My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, May 20, 2016

മടക്കം ഒരു വേദന..(കഥ)




"അപ്പാ, നമുക്കിനി നാട്ടില്‍ പോകണ്ടാ..."

"അതെന്താ!", മകന്‍റെ ആ പരാമര്‍ശം ജോയിയെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. ജോലി കഴിഞ്ഞു തിരികെ വീട്ടിലെത്തി പതിവ് പത്രപാരായണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ജോയി.


"ഇത്രയും നാള്‍ നാട്ടില്‍ പോകുന്നതും കാത്തിരുന്ന നിനക്കെന്താ ഇപ്പോള്‍ നാട്ടില്‍ പോകണ്ടാത്തത്?", ജോയി മകനോട്  ചോദിച്ചു.


"എന്തിനാ അപ്പാ നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങളെ തീയിട്ട് കൊല്ലുന്നത്?"


ആ ചോദ്യം ജോയി തന്‍റെ മകനില്‍നിന്നും പ്രതീക്ഷിച്ചില്ലാ. ഇന്നത്തെ പത്രത്തിലേയും ടിവിയിലേയും പ്രധാന വാര്‍ത്ത വടക്കേ ഇന്ത്യയില്‍ നടന്ന ആ സംഭവമായിരുന്നു, ഒരു ദളിത്‌ കുടുംബത്തിന്‍റെ നേരെ ഉണ്ടായ അക്രമണം. തന്‍റെ മകന് എന്ത് ഉത്തരം നല്‍കണമെന്നറിയാതെ ജോയി ചിന്താകുലനായി.


"ഞാന്‍ എന്താണ് എന്‍റെ മകനോട് പറയേണ്ടത്? നമ്മുടെ നാട് ജാതിവ്യവസ്ഥയുടേയും, അഴിമതി രാഷ്ട്രീയത്തിന്‍റെയും, മനുഷ്യഹത്യയുടെയും വിളനിലമായി മാറിക്കൊണ്ടിരിക്കുന്നുവെന്നോ... അതോ എനിക്കും നിനക്കും അവകാശപ്പെട്ട നമ്മുടെ മണ്ണ് ഇന്ന്‌ മത തീവ്രവാദികളുടെയും, പൊതുമുതല്‍ കട്ടുമുടുപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെയും വിളനിലമാണെന്നോ..."


ചിന്തയില്‍ നിന്നുണര്‍ന്ന ജോയി കാണുന്നത് തന്‍റെ ഉത്തരത്തിനായി മുഖത്തോട്ട് കണ്ണും നട്ടിരിക്കുന്ന മകനെയാണ്.


തന്‍റെ മകനെ മടിയില്‍ ഇരുത്തിക്കൊണ്ട് ജോയി പറഞ്ഞു, " മോനെ... ഈ ലോകത്ത് ആരും ദുഷ്ടന്മാരായി ജനിക്കുന്നില്ല. മനുഷ്യര്‍ സാത്താന്‍റെ പ്രേരണ കൊണ്ട്‌ ദുഷ്ടത്തരങ്ങള്‍ ചെയ്യുന്നു. പക്ഷേ തെറ്റു ചെയ്യുന്നവരെ ദൈവം തീര്‍ച്ചയായും ശിക്ഷിക്കും. നമ്മള്‍ ചയ്യേണ്ടത് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഈ ലോത്തില്‍ സമാധാനവും സന്തോഷവും എങ്ങും നിറയുന്നതിനും, സാത്താന്‍റെ കൈകളില്‍ നിന്നും മനുഷ്യരെ വിടുവിക്കുന്നതിനും വേണ്ടി. അപ്പോള്‍ ഇന്നുമുതല്‍ മോന്‍ എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ഈ ലോകത്ത് ദുഷ്ടത്തരങ്ങള്‍ കുറയുകയും എല്ലാവരും സന്തോഷത്തോടെ കഴിയുകയും ചെയ്യും..." തന്‍റെ ഉത്തരം ഒരിക്കലും അവനെ സന്തോഷിപ്പിക്കെല്ലെന്നു ജോയിക്ക് നന്നായി അറിയാമായിരുന്നു.


