My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, December 26, 2015

അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി

"ല്ലാ... ക്രിസ്തുമസ്സ്‌ കഴിഞ്ഞൂല്ലേ?? ചിലരൊക്കെ ക്രിസ്തുമസ്സിനു മുൻപ്‌ കുറേ പടക്കങ്ങൾ പൊട്ടിച്ചായിരുന്നു... ആരുടേയോ കഥ എഴുതാൻ പോകുന്നെന്നോ... നാളെ മുതലങ്ങ്‌ കഥ തുടങ്ങാൻ പോവുകയാണെന്നൊക്കെ പറഞ്ഞ്‌.... ഞാനാണെങ്കിൽ എല്ലാ ദിവസവും കഥ വന്നോ വന്നോയെന്ന് നോക്കിയിരിക്കുകയാ...എവിടെ!!".

തന്റെ ഉറക്കത്തിനു ഭംഗം വരുത്തിയ ശബ്ദത്തിന്റെ ഉറവിടം ഞാൻ അന്വേഷിച്ചു... അത്‌ വേറാരുമായിരുന്നില്ല മ്മടെ പടച്ചോൻ....
"ഇങ്ങൾക്ക്‌ ഉറക്കം ഒന്നുമില്ലേ. സമയം ഇപ്പോൾ വെളുപ്പിനെ 1:04. ഇങ്ങടെ പറച്ചിൽ കേട്ടാൽ തോന്നും ന്റെ കൊയപ്പം കൊണ്ടാ ഞാൻ കഥ എഴുതാഞ്ഞതെന്ന്. കഥ എഴുതാൻ അങ്ങട്‌ മുട്ടി വന്നപ്പോൾ ഇങ്ങളു മ്മക്കിട്ട്‌ പണിതന്നു. മിനിഞ്ഞാന്ന് മുതലു മ്മടെ കൊങ്ങാക്ക്‌ പിടിച്ചോണ്ട്‌ ഒരു ജലദോഷവും മ്മടെ മൂക്ക്‌ തെറിപ്പിച്ചോണ്ട്‌ ഒരു തുമ്മലും ഇങ്ങളു ഞമ്മക്ക്‌ ക്രിസ്തുമസ്സ്‌ ഗിഫ്റ്റായിട്ടു തന്നു . ഒന്നു തല നേരെ നിന്നിട്ട്‌ വേണ്ടേ കഥ എഴുതാൻ."

"അല്ലേലും ഇങ്ങളു എല്ലാവർക്കും പണികൊടുക്കാൻ മിടുക്കനാണല്ലോ?" ഉറക്കത്തിൽ നിന്ന് എന്നെ എണീപ്പിച്ചത്തിന്റെ നീരസവും, പിന്നെ ഒരു നല്ല കാര്യത്തിനു ഇറങ്ങിയപ്പോൾ തന്ന പണിയുടെ ദേഷ്യവും ഞാൻ മറച്ചുവെച്ചില്ല.

"ഇന്നലെ ക്രിസ്തുമസ്സായിട്ട്‌ ഞമ്മക്ക്‌ ഡൂട്ടിയായിരുന്നു. വയ്യാണ്ട്‌ ലീവ്‌ എടുക്കാമെന്ന് വെച്ചപ്പോൾ ഇത്തിരി മനസ്സാക്ഷിയുളളതുകൊണ്ട്‌ ആരേയും ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ചു വയ്യാഞ്ഞിട്ടും ഞാൻ ജോലിക്ക്‌ പോയി. അവിടെ ചെന്നിട്ടോ തുമ്മലും ചീറ്റലും പിന്നെ രോഗികളുടെ ഒടുക്കത്തെ ചൊറിച്ചിലും കൂടിയായപ്പോൾ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചു. ജോലിക്ക്‌ കയറിപ്പളേ ഞാൻ പറഞ്ഞതാ പടച്ചോനെ തിരക്കൊന്നുമില്ലാതെ ഇന്നത്തെ ദിവസം പോണെയെന്ന്. എവിടെ ഇങ്ങളു ഒന്നിന്റെ പുറകേ ഒന്നായി പണി തന്നോണ്ടേയിരുന്നു. ക്രിസ്തുമസ്സായിട്ട്‌ ആഹാരം കഴിച്ചതോ നാലു മണിക്ക്‌. അതും ഒരു സൂപ്പും രണ്ടു പറ്റ്‌ ചോറും. ഇങ്ങൾക്ക്‌ കണ്ണിച്ചോരയില്ലായെന്ന് പറയുന്നത്‌ ഇതു കൊണ്ടാ. എന്താണേലും നാളത്തേക്ക്‌ ഞാൻ സിക്ക്‌ ലീവെടുത്തു. ഒട്ടും വയ്യായെനിക്ക്‌. ജോലിയും കഴിഞ്ഞ്‌ നേരെ വന്ന് കട്ടിലിൽ കയറിയതാ. ക്ഷീണം കാരണം ഉറങ്ങിപോയതേ അറിഞ്ഞില്ലാ. അപ്പോ ദേ വന്നിരിക്കുന്നു കഥയുടെ കാര്യവും പറഞ്ഞുകൊണ്ട്‌ ഒരാളു."

പക്ഷേ പടച്ചോൻ ആരാ മോൻ... എന്നോട്‌ വഴക്ക്‌ കൂടാൻ തന്നെ തീരുമാനിച്ചു.
"അതു ശരി നിനക്ക്‌ അസുഖം വന്നതിനു ഞാൻ എന്തു പിഴച്ചു. അല്ലേലും ഈ മനുഷ്യന്മാരിങ്ങനെയാ.. എന്തു തട്ടുകേട്‌ വന്നാലും ദൈവത്തിന്റെ പുറത്തങ്ങ്‌ ചാരിക്കോളും. നീയും കണക്കാ. ചുമ്മാണ്ടല്ലാ നിന്നെ എല്ലാരും അഹങ്കാരിയെന്നു വിളിക്കുന്നത്‌."

അഹങ്കാരിയെന്ന വാക്ക്‌ കേട്ടപ്പോളേക്കും എന്റെ മനസ്സിലേക്കൊരു ചിന്ത കയറിവന്നു.
"ഇത്തിരി അഹങ്കാരമില്ലെങ്കിൽ പിന്നെ ജീവിതത്തിനു എന്താ ഒരു ത്രില്ല്. ഇൻഫ്ലുവെൻസ്‌ ഒഫ്‌ ഗുരു ഓൺ ശിക്ഷ്യാ."

"അല്ലാ നീയിപ്പം മനസ്സിൽ വിചാരിച്ച ഡയലോഗ്ഗ്‌ മുൻപ്‌ എവിടെയോ കേട്ടിട്ടുണ്ടല്ലോ."

"അപ്പോളേക്കും ഇങ്ങളെന്റെ മനസ്സും വായിച്ചു. ഇതന്റെ മാഷിനോട്‌ ഞാൻ പറഞ്ഞതാ വർഷങ്ങൾക്ക്‌ മുൻപ്‌. ഇങ്ങളുമെന്നെ അഹങ്കാരീന്ന് വിളിച്ചപ്പോൾ അതങ്ങോർത്തുപോയി. പടച്ചോനറിയുമോ  എന്റെ മാഷാണു എന്നെ ആദ്യമായി അഹങ്കാരിയെന്നു വിളിക്കുന്നത്‌. ".

"അതെന്താ അയിനു മുൻപ്‌ നീ വേറേ അഹങ്കാരീനെയൊന്നും കണ്ടിട്ടില്ല്ലാ??" അതും പറഞ്ഞതും പടച്ചോന്റെ മുഖത്തൊരു കളളച്ചിരി ഞാൻ കണ്ടു.

"അല്ലാ .. ഞാൻ കുറേ നാളുകൊണ്ട്‌ നിന്നോട്‌ ചോദിക്കണമെന്ന് വെച്ചതാ. ഈ മാഷ്‌ മാഷ്‌ എന്നു പറയുന്നതല്ലാതെ ഈ മാഷിനൊരു പേരില്ലേ??"

"ഇല്ലാ ... എന്റെ മാഷിനു പേരില്ല്യാ." അതു പറഞ്ഞതും ഞാൻ നിലത്തേക്ക്‌ നോക്കി തല കുമ്പിട്ടിരുന്നു.

"എന്തേ ഞാൻ അത്‌ ചോദിച്ചത്‌ അനക്കിഷ്ടായില്ലാ.. ഇത്രയും നേരം മുഖത്തുണ്ടായിരുന്ന പ്രസരിപ്പങ്ങ്‌ പോയല്ലോ പെണ്ണിന്റെ?? ശരി അനക്ക്‌ പേരു പറയാൻ താൽപര്യമില്ലാച്ചാൽ വേണ്ടാ.. അനക്ക്‌ മാഷിനെ പെരുത്തിഷ്ടാല്ലേ??"

അത്രയും നേരം മൗനമായിരുന്ന എനിക്ക്‌ ആ ചോദ്യമിഷ്ടപ്പെട്ടു.. അതെന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു.

"അപ്പോ എനിക്കൊരു കര്യം മനസ്സിലായി നിന്റെ കഥയിലു മൊത്തം സസ്പെൻസ്സാണു ... " പടച്ചോൻ എന്നെ കിള്ളി എന്റെ കഥ അറിയാനുളള തത്രപോടിലാണെന്ന് എനിക്ക്‌ മനസ്സിലായി.

"അതേ..എന്റെ കഥ ആരേയും വേദനിപ്പിക്കാൻ അല്ലാ... പടച്ചോൻ ഓർക്കുന്നുണ്ടോ ഭാവിയിൽ ഞാൻ ഒരു എഴുത്തുകാരിയാകണമെന്നുളള മോഹം മനസ്സിൽ മൊട്ടിട്ടപ്പോൾതന്നെ ഒരു കാര്യം ഞാൻ തീരുമാനിച്ചായിരുന്നു , ഞാൻ എന്റെ ആത്മകഥ എഴുതില്ലാന്ന്. പിന്നീട്‌ പല തവണയും ആ ചിന്ത മനസ്സിലോട്ട്‌ വന്നു . പക്ഷേ ഇപ്പോളെനിക്ക്‌ അതിന്റെ പോരുൾ പൂർണമായും മനസ്സിലാകുന്നു. എന്റെ കഥ ഞാൻ മുഴുവനായും എഴുതിയാൽ അത്‌ ഒരുപാട്‌ പേരെ വേദനിപ്പിക്കും. മറ്റുളളവരുടെ കണ്ണുനിറയിച്ചുകൊണ്ട്‌ എന്റെ കഥ ഞാൻ എഴുതുന്നത്‌ ശരിയല്ലല്ലോ... പിന്നെ എനിക്ക്‌ മാത്രം താലോലിക്കുവാൻ വേണ്ടി ഒരുപിടി നല്ല ഓർമ്മകൾ എന്റെ മനസ്സിലുണ്ട്‌... അത്‌ ഈ ലോകത്തോട്‌ പറയുന്നതിൽ എനിക്ക്‌ താത്പര്യമില്ലാ ... അത്‌ എന്നോട്‌ കൂടെ ഈ ഭൂമിയിൽ ലയിക്കേണ്ടവയാണു..."

