പ്രണയിച്ചു വിവാഹം കഴിക്കണമെന്നായിരുന്നു ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്ന്. എന്റെ അപ്പന്റെ സ്വഭാവം അറിയാമായിരുന്നിട്ടും പ്രണയത്തിന്റെ കാര്യം പറഞ്ഞു ചെന്നാൽ പുളളി മരത്തേൽ കെട്ടിയിട്ട് അടിക്കുമെന്ന പൂർണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും എനിക്ക് പ്രണയിച്ച് തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം.
പലരേയും വായിൽ നോക്കിയെങ്കിലും പക്ഷേ പ്രണയിക്കാൻ പറ്റിയ ഒറ്റയൊരാളേയും കണ്ടുകിട്ടിയില്ല. എന്നാ പ്രണയക്കാമെന്ന് തോന്നിയ ആൾക്കാരൊക്കെ കല്യാണം കഴിച്ചവരുമായിരുന്നു. അങ്ങനെ പ്രണയം എന്ന പണി എനിക്ക് പറ്റിയതല്ലെന്ന് മനസ്സിലായതോടെ എനിക്ക് കല്യാണം വേണ്ടായെന്ന മുദ്രാവാക്യവുമായി ഞാൻ കളത്തിലിറങ്ങി. അത് അറിഞ്ഞതോടെ എന്റെ വീട്ടുകാരും കുടുംബക്കാരും എന്നെ ഓടിച്ചിട്ട് കെട്ടിക്കുവാൻ തീരുമാനിച്ചു.
ഓരൊരുത്തരായി എന്നെ ഉപദേശിക്കുവാൻ എത്തിത്തുടങ്ങി.
ഉപദേശം നംബർ 1: മോളെ ഇപ്പോ നിനക്ക് കല്യാണം വേണ്ടന്നൊക്കെ തോന്നും. അത് ചോരത്തിളപ്പിന്റേയാ.
ഉ.ന.2: നാട്ടുകാരു ഓരോന്ന് പറഞ്ഞുണ്ടാക്കും അത് ഈ കുടുംബത്തിലെ മറ്റു പെൺകുട്ടികളേക്കൂടി ബാധിക്കും.
ഉ.ന.3: നീ ജീവിത കാലം മുഴുവൻ തനിച്ചു താമസിക്കേണ്ടി വരും.
Etc.... etc...
അവസാനം ഞാൻ മുട്ടുമടക്കി കല്യാണാലോചന തുടങ്ങി. എന്റെ ഉദ്ദേശ്യം വരുന്ന ആലോചനയൊക്കെ ഇഷ്ടാമില്ലായെന്ന് പറഞ്ഞ് ഒഴിവാക്കാനായിരുന്നു.
ആദ്യ പെണ്ണുകാണൽ
താത്പര്യമില്ലാഞ്ഞിട്ടും ഞാൻ അവരുടെ മുൻപിൽ പോയി നിന്നു. ഞാൻ ആദ്യമേ എല്ലാവരോടുമായിട്ട് പറഞ്ഞു ഞാൻ കാപ്പിയും കൊണ്ടൊന്നും ആരുടേയും മുൻപിൽ പോകില്ലെന്ന്. അതുകൊണ്ട് എന്റെ അന്റിമാരായിരുന്നു കാപ്പി സപ്പ്ലൈ. പിന്നെ ഒരു ചടങ്ങുണ്ടല്ലോ ചെറുക്കനും പെണ്ണും സംസാരിക്കുന്ന ചടങ്ങ്. എനിക്കിപ്പോഴും മനസ്സിലാകാത്തത് ആ രണ്ട് മിനിട്ട് അവരു തമ്മിൽ സംസാരിച്ചാൽ എന്തു കിട്ടുമെന്നാണു , പരസ്പരം എന്ത് അറിയുവാൻ പറ്റുമെന്നാണു.
എന്താണേലും ഞാനും നിർബന്ധത്തിനു വഴങ്ങി ആ ചടങ്ങിന്റെ ഭാഗവാക്കായി. ഞാനും ആ ചെക്കനും മാത്രം മുറിയിൽ. ഞാൻ നോക്കിയപ്പോൾ ചെക്കൻ നിന്ന് വിയർക്കുകയാണു. അയാളുടെ ടെൻഷൻ കണ്ടപ്പോൾ മനസ്സിലായി അയാൾ ഒന്നും സംസാരിക്കുവാൻ പോകുന്നില്ലായെന്ന്. അങ്ങനെ ഞാൻ തന്നെ സംസാരിക്കുവാൻ തീരുമാനിച്ചു. എന്റെ ആദ്യ ചോദ്യം,
"എന്താ ഇയാൾക്ക് ടെൻഷനാ?"
