ഇന്ന് മലയാള മാസം ചിങ്ങം ഒന്ന്. മഞ്ഞിന്റെ ആവരണം വകഞ്ഞു മാറ്റി രാവിലെ മുതൽ നല്ല വെയിൽ ഭൂമിയെ പുൽകിയിരിക്കുന്നു. അതുകൊണ്ടാണോയെന്നറിയില്ല എഴുതുവാൻ നല്ലയൊരു മൂഡു തോന്നി. അപ്പോഴാണു ഒരു കോഴിപ്പരസ്യത്തിന്റെ കാര്യം ഓർമ്മ വന്നത്.
അന്നും പതിവുപോലെ ഞാനും രെഞ്ചിയും കൂടി നടക്കാൻ ഇറങ്ങി. നടക്കുവാൻ പോകുന്ന കാര്യം രെഞ്ചിക്ക് ഇത്തിരി മടിയുളള കൂട്ടത്തിലാണു. വേറൊന്നും കൊണ്ടല്ല, രാവിലത്തെ സുഖമുളള ഉറക്കത്തിനു ഭംഗം നേരിടുന്നതുകൊണ്ടാണു. എന്നാലും ഞങ്ങൾ രണ്ടു പേരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണു വെറുതെ എന്തൊക്കെയോ സംസാരിച്ച് അങ്ങനെ നടക്കുന്നത്. സംസാരം മാത്രമല്ലാട്ടോ; അതിനിടക്ക് രെഞ്ചിയുടെ ഫോട്ടോയെടുപ്പ് എന്റെ പ്രകൃതി നിരീക്ഷണം എല്ലാം നടക്കാറുണ്ട്.
ഓസീസിൽ വന്നിട്ട് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇവിടുത്തെ പൂക്കളുടെ ഭംഗിയാണു. എത്ര തരം ചെടികളും പൂക്കളുമാണു. അതും നല്ല ഭംഗിയുളള നിറങ്ങളുടെ ഒരു വർണ്ണക്കാഴ്ച്ച തന്നെയാണു ഇവിടെ. പക്ഷേ അത്ര നല്ല മണമുളള പൂക്കൾ ഇതുവരേയും കാണുവാൻ സാധിച്ചിട്ടില്ലാ ട്ടോ. അങ്ങനെ പൂക്കളെ തേടിയുളള യാത്രയിലാണു ഞങ്ങൾ ആ പരസ്യം കണ്ടത്.
ഒരു കോഴിയുടെ ഫോട്ടോ അതിന്റെ അടിയിൽ ആ കോഴിയുടെ പേരും മേൽവിലാസവും. താഴോട്ട് വായിച്ചപ്പോഴാണു ആ പരസ്യത്തിന്റെ ഗൗരവം മനസ്സിലായത്. ആ കോഴിയെ കാണാതെ പോയിട്ട് ഒരു മാസം ആയിരിക്കുന്നു. കണ്ടുകിട്ടുന്നവർ ജീവനോടെ തിരിച്ചേൽപ്പിക്കണം എന്ന് അപേക്ഷിച്ചു കൊണ്ടുളള പരസ്യമാണു. എന്താണെങ്കിലും ഇവിടെയുളളവരുടെ മൃഗങ്ങളോടുളള സ്നേഹം ഞങ്ങൾക്ക് ഇഷ്ടാ പിടിച്ചു.
നാട്ടിലാണെങ്കിൽ മ്മടെ ഒരു കോഴിയെ കാണാതായാൽ ഒന്നുകിൽ ആരെങ്കിലും കട്ടോണ്ട് പോയി അല്ലെങ്കിൽ മാക്കാൻ പിടിച്ചോണ്ട് പോയിയെന്ന് പറഞ്ഞ് ആ കോഴിയുടെ ജാതകത്തിനു അടിവരയിടും. എന്താണെങ്കിലും പുതിയ നാടും പുതിയ പുതിയ കാഴ്ച്ചകളും നല്ല നല്ല ഓർമ്മകളായി ജീവിതത്തിൽ എഴുതിച്ചേർക്കപ്പെടുന്നു. ഞാനും രെഞ്ചിയും ഞങ്ങടെ കുഞ്ഞിയും കൂടി ആ പരസ്യത്തിന്റെ ഫോട്ടോയൊക്കെ എടുത്ത് വീണ്ടും നടപ്പ് തുടർന്നു പുതിയ കാഴ്ച്ചകൾ തേടി പുതിയ അനുഭവങ്ങൾക്കായി.
ഒരു നല്ല വർഷം എല്ലാവർക്കും നേർന്നുകൊണ്ട്....
കാർത്തിക
No comments:
Post a Comment