രണ്ടു ദിവസമായിട്ട് നല്ല തണുപ്പാണു. ഞാനെന്റെ ജാക്കറ്റിന്റെ അകത്ത് ചുരുണ്ടു കൂടിയിരുന്നു എന്റെ നോവൽ എഴുതിക്കൊണ്ടിരുന്നപ്പോൾ അടുക്കളയിൽ ഒരു ശബ്ദം കേട്ടു. ഞാനെണീറ്റു ചെന്നു നോക്കിയപ്പോൾ എന്റെ പടച്ചോൻ ഞാൻ എനിക്ക് ഉണ്ടാക്കിവെച്ച കാപ്പി രണ്ടു കപ്പിലാക്കിയെടുക്കുന്നത് കണ്ടു.
"അതു ശരി!!! എന്റെ കാപ്പിയൊന്നും വേണ്ടന്ന് പറഞ്ഞു പോയ ആളു ഇപ്പോ എന്റെ കാപ്പിക്കപ്പുമായി നിൽക്കുന്നു. കൊളളാട്ടോ." അതും പറഞ്ഞു ഞാൻ എന്റെ പങ്ക് കാപ്പി ആശാന്റെ കൈയ്യിൽ നിന്നും വാങ്ങി.
പുളളി ഒരു വെളുക്കെ ചിരിയെനിക്ക് സമ്മാനിച്ചിട്ടു പറഞ്ഞു, "എന്തോ തണുപ്പാ ഇവിടെ. ഞാനൊന്ന് നാട്ടിൽ പോയിട്ടു വന്നപ്പോഴേക്കും ദുബായി തണുത്ത് വിറക്കുകയാണല്ലോ."
"ഒരു കാപ്പി കുടിച്ച് അന്റെ ബാക്കി കഥയും കൂടി കേൾക്കാമെന്നു വിചാരിച്ചാ ഞാനിങ്ങോട്ട് കയറിത്."
അതും പറഞ്ഞ് ആശാൻ എന്റെ നോവെലെടുത്ത് നോക്കി.
"നാട്ടിൽ എന്തുണ്ട് വിശേഷം?" ഞാൻ ചോദിച്ചു.
"നാട്ടിലെ വിശേഷമൊന്നും നീയറിയണില്ലാ. ഓ അനക്ക് പിന്നെ റ്റി.വി കാണണ പരിപാടിയൊന്നുമില്ലല്ലോ. ഇപ്പോ നാട്ടിലു സരിത മയമല്ലേയെന്ന്. ഓളു എന്റെ പേരും കൂടി പറയുമോയെന്ന് പേടിച്ച് ഞാൻ ദുബായിക്ക് വണ്ടി കേറി." അതും പറഞ്ഞ് പടച്ചോൻ ഒരു ദീർഘനിശ്വാസം വിട്ടു.
അതു കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. ഇടക്കങ്ങനെയാ മൂപ്പരു നമ്മളു വിചാരിക്കാത്ത സമയത്ത് ചിരിയുടെ ഒരു ഗുണ്ടു പൊട്ടിക്കും.
ഞങ്ങൾ രണ്ടുപേരും സോഫയിലേക്കിരുന്നു. ഞാനെന്റെ കഥ പറയുവാൻ തുടങ്ങി.
എന്റെ കൊച്ചു കൊച്ചു ഡയറി എഴുത്തുകളിലൂടെ അക്ഷരങ്ങളോടുളള എന്റെ പ്രണയം പുരോഗമിച്ചു. വായിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വായിക്കുവാനായി എനിക്ക് പുസ്തകങ്ങൾ ഇല്ലായിരുന്നു. എനിക്ക് പുസ്തകങ്ങൾ വാങ്ങിച്ചു തരുവാൻ ആരുമില്ലായിരുന്നു, ഇന്ന പുസ്തകം വായിക്കണമെന്ന് പറയാനും ആരുമില്ലായിരുന്നു.
അന്നത്തെക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങൾ ബാലരമയും, പൂമ്പാറ്റയും, വനിതയുമൊക്കെയാണു. ബഷീറിനെക്കുറിച്ചും, മാധവിക്കുട്ടിയെക്കുറിച്ചും, എം. ടിയെക്കുറിച്ചും, പെരുമ്പടവം ശ്രീധരൻ തുടങ്ങിയ ഒരുപാട് എഴുത്തുകാരെക്കുറിച്ചു ഞാൻ പത്രങ്ങളിലൂടെ വായിച്ചറിയുന്നുണ്ടായിരുന്നെങ്കിലും ആരുടെയും പുസ്തകം സ്വന്തമാക്കുവാനുളള ഭാഗ്യം എനിക്കില്ലായിരുന്നു.
