My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, March 28, 2018

23.02.18

നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരികെ വണ്ടിയോടിക്കുമ്പോൾ പ്രകൃതിക്കൊപ്പം ഞാനും ഉണരുകയായിരുന്നു. യാത്രയിലുടനീളം അന്ധകരത്തിന്റെ മേലാപ്പ്‌ നീക്കി പ്രകൃതി പുലരിയെ പുൽകുന്നത്‌ കാണുവാൻ നല്ല രസമാണു. ആ പ്രതിഭാസത്തിനു അകമ്പടിയായി ഒരു മെഡിറ്റേഷം മ്യൂസിക്കുകൂടി കേട്ടുകഴിഞ്ഞാൽ അന്നത്തെ ദിവസം മുഴുവൻ ഒരു വല്ലാത്ത പോസിറ്റിവിറ്റി എന്നിൽ വന്ന് നിറയും. ഡൂട്ടി കഴിഞ്ഞ്‌ വീട്ടിൽ കയറുന്നതിനു മുൻപ്‌ ഞാൻ എന്റെ പ്രഭാത നടപ്പിനായി ഇറങ്ങും. മേപ്പിൾ മരങ്ങൾക്കിടയിലൂടെ, പ്രകൃതിയെ പുൽകുന്ന തണുപ്പിനെ ഭേദിച്ച്‌, കാതിൽ മുഴങ്ങുന്ന സംഗീതത്തിനൊപ്പം നടക്കുമ്പോൾ ഇടയ്കോക്കെ ഇക്കിളിപ്പെടുത്താൻ വരുന്ന കാറ്റിനോട്‌ പരിഭവിച്ച്‌ ജീവിതത്തിന്റെ മനോഹാരിതയെ പുൽകുമ്പോൾ ഈ ജീവിതം എനിക്ക്‌ നൽകിയ പടച്ചോനോട്‌ ഒരു കൃതഞ്ജത തോന്നും.


ഇന്ന് ഞാൻ പോയത്‌ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തേക്കാണു. ആ വിശാലമായ മൈതാനത്തെ ഗോൾ പോസ്റ്റ്‌ അവിടെ ഞാൻ കണ്ടില്ല. ഒരു പക്ഷേ മൈതാനത്തിന്റെ നവീകരണ പ്രവർത്തനത്തിനായി അത്‌ മാറ്റിയതായിരിക്കാം. പക്ഷേ ആ ഗോൾപോസ്റ്റിരുന്ന സ്ഥലമായിരുന്നു എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌. ഒരു റൗണ്ട്‌ നടപ്പ്‌ കഴിഞ്ഞ്‌ ആ മൈതാനത്തിനു കോണിൽ ഇട്ടിരിക്കുന്ന ബെഞ്ചിലേക്ക്‌ ഞാനിരുന്നു. ആകാശം അപ്പോഴും ഇരുണ്ട്‌ തന്നെ കിടന്നിരുന്നു. നിമിഷങ്ങൾക്കുളളിൽ അതിലെ കാർമ്മേഘങ്ങളെ വെളളി മേഘങ്ങൾ വിഴുങ്ങനത്‌ ഞാൻ കണ്ടു. എത്ര മനോഹരമായ ഒരു പ്രഭാതക്കാഴ്ച്ച. ആ ബെഞ്ചിലിരുന്ന് സംഗീതത്തിനൊപ്പം മനസ്സ്‌ പാഞ്ഞത്‌ സ്വപ്നങ്ങളുടെ പുറകെയായിരുന്നു.


ഞാൻ പുതിയ കാർ എടുത്തപ്പോൾ പലരും വിവിധ അഭിപ്രായങ്ങൾ പറഞ്ഞു. ശരിക്കും പറഞ്ഞാൽ ആ അഭിപ്രായങ്ങൾ എന്നിൽ ചെറിയ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കി. ഫെബ്രുവരി 23-നു ഞാൻ വണ്ടിയെടുക്കുവാൻ പോകുന്ന ദിവസം എന്റെ പ്രഭാതം പൊട്ടി വിടർന്നത്‌ ഒരു മനോഹരമായ സ്വപ്നത്തിലൂടെയായിരുന്നു. ഞാൻ മൂന്നു പേരെ സ്വപ്നത്തിൽ കണ്ടു ഒന്ന് എന്റെ വല്യമ്മച്ചി (എന്റെ തലതൊട്ടമ്മ), പിന്നെ എന്റെ മമ്മ, മൂന്നാമത്തെ ആൾ എന്റെ മാഷിന്റെ അമ്മ. ശരിക്കും പറഞ്ഞാൽ ഈ മൂന്നുപേരെയും ഞാൻ സ്വപ്നം കണ്ടുണർന്നപ്പോൾ ഞാൻ മനസ്സിൽ തീരുമാനിച്ചു ആ മൂന്ന് അമ്മമാരുടേയും അനുഗ്രഹത്തോട്‌ കൂടിയാണു ഞാൻ വണ്ടിയെടുക്കാൻ പോകുന്നത്‌. ഇതിൽ കൂടുതൽ ഐശ്വര്യം ആ വണ്ടിക്കും ലഭിക്കാനില്ല. എന്നിലെ സർവ്വ സംഘർഷങ്ങളും എവിടെയോ പോയി മറഞ്ഞു. 


ചില സ്വപ്നങ്ങളുടെ ആഴവും അർത്ഥവും വളരെ വലുതാണു. ആ സ്വപ്നങ്ങൾക്ക്‌ നമ്മുടെ ജീവിതത്തിൽ നിറക്കുവാൻ പറ്റുന്ന പോസിറ്റിവിറ്റിയെക്കുറിച്ച്‌ നമ്മൾക്ക്‌ ഗ്രഹിക്കുവാൻ കഴിഞ്ഞാൽ ഒരു പക്ഷേ ഒരു നല്ല മെഡിറ്റേഷൻ ചെയ്ത അനുഭവം ആ സ്വപ്നങ്ങളിലൂടെ നമ്മളിൽ സ്വായക്തമാകുന്നു. 