"ദൈവം ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനേക്കാള്‍ അവരെ കൊണ്ട് ദുഷ്ടത്തരങ്ങള്‍ ചെയ്യിപ്പിക്കാതിരിക്കാന്‍ ദൈവത്തിന് സാധിക്കില്ലേ? അങ്ങനെയായിരുന്നെങ്കില്‍ ആ കുഞ്ഞുങ്ങളെ അവര്‍ തീവച്ചു കൊല്ലില്ലായുരുന്നല്ലോ!" അവന്‍ തന്‍റെ കൊച്ചു കണ്ണുകള്‍ വിടര്‍ത്തിക്കൊണ്ട്‌ തന്‍റെ ചോദ്യം തുടര്‍ന്നു.


ജോയിക്ക് ഉത്തരം മുട്ടുവാന്‍ തുടങ്ങി. എന്നും തന്‍റെ മകന്‍റെ  ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ എടുക്കുന്ന സ്ഥിരം നമ്പര്‍ തന്നെ അന്നും ജോയി എടുത്തു.


"എടീ ജെസ്സിയെ, പാല് വാങ്ങിക്കാന്‍ നീ പറഞ്ഞായിരുന്നല്ലോ അല്ലേ. ഞാന്‍ അതങ്ങു മറന്നു. മോനെ ഞാന്‍ വേഗന്നു പോയി പാല് വാങ്ങിച്ചിട്ട് വരാം. എന്നിട്ട് അപ്പ എല്ലാം പറഞ്ഞുതരാം ട്ടോ." തന്‍റെ മകന്‍റെ മൂര്‍ധാവില്‍ ചുംബിച്ചിട്ടു ജോയി വേഗന്നു അവിടെ നിന്നും പുറത്തേക്ക് പോയി.


അലന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍റെ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഒരിക്കലും ഉത്തരം നല്‍കുവാന്‍ അവന്‍റെ മാതാപിതാക്കള്‍ക്കോ അവന്‍റെ അധ്യാപകര്‍ക്കോ സാധിച്ചിരുന്നില്ല.


അലന്‍ തന്‍റെ പഠന മുറിയില്‍ കയറി തന്‍റെ ഡയറി തുറന്ന് അതിലെഴുതി..." ഇന്നും എന്‍റെ അപ്പ ഉത്തരം തരാതെ മുങ്ങി. എന്തുകൊണ്ടാണ് എന്‍റെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരം തരുവാന്‍ സാധിക്കാത്തത്."


അവന്‍ തന്‍റെ എഴുത്ത് തുടര്‍ന്നു... "ഞങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞ് നാട്ടില്‍ പോവുകയാണ്. പോകണ്ടായെന്ന്‍ അപ്പയോട് പറഞ്ഞാലും ഞങ്ങള്‍ക്ക് പോയെ പറ്റൂ. കാരണം അപ്പയുടെ ഇവിടുത്തെ ജോലി നഷ്ടപ്പെട്ടു. ഇനി ഒരിക്കലും ഞങ്ങള്‍ തിരിച്ചു വരില്ലാ ഇങ്ങോട്ട്. ഈ നാട്ടില്‍ എന്തു രസമായിരുന്നു . ഞാന്‍ നാട്ടില്‍ ചെന്നാല്‍ അവര്‍ എന്നെയും കൊല്ലുമോ???

എന്തിനാണ് അവര്‍ എല്ലാവരെയും കൊല്ലുന്നത്???"


അലന്‍ തന്‍റെ എഴുത്ത് അവസാനിപ്പിച്ചു. കാരണം അവന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ പരിപാടി തുടങ്ങറായിരിക്കുന്നു.


ജോയി അപ്പോഴേക്കും പാലുമായിട്ട് വന്നു. ജെസ്സി ജോയിയെ നോക്കിയൊന്നു ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം മനസ്സിലായിട്ടെന്നോണം ജോയി പറഞ്ഞു,

"നീ അര്‍ത്ഥം വെച്ചൊന്നും ചിരിക്കണ്ടാ. നമ്മുടെ മോന്‍റെ ചോദ്യങ്ങളൊക്കെ വളരെ കാലിക പ്രസക്തമാണ്. അതിനു ഉത്തരം നല്‍കുകയെന്നത് തികച്ചും ശ്രമകരമായ ഒന്നാണ്. ആ ചോദ്യങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ അവര്‍ അവരോട് തന്നെ ചോദിക്കുന്നതുമാണ്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഈ ഭൂഗോളത്തില്‍ ഇല്ലാ."


