചു. പിന്നെ ഒരു തീരുമാനമെടുത്തു ഇനി എന്റെ ജീവിതത്തിൽ മറ്റുളളവരുടെ കൂടെയുളള ആഘോഷങ്ങളൊന്നും വേണ്ടന്ന്. അന്ന് തൊട്ട്‌ ഈ കാർത്തുവിന്റെ ആഘോഷങ്ങൾ അവളു തന്നെ ആഘോഷിക്കുവാൻ തുടങ്ങി. അതാകുമ്പോൾ മറ്റുളളവർ നമുക്ക്‌ സമ്മാനം തന്നില്ലേ, ആശംസിച്ചില്ലേയെന്ന് പറഞ്ഞ്‌ പരാതിയും പറയണ്ടാ, വിഷമിക്കുകയും വേണ്ടാ.

പിന്നെ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഓർക്കുകയും, ചെറിയ സമ്മാനങ്ങൾ തരികയും ഒക്കെ ചെയ്യുകയെന്നത്‌ എല്ലാവർക്കും ഒരു സന്തോഷമാണു ജീവിതത്തിൽ.

 പക്ഷേ അത്‌ കിട്ടാത്തവർക്ക്‌ എന്റെയീ തിയറി ജീവിതത്തിൽ പ്രാവർത്തികമാക്കിയൽ കുറച്ചു കണ്ണുനീരു സേവ്‌ ചെയ്യാം. എങ്ങനെയുണ്ട്‌ കാർത്തൂസ്‌ life principle on how to make your life easy & happy!".

(അതു കേട്ടതും പടച്ചോൻ നിന്ന് ചിരിക്കുവാൻ തുടങ്ങി.)

പടച്ചോൻ: "ന്റെ കാത്തൂ ... അന്നെക്കൊണ്ടു ഞാൻ തോറ്റു."

കാർത്തൂ: "ഹും.. ഇങ്ങളെന്നെക്കൊണ്ട്‌ തോറ്റെങ്കിൽ . ഞാൻ വേറൊരാളെക്കൊണ്ടാ എന്റെ ജീവിതത്തിൽ തോറ്റിരിക്കുന്നത്‌. തോൽപ്പിക്കട്ടെ .... എത്ര നാൾ. ഞാനും ജയിക്കും ഒരു ദിവസം. ഒരിക്കലും അയാളെ തോൽപ്പിച്ചുകൊണ്ടായിരിക്കില്ലാ ആ ജയം. അയാളെ ജയിപ്പിച്ചുകൊണ്ട്‌ ഞാനും ജയിക്കും."

പടച്ചോൻ: "അതെന്തൊരു ജയം? ഒരാളെ തോൽപ്പിച്ചാൽ ഇയ്യ്‌ ജയിച്ചൂന്ന് പറയാം. ഒരാളെ ജയിപ്പിച്ചുകൊണ്ട്‌ ഇയ്യെങ്ങനെയാ ജയിക്കുന്നത്‌?".

(ആ ചോദ്യത്തിനു ഞാനുത്തരം ഒന്നും പറഞ്ഞില്ലാ അദ്ദേഹത്തെ നോക്കി ചിരിക്കുക മാത്രം ചെയ്തു. കാരണം അതിനുളള ഉത്തരം എന്നേക്കാൾ നന്നായി അദ്ദേഹത്തിനറിയാം.)

പടച്ചോൻ: "അല്ലാ അന്നെ തോപ്പിക്കാനും ആരെങ്കിലും വേണോല്ലോ ഈ ഭൂമിയിലു."

കാർത്തു: "ഓ.. അപ്പോ ഇങ്ങളും ഓന്റെ സൈഡാല്ലേ?"

പടച്ചോൻ: "ഞാനാരുടേയും സൈഡല്ലേ... ഇനി അതു പറഞ്ഞ്‌ ഈയ്യ്‌ എന്നോടു വഴക്കു കൂടണ്ടാ. ഒരു കാര്യം ചോദിക്കാൻ മറന്നു അനക്ക്‌ ഫൈനടിച്ചൂല്ലേ. അന്റെ ഓവർ സ്പീഡ്‌ കണ്ട അന്നേ എനിക്കറിയാമയിരുന്നു താമസിയാതെ ഈയ്‌ ഒരു ഫൈനും കൊണ്ട്‌  പോവൂന്ന്. എത്ര പോയി കാശ്‌."

(ഇത്തിരി ചമ്മലോടെയാണെങ്കിലും ആത്മവിശ്വാസത്തിനു ഒരു കുറവുമില്ലാതെ ഞാൻ ഉത്തരം നൽകി.)

കാർത്തു: "600 പോയി. ഇത്‌ പോലീസുകാരു ഒളിപ്പിച്ചു വെച്ച ക്യാമറ പറ്റിച്ച പണിയാ. ഓവർ സ്പീഡാണെങ്കിലും അല്ലാതെയെനിക്ക്‌ ഫൈനൊന്നും അടിക്കാറില്ലാ. ഇരുപത്തിയൊന്നാം തീയതി അവധി കഴിഞ്ഞ്‌ ഡൂട്ടിക്ക്‌ കയറി. അന്ന് നൈറ്റ്‌ ഡൂട്ടിയായിരുന്നു. ഇരുപത്തിരണ്ടാം തീയതി ഫൈൻ അടിച്ചു. അതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട്‌ ആർ. റ്റി. എക്കാരു ഇന്ന് മെസ്സേജും വിട്ടു.. പെരുത്ത്‌ സന്തോഷായി. ഇവിടെ നിന്നും പോകുന്നതിനു മുൻപ്‌ ഒരു ഫൈനൊക്കെയായി ആഘോഷായിട്ട്‌ പോകാൻ അങ്ങട്‌ തീരുമാനിച്ചു .. എന്തേ??"

