My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Sunday, April 16, 2017

Happy Easter

ഇന്ന് ഈസ്റ്റർ... ജീവിതത്തിൽ എല്ലാ അർത്ഥത്തിലും പാപ്പരായി പ്രഖ്യാപിച്ചതിനു ശേഷമുളള ഈസ്റ്റർ. ചില അവകാശങ്ങളും വാഗ്ദാനങ്ങളുമെല്ലാം വെറും സ്വപ്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞതിനു ശേഷമുളള ഈസ്റ്റർ ആയതുകൊണ്ടാവണം അതങ്ങട്ട്‌ ഒരു ബിരിയാണി വെച്ചിട്ട്‌ അങ്ങ്‌ ആഘോഷിച്ചു. 

സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും ഈസ്റ്റർ ആശംസകൾ ഒരുപാട്‌ പേർക്ക്‌ അയച്ചു, തിരിച്ചും അത്‌ കിട്ടീട്ടോ. പക്ഷേ മ്മടെ മനസ്സിൽ ആ സന്തോഷവും സമാധാനവും ഒട്ടുമില്ലായിരുന്നൂട്ടോ. പിന്നെ വെറുതെ കുറേ ആശംസകൾ അങ്ങട്ടും ഇങ്ങട്ടും അയച്ചു. എന്തിനാണെന്ന് ചോദിച്ചാൽ .... വെറുതെ!!!

ന്റെ പടച്ചോനെ ഇങ്ങളിത്‌ എവിടെപ്പോയി കിടക്കുക??? ഇങ്ങളു ഇബിടുത്തെ കാര്യങ്ങൾ വല്ലതും അറിയുന്നുണ്ടോ!! മ്മളു ദുബായീന്ന് ആസ്‌ ട്രേലിയായിൽ വന്നപ്പോൾ കരുതി എല്ലാം ശരിയാകുമെന്ന്.. എബടെ... ഒരു കണക്കിനു പറഞ്ഞാൽ എല്ലാം ശരിയായി... എന്റെ കാര്യത്തിനും, ജീവിതത്തിനും ഒരു തീരുമാനമായി.

മനസ്സിൽ നിറയെ ദേഷ്യമുണ്ട്‌, സങ്കടമുണ്ട്‌... പക്ഷേ ആ ദേഷ്യം ആരുടെ അടുത്തും പ്രകടിപ്പിക്കുവാൻ എനിക്ക്‌ ഇഷ്ടമല്ലാ... സങ്കടം ആരോടും പറയുവാനോ, അത്‌ പുറത്തു കാണിക്കുവാനും എനിക്ക്‌ ഇഷ്ടമല്ലാ... അതുകൊണ്ട്‌ രണ്ടേ രണ്ടു കാര്യങ്ങൾ മനസ്സിനെ പറഞ്ഞു ഞാൻ അങ്ങ്‌ പഠിപ്പിച്ചു ... ഒന്ന് "ക്ഷമിക്കുക" (എല്ലാവരോടും), പിന്നെ "എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുക".

ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു കുറിപ്പ്‌ ല്ലേ... മനസ്സു തുറന്നു എല്ലാം എഴുതിയാൽ അത്‌ ഒരുപാട്‌ പേരെ വേദനിപ്പിക്കും, പലരുടേയും മുൻപിൽ ഓരോരുത്തരും തീർത്തിരിക്കുന്ന സൽകീർത്തിയേം അത്‌ ബാധിക്കും.. അപ്പോൾ എങ്ങും തൊടാതെ ആർക്കും മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ എഴുതും. കാരണം സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണു!!!

സമയം രാത്രി പതിനൊന്ന് മണി കഴിഞ്ഞു. അത്‌ എഴുതി കഴിഞ്ഞപ്പോഴേക്കും ഒരു വായ് ക്കോട്ടാ വന്നു മോളേ കാർത്തൂ ഇന്നത്തെ നിന്റെ സെന്റിയടി മതീന്നും പറഞ്ഞ്‌ എന്നോട്‌ ഉറക്കം വന്ന് വാതിൽപ്പടിയിൽ നിൽക്കുന്ന കാര്യം പറഞ്ഞു. അപ്പോ വീണ്ടുമൊരു ഈസ്റ്റർ ദിനത്തിനു വിട നൽകികൊണ്ട്‌ ദേ ഞാൻ ഉറങ്ങുവാൻ പോകുന്നു. ന്റെ പടച്ചോനും ഞാനും ഉടനെ തന്നെ എന്റെ ബ്ലോഗിൽ ഒരുമിക്കുമെന്ന പ്രതീക്ഷയിൽ.....

എല്ലാവർക്കും ദൈവം നല്ലതു മാത്രം വരുത്തട്ടെയെന്ന പ്രാർത്ഥനയോടെ...




