My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, December 30, 2017

ജീവിതമെന്ന വർണ്ണച്ചിത്രം ...

ഒരു പ്രണയം പൂർണ്ണമാകുന്നത്‌ തന്നിലെ പ്രണയത്തെ 
പൂർണ്ണ മനസ്സോടുകൂടി മറ്റൊരാൾ അംഗീകരിക്കുമ്പോഴാണോ!!! 
അതോ ആ പ്രണയത്തെ മറ്റൊരാൾ തിരസ്കരിച്ചിട്ടും 
ആ പ്രണയത്തിന്റെ നന്മയെ ആത്മാവിനാൽ അറിഞ്ഞുകൊണ്ട്‌
 തന്റെ നെഞ്ചോട്‌ ചേർത്ത്‌ നിർത്തുവാൻ കഴിയുമ്പോഴാണോ!!!


ജീവിതമെന്ന കാൻവാസിൽ കാലം വരച്ചിട്ട വർണ്ണ ചിത്രങ്ങൾക്ക്‌ 
പൂർണ്ണതയേകുവാൻ ഞാൻ തേടുന്നത്‌ നീയെന്ന എന്നിലെ പ്രണയത്തെയോ!
എന്നിൽ നിന്നടർന്ന കണ്ണുനീരിനാലും, നീയറിഞ്ഞ എന്നിലെ പ്രണയത്താലും 
ക്യാൻവാസ്സിൽ പടർന്ന മഷിയിലും ചില ചിത്രങ്ങൾ പൂർണ്ണമായിരിക്കുന്നു.


ഒരു നല്ല ക്യാൻവാസ്സിൽ കാലം നമുക്കുവേണ്ടി വരക്കുവാൻ 
കാത്തുവെച്ചിരിക്കുന്ന നിമിഷങ്ങളിലെ പൂർണ്ണതയെ പുൽകുവാൻ 
വർണ്ണ ചിറകു വിടർത്തി പറന്നുയരുവാൻ വെമ്പുന്ന 
ഒരു ചിത്ര ശലഭം പോൽ ഞാനും കാത്തിരിക്കുന്നു.....


ഓരോ ചിത്രത്തിനും ജീവനേകുവാൻ ചാലിച്ച വർണ്ണങ്ങളിൽ
ചുവന്ന വർണ്ണങ്ങൾ നിന്നിലെ പ്രണയത്തെ വരച്ചു കാട്ടുമ്പോൾ 
 ആ ചുവപ്പിനെ വെൺമയാൽ പുൽകുന്നു എന്നിലെ പ്രണയം,
ചുവപ്പ്‌ നിറമെന്നത്‌ നിന്നിലെ പ്രണയത്തിൻ തീവ്രതയെങ്കിൽ
വെണ്മെയെന്നതോ എന്നിലെ പ്രണയത്തിൻ പരിശുദ്ധി!

യുഗയുഗാന്തരങ്ങളായി കാലം വരക്കുവാൻ കാത്തുവെച്ച 
ആ ചിത്രങ്ങൾക്ക്‌ ഇന്നിന്റെ നിമിഷങ്ങൾ ജീവൻ പകരട്ടെ
നാളെയുടെ പ്രതീക്ഷകൾ പുതു വർണ്ണങ്ങൾ നൽകട്ടെ
കാത്തിരിക്കാം ആ ചിത്രങ്ങളുടെ പൂർണ്ണതക്കായി....



കാർത്തിക...






Thursday, December 28, 2017

പടച്ചോന്റെ ക്രിസ്തുമസ്സ്‌ സമ്മാനം

ക്രിസ്തുമസ്സ്‌ ജോലി തിരക്കിൽ മുങ്ങിപ്പോയെങ്കിലും ഒരു പാട്‌ നാളിനു ശേഷം ഞാൻ സംസാരിക്കണമെന്ന് ആഗ്രഹിച്ച, എന്നാൽ പല കാരണങ്ങളാലും പിന്നീടാകട്ടെ എന്ന് പറഞ്ഞ്‌ മനസ്സില്ലാ മനസ്സോടെ മറന്നു കളഞ്ഞ ചില സുഹൃത്തുക്കളെ ഈ ക്രിസ്തുമസ്സിനു വീണ്ടും ജീവിത യാത്രയുടെ ഭാഗമാക്കുവാൻ സാധിച്ചു. അതിലൊരാളാണു പ്രീത. കാലുകൾക്ക്‌ ബാധിച്ച തളർച്ചയെ അധിജീവിച്ച്‌ സ്വന്തമായി ക്രാഫ്റ്റ്‌ ജോലിചെയ്ത്‌ ഒരു വീൽ ചെയറിന്റെ സഹായത്തോടെ ജീവിതത്തെ മുൻപോട്ട്‌ നയിക്കുന്നവൾ. 