(ഞാൻ പടച്ചോനെ നോക്കി തെല്ല് അഹങ്കാരത്തോടെ പറഞ്ഞു.)

പടച്ചോൻ: എന്ത്‌ കിട്ടിയാൽ എന്താ? ഈ അഹങ്കാരത്തിനു മാത്രം ഒരു കുറവുമില്ലാ."

(ഞാൻ അതുകേട്ട്‌ ചിരിച്ചു.)

കാർത്തിക: "എനിക്ക്‌ വല്ലാണ്ട്‌ ഉറക്കം വരുന്നു. ഇന്ന് മൊത്തത്തിലൊരു ക്ഷീണാണേ."

പടച്ചോൻ: "ശരി .. ഈയ്യ്‌ കിടന്നോളീൻ. ഞാൻ എന്നാ പോയിട്ട്‌ പിന്നെ വരാം."

പോകുവാനൊരുങ്ങിയ പടച്ചോനോടായി ഞാൻ പറഞ്ഞു..

കാർത്തു: "ഇങ്ങളു എനിക്കുവേണ്ടി ഒരു കാര്യം ചെയ്തു തരുവോ?".

പടച്ചോൻ: "എന്ത്‌?".

കാർത്തു: "ഈ മനുഷ്യന്മാരുടെ മനസ്സ്‌ വായിക്കണ രഹസ്യം എന്നെയൊന്നു പഠിപ്പിക്കുവോ ഇങ്ങൾ? ഒന്നൂല്ലാ ... ആരൊക്കെ മ്മളെ ആത്മാർത്ഥമായി സ്നേഹിക്കൊണൊണ്ടെന്ന് ഒന്ന് വെറുതെ അറിയാനായിരുന്നു. മനസ്സിലുളള ഉഹാപോഹങ്ങളു വെച്ചു നോക്കിയപ്പോ ആരുമില്ലാന്നൊരു തോന്നൽ... തോന്നലല്ലാ അതാണു സത്യം.... ഇങ്ങളു പൊക്കോളീൻ.. വെറുതെ എന്റെ ഓരോ വട്ടുകൾ ".

പടച്ചോൻ കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്നു. എന്നിട്ട്‌ എന്നോടു ആകാശത്തേക്ക്‌ കൈചൂണ്ടി മുകളിലേക്ക്‌ നോക്കുവാൻ ആഗ്യം കാണിച്ചു. ഞാൻ ആകാശത്തേക്ക്‌ നോക്കിയപ്പോൾ നക്ഷത്രങ്ങളാൽ നിറഞ്ഞ പൂർണ്ണചന്ദ്രന്റെ ശോഭയാൽ മനോഹരമാക്കപ്പെട്ട ആ ആകാശത്ത്‌ എനിക്കുവേണ്ടി ഉദിച്ച എന്റെ വാൽനക്ഷത്രത്തെ കണ്ടു. ആ കാഴ്ച്ച എന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു... 

കാർത്തിക

Thursday, February 25, 2016

Your silence is My Love.



നിന്റെ മൗനമാണു എന്റെ പ്രണയം
ആ മൗനത്തിൻ വാചാലതയായി
എന്നന്തരാത്മാവിൽ നിറയുമാ പ്രണയം
പിറക്കുന്നു ഈ ഭൂവിൽ എന്നക്ഷരങ്ങളായി.



വാചാലമല്ലാത്ത ആ വാക്കുകൾ ഞാൻ കേൾക്കുന്നു. അതിന്റെ വീചികൾ പ്രണയത്താൽ ബന്ധിതമാണു. മൗനത്തിൽ ഒളിപ്പിച്ച ആ പ്രണയം എന്റെ കാതുകളിൽ ഒരു സംഗീതമായി അലയടിക്കുന്നു. ആ സംഗീതം എന്നിലെ പ്രണയത്തെ തൊട്ടുണർത്തി എന്റെ അക്ഷരങ്ങളായി ഈ ഭൂവിൽ ജന്മമെടുക്കുന്നു.



മൗനം .... വാചാലമല്ലാത്ത എന്നാൽ വളരെ നിഗൂഡമായ ഒന്ന്. പറയുവാൻ ഏറെയുണ്ടെങ്കിലും പറയുവാൻ പറ്റാതെ വാക്കുകളെ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിക്കുന്ന ഓർമ്മചെപ്പിൽ ആരും കാണാതെ ആരും കേൾക്കാതെ തനിക്ക്‌ മാത്രമായി സൂക്ഷിക്കും ആ മൗനം. അവിടെയെല്ലാം നിഗൂഡമാണു. പക്ഷേ ആ മൗനത്തെ കേൾക്കുവാൻ വാഞ്ചിക്കുന്ന കാതുകൾക്ക്‌, അറിയുവാൻ ആഗ്രഹിക്കുന്ന ഹൃദയത്തിനു ആ മൗനം വാചാലമാണു. എത്ര താഴുകൾ ഇട്ടു പൂട്ടിയാലും, എത്ര നിഗൂഡമായി അതിനെ സൂക്ഷിച്ചാലും ആ മൗനം ആ ബന്ധനങ്ങളെയെല്ലാം ഭേദിച്ച്‌ അത്‌ എത്തിച്ചേരുവാൻ ആഗ്രിഹിക്കുന്നിടത്ത്‌ എത്തിച്ചേരുക തന്നെ ചെയ്യും.... 


