ഗാനം : കുടജാദ്രിയിൽ ...
ആൽബം : മോഹം (2008)
പാടിയത് : സ്വർണ്ണലത
വരികൾ : മൻസൂർ അഹമ്മെദ്
സംഗീതം : മൻസൂർ അഹമ്മെദ്
കുടജാദ്രിയിൽ കുട ചൂടുമാ
കോടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗ
സന്ദ്രമാണീ പ്രണയം ...
ഒരു പാട് നാളിനു ശേഷമാണു ഈ പാട്ട് കേൾക്കുന്നത്. അത് കേട്ടപ്പോൾ എട്ട് വർഷങ്ങൾ പുറകോട്ട് മനസ്സ് സഞ്ചരിച്ചു. അന്ന് കേൾക്കുവാനും കാണുവാനും ഇഷ്ടം പാട്ടു ചാനലുകളാണു. ഏഷ്യാനെറ്റിലും സൂര്യയിലുമൊക്കെ ഈ പാട്ട് എത്ര തവണ കേട്ടിരിക്കുന്നു. സ്വർണ്ണലതയുടെ ശബ്ദത്തിൽ ആ പാട്ട് കേൾക്കുമ്പോഴെല്ലാം എന്തോ ഒരു പ്രത്യേകത തോന്നിയിട്ടുണ്ട്. ശരിക്കും പ്രണയത്തിന്റെ ഒരു അനുഭൂതി ശ്രോതാക്കളിൽ വിരിയിക്കുവാൻ ആ വരികൾക്കും പാട്ടിനും കഴിഞ്ഞിട്ടുണ്ടെന്നാണു എന്റെ വിശ്വാസം.
അന്ന് സിനിമാ ഗാനങ്ങളേക്കാൾ കൂടുതൽ പ്രചാരത്തിലിരുന്നത് ആൽബം ഗാനങ്ങളാണു. ആ കാലഘട്ടത്തിൽ ഒരു പാട് നല്ല ആൽബം ഗാനങ്ങളുണ്ടായിരുന്നു. എല്ലാം പ്രണയത്തിൽ ചാലിച്ചെഴുതിയത്. ഒന്നുകിൽ നഷ്ട പ്രണയങ്ങളെ അനുസ്മരിപ്പിക്കുന്നത്, അല്ലെങ്കിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, അല്ലെങ്കിൽ ഇനിയും കാണുമെന്ന പ്രതീക്ഷയുമായി പ്രണയത്തെ പുൽകുന്ന ഗാനങ്ങൾ.
ഇന്നിപ്പോൾ ഫെയ്സ് ബുക്കിന്റേയും, യുടൂബിന്റേയും, ചാനൽ യുദ്ധങ്ങളുടേയും പ്രഭാവം കൊണ്ട് ആൽബം ഗാനങ്ങളേക്കാൾ സിനിമാ ഗാനങ്ങൾ സംഗീതാസ്വാദകരുടെ ഇടയിൽ കൂടുതൽ പ്രചാരം നേടുന്നു. ഇപ്പോൾ സിനിമയേക്കാൾ പ്രചാരം അതിലെ പാട്ടുകൾക്കാണു. ചില സിനിമകൾ ബോക്സോഫീസിൽ തകർന്നു വീഴുമ്പോഴും അതിലെ പാട്ടുകളാൽ ആ സിനിമയും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു.
പ്രണയിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ഈ ലോകത്തിൽ? അറിയില്ല!! പക്ഷേ ഒരിക്കൽ മനസ്സു കൊണ്ടും, ആത്മാവുകൊണ്ടും പ്രണയത്തെ അറിഞ്ഞവർ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിക്കും ആ പ്രണയത്തിന്റെ നനുത്ത ഓർമ്മകളെ...
വർഷങ്ങൾ കഴിഞ്ഞാലും, ഋതുക്കൾ മാറി മാറി വന്നാലും, പ്രായം യൗവനും കടന്ന് മധ്യവയസ്സിലൂടെ വാർദ്ധ്യക്യത്തിൽ എത്തിയാലും അവരുടെ ഉളളിൽ ആ പ്രണയം അപ്പോഴും അനശ്വരമായി നിലനിൽക്കും.... മരണത്തിനും ആ പ്രണയത്തെ ഖണ്ഡിക്കുവാൻ സാധിക്കില്ല കാരണം മരണാനന്തരം ആ പ്രണയം ആത്മാവിന്റെ സമ്പൂർണ്ണതയിൽ വിലയം പ്രാപിക്കുന്നു...
പ്രണയപൂർവ്വം
കാർത്തിക...
No comments:
Post a Comment