അത്‌ കേട്ടതും പടച്ചോന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

ആ പുഞ്ചിരിയുടെ അർത്ഥം എനിക്ക്‌ മനസ്സിലായി... ഞാൻ വെറുതെ ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി ജനാലക്കരികിൽ നിന്നു. ആ നക്ഷത്രങ്ങളുടെ ഇടക്ക്‌ ഞാൻ തേടിയത്‌ എന്റെ പ്രണയത്തേയായിരുന്നു ... അങ്ങു ദൂരെ ഒരു വാൽ നക്ഷത്രമായി ഞാനതുകണ്ടു ... ഒരു പക്ഷേ രാത്രിയിൽ നീയും തെളിഞ്ഞ ആകാശത്തേക്ക്‌ നോക്കുമ്പോൾ ആ വാൽനക്ഷത്രം കണ്ടിരിക്കണം ... അതുകോണ്ടാണു ഇന്നതിനു ഒരു പാടു ശോഭയുളളതായി തോന്നിയത്‌ ...

"എന്താണു കഥയൊരു റൊമാന്റിക്ക്‌ മൂഡിലേക്ക്‌ പോകുന്നത്‌." ഒരു പണിയുമില്ലാത്ത എന്റെ പടച്ചോൻ എന്റെ മനോഹരമായ ആ ചിന്തികൾക്കും കോടാലി വെച്ചു.

ജനാലയിൽക്കൂടി നല്ല തണുപ്പ്‌ അരിച്ചിറങ്ങുന്നു ... എന്തോ മനസ്സിൽ ഒരുപാട്‌ സന്തോഷം തോന്നി അങ്ങനെ നിന്നപ്പോൾ.

"നിങ്ങളു വന്നത്‌ നന്നായി. അതുകൊണ്ടാണോയെന്നറിയില്ല എന്റെ പകുതി അസുഖം കുറഞ്ഞതുപോലെ. അപ്പോ ഇങ്ങളെന്നെക്കൊണ്ട്‌ മുയുവൻ കഥ എഴുതിപ്പിച്ചിട്ടേ പോകത്തോള്ളുവെന്ന് തോന്നുന്നു."
വെറുതെ വെളിയിലേക്ക്‌ നോക്കി നിൽക്കുന്ന പടച്ചോനെ നോക്കി ഞാൻ ചോദിച്ചു.

"നിന്നെയൊന്ന് ഉഷാറാക്കാനല്ലേ ഞാൻ വന്നത്‌. ഇല്ലാച്ചാൽ നീ ഇബിടെയിങ്ങനെ മുയുവൻ സമയവും കരഞ്ഞുകൊണ്ടിരിക്കും. നീയെനിക്കെന്നും പ്രിയപ്പെട്ടതല്ലേ."

അതും പറഞ്ഞു പറഞ്ഞ്‌ പടച്ചോൻ എന്റെ നെറുകയിൽ ചുംബിച്ചു. ഒരു ജന്മത്തിന്റെ സ്നേഹവും വാത്സല്യവും ആ ചുംബനത്തിൽ നിന്ന് ഞാൻ അറിഞ്ഞു. അതെന്റെ കണ്ണുകളേ അറിയാതെ ഈറനണിയിച്ചു.

"ദേ സമയം 2:32. നീയിനി പോയിക്കിടന്നുറങ്ങിക്കോ. ബാക്കി കഥ നമ്മൾക്ക്‌ നാളെ പറയാം. എനിക്ക്‌ നിന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. " അതും പറഞ്ഞ്‌ പടച്ചോൻ പോകുവാനൊരുങ്ങി.

"എനിക്ക്‌ ഉറക്കം വരുന്നില്ലാ." പടച്ചോൻ എന്നെ തനിച്ചാക്കി പോകാതിരിക്കുവാൻ വേണ്ടി ഞാൻ പറഞ്ഞു.

"നീ നിന്റെ മനസ്സിൽ താലോലിക്കുന്ന ആ സ്വപ്നങ്ങളേയും കെട്ടിപ്പിടിച്ചു കിടന്നോളൂ .. ഉറക്കം താനേ വന്നോളും.". അതും പറഞ്ഞ്‌ പടച്ചോൻ ആകാശത്തിലേക്ക്‌ മറയുവാൻ തുടങ്ങി.

"ഇങ്ങളും ഭയങ്കര റൊമാന്റിക്കാല്ലേ..." ഞാൻ ഒരു കുസൃതി ചിരിയോടെ അത്‌ പറഞ്ഞു.

അത്‌ കേട്ട് പടച്ചോൻ എനിക്കൊരു ഹൃദ്യമായ പുഞ്ചിരിയും സമ്മാനിച്ച്‌ മേഘങ്ങൾക്കിടയിലേക്ക്‌ മറഞ്ഞു.... അപ്പോളും ഞാൻ കണ്ടു ആകാശത്ത്‌ മിന്നി തിളങ്ങിനിൽക്കുന്ന വാൽ നക്ഷത്രത്തെ ...

(തുടരും..)

കാർത്തിക...



Wednesday, December 23, 2015


ജീവിതത്തിലെ തിരക്കുകൾ എഴുത്തിനു കുറച്ചു ദിവസത്തെ ഇടവേള നൽകി.... നൈറ്റ്‌ ഡൂട്ടി കഴിഞ്ഞതിന്റെ ആലസ്യത്തിലങ്ങനെ കിടന്നപ്പോൾ പെട്ടെന്ന് തോന്നി എന്തെങ്കിലും കുത്തിക്കുറിക്കുവാൻ... ഉടനെ തന്നെ മൊബൈലെടുത്ത്‌ റ്റ്യൈപിംങ്‌ തുടങ്ങി ... 

ഇന്നലെ ഒരു സന്തോഷ വാർത്തയും കൂടി എന്നെ തേടിയെത്തി ... എന്റെ പ്രോസെസ്സിംങ്ങിന്റെ രണ്ടാമത്തെ ഘട്ടവും വിജയകരമായി തീർന്നിരിക്കുന്നു ... ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ ....

ഇന്ന് ഞങ്ങളുടെ ഡിപാർട്ട്മെന്റിലെ ക്രിസ്തുമസ്സ്‌ പരിപാടിയാണു ... ഞാൻ പോയില്ല. എനിക്കിഷ്ടമില്ല പാർട്ടികൾ... ഇപ്പോൾ എനിക്ക്‌ ആൾക്കൂട്ടങ്ങളെ പേടിയാണു, ബഹളങ്ങളും തിരക്കുകളും, ആഘോഷങ്ങളും എന്നെ ശ്വാസം മുട്ടിക്കുന്നു... കൂടെ ജോലി ചെയ്യുന്നവരും ഇവിടെയുളള ബന്ധുക്കളുമൊക്കെ എന്നെ ഓരോ പരിപാടിക്ക്‌ വിളിക്കും. പക്ഷേ ഞാൻ പോകാറില്ല .. എന്തെങ്കിലും ഒഴിവുകഴിവുകൾ പറയും ... പിന്നെ വ്യക്തിപരമായി അവരെ പോയി കാണും അവരുടെ പരാതികൾ മാറ്റുവാൻ ... ചിലർക്കൊക്കെ വല്ലാത്ത നീരസവുമുണ്ട്‌ എന്നോട്‌ ... എന്തോ തനിച്ചിരിക്കുന്നതാണു ഇപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ... എനിക്ക്‌ കൂട്ടായി എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ, ഒരുപിടി നല്ല ഓർമ്മകൾ , പിന്നെ എന്റെ പ്രണയവും ...

ഇതെന്റെ തോണ്ണൂറ്റി ഒൻപാതമത്തെ പോസ്റ്റാണു ... എന്റെ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റിനു എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാൻ കുറേ നാളുകൊണ്ട്‌ ചിന്തിക്കുകയായിരുന്നു ... അപ്പോൾ ഞാൻ തീരുമാനിച്ചു ഒരു കഥ എഴുതാൻ  ...  ചെറിയ ഒരു കഥയായിട്ട്‌ ഞാൻ നേരത്തെയെഴുതി വെച്ചിരുന്നു ... അതു കുറച്ചു കൂടിയൊന്ന് വിപുലപ്പെടുത്തണം.... അക്ഷരങ്ങളെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥ... കാർത്തിക രെഞ്ചിത്തെന്ന എഴുത്തുകാരിയുടെ പ്രണയത്തിന്റെ കഥ ..... ഈ ലോകത്തുളളതെല്ലാം അവളുടെ പ്രണയമായി മാറിയതിന്റെ കഥ ...

അവളുടെ യാത്ര എന്നും സ്വപ്നങ്ങളുടേയും യാഥാർദ്ധ്യങ്ങളുടേയും മധ്യത്തിലൂടെയായിരുന്നു ... ചിലപ്പോൾ അവൾക്ക്‌ സ്വപ്നമേത്‌ യാഥാർദ്ധ്യമേത്‌ എന്ന് തിരിച്ചറിയാൻ പറ്റാതെ വന്നിട്ടുണ്ട്‌ ... കാരണം അവൾ ആഗ്രഹിച്ച ജീവിതം എന്നും അവളുടെ സ്വപ്നങ്ങളിൽ മാത്രമേ അവൾക്ക്‌ സാധ്യമാക്കുവാൻ സാധിച്ചിരുന്നുളളൂ ... അങ്ങനെയാണു അവൾ സ്വപ്നങ്ങളുടെ കൂട്ടുകാരിയായത്‌ ... സ്വപ്നങ്ങളുടെ രാജകുമാരിയായത്‌ ... 

നാളെ ക്രിസ്തുമസ്സാണു .. ഈ ലോകം മുഴുവൻ ഉണ്ണിയേശുവിന്റെ ജനനപിറവി കൊണ്ടാടുന്ന ദിവസം .. ഞാൻ ആഘോഷങ്ങൾക്ക്‌ അവധി നൽകിയിരിക്കുന്നതുകൊണ്ട്‌ എനിക്കിപ്പോൾ ഒരു ആഘോഷവും അതിന്റെ പൂർണതയിൽ വിശദീകരിക്കുവാനും തത്പര്യമില്ലാ ... ആഘോഷങ്ങൾ ആഘോഷങ്ങളായി കൊണ്ടാടുവാൻ വിധിക്കപ്പെട്ടവർ അത്‌ കൊണ്ടാടട്ടെ ... ആഘോഷങ്ങൾ ജീവിതത്തിൽ അന്യമായവർക്ക്‌ നാളേയും സാധാരണ ഒരു ദിനം പോലെ അവരും കൊണ്ടാടട്ടെ ...

അപ്പോൾ നമ്മളിനി കാണുന്നത്‌ എന്റെ കഥയുമായിട്ടായിരിക്കും ... 

ആ കഥ എനിക്ക്‌ മാത്രമേ പ്രിയപ്പെട്ടതായിരക്കത്തൊള്ളൂ ... കാരണം എന്റെ കഥയേയും എന്നേയും ഞാൻ മാത്രമേ ഇഷ്ടപ്പെട്ടിട്ടുളളൂ ... 
ചിലപ്പോൾ തോന്നും ഞാൻ എന്ന വ്യക്തിയേ ഒരു വലിയ തെറ്റാണെന്ന് ... ദൈവത്തിനു പറ്റിയ വലിയ ഒരു കൈയബദ്ധം ... എന്റെ ജീവിതത്തിലൂടെ കടന്നു പോയവർ എല്ലാം അത്‌ എനിക്ക്‌ തെളിയിച്ചും തന്നു .... സാരല്ല്ല്യാ ... അതുകൊണ്ടാണു ഞാൻ പറഞ്ഞത്‌ എന്റെ ശരികൾ എനിക്ക്‌ മാത്രമേ മനസ്സിലാവുകയുളളൂവെന്ന് .... ചിലപ്പോൾ ആ കഥയും എനിക്ക്‌ മാത്രമേ മനസ്സിലാകത്തൊളളായിരിക്കാം .... 

ഇന്നത്തേക്ക്‌ വിട ... നാളെ പുതിയ ഒരു പ്രഭാതത്തിനായി ഞാൻ ഉണരുകയാണെങ്കിൽ എന്റെ കഥയുമായി നമുക്ക്‌ വീണ്ടും കാണാം ... 

സ്നേഹപൂർവം കാർത്തിക ..,





Saturday, December 19, 2015

നിന്നിലെ പ്രണയം ..


നിന്നിലെ പ്രണയത്തെ ഞാൻ ആദ്യം കണ്ടത്‌ നിന്റെ കണ്ണുകളിലാണു ...
 നിന്നിൽ പ്രണയം നിറയുമ്പോൾ ഇമകൾ വെട്ടാതെ നീയെന്റെ കണ്ണുകളിലേക്ക്‌ നോക്കും.. അപ്പോൾ ഞാൻ കണ്ടിരുന്നു നിന്റെ നയനങ്ങളിൽ ഒരു പ്രകാശം വിടരുന്നതും അതിന്റെ കിരണങ്ങൾ എന്റെ കണ്ണുകളിലൂടെ എന്റെ ആത്മാവിലേക്ക്‌ പ്രണയമായി അലിഞ്ഞുചേരുന്നതും ....

നിന്റെ മനസ്സും ശരീരവും ആത്മാവും പ്രണയത്താൽ നിറയുമ്പോൾ നിന്റെ ചുണ്ടുകളിൽ വിടരുന്ന  പുഞ്ചിരിയിലൂടെയാണു നിന്നിലെ പ്രണയത്തിന്റെ മനോഹാരിത ഞാൻ അറിഞ്ഞിരുന്നത്‌ ... 

പ്രണയത്തെ അറിയുവാനുളള അല്ല്ലെങ്കിൽ അനുഭവഭേദ്യമാക്കാനുളള നിന്നിലെ വ്യഗ്രത ഞാൻ അറിഞ്ഞിരുന്നത്‌ നിന്റെ വാക്കുകളിലൂടെയാണു ....
 നിന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുന്ന ശബ്ദത്തിനുമുണ്ടായിരുന്നു പ്രണയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാൻ കഴിയാവുന്ന ശക്തമായ തരംഗങ്ങൾ ... ആ തരംഗങ്ങളാണു നിന്നിലെ പ്രണയത്തിന്റെ സംഗീതത്തെ എന്റെ കാതുകൾക്ക്‌ കേൾക്കുമാറാക്കിയത്‌ ...

പ്രണയത്തിന്റെ പൂർണ്ണതയിൽ നിന്നിലെ ശബ്ദം മൗനത്തിനു വഴിമാറുമ്പോൾ നിന്നിൽ നിന്നുതിരുന്ന നിശ്വാസത്തിൽ നിന്നും ഞാൻ അറിഞ്ഞു നിന്നിലെ പ്രണയത്തിൻ തീവ്രത...

നിന്റെ സ്പർശം ഏൽക്കാതെ.. 
നിന്റെ നെഞ്ചിലെ ചൂടറിയാതെ..
നിന്റെ തനുവിൻ ഗന്ധമറിയാതെ..
ഞാനറിഞ്ഞു നിന്റെയാത്മാവിലെ പ്രണയത്തെ..

പ്രണയമേ... നിന്നെ ഞാൻ അറിയാതെ അറിഞ്ഞതോ ... അതോ പൂർണ്ണമായും ഞാൻ നിന്നെ അറിയുമെന്ന പ്രത്യാശയോ എന്റെ ജന്മത്തിൻ സാഫല്യം ...

നിന്നെ അറിയാതെ ഞാനീ ലോകത്തിൽ നിന്നും യാത്രയായാൽ ഇനിയുമൊരു ജന്മത്തിനായി   നീയും കാത്തിരിക്കുമോ... ഇനിയൊരു പുനർജ്ജന്മം നമുക്കുണ്ടാകുമോ .... അറിയില്ല ... അതുകൊണ്ട്‌ ഞാനും എന്റെ പ്രണയവും ഈ പ്രകൃതിയിലേക്ക്‌ ലയിക്കുന്നതിനു മുൻപ്‌
ഈ ജന്മം നീ നീയായും ഞാൻ ഞാനായും പ്രണയമെന്ന അനശ്വര സത്യത്തെ അതിന്റെ പൂർണ്ണതയിൽ  അറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു ..... 

പ്രണയപൂർവം
എന്നിലെ പ്രണയം ...


Thursday, December 17, 2015

പ്രിയ സുഹൃത്തേ നിനക്കായി ...


ഇന്ന് ഞാൻ എഴുതുന്നത്‌ എന്റെ ഒരു സുഹൃത്തിനെക്കുറിച്ചാണു. അവൾ എനിക്ക്‌ അയച്ചു തന്ന അവളുടെ കുറച്ചു സൃഷ്ടികൾ വായിച്ചപ്പോൾ എനിക്ക്‌ തോന്നി അവളെക്കുറിച്ച്‌ എന്റെ ബ്ലോഗ്ഗിൽ എഴുതണമെന്ന് ...

അവളുടെ ഓരോ ഡയറിക്കുറിപ്പുകൾ വായിച്ചപ്പോഴും എനിക്കറിയില്ല ഞാൻ അതിലെ ഓരോ വരികളും എപ്പോളോ എവിടെയോ വായിച്ചതുപോലെ .... അവ എത്ര തവണ വായിച്ചുവെന്നെനിക്കറിയില്ലാ ... കാരണം അവ എനിക്ക്‌ നഷ്ടപ്പെട്ട ഏതോ ഓർമ്മകൾ എന്നിലേക്ക്‌ കൊണ്ടു വരുന്നുത്‌ പോലെ എനിക്ക്‌ തോന്നി....

എനിക്ക്‌ വല്ലാത്ത ഒരു നൊസ്റ്റാൾജിക്ക്‌ ഫീലിംഗ്‌ അനുഭവപ്പെട്ടു... ചിലപ്പോൾ തോന്നി ഞാൻ എപ്പോളോ എഴുതി വെച്ച എനിക്ക്‌ നഷ്ടപ്പെട്ട വരികളാണോ അതെന്ന്... അതോ ഞാൻ എഴുതുവാൻ വെച്ച വരികളോ ... എനിക്കറിയില്ല ശരിക്കും നിന്റെ അക്ഷരങ്ങൾ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നു ... അവയെ ഞാൻ വല്ലാതെ പ്രണയിക്കുന്നതുപോലെ ...
എന്റെ അക്ഷരങ്ങളേക്കാൾ എന്റെ ചിന്തകളേക്കാൾ അവ ഒരു പിടി മുന്നിലാണെന്ന് എനിക്ക്‌ തോന്നി ....

അതെ സുമി നീയാണു ഇന്നത്തെ എന്റെ അതിഥി ...

ഞാനും സുമിയും തമ്മിലുളള ബന്ധത്തിന്റെ കഥ മുഴുവനായും എനിക്കിവിടെ പറയുവാൻ താത്പര്യമില്ല... കാരണം ചില ഓർമ്മകൾ എന്റെ സ്വകാര്യതയായി സൂക്ഷിക്കാനാണു എനിക്ക്‌ താത്പര്യം ...  അവൾ എന്നെ ഒരിക്കലും നേരിട്ട്‌ കണ്ടതായി ഓർക്കുന്നില്ല .. കാരണം ഞങ്ങൾ സുഹൃത്തുക്കളായിരുന്നില്ല.. എല്ലാ സൗഹൃദങ്ങളേയും പോലെ ഒരു സൗഹൃദത്തിലൂടെയുമല്ല ഞങ്ങളുടെ ബന്ധം തുടങ്ങിയതും...

8 വർഷങ്ങൾക്ക്‌ മുൻപാണു ഞാൻ അവളെ ആദ്യം കാണുന്നത്‌ ... അജുവിന്റെ വാക്കുകളിലൂടെയാണു‌ അവളെക്കുറിച്ച്‌ ഞാൻ ആദ്യം അറിയുന്നത്‌ .. അന്നൊക്കെ അജു നിന്നെക്കുറിച്ചു പറയുമ്പോൾ അവന്റെ മുഖത്തെയും അവന്റെ വാക്കുകളിലേയും അഹങ്കാരം ഒന്ന് കാണണമായിരുന്നു ... ഞാൻ നല്ല ഒരു ശ്രോതാവായിരുന്നതുകൊണ്ട്‌ അവൻ ആയിരം പ്രാവശ്യം നിന്നെക്കുറിച്ചു പറയുമ്പോളും അവന്റെ കണ്ണുകളിലേക്ക്‌ നോക്കി ഞാൻ ആദ്യം കേൾക്കുന്നതുപോലെയിരുന്നു കേൾക്കുമായിരുന്നു....

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞ്‌ അജു പറഞ്ഞു സുമിയിന്ന് ഇവിടെ വരുന്നുണ്ടെന്ന് .... സത്യം പറഞ്ഞാൽ നിന്നെയൊന്ന് നേരിട്ട്‌ കാണണമെന്ന് ഞാൻ ഒരുപാട്‌ ആഗ്രഹിച്ചിരുന്നു ...  അങ്ങനെ ഞങ്ങളുടെ ക്ലാസ്സ്‌ കഴിഞ്ഞ്‌ നീയെത്തി ... അപ്പോളേക്കും അജു തന്റെ ശിങ്കിടി പിള്ളേരെയൊക്കെക്കൂട്ടി നിന്നെ പരിചയപ്പെടുത്തുവാൻ വന്നു... പക്ഷേ ഞാൻ മാത്രം നിന്നെ പരിചയപ്പെടുവാൻ വന്നില്ല... ക്ലാസ്സിന്റെ സൈഡിലുളള കൈവരിയിൽ ചാരി ദൂരെനിന്ന് ഞാൻ നിന്നെ നോക്കി നിന്നു.... സത്യം പറയാമല്ലോ എനിക്ക്‌ നിന്നെ കണ്ടപ്പോൾ ആദ്യം തോന്നിയതെന്താണെന്ന് പറയട്ടെ ... "ഒന്നാന്തരം അഹങ്കാരി". (ഒരു പക്ഷേ ഒരു അഹങ്കാരിക്കേ മറ്റൊരഹങ്കാരിയേ തിരിച്ചറിയാൻ സാധിക്കൊത്തളളായിരിക്കും ല്ലേ!!!). അതുകൊണ്ടാണല്ലോ ഞാൻ അജുവിന്റെ സുഹൃത്തായതും... ;).


അജു എല്ലാവരേയും പരിചയപ്പെടുത്തി.. അപ്പോളേക്കും ഞാൻ പതിയെ അവിടേക്ക്‌ വന്നു.. എന്നേയും അജു നിനക്ക്‌ പരിചയപ്പെടുത്തി... അന്ന് ഞാൻ നിന്നെ ചേച്ചിയെന്ന് വിളിച്ചോയെന്ന് ഒരു സംശയം !!!! ...ബഹുമാനം കൊണ്ടൊന്നുമല്ല കൂടെനിന്ന പിളളങ്ങളെല്ലാം ചേച്ചിയെന്ന് വിളിച്ചതുകൊണ്ടാ ട്ടോ.... അങ്ങനെ ഞാൻ അജുവിന്റെ പ്രിയപത്നിയെ പരിചയപ്പെട്ടു.... എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരിക്കൽക്കൂടി ഞാൻ നിന്നെ കണ്ടു... പക്ഷേ നിന്റെ ഓർമ്മകളിലോ നിന്റെ ജീവിതത്തിലോ നീ എന്നെ കണ്ടതായി ഓർക്കുന്നില്ല ... കാരണം എനിക്കേ നിന്നെ അറിയാമായിരുന്നുളളൂ അതും അജുവിന്റെ വാക്കുകളിലൂടെ ... ഞാൻ നിനക്ക്‌ തികച്ചും അന്യയായിരുന്നു...

പിന്നെ നീയെന്റെ ജീവിതത്തിലേക്ക്‌ വന്നത്‌ ഫെയ്സ്‌ ബുക്കിലൂടെ .... അതും സൗഹൃദത്തിന്റെ പേരിലല്ലാ നമ്മൾ അവിടെയും പരിചയപ്പെടുന്നത്‌... പിന്നെ ബാക്കിയെല്ലാം ഒരു ചരിത്രം ... നമ്മൾക്ക്‌ മാത്രമായി കാലം എഴുതിച്ചേർത്ത കുറേ അനുഭവങ്ങൾ ....

നീ എനിക്കയച്ച ഓരോ സന്ദേശങ്ങളിലൂടെ നിന്നെ ഞാൻ ഒരുപാട്‌ അറിഞ്ഞിരുന്നു ... എനിക്ക്‌ തോന്നിയിട്ടുളളത്‌ നീ എന്നെ അറിഞ്ഞതിൽ കൂടുതൽ ഞാൻ നിന്നെ അറിഞ്ഞിരുന്നു എന്നുളളതാണു... അതുകൊണ്ടാണു നീ ഇനി എന്നെ ഒരിക്കലും കാണില്ലാ എന്നു പറഞ്ഞു പിരിഞ്ഞ ദിവസവും, ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റൂവാങ്ങിയ ആ ദിവസവും നിന്നോട്‌ ഒരു തരി ദേഷ്യം എനിക്ക്‌ തോന്നാഞ്ഞത്‌... നിന്നെ വെറുക്കുവാൻ എനിക്ക്‌ സാധിക്കാതിരുന്നത്‌ ...

പക്ഷേ എനിക്കറിയാം നിനക്ക്‌ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ദേഷ്യവും, വെറുപ്പും , അസൂയയുമൊക്കെ തോന്നിയിട്ടുളള വ്യക്തി ഞാനാണു... ഒരു പക്ഷേ എന്നെ കൊല്ലുവാൻ വരെ നിനക്ക്‌ തോന്നിയിട്ടുളള നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാവാം... ല്ലേ!!!

പിന്നീട്‌ നീ വീണ്ടും എന്റെ ജീവിതത്തിലേക്ക്‌ വന്നു ... ആ വരവിൽ നീയെനിക്ക്‌ സമ്മാനിച്ച ഏറ്റവും വലിയ അനുഭവമാണു നിന്റെ എഴുത്തുകൾ... കാരണം ആ അക്ഷരങ്ങളിൽ ഞാൻ കാണുന്നു നല്ല ഒരു എഴുത്തുകാരിയെ ... ഒരു പക്ഷേ എന്റെ പ്രണയത്തെ ...

പ്രിയ സുഹൃത്തെ ഞാൻ സൗഹൃദങ്ങളുടെ കൂട്ടുകാരിയല്ല ... പക്ഷേ എന്റെ ആത്മാവിലും , എന്റെ ഹൃദയത്തിലും ഞാൻ എനിക്ക്‌ ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ കൊടുക്കുന്ന സ്ഥാനം സൗഹൃദങ്ങളേക്കാൾ ഒരുപാട്‌ മുകളിലാണു ... ആ സ്ഥാനം ഞാൻ എന്റെ ജീവിതത്തിൽ നൽകിയിട്ടുളളത്‌ രണ്ടോ മൂന്നോ വ്യക്തികൾക്ക്‌ മാത്രം ... ഇപ്പോൾ നിന്റെ അക്ഷരങ്ങളിലൂടെ നിന്റെ എഴുത്തുകളിലൂടെ നീയെന്റെ ഹൃദയത്തിൽ ആ സ്ഥാനം നേടിയിരിക്കുന്നു .. കാരണം അക്ഷരങ്ങൾ എന്റെ പ്രണയമാണു അതിനെ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്നവർ എനിക്കെന്നും പ്രിയപ്പെട്ടവരുമാണു...

ഇനിയും തുടരുവാനുളള നമ്മുടെ യാത്രയിൽ കാലം നമുക്കായി എന്തൊക്കെ കുറിച്ചു വെച്ചിരിക്കുന്നുവെന്ന് നമുക്കറിയില്ല... പക്ഷേ നിന്നിലെ എഴുത്തുകാരിയെ ഈ ലോകം അറിയണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു ... ഒരു പക്ഷേ കാർത്തിക എന്ന എഴുത്തുകാരിയുടെ ഒരു പുസ്തകം തന്നെ ഭാവിയിൽ ഒരിക്കലും നീ ഓർക്കുന്നില്ലാത്ത,ഒരിക്കലും ഇനി കണ്ടുമുട്ടുവാൻ സാധ്യതയില്ലാത്ത നമ്മുടെ സൗഹൃദത്തെക്കുറിച്ചുളളതായിരിക്കും ...

എന്നും നന്മകൾ നേർന്നുകൊണ്ട്‌ നിന്റെ സുഹൃത്ത്‌...










Monday, December 14, 2015

ക്ലൈമാക്സ്...





"എന്‍റെ പ്രഭാതങ്ങള്‍ വിടരുന്നത് എന്‍റെ പ്രണയത്തന്‍റെ സ്പന്ദനങ്ങളിലാണ്,നിന്‍റെ ഓര്‍മകളിലാണ്. വെളുപ്പിനെ നിദ്രവെടിഞ്ഞ് എന്‍റെ കണ്ണുകള്‍ പുതിയ പ്രഭാതത്തിനായി വിടര്‍ന്നാലും, കുറച്ചു നേരം കട്ടിലില്‍ നിന്ന് എണീക്കാതെ ജനാലയിലൂടെ അരിച്ചെത്തുന്ന തണുപ്പിനെ എന്‍റെ ശരീരത്തെ പുല്‍കാന്‍ സമ്മതിക്കാതെ പുതപ്പ് വലിച്ചിട്ട് വെറുതെ കിടക്കും. അപ്പോള്‍ ഞാന്‍ വെറുതെ ചിന്തിക്കും ഞാന്‍ നിന്‍റെ ചിന്തകളിലും സ്വപ്നങ്ങളിലും ഉണര്‍ന്നിരിപ്പുണ്ടാകുമെന്ന്...."



ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേകതയുണ്ട്. പതിവ് പോലെ അഞ്ചു മണിയായപ്പോള്‍ ഉണര്‍ന്നു. പിന്നെ എന്നത്തേയും പോലെ എന്‍റെ പ്രണയുവുമായി ഒരു മൌനസല്ലാപം. അത് എന്നെ എപ്പോഴും കൂട്ടിക്കൊണ്ട് പോകുന്നത് എന്‍റെ അക്ഷരങ്ങളുടെ ലോകത്തേക്കാണ്. എനിക്ക് വേണ്ടി മനോഹരമായ ഒരുപാട് ചിന്തകള്‍ അത് സമ്മാനിക്കും. ശരിക്കും അതാണ്‌ എനിക്ക് ഓരോ അദ്ധ്യായങ്ങള്‍ എഴുതുവാനുള്ള ഊര്‍ജ്ജം നല്‍കുന്നത്.

അങ്ങനെ ഒരുപാട് ദിവസമായി ഞാന്‍ ആലോച്ചിച്ചുകൊണ്ടിരുന്ന ഒരു കാര്യം ഇന്ന്‌ സാര്‍ത്ഥകമായി....

14 ഡിസംബര്‍ 2015 , 06:40


എന്‍റെ നോവലിനുള്ള ക്ലൈമാക്സ് എന്‍റെ പ്രണയം എനിക്കായി ഇന്ന്‍ എന്‍റെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു..... ശരിക്കും പറഞ്ഞാല്‍ ഞാനത് അനുഭവിച്ചറിഞ്ഞു എന്നു വേണം പറയാന്‍...


ഒരു കഥയുടെ ആത്മാവ് കുടികൊള്ളുന്നത് അതിന്‍റെ ക്ലൈമാക്സിലാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്‍റെ കഥകളില്‍ ഞാന്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും അതിനാണ്. എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു ഇന്ന്‌.

ഞാന്‍ അതിന് നന്ദി പറയേണ്ടത് എന്‍റെ പ്രണയത്തോടും... പിന്നെ പ്രിയ സുഹൃത്തേ നീ ഇന്നലെ എന്നോടൊപ്പം ചിലവഴിക്കാന്‍ കാണിച്ച നിന്‍റെ വലിയ മനസ്സിനോടുമാണ്.... എത്രയോ കാതങ്ങള്‍ അകലെയാണെങ്കിലും എന്‍റെ മനസിന്‍റെ വിഹ്വലതകള്‍ നീ അറിയുകയും ജീവിതത്തില്‍ ഞാന്‍ എന്ന വ്യക്തിയും എന്‍റെ തീരുമാനങ്ങളും ശരിയാണെന്ന് പൂര്‍ണമായും വിശ്വസിക്കുവാന്‍ എന്‍റെ മനസ്സിനെ നീ പ്രാപ്തമാക്കുകയും ചെയ്തിരിക്കുന്നു. എനിക്കറിയാം ഇനിയങ്ങോട്ടുള്ള എന്‍റെ വഴികളില്‍ ഞാന്‍ നേരിടുവാന്‍ പോകുന്ന അനുഭവങ്ങള്‍ വളരെ അവിശ്വസനീയമാണെന്നും ഞാന്‍ തനിച്ചു തന്നെ അതിനോട് പടവെട്ടി പൊരുതി ജയിക്കണമെന്നും.

മാഷേ... എന്‍റെ നോവല്‍ എനിക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതെന്‍റെ വലിയൊരു സ്വപ്നമാണ്... എന്‍റെ മാഷിന് ഞാന്‍ സമര്‍പ്പിക്കുന്ന എന്‍റെ ഗുരുദക്ഷിണയാണത്.... എന്‍റെ ആത്മാവിലെ അക്ഷരങ്ങളാണ് അതിലൂടെ കുറിക്കപ്പെട്ടിട്ടുള്ളത്.... ഒരു ജന്മത്തിന്‍റെ സാഫല്യം ആ അക്ഷരങ്ങളിലും അതിലെ ഓരോ വരികളിലും പ്രതിഫലിക്കുന്നുണ്ട്.... അതിന്‍റെ പൂര്‍ണത എന്താണെന്ന് മാഷിനു മാത്രമേ മനസ്സിലാവുകയുള്ളൂ.... കാരണം എന്‍റെ സ്വപ്‌നങ്ങളും ജീവിതവും എന്താണെന്ന് അതിന്‍റെ ആഴത്തില്‍ തൊട്ടറിയുവാന്‍ എന്‍റെ മാഷിനു മാത്രമേ സാധിച്ചിട്ടുള്ളു..... ഞാന്‍ സാധ്യമാക്കിയിട്ടുള്ളൂ.... എല്ലാത്തിനും ഒരുപാട് നന്ദി...