അലന്‍ തന്‍റെ കാര്‍ട്ടൂണ്‍ കണ്ടു കഴിഞ്ഞ് ഉറങ്ങുവാനായി പോയി.  അത്താഴം കഴിഞ്ഞ് ജെസ്സി സീരിയലിന്‍റെ ലോകത്തേക്കും, ഒരു പെഗ്ഗ് വൈനുമായി ജോയി ബാല്‍കണിയിലേക്കും പോയി. നഗരം ഉറക്കത്തിലേക്ക് ആഴ്ന്നു തുടങ്ങിയിരിക്കുന്നു. അടുത്തുള്ള ഫ്ലാറ്റുകളിലെ ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞുകൊണ്ടിരിക്കുന്നു. ആകാശം നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിരുന്നു, അതിന് പൂര്‍ണതയേകുവാന്‍ ചന്ദ്രനും ഉദിച്ചിരുന്നു.


ജോയി തന്‍റെ ചിന്തകളിലേക്ക് ഊളിയിട്ടു." നാളെയെന്‍റെ കമ്പനിയിലെ അവസാനത്തെ ദിവസമാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ ആ കമ്പനിക്കു വേണ്ടി ചോര നീരാക്കി അധ്വാനിച്ചു. എല്ലാവരുടെയും പ്രീതിക്ക് പാത്രമാവുകയും ചെയ്തു. ജീവിതത്തിലെ പ്രാരാബ്ദങ്ങളെല്ലാം ഒന്നു തീര്‍ത്ത് ഇനിയെങ്കിലും കുറച്ചൊന്നു മിച്ചം പിടിക്കണമെന്ന് വിചാരിച്ചിരുന്നപ്പോള്‍ ആണ് ആ വാര്‍ത്തയും വരുന്നത്. കമ്പനി പകുതി തൊഴിലാളികളെ പിരിച്ചു വിടുവാന്‍ ഒരുങ്ങുന്നുവെന്ന്. തന്‍റെ പേര് ആ ലിസ്റ്റില്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലാ. ആ കടലാസ് എന്‍റെ കയ്യില്‍ തന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു....


അന്ന് ഉച്ചക്ക് ഊണും കഴിഞ്ഞിരുന്നപ്പോളാണ് മാനേജര്‍ വിളിപ്പിച്ചത്. അവിടെ ചെന്നപ്പോള്‍ ഒരു കടലാസ് എന്‍റെ നേരെ നീട്ടിയിട്ടു പറഞ്ഞു, "ജോയി താങ്കള്‍ക്ക് അറിയാമല്ലോ കമ്പനി ഇപ്പോള്‍ നഷ്ടത്തിലാണെന്ന്. അതുകൊണ്ട് ഞങ്ങള്‍ക്കു ഈ തീരുമാനം എടുക്കേണ്ടി വന്നു. ഇത് നിങ്ങളെ പറഞ്ഞുവിട്ടുകൊണ്ടുള്ള കടലാസാണ്. ഇതില്‍ ജോയി ഒന്നൊപ്പ് വെക്കണം."


താന്‍ എന്താണ് കേള്‍ക്കുന്നത് എന്നു മനസ്സിലാക്കുവാന്‍ കുറച്ചു സമയം എടുത്തു. ഒരു മൂര്‍ച്ചയുള്ള വാള്‍ എന്‍റെ ഹൃദയത്തിലൂടെ ആഴ്ന്നിറങ്ങി... എന്‍റെ ശരീരവും മനസ്സും തണുത്തു വിറങ്ങലിച്ചു....


"സാര്‍... ഞാന്‍..." എനിക്ക് വാക്കുകള്‍ പുറത്തുവന്നില്ല.


"എനിക്കറിയാം ഇത് നിങ്ങള്‍ക്ക് വിശ്വസിക്കാനും അതുമായി പൊരുത്തപ്പെടാനും കുറച്ചു സമയം എടുക്കും. പക്ഷേ ഞങ്ങള്‍ക്ക് വേറെ നിവര്‍ത്തിയില്ല ജോയി." മാനേജരുടെ വാക്കുകള്‍ വീണ്ടും എന്‍റെ ഹൃദയത്തെ കീറി മുറിച്ചു.


"സര്‍... എന്‍റെ കുടുംബം നിലനില്‍ക്കുന്നത് ഈ ജോലിയിലാണ്... ഇപ്പോള്‍ നിങ്ങളെന്നെ പറഞ്ഞു വിട്ടാല്‍ എന്‍റെ കുടുംബം അനാഥമാകും സര്‍... എന്‍റെ കുട്ടികളുടെ പഠിപ്പ്... എന്‍റെ മാതപിതാക്കളുടെ സംരക്ഷണം.... അങ്ങനെയെല്ലാം താളം തെറ്റും സര്‍.." ഞാന്‍ അവിടെ നിന്നും കരയുവാന്‍ തുടങ്ങി.