നടപ്പ്‌ അവസാനിപ്പിച്ച്‌ എഴുത്തിന്റെ ലോകത്തേക്ക്‌ പ്രവേശിച്ചതുകൊണ്ടാകാം തണുപ്പിന്റെ കാഠിന്യം കൂടുന്നതായി തോന്നി. അപ്പോൾ ഒരു നല്ല ചൂടുകാപ്പിയും, സോസേജ്‌ റോളും കഴിക്കുവാൻ തോന്നി. നേരെ എഴുത്തവസാനിപ്പിച്ച്‌ ഒ.റ്റി.ആർ പെട്രോൾ സ്റ്റേഷനിലേക്ക്‌ വണ്ടി വിട്ടു. ഒരു കപ്പുച്ചീനോ കോഫിയും, സോസേജ്‌ റോളും സ്വന്തമാക്കി തിരികെ വീട്ടിലേക്ക്‌ വണ്ടിയോടിക്കുമ്പോൾ മനസ്സിൽ തിര തല്ലുന്ന ആഹ്‌ളാദത്തിനു ഒരായിരം നന്ദി ദൈവത്തോടും, ഈ സന്തോഷങ്ങളെ പുൽകുവാൻ എനിക്കൊരു പുനർ ജന്മം നൽകിയ ദൈവതുല്യമായ ആ വ്യക്തിത്വത്തോടും എന്റെ മനസ്സിൽ ഞാൻ ഉരുവിട്ടുകൊണ്ടേയിരുന്നു...



Wednesday, March 21, 2018

കത്തുകൾ ....

കത്തുകൾ .... ഒരു പക്ഷേ ഇന്നത്തെ തലമുറക്ക്‌ അന്യമായ ഒരു സ്നേഹ സമ്മാനം. വാട്സപ്പിന്റേയും, ഫെയ്സിബുക്കിന്റേയുമൊക്കെ പ്രഭാവത്തിൽ മുങ്ങിപ്പോയ, അല്ലെങ്കിൽ കാലം ശേഷക്രിയയ ചെയ്ത മനുഷ്യന്റെ കണ്ടു പിടുത്തങ്ങളിലൊന്ന്. എനിക്ക്‌ ഗ്രീറ്റിംഗ്‌ കാർഡുകൾ ഒരുപാടിഷ്ടമാണു. ചെറുപ്പം മുതൽ അത്‌ സൂക്ഷിച്ചു വെക്കുകയെന്നത്‌ ഞാൻ ഒരുപാടിഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണു. അടുത്തയിടക്ക്‌ ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഗ്രീറ്റിംഗ്‌ കാർഡുകൾ വെറുതെയൊന്ന് തുറന്ന് നോക്കി, അതിലെഴുതിയിരിക്കുന്നതൊക്കെ വായിച്ച്‌ സായൂജ്യമടഞ്ഞങ്ങനെയിരിക്കുമ്പോൾ ഒരു ഗ്രീറ്റിംങ്ങ്‌ കാർഡിന്റെയകത്ത്‌ ഞാനൊരു എഴുത്തു കണ്ടു. 




ദുബായി ജീവിതം അവസാനിപ്പിച്ച്‌ ആസ് ട്രേലിയായിൽ കുടിയേറുന്നതിനു മുൻപ്‌ ഒരു വിടപറയൽ സമ്മാനമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തും, സഹോദരിയും, വഴികാട്ടിയും എന്റെ എല്ലാമായ അനി എനിക്ക്‌ സമ്മാനിച്ചതായിരുന്നു ആ ഗ്രീറ്റിംങ്ങ്‌ കാർഡും എഴുത്തും. അത്‌ ഞാൻ പല ആവർത്തി വായിച്ചു. അതിൽ അവൾ എഴുതിയിരിക്കുന്ന ഒരു വാചകം എന്നെ‌ നിർന്നിമേഷയാക്കി, "നീ ഈ ലോകത്തിന്റെ ഏത്‌ കോണിൽ പോയാലും നീ ഒരിക്കലും നിന്നെ നഷ്ടപ്പെടുത്തരുത്‌." അവൾ അങ്ങനെ എഴുതിയതിനു പുറകിൽ ഒരു കാരണമുണ്ടെങ്കിൽ കൂടിയും, ആജീവനാന്തം എന്റെ ജീവിതത്തിൽ ഞാൻ പാലിക്കപ്പെടണമെന്ന് അവൾ ആഗ്രഹിക്കുന്ന ഒരു കാര്യം. അത്‌ വായിച്ച്‌ കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.


നഷ്ടങ്ങൾ മാത്രമുണ്ടായിരുന്ന എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും നഷ്ടപ്പെടുത്താതിരുന്നിട്ടുളളത്‌ "എന്റെ ആത്മാവും, ആരുടെ മുൻപിലും തലകുനിക്കുവാൻ ആഗ്രഹിക്കാത്ത എന്റെ അഭിമാനവും, ആരാലും പ്രാപ്യമാകാത്ത എന്റെ ദേഹിയുമാണു..." അതും കാലത്തിന്റെ നിയത പുസ്തകത്തിനുളളിൽ ആരാലും വായിക്കപ്പെടുവാൻ സാധിക്കാത്ത ഒരദ്ധ്യായമായി ഞാനതെഴുതി ചേർത്തുകഴിഞ്ഞൂ.... അവിടെ എനിക്കൊരിക്കലും എന്നെ നഷ്ടപ്പെട്ടിട്ടില്ല... പക്ഷേ അതിന്റെ നിഗൂഢത നിനക്ക്‌ മുന്നിൽ തുറക്കുവാൻ പോലും ഞാൻ ഭയപ്പെടുന്നു. പക്ഷേ ഞാൻ നിനക്ക്‌ തന്ന വാക്കുപോലെ "ഞാനെന്നും ഞാനായിരിക്കും..." അവിടെ ആർക്കും തന്നെ എന്റെ അസ്ഥിത്വത്തിനു കൂച്ചുവിലങ്ങുകൾ ഇടുവാൻ സാധിക്കില്ല. എന്നും അഭിമാനത്തോട്‌ കൂടിത്തന്നെ ഞാൻ എന്റെ ശിരസ്സുയർത്തി നിൽക്കും. 