നിന്റെ വാക്കുകൾ മൗനത്തിനു വഴിമാറുമ്പോൾ
ആ മൗനത്തെ കേൾക്കുന്ന എന്റെ കാതുകളും 
ആ മൗനത്തെ അറിഞ്ഞ എന്റെ ഹൃദയവും
എന്നോടു ചൊല്ലിയത്‌ ഒന്നു മാത്രം
"നിന്റെ മൗനമാണു എന്റെ പ്രണയം".

കാർത്തിക....



        സിനിമ.     : സ്പിരിറ്റ്‌  (2012)
              ഗാനം.       : മഴകൊണ്ടു മാത്രം
              പാടിയത്‌    : വിജയ്‌ യേശുദാസ്‌
               സംഗീതം   : ഷഹബാസ്‌ അമൻ
                 വരികൾ    : റെഫീക്ക്‌ അഹമ്മെദ്‌



Saturday, February 20, 2016

നീയറിഞ്ഞ എന്നിലെ സ്വപ്നം..

ഇന്ന് ഫെബ്രുവരി 20 ... 

ഓർമ്മകൾക്ക്‌ മരണമുണ്ടായുരുന്നെങ്കിൽ 2015 ഫെബ്രുവരി ഇരുപത്‌ എന്ന ദിവസം ഇന്നിന്റെ ഓർമ്മകൾക്ക്‌ അന്യമാകുമായിരുന്നു എനിക്ക്‌. പക്ഷേ ഇന്നലകളുടെ ഗൃഹാതുരത്വവും പേറി ഒരു സ്വപ്നമായി നീ അന്ന് എന്നിലേക്ക്‌ വന്നണഞ്ഞപ്പോൾ അത്‌ തുറക്കുന്നത്‌ ജീവിതത്തിന്റെ പുതിയ ഒരു അദ്ധ്യായത്തിലേക്കായിരിക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...


നീയറിഞ്ഞ എന്നിലെ സ്വപ്നം ...


ഇന്ന് എല്ലാം ഒരു ഓർമ്മയായി മാറിയിരിക്കുന്നു... 
എല്ലാം ഒരു സ്വപ്നവും.... 
ആ സ്വപ്നങ്ങളുടെ ആകെ തുക എന്റെ ജീവിതവും...


അക്ഷരങ്ങൾക്കൊണ്ട്‌ ചിരിക്കുവാൻ ശ്രമിച്ച്‌
പുതിയ സ്വപ്നങ്ങളെ തേടുന്നു
അവിടേയും ആരും കാണാതെ ഞാൻ കരയുന്നു


കൈകൾ കൂപ്പി യാചനകളുമായി അപേക്ഷകളുമായി
ചാരെ അണഞ്ഞിട്ടും 
തനിയെ യാത്ര ചെയ്യുവാൻ ഓതി ഈ ജീവിതം..


സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനു മാത്രമാണീ 
ജീവിതമെന്ന വിശ്വാസത്താൽ
അതിന്റെ നന്മയാൽ തുടരുന്നീ ജീവിത യാത്ര


എല്ലാ വേദനകളും പിണക്കങ്ങളും തീരുമെന്നാശിക്കുന്നു
എന്റെ മരണത്താൽ..
അതും വേറൊരു സ്വപ്നം, അതിലേക്കിനി എത്ര കാതങ്ങൾ...



നന്ദി ...
ഒരു സ്വപ്നമായി എന്നിൽ വന്ന് 
ഞാൻ തേടിയ പ്രണയത്തിൻ പൂർണ്ണതയെ
എനിക്കായി നൽകി 
വീണ്ടുമൊരു സ്വപ്നമായി എന്നിൽ അലിഞ്ഞ
നിന്നിലെ അനശ്വരമായ പ്രണയത്തിനു...



കാർത്തിക...





Wednesday, February 17, 2016

ഇനി പറയുവാൻ ഒന്നുമില്ല...

17/2/16
4:30 pm

എന്റെ പ്രോസസ്സിങ്ങിന്റെ അവസാന മിനുക്കു പണികളുമായി ബന്ധപ്പെട്ട്‌ കുറേ പേപ്പർ വർക്കുകളും കഴിഞ്ഞ്‌ തിരികെ വീട്ടിൽ എത്തിയപ്പോൾ രണ്ടര മണിയായി. രാവിലെ തൊട്ടുളള അലച്ചിൽ ഒരു തല വേദനയായി കൂടെക്കൂടിയപ്പോൾ വെറുതെ കുറച്ചു നേരം കട്ടിലിൽ കിടന്നു വിശ്രമിക്കുവാൻ തീരുമാനിച്ചു. പകലുറക്കത്തോട്‌ താത്പര്യമില്ലാത്തതുകൊണ്ട്‌ ഉറങ്ങണമെന്ന് എത്ര ആഗ്രഹിച്ചാലും ഉറക്കം വരികയുമില്ലാ.