എന്റെ ചോദ്യം കേട്ടതും ഒരു സുമാറു ചിരി ചിരിച്ചുകൊണ്ട് ഓൻ പറഞ്ഞു, "അതെ.. ചെറിയ ടെൻഷൻ. ഇതാദ്യമായിട്ടാണേ പെണ്ണു കാണുന്നത്." അയാളുടെ ആ നിഷ്കളങ്കത്വം എനിക്കൊരുപാടിഷ്ടപ്പെട്ടു.
ഞാൻ വീണ്ടും പറഞ്ഞു, "പേടിക്കുകയൊന്നും വേണ്ടാ. ധൈര്യായിട്ടിരിക്ക്."
പാവം പയ്യൻ ... ഞാനപ്പോഴേ ഉറപ്പിച്ചു ഇയാൾക്ക് ഒരു പൂച്ചക്കുട്ടി പോലത്തെ പെൺകുട്ടിയേ ചേരുകയുള്ളൂ. ഞാനൊന്നും ആ പാവത്തിനു പറ്റിയതല്ലെന്ന്. അങ്ങനെ അത് റിജെക്റ്റെഡ്. അങ്ങനെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് ചെറുക്കനു ധൈര്യം കൊടുത്തുകൊണ്ട് ഉത്ഘാടിച്ചു.
വീണ്ടും ഒരാളുടെ മുൻപിൽ കൂടി ഈ സംസാര ചടങ്ങിനായി പോയി. അതും പരമ ബോറായപ്പോൾ ഞാൻ പ്രഖ്യാപിച്ചു ഈ സംസാരമില്ലാത്ത പെണ്ണുകാണലിനാണെങ്കിലേ ഞാനുള്ളൂന്ന്. അവർക്ക് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു കാരണം എന്നെ കെട്ടിച്ചു വിടണമല്ലോ.
എല്ലാ കല്യാണങ്ങളും എനിക്കിഷ്ടപ്പെട്ടില്ലായെന്ന് പറഞ്ഞുളള എന്റെ ഉഴപ്പു മനസ്സിലാക്കിയ എന്റെ അപ്പൻ എന്നോട് പറഞ്ഞു നിന്നെ പെണ്ണുകാണാൻ വരുന്നവർക്ക് പലഹാരം മേടിച്ച് എന്റെ പൈസ നീ മുടിപ്പിക്കുകയാ നിനക്ക് സമ്മതമില്ലെങ്കിൽ നിന്റെ അനിയത്തിയുടെ കല്യാണം നടത്തുവാൻ പോവുകയാണെന്നു പറഞ്ഞു.
അപ്പോൾ എന്റെ അനിയത്തിമാരു എന്റെയടുത്ത് വന്ന് പറഞ്ഞു നീ കല്യാണം കഴിച്ചില്ലെങ്കിൽ ഞങ്ങൾക്ക് നല്ല ആലോചനകൾ ഒന്നും വരത്തില്ല. നീ ഞങ്ങളുടെ ഭാവി നശിപ്പിക്കരുതെന്ന്. അവരെ പറഞ്ഞിട്ട് കാര്യമുണ്ടോ മ്മടെ നാട്ടുകാരല്ലേ ഒരു പെണ്ണു കല്യാണം കഴിക്കാതെ നിന്നാൽ അവരു പറയണ കാര്യങ്ങൾ ഇതൊക്കെയാണു,
1. അവൾക്ക് ലൈനൊണ്ട്.
2. അവൾക്ക് വയറ്റിലൊണ്ട്.
3. അവൾക്ക് എന്തോ മാറാ രോഗമുണ്ട്.
ഇല്ലാത്ത ഇത്രയും കാര്യങ്ങൾ നാട്ടുകാർ ഉണ്ടാക്കുമ്പോൾ കല്യാണം വേണ്ടന്ന് വെച്ച ആരും കല്യ്യാണം കഴിച്ചു പോകും.
എന്റെ രെഞ്ചിക്കിട്ട് കിട്ടേണ്ടുന്ന പണിയുമായി ഞാൻ ആരു വന്നാലും കല്യാണം കഴിക്കുവാൻ തീരുമാനിച്ചു. ആ നറുക്ക് വീണത് എന്റെ രെഞ്ചിക്കും. അയാളെ ആദ്യം കണ്ടപ്പോൾ ഒരു അശരീരി പോലെ ഒന്നു മുഴങ്ങി "ആളൊരു പാവാണു."
