ഒരു പുലരി വിടരുന്നതീ-
തിരുമുറ്റത്താകണമെന്നാശയാൽ
കാതങ്ങൾക്കിപ്പുറം നെയ്തിടുന്നൂ
ഒരു നൂറു സ്വപ്നങ്ങൾ...
എന്നിലെയെന്നെ തിരഞ്ഞു-
ഞാനെത്തുമാ നേരത്തിലെൻ
പാദുകങ്ങൾ തൊടുന്നരാ-
മണ്ണിൻ കുളിർമയിൽ,
ഞാനണഞ്ഞതിൻ നൈർമ്മല്യ-
മായെന്നെ തഴുകിപുണരു-
ന്നൊരിളം കാറ്റിനും,
കുറുകുന്ന പ്രാക്കൾക്കും,
കൂകുന്ന കുയിലിനും,
ചിലയ്ക്കുമാ അണ്ണാറക്കണ്ണനും,
കൂട്ടം കൂട്ടമായ് തേന്മാവിനെ-
പൊതിയുമാ എറുമ്പുകൾക്കും,
കുളക്കടവിൽ തുളളിക്കളിക്കു-
ന്നൊരാ പരൽ മീനുകൾക്കും,
തിരുമുറ്റത്താകെ വീണുകിടക്കുമാ-
പാരിജാത പൂക്കൾക്കും,
കോലായിൽത്തങ്ങി നിൽക്കുമാ-
ചന്ദന മണത്തിനും,
ഉത്തരത്തിലൂയലാടും നനുനനെ-
വെളുത്ത മാറാലകൾക്കും,
അകത്തളത്തിൽ ഛായാപടം-
തീർക്കും ധൂളികൾക്കും,
പഴമയെ പതം പറഞ്ഞദൃശ്യമാകും-
ചില്ലിട്ട ചിത്രങ്ങൾക്കും,
തൊടിയിലെ വാകമരത്തിനും, കുഞ്ഞരുവിക്കും,
കുങ്കുമത്തിൻ ചെമപ്പ് പടർന്ന്,
ചെമ്പകപ്പൂക്കൾ വീണുകിടക്കുമാ-
നാഗത്തറക്കും,
ആൽമരച്ചുവട്ടിൽ നിവസിക്കും
നാഗത്താന്മാർക്കും,
പൂർവ്വജന്മത്തിൻ പുനർജ്ജനി-
തേടിയെത്തുന്നൊരീ
ജന്മത്തിനോടു പറയുവാനേറെ...
ഓർമ്മകളുടെയാലസ്യത്തിൽ-
ഉയിർകൊണ്ട ജന്മത്തിൽ
ചന്ദനം മണുക്കുന്നൊരാ-
കോലായിൽ ഞാനെന്നെ-
മറന്നലിഞ്ഞു ചേരുമൊരുനാൾ
നീയാം പുനർജ്ജനിയിൽ!...
❣️
KR
No comments:
Post a Comment