പ്രീതയക്കുറിച്ച്‌ ഞാൻ ആദ്യം അറിയുന്നത്‌ മലയാളം ബ്ലോഗേർസ്സ്‌ ഫെയ്സ്‌ ബുക്കിൽ പോസ്റ്റ്‌ ചെയ്ത്‌ ഒരു പോസ്റ്റിലൂടെയാണു. പിന്നീട്‌ ഞാൻ പ്രീതയെ വിളിക്കുകയും, ഒരു നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട്‌ തിരക്കുകൾ ആ സൗഹൃദത്തിനു ഒരു ഇടവേള നൽകി. ഇടക്കിടക്ക്‌ ഓർമ്മകളിൽ ആ സൗഹൃദം ഒരു അഥിതിയെപ്പോലെ വിരുന്നെത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ കുറച്ചു ദിവസങ്ങളായി പ്രീതയെ വിളിക്കണമെന്ന് മനസ്സിൽ വളെരെ ശക്തമായി തോന്നലുകളുണ്ടായി. അങ്ങനെ ക്രിസ്തുമസ്സിന്റെയന്ന് വീണ്ടും ആ സൗഹൃദത്തെ തേടി ഞാൻ പോയി. 


ശരിക്കും എല്ലാവരുടേയും ജീവിതത്തിൽ നമ്മുടെ റോൾ എന്തായിരിക്കണമെന്ന് ദൈവം മുൻപേ കൂട്ടി തീരുമാനിച്ചിട്ടുണ്ട്‌. വളരെ നാളത്തെ ഇടവേളക്ക്‌ ശേഷം പ്രീതയുടെ ജീവിതത്തിൽ ഞാൻ വീണ്ടും കടന്നു ചെന്നപ്പോൾ പ്രീതക്ക്‌ എന്നോട്‌ പങ്കുവെക്കുവാനുണ്ടായിരുന്നത്‌ അച്ഛന്റെ മരണ വിവരമാണു. ഒരു മാസത്തിനു മുൻപ്‌ തനിക്ക്‌ നഷ്ടപ്പെട്ട അച്ഛന്റെ ഓർമ്മകളിലൂടെ പ്രീത ഒരു പാട്‌ കാര്യങ്ങൾ എന്നോട്‌ സംസാരിച്ചു, ചില ഓർമ്മകൾക്ക്‌ കണ്ണുനീരിന്റെ നനവും കൂട്ടായി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ പ്രീതയോട്‌ പറഞ്ഞു, "ചിലപ്പോൾ അച്ഛന്റെ ആത്മാവായിരിക്കാം എന്നെകൊണ്ട്‌ ഇപ്പോൾ പ്രീതയെ വിളിപ്പിച്ചത്‌. കഴിഞ്ഞ ഒരു മാസമായി ഞാൻ ഒരുപാട്‌ ആഗ്രഹിക്കുന്നു പ്രീതയോട്‌ സംസാരിക്കണമെന്ന്. ‌ഒരു പക്ഷേ ദൈവവും ആഗ്രഹിച്ചിരിക്കണം ഒരു സുഹൃത്തിന്റെ വേദനയിൽ ഒരു ആശ്വാസമായി ഞാൻ കടന്ന് ചെല്ലണമെന്ന്."


ഞാനൊരിക്കലും പ്രീതയെ കണ്ടിട്ടില്ല. പക്ഷേ എവിടെയോ ഒരാത്മ ബന്ധം ആ പെൺകുട്ടിയോടുണ്ട്‌. അവളുടെ വേദനയിൽ, അവളുടെ നിസ്സഹായതയിൽ ഒരു ആശ്വാസമായി ഞാൻ മാറുമ്പോൾ 2017-ലെ ക്രിസ്തുമസ്സിനു ദൈവം എനിക്ക്‌ നൽകിയ അമൂല്യമായ ക്രിസ്തുമസ്സ്‌ സമ്മാനം പ്രീതയെന്ന സൗഹൃദമായിരിക്കും. 


അവസാനമായി പടച്ചോനൊടൊരു ചോദ്യം, "എന്റെ വഴികളും, എന്റെ ചിന്തകളും , എന്റെ ജീവിതവും വളരെ വ്യത്യസ്ഥമാണു. എന്റെ അപൂർണ്ണതയിൽ നീയെന്നെ ഏൽപ്പിക്കുന്ന കർത്തവ്യങ്ങൾക്ക്‌ പോലും എന്റെ പൂർണ്ണതയെ പുൽകുവാൻ കഴിയില്ലായെന്ന് നീ അറിഞ്ഞിട്ടും, എന്തിനാണു നീയെന്നെ ഇങ്ങനെ സ്നേഹിക്കുന്നത്‌!!!...... എന്തിനാണു നീയെന്നെ ഇങ്ങനെ കരുതുന്നത്‌!!!..... ആ സ്നേഹത്തിനും, കരുതലിനും മുൻപിൽ എനിക്ക്‌ തല കുനിച്ച്‌ നിൽക്കുവാനേ സാധിക്കുന്നുളളൂ....  അങ്ങനെ നിൽക്കുമ്പോഴും മനസ്സിൽ ഒരായിരം ആവർത്തി ഉയരുന്ന വാക്ക്‌ ഒന്നു മാത്രമാണു ...."നന്ദി...".

Sunday, December 17, 2017

ജോലിക്ക്‌ പോരുന്ന വഴിക്ക്‌ മനസ്സിൽ ചിന്തകൾ കൂട്ക്കൂട്ടി എന്നെ എഴുത്തിന്റെ മൂഡിലേക്ക്‌ എത്തിച്ചിരുന്നു. അപ്പോൾ എഴുതണമെന്ന് തോന്നിയ വിഷയമാണു ആത്മസംതൃപ്തി. ജോലിക്കിടയിൽ കിട്ടിയ ഇടവേളയിൽ ആ ചിന്തകൾ അക്ഷരങ്ങളായി പിറവിയെടുത്തു. 