അങ്ങനെയിരിക്കുമ്പോൾ ഒരു വേനലവധിക്ക് എന്റെ ഒരു ബന്ധു ഒരു പുസ്തകം എന്റെ കൈയിൽ തന്നിട്ടു പറഞ്ഞു , " എടീ കൊച്ചേ ഇത് ഞാൻ നമ്മുടെ ലൈബ്രറിയിൽ നിന്നും എടുത്തതാ. നിനക്ക് വേണമെങ്കിൽ ഇതു വായിച്ചോ".
ജീവിതത്തിൽ ആദ്യമായി എന്റെ കൈയിൽ കിട്ടുന്ന, ഞാൻ ആദ്യമായി വായിക്കുന്ന ഒരു നോവൽ.
"കോവിലന്റെ - തട്ടകം".
എന്റെ കൈയിൽ ആ പുസ്തകം കിട്ടിയപ്പോൾ ശരിക്കും എനിക്ക് തോന്നിയത് ഞാൻ നാളുകളായി കാത്തിരുന്ന നിധി എന്റെ കൈയിൽ കിട്ടിയ പോലെയായിരുന്നു. ആദ്യമേ തന്നെ ഞാൻ ആ എഴുത്തുകാരനെക്കുറിച്ചു
വായിച്ചു.
കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് തട്ടകം. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു, വയലാർ അവാർഡ്, ഒ. എൻ.വി. പുരസ്കാരം, എ.പി. കളയ്ക്കാട് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ തട്ടകത്തിനു ലഭിച്ചിട്ടുണ്ട്.
(കടപ്പാട് ഗൂഗിൾ)
ഞാൻ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി ആ ഭാഷാ ശൈലിയും അതിന്റെ പൊരുളും മനസ്സിലാക്കുവാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന്. ആ പുസ്തകം ഒരു സാധരണക്കരനു മനസ്സിലാക്കുവാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. അത്രക്കും ശക്തമായിരുന്നു ആ ദ്രാവിഡ ഭാഷ. പക്ഷേ ഞാനത് മുഴുവനും വായിച്ചു. അത് വായിച്ചു കഴിഞ്ഞ സന്തോഷത്തിൽ ഞാൻ മമ്മിയോട് അത് പറഞ്ഞു. അത് കേട്ടു കൊണ്ട് പപ്പ അപ്പുറത്തെ മുറിയിൽ നിൽപ്പുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി പപ്പയെന്നെ അനുമോദിച്ചുകൊണ്ട് അന്നൊരു കാര്യം പറഞ്ഞു,
"ആ പുസ്തകം വായിക്കുവാൻ ഞാൻ ശ്രമിച്ചു പക്ഷേ മൂന്നു നാലു പേജ് വായിച്ചോപ്പോളെക്കും എനിക്ക് മടുപ്പ് തോന്നി. എനിക്ക് താത്പര്യം തോന്നിയില്ല പിന്നീട് വായിക്കുവാൻ. നീയത് മുഴുവൻ വായിച്ചിട്ടുണ്ടെങ്കിൽ അത് കാണിക്കുന്നത് നിന്റെ വായനയോടുളള താത്പര്യത്തെയാണു. നിന്റെ അക്ഷരങ്ങളോടുളള ഇഷ്ടത്തെയാണു."
എനിക്ക് അന്നൊരുപാട് സന്തോഷം തോന്നി.
എന്റെ കഥയും കേട്ട് ഏത്തക്കാ വറുത്തതും കൊറിച്ചു കൊണ്ടിരുന്ന എന്റെ പടച്ചോൻ പെട്ടെന്നൊരു ഡയലോഗും പൊക്കിപ്പിടിച്ചു വന്നു,
"അന്റെ ഉപ്പ സ്നേഹമുളള ആളാ. പക്ഷേ പുളളിക്ക് അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ലാ. അത്രയേയുളളൂ."
ഞാൻ ചിരിച്ചുകൊണ്ട് എന്റെ കഥ തുടർന്നു.
