സത്യം പറഞ്ഞാൽ ഇപ്പോൾ മനസ്സിലും ചിന്തയിലും യാത്രക്കുളള ഒരുക്കത്തെക്കുറിച്ചുളള ചിന്ത മാത്രമേയുളളൂ. വേറൊന്നുകൊണ്ടുമല്ല ആരുമില്ല ഞങ്ങളെ അവിടെ സഹായിക്കുവാൻ. പുതിയ നാടും പുതിയ ജീവിതവും സ്വയം പഠിച്ചെടുക്കണം.
ശരിക്കും പറഞ്ഞാൽ കുറച്ചു സുഹൃത്തുക്കളൊക്കെ അവിടെയുണ്ട്. പക്ഷേ ആദ്യമേ തന്നെ സഹായം പ്രതീക്ഷിച്ചവരൊക്കെ പാതി വഴിക്ക് ഉപേക്ഷിച്ചപ്പോൾ പിന്നെ തീരുമാനിച്ചു ആരേയും സഹായം ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ടാന്ന്. അതുകൊണ്ട് ഒരുപാട് കാര്യങ്ങൾ ഗൂഗിൾ വഴി വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നു. സാരല്ല്യാ!!മ്മടെ പടച്ചോൻ മ്മടെ കൂടെയുളളപ്പോൾ എന്തോ എവിടെയോ ഒരു ധൈര്യം.
"അതേയ് ഇങ്ങളില്ലാതെ എന്റെ കാര്യമൊന്നും നടക്കില്ലാട്ടോ!", ഞാൻ പടച്ചോനോടായി പറഞ്ഞു.
"അതല്ലേലും ഈ മനുഷ്യന്മാരുടെ ഒരു പൊതു സ്വഭാവമാ സഹായിക്കാൻ ആരുമില്ലെന്നാകുമ്പോൾ ഉടനെ പടച്ചോനെ അങ്ങു കൂട്ടു പിടിച്ചോളും. നീയും അങ്ങനെയൊക്കെത്തന്നെയാ??". റ്റിവിയിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന പടച്ചോൻ എന്നെ ഏറു കണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു.
"ഹോ! ഇങ്ങൾക്ക് വലിയ ജാഡയാണെങ്കിൽ ഞാൻ ഇങ്ങളേയും ബുദ്ധിമുട്ടിക്കാൻ ഞാൻ വരണില്ല്യേ." ഞാൻ ഇത്തിരി വിഷമത്തോടെ പറഞ്ഞു.
"ഹേയ്! നീ പിണങ്ങുവൊന്നും വേണ്ടാ. അന്റെകൂടെയല്ലാതെ ഞാൻ ആരുടെ കൂടെയാ പിന്നെ ഉണ്ടാകുവാ."
" എനിക്ക് വിഷമം അതൊന്നുമല്ല. ഇങ്ങളോർക്കുന്നുണ്ടോ ഞാൻ ഇതിന്റെ പ്രോസ്സെസ്സിംങ്ങ് തുടങ്ങിയ ദിവസം. എത്ര സന്തോഷത്തോടുകൂടിയ തുടങ്ങിയെന്നറിയുമോ. അതിൽ ഏറ്റവും വലിയ ആത്മവിശ്വാസം മ്മളെ സഹായിക്കാൻ ഒരാളുണ്ടാകും എന്നുളളതായിരുന്നു. അതില്ലാണ്ടായപ്പോൾ ശരിക്കും വിഷമമായി. പിന്നെ ഞാൻ രെഞ്ചിയോടു പറഞ്ഞു നമ്മക്ക് ഇതങ്ങ് നിർത്താമെന്ന്. അപ്പോ രെഞ്ചി എന്നോടു പറഞ്ഞു പാതി വഴിക്ക് ഉപേക്ഷിക്കാനല്ല ഇതു തുടങ്ങിയത്. ആരും സഹായിക്കാൻ ഇല്ലെങ്കിലും നമുക്കവിടെ പോണം. നമുക്ക് പൊകേണ്ടുന്ന വഴിയും, അതിലേക്കുളള ലക്ഷ്യങ്ങളും ദൈവം കാണിച്ചു തരും."
"പിന്നീട് അങ്ങോട്ട് എല്ലാം ഇങ്ങടെ പ്ലാനും പദ്ധതിയും ആയിരുന്നല്ലോ. എനിക്ക് ഇപ്പോഴും വിശ്വസിക്കുവാൻ പറ്റുന്നില്ല എന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ."
"ഒക്കെ ശരിയാകും ല്ലേ."
അതും പറഞ്ഞു ഞാൻ പടച്ചോനെ നോക്കിയപ്പോൾ അദ്ദേഹം എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തു. ഞാൻ വീണ്ടും ഗൂഗിളിലെ എന്റെ അന്വേഷണങ്ങളിലേക്ക് തിരിഞ്ഞു. കാരണം അവിടെ ചെന്നാൽ താമസ്സിക്കാൻ ഒരു അപ്പാർട്ട്‌മന്റ് തപ്പിയെടുക്കണേ. ഇല്ലാച്ചാൽ ഞങ്ങൾ എവിടെയാ താമസിക്കാ!!!.
ഈ ലോകത്തിന്റെ ഏതു കോണിലായാലും മ്മളെ സഹായിക്കാൻ ആരെങ്കിലും ഉണ്ടാവുകയെന്നു പറയുന്നത് ഒരു ഭാഗ്യാണേ. ആ ഭാഗ്യം ഇല്ലാത്തോർക്ക് ദൈവം തുണ....
No comments:
Post a Comment