രണ്ടാഴ്ച്ചത്തെ തിരക്കിനൊടുവിൽ എന്റെ മനസ്സിൽ ഇപ്പ്പോൾ നിറഞ്ഞു നിൽക്കുന്ന ഒന്നാണു ആത്മസംതൃപ്തി. അതൊരു പുഞ്ചിരിയായി എന്റെ ചുണ്ടിൽ വിരിഞ്ഞു നിൽക്കുമ്പോൾ ഞാനെന്ന അസ്ഥിത്വത്തിനു ഓർമ്മിക്കുവാൻ ഒരു പാട്‌ അനുഭവങ്ങൾ ജീവിതം എഴുതിച്ചേർത്തിരിക്കുന്നു. സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും സർവ്വേശ്വരൻ നൽകിയ അവസരങ്ങൾ അതിന്റെ നന്മയിൽ തന്നെ ഹൃദയം കൊണ്ട്‌ സ്വീകരിച്ചപ്പോൾ അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ തന്നെ ജീവിതവും നിവർത്തിച്ചിരിക്കുന്നു. എല്ലാം ശുഭമായി പര്യവസാനിക്കുമ്പോൾ ഒരു വാക്ക്‌ അവസാനമായി കുറിക്കുന്നു, നന്ദി ദൈവമേ! 


ഈ ഒരു കൊച്ചു ജീവിതത്തിൽ നാം ആരുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാകുന്നു ല്ലേ! ആരൊക്കെ നമ്മുടെ ജീവിതത്തിൽ വന്നാലും, നിന്നാലും, പോയാലും എല്ലാത്തിനുമൊടുവിൽ നമുക്ക്‌ നാം മാത്രമേയുളളൂവെന്നത്‌ വളരെ പരമമായ യാഥാർത്ഥ്യം. ആ ഏകാന്തതയെ സുന്ദരമാക്കുവാൻ ചില നല്ല ഓർമ്മകളെ ജീവിതം കൂടെക്കൂട്ടുന്നു. ആ നല്ല ഓർമ്മകളിൽ ജീവിക്കുവാൻ പറ്റുകയെന്നത്‌ തന്നെ ഒരു ഭാഗ്യമാണു. 


ഹേ! ജീവിതമേ നീയെനിക്ക്‌ നൽകിയ ഓർമ്മകൾ 
എന്നിലെ പ്രണയത്തെ പുൽകുമ്പോൾ, ഞാനറിയുന്നു 
പ്രണയമെന്നത്‌ എത്രയോ സുന്ദരമെന്ന്....

പ്രണയാതുരമായ എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളെ 
എനിക്ക്‌ മാത്രം കേൾക്കുമാറാക്കി 
നീയതിന്റെ സൗന്ദര്യം ഇരട്ടിയാക്കിരിക്കുന്നു...

നന്ദി..... 
എന്നിലെ പ്രണയത്തിനും, 
സുന്ദരമാം ഈ ജീവിതത്തിനും!!!





Thursday, November 30, 2017

My First Novel

Touching my another dream!

November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu....

November 14th, 2017 is the day I touched one of my another dreams... My first book got published.... My another child is given birth through my Soul.










First of all, Thank You Lord! You are the only one knows who I am and what I am, from where did I start my journey and where it's going to end. You are the only one knows the depth of LOVE which I hold for everyone around me.

Yes! My novel is based on Love.... as simple as that a journey through Love and Friendship.... It's written in Malayalam language and published by Green Books Publications, Kerala. The income which I receive from my book will be donated for charity. So, thereby I am taking the first step for launching a charitable organization. Please see the link below for purchasing the book. 

Link @ Amazon
https://www.amazon.in/dp/9386440873

Link @ Green site
http://greenbooksindia.com/content.php?param=Product&type=21968

ജീവിതത്തിൽ നമ്മൾ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങളെ പുൽകുവാൻ ദൈവം ഇടവരുത്തുമ്പോൾ അതിനു പ്രചോദനവും, കൈത്താങ്ങലുകളുമായി ദൈവം കുറച്ച്‌ പേരെ നമ്മുടെ ജീവിതത്തിൽ നിയോഗിക്കുമ്പോൾ നന്ദിയർപ്പിക്കുകയെന്നത്‌ എവിടെ തുടങ്ങണം, ആരിൽ തുടങ്ങണം എന്നറിയില്ല! 

എല്ലാം ദൈവീകമായ പരംപൊരുളിൽ നിന്ന് തുടങ്ങുമ്പോൾ നന്ദിയും ആദ്യം കുറിക്കുന്നത്‌ മ്മടെ പടച്ചോനോട്‌ തന്നെ. എന്റെ അസ്ഥിത്വത്തെ അതിന്റെ ആഴത്തിലറിഞ്ഞ, ഇപ്പോഴും അറിയുന്ന അവിടുത്തെ തൃപ്പാദങ്ങളിൽ നമിച്ചുകൊണ്ട്‌ എന്റെ കൃതഞ്ജത ഞാൻ അർപ്പിക്കുന്നു. 

എഴുത്തിന്റെ ലോകത്തിലേക്കുളള വിശാലമായ വാതിൽ തുറന്ന് തന്ന് കൊണ്ട്‌ പത്ത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ എന്റെ ആത്മാവിൽ ഒരു നറു വെളിച്ചം പകർന്ന് എനിക്ക്‌ പ്രചോദനമായി മാറിയ അജു രാഘവൻ എന്ന എന്റെ അദ്ധ്യാപകനോട്‌ (മാഷിനോട്‌) ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു. 

ആൻ, സുമി നിങ്ങളായിരുന്നു എന്റെ നോവലിന്റെ എഡിറ്റേഴ്സ്‌. എന്റെ നോവലിന്റെ ഓരോ അദ്ധ്യായങ്ങൾ അയച്ചു തന്നപ്പോഴും അത്‌ വായിക്കുവാനും, അതിനെക്കുറിച്ച്‌ അഭിപ്രായം പറയുവാനും നിങ്ങൾ കാണിച്ച നല്ല മനസ്സിനു ഒരുപാട്‌ നന്ദി. പിന്നെയെന്റെ അമ്മുവും രെഞ്ചിയും എന്റെ യാത്രയുടെ ഭാഗമായിത്തന്നെ എന്നും കൂടെയുണ്ടായിരുന്നു.

എന്റെ നോവൽ പബ്ലീഷ്‌ ചെയ്യാൻ സന്മനസ്സ്‌ കാണിച്ച ഗ്രീൻ ബുക്സിനോടും, ഗ്രീൻ ബുക്സിലെ ഡോക്ടർ ശോഭയോടും എന്റെ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ പങ്കുകൊണ്ട എല്ലാവരോടുമുളള നന്ദിയും ഞാൻ സമർപ്പിക്കുന്നു.

പ്രണയം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന എല്ലാ നല്ല വായനക്കാർക്കും എന്റെ പുസ്തകം ഞാൻ സമർപ്പിക്കുന്നു....

സ്നേഹ പൂർവ്വം
കാർത്തിക.....

Sunday, November 26, 2017

കണക്കുക്കൂട്ടലുകൾ



ഒരു പാട്‌ കണക്കുക്കൂട്ടലുകളിലൂടെയാണു എന്റെ ജീവിതം മുൻപോട്ട്‌ പോകുന്നത്‌. പക്ഷേ മിക്കപ്പോഴും ആ കണക്കുക്കൂട്ടലുകളെല്ലാം തെറ്റുകയും ചെയ്യുന്നു. പിന്നേയും പുതിയ കണക്കുകൾ. തെറ്റുന്ന കണക്കുകൾ ആരേയും ബോധിപ്പിക്കണ്ടാ കാരണം ആരും എന്റെ കണക്കുക്കൂട്ടലുകളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടില്ല, ഏറ്റെടുക്കുകയുമില്ലാ. എല്ലാം തന്റെ മാത്രം ഉത്തരവാദിത്തങ്ങളായി മാറുമ്പോൾ കുറ്റങ്ങളും കുറവുകളുമെല്ലാം തനിക്ക്‌ മാത്രം സ്വന്തം. 


കണക്കുക്കൂട്ടലുകൾ പിഴക്കുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോകുന്നു ആരെങ്കിലും ഒരു താങ്ങായി അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്. ശരിക്കും മനസ്സും ശരീരവും തളർന്നിരിക്കുന്നു. ഓട്ടം തികക്കുവാൻ ഇനിയും എത്രയോ കാതങ്ങൾ താണ്ടണം. അതും തനിയെ..... 


യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി കാണുമ്പോൾ ജീവിതം ശരിക്കും ഭയാനകമാണു. ആ യാഥാർത്ഥ്യങ്ങൾക്കിടയിൽ കുറച്ച്‌ സ്വപ്നങ്ങളും, കുറച്ചു കുറമ്പും, കുറച്ച്‌ ഭ്രാന്തൻ ചിന്തകളും നമ്മൾ അറിഞ്ഞും അറിയാതെയും  ഒരു വിരുന്നുകാരായി വരുമ്പോൾ ജീവിതത്തിലെ ആ ഭയാനകത്വം എവിടെയോ പോയി മറയുന്നു. എന്നിരുന്നാലും ആ ഭയാനകത്വം തല പൊക്കുന്ന നിമിഷങ്ങളുണ്ട്‌ ജീവിതത്തിൽ, അവിടെ നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം തെറ്റുകയും ചെയ്യുന്നു. 


ഓരോ ദിവസവും എത്രയോ കണക്കുക്കൂട്ടലുകളിലൂടെയാണു മുൻപോട്ട്‌ പോകുന്നതല്ലേ. രാവിലെ അലാറം വെച്ച്‌ എണീക്കുമ്പോൾ മുതൽ തുടങ്ങുന്നു കൂട്ടിക്കിഴിക്കലുകളുടെ ലോകം. ചിലർ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ കണക്കുക്കൂട്ടലുകൾ നടത്തുമ്പോൾ, ചിലർ ജീവിതത്തിന്റെ സുഖലോലുപതകളെ പുൽകുവാനുളള കണക്കുക്കൂട്ടലുകൾ നടത്തുന്നു. എന്നാൽ ഇതിന്റെയെല്ലാം അവസാനം എല്ലാവരും എത്തിച്ചേരുന്ന ഒരു ഉപസംഹാരമുണ്ട്‌ എത്ര കൂട്ടിക്കിഴിക്കലുകൾ നടത്തിയാലും ജീവിതത്തിനു ഒരു ഗതിയുണ്ട്‌ അല്ലെങ്കിൽ ഓരോരുത്തർക്കും ഒരോ വിധിയുണ്ട്‌..... അത്‌ ഒരു കണക്കുക്കൂട്ടലുകളും നടത്താതെ തന്നെ നമ്മളെ തേടിയെത്തിയിരിക്കും...


രണ്ടു ദിവസം അസുഖം ബാധിച്ചു കിടന്നപ്പോൾ എന്റെ പല കണക്കുക്കൂട്ടലുകളും തെറ്റിയതിന്റെ ഒരു ചേതോവികാരമാണു എന്നെ ഇത്രയും എഴുതുവാൻ പ്രേരിപ്പിച്ചത്‌.... തെറ്റുന്ന കണക്കുകൾ പിന്നീട്‌ എപ്പോഴെങ്കിലും ജീവിതം തന്നെ ഏറ്റെടുത്ത്‌ നമുക്ക്‌ ശരിയാക്കിത്തരും.... പക്ഷേ അവിടേയും ചില കണക്കുക്കൂട്ടലുകളുടെ ഉത്തരങ്ങൾ ഒരു ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു!!!.

Sunday, November 12, 2017

തുടരട്ടെ ഈ യാത്ര!

നീ നടന്ന വഴികളിൽ ഇപ്പോൾ എന്റേയും കാൽപ്പാദങ്ങൾ പതിഞ്ഞിരിക്കുന്നു, 
നിനക്ക്‌ പ്രിയപ്പെട്ടതെല്ലാം ഇപ്പോൾ എനിക്കും പ്രിയപ്പെട്ടതായിരിക്കുന്നു
ഈ ജീവിതം ഇപ്പോൾ അപ്രതീക്ഷിതമായ എന്തിനെയൊക്കെയോ തേടുമ്പോഴും 
ഓരോ നിമിഷവും ഇപ്പോൾ സന്തോഷത്തിന്റെ കണങ്ങളാൽ പൂർണ്ണമാണു.


എല്ലാ നേരങ്ങൾക്കും വളരെക്കുറച്ച്‌ മാത്രമേ ആയുസ്സുളളൂവെന്നത്‌ 
ഞാൻ അറിയാതെ എന്നിൽ ഒരു നൊമ്പരം പടർത്തുമ്പോഴും
ആ നൈമിഷികതയുടെ പരിശുദ്ധി പ്രകൃതിപോലും
 തന്റെ നെഞ്ചിലേറ്റിയിരിക്കുന്നുവെന്ന സത്യം 
എന്റെ വേദനകളെ എന്നിൽ നിന്ന് അടർത്തിമാറ്റുന്നു.


തിരികെയൊന്നും പ്രതീക്ഷിക്കാതെ എല്ലാം പൂർണ്ണമായി സമർപ്പിക്കപ്പെട്ട്‌
ഓരോ നിമിഷത്തിലൂടെയും ജീവിക്കുക എന്ന ആപ്തവാക്യം 
ജീവിതത്തിനിപ്പോൾ ഒരു പുത്തനുണർവ്വ്‌ നൽകിയിരിക്കുന്നു
ഇനിയും ജീവിക്കുവാനുളള ആഗ്രഹം എന്നിൽ നിറച്ചിരിക്കുന്നു.


നല്ല നല്ല സുധിനങ്ങൾ പിറക്കട്ടെ നമുക്കായി
കാലം കാത്തുവെച്ചിരിക്കുന്ന, നമ്മൾ അറിയാത്ത ആ നിമിഷങ്ങൾ
നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തെ 
എന്നും സുന്ദരമായിത്തന്നെ തുടരുവാൻ ഇടവരുത്തട്ടെ!





Friday, November 10, 2017

SELF TALK

"Self Talk"... കുറേ നാളായി ആ വിഷയത്തെക്കുറിച്ച്‌ എന്റെ ബ്ലോഗിൽ എഴുതണമെന്ന് വിചാരിച്ചിട്ട്‌. അങ്ങനെ എഴുതുവാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണു സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നത്‌. 




ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണു ഞാൻ എന്നോട്‌ തന്നെ സംസാരിക്കുകയെന്നുളളത്‌. ഒരു പക്ഷേ പപ്പയുടെ കാർക്കശ്യ സ്വഭാവം കൊണ്ട്‌ ഞങ്ങൾ വീട്ടിൽ പരസ്പരം സംസാരിക്കുന്നത്‌ പോലും വളരെ കുറവായിരുന്നു. അങ്ങനെയാണു ഞാൻ എന്നോട്‌ തന്നെ സംസാരിക്കുവാൻ ആരംഭിച്ചത്‌. അത്‌ പിന്നീട്‌ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ മാറി. ഞാൻ തനിയെ ഇരിക്കുമ്പോൾ, ഡ്രൈവ്‌ ചെയ്യുംമ്പോൾ, ഉറങ്ങാൻ കിടക്കുമ്പോൾ ഒക്കെ ഞാൻ സ്വയം എന്നോട്‌ തന്നെ സംസാരിക്കുവാൻ ഒരു പാട്‌ ഇഷ്ടപ്പെടുന്നു.


സെൽഫ്‌ റ്റോക്ക്‌ ചെയ്യുമ്പോൾ നമുക്ക്‌ നമ്മുടെ എല്ലാ വികാര വിചാരങ്ങളിലും നല്ല നിയന്ത്രണമുണ്ടായിരിക്കും എന്നതാണു അതിന്റെ ഏറ്റവും നല്ല വശം. നമുക്ക് നമ്മളെക്കുറിച്ച്‌, അല്ലെങ്കിൽ നമ്മുടെ പ്രതികരണത്തെക്കുറിച്ച്‌ ഒരു നല്ല അവലോകനം അതിലൂടെ സാധ്യമാകുന്നു. ഉദാഹരണത്തിനു നമ്മൾ ഒരു വ്യക്തിയോട്‌ ഇന്ന കാര്യങ്ങളൊക്ക്‌ പറയണമെന്ന് ആഗ്രഹിച്ച്‌ സംസാരിക്കുവാൻ തുടങ്ങും; പക്ഷേ ആ സംസാരം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മുൻപോട്ട്‌ പോകാതെ വരുമ്പോൾ ഞാൻ പലപ്പോഴും ചിന്തിക്കും എന്തേ എനിക്ക്‌ നല്ല രീതിയിൽ സംസാരിക്കുവാൻ സാധിച്ചില്ലാ, അല്ലെങ്കിൽ നല്ല രീതിയിൽ പെരുമാറുവാൻ സാധിച്ചില്ലായെന്ന്. ആ സാഹചര്യത്തെ ഞാൻ സെൽഫ്‌ റ്റോക്കിലൂടെ അവലോകനം ചെയ്യുമ്പോൾ വളരെ നന്നായി ആ സാഹചര്യത്തെ എനിക്ക്‌ അഭിമുഖീകരിക്കാവായിരുന്നുവെന്ന് എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. 


തനിയെ സംസാരിക്കുകയെന്നത്‌ ഒരു തരം ഭ്രാന്തായി ആൾക്കാർ കാണാറുണ്ട്‌. അതിനു സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്‌. ഞാൻ ഡെൽഹിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത്‌ ആശുപത്രിയിലെ തിരക്കുകാരണം നിന്ന് തിരിയാൻ സമയമില്ലാത്തപ്പോൾ ഓരോ രോഗിക്കും ചെയ്യാനുളള കാര്യങ്ങൾ ഞാൻ എന്നോട്‌ തന്നെ ഇന്ന ഇന്നത്‌ ചെയ്യാനുണ്ടെന്ന് സ്വയം പറയുന്ന ഒരു രീതിയുണ്ടായിരുന്നു. എന്റെ ഈ സ്വഭാവം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരാൾ ഞങ്ങളുടെ മേട്രന്റെയടുത്ത്‌ ചെന്ന് ചോദിച്ചു, "ആ കുട്ടിക്ക്‌ വല്ല കുഴപ്പവുമുണ്ടോയെന്ന് ( പച്ച മലയാളത്തിൽ പറഞ്ഞാൽ വട്ടുണ്ടോയെന്ന്!!)." ഞങ്ങളുടെ മേട്രൻ ഈ സംഭവം ഒരു മീറ്റിംങ്ങിൽ വെച്ചു പറഞ്ഞു. എനിക്കതു കേട്ടപ്പോൾ ശരിക്കും ചിരി വന്നു. എന്തായാലും അന്നത്തോടെ സെൽഫ്‌ റ്റോക്ക്‌ ചെയ്യുമ്പോൾ ചുറ്റുപാടുമൊന്ന് വീക്ഷിക്കുവാൻ തുടങ്ങി. 


"അല്ലാ.... മ്മളെന്തിനാ ബെറുതെ ആൾക്കാരെക്കൊണ്ട്‌ പറയിക്കുന്നത്‌!!!". ല്ലാ... അവരേയും പറഞ്ഞിട്ട്‌ കാര്യല്ല്യാ ട്ടോ. എനിക്ക്‌ ലേശം ഭ്രാന്തിന്റെ അസ്കിതയുണ്ടോയെന്ന് എനിക്ക്‌ തന്നെ പലപ്പോഴും തോന്നിയിട്ടുണ്ടേ. അതിപ്പോ അത്ര വലിയ തെറ്റൊന്നുമല്ലല്ലോ. ഇത്തിരി വട്ടൊക്കെയില്ലെങ്കിൽ പിന്നെ ഈ ജീവിതത്തിനു എന്താ ഒരു ത്രിൽ!!!. അപ്പോ ഇന്നത്തെ എന്റെ ഭ്രാന്തൻ ചിന്തകൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഇന്നത്തേക്ക്‌ വിട."

കാർത്തിക....


Saturday, November 4, 2017

ഒത്തിരി ദിവസമായിരിക്കുന്നു അക്ഷരങ്ങളോടുളള പ്രണയത്തിനു ഇടവേള നൽകിയിട്ട്‌. ജോലിയുടെ ഭാരങ്ങളില്ലാതെ വെറുതെ വീട്ടിൽ കുത്തിയിരുന്നിട്ടും ഒന്നും എന്റെ ബ്ലോഗിൽ കുറിച്ചില്ലല്ലോ എന്നോർത്തപ്പോൾ എവിടെയോ ഒരു കുണ്ഡിതം.


 സമയമുളളപ്പോൾ വെറുതെ അലസമായിയിരുന്ന് സ്വപ്നങ്ങൾ കണ്ട്‌ സമയം കളയും. എന്നാൽ സമയമില്ലാത്തപ്പോഴോ ഇല്ലാത്ത സമയത്തിൽ നിന്ന് സമയമുണ്ടാക്കി സമയം കണ്ടെത്തും. 


എന്തേ കാത്തൂ നീ ഇങ്ങനെ!!! 
അതാണു ഞാനും ഇപ്പോൾ ചിന്തിക്കുന്നത്‌ എന്തേ ഞാനിങ്ങനെ.....


അനാദിയായ എന്തിനെയൊ ഒക്കെ തേടി വെറുതെ അലസമായി മുൻപോട്ട്.....
ആ അലസതയെ പുൽകുവാൻ വെമ്പുന്ന ഏതോ യാമങ്ങൾ,
അവിടേയും ഒരു വേഴാമ്പലായി തെളിനീരിനായി ഞാൻ കാത്തിരിക്കണം,
അപ്പോൾ വീണ്ടും അതേ അലസത ഒരു പിടി സ്വപ്നങ്ങളുമായി വീണ്ടും എന്നെ പുൽകും... 


"ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ടിരുന്നാൽ മതിയല്ലോ... 
സമയം പാതിരാ ആയിരിക്കുന്നു. പോയിക്കിടന്ന് ഉറങ്ങു കൊച്ചേ..."
 എന്ന് സ്വയം ഞാൻ എന്നോട്‌ തന്നെ പറഞ്ഞു കൊണ്ട്‌ എഴുത്തു നിർത്തി.

Thursday, October 12, 2017

Just Listen!

ഏതോ ജന്മത്തിന്റെ കടങ്ങൾ അല്ലെങ്കിൽ ബാക്കിവെച്ച കടമകൾ തീർത്തിരിക്കുന്നു. എല്ലാം നല്ലതായി പര്യവസാനിക്കുമ്പോൾ കാലം ഏൽപ്പിച്ച വേഷം അഴിച്ചുവെച്ച്‌ അരങ്ങൊഴിയുമ്പോഴും കാതിൽ മുഴങ്ങുന്നത്‌ ഒന്നു മാത്രമാണു..........



ആരും ആരേയും സ്നേഹിക്കുന്നില്ല ഈ ഭൂമിയിൽ. പകരം സ്നേഹമെന്നത്‌ ഒരാളിൽ നിറഞ്ഞുനിൽക്കുന്ന ആന്തരീകമായ സന്തോഷത്തിന്റെ, അല്ലെങ്കിൽ നമ്മിലെ പോസിറ്റിവിറ്റിയുടെ ഒരു പ്രതിഫലനമാണു. അത്‌ സ്വീകരിക്കേണ്ടവർക്ക്‌ സ്വീകരിക്കാം, തിരസ്കരിക്കേണ്ടവർക്ക്‌ തിരസ്കരിക്കാം. പ്രതിഫലേച്ച കൂടാതെയുളള സ്നേഹത്തിനു ജീവിതത്തിൽ അമൃതിന്റെയും, ഐശ്വര്യത്തിന്റേയും പ്രഭാവം സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസങ്ങൾ എന്റെ മാത്രം വിശ്വാസങ്ങൾ!


Love is the reflection of contentment and positivity within your existence. It's not an act, it's just a mere expression. Acknowledging one's expression of Love depends on someone's freedom of acceptance. 


എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്ന് ബഹുമാനമാണു. എന്നോട്‌ ഒരാൾ സംസാരിക്കുമ്പോഴും, ഇടപഴകുമ്പോഴും ഒരു പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നത്‌എന്റെ വ്യക്തിത്വത്തിന്റെ ഒരു നിർബന്ധബുദ്ധിയാണു. പക്ഷേ ഞാൻ അങ്ങനെ ആഗ്രഹിക്കുമ്പോഴും നമുക്ക്‌ ചുറ്റുമുളള മനുഷ്യരെക്കുറിച്ച്‌ ഒറ്റ വാക്കിൽ പറഞ്ഞാൽ "ബഹുജനം പലവിധം". അപ്പോൾ എന്റെ നിർബന്ധ ബുദ്ധിയും ചിലപ്പോൾ അടിയറവും പറയും. 


ഇപ്പോൾ എനിക്ക്‌ ഓർമ്മ വരുന്നത്‌ ഞാൻ എവിടെയോ വായിച്ച ഒരു വായനയാണു; ഒരിക്കൽ ഒരു സ്വാമിയുടെ അടുത്ത്‌ വന്ന് ഒരാൾ  വളരെ അസഭ്യമായ ഭാഷയിൽ സംസാരിക്കുവാൻ തുടങ്ങി. കുറേ നേരം കഴിഞ്ഞിട്ടും സ്വാമി അതിനു മറുപടിയൊന്നും നൽകിയില്ല. അതേ വ്യക്തി തന്നേ അടുത്ത ദിവസങ്ങളിലും സ്വാമിയുടെ അടുത്ത്‌ വന്ന് ഇത്‌ തന്നെ തുടർന്നു. ഇത്രയും അപമാനിച്ചിട്ടും സ്വാമി ഒന്നിനോടും പ്രതികരിക്കാതിരുന്നപ്പോൾ ആ വ്യക്തി സ്വാമിയുടെ അടുത്തു ചെന്ന് ചോദിച്ചു,  