അത് അയാളുടെ ആദ്യ ചോദ്യത്തിൽ നിന്നു തന്നെ മനസ്സിലായി, "ഡിഗ്രിക്ക് എത്ര മാർക്കുണ്ടായിരുന്നു."
എനിക്ക് ആ ചോദ്യം കേട്ടിട്ടു ചിരിവന്നു. കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ രെഞ്ചിയൊടു ചോദിച്ചു ഇങ്ങൾക്ക് ഈ ചോദ്യം മാത്രമേ എന്നോട് ചോദിക്കാനുണ്ടായിരുന്നുളളൂ.
അതിനു രെഞ്ചി മറുപടി പറഞ്ഞത്, " ഒരു പെണ്ണുകാണലിനു ഒരു പളളിപ്പെരുന്നാളിന്റെ ആളു നിങ്ങടെ വീട്ടിൽ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ലാ. അവരെ കണ്ടപ്പോഴേ എന്റെ ഗ്യാസ്സ് പോയി. എന്നാ തനിച്ച് സംസാരിക്കാമെന്ന് വെച്ചപ്പോൾ നിനക്ക് താത്പര്യവുമില്ലാ. അപ്പോ വായിൽ വന്നത് ആ ചോദ്യമായിരുന്നു. അത്രയും പെണ്ണുങ്ങളുടെ ഇടയ്ക് നിന്നേപ്പോലും ഞാൻ നേരെ ചൊവ്വേ കണ്ടില്ലാ."
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കല്യാണം നടത്തുന്നതിനു ഞാൻ സമ്മതിച്ചു. അതു കേൾക്കേണ്ട താമസം ഒരാഴ്ച്ചക്കുള്ളിൽ അവരെന്റെ കല്യാണം നടത്തി.
കല്യാണം കഴിഞ്ഞപ്പോൾ ഞാൻ രെഞ്ചിയൊടു പറഞ്ഞു ഞാൻ കല്യാണം കഴിക്കാൻ ഇരുന്ന വ്യക്തിയൊന്നുമല്ലായിരുന്നുവെന്ന്. അപ്പോളാണു രെഞ്ചി പറയുന്നത് രെഞ്ചിയുടെ സ്വപ്നത്തിലുളള പെണ്ണു നല്ല പൊക്കമുളള , മെലിഞ്ഞിട്ട് സുന്ദരിയായ പെണ്ണു ആയിരുന്നുവെന്ന്. ഇതിൽ സൗന്ദര്യമൊഴിച്ച് ( എന്റെ ആത്മവിശ്വാസം) ബാക്കി രണ്ടും എനിക്കില്ലായിരുന്നത് കൊണ്ട് രെഞ്ചിക്കും ഈ കല്യാണത്തിനു താത്പര്യമില്ലായിരുന്നുവത്രേ. പിന്നെ അയാളുടെ മാതാപിതാക്കൾക്ക് എന്നെ ഇഷ്ടപ്പെട്ടു അവരുടെ നിർബന്ധം കൊണ്ടായിരുന്നു പാവം ഈ കല്യാണത്തിനു സമ്മതിച്ചത്.
പിന്നെ എനിക്ക് കുട്ട്യോളും ഉണ്ടാകാതായപ്പോൾ ഞാനെന്റെ രെഞ്ചിയൊട് പറഞ്ഞു. ഇങ്ങടെ മനസ്സിനു ഇഷ്ടപ്പെട്ട ഒരു പെണ്ണിനെ ഇങ്ങളു കണ്ടു പിടിച്ചോളീൻ ഞാൻ ഇങ്ങടെ കല്യാണം നടത്തിത്തരാമെന്ന്. പാവം എന്റെ രെഞ്ചി ഞാൻ കാരണം അയാളുടെ സ്വപ്നങ്ങളും ഇല്ലാണ്ടായി.
എന്താണെങ്കിലും കല്യാണോം പരിപാടിയുമൊന്നും എനിക്ക് പറഞ്ഞിട്ടുളള കര്യമല്ലായെന്ന് എനിക്കും മനസ്സിലായി...
നല്ല നല്ല പ്രതീക്ഷകളും സ്വപ്നങ്ങളുമായി തുടരുന്നൂ ഈ യാത്ര...
കാർത്തിക...
No comments:
Post a Comment