പിന്നെ കുറച്ചു നേരം ബ്ലോഗുമായിരുന്നു. തലവേദന വീണ്ടുമെന്നെ അലോരസപ്പെടുത്തിയപ്പോൾ വായന നിർത്തി എന്റെ നോവലിനെക്കുറിച്ചായി ചിന്ത. ഈ നോവലെഴുത്തെന്ന് പറയുന്നത്‌ അത്ര എളുപ്പമുളള കാര്യമല്ലെന്ന് ഇപ്പോൾ മനസ്സിലായി. ഒരദ്ധ്യായം കൂടി കഴിഞ്ഞാൽ അത്‌ പൂർണ്ണമാകും. പക്ഷേ ആ അദ്ധ്യായം എഴുതുന്നതിനു മുൻപ്‌ മറ്റ്‌ അദ്ധ്യായങ്ങളുടെ എഡിറ്റിംങ്‌ ഞാൻ തുടങ്ങി. 
ഇന്നലെ രാവിലെ മുതൽ വൈകിട്ട്‌ വരെ ഞാൻ ആകെ എഡിറ്റ്‌ ചെയ്തത്‌ ഒറ്റയദ്ധ്യായം. വായിക്കും തോറുമത് വീണ്ടും വീണ്ടും തിരുത്തുകയാണു. ശരിക്കും പറഞ്ഞാൽ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചു.

എഡിറ്റിംങ്ങ്‌ കഴിഞ്ഞ്‌ മനസ്സിൽ ആദ്യം ആഗ്രഹിച്ചത്‌ അത്‌ നിനക്ക്‌ അയച്ചു തരണമെണമെന്നാണു. ആ അതിയായ ആഗ്രഹം മനസ്സിൽ നിൽക്കുമ്പോഴും ചില കാര്യങ്ങൾ എന്നെ അതിൽ നിന്നും പിൻ വലിപ്പിക്കുന്നതായി എനിക്ക്‌ തോന്നി. ആ ചിന്ത ഒരു ദിവസം മുഴുവൻ മനസ്സിലിട്ടു നടന്നു. അതുകൊണ്ടും കൂടിയായിരിക്കണം തല വേദന ഇത്ര ജാസ്തിയായത്‌.

തലവേദനമാറ്റുവാൻ ഒരു കട്ടൻ കാപ്പിയുമിട്ട്‌ വീണ്ടും മൗനമായിരുന്നു ആലോചിച്ചു. കാരണം അതയക്കുവാനുളള അനുവാദം എനിക്കില്ലാ. ഞാൻ അയച്ചാൽ അത്‌ ശരിയാണോയെന്ന് പറയുവാനുമാരുമില്ലാ. അവസാനം ഞാൻ അതയക്കുവാൻ തീരുമാനിച്ചു.

അതും തീരുമാനിച്ചു കൊണ്ട്‌ ജനാലയുടെ കർട്ടൻ തുറന്ന ഞാൻ കണ്ടത്‌ ഓരോ തുളളികളായി ഭൂമിയിലേക്ക്‌ പതിക്കുവാൻ തുടങ്ങുന്ന ഒരു മഴയുടെ ആരംഭത്തെയാണു. എന്റെ മനസ്സിൽ ആഹ്ലാദം തിര തല്ലി. കാരണം ഞാനെന്റെ നോവൽ തുടങ്ങുവാനായി ഒരു മഴക്കുവേണ്ടി കാത്തിരുന്നത്‌ ഞാൻ തനിക്ക്‌ എഴുതിയിരുന്നു. വീണ്ടും ഒരു പാട്‌ നാളിനു ശേഷം ആ നോവലിന്റെ ഒരു ഭാഗം തനിക്കയക്കുവാൻ തീരുമാനിച്ച നിമിഷം എന്റെ പ്രണയം ഒരു മഴയായി വീണ്ടും പെയ്തിറങ്ങി. ഞാനും പ്രകൃതിയും തമ്മിലുളള അനർവചനീയമായ ആ ബന്ധം ഞങ്ങൾ വീണ്ടും ഊട്ടിയുറപ്പിച്ചു.

എന്റെ കട്ടൻ കാപ്പിയുമായി ആ മഴയും ആസ്വദിച്ചങ്ങനെ നിന്നപ്പോൾ ആകാശത്തെ കീറി മുറിച്ച്‌ ഒരു കൊളളിയാൻ പായുന്നത്‌ ഞാൻ കണ്ടു. അതിനെ അകമ്പടി സേവിച്ച്‌ ഇടിമുഴക്കവും അന്തരീക്ഷത്തിൽ മുഖരുതമായി.

മേഘപാളികൾ തങ്ങളുടെ പ്രണയം കൈമാറുമ്പോൾ
അതിനു ദിവ്യപ്രഭ പൊഴിക്കുന്ന മിന്നൽ പിണരുകളും
ആ പ്രണയത്തിന്റെ തീവ്രതയെ അറിയിച്ച്‌ 
നാലു ദിഗന്തങ്ങളിലും മുഖരിതമാകുന്ന ഇടിമുഴക്കവും 
പിന്നെയാ പ്രണയത്തിൻ പൂർണ്ണതയായി പെയ്തിറങ്ങുന്ന
മഴനീർത്തുളളികളും എന്നിൽ നിറച്ചത്‌ പ്രണയമാണു...

