14/8/16
അങ്ങനെ ഇന്ന് ഒസീസ് ഡ്രൈവിങ് ലൈസൻസും സ്വന്തമാക്കി. ദുബായിലെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവിൽ നിന്ന് ഇവിടുത്തെ റൈറ്റ് ഹാൻഡ് ഡ്രൈവിലോട്ട് മാറിയപ്പോൾ ആദ്യം ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷേ പിന്നീട് അതുമായി പൊരുത്തപ്പെടുവാൻ തുടങ്ങി. വാഹനം ഓടിക്കുവാൻ പഠിക്കുന്ന സമയത്ത് ഏറ്റവും വലിയ വെല്ലുവിളി എന്റെ ഓവർ സ്പീഡായിരുന്നു. ദുബായിലെ എക്സ്പ്രെസ്സ് ഹൈവേകളിൽ നിന്നും ഇവിടുത്തെ ചെറിയ റോഡുകളിലൂടെ പതിയെ വാഹനം ഓടിച്ചപ്പോൾ വേഗത നിയന്ത്രണം പുതിയ ഒരു അനുഭവമായി മാറി.
ചെറുപ്പത്തിൽ ഞാൻ ഏറ്റവും ആരാധനയോടെ നോക്കിയിരുന്നത് ഡ്രൈവർമ്മാരെയാരുന്നു, പ്രത്യേകിച്ചും സ്ത്രീ ഡ്രൈവർമ്മാരെ. അന്നത്തെക്കാലത്ത് വളരെ അപൂർവ്വമായിട്ടെ സ്ത്രീകൾ വാഹങ്ങൾ ഓടിച്ചിരുന്നുളളൂ. സ്ത്രീകൾ ഓടിക്കുന്ന വാഹനം ഞാൻ എന്റെ കണ്ണിൽ നിന്ന് മറയുന്നിടം വരെ നോക്കിനിൽക്കുമായിരുന്നു. എന്നിട്ട് മനസ്സിൽ പറയും വലുതാകുമ്പോൾ ഞാനും വണ്ടിയോടിക്കാൻ പഠിക്കുമെന്ന്. അന്ന് വണ്ടിയോടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ഒക്കെ വേണമെന്ന് അറിയില്ലായിരുന്നു ട്ടോ. എന്താണെങ്കിലും അടൂരിൽ ഞാൻ ജോലിചെയ്തു കൊണ്ടിരുന്നപ്പോൾ 2009-ൽ ആ സ്വപ്ന്ം സാക്ഷാൽക്കരിച്ചു, ടൂവീലറിന്റേയും, ഫോർവീലിന്റേയും ലൈസൻസ് ഒരു ദിവസം തന്നെയെടുത്ത് എന്റെ ആശാന്റെ അഭിമാനം ഞാൻ കാത്തുസൂക്ഷിച്ചു.
പിന്നീട് നാട്ടിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കുടിയേറിയപ്പോഴും അവിടുത്തേയും ലൈസൻസ് സ്വന്തമാക്കണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു. സാമ്പത്തികമായ ബാധ്യതകൾ ഒക്കെ കാരണം ആ സ്വപ്നം പൂവണിയാൻ ഒരു മൂന്നു വർഷം കാത്തിരിക്കേണ്ടി വന്നു. ദുബായിൽ ഒക്കെ ഡ്രൈവിംഗ് പഠിക്കണമെങ്കിൽ നല്ല ചിലവാണെ. എന്നിരുന്നാലും 2013 -ൽ ഷാർജയിൽ വെച്ച് അതും ഞാൻ സ്വന്തമാക്കി. പിന്നീട് ഓസ് ട്രേലയിലേക്ക് പോകുവാൻ തീരുമാനിച്ചപ്പോഴും ഇവിടുത്തെ ലൈസൻസും സ്വന്തമാക്കണമെന്നുളളതായി മോഹം. അതും 2016 ആഗസ്റ്റ് 14-നു സാധ്യമാക്കുവാൻ സാധിച്ചതിനു ദൈവത്തിനു നന്ദിയർപ്പിക്കുന്നു. പിന്നെ എന്റെ ഡ്രൈവിംഗ് ക്ലാസ്സിന്റെ സമയത്തും , അതിന്റെ ടെസ്റ്റിന്റെ സമയത്തും എന്റെ ഉദരത്തിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയിരുന്ന എന്റെ കുഞ്ഞിക്കും എന്റെ നന്ദി!
ഇത് ഇവിടെ എഴുതിയത് വേറൊന്നും കൊണ്ടല്ലാ, വാഹനം ഓടിക്കുവാൻ എല്ലാവരാലും സാധ്യമാകുന്ന ഒന്നാണു. പക്ഷേ ഭയമെന്ന കാരണത്താൽ അതിൽ നിന്ന് മാറിനിൽക്കുന്നവരുമുണ്ട്. ഒരു പക്ഷേ വാഹങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്നുളളതായിരിക്കാം, അല്ലെങ്കിൽ മരണഭയമായിരിക്കാം അത് സ്വായക്തമാക്കുവാൻ തടസ്സമായി നിൽക്കുന്നത്. നമ്മുടെയൊക്കെ ജീവിതത്തിൽ എത്രയധികം സാഹസികങ്ങളായ സാഹചര്യങ്ങളിലൂടെ കടന്നു വന്നിട്ടാണു നമ്മൾ ജീവിതത്തിൽ ഇതു വരെയെത്തിയിട്ടുളളത്. അതിന്റെ പകുതി ധൈര്യവും, സാഹസികതയും മതി നമ്മൾക്ക് നമ്മുടെ കൊച്ച് കൊച്ച് സ്വപ്നങ്ങളെ പൂവണിയിക്കുവാനും, ജീവിതത്തിൽ സധൈര്യം മുൻപോട്ട് പോകുവാനും.
No comments:
Post a Comment