ദിവസങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ മനസ്സിന്റെ ഉൾക്കോണിലും കാണാത്ത എന്തിനേയൊക്കെയോ വേണ്ടിയുളള പ്രതീക്ഷകൾ അങ്ങനെ പെയ്തു തോരാത്ത മഴ പോലെ നിറഞ്ഞു നിൽക്കുന്നു. എഴുതുവാൻ ഒരുപാടുണ്ട് പക്ഷേ ഞാനറിയാതെ എന്തൊക്കെയോ എന്നെ പിന്നേയും ചില ഓർമ്മളുടെ ചരടു കൊണ്ട് പുറകോട്ട് വലിക്കുന്നു. ചിലപ്പൊൾ വാക്കുകൾക്കതീതമായി മൗനത്തിനു കീഴ്പ്പെടുമ്പോൾ എല്ലാം മറക്കുവാൻ കാലവും എന്നെ പഠിപ്പിക്കുകയായിരിക്കണം.
ഓരോ പാഠങ്ങൾ ഇങ്ങനെ ജീവിതം പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു പക്ഷേ ആ പഠനം അവസാനിക്കുന്നത് നമ്മുടെ മരണത്തോടു കൂടെയായിരിക്കണം. ചില പാഠങ്ങൾ സ്വയം പഠിക്കും, ചിലത് മറ്റുളളവർ പഠിപ്പിക്കും, ചിലത് എത്ര പഠിച്ചാലും പഠിച്ചതായി കണക്കാക്കാതെ അജ്ഞതയുടെ കൈകളിൽ ഏൽപ്പിക്കും. എന്നിട്ട് ഒന്നുമറിയാത്തവനെപ്പോലെ എല്ലാം തികഞ്ഞവനായി ജീവിക്കും.
തത്വങ്ങൾ എഴുതുവാനുളള ഒരു മാനസികാവസ്ഥയൊന്നുമല്ല പിന്നെ വെറുതെ ഓരോ കാര്യങ്ങൾ ആലോചിച്ചപ്പോൾ ചില കാര്യങ്ങൾ പറയാതെ പറയാൻ പറ്റുന്നത് ആർക്കും മനസ്സിലാകാത്ത ചില വാക്കുകളിലൂടെയാണു. എന്താണെങ്കിലും എന്റെ യാത്രകൾ അവസാനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സ്വപ്നങ്ങളെ ഞാൻ ഉപേക്ഷിക്കുകയുമില്ലാ.
നോവൽ പൂർത്തിയാക്കി അത് പബ്ലീഷിങ്ങിനു കൊടുക്കണം. പിന്നെ എന്റെ കുഞ്ഞിയുടെ വരവിനുവേണ്ടി ഒരുങ്ങണം. ഇനി തിരക്കിന്റെ നിമിഷങ്ങൾക്ക് സ്വാഗതം ഓതിക്കൊണ്ടു വേണം ഓരോ ദിനത്തേയും വരവേൽക്കാൻ. അതിനും ഇനിയും എത്ര ദിനങ്ങൾ കൂടി.
No comments:
Post a Comment