ഓർമ്മകൾ .. ഓർമ്മകൾ ഓടക്കുഴലൂതി...
ചിത്രം : സ് ഫടികം (1995).
പാടിയത് : കെ. എസ്. ചിത്ര
വരികൾ : പി. ഭാസ്കരൻ
സംഗീതം :എസ്. പി. വെങ്കിടേഷ്
പാടിയത് : കെ. എസ്. ചിത്ര
വരികൾ : പി. ഭാസ്കരൻ
സംഗീതം :എസ്. പി. വെങ്കിടേഷ്
ആ സായാഹ്നങ്ങൾ ഞാനിന്നുമോർക്കുന്നു. നിന്റെ വരവും കാത്ത് നിന്റെ ക്ലാസ്സിനു വെളിയിൽ ഞാൻ കാത്തു നിൽക്കുമായിരുന്നു. അന്ന് മഴയുളള ദിവസങ്ങൾ. ഞാൻ വരാന്തയിൽ കൈവരിയോട് ചേർന്ന് ആകാശത്തിലേക്കു നോക്കി ഈ ഭൂമിയിൽ പെയ്തിറങ്ങുന്ന മഴയും ആസ്വദിച്ചു അങ്ങനെ നിൽക്കും. എന്റെ മനസ്സിൽ തിരതല്ലുന്ന ആഹ്ലാദം എന്റെ ചുണ്ടിൽ പുഞ്ചിരിയായി വിടർന്നിട്ടുണ്ടാവും.
എല്ലാം മറന്ന് പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു നിന്റെ കണ്ണുകൾ എന്നിലെ പ്രകൃതിയോടുളള പ്രണയത്തെ അറിയുന്നത്. എന്റെ കൈകൾ കൊണ്ട് ആ മഴനീർ തുളളികളെ തൊടുമ്പോൾ എന്റെ ശരീരത്തിൽ പടരുന്ന കുളിരിൽ ഞാനുമറിഞ്ഞു പ്രകൃതിയുടെ നെഞ്ചിലെ പ്രണയവും.
എന്റെ പ്രണയ സല്ലാപങ്ങൾ കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയുമായി എന്നെ വീക്ഷിക്കുന്ന നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു പ്രണയത്തിന്റെ തിരയിളക്കം.
പിന്നീട് ബസ് സ്റ്റാൻഡിലേക്കുളള ആ നടപ്പ്. എന്തെല്ലാം കഥകൾ ആ യാത്രയിൽ നമ്മൾ പറഞ്ഞുവെന്ന് ഞാൻ പൂർണ്ണമായും ഓർക്കുന്നില്ല. പക്ഷേ നിന്റെ അനന്തമായ സ്വപ്നങ്ങളുടെ വർണ്ണനകളാൽ ആ സായാഹ്നങ്ങൾ ചുവന്നിരുന്നു.
നമ്മൾക്ക് പോകേണ്ടിയിരുന്ന ബസ്സുകളും ആജന്മ സുഹൃത്തുക്കളെപ്പോലെ അടുത്തടുത്ത് കിടപ്പുണ്ടാവും നമ്മൾ ബെസ്സ് സ്റ്റോപ്പിൽ ചെല്ലുമ്പോൾ. എന്റെ ബസ്സിൽ ഞാൻ കയറിയിരുന്ന് കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കണ്ടിരുന്നു നിന്റെ ചുണ്ടുകളിലെ മനോഹരമായ ചിരിയോടും കണ്ണുകളിലെ ആ തിളക്കത്തോടെയും നീ എന്നെ നോക്കിയിരിക്കുന്നത്. പിന്നീട് ആദ്യം യാത്ര പറയുന്നത് എന്റെ ബസ്സാണു. കണ്ണുകൾ കൊണ്ട് വിട പറയുമ്പോൾ നമ്മിൽ വിടരുന്ന പുഞ്ചിരി ആ സായാഹ്നത്തേക്കാൾ മനോഹരമായിരുന്നുവെന്ന് ഞാൻ അറിഞ്ഞത് എന്റെ ഹൃദയം കൊണ്ട് ഞാനറിഞ്ഞ നമ്മിലെ സൗഹൃദത്തിന്റെ നന്മയിലൂടെയാണു
എല്ലാവരേയും സ്‌നേഹിക്കുവാൻ നിന്നെ പഠിപ്പിച്ച നിന്റെ അമ്മയുടെ കൈകളാൽ ഉണ്ടാക്കിയ, നീ കൊണ്ടുവന്നിരുന്ന പൊതിച്ചോറിൽ നിന്നുമറിഞ്ഞു നിന്റെ അമ്മയുടെ കൈപുണ്യവും , ആ അമ്മക്ക് നിന്നോടുളള അഗാധമായ സ്നേഹവും. എനിക്കതിൽ ഏറ്റവും ഇഷ്ടം തേങ്ങാ ചമ്മന്തിയായിരുന്നു. നിന്റെ ജീവിത യാത്രയിൽ നീ ആർക്കൊക്കെ നിന്റെ ആ പൊതിച്ചോർ പങ്കിട്ടുണ്ടെന്ന് എനിക്കറിയില്ലാ. ആരൊക്കെ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അറിയില്ല. ആരൊക്കെ അതൊക്കെ ഇപ്പോഴും മനസ്സിന്റെ ഒരു കോണിൽ സൂക്ഷിക്കുന്നുണ്ടെന്നും എനിക്കറിയില്ല. പക്ഷേ ഇപ്പോഴും ഞാൻ ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന രുചികളിൽ ഒന്നാണത് , ഓർമ്മകളിൽ ഒന്നാണത്.
ഒരു പക്ഷേ എന്റെ യാത്രകളിൽ ഞാൻ തനിച്ചായിരുന്നത് കൊണ്ടായിരിക്കാം ജീവിതത്തിൽ വളരെ യാദൃശ്ചികമായി എനിക്ക് ദൈവം നൽകിയ ആ നിമിഷങ്ങളെ ഇപ്പോഴും ഓർമ്മകൾ അന്യമായ എനിക്ക് മനസ്സിൽ താലോലിക്കുന്ന ഓർമ്മകളായി ഇപ്പോഴും എന്നിൽ ഒളിമങ്ങാതെ നിൽക്കുന്നത്....
നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മുക്ക് മാത്രം പ്രിയപ്പെട്ടതായ നിമിഷങ്ങൾ ഉണ്ടാകും .... കാരണം ആ നേരങ്ങളെ നമ്മൾ സ്വീകരിക്കുന്നത് നമ്മുടെ ഹൃദയം കൊണ്ടാകുമ്പോഴാണു അവ നമുക്ക് പ്രിയപ്പെട്ടത് ആകുന്നത്.. അവ നമ്മൾ നമ്മുടെ ഓർമ്മകളിൽ കുറിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിലാകുമ്പോഴാണു അതിനു ഒരു ജന്മത്തിന്റെ ആയുസ്സും ഉണ്ടാകുന്നത്...
ഓർമ്മകളുടെ ഗൃഹാതുരത്വവും പേറി
കാർത്തിക...
No comments:
Post a Comment