Sunday, March 26, 2017



ദുഃഖം ആത്മാവിന്റെ ആഴങ്ങളിൽ ഘനീഭവിക്കുമ്പോൾ മനസ്സ്‌ മൗനത്തിനു വഴിമാറുന്നു. പിന്നെ ചിന്തകളുടെ ഒരു വേലിയേറ്റമാണു. ആ ചിന്തകളുടെ മധ്യത്തിൽ ഞാൻ വീണ്ടും തനിച്ചായതുപോലെ.


സ്വന്തം കാര്യപ്രാപ്തിക്കായി എല്ലാവരും അഭിനയിക്കുകയാണു, വെറുതെ സ്നേഹം നടിക്കുകയാണു. സാഹചര്യങ്ങൾക്ക്‌ അനുസരിച്ച്‌ എല്ലാവരും മാറുന്നു, വിവിധ മുഖങ്ങൾ സ്വീകരിക്കുന്നു. ആരെയാണു വിശ്വസിക്കേണ്ടത്‌, ആരുടെ വാക്കുകളാണു സത്യം പറയുന്നത്‌.


മൗനത്തിൻ മറയിലെ ചോദ്യങ്ങൾക്ക്‌ ഒരുത്തരം മാത്രം ഞാൻ കണ്ടെത്തി..

"ഈ ഭൂമിയിൽ ജനിച്ചു വീണപ്പോൾ ഞാൻ ഒന്നിനും അവകാശിയല്ലായിരുന്നു, ഇനി ജീവിതത്തിൽ അങ്ങോട്ട്‌ എനിക്ക്‌ അവകാശപ്പെടുവാനും ഒന്നുമില്ല, ആരുടെയൊക്കെയോ അവകാശമായിരിക്കുന്ന ഒരു ആറടി മണ്ണിൽ ഈ ജീവന്റെ അവസാനവും എഴുതപ്പെട്ടിരിക്കുന്നു. പിന്നെ ഞാനെന്തിനെക്കുറിച്ചു വിലപിക്കണം!!."


ചിലപ്പോൾ നമ്മൾക്കും ചുറ്റും നമ്മുടെ പ്രിയപ്പെട്ടവർ ഉണ്ടെങ്കിൽ കൂടിയും ഈ ലോകത്തിൽ നമ്മൾ അനാഥരാകുന്ന നിമിഷങ്ങൾ ഉണ്ട്‌. വേദനയുടെ മറ്റൊരു അനുഭവം. അത്‌ ജീവിതത്തിൽ വീണ്ടും തുടർക്കഥയാകുമ്പോൾ ആരും കാണാതെ കണ്ണുനീർ പൊഴിക്കുവാൻ മാത്രമേ സാധിക്കൂ.









Friday, March 24, 2017

Grief The Unspoken...

"എല്ലാം നൈമിഷികമാണു ഈ ഭൂവിലെന്ന് ഓരോ ജീവിതാനുഭവങ്ങളും എപ്പോഴും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു."




മാർച്ച്‌ പതിമൂന്നാം തീയതി എന്റെ ബ്ലോഗിൽ ഞാൻ കുറിച്ചത്‌ എന്റെ കുഞ്ഞിനെക്കുറിച്ചും അവളുടെ വല്യപ്പച്ചനെക്കുറിച്ചുമാണു. അന്ന് ഉച്ചകഴിഞ്ഞ്‌ ആ വാർത്തയും ഞങ്ങളെ തേടിയെത്തി; അവളുടെ വല്യപ്പച്ചൻ, എന്റെ രെഞ്ചിയുടെ പിതാവ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നുവെന്ന്. അവൾക്കും എനിക്കും അവസാനമായി ഒന്നു കാണുവാനുളള ഭാഗ്യം ലഭിച്ചില്ലാ. വിദേശ വാസത്തിന്റെ  തുടർച്ചയിൽ ജീവിതത്തിൽ നമ്മൾക്ക്‌ നഷ്ടപ്പെടുന്ന ഏറ്റവും അമൂല്യമായ നിമിഷങ്ങളിൽ ഒന്ന്.


വേദന തോന്നിയെങ്കിലും ആ അനുഭവങ്ങൾ ഓരോ മനുഷ്യരുടേയും കർമ്മത്തിന്റെ ഫലമായി അനുഭവിക്കേണ്ടതാണെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ചില വിശ്വാസങ്ങൾ മനസ്സിൽ വേരൂന്നിയിറങ്ങുമ്പോൾ ജീവിതത്തിലെ ഏത്‌ പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കുവാൻ അത്‌ നമ്മെ സഹായിക്കും. ഒരു പാട്‌ കണക്കുക്കൂട്ടലുകൾ , ആ കൂട്ടിക്കിഴിക്കലുകളുടെ ഭാഗമായി ഉരുത്തിരിയുന്ന കുറേ സ്വപ്നങ്ങൾ. ജീവിതയാത്രയിലെ ചില നഷ്ടങ്ങൾക്കിടയിൽ അതിൽ ചില സ്വപ്നങ്ങളെ മനസ്സിന്റെ ഒരു കോണിൽ കുഴിവെട്ടി നമ്മൾ തന്നെ മണ്ണിട്ടു മൂടുന്നു.



