ഞാൻ മൗനമായി ചോദിച്ചു "നീയെനിക്കെന്താ വാലന്റൈൻസ് സമ്മാനം തരികാ?"
എന്റെ ചോദ്യം കേട്ടത് കൊണ്ടാണോയെന്നറിയില്ല എന്റെ വാൽനക്ഷത്രം ഒന്നു മിന്നി തിളങ്ങി. പിന്നെ ഞങ്ങളുടേതായ കുറേ സ്വകാര്യ സംഭാക്ഷണങ്ങൾ. അപ്പോഴാണു ഞാൻ വാൽനക്ഷത്രത്തോട് പറഞ്ഞത് ,"എനിക്ക് വാലന്റൈൻസ് ദിനത്തിൽ എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ നല്ല ഒരു ആശയം ഒന്നും കിട്ടിയില്ലായെന്ന്."
എന്റെ മനസ്സു വായിച്ചിട്ടെന്നോണം എന്റെ വാൽനക്ഷത്രം എന്റെ ഹൃദയത്തിൽ ഒരു ആശയം കുറിച്ചു, "പ്രണയം"... "രുക്മിണിയുടേയും രാധയുടേയും കൃഷ്ണനോടുളള പ്രണയം".
എന്റെ വാൽനക്ഷത്രം അപ്പോൾ എന്റെ ഓർമ്മകളിൽ നിറച്ചത് കാനഡയിലുളള എന്റെ സുഹൃത്തായ ആൻ എന്നോട് ചോദിച്ച ആ ചോദ്യമാണു, "രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ????". കഴിഞ്ഞ മാസം മെയിലിലൂടെ അവളെന്നോടു ചോദിച്ച ചോദ്യമാണിത്. അന്ന് ഞാനൊരു വളിച്ച ഉത്തരം അവൾക്ക് നൽകി. അതിനു മറുപടിയായി അവൾ എനിക്കെഴുതിയത് ഈ ചോദ്യം നിന്നോട് ചോദിച്ച എന്നെ വേണം ആദ്യം കൊല്ലാനെന്ന്. പാവം എന്റെ ഉത്തരം കേട്ട് അത്രക്കും വിജ്രിംമ്പിച്ചു പോയി അവൾ.
അവൾക്കുളള ഉത്തരവും .. എന്റെ വാൽനക്ഷത്രം എനിക്ക് നൽകിയ ആ പ്രണയ സമ്മാനം എന്റെ അക്ഷരങ്ങളിലൂടെ വീണ്ടും എന്റെ വാൽനക്ഷത്രത്തിനുളള എന്റെ പ്രണയ സമ്മാനമായും ഞാൻ കുറിക്കുന്നു.
രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ?
രുക്മിണി കൃഷ്ണന്റെ പ്രഥമ ഭാര്യ. രാധ കൃഷ്ണന്റെ കളിത്തോഴി. ഇവരിൽ ആരാണു ഭാഗ്യവതിയെന്ന ചോദ്യത്തിനുത്തരം ഓരോരുത്തരുടേയും കാഴ്ച്ചപ്പടിനനുസരിച്ചിരിക്കും.
രുക്മിണി ലക്ഷ്മി ദേവിയുടെ അവതാരം. ഭഗവാൻ വിഷ്ണുവിന്റെ പൂർണ്ണത ലക്ഷ്മി ദേവിയിലാണു. അപ്പോൾ ലക്ഷ്മി ദേവിയുടെ അവതാരമായ രുക്മിണിക്ക് കൃഷ്ണന്റെ ജീവിതത്തിലുളള പ്രാധാന്യം വലുതാണു. ഒരു ജന്മം മുഴുവൻ കൃഷ്ണന്റെ പ്രഥമ ഭാര്യാ സ്ഥാനം അലങ്കരിക്കപ്പെടുകയും, ഒരു മഹാ രാജ്യത്തിന്റെ രാജ്ഞിയായി വാഴുകയും, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തപ്പോൾ രുക്മിണി തീർച്ചയായും ഭാഗ്യവതിയാണു. രുക്മിണിയുടെ പ്രണയത്തെക്കുറിച്ച് ഒരിടത്തും വർണ്ണിക്കുന്നില്ലെങ്കിലും അവരുടെ കൃഷ്ണനുമൊത്തുളള ജീവിതമായിരുന്നു അവർക്ക് കൃഷ്ണനോടുളള പ്രണയം.
