"ഞാനറിഞ്ഞായിരുന്നു നീയെന്നെ കാണാൻ വന്നത്. നീ വന്നെന്നറിഞ്ഞപ്പോ എനിക്ക് ഒരുപാട് സന്തോഷായി. ഇനിയെന്നും എന്നെ കാണാൻ വരണോട്ടോ കാരണം നാളെ മുതൽ എന്റെ അവധി തുടങ്ങുകയാ. അപ്പോ ഇനി ഒത്തിരി നേരം എനിക്ക് നിന്നോട് സംസാരിക്കാം." ആകാശത്തിലെ എന്റെ വാൽനക്ഷത്രത്തെ നോക്കി എന്റെ പതിവ് കിന്നാരത്തിൽ ഞാൻ മുഴുകിയിരിക്കുകയാണു.
എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്ത് ചെറിയ ഒരു ഫ്ലാറ്റുണ്ട്. എന്റെ മുറിയിൽ നിന്നാൽ അതിന്റെ ടെറസ്സ് കാണാം.
ഞാൻ നിന്നോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ആ ടെറസ്സിന്റെ മുകളിൽ നിന്ന് എന്നെ ഒരാൾ കൈകൊട്ടി വിളിക്കുന്നു. ഇരുട്ടായതുകൊണ്ട് അത്ര വ്യക്തമായില്ലാ അതാരാണെന്ന്. പിന്നെ വെളിച്ചത്തിലേക്ക് വന്നപ്പോളാണു ആളെ പിടികിട്ടിയത്, "മ്മടെ പടച്ചോൻ".
പിന്നെ പടച്ചോനും കാത്തുവും കൂടി തുടങ്ങി കത്തിവെക്കാൻ.
പടച്ചോൻ : "അന്റെ വാന നിരീക്ഷണം ഇതുവരെ കഴിഞ്ഞില്ലേ?? ഇയ്യാരോടാ ഈ വർത്തമാനം പറയണത്??"
കാത്തു: "എന്റെ വാൽനക്ഷത്രത്തോട്." (പടച്ചോനെ കണ്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി.)
പടച്ചോൻ: "അത് ശരി !!! എന്നിട്ട് അന്റെ വാൽനക്ഷത്രം എന്തു പറഞ്ഞു??"
കാത്തു: "വാൽനക്ഷത്രം എന്നോട് ഒന്നും പറഞ്ഞില്ലാ!!!!....... കാരണം എന്റെ വാൽനക്ഷത്രം ഇപ്പോ എന്നോട് കൂട്ട് വെട്ടിയിരിക്കുവാ."
പടച്ചോൻ: "ങേ!! കൂട്ട് വെട്ടിയിരിക്കുവാന്നോ?? നീയെന്തായീ പറയുന്നത് പെണ്ണേ?"
കാത്തു: "ഇങ്ങളു കൂട്ടുവെട്ടിയിരിക്കുവാന്നു കേട്ടിട്ടില്ലാ". (ഞാൻ ഇത്തിരി കലിപ്പിച്ചു ചോദിച്ചു.)
പടച്ചോൻ: "എന്റെ പൊന്നോ... ഇങ്ങനെ അലറാതു പെണ്ണേ. ഞാൻ അതിന്റെ കാരണമല്ലേ അന്നോട് ചോദിച്ചത്."
കാത്തു: "ഇങ്ങൾക്കറിയില്ലേ എന്റെ വാൽനക്ഷത്രം എന്നോട് പിണങ്ങിയിട്ട് ഒത്തിരി നാളായീന്ന്. ഞാൻ നല്ല കുട്ടിയല്ലാന്ന്.. എന്നിട്ട് എന്നോട് പറഞ്ഞു ഇനി ഒരിക്കലും കൂട്ടുകൂടാൻ വരണ്ടാന്ന്.... പാവം ഞാൻ .... എനിക്ക് ഒത്തിരി സങ്കടായി."
പടച്ചോൻ: "അയ്യോ!!! ഓൻ അന്നോട് അങ്ങനെ പറഞ്ഞോ??? ഓനു അന്നോട് പിണക്കമാണെങ്കിൽ നീയെന്തിനാണു ഓന്റെയടുത്ത് വീണ്ടും കൂട്ടുകൂടാൻ പോണത്." (പടച്ചോൻ തന്റെ രണ്ടു പുരികവും ഉയർത്തിപ്പിടിച്ചുകൊണ്ട് വളരെ ഗൗരവത്തിൽ ചോദിച്ചു.)
(ആ ചോദ്യം കേട്ടപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു.)
