ജ്യോതിശാസ്ത്രത്തിലെ മൂന്നാമത്തെ നക്ഷത്രമായ, ആറ് നക്ഷത്രങ്ങളുടെ കൂട്ടത്തെയാണ് കാർത്തിക (Sanskrit: कृत्तिका) എന്ന് വിളിക്കുന്നത്. വെസ്റ്റേൺ ആസ്ട്രോളജി ഈ നക്ഷത്രത്തെ പ്ളയഡീസ് (Pleiades) എന്ന് വിളിക്കുന്നൂ.
ഇന്ത്യൻ ജ്യോതിഷ പ്രകാരം കാർത്തികയെ വ്യക്തിത്വത്തിന്റെ ദേവതയായിട്ടാണ് പറയപ്പെടുന്നത്. ചന്ദ്രദേവന്റെ പത്നിയായും ഹൈന്ദവ വിശ്വാസത്തിൽ രേഖപ്പെടുത്തുന്നു.
ആത്മവിശ്വാസം,കഠിനാധ്വാനം, ശുഭാപ്തി വിശ്വാസം, മറ്റുളളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുക, മര്യാദയോടെയുളള പെരുമാറ്റം, സഭ്യമായ ജീവിതം നയിക്കുക എന്നിവ ഈ നാളുകാരുടെ പ്രത്യേകതയാണ്. ആരുടെ മുൻപിലും തലകുനിക്കാതെ അഭിമാനത്തോടെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവരാണ് കാർത്തിക നക്ഷത്രക്കാർ. മറ്റുളളവരിൽ നിന്ന് ഒരു സഹായവും കൈപ്പറ്റുവാൻ ആഗ്രഹിക്കുന്നവരല്ല ഈ നാളുകാർ. വ്യക്തിസ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് ഇവർ. പുറമേ വളരെ കർക്കശ്ശ സ്വഭാവക്കാരായി കാണുമെങ്കിലും, സ്നേഹം, സഹാനുഭൂതി, വാത്സല്യം എന്നിവ അവരുടെ മുഖമുദ്രയാണ്.
സംഗീതത്തോടും കലകളോടും അവർക്ക് പ്രത്യേകമായ താത്പര്യം ഉണ്ടാകും. പണം സമ്പാദിക്കുവാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടാകും. പണം, പ്രശസ്തി, സമൃദ്ധി മുതലായവ സ്വന്തം അധ്വാനത്തിലൂടെ മാത്രമേ അവർ നേടുകയുളളൂ. അവർ കഠിനാധ്വാനത്തിലൂടെ ഏത് ലക്ഷ്യത്തേയും കരസ്തമാക്കും. ആരുടേയും ഉപദേശം സ്വീകരിക്കുന്നവരല്ല ഇവർ. പിതാവിനോട് ധാരാളം പൊരുത്തക്കേടുകൾ ഉളള നാളാണിത്.
ഇവർ നിർബന്ധബുദ്ധിയും, വാശിയും കൂടുതൽ ഉളളവരായും പറയപ്പെടുന്നൂ. നിർണ്ണായക തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാവരുടേയും അഭിപ്രായങ്ങൾ അവർ ആരായുമെങ്കിലും സ്വയം മനസ്സിൽ തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാറുളളൂ. തന്റെ ഇഷ്ടങ്ങൾ ആർക്കു വേണ്ടിയും ഹനിക്കുന്നവരല്ല കാർത്തികക്കാർ. സ്നേഹിച്ചാൽ ആവോളം തിരികെ നൽകും, വെറുപ്പിച്ചാൽ മണ്ണോട് ചേരുന്നിടം വരെ വെറുപ്പിച്ചവരുടെ സ്ഥാനം പുറത്ത് തന്നെയാണ്. പക്ഷേ അവരെ വിഷമിപ്പിച്ചവരെ, ദ്രോഹിച്ചവരെ അവർ വെറുതെ വിടാറുമില്ല. പുറമേ വലിയ ധൈര്യശാലികളായി തോന്നുമെങ്കിലും ഹൃദയം കൊണ്ട് അവർ വളരെ ദുർബലരാണ്. അവർ അനുഭവിക്കേണ്ടി വന്ന വേദനകളെ അവർ മറക്കാറില്ല. അതോർത്ത് വീണ്ടും വീണ്ടും വിഷമിക്കുക എന്നത് ഇവരുടെ ദൗർബല്യമാണ്. എടുത്ത് ചാട്ടം ധാരാളം നഷ്ടങ്ങളും അവർക്ക് ഉണ്ടാക്കാറുണ്ട്.