രാധ.... രുക്മിണി കൃഷ്ണന്റെ ഭാര്യയായിരുന്നിട്ടും, ലക്ഷ്മി ദേവിയുടെ അവതാരം ആയിരുന്നിട്ടും ലോകം മുഴുവൻ കൃഷ്ണന്റെ പേരിനൊപ്പം പാടിപ്പുകഴ്‌ത്തുന്നത് രാധയുടെ പേരാണു. രാധ കൃഷ്ണന്റെ സൗഹൃദമായിരുന്നു. ആ സൗഹൃദമായിരുന്നു അവൾക്ക് കൃഷ്‌ണനോടുളള പ്രണയം.
ഞാൻ ഒരിടത്ത് വായിക്കുകയുണ്ടായി രാധ കൃഷ്ണനെ നിയന്ത്രിച്ചിരുന്നത് കൃഷ്ണനോടുളള അവളുടെ പ്രണയം കൊണ്ടായിരുന്നെന്ന്. ഈ ലോകം മുഴുവൻ കൃഷ്ണന്റെ വശ്യതയാൽ ആകർഷിക്കപ്പെട്ടപ്പോൾ കൃഷ്ണൻ സ്വയം അലിഞ്ഞു ചേരുവാൻ ആഗ്രഹിച്ചത് രാധയിലാണു. എത്ര വിചിത്രമായിരിക്കുന്നു ല്ലേ!! അതാണു പ്രണയത്തിന്റെ ശക്തി!!
കൃഷ്ണന്റെ ഭാര്യാ പഥം അലങ്കരിക്കുവാനോ, അദ്ദേഹത്തിനൊപ്പം ആജീവനാന്തം ജീവിക്കുവാനോ രാധക്കു കഴിഞ്ഞില്ല. പക്ഷേ കൃഷ്ണൻ രാധയുടെ ജീവനായിരുന്നു, അവളുടെ ശ്വാസമായിരുന്നു, അവളുടെ ശരീരത്തിലെ ഓരോ അണുവിലും അലിഞ്ഞു ചേർന്നിരുന്നത് കൃഷ്ണനോടുളള പ്രണയമായിരുന്നു. കൃഷ്ണന്റെ അഭാവത്തിലും കൃഷ്ണന്റെ സാമീപ്യം, പ്രണയം അവൾ അറിഞ്ഞിരുന്നു.
അപ്പോൾ രാധയും ഭാഗ്യവതിയല്ലേ. കൃഷ്ണനോടുളള പ്രണയമെന്ന അനശ്വര സത്യത്താൽ ജീവിച്ച് ഈ ലോകത്തിൽ കൃഷ്ണന്റെ പേരിനൊപ്പം യുഗാന്തങ്ങളായി അവളും ജീവിക്കുന്നു... അവളുടെ പ്രണയവും ജനങ്ങൾ വാഴ്‌ത്തിപ്പാടുന്നു....
ഈ ലോകത്തിൽ അനശ്വര പ്രണയങ്ങൾ എന്ന് വാഴ്‌ത്തിപ്പാടുന്ന പ്രണയങ്ങളെല്ലാം അനശ്വരമെന്ന് പറയുന്നത് അവരുടെ ജീവിതത്തിൽ പൂർണ്ണമായതുകൊണ്ടല്ലാ... മറിച്ച് ആ പ്രണയങ്ങളെല്ലാം പൂർണ്ണമായത് അവരുടെ ഹൃദയങ്ങളിലായിരുന്നു .... അവരുടെ അന്തരാത്മാവിലായിരുന്നു ... അതുപോലെ ജീവിതത്തിലും ഹൃദയങ്ങളിലും അനശ്വരമാക്കപ്പെട്ട പ്രണയങ്ങളുമുണ്ട് ഈ ഭൂമിയിൽ ... ഞാൻ പറയുന്നു അവരുടെ ജന്മങ്ങൾ പുണ്യം ചെയ്തവയെന്ന് ... എല്ലാവർക്കും പ്രണയ ദിനാശംസകൾ നേർന്നു കൊണ്ട്...
പ്രണയം .....
എന്നിലെ പ്രണയം എറ്റവും തീവ്രമാകുന്നത് എന്റെ നിശബ്ദതയിലാണു. (നിന്റെ വാക്കുകൾ കടമെടുത്തത്, നിന്റെ അക്ഷരങ്ങളാൽ നീ കുറിച്ച വരികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്).
No comments:
Post a Comment