നഷ്ട സ്വപ്നങ്ങൾക്ക്‌ വിട നൽകി ജീവിതത്തിൽ ഇനിയും ബാക്കിയായ ഒരു പിടി സ്വപ്നങ്ങളുടെ സാക്ഷാൽക്കാരത്തിനുവേണ്ടിയുളള യാത്ര ഇനിയും തുടർന്നേ മതിയാകൂ....
 അപ്പോൾ കാലം തീർത്ത മുറിവുകൾ കാലം തന്നെ ഉണക്കുന്നു... 

Grief The Unspoken....

Monday, March 13, 2017

നശ്വരമായ ജീവിതം

ജീവിതത്തിൽ മറ്റു ചില കാര്യങ്ങൾക്ക്‌ പ്രാധാന്യമേറുമ്പോൾ നമ്മൾ നമ്മുടെ സ്വപ്നങ്ങളേയും, ഇഷ്ടങ്ങളേയും ചെറുതായിയൊന്ന് മാറ്റി നിർത്തും. അതാണിപ്പോൾ എന്റെ ബ്ലോഗിൽ ഒരു വരി കുറിക്കുവാൻ എനിക്ക്‌ കഴിയാത്തത്‌. പക്ഷേ അത്‌ എന്നന്നേക്കുമായുളള ഒരു ഇടവേളയല്ലാ; ജീവിതത്തിന്റെ രണ്ട്‌ അറ്റങ്ങൾ തമ്മിൽ കൂട്ടിയോചിപ്പിക്കുവാനുളള തത്രപ്പാടിൽ എന്റെ അക്ഷരങ്ങൾക്കും, എഴുത്തിനും ഒരു ഇടവേള നൽകിയെന്നേയുളളൂ. 

എന്റെ സമയത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത്‌ എന്റെ കുഞ്ഞാണു. അവൾ ഉറങ്ങുമ്പോൾ ഞാനുറങ്ങുന്നു, അവൾ ഉണരുമ്പോൾ ഞാനും ഉണരുന്നു. അവൾ വെളുപ്പിനെ എണീക്കും. പാലുകുടിയും അവളുടെ പ്രഭാതകാര്യങ്ങളുമൊക്കെ കഴിഞ്ഞ്‌ അവളോട്‌ വർത്തമാനം പറയണം. വാതോരാതെ എന്തൊക്കെയോ സംസാരിക്കും. മാലാഖമാരുടെ ഭാഷ മനസ്സിലായില്ലെങ്കിൽ കൂടിയും ഞാൻ അവൾക്ക്‌ മറുപടി നൽകും. സംസാരം കഴിഞ്ഞ്‌ വീടിന്റെ മുറ്റത്തു കൂടി ഞങ്ങൾ രണ്ടുപേരും ഉലാത്തും. ഇളം വെയിലും, നനുത്ത മഞ്ഞും അവളുടെ കുഞ്ഞിളം മേനിയെ തഴുകുംമ്പോൾ അവൾ എന്റെ നെഞ്ചിന്റെ ചൂടേറ്റ്‌ കിടന്ന് അപ്പച്ചൻ നട്ടു വളർത്തിയ ചെടികളുടേയും, പൂക്കളൂടേയും ഭംഗി ആസ്വദിക്കുന്നുണ്ടാവും.

കഴിഞ്ഞ മാർച്ച്‌ 14-നാണു അവൾ എന്റെ ഉദരത്തിൽ ഉരുവായെന്ന് ഞാൻ അറിയുന്നത്‌. ഇന്ന് ഒരു വർഷമാകുന്നു അവൾ എന്റെ ജീവിതത്തിന്റെ, എന്റെ ആത്‌മാവിന്റെ ഭാഗമായിട്ട്‌. ഈ ലോകത്തിലെ എല്ലാ സന്തോഷവും എനിക്ക്‌ അവളിൽ കാണുവാൻ സാധിക്കുന്നു. എനിക്കാ ഭാഗ്യം ലഭിച്ചതിനു ദൈവത്തിനു ഓരോ നിമിഷവും ഞാൻ നന്ദി പറയുകയാണു. അവൾ ഇപ്പോൾ എന്നെ തിരിച്ചറിയുവാൻ തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞു കുഞ്ഞു വാശികളും, കുസൃതികളും, സങ്കടങ്ങളുമെല്ലാം ഞാനും ഒരുപാട്‌ ആസ്വദിക്കുന്നു. 