ഒരു പുരുക്ഷന്‍റെ ഏറ്റവും ദയനീയമായ അവസ്ഥയാണ് അവന് തന്‍റെ ജോലി നഷ്ടപ്പെടുമ്പോള്‍ അനുഭവിക്കേണ്ടിവരുന്നത്....കാരണം ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ആശ്രയമാണവന്‍.... തന്‍റെ അധ്വാനമാണ് ആ കുടുംബത്തിന്‍റെ അടിസ്ഥാനം.


എന്‍റെ കണ്ണുനീരിന് അവിടെ യാതൊരു വിലയുമില്ലെന്നു അറിയാമെങ്കില്‍ കൂടിയും മുട്ടേണ്ട വാതിലുകള്‍ എല്ലാം മുട്ടി. പക്ഷേ നിരാശയായിരുന്നു ഫലം. താനിതെങ്ങനെ തന്‍റെ ഭാര്യയോടും കുടുംബത്തോടും പറയുമെന്ന ചിന്തയും വല്ലാതെയെന്നെ അലട്ടി.....


നാലുമണിക്ക് വീട്ടില്‍ ചെന്നപ്പോളെ ജെസ്സിക്ക് മനസ്സിലായി എന്തോ പന്തികേടുള്ളതായി. ഞാന്‍ അവളോടത്‌ പറഞ്ഞതും ഒരു മൂലക്കിരുന്നു അവള്‍ കരയുവാന്‍ തുടങ്ങി. പിന്നെ അവളെ ആശ്വസിപ്പിക്കലായി എന്‍റെ പണി. കുറച്ചു ദിവസം എടുത്തു അതുമായി പൊരുത്തപ്പെടാന്‍... എത്ര മാത്രം വേദന അനുഭവിച്ചു. അതുകഴിഞ്ഞ് ഒത്തിരി സ്ഥലങ്ങളില്‍ ജോലിക്കപേക്ഷിച്ചു.... ഒരു പ്രയോജനവും ഉണ്ടായില്ലാ... പിന്നീട് പതിഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചു പോകുവാന്‍ തീരുമാനിച്ചു.... ആ ചിന്തകള്‍ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.


പുരുഷന്‍റെ കണ്ണുനീരിന് നമ്മുടെ സമൂഹത്തില്‍ അയിത്തം ആണല്ലോ... അവന്‍റെ വിഷമങ്ങള്‍ എന്നും മനസ്സിന്‍റെ ഉള്ളില്‍ പൂഴ്ത്തി വെക്കണം... തന്‍റെ പ്രിയപ്പെട്ടവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുമ്പോഴും ആരും അറിയുന്നില്ല അവന്‍റെ നെഞ്ചിലെരിയുന്ന കനലിന്‍റെ ചൂട്‌... ആരും കാണാതെ അവന്‍ കരയുമ്പോഴും ഒരു ചെറു പുഞ്ചിരിയുമായി അവന്‍ ഈ ലോകത്തിന്‍റെ മുന്‍പില്‍ കാണും....


"ഇച്ചായാ കിടക്കുന്നില്ലേ.." ജെസ്സിയുടെ വിളി തന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി...


മുറിയിലെ ലൈറ്റണച്ച് കിടക്കുവാന്‍ കട്ടിലേക്ക് കിടന്നു. ജെസ്സി എന്‍റെ നെഞ്ചില്‍ തല ചായിച്ചു കിടന്നു. എന്‍റെ നെഞ്ചിലെ രോമങ്ങളിലൂടെ അവള്‍ തന്‍റെ വിരലുകള്‍ അലസമായി ഓടിച്ചു.


"ഇച്ചായാ... ഇനി രണ്ടു ദിവസം കൂടി നമ്മള്‍ ഈ മുറിയില്‍."


അവളുടെ ഹൃദയത്തിന്‍റെ വിങ്ങല്‍ എനിക്ക് വായിക്കുവാന്‍ കഴിഞ്ഞു... അവളെ ആശ്വസിപ്പിക്കുവാന്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം അവളുടെ മുഖം എന്‍റെ കൈകളില്‍ കോരിയെടുത്ത് അവളുടെ മൂര്‍ധാവിലും, അവളുടെ രണ്ട് കവിളുകളിലും പിന്നെ അവളുടെ ചുണ്ടുകളിലും ആഴത്തില്‍ ചുംബിച്ചു... അതില്‍ അവള്‍ക്കു നല്‍കേണ്ട എല്ലാ ഉത്തരങ്ങളും അലിഞ്ഞുചേര്‍ന്നിരുന്നു....