ആ എഴുത്ത്‌ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ്‌ കടിഞ്ഞാണില്ലാതെ എന്തൊക്കെയോ ചിന്തകൾക്ക്‌ പുറകേ പാഞ്ഞൂ.... അവസാനം തിരികയെത്തിയപ്പോഴും അവൾ എഴുതിയ ആ വാക്കുകൾ മനസ്സിൽ മുഖരിതമായിക്കൊണ്ടിരുന്നു. ആ കത്ത്‌ ഞാൻ എന്റെ ഹാൻഡ്‌ ബാഗിലെടുത്തു വെച്ചു. എന്റെ യാത്രകളിൽ, എന്റെ ഒഴിവു സമയങ്ങളിൽ നീ എന്നും എന്റെ മാർഗ്ഗദീപമായി എന്നും കൂടെയുണ്ടാകണമെന്ന ആഗ്രഹത്താൽ... എപ്പോഴെങ്കിലും മനസ്സ്‌ ദുഃഖത്തിന്റെ ആഴങ്ങളിലേക്ക്‌ മുങ്ങിത്താഴുമ്പോൾ നീ എഴുതിയത്‌ വായിച്ച്‌ എന്നെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുവാൻ...


ഒരു കടലാസ്സിൽ കുറിച്ചു വെക്കുന്ന സ്‌നേഹ വാക്കുകൾക്ക്‌ ഒരു ജന്മം മുഴുവൻ ഒരു വ്യക്തിത്വത്തെ സന്തോഷിപ്പിക്കുവാനും, സംരക്ഷിക്കുവാനും സാധിക്കുമെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വാട്സപ്പിന്റേയും, ഫെയ്സ്‌ ബുക്കിന്റേയും ഡെലീറ്റ്‌ ചെയ്യപ്പെടുന്ന മെസ്സേജ്ജുകൾക്ക്‌ പകരം വല്ലപ്പോഴും ഒരു തുണ്ട്‌ കടലാസ്സിൽ നിങ്ങളുടെ സ്നേഹം പകർത്തുക.... നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ നിങ്ങൾ നൽകുന്ന ഏറ്റവും വലിയ ഒരു സമ്മാനമായിരിക്കുമത്‌... ഈ ജീവിത യാത്രയിൽ എപ്പ്പോഴെങ്കിലും ഒരു പുസ്തകത്തിന്റെ ഉളളിൽ നിന്നോ, ഒരു മേശവലിപ്പിൽ നിന്നോ അത്‌ വീണ്ടും കണ്ടെത്തുമ്പോൾ , അതും വീണ്ടും വായിക്കപ്പെടുമ്പോൾ അത്‌ ഒരാളുടെ ഉളളിൽ നിറക്കുന്ന സന്തോഷത്തിനു ഒരു ജന്മത്തിന്റെ പ്രാർത്ഥനയുടെ അനുഭവമുണ്ടായിരിക്കും ....


നല്ല സൗഹൃദങ്ങളും, നല്ല ബന്ധങ്ങളും ജീവിതത്തിലെ ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കാണുന്നു.... നന്ദി അനീ വീണ്ടും നീയെന്റെ ജീവിതത്തിൽ ഒരു എഴുത്തിന്റെ രൂപത്തിൽ വന്നതിൽ ...എന്റെ മർഗ്ഗങ്ങളെക്കുറിച്ച്‌ എന്നെ ഓർമ്മപ്പെടുത്തിയതിൽ ...



Sunday, March 18, 2018

08.03.18

ജീവിതം നമുക്ക്‌ മുൻപിൽ തുറക്കുന്ന കൊച്ച്‌ കൊച്ച്‌ നിമിഷങ്ങളിലൂടെ, 
ആ നിമിഷങ്ങളുടെ പൂർണ്ണതയിലൂടെ ഈ ജന്മത്തിൻ പരിമിതികളെ 
നമ്മൾ സ്വപ്ന സുന്ദരമാക്കുന്നു... 
ഒരു പക്ഷേ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങൾക്ക്‌ 
നമ്മൾ കണ്ടെത്തുന്ന പൂർണ്ണത. 


ഒരു ജന്മം മുഴുവൻ അരികിലുണ്ടാകണമെന്ന് ആഗ്രഹിക്കുമ്പോഴും,
 അസാധ്യമായതിനെ സാധ്യമാക്കുവാൻ 
അരികിലുണ്ടാകുന്ന ഓരോ നിമിഷവും,
 ഓരോ ജന്മമായി ഞാൻ കാണുന്നു. 
ആ നിർവൃതിയിൽ എന്റെ ആത്മാവിന്റെ ഉൾതുടിപ്പുകൾ
നീ കേൾക്കുന്നുണ്ടാവും;
കേട്ടിട്ടും കേൾക്കാതെ, കണ്ടിട്ടും കാണാതെ,
അറിഞ്ഞിട്ടും അറിയാതെ നീ മറയുമ്പോൾ 
മൂകമാകുന്ന എന്നിലെ എന്നെ 
ഒരുനാൾ നീയുമറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു!


നന്ദി.... 
ആത്മാവിന്റെ ആഴങ്ങളിൽ കോറിയിട്ട
 ഓരോ നിമിഷങ്ങൾക്കും...
 ഈ ജന്മത്തിലെ നിന്നിലെ സാമീപ്യത്തിനു... 
നിന്റെ ആത്മാവിനാൽ നീ നൽകുന്ന പുഞ്ചിരിക്ക്‌....
എല്ലാം ഒരു മൗനത്തിൽ ഒളിപ്പിച്ച്‌,
നിഗൂഢതയെ പുൽകുന്ന നിന്റെ അസ്ഥിത്വത്തിനു.....

Thursday, March 8, 2018

അന്താരാഷ്ട്ര വനിതാ ദിനം - 2018.



ലോക പ്രശസ്തയായ സ്ത്രീവിമോചനവാദിയും, പത്ര പ്രവർത്തകയും, പുരോഗമന വാദിയുമായ ഗ്ലോറിയ സ്റ്റീനെം ഒരിക്കൽ പറയുകയുണ്ടായി, "സമത്വത്തിനു വേണ്ടിയുളള സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ ഒരു സ്ത്രീവിമോചന വാദിയിലും, ഏതെങ്കിലുമൊരു സംഘടനയിലും ഒതുങ്ങുന്നതല്ല, മറിച്ച്‌ മാനുഷിക അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന എല്ലാവരുടേയും ഒരു സംയുജിത ലക്ഷ്യമായിരിക്കണം സ്ത്രീ സമത്വം."