കാത്തു: "ഇങ്ങളൊരു പടച്ചോനാണോ??? ഇങ്ങളു തന്നെയല്ലേ എന്നോടു പറഞ്ഞിട്ടുളളത് മ്മളോട് പിണങ്ങുന്നവരെയൊക്കെ മ്മളു സ്നേഹിക്കണമെന്ന്. അവരു മിണ്ടിയില്ലെങ്കിലും മ്മളു അവരോട് മിണ്ടണമെന്ന്. എന്നിട്ടാ ഇങ്ങളു ഈ ചോദ്യം എന്നോട് ചോദിക്കണത്."
(എന്റെ വർത്തമാനം കേട്ട് പടച്ചോൻ അന്തം വിട്ട് നിൽക്കുകയാണു. അതുകൊണ്ട് ഞാൻ തന്നെ എന്റെ സംസാരം തുടർന്നു.)
കാത്തു: "ഇങ്ങൾക്കറിയുവോ എന്നോട് പിണക്കമാണെങ്കിലും എനിക്കറിയാം എന്റെ വാൽനക്ഷത്രത്തിനു എന്നെ ഒരുപാടിഷ്ടമാണെന്ന്. അതുകൊണ്ടല്ലേ പിണങ്ങിയിട്ടും എല്ലാ ദിവസവും എന്റെ വാൽനക്ഷത്രത്തോട് ഞാൻ മിണ്ടണത്..."
പടച്ചോൻ: "എന്റെ കാത്തു അന്നെ എനിക്കുപോലും ചിലപ്പോൾ മനസ്സിലാക്കാൻ പറ്റണില്ലാ. ഓളും ഓടെയൊരു വാൽനക്ഷത്രവും... ഞാൻ പോകുവാ. ഇനി ഞാനായിട്ട് നിങ്ങടെ സൗഹൃദ സല്ലാപം മുടക്കണില്ലാ."
(അതും പറഞ്ഞ് എന്റെ പടച്ചോൻ താഴേക്കുളള ഗോവണി പടികൾ ഇറങ്ങി ഇരുട്ടിൽ മറയുന്നത് ഞാൻ കണ്ടു.)
(ഞാൻ വീണ്ടും ആകാശത്തേക്ക് നോക്കി അപ്പോഴും നീയവിടെ മനോഹരമായ ഒരു പുഞ്ചിരിയും തൂകി നിൽപ്പുണ്ടായിരുന്നു. പിന്നേയും ഞാൻ നിന്നോട് സംസാരിക്കുവാൻ തുടങ്ങി)
ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ ....
നീയെപ്പോളെങ്കിലും ആകാശത്ത് ആ വാൽ നക്ഷത്രത്തെ കണ്ടിട്ടോ??? നീയെപ്പോളെങ്കിലും നോക്കിയിട്ടുണ്ടോ അത് അവിടെ ഉണ്ടോ ഇല്ലയോയെന്ന്????
നീ നോക്കിയിട്ടില്ലായെങ്കിൽ ഒരു ദിവസം നീയത് നോക്കണം. നിലാവിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ മടിത്തട്ടിൽ അന്റെ വീടിന്റെ ബാൽക്കണിയിൽ പോയിരുന്ന് തെളിഞ്ഞ ആകാശത്തേക്ക് നോക്കണം... അപ്പോ ലൈറ്റൊന്നും ഉണ്ടാകാൻ പാടില്ലാ... നിന്റെ ചുറ്റും നിലാവിന്റെ വെളിച്ചം മാത്രമേ പാടുളളൂ...
നിലാവെളിച്ചത്തിലാണു നിശയുടെ ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കുവാൻ പറ്റുന്നത്...
നീ ആകാശത്തേക്ക് നോക്കുമ്പോൾ ഒരുപാട് നക്ഷത്രങ്ങളെ കാണാം... പക്ഷേ വീണ്ടും നീ സൂക്ഷിച്ചു നൊക്കുമ്പോൾ മൂന്ന് നക്ഷത്രങ്ങൾ വരി വരിയായി നിൽക്കുന്നത് കാണാം ... ഒന്നു കൂടി സസൂക്ഷ്മം വീക്ഷിക്കുമ്പോൾ ആ മൂന്നു നക്ഷത്രങ്ങളേയും ബന്ധിച്ചു കൊണ്ട് അതിന്റെ രണ്ടറ്റത്തും വേറെ രണ്ടു നക്ഷത്രങ്ങളേയും കാണാം... ഏഴു നക്ഷത്രങ്ങളുളള ആ നക്ഷത്ര സമൂഹത്തെ വിളിക്കുന്നത് ഓറിയോൺ എന്നാണു...