എത്ര വിഷമഘട്ടങ്ങളിലും അവളുടെ ശരീരത്തിന്‍റെ ചൂടും അവളിലെ സ്നേഹവും എന്‍റെ മനസ്സിന് എന്നും ഒരു കുളിര്‍മയാണ്.... അവിടെ ശരീരവും മനസ്സും ആത്മാവും ഒന്നാകുമ്പോള്‍ പിന്നെയെല്ലാം മറക്കുന്നു....


അങ്ങനെ പ്രവാസ ലോകത്തെ അവസാന ദിവസും വന്നെത്തി... കൂട്ടുകാരില്‍ ചിലര്‍ യാത്ര അയക്കുവാന്‍ വന്നിരുന്നു. എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് ഭദ്രമായി വെച്ചിരുന്നു. ഉച്ചക്ക് ഒന്നരക്കാണ് വിമാനം. വീട്ടില്‍ നിന്നു പത്തരയായപ്പോള്‍ ഇറങ്ങുവാന്‍ തുടങ്ങി. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ താമിസിച്ച മുറിയോട് യാത്ര പറയുമ്പോള്‍ മനസ്സിനുള്ളില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു. ജീവിതത്തിന്‍റെ ഒട്ടുമിക്ക സംഭവങ്ങള്‍ക്കും സാക്ഷിയായ മുറി... തങ്ങളുടെ സന്തോഷവും ദുഃഖവും ആ മുറിക്കുള്ളിലെ ഓരോ കോണിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു... എല്ലാ ഓര്‍മകളും അവിടെ ഉപേക്ഷിച്ച് ഞങ്ങള്‍ യാത്രയാവുകയാണ്... വീട് പൂട്ടി താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അതെ മടക്കം എന്നും ഒരു വേദനയാണ്...


പിന്നെ വിമാനത്താവളത്തിലേക്ക്.... ഓരോ സ്ഥലങ്ങള്‍ പിന്നിടുമ്പോഴും ഇനിയൊരിക്കലും തിരിച്ചൊരു യാത്രയില്ലെന്നുള്ള യാഥാര്‍ഥ്യം ഒരുപാട് വേദന നെഞ്ചില്‍ നിറച്ചു... ഇനി ഇവിടുത്തെ ഓരോ സ്ഥലങ്ങളും ഓര്‍മകളില്‍ മാത്രം...


യാത്രയിലുടനീളവും, വിമാനത്താവളത്തില്‍ ചെന്നിട്ടും ഞാനും ജെസ്സിയും പരസ്പരം ഒന്നും സംസാരിച്ചേയില്ലാ... അലന്‍റെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മാത്രം ഞങ്ങളുടെ മൌനത ഖണ്ഡിച്ചുകൊണ്ടിരുന്നു.....


വിമാനത്തിനു വേണ്ടി കാത്തിരുന്നപ്പോള്‍ അലന്‍ തന്‍റെ ഡയറിയെടുത്ത് അതില്‍ എഴുതി,

"എന്‍റെ അപ്പക്കും അമ്മയ്ക്കും ഒരുപാട് വിഷമമം ഉണ്ട് ഇവിടെ നിന്നു പോകുന്നതില്‍. അലന് അതിലും കൂടുതല്‍ വിഷമമം ഉണ്ട്. പക്ഷേ ഞങ്ങള്‍ക്ക് പോയേ പറ്റൂ. ഞാന്‍ അവിടെ ചെന്നാല്‍ അവര്‍ എന്നേയും കൊല്ലുമോ.... എനിക്ക് ശരിക്കും പേടിയാണ് അവിടേക്ക് പോകുവാന്‍... അപ്പ പറഞ്ഞത്‌പോലെ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്... അതുകൊണ്ടവരെന്നെ കൊല്ലില്ലായിരിക്കും... ദൈവമേ അലനെ കാത്തുകൊള്ളേണമേ."


"അതെ മടക്കം ആ കുഞ്ഞു മനസ്സിലും ഒരു വേദനയും ആവലാതിയുമാണ്...."


                  ............... കാര്‍ത്തിക .................


No comments: