VIDEO
മൂന്ന് വർഷങ്ങൾക്ക് മുൻപ് , നാട്ടിലെ ഒരവധിക്കാലത്ത് സ്വന്തം സുഹൃത്തുക്കളുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച് , അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും , അതിലൂടെ നല്ലൊരു മെസ്സേജ് സമൂഹത്തിനു നൽകുവാനും ചെയ്തൊരു ഷോർട്ട് മൂവി . പുതുമുഖങ്ങളെവെച്ച് ഒന്നര ദിവസം കൊണ്ട് ഷൂട്ട് ചെയ്യുമ്പോൾ സമയക്കുറവും , അഭിനയ പാരമ്പര്യമില്ലായ്മയുമൊക്കെ വലിയ വെല്ലുവിളികളാണ് . ചിലരുടെ അഭിനയ മികവ് എടുത്ത് പറയേണ്ടിവരുമ്പോൾ , ചിലർ മികച്ച അഭിനേതാക്കളാകേണ്ടുന്ന വഴികളിൽ തങ്ങളുടെ പരിശ്രമങ്ങൾ തുടങ്ങിവെച്ചിരിക്കുന്നു .
രാജു വിളയിൽ തിരക്കഥയെഴുതി , അനീഷ് നായർ സംവിധാനം ചെയ്ത " നിരന്തരം " എന്ന ഷോർട്ട് മൂവിയെക്കുറിച്ച് ആദ്യം പറയേണ്ടത് നിങ്ങൾ തിരഞ്ഞെടുത്ത ആശയം വളരെയധികം പ്രോത്സാഹനം അർഹിക്കുന്നുവെന്നതാണ് .
സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ " നിരന്തരം " നടമാടിക്കൊണ്ടിരിക്കുന്ന ലൈംഗീക പീഢനങ്ങൾക്കെതിരെ , ലൈംഗീക വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ വളർത്തിയെടുക്കേണ്ട ലൈംഗിക അവബോധത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുഞ്ഞു ചിത്രം . കുട്ടിക്കാലത്ത് ലൈഗിംക പീഢന വാർത്തകൾ കേട്ട് ഒരു പെൺകുട്ടിയുടെ ശരീരത്തിൽ ആരു സ്പർശ്ശിച്ചാലും സംശയദൃഷ്ടിയോടെ നോക്കുന്ന ഞാനുൾപ്പെടെയുളള പെണ്മനസ്സുകൾ അന്നും ഇന്നും ഈ സമൂഹത്തിൽ നിലനിൽക്കുന്നു . ഒരു പുരുഷന്റെ കൂടെ , അത് അച്ഛനായാലും , സ്വന്തം സഹോദരനായാലും ഒരു പെൺകുട്ടിയെ തനിച്ച് വിടുമ്പോൾ വിങ്ങുന്ന അമ്മ മനസ്സുകൾ ഉണ്ടായത് ഈ വാർത്തകൾ സൃഷ്ടിക്കുന്ന തെറ്റായ അവബോധത്തിൽ നിന്നാണ് . ശരിയായ ധാരണകൾ വളർത്തി നമുക്ക് നമ്മുടെ മക്കളെ വളർത്താം , അതാണായാലും പെണ്ണായാലും .
സിനിമയെക്കുറിച്ച് ; ഏറ്റവും ഇഷ്ടപ്പെട്ടത് അഭിരാമി എന്ന കുഞ്ഞു മിടുക്കിയുടെ അഭിനയം , പിന്നെ " നിരന്തരം " എന്ന പേരും , അതിൽ അവസാനിപ്പിച്ച ക്ലൈമാക്സും . ഒരു പക്ഷേ ഒരു കൂട്ടം കാഴ്ച്ചക്കാർ അതിന്റെ ക്ലൈമാക്സ് ഒരു സെൽഫിയിൽ സന്തോഷമായി അവസാനിപ്പിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചേക്കാം , പക്ഷേ ഈ നിമിഷത്തിൽ പോലും ' നിരന്തരം " ആയി നടന്നുകൊണ്ടിരിക്കുന്ന പീഢനങ്ങൾക്ക് തികച്ചും അനുയോജ്യമായ പേരും , ക്ലേമാസ്സുമെന്ന് ഒരു പക്ഷേ കുറച്ച് കൂടി വ്യക്തമായി ചിന്തിക്കുന്നവർക്കും തോന്നാം . BGM- ചിലയിടങ്ങളിൽ സീനുകളുമായി വളരെ യോചിച്ച് പോയപ്പോൾ , ചിലയിടങ്ങളിൽ ഫാസ്റ്റ് ബീറ്റ്സ് ആവശ്യമില്ലായിരുന്നു എന്ന് തോന്നി . സമയമെടുത്ത് ചെയ്തിരുന്നുവെങ്കിൽ നമ്മുടെ സ്കൂളുകളിൽ കുട്ടികൾക്കിടയിൽ പ്രദർശിപ്പിക്കുവാൻ പറ്റിയ മികവിലേക്ക് സിനിമയെ മാറ്റാമെന്ന് തോന്നി .
അഭിപ്രായങ്ങൾ പറയുവാനും , എഴുതുവാനും എളുപ്പമാണ് . പക്ഷേ " നിരന്തരം " എന്ന കൊച്ചു സിനിമക്ക് വേണ്ടി അനീഷും അതിന്റെ പുറകിൽ പ്രവൃത്തിച്ചവരും എടുത്ത കഷ്ടപ്പാടുകളെ പൂർണ്ണമായും ബഹുമാനിക്കുന്നു .
Keep going Man… so proud of You. നിങ്ങളെ ഇഷ്ടപ്പെടുന്നവരും , നിങ്ങളുടെ കലാസൃഷ്ടിക്കായി കാത്തിരിക്കുന്നവരും എന്നും നിങ്ങളോടൊപ്പം .
❤️
KR