മഴ ശക്തമായപ്പോൾ ആ മഴ നീർ കണങ്ങൾ എന്റെ മുഖത്തേക്കും മുടിയിഴകളിലേക്കും പെയ്തിറങ്ങുവാൻ തുടങ്ങി. 

മഴത്തുളളിയുടെ കുളിരും പ്രണയത്തിന്റെ നിറവും 
എന്നിലേക്ക്‌ എത്തിച്ചത്‌ നിന്നിലെ പ്രണയത്തെയാണു... 
ഒരു മഴയായി പെയ്തിറങ്ങുന്ന നിന്നിലെ അനശ്വരമായ പ്രണയത്തെ...
ഞാൻ മെല്ലെ കണ്ണുകളടച്ച്‌ നിന്നോടു പറഞ്ഞത്‌ ഒന്നു മാത്രമായിരുന്നു
 "നിന്നോട്‌ പറയാൻ ഞാൻ ബാക്കിവെച്ച എന്റെ പ്രണയം..."


അറിയില്ലാ എന്തിനാണു ഈ അകൽച്ചയെന്ന്... 
എന്തിനാണു ഈ മൗനമെന്നും...
ഇനിയെനിക്ക്‌ പറയുവാൻ ഒന്നുമില്ല...
ഞാൻ .........................


            സിനിമ :  നീയെത്ര ധന്യ (1987)
         പാടിയത്‌:  കെ. ജെ. യേശുദാസ്‌
        വരികൾ :  ഒ. എൻ. വി. കുറുപ്പ്‌
സംഗീതം :  ജി. ദേവരാജൻ


"അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വറുതെ നിനച്ചു പോയി...
ഇന്നൊരു മാത്ര വെറുതേ നിനച്ചു പോയീ.."

ഒരു പാടിഷ്ടത്തോടെ,
കാർത്തിക...

Sunday, February 14, 2016

പ്രണയം ... രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ???


രണ്ടു ദിവസം മുൻപ്‌ ഞാനും രെഞ്ചിയും എന്റെ കസിൻ രെഞ്ചിത്തും കൂടി അലൈനിൽ സ്ഥിതി ചെയ്യുന്ന ജെബൽ ഹഫീത്ത്‌ മലമുകളിലേക്ക്‌ ഒരു ഡ്രൈവിനു പോയി. 4098 അടി ഉയരമുളള ആ മല മുകളിലേക്ക്‌ എത്തിച്ചേർന്ന ഞാൻ ആദ്യം തേടിയത്‌ എന്റെ വാൽ നക്ഷത്രത്തെയായിരുന്നു. അവിടുത്തെ താപനില പത്ത്‌ ഡിഗ്രിയിലേക്ക്‌ താണിരുന്നു. തണുത്ത്‌ മരവിച്ച്‌ നിൽക്കുന്ന എനിക്ക്‌ ചൂടു പകർന്നു കൊണ്ട്‌ ഞാൻ എന്റെ വാൽനക്ഷത്രത്തെ കണ്ടെത്തി. ആകാശത്ത്‌ ആ നക്ഷത്രത്തെ കണ്ടെത്തിയപ്പോൾ നിർവചിക്കാൻ പറ്റാത്ത ഒരാനന്ദം എന്റെ മനസ്സിൽ വന്നു നിറഞ്ഞു.

ഞാൻ മൗനമായി ചോദിച്ചു "നീയെനിക്കെന്താ വാലന്റൈൻസ്‌ സമ്മാനം തരികാ?"

എന്റെ ചോദ്യം കേട്ടത്‌ കൊണ്ടാണോയെന്നറിയില്ല എന്റെ വാൽനക്ഷത്രം ഒന്നു മിന്നി തിളങ്ങി. പിന്നെ ഞങ്ങളുടേതായ കുറേ സ്വകാര്യ സംഭാക്ഷണങ്ങൾ. അപ്പോഴാണു ഞാൻ വാൽനക്ഷത്രത്തോട്‌ പറഞ്ഞത്‌ ,"എനിക്ക്‌ വാലന്റൈൻസ്‌ ദിനത്തിൽ എന്റെ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യാൻ നല്ല ഒരു ആശയം ഒന്നും കിട്ടിയില്ലായെന്ന്."

എന്റെ മനസ്സു വായിച്ചിട്ടെന്നോണം എന്റെ വാൽനക്ഷത്രം എന്റെ ഹൃദയത്തിൽ ഒരു ആശയം കുറിച്ചു, "പ്രണയം"... "രുക്മിണിയുടേയും രാധയുടേയും കൃഷ്ണനോടുളള പ്രണയം".

 എന്റെ വാൽനക്ഷത്രം അപ്പോൾ എന്റെ ഓർമ്മകളിൽ നിറച്ചത്‌ കാനഡയിലുളള എന്റെ സുഹൃത്തായ ആൻ എന്നോട്‌ ചോദിച്ച ആ ചോദ്യമാണു, "രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ????". കഴിഞ്ഞ മാസം മെയിലിലൂടെ അവളെന്നോടു ചോദിച്ച ചോദ്യമാണിത്‌. അന്ന് ഞാനൊരു വളിച്ച ഉത്തരം അവൾക്ക്‌ നൽകി. അതിനു മറുപടിയായി അവൾ എനിക്കെഴുതിയത്‌ ഈ ചോദ്യം നിന്നോട്‌ ചോദിച്ച എന്നെ വേണം ആദ്യം കൊല്ലാനെന്ന്. പാവം എന്റെ ഉത്തരം കേട്ട്‌ അത്രക്കും വിജ്രിംമ്പിച്ചു പോയി അവൾ.