ജീവിതത്തിൽ വളരെ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണു ഞങ്ങൾ കടന്നു പൊയ്കൊണ്ടിരിക്കുന്നത്‌. പക്ഷേ ആ അവസ്ഥയെയെല്ലാം തരണം ചെയ്യുവാൻ അവളുടെ പുഞ്ചിരി ഞങ്ങളെ സഹായിക്കുന്നു. പക്ഷേ ചെറിയ ഒരു ദു:ഖം അവിടേയും അവശേഷിക്കുന്നു. അവളുടെ വല്യപ്പച്ചൻ ജീവിതത്തിന്റെ അവസാന നാളുകളിലൂടെ യാത്ര ചെയ്യുകയാണു. കൊച്ചുമോളെ കൊണ്ടുപോയി കാണിക്കുവാൻ ഉളള സാഹചര്യം എനിക്ക്‌ ഇല്ലാണ്ടുപോയി. അവളുടെ വല്യപ്പച്ചന്റെ കൈകളിൽ ഇരിക്കുവാനും, ആ അനുഗ്രഹം വാങ്ങുവാനും അവൾക്കും സാധിക്കാതെ പോയിരിക്കുന്നു. ആ പിതാവിനെ ശുശ്രൂഷിക്കുവാൻ രെഞ്ചിക്കെങ്കിലും ഭാഗ്യം ലഭിച്ചല്ലോയെന്നോർത്ത്‌ ആശ്വസിക്കുന്നു.

ജനനവും മരണവും ഒരു പോലെ ജീവിതത്തിലൂടെ കടന്നു പോകുന്നു. ജനനത്തിന്റെ സന്തോഷം പൂർണ്ണമാകുന്നതിനു മുൻപേ വേർപ്പാടിന്റെ ദു:ഖവും ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നശ്വരമായ ഈ ലോകത്തിൽ ഓട്ടം തികക്കുവാൻ ജീവിതം ബാക്കിയുളളവരും.......







Friday, January 20, 2017

Where there is Love, there is Life!

നമ്മുടെയെല്ലാം ജീവിതത്തിൽ ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും...... 
ചിലത്‌ കാലത്തിനു മാത്രം ഉത്തരം നൽകുവാനായി ബാക്കി നിൽക്കും...
മറ്റുചില സ്വപ്നങ്ങൾ ആർക്കും സ്വായക്തമാക്കുവാൻ സാധിക്കാതെ 
നിഗൂഡതയുടെ മേലാപ്പണിഞ്ഞ്‌ എവിടെയോ പോയി മറയും...





കോളേജിലേക്കുളള യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ, എന്രെ ഭാവനകളിൽ മറക്കുവാൻ സാധിക്കാത്ത ചില ഓർമ്മകളെ തഴുകി ഉണർത്തി. അപ്പോൾ തന്നെ മൊബെയിൽ എടുത്ത്‌ കുത്തിക്കുറിക്കുവാൻ തുടങ്ങി. ബസ്സിൽ എല്ലാവരും മൊബെയിലിൽ തല കുമ്പിട്ടിരിക്കുകയാണു. അതിൽ ഒന്നോ രണ്ടോ ആൾക്കാർ ബുക്ക്‌ വായിക്കുന്നതും‌ കാണാം. എന്റെ കാഴ്ച്ചകൾ അക്ഷരങ്ങളായി പിറവിയെടുക്കുവാൻ വേണ്ടി ഞാനും എന്റെ തല മൊബെയിലിലേക്ക്‌ താഴ്ത്തി.


"ഓരോ യാത്രയിലും ഞാൻ തേടുകയാണു,
മനസ്സിൽ ഉയരുന്ന ആയിരം ചോദ്യങ്ങൾക്കുത്തരം
ഉത്തരം നൽകുവാൻ ആരുമില്ലെന്ന തോന്നൽ
കണ്ടെത്തീടുന്നു എൻ ആത്മാവിൻ ഉത്തരങ്ങളെ


ആ ഉത്തരങ്ങൾക്കും പറയുവാനുളളത്‌ ഒന്നു മാത്രം
പ്രണയിക്കൂ ഈ ഭൂവിൽ നിനക്കായി മാത്രം
കുറിക്കപ്പെട്ട ജീവസ്സുളള ഓരോ നിമിഷങ്ങളേയും
നീ മാത്രമറിയുന്ന നിന്നിലെ ദിവ്യ പ്രണയത്തേയും."


യാത്ര അവസാനിപ്പിക്കുവാൻ സമയമായിരിക്കുന്നു. എഴുത്തുകുത്തുകൾ അവസാനിപ്പിച്ച്‌ ബസ്സ്‌ സ്റ്റോപ്പിൽ ഇറങ്ങി ആ കൊച്ചു നഗരത്തിന്റെ തിരക്കുകളിലേക്ക്‌ ഞാനും ഒഴുകിച്ചേർന്നു... അപ്പോഴും എന്റെ ഭാവനകൾ തേടുന്നുണ്ടായിരുന്നു എന്റെ അക്ഷരങ്ങളിൽ കെട്ടിപ്പുണർന്നു കിടക്കുന്ന നിന്നിലെ പ്രണയത്തെ.... എനിക്കന്യമായ ആ ഉത്തരങ്ങളെ....

Sunday, January 1, 2017

Happy New Year


Each New Year brings hopes and dreams which always inspire the people to live their lives in its fullest spirit. Hereby we all are entering into the new era of experiences with a passion to embrace the life with most beautiful moments. We pray and wish each and everyone for having a peaceful LIFE in our beautiful Earth.

LOVE each other !
RESPECT each other !
SUPPORT  each other !

Wishing you all 
PEACEFUL & PROSPEROUS
 NEW YEAR !

LOVE 
KARTHIKA 

Monday, November 14, 2016

എന്റെ മകൾക്കായി...

14. 11. 2016

നവംബർ 14 , ശിശുദിനം... പിന്നെ സൂപ്പർ മൂൺ ലോകത്തിനു ദൃശ്യമായ ദിവസവും.... അതിലുമുപരി ഞങ്ങളുടെ ജീവിതത്തിലേക്ക്‌ ഒരു അതിഥി കൂടി എത്തിച്ചേർന്ന ദിവസം...



നവംബർ 14 2016, ഞാൻ കാത്തിരുന്ന, ദൈവം നൽകിയ ദാനമായ ഞങ്ങളുടെ മകൾ ഇന്നു ജനിച്ചു. ഒരുപാടു പേരുടെ പ്രാർത്ഥന അവളുടെ ജനനത്തിനു കൂട്ടായി ഉണ്ടായിരുന്നു. ഞാൻ അനുഭവിച്ച വേദനകൾക്കും, പരിഹാസങ്ങൾക്കും മറുപടിയായി എന്റെ വ്യക്തിത്വത്തെ ജീവിതത്തിൽ എന്നും തല ഉയർത്തിപ്പിടിച്ചു നിർത്തുവാനായി അവൾ എന്റെ ഉദരത്തിൽ ഉരുവായി, ദൈവ കൃപയാൽ അവൾ ഈ ഭൂമിയിൽ ജനിച്ചു വീണപ്പോൾ മുതൽ ഞാൻ അവൾക്കും കടപ്പെട്ടിരിക്കുന്നു. 


ഇന്ന് ഞാൻ സന്തോഷവതിയാണു ഒരു അമ്മയായതിൽ, ആ ഉത്തരവാദിത്വത്തിന്റെ മധുരവും ജീവിതത്തിൽ ആസ്വദിക്കാൻ സാധിച്ചതിൽ. പക്ഷേ ഇപ്പോൾ ഞാൻ ഇതെഴുതുന്നത്‌ ഒരു കുഞ്ഞിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നതിന്റെ വേദനയും, അപകർഷതാബോധവും, സാമൂഹികമായ ഒറ്റപ്പെടലിന്റേയും അനുഭവങ്ങൾ ഏറ്റെടുത്ത്‌ ജീവിക്കുന്ന ദമ്പതികൾക്ക്‌ വേണ്ടിയാണു. ഏഴു വർഷവും, ഏഴു മാസവും ഞങ്ങൾ കാത്തിരുന്നു ഞങ്ങളുടെ കുഞ്ഞിന്റെ ജനനത്തിനായി. എന്റെ ജീവിതത്തിൽ ആ ഏഴു വർഷങ്ങൾ എനിക്ക്‌ നൽകിയ അനുഭവങ്ങൾ എന്നെ പുതിയ ഒരു വ്യക്തിയാക്കി മാറ്റി. ഇന്ന് എന്റെ കുഞ്ഞിന്റെ ഉത്തരവാദിത്തങ്ങൾക്ക്‌ ഒപ്പം ഒരു പിടി സ്വപ്നങ്ങളും എനിക്ക്‌ കൂട്ടായിയുണ്ട്‌. 


നിങ്ങൾ കാത്തിരിക്കുന്ന ഓരോ നിമിഷവും ദൈവം നിങ്ങളിൽ ഒരു പുതിയ വ്യക്തിയെ സൃഷ്ടിക്കുകയാണു. അതുകൊണ്ട്‌ വിശ്വസിക്കുക ദൈവം നിങ്ങൾക്ക്‌ തീർച്ചയായും ഒരു കുഞ്ഞിനെ നൽകുമെന്ന്. അതോടൊപ്പം നിങ്ങൾ മനസ്സിലാക്കുക നിങ്ങളുടെ ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന എന്തോ ഒരു കാര്യത്തിന്റെ നിവർത്തീകരണവും ഈ കാത്തിരിപ്പിന്റെ നാളിൽ നടക്കേണ്ടതായിട്ടുണ്ടെന്ന്. 


ഞാൻ കാത്തിരുന്ന ഏഴു വർഷം എനിക്ക്‌ എന്റെ പപ്പയുടെ കാൻസർ ചികിത്സക്ക്‌ പിന്തുണയായി നിൽക്കുവാൻ സാധിച്ചു, എന്നാൽ കഴിയാവുന്ന വിധത്തിൽ ഒരു അനാഥാലയത്തിനുവേണ്ട സഹായങ്ങൾ ചെയ്യുവാൻ സാധിച്ചു, സാമ്പത്തികമായി കുറച്ച്‌ മനുഷ്യരെ പിന്തുണക്കുവാൻ സാധിച്ചു. അതുകൊണ്ട്‌ ഞാൻ വിശ്വസിക്കുന്നു ദൈവം ഈ ഭൂമിയിൽ ദൈവത്തിന്റെ കരങ്ങളായി വർത്തിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളിൽ ഒരാളാണു ഞാനെന്ന്, അതിനുവേണ്ടി ദൈവം എന്നെ ഒരുക്കിയത്‌ ആ ഏഴു വർഷങ്ങൾക്കൊണ്ട്‌. 


ഇപ്പോൾ എന്റെ മുൻപിലുളള ലക്ഷ്യങ്ങൾ വളരെ വലുതാണു, ദൈവം എന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വവും അതിലും വലുതാണു. ജീവിതം ഒരിക്കൽ മാത്രമേയുളളൂ, അതുകൊണ്ട്‌ ഓരോ നിമിഷവും ആ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ ശ്രമിക്കുക. പ്രാർത്ഥനയോടെ ഞങ്ങൾക്ക്‌ താങ്ങായി നിന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നു. സർവ്വോപരി ദൈവത്തിനും നന്ദി!


നന്ദി പൂർവ്വം
കാർത്തിക രെഞ്ചിത്ത്‌

Wednesday, September 14, 2016

ആശംസകളോടെ..

നല്ല മഴയോടു കൂടി തിരുവോണത്തെ വരവേറ്റു. ഒരു ഓണ സദ്യ കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ ഒന്നിൽ കൂടുതൽ കഴിക്കുവാൻ ദൈവം അവസരമൊരുക്കിത്തന്നു. അമ്മ സംഘടനയുടെ ഓണാഘോഷ പരിപാടിയിലും, പളളിയിലെ ഓണാഘോഷ പരിപാടിയിലും ഭാഗവാക്കാകുവാൻ സാധിച്ചു. ശരിക്കും മനസ്സ്‌ നിറഞ്ഞ്‌ ഓണ സദ്യ ഉണ്ണുവാനും, ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനും സാധിച്ചു.


ജാതിമത ഭേദമന്യേ ഈ ഓണവും എല്ലാവർക്കും സ്നേഹവും, സമ്പൽ സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു.





"ഓർമ്മിക്കുന്നു ഒരു നല്ല സൗഹൃദത്തേയും, 
ആ സൗഹൃദത്തിൻ ആഴങ്ങളിൽ 
എഴുതിച്ചേർത്ത നിമിഷങ്ങളേയും.... 
എന്നും നല്ല നാളേകൾ നേർന്നു കൊണ്ട്‌ 
പുതിയ ഒരു വർഷവും, ജീവിതവും
ആശംസകളായി ഇവിടെ കുറിക്കുന്നു.."

സ്‌നേഹപൂർവ്വം....

Monday, August 29, 2016

ഒസീസ്‌ ലൈസൻസ്‌

14/8/16
അങ്ങനെ ഇന്ന് ഒസീസ്‌ ഡ്രൈവിങ്‌ ലൈസൻസും സ്വന്തമാക്കി. ദുബായിലെ ലെഫ്റ്റ്‌ ഹാൻഡ്‌ ഡ്രൈവിൽ നിന്ന് ഇവിടുത്തെ റൈറ്റ്‌ ഹാൻഡ്‌ ഡ്രൈവിലോട്ട്‌ മാറിയപ്പോൾ ആദ്യം ചെറിയ ഒരു ബുദ്ധിമുട്ട്‌ ഉണ്ടായിരുന്നു. പക്ഷേ പിന്നീട്‌ അതുമായി പൊരുത്തപ്പെടുവാൻ തുടങ്ങി. വാഹനം ഓടിക്കുവാൻ പഠിക്കുന്ന സമയത്ത്‌ ഏറ്റവും വലിയ വെല്ലുവിളി എന്റെ ഓവർ സ്പീഡായിരുന്നു. ദുബായിലെ എക്സ്പ്രെസ്സ്‌ ഹൈവേകളിൽ നിന്നും ഇവിടുത്തെ ചെറിയ റോഡുകളിലൂടെ പതിയെ വാഹനം ഓടിച്ചപ്പോൾ വേഗത നിയന്ത്രണം പുതിയ ഒരു അനുഭവമായി മാറി. 

ചെറുപ്പത്തിൽ ഞാൻ ഏറ്റവും ആരാധനയോടെ നോക്കിയിരുന്നത്‌ ഡ്രൈവർമ്മാരെയാരുന്നു, പ്രത്യേകിച്ചും സ്ത്രീ ഡ്രൈവർമ്മാരെ. അന്നത്തെക്കാലത്ത്‌ വളരെ അപൂർവ്വമായിട്ടെ സ്ത്രീകൾ വാഹങ്ങൾ ഓടിച്ചിരുന്നുളളൂ. സ്ത്രീകൾ ഓടിക്കുന്ന വാഹനം ഞാൻ  എന്റെ കണ്ണിൽ നിന്ന് മറയുന്നിടം വരെ നോക്കിനിൽക്കുമായിരുന്നു. എന്നിട്ട്‌ മനസ്സിൽ പറയും വലുതാകുമ്പോൾ ഞാനും വണ്ടിയോടിക്കാൻ പഠിക്കുമെന്ന്. അന്ന് വണ്ടിയോടിക്കാൻ ഡ്രൈവിംഗ്‌ ലൈസൻസ്‌ ഒക്കെ വേണമെന്ന് അറിയില്ലായിരുന്നു ട്ടോ. എന്താണെങ്കിലും അടൂരിൽ ഞാൻ ജോലിചെയ്തു കൊണ്ടിരുന്നപ്പോൾ 2009-ൽ ആ സ്വപ്ന്ം സാക്ഷാൽക്കരിച്ചു, ടൂവീലറിന്റേയും, ഫോർവീലിന്റേയും ലൈസൻസ്‌ ഒരു ദിവസം തന്നെയെടുത്ത്‌ എന്റെ ആശാന്റെ അഭിമാനം ഞാൻ കാത്തുസൂക്ഷിച്ചു.

പിന്നീട്‌ നാട്ടിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കുടിയേറിയപ്പോഴും അവിടുത്തേയും ലൈസൻസ്‌ സ്വന്തമാക്കണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു. സാമ്പത്തികമായ ബാധ്യതകൾ ഒക്കെ കാരണം ആ സ്വപ്നം പൂവണിയാൻ ഒരു മൂന്നു വർഷം കാത്തിരിക്കേണ്ടി വന്നു. ദുബായിൽ ഒക്കെ ഡ്രൈവിംഗ്‌ പഠിക്കണമെങ്കിൽ നല്ല ചിലവാണെ. എന്നിരുന്നാലും 2013 -ൽ ഷാർജയിൽ വെച്ച്‌ അതും ഞാൻ സ്വന്തമാക്കി. പിന്നീട്‌ ഓസ്‌ ട്രേലയിലേക്ക്‌ പോകുവാൻ തീരുമാനിച്ചപ്പോഴും ഇവിടുത്തെ ലൈസൻസും സ്വന്തമാക്കണമെന്നുളളതായി മോഹം. അതും 2016 ആഗസ്റ്റ്‌ 14-നു സാധ്യമാക്കുവാൻ സാധിച്ചതിനു ദൈവത്തിനു നന്ദിയർപ്പിക്കുന്നു. പിന്നെ എന്റെ ഡ്രൈവിംഗ്‌ ക്ലാസ്സിന്റെ സമയത്തും , അതിന്റെ ടെസ്റ്റിന്റെ സമയത്തും എന്റെ ഉദരത്തിൽ എനിക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയിരുന്ന എന്റെ കുഞ്ഞിക്കും എന്റെ നന്ദി!

ഇത്‌ ഇവിടെ എഴുതിയത്‌ വേറൊന്നും കൊണ്ടല്ലാ, വാഹനം ഓടിക്കുവാൻ എല്ലാവരാലും സാധ്യമാകുന്ന ഒന്നാണു. പക്ഷേ ഭയമെന്ന കാരണത്താൽ അതിൽ നിന്ന് മാറിനിൽക്കുന്നവരുമുണ്ട്‌. ഒരു പക്ഷേ വാഹങ്ങൾ അപകടങ്ങൾക്ക്‌ കാരണമാകുമെന്നുളളതായിരിക്കാം, അല്ലെങ്കിൽ മരണഭയമായിരിക്കാം അത്‌ സ്വായക്തമാക്കുവാൻ തടസ്സമായി നിൽക്കുന്നത്‌. നമ്മുടെയൊക്കെ ജീവിതത്തിൽ എത്രയധികം സാഹസികങ്ങളായ സാഹചര്യങ്ങളിലൂടെ കടന്നു വന്നിട്ടാണു നമ്മൾ ജീവിതത്തിൽ ഇതു വരെയെത്തിയിട്ടുളളത്‌. അതിന്റെ പകുതി ധൈര്യവും, സാഹസികതയും മതി നമ്മൾക്ക്‌ നമ്മുടെ കൊച്ച്‌ കൊച്ച്‌ സ്വപ്നങ്ങളെ പൂവണിയിക്കുവാനും, ജീവിതത്തിൽ സധൈര്യം മുൻപോട്ട്‌ പോകുവാനും. 

Wednesday, August 17, 2016

ഒരു കോഴിപ്പരസ്യം

ഇന്ന് മലയാള മാസം ചിങ്ങം ഒന്ന്. മഞ്ഞിന്റെ ആവരണം വകഞ്ഞു മാറ്റി രാവിലെ മുതൽ നല്ല വെയിൽ ഭൂമിയെ പുൽകിയിരിക്കുന്നു. അതുകൊണ്ടാണോയെന്നറിയില്ല എഴുതുവാൻ നല്ലയൊരു മൂഡു തോന്നി. അപ്പോഴാണു ഒരു കോഴിപ്പരസ്യത്തിന്റെ കാര്യം ഓർമ്മ വന്നത്‌. 


അന്നും പതിവുപോലെ ഞാനും രെഞ്ചിയും കൂടി നടക്കാൻ ഇറങ്ങി. നടക്കുവാൻ പോകുന്ന കാര്യം രെഞ്ചിക്ക്‌ ഇത്തിരി മടിയുളള കൂട്ടത്തിലാണു. വേറൊന്നും കൊണ്ടല്ല, രാവിലത്തെ സുഖമുളള ഉറക്കത്തിനു ഭംഗം നേരിടുന്നതുകൊണ്ടാണു. എന്നാലും ഞങ്ങൾ രണ്ടു പേരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണു വെറുതെ എന്തൊക്കെയോ സംസാരിച്ച്‌ അങ്ങനെ നടക്കുന്നത്‌. സംസാരം മാത്രമല്ലാട്ടോ; അതിനിടക്ക്‌ രെഞ്ചിയുടെ ഫോട്ടോയെടുപ്പ്‌ എന്റെ പ്രകൃതി നിരീക്ഷണം എല്ലാം നടക്കാറുണ്ട്‌.


ഓസീസിൽ വന്നിട്ട്‌ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ ഇവിടുത്തെ പൂക്കളുടെ ഭംഗിയാണു. എത്ര തരം ചെടികളും പൂക്കളുമാണു. അതും നല്ല ഭംഗിയുളള നിറങ്ങളുടെ ഒരു വർണ്ണക്കാഴ്ച്ച തന്നെയാണു ഇവിടെ. പക്ഷേ അത്ര നല്ല മണമുളള പൂക്കൾ ഇതുവരേയും കാണുവാൻ സാധിച്ചിട്ടില്ലാ ട്ടോ. അങ്ങനെ പൂക്കളെ തേടിയുളള യാത്രയിലാണു ഞങ്ങൾ ആ പരസ്യം കണ്ടത്‌. 


ഒരു കോഴിയുടെ ഫോട്ടോ അതിന്റെ അടിയിൽ ആ കോഴിയുടെ പേരും മേൽവിലാസവും. താഴോട്ട്‌ വായിച്ചപ്പോഴാണു ആ പരസ്യത്തിന്റെ ഗൗരവം മനസ്സിലായത്‌. ആ കോഴിയെ കാണാതെ പോയിട്ട്‌ ഒരു മാസം ആയിരിക്കുന്നു. കണ്ടുകിട്ടുന്നവർ ജീവനോടെ തിരിച്ചേൽപ്പിക്കണം എന്ന് അപേക്ഷിച്ചു കൊണ്ടുളള പരസ്യമാണു. എന്താണെങ്കിലും ഇവിടെയുളളവരുടെ മൃഗങ്ങളോടുളള സ്നേഹം ഞങ്ങൾക്ക്‌ ഇഷ്ടാ പിടിച്ചു.




നാട്ടിലാണെങ്കിൽ മ്മടെ ഒരു കോഴിയെ കാണാതായാൽ ഒന്നുകിൽ ആരെങ്കിലും കട്ടോണ്ട്‌ പോയി അല്ലെങ്കിൽ മാക്കാൻ പിടിച്ചോണ്ട്‌ പോയിയെന്ന് പറഞ്ഞ്‌ ആ കോഴിയുടെ ജാതകത്തിനു അടിവരയിടും. എന്താണെങ്കിലും പുതിയ നാടും പുതിയ പുതിയ കാഴ്ച്ചകളും നല്ല നല്ല ഓർമ്മകളായി ജീവിതത്തിൽ എഴുതിച്ചേർക്കപ്പെടുന്നു. ഞാനും രെഞ്ചിയും ഞങ്ങടെ കുഞ്ഞിയും കൂടി ആ പരസ്യത്തിന്റെ ഫോട്ടോയൊക്കെ എടുത്ത്‌ വീണ്ടും നടപ്പ്‌ തുടർന്നു പുതിയ കാഴ്ച്ചകൾ തേടി പുതിയ അനുഭവങ്ങൾക്കായി. 


                                         ഒരു നല്ല വർഷം എല്ലാവർക്കും നേർന്നുകൊണ്ട്‌....
കാർത്തിക