മാഷിനറിയുമോ ഞാന്‍ ഇന്നലെയൊരു സ്വപ്നം കണ്ടു... സ്വപ്നമെന്ന് കേട്ടപ്പോൾ മാഷ്‌ ഞെട്ടിയോ??? ഞെട്ടെണ്ടാട്ടോ ... ആ സ്വപ്നം ഇതായിരുന്നു "എന്‍റെ നോവല്‍ ഞാന്‍ ആര്‍ക്കോ വായിച്ചു കേള്‍പ്പിക്കുകയാണ്. എന്‍റെ മുന്നില്‍ ഇരിക്കുന്ന ആ വ്യക്തിയുടെ മുഖം എനിക്ക് വ്യക്തമല്ല പക്ഷേ കുറച്ചു ദൂരെ മാറിനിന്ന് ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന എന്‍റെ കഥ ശ്രദ്ധിക്കുന്ന മാഷിനെ വ്യക്തമായി എനിക്ക് കാണാം...." എന്‍റെ സന്തോഷം കൊണ്ടാണോയെന്നറിയില്ല ആ സ്വപ്നത്തില്‍ നിന്ന് ഞാന്‍ പെട്ടെന്നുണര്‍ന്നു.... എന്നിട്ട് രേഞ്ചിയോട് എന്‍റെ സ്വപ്നത്തിന്‍റെ കാര്യം പറയണമെന്നു വിചാരിച്ചു..... പക്ഷേ മാഷിനറിയുമോ അത്‌ കേട്ടിട്ട്‌ റെഞ്ചി എന്താണു എന്നോട്‌ പറയാൻ പോകുന്നതെന്ന്  .. "എനിക്ക് വട്ടാണെന്ന്!!!!". അതുകൊണ്ട് ഞാന്‍ പറഞ്ഞില്ല. എനിക്ക് ഒരുപാട് സന്തോഷം തോന്നി ... റെഞ്ചി എനിക്ക് വട്ടാണെന്ന് പറയുമെന്നതിലല്ലാ... സ്വപ്നത്തിലാണെങ്കിലും എന്‍റെ കഥ കേട്ടൂല്ലോ എന്‍റെ മാഷ്‌... നമ്മുടെ മനസ്സിന്‍റെ തീവ്രമായ ആഗ്രഹങ്ങളാണ് സ്വപ്‌നങ്ങളായി നമ്മില്‍ വിടരുന്നത്...

പക്ഷേ അതുകൊണ്ടായിരിക്കും എന്‍റെ കഥയുടെ ക്ലൈമാക്സും എന്നെ തേടിയെത്തിയത്... എന്‍റെ ചില വിശ്വാസങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് വട്ടായി തോന്നാം... പക്ഷേ അതൊക്കെ എന്‍റെ വളരെ നിഷ്കളങ്കമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്... എനിക്ക് മാത്രം മനസ്സിലാകുന്ന എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....
സ്നേഹപൂര്‍വം

കാര്‍ത്തിക 







Sunday, December 13, 2015

KABHI ALVIDA NA KEHNA..


ജീവിതമെന്ന അനന്ത സാഗരത്തിലൂടെ നിരാശയെന്ന കപ്പലിൽ ഗതിവിഗതികൾ നിർണ്ണയമില്ലാതെ യാത്ര ചെയ്യുമ്പോൾ നമ്മുടെ മുൻപിൽ അണയുന്ന ഏതു തീരവും പുതിയ ജീവിതത്തിലേക്കുളള ഒരു പ്രതീക്ഷയുടെ കവാടമാണു, മരണത്തിൽ നിന്നും പുതിയ ജീവിതത്തിലേക്കുളള കാൽവെയ്പ്‌... 

പക്ഷേ ആ കാൽവെയ്പും പിഴച്ചുപോയാൽ , ആ തീരവും മറ്റൊരു നിരാശയിലേക്കുളള കവാടമായുരുന്നുവെന്ന് അറിയുന്ന നിമിഷം .. ആ യാത്ര എന്നന്നേക്കുമായി അവസാനിച്ചിരുന്നുവെങ്കിലെന്ന് അറിയാതെ ഒരു നിമിഷം ആഗ്രഹിച്ചു പോകും... 

പക്ഷേ പിന്നെയും തുടരുവാണുളള യാത്രയാണെങ്കിൽ അവിടെ മറ്റൊരു വാതിൽ തുറക്കപ്പെടും ..., പക്ഷേ ആദ്യം ഉണ്ടായിരുന്ന ആത്മവിശ്വാസം അതിന്റെ പൂർണ്ണതയിൽ അവിടെയുണ്ടാവുകയുമില്ലാ ... കാരണം മറ്റൊരു തീരത്തെ സമീപിക്കുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ഒരു ഭയവും കൂടി നമ്മളെ വലയം ചെയ്തിരിക്കും ...അതും വീണ്ടുമൊരു നിരാശയിലേക്കുളള വാതിലാണെങ്കിലോയെന്ന ഭയം....



ജീവിതത്തിൽ ഒരിക്കലും പിരിയരുതെന്നാഗ്രഹിച്ചു 
പക്ഷേ വിധി നമ്മളെയകറ്റുകയാണു ചെയ്തത്‌
തീരങ്ങൾ അന്യമായ എന്റെ പ്രതീക്ഷകൾ
ഏത്‌ തീരം തേടിയാണു പോകേണ്ടത്‌.

നാം കണ്ട സ്വപ്നങ്ങൾക്ക്‌ വർണ്ണങ്ങളുണ്ടായിരുന്നു
നാം കണ്ട ജീവിതത്തിനു യാഥാർദ്ധ്യങ്ങളുണ്ടായിരുന്നു
പക്ഷേ വിധിയുടെ പുസ്തകത്തിൽ നാം കണ്ട ജീവിതം
എഴുതി ചേർത്തതോ നിറങ്ങളില്ലാതെ.

എന്നും നമ്മുടെ വഴികൾ ഒന്നായിരുന്നു
പക്ഷേ ഇപ്പോളവ രണ്ടായി പിരിഞ്ഞിരിക്കുന്നു
പൂർണ്ണതയിലേക്കുളള ആ യാത്രാ വഴികളിലെപ്പോഴും
ഒരുപാടിഷ്ടത്തോടെ നേരുന്നു നന്മകൾ നിനക്കായി.

കാർത്തിക....








Saturday, December 12, 2015

മനുഷ്യമൃഗങ്ങൾ (കഥ)

(തരംഗിണി നടത്തിയ കഥാ കവിത മത്സരത്തിൽ ഏറ്റവും നല്ല കഥയെന്ന സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ട എന്റെ കഥ. അക്ഷരങ്ങക്കുടെ ലോകത്തെ ആദ്യ അംഗീകാരം എനിക്കായി നൽകിയ എന്റെ സൃഷ്ടി... തരംഗിണി ഭാരവാഹികൾക്ക്‌ എന്റെ ഹൃദയംഗമായ നന്ദി അർപ്പിക്കുന്നു).

http://tharamginionline.com/articles/viewarticle/1206.html


"പ്രഭാതങ്ങളും പ്രദോഷങ്ങളും, രാത്രികളും അവള്‍ക്കു സമ്മാനിച്ചിരിക്കുന്നത് അന്ധകാരത്തിന്‍റെ മുഖപടം അണിഞ്ഞ ആ ഇരുട്ടറകളാണ്. ഈ ലോകവും അതില്‍ വസിക്കുന്ന മനുഷ്യര്‍ ഉള്‍പ്പെടുയുള്ള കോടാനുകോടി ജീവ ജാലങ്ങളും അവള്‍ക്കിന്നന്യമാണ്. അവളുടെ ചിന്തകളില്‍, ഇനിയുള്ള യാത്രകളില്‍ അവള്‍ക്ക് അനുഭവിച്ച് അറിയുവാന്‍ കഴിയുന്നത്‌ അവളുടെ ലോകം മാത്രമായിരിക്കും.
അവിടെ സ്നേഹബന്ധങ്ങളില്ല, മുറിപ്പാടുകളില്ല, സ്വപ്നങ്ങളില്ല , യാഥാര്‍ത്യങ്ങളുമില്ല." തന്‍റെ പുതിയ ലേഖനത്തിന്‍റെ ആമുഖം എഴുതി നിര്‍ത്തിയ നന്ദു പിന്നീട് ചിന്തിച്ചത് ഈ ലോകത്തില്‍ നടമാടുന്ന ക്രൂരതകളെ കുറിച്ചാണ്. 

ഇന്നു പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ചയോടെ എല്ലാവരും പങ്കിടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ആണ്. സ്ത്രീകള്‍ക്ക് നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പീഡനങ്ങള്‍, മതസൗഹാര്‍ദ്ദത്തെ വെല്ലുവിളിച്ചു ദൈവത്തെ കോമാളിയാക്കിക്കൊണ്ട് മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചൂതാട്ടം നടത്തി സ്വന്തം കീശ വീര്‍പ്പിക്കുവാന്‍ തത്രപ്പെട്ടോടുന്ന രാഷ്ട്രീയ കോമരങ്ങളുടെ പരസ്പരമുള്ള ചെളി വാരി എറിയല്‍.

"നന്ദൂ.... അച്ഛന്‍ വിളിക്കുന്നു നിന്നെ" അമ്മയുടെ നീട്ടിയുള്ള വിളി തന്‍റെ ചിന്തകള്‍ക്ക് വിരാമം ഇട്ടു.പിന്നെ ഗോവണിപ്പടികള്‍ ഇറങ്ങി താഴെ ഇറയത്ത് ചാരുകസേരയില്‍ വിശ്രമിക്കുന്ന അച്ഛന്‍റെ അരികിലേക്ക് പോയി.

"അച്ഛന്‍ എന്നെ വിളിച്ചുവോ?" അതും പറഞ്ഞു വരാന്തയിലെ തൂണിലേക്ക് ചാരി നന്ദു ഇരുന്നു.

"നീ ആ കുട്ടിയേ പോയി കണ്ടിരുന്നുവോ?" അച്ഛന്‍റെ മനസ്സില്‍ തളം കെട്ടി നിന്ന ദുഃഖം ആ വാക്കുകളില്‍ പ്രതിഫലിച്ചു.

"ഉം...." നന്ദു മൂളുക മാത്രം ചെയ്തു.

"അവര്‍ക്ക് എന്തു സഹായം വേണമെങ്കിലും നീ ചെയ്തു കൊടുക്കണം. ആരും തുണയില്ലാത്ത പാവങ്ങള്‍ ആണ്". അതും പറഞ്ഞു അച്ഛന്‍ മുറിക്കുള്ളിലേക്ക് പോയി.

രാത്രി അന്ധകാരത്തെ പുണരുവാന്‍ തുടങ്ങിയിരിക്കുന്നു. ഇരുട്ടിലേക്ക് കണ്ണും നട്ട് വീണ്ടും ചിന്താമൂകനായി നന്ദു ഇരുന്നു. അവ നന്ദുവിനെ കൂട്ടികൊണ്ടു പോയത് പേമാരി ഒഴിഞ്ഞ ആ രാത്രിയുടെ ഓര്‍മ്മകളിലേക്കായിരുന്നു.
അന്നു പ്രത്ര ഓഫീസില്‍ നിന്നും പതിവിലും വൈകിയാണ് ഇറങ്ങിയത്‌. കര്‍ക്കടകമഴയുടെ തീക്ഷണതയില്‍ സംഹാരതാണ്ടവമാടുന്ന പ്രകൃതിയുടെ മടിത്തട്ടിലൂടെ തന്‍റെ ബൈക്കിലുള്ള യാത്ര ദുഃസഹം ആകുമെന്ന് അറിഞ്ഞുകൊണ്ട് രാഘവേട്ടനുമായി കുറെനേരം സംസാരിച്ചിരുന്നു.