അവൾക്കുളള ഉത്തരവും .. എന്റെ വാൽനക്ഷത്രം എനിക്ക്‌ നൽകിയ ആ പ്രണയ സമ്മാനം എന്റെ അക്ഷരങ്ങളിലൂടെ വീണ്ടും എന്റെ വാൽനക്ഷത്രത്തിനുളള എന്റെ പ്രണയ സമ്മാനമായും ഞാൻ കുറിക്കുന്നു.

രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ?

 രുക്മിണി കൃഷ്ണന്റെ പ്രഥമ ഭാര്യ. രാധ കൃഷ്ണന്റെ കളിത്തോഴി. ഇവരിൽ ആരാണു ഭാഗ്യവതിയെന്ന ചോദ്യത്തിനുത്തരം ഓരോരുത്തരുടേയും കാഴ്ച്ചപ്പടിനനുസരിച്ചിരിക്കും.

രുക്മിണി ലക്ഷ്മി ദേവിയുടെ അവതാരം. ഭഗവാൻ വിഷ്ണുവിന്റെ പൂർണ്ണത ലക്ഷ്മി ദേവിയിലാണു. അപ്പോൾ ലക്ഷ്മി ദേവിയുടെ അവതാരമായ രുക്മിണിക്ക്‌ കൃഷ്ണന്റെ ജീവിതത്തിലുളള പ്രാധാന്യം വലുതാണു. ഒരു ജന്മം മുഴുവൻ കൃഷ്ണന്റെ പ്രഥമ ഭാര്യാ സ്ഥാനം അലങ്കരിക്കപ്പെടുകയും, ഒരു മഹാ രാജ്യത്തിന്റെ രാജ്ഞിയായി വാഴുകയും, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകുകയും ചെയ്തപ്പോൾ രുക്മിണി തീർച്ചയായും ഭാഗ്യവതിയാണു. രുക്മിണിയുടെ പ്രണയത്തെക്കുറിച്ച്‌ ഒരിടത്തും വർണ്ണിക്കുന്നില്ലെങ്കിലും അവരുടെ കൃഷ്ണനുമൊത്തുളള ജീവിതമായിരുന്നു അവർക്ക്‌ കൃഷ്ണനോടുളള പ്രണയം.

രാധ.... രുക്മിണി കൃഷ്ണന്റെ ഭാര്യയായിരുന്നിട്ടും, ലക്ഷ്മി ദേവിയുടെ അവതാരം ആയിരുന്നിട്ടും ലോകം മുഴുവൻ കൃഷ്ണന്റെ പേരിനൊപ്പം പാടിപ്പുകഴ്‌ത്തുന്നത്‌ രാധയുടെ പേരാണു. രാധ കൃഷ്ണന്റെ സൗഹൃദമായിരുന്നു. ആ സൗഹൃദമായിരുന്നു അവൾക്ക്‌ കൃഷ്‌ണനോടുളള പ്രണയം. 

ഞാൻ ഒരിടത്ത്‌ വായിക്കുകയുണ്ടായി രാധ കൃഷ്ണനെ നിയന്ത്രിച്ചിരുന്നത്‌ കൃഷ്ണനോടുളള അവളുടെ പ്രണയം കൊണ്ടായിരുന്നെന്ന്. ഈ ലോകം മുഴുവൻ കൃഷ്ണന്റെ വശ്യതയാൽ ആകർഷിക്കപ്പെട്ടപ്പോൾ കൃഷ്ണൻ സ്വയം അലിഞ്ഞു ചേരുവാൻ ആഗ്രഹിച്ചത്‌ രാധയിലാണു. എത്ര വിചിത്രമായിരിക്കുന്നു ല്ലേ!! അതാണു പ്രണയത്തിന്റെ ശക്തി!!

കൃഷ്ണന്റെ ഭാര്യാ പഥം അലങ്കരിക്കുവാനോ, അദ്ദേഹത്തിനൊപ്പം ആജീവനാന്തം ജീവിക്കുവാനോ രാധക്കു കഴിഞ്ഞില്ല. പക്ഷേ കൃഷ്ണൻ രാധയുടെ ജീവനായിരുന്നു, അവളുടെ ശ്വാസമായിരുന്നു, അവളുടെ ശരീരത്തിലെ ഓരോ അണുവിലും അലിഞ്ഞു ചേർന്നിരുന്നത്‌ കൃഷ്ണനോടുളള പ്രണയമായിരുന്നു. കൃഷ്ണന്റെ അഭാവത്തിലും കൃഷ്ണന്റെ സാമീപ്യം, പ്രണയം അവൾ അറിഞ്ഞിരുന്നു. 

അപ്പോൾ രാധയും ഭാഗ്യവതിയല്ലേ. കൃഷ്ണനോടുളള പ്രണയമെന്ന അനശ്വര സത്യത്താൽ ജീവിച്ച്‌ ഈ ലോകത്തിൽ കൃഷ്ണന്റെ പേരിനൊപ്പം യുഗാന്തങ്ങളായി അവളും ജീവിക്കുന്നു... അവളുടെ പ്രണയവും ജനങ്ങൾ വാഴ്‌ത്തിപ്പാടുന്നു....