ലോക രാഷ്ട്രങ്ങൾ മാർച്ച്‌ എട്ട്‌ എന്ന തീയതിയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഓരോ വർഷവും ആ ദിനം ജന മനസ്സുകളിലേക്ക്‌ ഉത്ഘോഷിക്കുന്ന സന്ദേശങ്ങൾ‌ സ്ത്രീകളുടെ ഉന്നമനത്തിനും, സ്ത്രീശാക്തീകരണത്തിനുമായി വലിയ ഒരു പങ്കു വഹിക്കുന്നു. 2018-ൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്‌ "പ്രസ്സ്‌ ഫോർ പ്രോഗ്രെസ്സ്‌" എന്ന ആശയമാണു. ലിംഗ സമത്വത്തിലൂടെ സമൂഹത്തിലെ പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകളുടേയും, കുട്ടികളുടേയും ഉന്നമനത്തിനുവേണ്ടിയുളള ശക്തമായ മുറവിളിയാണു ഈ സന്ദേശത്തിലൂടെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്‌. സാമൂഹികമായ അസഹിഷ്ണതയുടെ ബലിയാടുകളായി സ്ത്രീകൾ ഇപ്പോഴും ഈ സമൂഹത്തിൽ സഹവർത്തിക്കുമ്പോൾ ഈ വനിതാ ദിനത്തിലൂടെ ലോകം മുഴുവൻ പ്രചരിപ്പിക്കപ്പെടുന്ന ഈ സന്ദേശത്തിലൂടെ അസഹഷ്ണതയുടെ ചെങ്ങലകളെ തച്ചുടച്ച്‌ സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും, സമത്വത്തിന്റേയും ഒരു പുതിയ ലോകം സ്ത്രീകൾക്ക്‌ മുന്നിൽ തുറക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. 


വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുളള ആദ്യ പ്രക്ഷോഭം ആരംഭിക്കുന്നത്‌‌ 1908-ലാണു. വസ്ത്രനിർമ്മാണ മേഖലയിൽ ജോലിചെയ്യുന്ന ഒരു കൂട്ടം വനിതകൾ മെച്ചപ്പെട്ട തൊഴിൽ വ്യവസ്ഥിതികൾക്കും, തുല്യ അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്തുകൊണ്ട്‌ വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുളള സംരഭങ്ങൾക്ക്‌ തുടക്കം കുറിച്ചു. ആ പ്രക്ഷോഭത്തെ അന്നത്തെ ഗവൺമന്റ്‌ അടിച്ചമർത്തിയെങ്കിലും, അതിൽ നിന്ന് നേടിയ ആർജ്ജവം കൊണ്ട്‌ 1909-ൽ യുണൈറ്റഡ്‌ സ്റ്റെയിറ്റ്സിൽ ആദ്യത്തെ വനിതാ ദിനം ആഘോഷിച്ചു. ജെർമ്മൻ സോഷ്യലിസ്റ്റായ ലൂയിസ്‌ സെയ്റ്റ്സാണു അന്താരഷ്ട്ര വനിതാ ദിനം എന്ന ആശയം  നിർദ്ദേശിച്ചത്‌. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ മാർച്ച്‌ 8 എന്ന തീയതിയിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സമാധാന മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. 1975-ന്റെ അവസാന ഘട്ടങ്ങളിലാണു മാർച്ച്‌ എട്ട്‌ എന്ന തീയതി അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്‌. 


അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഔദ്യോതിക ലോഗൊ വീനസ്‌ ചിഹ്നമാണെങ്കിൽ, നിറം പർപ്പിളാണു. വീനസ്സെന്ന ചിഹ്നം സ്ത്രീയെ പ്രതിനിധാനം ചെയ്യുമ്പോൾ പർപ്പിൾ എന്ന നിറം പ്രതിനിധാനം ചെയ്യുന്നത്‌ അന്തസ്സുളളതും, നീതിയുക്തവുമായ വനിതാ ജീവിതങ്ങളെയാണു. സ്ത്രീ സമത്വത്തിനു വേണ്ടിയുളള സന്ദേശങ്ങളും, മുറവിളികളും വാക്കുകളിലും, പ്രഘോഷണങ്ങളിലും ഒതുങ്ങാതെ, ആ ആശയങ്ങൾ യഥാർത്ഥ ജീവിതത്തിൽ പ്രാവൃത്തികമാക്കുവാൻ നമുക്കോരുരുത്തർക്കും കടമയും, ഉത്തരവാദിത്വവും ഉണ്ടെന്ന തിരിച്ചറിയൽ ഈ വനിതാ ദിനത്തിലെങ്കിലും ജനഹൃദയങ്ങളിൽ വേരൂന്നട്ടെയെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം. ഒരു സ്ത്രീയായി ജനച്ചതിൽ അഭിമാനിച്ചു കൊണ്ട്‌ എല്ലാ ആർജ്ജവവും ഉൾക്കൊണ്ട ഒരു വനിതാ ദിനം ആശംസിക്കുന്നു.

(മെട്രോ മാഗസിനുവേണ്ടി എഴുതിയ ലേഖനം)
കാർത്തിക....

Tuesday, February 27, 2018

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ .....

നമ്മൾ കേൾക്കുവാൻ ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരുന്നിട്ടും ആ ഉത്തരങ്ങൾ കേൾക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ചില ചോദ്യങ്ങൾ നമ്മൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആ ചോദ്യങ്ങൾ ഒരു ബുദ്ധിമുട്ടായി മാറുന്നത്‌ അത്‌ പല ആവർത്തി കേൾക്കേണ്ടി വരുന്ന ആൾക്കായിരിക്കും ല്ലേ!!! 


ചിലപ്പോൾ ആ ചോദ്യങ്ങൾ ചോദിക്കുവാതിരിക്കാനുളള ഉത്തരങ്ങൾ ആ മറുപടിയിൽ തന്നെയുണ്ട്‌..... അത്‌ മനസ്സിലാക്കുവാനുളള ബുദ്ധിയും വിവേകവും നമുക്കുണ്ടെങ്കിൽ കൂടിയും എവിടെയോ നേരിയയൊരു പ്രതീക്ഷ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്‌ ആ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നു.... നിരാശയാണു അതിന്റെ ഫലമെന്നറിയാമെങ്കിൽ കൂടിയും....