പിന്നെ മഴ കുറച്ചു തോര്‍ന്നപ്പോള്‍ ബൈക്ക് എടുത്ത് യാത്ര ആരംഭിച്ചു. കുറച്ചു ദൂരം ചെന്നപ്പോള്‍ ആരുടെയോ കരച്ചില്‍ കേട്ടു ബൈക്ക് നിര്‍ത്തി.
കരച്ചിലിന്‍റെ ഇടവേളകളില്‍ തളം കെട്ടിയ നിശബ്ദത ആ ശബ്ദം എവിടെ നിന്നു വരുന്നുവെന്നു മനസ്സിലാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി. വഴിക്ക് ഇരു വശവും കുറ്റിക്കാടുകള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്നു..

മനസ്സില്‍ തെല്ലു ഭയം ഘനീഭവിച്ചെങ്കിലും വേഗം തന്നെ ആ ശബ്ദത്തിന്‍റെ ഉറവിടം ലക്ഷ്യം വെച്ചു നടക്കുവാന്‍ തുടങ്ങി. തന്‍റെ മൊബൈല്‍ ടോര്‍ച്ചിന്‍റെ  വെളിച്ചത്തില്‍ താന്‍ കണ്ടത് വിവസ്ത്രയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ശരീരം ആണ്. താന്‍ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ വീണ്ടും നിലവിളിക്കുവാന്‍ തുടങ്ങി.

"വേണ്ട... എന്‍റെ അടുത്തേക്ക് വരരുത്. എന്നെ ഇനി ഉപദ്രവിക്കരുത്.
ഞാന്‍ നിങ്ങളുടെ കാല് പിടിച്ചു അപേക്ഷിക്കുകയാണ്. എന്‍റെ ജീവിതം നശിപ്പിക്കരുത്." ആ വാക്കുകള്‍ അവളുടെ അബോധാവസ്ഥയില്‍ നിന്നും ഉയര്‍ന്നു വന്നതായിരുന്നു. അവളുടെ ദയനീയവസ്ഥയിലും ഞാന്‍ എന്ന മനുഷ്യ മൃഗവും അവളുടെ നഗ്നശരീരത്തെ കണ്ണുകള്‍ കൊണ്ടു കീറിമുറിക്കുവാന്‍ മറന്നില്ല. വേഗം തന്‍റെ ജാക്കറ്റു കൊണ്ടു അവളുടെ ശരീരം മറച്ചു.

എന്തു ചെയ്യണം എന്നറിയാതെ ഇതികര്‍ത്തവ്യാമൂഡനായി കുറെ നേരം നിന്നു.  പോലീസിനെ കാത്തു നില്‍ക്കുന്നത് ഒരു പക്ഷേ ആ പെണ്‍കുട്ടിയുടെ ജീവനു ഭീക്ഷണി ആകും എന്നു തോന്നിയത് കൊണ്ടു തണുത്തുറഞ്ഞ ആ ശരീരം സ്വന്തം കൈകളില്‍കോരിയെടുത്ത് അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ അരങ്ങേറിയ നാടകം തന്നില്‍ വീണ്ടും നിരാശയും ദേഷ്യവും ഒരുമിച്ച് ഉയര്‍ന്നു പൊങ്ങുമാറാക്കി. പീഡന കേസ് ആയതിനാല്‍ പോലീസ് വരാതെ അവര്‍ക്കു ഒന്നു ചെയ്യുവാന്‍ സാധിക്കുകയില്ലാത്രെ. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. താന്‍ ഒരു പത്രപ്രവര്‍ത്തകന്‍  ആയതുകൊണ്ടും തന്നെ പോലീസുകാര്‍ക്ക് പരിചയം ഉള്ളതുകൊണ്ടും നടന്ന സംഭവങ്ങള്‍ അവര്‍ വിശ്വസിക്കാതെ വിശ്വസിച്ചു എന്നു വേണം പറയാന്‍.

ആ രാത്രി മുഴുവന്‍ ആ പെണ്‍കുട്ടിക്ക് കൂട്ടായി ഞാന്‍ ആ ആശുപത്രി വരാന്തയില്‍ ഇരുന്നു.കുറച്ചു കഴിഞ്ഞു ബോധം വീണ പെണ്‍കുട്ടി അലമുറ യിട്ടു കരയുന്ന ശബ്ദം കേട്ടാണ് ഞാന്‍ അവിടേക്കു ഓടി ചെന്നത്. പക്ഷേ കാമഭ്രാന്തന്മാരായ മനുഷ്യ മൃഗങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചത് മാനസിക വിഭ്രാന്തിയെന്ന നിതാന്തമായ ഇരുള്‍ നിറഞ്ഞ ജീവിതം ആയിരുന്നു. പിന്നീട് എല്ലാ പത്രമാധ്യമങ്ങളും ആ പീഡന പരമ്പരയും കൊട്ടി ആഘോഷിച്ചു.

 അവളുടെ പേടിച്ചരണ്ട മുഖവും കീറിമുറിക്കപ്പെട്ട ആ നഗ്നശരീരവും എന്‍റെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിത്തീര്‍ത്തു.പോലീസുകാര്‍ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തകര്‍ന്നടിഞ്ഞ അവരുടെ മനസ്സില്‍ നിന്നുയര്‍ന്ന ജല്പനങ്ങള്‍ എന്‍റെ കാതുകളെ തുളച്ചു എന്‍റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി," എന്‍റെ മോളെ... നിനക്ക് ഈ ഗതി വന്നല്ലോ?? ഇനി വൃദ്ധരായ ഞങ്ങള്‍ക്ക് ആരാണുള്ളത്??നിന്‍റെ ശരീരം കീറിമുറിച്ച ആ കാപാലികന്മാര്‍ ഓര്‍ത്തില്ലല്ലോ അവര്‍ തകര്‍ത്തെറിയുന്നത് ഒര്രു പാവം പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ കുടുംബത്തേയുമാണെന്ന്. എന്‍റെ കുഞ്ഞേ ഞങ്ങള്‍ക്കിത് സഹിക്കുവാന്‍ കഴിയുന്നില്ലാ!!!!"

ആ ആശുപത്രി ചുവരുകളില്‍ മുഴങ്ങിയ ആ രോദനം എന്‍റെ ഹൃദയത്തില്‍ ക്രൂരയമ്പുകളായി പതിച്ചപ്പോള്‍ ഈ ലോകത്തോടും അതില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടും കൂടി മദിച്ചു വാഴുന്ന മനുഷ്യന്‍ എന്ന മൃഗത്തോടും അടങ്ങാത്ത പുച്ഛം തോന്നി. ഒരു പക്ഷേ ദൈവത്തിനു പറ്റിയൊരു കൈയബദ്ധം ആയിരിക്കാം മനുഷ്യനു നല്കിയ ബുദ്ധിയും വിവേകവും.

ഇന്നു ഞാന്‍ ആ പെണ്‍കുട്ടിയെ കാണുവാന്‍ പോയി , മാനസികാശുപത്രിയുടെ ഇരുളടഞ്ഞ തടവറയില്‍ അവള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.അവളുടെ മുഖത്തെ നിസംഗത ഒരായിരം ചോദ്യങ്ങള്‍ എന്നിലേക്ക്‌ വര്‍ഷിച്ചു.ജീവിതത്തെക്കുറിച്ച് എത്ര സ്വപ്നങ്ങള്‍ ആ പാവം പെണ്‍കുട്ടി കണ്ടിരിക്കും. തന്‍റെ കുടുബത്തിന്‍റെ ഭാരവും ചുമന്നു ആ രാത്രിയില്‍ അവള്‍ ക്ഷീണിച്ചവശയായി ജോലി സ്ഥലത്തു നിന്ന് തിരികെ പോരുമ്പോഴാണ് മദ്യത്തിന്‍റെ ലഹരിയില്‍ മൃഗമാക്കപ്പെട്ട ആ മനുഷ്യര്‍ അവളെ ആക്രമിച്ചത്.

തന്‍റെ ശരീരവും അതിലെ അവയവങ്ങളും അതിലുപരി തന്‍റെ പവിത്രതയും പിച്ചി ചീന്തപ്പെട്ടപ്പോള്‍ അവള്‍ എത്രയധികം വേദനിച്ചിരിക്കണം.

തന്‍റെ കണ്ണുകള്‍ നിറയുന്നത് നന്ദു അറിഞ്ഞു.തന്‍റെ ലേഖനത്തിനു അടിക്കുറിപ്പായി അയാള്‍ ഇങ്ങനെ എഴുതുവാന്‍ തീരുമാനിച്ചു.

"നാനത്വത്തില്‍ ഏകത്വം എന്ന്‍ അഭിമാനിച്ച ഇന്ത്യയുടെ ആത്മാവ് ഇപ്പോള്‍ മതഭ്രാന്തന്മാര്‍ കീറി മുറിക്കുകയാണ്, മാതാവിനെ ദൈവത്തെ പോലെ കാണണം എന്ന് പഠിപ്പിച്ച ഭാരതം ഇപ്പോള്‍ കാമഭ്രാന്തന്‍മാരുടെ കാമ കേളികള്‍ക്ക് മുന്‍പില്‍ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു. ഒരു മൃഗത്തിന്‍റെ മാംസം ഭക്ഷിച്ചതിന് ഒരു മനുഷ്യനെ കൊലപ്പെടുത്തിയവര്‍ ഒരു സ്ത്രീയുടെ അഭിമാനത്തെ, ശരീരത്തെ നഗരങ്ങളിലും ബസ്സുകളിലും ചുവന്ന തെരുവിലും കീറിമുറിച്ചു കൊന്നു തള്ളപ്പെടുന്നത് എന്തുകൊണ്ട് കാണുന്നില്ല???ദൈവങ്ങള്‍ക്കായി വാദിക്കുന്നവര്‍ എന്തുകൊണ്ട് ഈ ഭൂമിയില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക്  വേണ്ടിയും, ചൂക്ഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടിയും ശബ്ദം ഉയര്‍ത്തുന്നില്ല. മൃഗീയതയല്ല നമുക്ക് വേണ്ടത്... മറിച്ച് മാനവികതയാണ് എല്ലാ മതങ്ങള്‍ക്കും മനുഷ്യനും വേണ്ടത്..".

Wednesday, December 9, 2015

നിസ്വാർത്ഥ പ്രണയം..


എത്ര വേഗമാണു നിമിഷങ്ങളും സമയവും ദിവസങ്ങളും കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്‌ ... ചിലപ്പോൾ തോന്നും എനിക്ക്‌ എഴുതുവാൻ ഉളളതെല്ലാം എഴുതുവാൻ ഈ ജന്മം മതിയാകില്ലെന്ന്. ഓരോ നിമിഷങ്ങളും എന്നിൽ നിന്ന് അകന്ന് ഓർമ്മകളായി മാറ്റപ്പെടുമ്പോൾ എനിക്ക്‌ വളരെ വേദന തോന്നുന്നു.. കാരണം എന്റെ ആയുസ്സിന്റെ ദൈർഘ്യം കുറയുന്തോറും അക്ഷരങ്ങളുടെ ലോകത്ത്‌ വിരിയേണ്ടുന്ന എന്റെ പ്രണയവും സമയപരിമിതമായിക്കൊണ്ടിരിക്കുന്നു ...