"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ സ്വാമിയെ അപമാനിക്കുന്നു. എന്നാൽ സ്വാമിയെന്തുകൊണ്ടാണു ഒന്നിനും പ്രതികരിക്കാതിരിക്കുന്നത്‌?"
". അതിനു സ്വാമി നൽകിയ മറുപടിയിതായിരുന്നു , നമ്മൾ ഒരാൾക്ക്‌ ഒരു സമ്മാനം നൽകുമ്പോൾ അതയാൾ സ്വീകരിക്കുകയാണെങ്കിൽ അതയാൾക്ക്‌ സ്വന്തമാകും സ്വീകരിച്ചില്ലായെങ്കിൽ ആ സമ്മാനം അത്‌ നൽകിയ ആൾക്ക്‌ തന്നെ സ്വന്തം."


ഒരാൾ നമ്മളോട്‌ മോശമായി സംസാരിച്ചാൽ അത്‌ കാണിക്കുന്നത്‌ അയാളുടെ സംസ്കാരമാണു. അതിനോട്‌ എങ്ങനെ നമ്മൾ പ്രതികരിക്കുന്നുവെന്നത്‌ നമ്മുടെ സംസ്കാരവും. 


"If someone treats you with a bad intention, that shows their culture. The way you response to them shows your culture."






Wednesday, October 4, 2017

എല്ലാം നല്ലതിനു!


നമ്മൾ ജീവിതത്തിൽ ചില കാര്യങ്ങൾ വളരെ ആത്മാർത്ഥമായി ചെയ്യും; പക്ഷേ ആ ആത്മാർത്ഥതയെ മറ്റുളളവർ അളക്കുന്നത്‌ പല മാനദണ്ഡങ്ങൾ കൊണ്ടാകും. ചിലർ പറയും, അല്ലെങ്കിൽ ചിന്തിക്കും അത്‌ മറ്റുളളവരെ കാണിക്കുവാൻ വേണ്ടിയുളള ആത്മാർത്ഥതയാണെന്ന്, അല്ലെങ്കിൽ മറ്റുളളവരുടെ പ്രീതി സമ്പാദിക്കുവാൻ വേണ്ടിയാണെന്ന്, അതുമല്ലെങ്കിൽ ചിലർ പറയും എന്തെങ്കിലും പ്രയോജനം കണ്ടുകൊണ്ടുളള ആത്മാർത്ഥതയാണെന്ന്. ഇതെല്ലാം മറ്റുളളവരുടെ കണ്ണിൽ മാത്രം. എന്നാൽ നമ്മുടെ മനസാക്ഷിയുടെ മുൻപിൽ നമുക്ക്‌ മാത്രം അറിയാവുന്ന ഒന്നുണ്ട്‌,


"എന്റെ ആത്മാർത്ഥതയെന്നത്‌ സ്നേഹം എന്ന രണ്ടു വാക്കിനാൽ മനസ്സിന്റെ ഒരു കോണിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പിടി നന്മയുമായി ബന്ധിച്ചിരിക്കുന്ന ഒന്നാണു. ആ മനസ്സ്‌ തിരികെയൊന്നും ആഗ്രഹിക്കുന്നില്ല, കാരണം എന്നാൽ ഈ ഭൂമിയിൽ നിർവഹിക്കപ്പെടുന്ന കർമ്മങ്ങളിൽ ഞാനും എന്റെ മനസ്സും ആത്മസംതൃപ്തിയുടെ കണങ്ങളാൽ പൂർണ്ണമാണു."


"My integrity is represented by the word "LOVE" which always connected with the compassion deep in my mind."


"It doesn't mean that I am perfect but sometimes I am perfect even through my imperfections!"



"സാരല്ല്യാട്ടോ!"

 എന്ന് പറഞ്ഞ്‌ ചില സാഹചര്യങ്ങളിൽ നാം നമ്മളെതന്നെ ആശ്വസിപ്പിക്കാറുണ്ട്‌. അങ്ങനെ പറയുമ്പോഴും നാം അറിയാതെ നമ്മുടെ കണ്ണുകളിൽ ഒരു തുളളി കണ്ണുനീരിനാൽ ഒരു നനവ്‌ പടരും. എവിടെയോ ആരുമറിയാതെ, ആരും കാണാതെ മുറിപ്പെട്ട ആ കുഞ്ഞു മനസ്സിന്റെ നോവിൽ നിന്നുതിർന്ന കണ്ണുനീർ. സ്വയം ആശ്വാസം കണ്ടെത്തിക്കൊണ്ട്‌ ആ സമസ്യക്കും നമ്മൾ വിരാമം കുറിക്കുമ്പോൾ ഒരു നിസംഗത നമ്മിൽ അവശേഷിക്കും. അപ്പോഴും മനസ്സ്‌ മന്ത്രിച്ചുകൊണ്ടേയിരിക്കും ,

"സാരമില്ലടോ! എല്ലാം നല്ലതിനു; സംഭിവിച്ചതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, സംഭവിക്കുവാനുളളതും, അങ്ങനെ എല്ലാം നല്ലതിനു ല്ലേ കാത്തു."