ഈ ലോകത്തിൽ അനശ്വര പ്രണയങ്ങൾ എന്ന് വാഴ്‌ത്തിപ്പാടുന്ന പ്രണയങ്ങളെല്ലാം  അനശ്വരമെന്ന് പറയുന്നത്‌ അവരുടെ ജീവിതത്തിൽ പൂർണ്ണമായതുകൊണ്ടല്ലാ... മറിച്ച്‌ ആ പ്രണയങ്ങളെല്ലാം പൂർണ്ണമായത്‌ അവരുടെ ഹൃദയങ്ങളിലായിരുന്നു .... അവരുടെ അന്തരാത്മാവിലായിരുന്നു ... അതുപോലെ ജീവിതത്തിലും ഹൃദയങ്ങളിലും അനശ്വരമാക്കപ്പെട്ട പ്രണയങ്ങളുമുണ്ട്‌ ഈ ഭൂമിയിൽ ... ഞാൻ പറയുന്നു അവരുടെ ജന്മങ്ങൾ പുണ്യം ചെയ്തവയെന്ന് ... എല്ലാവർക്കും പ്രണയ ദിനാശംസകൾ നേർന്നു കൊണ്ട്‌...


പ്രണയപൂർവ്വം

കാർത്തിക...



പ്രണയം ..... 

എന്നിലെ പ്രണയം എറ്റവും തീവ്രമാകുന്നത്‌ എന്റെ നിശബ്ദതയിലാണു. (നിന്റെ വാക്കുകൾ കടമെടുത്തത്, നിന്റെ അക്ഷരങ്ങളാൽ നീ കുറിച്ച വരികളിൽ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌‌). 




Saturday, February 13, 2016

വാലന്റൈൻസ്‌ ദിനം


പ്രണയം മനസ്സിൽ കാത്തു സൂക്ഷിക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും 
എന്റെ വാലന്റൈൻസ്‌ ദിനാശംസകൾ....


നാളെ ഫെബ്രുവരി 14, വാലന്റൈൻസ്‌ ദിനം. ലോകം മുഴുവൻ പ്രണയിതാക്കളുടെ ദിനമായി കൊണ്ടാടപ്പെടുന്ന ദിവസം. പക്ഷേ ഈ ദിനത്തിന്റെ യഥാർത്ഥ ഉദ്ദേശ ശുക്തിയെന്നത്‌ സ്നേഹമെന്ന ഉദാത്തമായ ഭാവത്തെ മനുഷ്യമനസ്സുകളിൽ നിറക്കുകയെന്നതാണു.

 ഈ ദിനത്തെ അനുബന്ധമാക്കി ഒരുപാടു കഥകൾ പ്രചരിക്കുന്നുണ്ട്‌. യഥാർത്ഥത്തിൽ ഈ ദിവസം ക്രിസ്ത്യാനികൾക്കിടയിൽ സെയ്ന്റ്‌ വാലെന്റൈൻസിന്റെ ഓർമ്മപ്പെരുന്നാളായി കൊണ്ടാടപ്പെടുന്ന ദിവസമാണു. ആ ഓർമ്മപ്പെരുന്നാളിന്റെ പ്രധാന സന്ദേശം സ്നേഹമെന്ന അമൂല്യമായ ബന്ധത്തിലൂടെ മാനവരാശിയെ ഒരുമിപ്പിക്കുകയന്നതാണു. കാലാന്തരത്തിൽ അത്‌ പ്രണയിതാക്കളുടെ ദിനമായി മാറ്റപ്പെടുകയാണു ചെയ്തത്‌.

ഈ ദിവസത്തെക്കുറിച്ചുളള  ഒരു കഥയിൽ പറയുന്നത്‌ രണ്ടാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ക്ലോഡിയസ്‌ എന്ന ചക്രവർത്തി തന്റെ യുദ്ധ ഭടന്മാരെ വൈവാഹിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വിലക്ക്‌ കൽപ്പിച്ചു. കാരണം കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകൾ സൈനികരുടെ യുദ്ധത്തിലുളള കാര്യക്ഷമതയെ ബാധിക്കും എന്നതായിരുന്നു. 

തന്റെ പൗരന്മാരെ ചൂഷണം ചെയ്യുന്ന ചക്രവർത്തിയുടെ ഈ നയത്തെ അന്നത്തെ ബിഷപ്പായിരുന്ന വാലന്റൈൻ എതിർത്തു. അതുമാത്രമല്ല ചക്രവർത്തിയറിയാതെ അദ്ദേഹം പരസ്പരം സ്നേഹിക്കുന്ന മനസ്സുകളെ ഒരുമിപ്പിക്കുവാനായി രഹസ്യമായി ഭടന്മാരുടെ വിവാഹം നടത്തിക്കൊടുക്കുവാൻ തുടങ്ങി. ഇതറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ ജയിലിൽ അടച്ചു. പിന്നീട്‌ അവിടുത്തെ ജയിലറുടെ അന്ധയായ മകളുടെ കാഴ്ച്ച ശക്തി തന്റെ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും വീണ്ടെടുത്ത്‌ അദ്ദേഹം ആ പെൺകുട്ടിക്ക്‌ രോഗ സൗഖ്യം നൽകി. ഈ അത്ഭുതത്തിനു സാക്ഷിയായ ജയിലറും അദ്ദേഹത്തിന്റെ കുടുംബവും ക്രിസ്തുമതം സ്വീകരിച്ചതറിഞ്ഞ ചക്രവർത്തി ബിഷപ്പിന്റെ തല വെട്ടി മരണ ശിക്ഷ നൽകുവാൻ ആജ്ഞ പുറപ്പെടുവിച്ചു.