പിന്നേയും എന്റെ ആ ബന്ധു വേറൊരു പുസ്തകമായും വന്നു. പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെയെന്ന നോവൽ.ഞാനൊരുപാടിഷ്ടപ്പെടുന്ന നോവലുകളിൽ ഒന്നാണു. അതുപോലെ എം. ടി. യുടെ കാലം എന്ന നോവൽ. പിന്നീട് എന്റെ ബന്ധു പുസ്തകങ്ങളൊന്നും കൊണ്ടുവന്നില്ലാ. തന്ന പുസ്തകങ്ങൾ എന്റെ കൈയ്യിൽ നിന്നും തിരിച്ചു വാങ്ങിയതുമില്ലാ.
"ഓനെ ലൈബ്രറിക്കാരു ഇപ്പോഴും തപ്പിനടക്കുന്നെണ്ടെന്നാ ഞാനറിഞ്ഞത് ആ മൂന്നു പുസ്തകങ്ങളും കൊടുക്കാത്തതിന്റെ പേരിൽ." അതും പറഞ്ഞു പടച്ചോൻ കുണുങ്ങി കുണുങ്ങി ചിരിച്ചു.
"ഇങ്ങൾക്കറിയുമോ എനിക്ക് ആദ്യമായി പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നത് എന്റെ മാഷാണു. ഒരു ദിവസം ക്ലാസ്സിലെ ഇടവേളയുടെ സമയത്ത് മാഷ് എന്നോടു ചോദിച്ചു നീ ഷിവ് കേരയുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോയെന്നു."
ഞാൻ ആദ്യമായിട്ടായിരുന്നു ആ പേരു കേൾക്കുന്നത് തന്നെ.
ഞാൻ പറഞ്ഞു, "ഇല്ലാ.. അതെവിടുന്നാ വാങ്ങിക്കാൻ പറ്റുകാ?"
നമുക്ക് ഡി.സി ബുക്ക്സിൽ പോയി അന്വേഷിക്കാമെന്ന് മാഷ് പറഞ്ഞു. അങ്ങനെ ക്ലാസ്സ് കഴിഞ്ഞ് ഞാനും മാഷും കൂടി അവിടേക്ക് പോയി. ആദ്യമായിട്ടായിരുന്നു ഞാൻ അവിടെ പോകുന്നതും. എന്തോരം പുസ്തകങ്ങളായിരുന്നൂന്നറിയുവോ അവിടെ. സത്യം പറഞ്ഞാൽ അത് കണ്ടിട്ട് എന്റെ മനസ്സിൽ എത്ര ലഡ്ഡു പൊട്ടിയെന്നറിയുമോ. ആ പുസ്തകങ്ങളെല്ലാം സ്വന്തമാക്കുവാൻ തോന്നി. പക്ഷേ കൈയ്യിൽ സൂക്ഷിച്ചിരുന്ന പോക്കറ്റ് മണി ഒരു പുസ്തകം വാങ്ങിക്കുവാനേ തികയുമായിരുന്നുളളു.
അങ്ങനെ ആദ്യമായി ഞാൻ സ്വന്തമാക്കിയ പുസ്തകം ഷിവ് കേരയുടെ "You can win" എന്ന പുസ്തകമായിരുന്നു. അതും എന്റെ മാഷ് പറഞ്ഞിട്ട്. പത്ത് പതിനഞ്ചു വർഷം ഞാൻ മനസ്സിൽ താലോലിച്ച എന്റെ സ്വപ്നമായിരുന്നു അന്ന് മാഷിലൂടെയെനിക്ക് സാധ്യമായത്. പക്ഷേ അതൊന്നും മാഷിനറിയില്ലായുരുന്നുട്ടോ.
അതുപോലെ തന്നെ കോട്ടയം പബ്ലിക്ക് ലൈബ്രറിയിലും മാഷ് ഒരു ദിവസം എന്നെ കൊണ്ടുപോയി. അവിടെ പോകണമെന്ന് ഞാൻ ഒരുപാട് ആശിച്ചിരുന്നതാ. അവിടെയും ഞാനാദ്യമായിപ്പോയത് മാഷിന്റെ കൂടെയാ. ആ ലൈബ്രറിയിൽ കയറി ഞാൻ അതിലെ ബുക്ക് ഷെൽഫിൽ വെച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ കൈയ്യോടിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു " ഒരിക്കൽ ഞാനെഴുതിയ എന്റെ പുസ്തകങ്ങളും ഈ ഷെൽഫിൽ വരുമെന്ന്". എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്ന്.