മറ്റൊരാൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന ആ ചോദ്യങ്ങൾ നമ്മൾ അവസാനിപ്പിക്കുമ്പോൾ അവസാനം ആ ചോദ്യങ്ങളേ ഇല്ലാണ്ടാകുന്നു .... ഒരു പക്ഷേ അത്‌ മറ്റൊരാളിൽ ഉണ്ടാക്കുന്ന ആശ്വാസം എത്ര വലുതായിരിക്കും ല്ലേ!!! .... 

Tuesday, February 20, 2018

ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം!

ഇന്ന് ഫെബ്രുവരി ഇരുപത്‌....


ഈ ദിവസത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം രാവിലെ തന്നെ നിദ്ര എന്നെ വെടിഞ്ഞ്‌ ഒരു പുതിയ പ്രഭാതത്തെ വരവേറ്റു. അന്ധകാരത്തിന്റെ നേരിയ മേലാപ്പ്‌ പ്രകൃതി അപ്പോഴും പുതച്ചിരുന്നു. സമയം നോക്കുവാനായി മൊബെയിൽ കൈയ്യിലെടുത്തപ്പോൾ എന്റെ കണ്ണുകൾ ആദ്യം കണ്ടത്‌ ഫെബ്രുവരി ഇരുപത്‌ എന്ന ദിവസമാണു. പെട്ടെന്നെ തന്നെ മനസ്സ്‌ ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചോർത്തു. ഞാൻ പതിയെ കട്ടിലിൽ കിടന്നു കൊണ്ട്‌ കർട്ടൻ ഒന്ന് ചെറുതായി പൊക്കിവെച്ചു. മനസ്സിൽ മിന്നി മാഞ്ഞ ഓർമ്മകളെ പുൽകി അനന്തമായിക്കിടക്കുന്ന ആകാശത്തിലേക്ക്‌ നോക്കി കട്ടിലിൽ അങ്ങനെ വെറുതെ കിടന്നു. ആകാശത്ത്‌ ചെമ്മാനം പടരുന്നത്‌ ഞാൻ കണ്ടു. ആ ചെമ്മാനം പ്രഭാതസൂര്യൻ പ്രകൃതിയുടെ നെറുകയിൽ ചാർത്തിയ സിന്ദൂരമായി എനിക്ക്‌ തോന്നി. എന്റെ മനസ്സും ശരീരവും ആത്മാവും മൂന്ന് വർഷം പുറകിലേക്ക്‌ സഞ്ചരിച്ചു.



മൂന്ന് വർഷങ്ങൾക്ക്‌ മുൻപ്‌ ഇതുപോലൊരു ഫെബ്രുവരി ഇരുപത്‌ എന്ന ദിവസത്തിലെ പ്രഭാതം പൊട്ടിവിടർന്നത്‌ ഒരു സ്വപ്നത്തിന്റെ അകമ്പടിയോട്‌ കൂടിയായിരുന്നു. നിരാശയുടേയും, ദുഃഖത്തിന്റേയും, അന്ധകാരത്തിന്റേയും പടുകുഴിയിൽ മുങ്ങിത്താണിരുന്ന എന്റെ ജീവിതത്തിലേക്ക്‌ പ്രതീക്ഷയുടെ നാളങ്ങളുമായി ആ സ്വപ്നം കടന്നു വന്നപ്പോൾ ഞാനറിയാതെ തന്നെ എന്റെ ജീവിത്തിൽ ഒരു വഴിത്തിരിവിനു തുടക്കം കുറിക്കുകയായിരുന്നു ആ പ്രഭാതം. പിന്നീട്‌ ജീവിതത്തിൽ എഴുതിച്ചേർത്ത അനുഭവങ്ങൾ, എന്റെ വ്യക്തിത്വത്തിനു അനുഭവിച്ചറിയുവാൻ കഴിഞ്ഞ എന്നിലെ മാറ്റങ്ങൾ, എന്നിലെ സ്ത്രീത്വത്തെ, എന്നിലെ മാതൃത്വത്തെ, എന്നിലെ പ്രണയത്തെ ഞാൻ പുൽകിയ നിമിഷങ്ങൾ... എന്റെ അസ്ഥിത്വത്തെ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച്‌ നിർത്തുവാൻ എന്റെ ജീവിതം എന്നെ പ്രാപ്തയാക്കിയ വർഷങ്ങൾ... എല്ലാം ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം...



സ്വപ്നത്തെ പുൽകിയുണർന്ന പ്രഭാതത്തെ ഞാൻ ഒരു കാപ്പികുടിച്ചു കൊണ്ട്‌ ഒന്ന് ഉഷാറാക്കി. പിന്നീട്‌ പതിയെ മനസ്സ്‌ എഴുത്തിന്റെ ലോകത്തിൽ വിലയം പ്രാപിച്ചു. എഴുതിക്കൊണ്ടിരുന്നപ്പോൾ അത്തിമരത്തിൽ അത്തിപ്പഴം തിന്നുവാൻ വന്ന കിളികളുടെ കിളിക്കൊഞ്ചൽ കേട്ടു. ആ കിളിക്കൊഞ്ചൽ എന്നെ ഓർമ്മിപ്പിച്ചത്‌ എന്റെ പ്രഭാത സവാരിയെക്കുറിച്ചായിരുന്നു. പിന്നീട്‌ എഴുത്തവസാനിപ്പിച്ച്‌ നടപ്പിനായി ഒരുങ്ങി. വെളിയിൽ നല്ല തണുപ്പുണ്ടായിരുന്നു. എന്നാലും പതിയെ ഒരു പാട്ട്‌ കേട്ട്‌ ഞാൻ നടക്കുവാൻ തുടങ്ങി. വഴിക്കും ചുറ്റും പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ നടന്നപ്പോഴും എന്റെ മനസ്സിൽ മുഖരിതമായ വാചകം ഒന്ന് മാത്രമായിരുന്നു.... " എല്ലാം ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം....."

Thursday, February 15, 2018

സ്വപ്നം!

ഞാനും കണ്ടു ഒരു സ്വപ്നം...
വെറുതേയൊരു സ്വപ്നം...
വർണ്ണങ്ങളാൽ നിറഞ്ഞൊരു സ്വപ്നം...