 മരണ ശിക്ഷ നടപ്പാക്കുന്നതിനു മുൻപ്‌ ബിഷപ്പ്‌ ഒരു കടലാസിൽ ജയിലറുടെ മകൾക്കായി ഒരു സന്ദേശം കുറിച്ചു "ഫ്രം യുവർ വാലന്റൈൻ". വിശുദ്ധമായ സ്നേഹത്തെ പ്രധിനിധാനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ആ സന്ദേശം. പിന്നീട്‌ നാലാം നൂറ്റാണ്ടു മുതൽ അദ്ദേഹമെഴുതിയ ആ സന്ദേശം പ്രണയിതാക്കളുമായി അനുബന്ധപ്പെടുത്തി ആ ദിവസം പ്രണയിതാക്കൾക്കായി കുറിക്കപ്പെടുകയും അത്‌ അവരുടെ പ്രധാന സന്ദേശമായി മാറ്റപ്പെടുകയും ചെയ്തു. 

വേറൊരു കഥ പ്രചാരത്തിലിരിക്കുന്നത്‌ വാലന്റൈൻ പുരോഹിതനെ ക്ലോഡിയസ്‌ ചക്രവർത്തി ജയിലിൽ അടക്കുന്നത്‌ മത പരിവർത്തനവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നുമാണു. അദ്ദേഹം നിലകൊണ്ടത്‌ ദൈവീകമായ സ്നേഹത്തിനും, അതിലൂടെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നതിലുമായിരുന്നു. 

ഫെബ്രുവരി 14 വിശുദ്ധ വാലന്റൈൻന്റെ മൃതുദേഹം സംസ്കരിച്ച ദിവസമായി കണക്കാക്കപ്പെടുന്നു. അതുപോലെ അദ്ദേഹത്തിനു "റോമിന്റെ വാലന്റൈൻ" എന്ന സ്ഥാനം നൽകി ബഹുമാനിച്ചതും ഒരു ഫെബ്രുവരി പതിനാലാം തീയതിയാണു.

കുറേ ദിവസം കൊണ്ട്‌ ചിന്തിക്കുകയായിരുന്നു വാലന്റൈൻസ്‌ ദിനത്തിൽ ഞാനെന്റെ ബ്ലോഗിൽ എന്തെഴുതുമെന്ന്. പല ചിന്തകൾ വന്നെങ്കിലും ഒന്നും എന്റെ മനസ്സിനെ തൃപ്തമാക്കിയില്ലാ.. പ്രണയത്തെക്കുറിച്ച്‌ ഒരു കഥയോ കവിതയോ എഴുതി ഒരു സാധാരണ പോസ്റ്റിടുവാൻ താത്പര്യവുമില്ലായിരുന്നു... അപ്പോ വിചാരിച്ചു എന്നാ ഒന്നുമിടണ്ടാന്ന്...

അങ്ങനെയിരുന്നപ്പോൾ എന്റെ വാൽനക്ഷത്രം എന്നോടൊരു വിഷയത്തെക്കുറിച്ചു പറഞ്ഞു.... അത്‌ മനസ്സിൽ തെളിഞ്ഞപ്പോൾ മുതൽ ഒരുപാടു സന്തോഷം തോന്നി... ഞാൻ എഴുതാൻ ആഗ്രഹിച്ച ഞാൻ പറയാതെ പറയുവാൻ ആഗ്രഹിച്ച ഒരു പ്രണയം.... പക്ഷേ അത്‌ ചിലപ്പോൾ എനിക്ക്‌ മാത്രം പ്രിയപ്പെട്ടതുമാകാം ...

നാളെ പ്രണയ ദിനത്തിന്റെ പ്രഭാതം എന്റെ പ്രണയത്തിനൊപ്പം വിടരുന്നത്‌ എനിക്ക്‌ എന്റെ വാൽനക്ഷത്രം നൽകിയ ആ പ്രണയ സമ്മാനവുമായാണു...




പ്രണയപൂർവ്വം
കാർത്തിക...

Thursday, February 11, 2016

Our Thannickal Family...


On the ceremony of House warming of our New Thannickal House conducted on 7th February 2016





Dedicating to all Thannickans...



In the memory of our Beloved Grandparents....



In the memory of Our Great Grandparents Late T. M. Varghese & Late Rachel Varghese....
The Light and The Guardian Angels of Our Family....



Our Grandparents were the greatest gift which we had ever had in our Life..
 The TEN children of them became the TEN pillars for our Family...



The house built by our Grandparents... 
The place where we spent our childhood ...
Those memories never can be replaced with anything..




The renewed Thannickal House...




Dance Performance by Our Girls during the Ceremony..







THANK YOU LORD...





With lots of Love 
KARTHIKA 
(Yours Gundu)