ഇന്ന് പുസ്തകങ്ങൾക്ക്‌ പകരം രണ്ടു പാട്ടുകളെ കൂട്ടായിച്ചേർത്തു. ഇന്നലെ ഡൂട്ടിക്ക്‌ പോയപ്പോൾ കേട്ട നീർപളുങ്കിൻ എന്ന ഗാനവും, പിന്നെ ഇയ്യോബിലെ പുസ്തകത്തിലെ ഗാനവും ...രണ്ടും തികച്ച്‌ വ്യത്യസ്തമായ ഗാനങ്ങൾ പക്ഷേ പ്രണയത്തിൽ ചാലിച്ചെഴുതിയത്‌ ....

ആ പാട്ടുകൾ വീണ്ടും വീണ്ടും ആവർത്തിച്ച്‌ കേട്ട്‌ ഞാൻ എന്റെ എഴുത്ത്‌ തുടങ്ങി ....


എന്താണെന്നറിയില്ല പാട്ട്‌ കേൾക്കുമ്പോൾ എന്റെ അക്ഷരങ്ങൾ ഒരുപാട്‌ പ്രണയാതുരമാകുന്നതുപോലെ... എന്റെ മനസ്സിന്റെ എല്ലാ വിഹ്വലതകളും എവിടെയോ പോയ്മറയുന്നതുപോലെ... പിന്നെ എന്റെ മനസ്സും ശരീരവും ആത്മാവും പ്രണയത്താൽ നിറയും.... അപ്പോൾ നിന്റെ ഓർമ്മകളിൽ ഞാൻ അലിഞ്ഞു ചേരും.... അതൊരു പുഞ്ചിരിയായി എന്റെ ചുണ്ടുകളിൽ വിടരും ....

ഇന്നലെ മുതൽ ദുബായിൽ വീശിയടിക്കുന്ന കാറ്റിനു തണുത്ത കോടമഞ്ഞിന്റെ ആവരണമാണു.. താപനില 20 - 19 ഡിഗ്രിയായി കുറഞ്ഞിരിക്കുന്നു. യു.എ.ഇ. എന്ന രാജ്യം തണുപ്പിന്റെ മേലാപ്പണിഞ്ഞിരിക്കുന്നു. ആ തണുപ്പിൽ എന്റെ ശരീരം തണുത്തുവിറങ്ങലിക്കുമ്പോളും മനസ്സിൽ നിന്നോടുളള പ്രണയം ചൂടു പകർന്നുകോണ്ടേയിരിക്കുന്നു .....

പ്രണയം ... 
മനസ്സിന്റെ അനന്തമായ ആഹ്ലാദം ... 
ഹൃദയത്തിന്റെ മനോഹരമായ സംഗീതം..
സിരകളിൽ തുടിക്കുന്ന ഉന്മാദം ...
തനുവിൽ പടരും കാമം ....
ആത്‌മാവിൽ നിറയും നിർവൃതി ...



അരികിൽ നീ ഉണ്ടായിരുന്നപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല 
നീ എനിക്ക്‌ ഇത്രയും പ്രിയപ്പെട്ടതാണെന്നു, 
ഞാൻ നിന്നെ ഇത്രമേൽ സ്നേഹിച്ചിരുന്നുവെന്ന്,
ഞാൻ നിന്നെ തീവ്രമായി പ്രണയിക്കുന്നുവെന്ന് ...

ഈ ജന്മം ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടിയില്ലെങ്കിൽ കൂടിയും
നമ്മൾ തമ്മിലുളള ദൂരം വിധിയുടെ വിളയാട്ടത്താൽ എത്ര ദീർഘമായാലും
നീ എന്നിൽ നിന്നകലുന്തോറും ഞാൻ നിന്റെ സാമീപ്യം അറിയുകയാണു
ഓരോ നിമിഷങ്ങളും എനിക്കായി കുറിക്കുന്നത്‌  നിന്റെ പ്രണയമാണു..

ഒരിക്കൽ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട എന്റെയൊരു സുഹൃത്ത്‌ ചോദിച്ചു എന്തുകൊണ്ടാണു നമ്മൾ സ്നേഹത്തിനായി, അല്ലെങ്കിൽ പ്രണയത്തിനായി നിലകൊളളുമ്പോൾ നമ്മൾക്ക്‌ വേദനിക്കുന്നതെന്ന്.

എന്റെ ചിന്തകൾ സമാഹരിച്ചത്‌ ഈ ആശയമാണു, "സ്നേഹമെന്നത്‌ ഒരു കൊടുക്കൽ വാങ്ങൽ ആകുമ്പോൾ ആ സ്നേഹത്തിന്റെ ആഴം നമ്മൾ അളക്കുവാൻ തുടങ്ങും ... ആ അളവിൽ നമ്മൾ കാണുന്ന നേരിയ വ്യത്യാസം പോലും നമ്മിൽ നിരാശയും വേദനയും പടർത്തും ... യഥാർത്ഥ സ്നേഹം ഒരിക്കലും അളവുകോലാൽ ബന്ധിച്ചതല്ലാ..."

തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചു സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ഒരിക്കലും സ്നേഹവുമല്ല പ്രണയുവുമല്ല .... ഈ ഭൂമിയിലെ പരിശുദ്ധമായ പ്രണയമായി ഞാൻ കാണുന്നത്‌ ... കൃഷ്ണനും രാധയും തമ്മിലുളള പ്രണയം... മീരയ്ക് കൃഷ്ണനോടുളള പ്രണയം ... രാധയുടേയും കൃഷ്ണന്റേയും സൗഹൃദമായിരുന്നു അവരുടെ പ്രണയം ... അതേ സമയം മീരക്ക്‌ കൃഷ്ണനോടുളള ആരാധനയായിരുന്നു അവളുടെ പ്രണയം ...... അവർ രണ്ടു പേരും തങ്ങളുടെ പ്രണയത്തിൽ ജീവിച്ച്‌ തങ്ങളുടെ പ്രണയത്തിൽ ഇപ്പോഴും നശ്വരമായി ജീവിക്കുന്നവരാണു.

പ്രണയം ഒരനുഭൂതിയാണു മനസ്സിന്റെ ശരീരത്തിന്റെ ആത്മാവിന്റെ ....
 അതിലലഞ്ഞു ചേരുവാൻ കഴിയുക എന്നത്‌ ഒരു ജന്മത്തിന്റെ സാഫല്യമാണു.

ഈ ഭൂവിലുള്ള ഓരോ മാനവനിലും നിസ്വാർത്ഥ പ്രണയത്തിന്റെ അനുഭവം സാർത്ഥകമാകട്ടെ... അതിലൂടെ ഈ ലോകത്തിൽ നിറയട്ടെ നന്മയും സമാധാനവും ഒരു നല്ല ജീവിതവും ...

കാർത്തിക....








Sunday, December 6, 2015

ഒരു പുസ്തക ചിന്തയും ... ഒരു സ്വാഗതവും..


ഒരു നാലു ദിവസം അടുപ്പിച്ച്‌ കിട്ടിയ അവധി ഇന്നു കൊണ്ടു തീരുകയാണു... അതിന്റെ വിഷമം മാറ്റാൻ ഇന്ന് വായനക്കായി തിരെഞ്ഞെടുത്തത്‌ "ഒരു നടന്റെ ബ്ലോഗെഴുത്തുകൾ " എന്ന ശ്രീ മോഹൻ ലാൽ എഴുതിയ പുസ്തകമാണു.

 ഒരു പുസ്തകവും ഞാൻ ഒറ്റ ദിവസം കൊണ്ട്‌ വായിച്ചു തീർക്കാറില്ല. ചിലപ്പോൾ ഒരു ദിവസം രണ്ടും മൂന്നും പുസ്തകങ്ങളിലൂടെ കണ്ണോടിക്കാറുമുണ്ട്‌.... ഒക്കെ എന്റെയൊരു മൂഡ്‌ അനുസരിച്ചാണു വായനയെ കൊണ്ടുപോകുന്നത്‌. അതുകൊണ്ട്‌ മുഴുവനും വായിക്കാതെയാണു ആ പുസ്തകത്തെക്കുറിച്ച്‌ ഞാനിവിടെ എഴുതുന്നത്‌. അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ച്‌ ഞാൻ കേട്ടിരുന്നു. അത്‌ അദ്ദേഹം തന്നെ എഴുതുന്നതാണെന്ന് പൂർണ്ണമായും വിശ്വസിച്ചുകൊണ്ടാണു ഞാനിതെഴുതുന്നതും. അത്‌ വായിച്ചപ്പോൾ എനിക്ക്‌ അനുഭവപ്പെട്ടത്‌ വളരെ കാലോചിതമായ എന്നാൽ നന്മയുടെ ഭാഷയിൽ കുറിക്കപ്പെട്ട കൊച്ചു കൊച്ചു ചിന്തകൾ. അതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ അദ്ദേഹത്തിനു തന്റെ അമ്മയോടുളള സ്നേഹവും, ഈശ്വരനുമായുളള അനിർവചനീയമായ തന്റെ ബന്ധത്തെക്കുറിച്ചെഴുതിയിരിക്കുന്നതുമാണു.... എനിക്ക്‌ തോന്നിയത്‌ അദ്ദേഹത്തിന്റെ ബ്ലോഗിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുളളതും ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണു...

അങ്ങയെക്കുറിച്ച്‌ ഒരു നടനെന്ന അറിവും , എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വവുമെന്നതും മാത്രമേ എനിക്കറിയാമായിരുന്നുളളു. പക്ഷേ അങ്ങയുടെ എഴുത്തുകളിലൂടെ ഒരു നല്ല മനസ്സിന്റെ ഉടമയേയും, ഒരു മനുഷ്യസ്നേഹിയേയും, ഒരു സാധാരണക്കാരെന്റെ ആകുല ചിന്തകളേയും തൊട്ടറിയുവാൻ സാധിക്കുന്നു. ആ അക്ഷരങ്ങളെ അവയിലൂടെ ജനിക്കപ്പെട്ട ചിന്തകളെ ഞാൻ ഒരുപാടിഷ്ടപ്പെടുന്നു ബഹുമാനിക്കുന്നു... ഇനിയും ഇതുപോലെയുളള നല്ല എഴുത്തുകൾക്കായി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു... എന്നും നന്മകൾ നേരുന്നു ...

കുറച്ചുനേരം വായിച്ചു കഴിഞ്ഞപ്പോൾ പിന്നെ എഴുതുവാൻ ഉളള മാനസികാവസ്ഥയിലേക്ക്‌ എത്തിച്ചേർന്നു അങ്ങനെ എന്റെ നോവലിന്റെ അടുത്ത അധ്യായവും എഴുതിച്ചേർത്തു.. ഓരോ അധ്യായങ്ങൾ എഴുതിത്തീർക്കുമ്പോളും എന്റെ ഒരു ആഗ്രഹം മനസ്സിലേക്ക്‌ കടന്നു വരും ... എന്താണെന്നറിയുമോ അത്‌ ?? ഞാൻ പറഞ്ഞിരുന്നു തന്നോടൊരിക്കൽ ... എന്റെ ഓരോ അധ്യായങ്ങൾ എഴുതിക്കഴിയുമ്പോളും ഞാൻ അത്‌ തനിക്കയച്ചു തരുമെന്ന് ... തന്റെ അവലോകനത്തിനായി ... പക്ഷേ ഇപ്പോൾ ഞാൻ തന്നെയെഴുതുന്നു ... ഞാൻ തന്നെ വായിക്കുന്നു ... ഞാൻ തന്നെ അവലോകനവും ചെയ്യുന്നു .. സ്വയംപര്യാപ്തത... ഹും ... (എനിക്ക്‌ ചിരി വരുന്നു ... ശരിക്കും ചിരി വരുന്നു ... പക്ഷേ ആ ചിരിയിലെ സങ്കടം എനിക്ക്‌ മാത്രമേ അറിയുവാൻ കഴിയൂ...)