ചടുലമായ സംഭാഷണവും, ദ്രുതഗതിയിലുളള കർമ്മവും ഇവരുടെ പ്രത്യേകതയാണ്. മറ്റുളളവരെ അമിതമായ് വിശ്വസിക്കുകയും, തനിക്ക് ഗുണപ്രദമല്ലാത്തവരെ ചേർത്ത് നിർത്തുകയും, തനിക്ക് ഉപകാരം ചെയ്യാൻ സാധ്യതയുളള ആൾക്കാരെ ഇവർ അകറ്റി നിർത്താറുമുണ്ട്. അതുകൊണ്ട് തിരിച്ചടികൾ ഒരുപാടുണ്ടാകുവാൻ സാധ്യതയുണ്ട്. ഈ തിരച്ചടികളിൽ നിന്ന് പിന്നീട് പാഠം ഉൾക്കൊണ്ട് ജീവിക്കുവാനും ഇവർ ശ്രമിക്കാറുണ്ട്.
കാര്‍ത്തിക നക്ഷത്രം
- ദേവത - അഗ്നി
- അധിപന്‍ - സൂര്യന്‍
- മൃഗം - ആട്
- പക്ഷി - പുള്ള്
- വൃക്ഷം - അത്തിമരം
- ഭൂതം - ഭൂമി
- ഗണം - അസുരഗണം
- യോനി - ആട് (സ്ത്രീ)
- നാഡി - അന്ത്യം
- ചിഹ്നം - മഴു
ആദിത്യദശ
1 -4 വയസ്സ് വരെ തുടരെ തുടരെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മാതാപിതാക്കൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത.
ചന്ദ്രദശ
5-14 വയസ്സ് വരെ പഠനത്തിലും, കലാരംഗത്തും ശോഭിക്കും, അച്ഛനമ്മമാർ വീടും പുരയിടവും വാങ്ങുവാൻ സാധ്യതയുളളതായ് കാണുന്നൂ.
ചൊവ്വദശ (15-21 വയസ്സ്)
സൗഹൃദവും, സാമൂഹിക ജീവിതവും ആഗ്രഹിക്കുന്ന കാലം. കുടുംബത്തോട് അകന്നു നിൽക്കുന്ന സമയം.
രാഹുദശ (22-39 വയസ്സ്)
നഷ്ടങ്ങളുടെ ഒരു തേരോട്ടം ഉളള കാലഘട്ടം. ജീവിതത്തിൽ സ്വസ്ഥതയില്ലായ്മ, കുടുംബ കലഹം, സാമ്പത്തിക നഷ്ടം, തുടങ്ങിയ ബിസ്സിനസ്സുകൾ നഷ്ടപ്പെടൽ അങ്ങനെ പരാജയ ഭീതിയിൽ കഴിയുന്ന കാലഘട്ടം.
വ്യാഴദശ (40-55 വയസ്സ്)
വലിയ നഷ്ടങ്ങളിൽ നിന്ന് ജീവിതത്തെ കരുപ്പിടിപ്പിക്കുന്നത് ഈ കാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നൂ. നേട്ടങ്ങളും, സാമ്പത്തിക ലാഭവും, പുതിയ സംരഭങ്ങൾക്കുളള കാലഘട്ടമായും വ്യാഴദശ കണക്കാക്കപ്പെടുന്നൂ.
ശനിദശ (56-74 വയസ്സ്)
ആരോഗ്യപരമായ പ്രശ്നങ്ങളാൽ നിറഞ്ഞ കാലഘട്ടം. സ്നേഹിച്ചവരിൽ നിന്ന്, ചേർത്ത് നിർത്തിയവരിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടാകാം. ആരോഗ്യം സംരക്ഷിക്കുക, മറ്റാരേയും ആശ്രയിക്കാതെ ജീവിക്കുക എന്നതിലൂടെ വാർദ്ധക്യത്തേയും മനോഹരമാക്കാം.
🔥⛎🔥
KR
No comments:
Post a Comment