യുഗാന്തരങ്ങളുടെ കാത്തിരിപ്പിൽ 
നെയ്തു തീർത്തൊരു സ്വപ്നം...
എന്റെ പ്രണയത്താൽ 
ചാലിച്ചെഴുതിയൊരു സ്വപ്നം...


ആരും കാണാത്ത, ആരും കേൾക്കാത്ത, 
ആരും അറിയാത്തൊരു സ്വപ്നം...


എന്റെ ചിരിയിൽ ഒളിപ്പിച്ചൊരു സ്വപ്നം ...
എന്റെ കണ്ണുനീരിൽ കുതിർന്നൊരു സ്വപ്നം...


എന്നിലെ കാമത്തെ പുൽകിയൊരു സ്വപ്നം...
എന്റെ സ്ത്രീത്വത്തെ ഞാനറിഞ്ഞൊരു സ്വപ്നം...


ആ സ്വപ്നം നിന്നിൽ പൂർണ്ണത തേടിയപ്പോൾ,
അപൂർണ്ണമായത്‌ എന്നിലെ സ്വപ്നം....


കാർത്തിക....




Tuesday, February 13, 2018

ബ്ലോഗുകൾ



2013-ൽ ആണു ഞാൻ ബ്ലോഗ്‌ തുടങ്ങുന്നത്‌. അതിൽ എന്തെങ്കിലും എഴുതുവാൻ തുടങ്ങുന്നത്‌ 2014-ൽ. ബ്ലോഗെഴുത്ത്‌ ഒരു ശീലമാക്കിയത്‌ 2015-ൽ. പക്ഷേ എല്ലാ ബ്ലോഗർമാരെയും പോലെ ആദ്യത്തെ ആവേശം വരും വർഷങ്ങളിൽ കണ്ടില്ല. അപ്പോ ഞാൻ മറ്റുളള ബ്ലോഗുകൾ സന്ദർശിച്ചപ്പോൾ എല്ലാവരും തുടക്കത്തിൽ ധാരാളം പോസ്റ്റിടുകയും പിന്നീട്‌ ബ്ലോഗിൽ നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നതായും കണ്ടു. സാഹചര്യങ്ങളും, തിരക്കുകളും, പ്രാരാബ്ദങ്ങളുമൊക്കെയായിരിക്കാം കാരണങ്ങൾ. ഇതെല്ലാം കണ്ടപ്പോൾ എന്റെ മനസ്സിലേക്ക്‌ വന്നത്‌ ഇനി ഞാനും എന്നെങ്കിലും ഈ ബ്ലോഗുകളുടെ ലോകത്തു നിന്നും അപ്രത്യക്ഷമാകുമോയെന്ന ചിന്തയാണു. ആർക്കറിയാം! എല്ലാം ഒരു തോന്നലുകളല്ലേ .... 


ജീവിതം മുൻപോട്ട്‌ നയിക്കുന്ന വഴികളിൽ എന്റെ എഴുത്തുകൾ അന്യം നിന്നാൽ ഒരു പക്ഷേ ഞാനെന്ന വ്യക്തിയും ആത്മാവുകൊണ്ടെങ്കിലും മരിച്ചിരിക്കും. ഒരു പാടെഴുതാൻ സാധിച്ചില്ലെങ്കിലും എന്തെങ്കിലും എന്റെ ബ്ലോഗിൽ കുറിക്കണം. കാലം കടന്നുപോകുമ്പോൾ ജീവിതത്തിന്റെ സായാഹ്നങ്ങളിൽ വീണ്ടു വീണ്ടും വായിച്ച്‌ ഓർമ്മകളെ അയവിറക്കുവാൻ സാധിക്കുമല്ലോ! അങ്ങനെ ഓർമ്മകളേയും അയവിറക്കി ഒരു കട്ടൻ കാപ്പിയും കുടിച്ചിരിക്കുമ്പോൾ വീണ്ടുമെന്തെങ്കിലുമൊക്കെ എഴുതുവാൻ തോന്നിയാൽ.... ആ ഓർമ്മകളും അനുഭവങ്ങളുമെല്ലാം ഓരോ പുസ്തകങ്ങളായി പിറവിയെടുത്താൽ ..... എല്ലാം വിധിപോലെ.... അതുകൊണ്ട്‌ ബ്ലോഗുകൾ എഴുതുവാൻ തുടങ്ങിയവരും, എഴുത്ത്‌ നിർത്തിയവരും, എഴുതിക്കൊണ്ടിരിക്കുന്നവരും, ഇനി ബ്ലോഗ്‌ തുടങ്ങുവാൻ ആഗ്രഹിക്കുന്ന എല്ലാവരോടുമായി ... എഴുതുക ... എന്തെങ്കിലുമൊക്കെ.... നിങ്ങളുടെ ഉളളിലെ സർഗ്ഗവാസനകൾക്ക്‌ ചിറകുകൾ നൽകി ഉയരങ്ങൾ താണ്ടുവാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുക.


എല്ലാവർക്കായും സമയം കണ്ടെത്താൻ നമ്മൾ തത്രപ്പെട്ട്‌ പരിശ്രമിക്കും. എന്നാൽ സ്വന്ത ആത്മാവിനും, മനസ്സിനും എന്തു വേണമെന്ന് ഒരിക്കൽ പോലും ആരും ചിന്തിക്കാറില്ല. ഇരുപത്തിനാലു മണിക്കൂർ സമയത്തിൽ കുറഞ്ഞത്‌ ഒരു പതിനഞ്ചു മിനിട്ട്‌ നമ്മൾക്കായി മാറ്റി വെക്കുക. ആ സമയത്ത്‌ നമ്മൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലുമൊരു കാര്യം നിർവഹിക്കുക. 


Satisfying your self with mindful actions create a powerful and positive personality within you. You don't need to go in search of something to full fill your soul. Instead, find some quiet time exclusively for you to inspire your inner spirit with your creative mind. Creativity always can emerge wonders in oneself. You become confident and self motivated. 


Tuesday, February 6, 2018

കാലം മാത്രം സാക്ഷി!!!

