പ്രകൃതി തൻ പ്രണയം മഴയായി പൊഴിയുമ്പോൾ
നിൻ പ്രണയത്തിൻ മഴ നീർത്തുളളികൾ
പെയ്തിറങ്ങുന്നതോ എന്റെ ഹൃദയത്തിൽ
ഞാൻ കേൾക്കുന്നു ആ മഴയുടെ സംഗീതം
മഴനീർ കണങ്ങൾ നനുത്ത കുളിരും പേറി
ഈ ഭൂവിനെ ഗാഢമായി പുണരുമ്പോൾ
എന്നിലെ അനുരാഗം തേടുന്നതോ
നിന്റെ പ്രേമോദാരമായ ആലിംഗനത്തെ
പ്രകൃതി തൻ മടിത്തട്ടിൽ മഴ ചാറ്റലിൻ നടുവിൽ
ഞാൻ കാണുന്നു അവ്യക്തമാം നിൻ നിഴൽ
എൻ മെയ്യിൽ പടരും പ്രണയത്താൽ ഞാനറിയുന്നു
നിൻ സാമീപ്യം അദൃശ്യമാം നിൻ സ്പർശം
തോരാതെ പെയ്യുമീ മാരി തൻ കുളിരിൽ
വിറങ്ങലിക്കുമെൻ മനസ്സും തനുവും
നിൻ ആശ്ലേഷത്താൽ അറിയുന്നു
നിന്നിലെ പ്രണയത്തിൻ ഊഷ്മളതയേ
ഒരു വർഷം പോൽ എന്റെ ആത്മാവിൽ
പെയ്തിറങ്ങുമീ അനശ്വരമാം പ്രണയത്തെ
ചേർത്തീടട്ടെ എന്നുമെൻ നെഞ്ചോട്
എന്നിലെ ജീവൻ അണയും വരെ.
കാർത്തിക....
No comments:
Post a Comment