ഈ ലോകത്തിന്റെ ഏതു കോണിൽ നിന്നാലും ആ നക്ഷത്ര സമൂഹത്തെ കാണാം ... നക്ഷത്ര ലോകത്തെ പടനായകൻ എന്നാണു അറിയപ്പെടുന്നത്... നിന്റെ ജന്മ നക്ഷത്രവും (മലയാള മാസം) ഈ നക്ഷത്ര സമൂഹത്തിനുളളിലാണു.... ഡിസംബർ മുതൽ മാർച്ചു വരെ നമുക്കിതിനെ വളരെ വ്യക്തമായി കാണാം..
ആ ഓറിയോണിന്റെ മധ്യഭാഗത്തു വരി വരിയായി നിൽക്കുന്ന മൂന്നു നക്ഷത്രങ്ങളെ ഓറിയോണിന്റെ ബെൽറ്റായിട്ടാണു പറയുന്നത് .... അതിന്റെ രണ്ടറ്റത്തും വളരെ ശോഭയോടെ തിളങ്ങി നിൽക്കുന്ന രണ്ടു നക്ഷത്രങ്ങളുണ്ട്..... ആൽഫാ ഓറിയോണും ബീറ്റാ ഓറിയോണും... ആൽഫാ ഓറിയോൺ ചുവപ്പ് കളറിലും (അതാണു എന്റെ കുഞ്ഞു വാൽനക്ഷത്രം....) പിന്നെ ബീറ്റാ ഓറിയോൺ നീല നിറത്തിലുമാണു.
നീ ആ നക്ഷത്ര സമൂഹത്തെ കണ്ടെത്തുമ്പോൾ നിന്റെ ചുറ്റിലും ഒരു സുഗന്ധം പടരും ... നറുനിലാവിൽ നിശയുടെ പ്രണയത്തെ സാക്ഷാൽക്കരിക്കുവാനായി വിടരുന്ന മുല്ലപ്പൂവിന്റെ ഗന്ധം....
ആ നക്ഷത്ര സമൂഹത്തിൽ നീയെന്നെ കണ്ടെത്തുമ്പോൾ ... ആ മുല്ലപ്പൂവിന്റെ സുഗന്ധത്തിനൊപ്പം ഒരു ഇളം തെന്നലായി വേറൊരു സുഗന്ധവും കൂടി നിന്നെ ചുറ്റി പടരും .... ഒരു നല്ല സൗഹൃദത്തിൻ സുഗന്ധം... നിർവചനങ്ങളില്ലാത്ത എന്നിലെ പ്രണയത്തിൻ സുഗന്ധം....
അപ്പോ നീ നോക്കുവല്ലോ ല്ലേ!!!!
മാതാപിതാക്കൾക്കായി... നിങ്ങളുടെ കുട്ടികളെ ഈ പ്രപഞ്ചത്തിന്റെ അനർവചനീയമായ ഈ സൗന്ദര്യങ്ങൾ കാണിച്ചുകൊടുക്കണം ... ഈ പ്രപഞ്ചത്തിൽ സർവേശ്വരൻ നമുക്കായിട്ടാണു ഈ അത്ഭുതങ്ങളെ സൃഷ്ടിച്ചിട്ടുളളത് ... എന്റെ കുഞ്ഞുങ്ങൾക്കായി ഞാൻ കരുതിവെച്ചതാണു ഈ അറിവുകൾ ഒക്കെ.... ഞാൻ ഒരുപാട് ആശിച്ചിരുന്നു ഇതുപോലുളള കുഞ്ഞ് കുഞ്ഞ് അത്ഭുതങ്ങൾ അറിഞ്ഞു വേണം എന്റെ കുഞ്ഞുങ്ങൾ വളരേണ്ടതെന്ന് ... ആ ഭാഗ്യം എനിക്ക് ഇല്ലെങ്കിൽ കൂടിയും എന്റെ അക്ഷരങ്ങളിലൂടെ അവ ഈ ലോകത്തിൽ വിരിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു...
എന്റെ വാൽനക്ഷത്രവും, എന്റെ സങ്കൽപ്പങ്ങളുമൊക്കെ മറ്റുളളവർക്ക് തമാശയായി തോന്നാം ... പക്ഷേ അവയൊക്കെ എന്റെ ആത്മാവിന്റെ ഭാഗമാണു ... ഞാനും ഏറ്റവും സന്തോഷത്തോട് കൂടി എന്റെ ജീവിതത്തിൽ ആസ്വദിക്കുന്ന ഒന്നാണത്... ഹൃദയത്തിൽ ഒരുപാട് സ്നേഹം സൂക്ഷിക്കുന്നവർക്ക് അത് അതിന്റെ ആഴത്തിൽ തോട്ടറിയുവാൻ സാധിക്കും...
സ്നേഹപൂർവ്വം കാർത്തിക...
No comments:
Post a Comment