ഒരു വേള ഞാൻ നീയായിരുന്നെങ്കിൽ
നീ ഞാനായിരുന്നുവെങ്കിൽ,
കാലം നിനക്ക്‌ മുൻപിൽ തുറക്കുന്ന
 വാതായനങ്ങൾക്ക്‌, നീ കേൾക്കാത്ത 
എന്നിലെ നോവിന്റെ വിങ്ങലുകൾ
നിനക്ക്‌ കേൾക്കുമാറാകുമായിരുന്നു.
ആ നോവിൽ ഞാനെന്ന വ്യക്തിത്വത്തിന്റെ
നിസ്സഹായതയെ നീ കാണുമാറാകുമായിരുന്നു.
എന്റെ ശരികളും തെറ്റുകളും 
നീ അറിയുമാറാകുമായിരുന്നു.
എന്നിലെ എന്നെ നീ അറിയുമ്പോൾ 
എന്റെയീ ജന്മത്തിൻ കർമ്മങ്ങൾക്ക്‌ 
നീ സാക്ഷിയാകുമ്പോൾ 
ഞാനെന്ന അസ്ഥിത്വത്തെ നീയും
 നെഞ്ചിലേറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു....
അവിടെ നീയെല്ലാം ക്ഷമിക്കുമെന്നും ഞാൻ 
വിശ്വസിക്കുന്നു!!!


മൂന്നു നാലു ദിവസത്തെ മാനസിക സംഘർഷത്തിനൊടുവിൽ മനസ്സിനെ തിരികെ പിടിക്കുവാൻ ഞാൻ പോയി നിന്റെ പുസ്തകങ്ങളുടെ ലോകത്തേക്ക്‌. രാവിലെ പോയി ചെടികൾക്കൊക്കെ ജീവജലം നൽകി അവരെ ഉഷാറാക്കി. പിന്നെ എന്നെ ഏൽപ്പിച്ച കടമകളുടെ ലോകത്തേക്ക്‌ ഞാൻ പ്രവേശിക്കുന്നതിനു മുൻപ്‌ മനസ്സിനെ ഒന്നു തിരികെ പിടിക്കേണ്ടതായിട്ടുണ്ടായിരുന്നു. അപ്പോൾ നിങ്ങൾക്ക്‌ രണ്ടു പേർക്കും പ്രിയപ്പെട്ട നിങ്ങളുടെ എഴുത്തുപുരയിലേക്ക്‌ കയറി. ആ മുറിക്ക്‌ വളരെ പോസിറ്റിവിറ്റിയുണ്ട്‌. കുറേ നേരം നിലത്ത്‌ കാർപ്പെറ്റിലിരുന്നു ചിന്തകളുടെ ലോകത്തേക്ക്‌ എന്നെ സ്വതന്ത്രമാക്കി. ആ ചിന്തകൾ എന്നെ കൂട്ടിക്കൊണ്ട്‌ പോയത്‌ നീ എനിക്ക്‌ അയച്ചു തന്ന നിന്റെ ഡയറിക്കുറിപ്പുകളിലേക്കായിരുന്നു. നിന്റെ പ്രണയവും, നിന്റെ സ്വപ്നങ്ങളും, നിന്റെ ജീവിതവും, നിന്റെ കുറുമ്പും, നിന്റെ പരാതികളും അങ്ങനെ ഈ ജന്മത്തിൽ നീ എഴുതിവെച്ച, ഞാനുമായി നീ പങ്കുവെച്ചിട്ടുളള എല്ലാ കുറിപ്പുകളും എന്നെ വിവിധ മാനസികാവസ്ഥയിലൂടെ യാത്ര ചെയ്യിപ്പിച്ചു. പതിയെ മനസ്സിന്റെ താളം എഴുത്തിന്റെ ലോകത്തിൽ വിലയം പ്രാപിച്ചു.
എഴുതുവാൻ ബാക്കിവെച്ചത്‌, പറയുവാൻ ബാക്കിവെച്ചതെല്ലാം അക്ഷരങ്ങളായി പിറവിയെടുത്തു.


ആ ഓർമ്മകൾക്ക്‌ കൂട്ടായി എന്റെ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തുളളികളും ഉണ്ടായിരുന്നു... ആ കണ്ണുനീർ തുളളികൾക്ക്‌ പറയുവാനുളളതെല്ലാം ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നു. എല്ലാം കാണുന്ന, എല്ലാം അറിയുന്ന പ്രകൃതിക്കും,സർവ്വേശ്വരനും മാത്രമായി വിധിക്കപ്പെടുവാൻ. അത്‌ ചിലപ്പോൾ എന്റെ ഈ ജന്മത്തിന്റെ ഏറ്റവും വലിയ നിസ്സഹായതയായിരിക്കും... സഖീ... നിന്നിലെ നന്മയെ മാത്രമേ ഞാൻ നോക്കിക്കണുന്നുളളൂ... നിന്നിലെ നിന്നെ പൂർണ്ണമായും അറിയുന്നവർ, നിന്നെ ശരീരം കൊണ്ടും, മനസ്സു കൊണ്ടും, ആത്മാവുകൊണ്ടും മനസ്സിലാക്കിയ ആൾ ഈ ലോകത്തിലുണ്ടാവാം... പക്ഷേ ഞാനറിഞ്ഞ നിന്നിലെ നിന്നെ ആരും അറിഞ്ഞിട്ടുണ്ടാവില്ല..... എവിടെയിക്കെയോ ആരും കാണാതെ നീ സൂക്ഷിക്കുന്ന നിന്റെ കണ്ണുനീർ തുളളികളെ ആരും അറിഞ്ഞിട്ടുണ്ടാവില്ല.... അവയിലെല്ലാം ഞാൻ എന്റെ പ്രതിഫലനം കാണുമ്പോൾ .... നിന്റെ ജീവിതം തന്നെ എന്നിലൂടെ പുനരാവിഷ്കരിക്കപ്പെടുമ്പോൾ ഞാൻ നീയാണെന്നും, നീ ഞാനാണെന്നും ഈ ജീവിതം വീണ്ടും വീണ്ടും എന്നോട്‌ ഉറക്കെ തന്നെ പറയുന്നു..... കാലം മാത്രം സാക്ഷിയാകുന്ന ജീവിതം!!!

Tuesday, January 30, 2018

Living in Memories...