"അപ്പോ അന്റെയീ മാഷില്ലായിരുന്നുവെങ്കിൽ നീയി ജീവിതത്തിൽ ഇതൊന്നും കാണത്തില്ലായിരുന്നു ല്ലേ!!." എന്നെ ചെറുതായിയൊന്ന് കളിയാക്കിക്കൊണ്ട് ആശാൻ ഏറുകണ്ണിട്ട് എന്നെയൊന്ന് നോക്കി.
തെല്ല് നീരസത്തോടെ ഞാൻ തുടർന്നു,
"അതൊന്നുമെനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിനു എന്റെ ജീവിതത്തിലുളള സ്ഥാനം വളരെ വലുതാണു. അത് ഒരു പക്ഷേ അദ്ദേഹത്തിനു പോലും അതിന്റെ പൂർണ്ണാവസ്ഥയിൽ അറിയില്ലായെന്നുളളതാണു. "
പിന്നീട് രെഞ്ചിയുടെ കൂടെ കൂടിയേപ്പിന്നെയാണു പുസ്തകങ്ങളുടെ ഒരു പെരുമഴ തന്നെ പെയ്യുവാൻ തുടങ്ങിയത്. എവിടെപ്പോയാലും രെഞ്ചി ഒരു പുസ്തകവുമായേ തിരിച്ചു വരൂ. ഞങ്ങളുടെ പുസ്തക ഷെൽഫ് നിറഞ്ഞു കവിഞ്ഞപ്പോൾ കുറച്ചു പുസ്തകങ്ങൾ നാട്ടിലോട്ട് പായ്ക് ചെയ്തു വിട്ടു.
ഇപ്പോൾ ഒരുപാട് പുസ്തകങ്ങളുടെ മധ്യത്തിലാണു എന്റെ ജീവിതം തന്നെ. അതിനു ഇങ്ങൾക്കൊരു ബലിയ താങ്ക്സ് ഉണ്ടുട്ടോ... ഇനി ബാക്കി കഥ ഞാൻ പിന്നെപ്പറയാം. എനിക്ക് എന്റെ നോവലൊന്നെഴുതിത്തീർക്കണം.
"അല്ലാ വന്നപ്പം തൊട്ട് ചോദിക്കണമെന്ന് കരുതിയതാ. അന്റെ മുഖത്തെന്താ ഒരു വല്ലാത്ത സന്തോഷം." പോകാനിറങ്ങിയ പടച്ചോൻ വെറുതെ എന്നെ കിളളുവാനായി ചോദിച്ചു.
"ചില സന്തോഷങ്ങൾക്ക് കാരണങ്ങൾ വേണ്ട... അഥവാ കാരണങ്ങൾ ഉണ്ടെങ്കിൽ കൂടിയും അത് ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയതാ. അത് വായിക്കുവാൻ അറിയാവുന്നവർക്ക് അറിയാൻ പറ്റും ആ സന്തോഷം എന്താണെന്ന്."
അത് കേട്ട് പടച്ചോൻ പുഞ്ചിരിച്ചു.
"നന്ദി"... ഞാൻ ഉറക്കെ അദ്ദേഹത്തോടായി പറഞ്ഞു.
"എന്തിനു..." എല്ലാമറിയാമായിരിന്നിട്ടും പടച്ചോൻ അത് ചോദിച്ചു.
"എല്ലാത്തിനും." ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
"ഓ... ഹൃദയത്തിന്റെ ഭാഷാ." അതും പറഞ്ഞ് പുളളി യാത്രപറഞ്ഞു.
വീണ്ടും ഞാൻ എഴുത്തിന്റെ ലോകത്തിലേക്ക് കടന്നു.
"പറയുവാൻ ഒരുപാടുണ്ട്, എഴുതുവാൻ അതിലേറെയും. എല്ലാം ഞാൻ സൂക്ഷിക്കുന്നു ഹൃദയത്തിന്റെ ഒരു കോണിൽ ആരും കാണാതെ ആരോടും പറയാതെ... കാലത്തിന്റെ കാരുണ്യത്തിനായി....വിധിയുടെ ദയാവായ്പിനായി... ഇനിയും എത്ര നാൾ..
കാർത്തിക.....