Living in memories keeps me alive,
 when I miss My rhythm of life.
Walking through the path where 
You left your foot prints, 
Touching the grass through which 
Your warmth was assimilated by the Earth,
Experiencing the Nature where 
You left your breath and spirit,
I can feel You ...
I can feel my Love...
Even though Your existence is mysterious!!!


നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ രാവിലെ വീട്ടിലേക്ക്‌ പോരുമ്പോൾ നല്ല മഞ്ഞുണ്ടായിരുന്നു. നാൽപ്പത്‌ ഡിഗ്രി ചൂടിൽ നിന്നും അഡലൈഡ്‌ പതിനേഴ്‌ ഡിഗ്രി തണുപ്പിലേക്ക്‌ താണിരുന്നു. വണ്ടിയോടിക്കുമ്പോൾ ഗ്ലാസ്സ്‌ താഴ്ത്തിയിട്ട്‌ ഡ്രൈവ്‌ ചെയ്യാൻ എനിക്കൊരുപാടിഷ്ടമാണു. നല്ല തണുത്ത കാറ്റ്‌ വീശിയടിച്ചിട്ടും ഞാൻ അത്‌ തുറന്നു തന്നെയിട്ടു. ഉണരുമീയെന്ന ഗാനം കൂടി കേട്ടപ്പോൾ വീട്ടിലേക്ക്‌ വിട്ട വണ്ടി നേരെ അൺലിയിലെ പാർക്ക്‌ ലാൻഡെന്ന സ്ഥലത്തേക്ക്‌ വിട്ടു. ഓർമ്മകൾ കൂടുകെട്ടിയിരിക്കുന്ന ആ സ്ഥലത്തിനു എന്റെ ആത്മാവിനു ഒരു പുത്തനുണർവ്വ്‌ നൽകാൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. 


എട്ടു മണിക്ക്‌ ശേഷം മാത്രം പാർക്കിംങ്ങ്‌ അനുവദനീയമായ സ്ഥലത്ത്‌ ഏഴ്‌ മണിക്ക്‌ പോയി ഞാൻ വണ്ടി പാർക്ക്‌ ചെയ്തു. ഈശ്വരാ പോലീസ്സുകാർക്കൊന്നും ലൗ ലെറ്റർ വെക്കാൻ തോന്നരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പച്ചപ്പട്ടു വിരിച്ച മൈതാനത്തിലേക്ക്‌ ഞാൻ നടന്നപ്പോൾ അവിടം മുഴുവൻ വിവിധയിനം പക്ഷികളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ഭൂമിയുടെ ആത്മാവിനെ തൊടുവാൻ ഞാൻ എന്റെ ചെരുപ്പ്‌ അഴിച്ച്‌ കൈയ്യിൽ പിടിച്ചു. മഞ്ഞിൻ കണങ്ങളാൽ പൊതിഞ്ഞു കിടന്ന പുൽതകിടികളിലൂടെ നഗ്ന പാദയായി ഞാൻ നടന്നപ്പോൾ ഞാനറിഞ്ഞു പ്രകൃതിയുടെ പ്രണയം എന്റെ ആത്മാവിനെ പുൽകുന്നത്‌.


  മഞ്ഞും, കുളിരാർന്ന കാറ്റും, കിളികളും പിന്നെ മൊബെയിലിൽ നിന്നുതിർന്ന പാട്ടും ഞാൻ ഓർമ്മിക്കുവാനിഷ്ടപ്പെടുന്ന ഓർമ്മകളെ കൂടെക്കൂട്ടിയപ്പോൾ ആ മൈതാനത്തിലൂടെ പൂർണ്ണ സ്വതന്ത്രയായി ലക്ഷ്യമില്ലാതെ എന്നെ നടത്തി. നടപ്പിനൊടുവിൽ ആ ഗോൾ പോസ്റ്റിൽ ചാരിയിരുന്നപ്പോൾ എന്റെ മനസ്സും, ശരീരവും, ആത്‌മാവും പ്രണയത്താൽ നിറഞ്ഞിരിക്കുന്നത്‌ ഞാനറിഞ്ഞു. ആ നിമിഷങ്ങളുടെ  സൗന്ദര്യം മുഴുവൻ ആത്മാവിൽ ആവാഹിച്ച്‌ തിരികെ വീട്ടിലോട്ട്‌ പോരുമ്പോൾ, പോലീസ്സുകാരെ ആ വഴിക്കൊന്നും അയക്കാഞ്ഞതിൽ പടച്ചോനോട്‌ നന്ദി പറയാനും മറന്നില്ല.... ഒരു നല്ല ദിവസം ഒരു നല്ല തുടക്കത്തോട്‌ കൂടി തുടങ്ങിയപ്പോൾ എഴുതുവാനുളള മനസ്സും പാകപ്പെട്ടിരുന്നു..... 


ചില നേരങ്ങളുടെ നിർവൃതി, അതിന്റെ പൂർണ്ണത
നിന്നിൽ വിലയം പ്രാപിക്കുമ്പോൾ,
പ്രകൃതിക്കും എനിക്കും മാത്രം സ്വന്തമായ ആ നിമിഷങ്ങൾ
നീ എന്റെ ജീവിതത്തിൽ എഴുതിച്ചേർക്കുന്നു.
ആ ഓർമ്മകളെ പുൽകി ഞാൻ ജീവിക്കുമ്പോൾ 
അതെന്റെ ജീവിത താളത്തെ പോലും നിയന്ത്രിക്കുന്നു.


നിന്റെ കാലടികൾ പതിഞ്ഞ ആ മണ്ണിലൂടെ നടക്കുമ്പോൾ,
നിന്റെ ഊഷ്മാവിനെ ഈ ഭൂമിയിലേക്ക്‌ ആഗിരണം ചെയ്ത 
ആ പുൽനാമ്പുകളെ തൊടുമ്പോൾ,
നിന്റെ ശ്വാസവും, ആത്മാവും നിറഞ്ഞു നിൽക്കുന്ന
 പ്രകൃതിയെ അനുഭവഭേദ്യമാക്കുമ്പോൾ,
ഞാനറിയുന്നു നിന്നിലെ നിന്നെ ,
നിഗൂഢമായ നിന്റെ സാമീപ്യത്തെ, 
എന്നിലെ പ്രണയത്തെ...