WELCOME TO DUBAI SHIBI THANNICKANS....

My Brother Shibi ...


എഴുത്ത്‌ തീർന്നപ്പോൾ രെഞ്ജിയെക്കൂട്ടി ഒരു ഉഗ്രൻ ഷോപ്പിംഗ്‌ നടത്തി കാരണം ഷിബിൻ താന്നിക്കൻസ്‌ ഒൻപതാം തീയതി ദുബായിൽ ലാൻഡ്‌ ചെയ്യുന്നു. എന്റെ പപ്പയുടെ അനിയന്റെ മകൻ . ജോലി അന്വേഷണവും, കൂടെ ദുബായിയൊന്ന് കണ്ടറിഞ്ഞും കേട്ടറിഞ്ഞും പോകാനുളള വരവാണു... അപ്പോൾ ഇന്നത്തെ ഷോപ്പിംഗിന്റെ കനം കൂടിയതിൽ അത്ഭുതവുമില്ല...

ആങ്ങളയെ എല്ലാ പ്രൗഡിയോടും കൂടി സ്വീകരിക്കേണ്ടത്‌ എന്റെ കടമയുമാണു ... ഇനി എന്റെ വായനയും എഴുത്തുമൊക്കെ ചെറുതായൊന്ന് മന്ദീഭവിക്കും .... അടുക്കള ആക്‌ടീവാകും ... അതാണു എന്റെയൊരു വിഷമമം ... ആഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ചല്ല മറിച്ച്‌ നല്ല രുചിയുളള ആഹാരങ്ങൾ ഞാൻ തന്നെയുണ്ടാക്കി ഞാൻ തന്നെ മൂക്കു മുട്ടെ തിന്നാൻ തുടങ്ങിയാൽ ഇത്രയും നാൾ ഞാൻ പട്ടിണി കിടന്നു കുറച്ച എന്റെ ഫിഗറു ഇനി ഒരു കുട്ടിയാനയെപ്പോലെയാകുമോയെന്ന ഒരു ദുഃഖം എന്നിൽ അവശേഷിക്കുന്നു ....സാരല്ല്യാ ... ഒരു മാസത്തെ കാര്യംമല്ലേയുള്ളു ..നന്നായി കഴിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .... പിന്നെ മടിപിടിച്ച്‌ ഇപ്പോൾ മുടങ്ങിക്കിടക്കുന്ന എന്റെ രാവിലത്തെ ജോഗിംങ്ങ്‌ ആരംഭിക്കുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടും ...

പിന്നെ അവനെയും കൊണ്ട്‌ ഈ ദുഫായി പട്ടണം മൊത്തം ചുറ്റണം ....  അവനാണെങ്കിൽ ഒരു വണ്ടി ഭ്രാന്തനാണു ... നാട്ടിൽ ഹുണ്ടായിയിൽ ജോലിചെയ്യുകയായിരുന്നു ... പുളളി ഡിസെയിൻ ചെയ്ത വണ്ടിയാണു ഈയിടെ ഹുണ്ടായി പുറത്തിറക്കിയത്‌ .... ആ മോഡലിന്റെ പേരു ഞാൻ മറന്നുപോയി ... പത്തമത്തെ വയസ്സിൽ അവൻ കാറോടിക്കാൻ തുടങ്ങിയതാണു .... ഈ ലോകത്തുളള ഏത്‌ വണ്ടിയെക്കുറിച്ചും പുളളിക്ക്‌ അപാര അറിവാണു .... അതുകൊണ്ട്‌ അവൻ വരുന്നതോടുകൂടി എന്റെ ഡ്രൈവിംഗ്‌ ഭ്രാന്തും ഒന്നുഷാറാവും .... ഒരു മാസത്തേക്ക്‌ ഞാൻ ഉത്തരവാദപ്പെട്ട ഒരു പെങ്ങളായി മാറുവാൻ പോകുന്നു ....



ഞാൻ ഒരുപാടഗ്രഹിച്ചിരുന്നു നിങ്ങൾക്കുമിതുപോലെ ഒരു വലിയ സ്വീകരണം നൽകണമെന്നൊക്കെ ... എന്തൊക്കെ സ്വപ്നങ്ങൾ ഞാൻ കണ്ടിരുന്നെന്നറിയുമോ ... പക്ഷേ ... മണ്ടിപ്പെണ്ണു അല്ലേ ... (ഇപ്പോ എനിക്ക്‌ ശരിക്കും സങ്കടം വന്നൂട്ടൊ ... സാരല്ല്യാ..)

എന്നാലും ഞാൻ എഴുതും എന്റെ ഈ ബ്ലോഗ്ഗിൽ എന്റെ സന്തോഷവും, ചില ദുഃഖവും , പിന്നെ എന്റെ നിർവചനങ്ങളില്ലാത്ത എന്റെ അനശ്വരമായ പ്രണയത്തെക്കുറിച്ചും ...

എല്ലാവർക്കും നല്ല രാത്രികളും നല്ല പകലുകളും ആശംസിച്ചുകൊണ്ട്‌ ഇന്നത്തേക്ക്‌ വിട ...

കാർത്തിക...

Saturday, December 5, 2015

ചെന്നൈ ... ഒരു ദുരന്ത മുഖം ...

Image courtesy Google

കുറച്ചു ദിവസങ്ങളായി ചെന്നൈ നഗരത്തെ മുഴുവനായും വിഴുങ്ങിയ പ്രളയെക്കെടുതിയെക്കുറിച്ചു പത്രങ്ങളിലും മറ്റിതര മാധ്യമങ്ങളിലും കേട്ടറിഞ്ഞുകൊണ്ടിരിക്കുന്നു. റ്റി. വി. കാണുകയെന്നത്‌ എന്റെ ഒരു വിനോദമല്ലാത്തതു കൊണ്ട്‌ വാർത്തകളും റ്റി. വി. പരിപാടികളും എനിക്കിന്നന്യമാണു. അതുകൊണ്ട്‌ ഒൺലൈൻ മാധ്യമങ്ങളിലൂടെയാണു ചെന്നൈയുടെ ദുരന്ത മുഖം ഞാൻ നേരിട്ട്‌ കാണുന്നത്‌.

കാണുന്നവർക്കും , വായിക്കുന്നവർക്കും, എന്നെപോലെ എഴുതുന്നവർക്കും സഹതപിക്കുവാനും, സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യപ്പെടേണ്ടതുമായ ഒരു പ്രളയം ... പക്ഷേ അതിന്റെ കെടുതികൾ അനുഭവിക്കുന്ന ആ മഹജനതയ്ക് മാത്രം അറിയാം അതിന്റെ പീഡനങ്ങൾ എന്താണെന്ന്... അവരുടെ ചിന്തകളിലേക് അനുഭവങ്ങളിലേക്ക് ഞാനൊന്ന് ആഴത്തിൽ ഇറങ്ങിചെല്ലുവാൻ ശ്രമിച്ചു ...

"ചുറ്റും വെളളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു ... എന്നാൽ കുടിക്കുവാൻ ഒരു തുള്ളി വെളളം പോലുമില്ലാത്ത അവസ്ഥ.."

"കൈയ്യിലും ബാങ്കിലും പതിനായിരങ്ങളുടെ ലക്ഷങ്ങളുടെ സാബത്തിക ഭദ്രത പക്ഷേ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഹെലികൊപ്റ്ററിന്റെ വരവും അവർ തരുന്ന പൊതി ഭക്ഷണത്തിനായും കാത്തിരിക്കുന്നവർ.."

വെളിച്ചമോ, ആഹാരമോ, വെളളമോ, വൈദ്യുതിയോയില്ലാതെ , പുറം ലോകവുമായി ബന്ധപ്പെടാനാവാതെ പ്രകൃതിയുടെ സംഹാരതാണ്ടവത്തിൽ മരണത്തെ മുൻപിൽ കണ്ടു ജീവിക്കുന്നവർ.."

"തന്റെ ഉറ്റവരുടേയും ഉടയവരുടേയും വേർപ്പാടിൽ അവർക്ക്‌ അന്ത്യകർമ്മങ്ങൾ പോണക്കും ചെയ്യാൻ കഴിയാതെ നീറി നീറി നിമിഷങ്ങൾ നീക്കുന്നവർ .."

"തങ്ങളുടെ ഒരു ജീവായുസ്സിന്റെ അധ്വാനമായിരുന്ന തങ്ങളുടെ കിടപ്പാടവും , ഭൂമിയും, സ്‌ഥാപക ജംഗമ വസ്തുക്കളും ഒരു നിമിഷം കൊണ്ടു ഈ ഭൂമി വിഴുങ്ങിയപ്പോൾ ഇനിയെന്ത്‌യെന്ന ചോദ്യവുമായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ ..."

"തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക്‌ എത്താൻ പറ്റാതെ എയർപ്പോർട്ടിലു, തീവണ്ടിയാപ്പീസുകളിലും, ബസ്സ്‌ സ്റ്റാന്റ്ഡുകളിലും ദിവസങ്ങളായി ജീവിതം തള്ളിനീക്കുന്നവർ .."


Image courtesy Google 

"ഒരു പക്ഷേ അവരിൽ കുറച്ചു പേരെങ്കിലും ചിന്തിച്ചിരിക്കും ഈ ലോകത്ത്‌ ഒന്നും സ്ഥായിയല്ലെന്നും ഇന്നലെ കണ്ട ജീവിതമോ, സ്വപ്നമോ അല്ല ഇന്നെന്റെ മുൻപിലുളളതെന്നും.. നാളെയെക്കുറിച്ചു ഞാൻ കണ്ട സ്വപ്നങ്ങൾക്ക്‌ ഒരു ഇയ്യാമ്പാറ്റയുടെ ആയുസ്സ്‌ പോലുമില്ലാതെ കൊഴിഞ്ഞു വീണുവെന്നും.."

".. ഈ ലോകത്ത്‌ എല്ലാം തികഞ്ഞുവെന്ന് കരുതി അഹങ്കരിക്കുന്ന മനുഷ്യർക്ക്‌, പരസ്പരം ജാതിയുടേയും മതത്തിന്റേയും പേരിൽ തമ്മിൽ തല്ലുന്ന ജനതക്ക്‌ , തീവ്രവാദത്തിന്റെ പേരിൽ യുദ്ധങ്ങൾ പരമ്പരയാകുന്ന രാജ്യങ്ങൾക്ക്‌ തങ്ങളുടെ ഈ അവസ്ഥ വന്നു ചേരുമ്പോൾ ഈ ഭൂമിയിലെ ജീവിതം എത്ര ക്ഷണികമാണെന്ന് അവരും അറിയണമെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടാവും ... "

ഇനിയെങ്കിലും സന്തോഷത്തോടും സമാധാനത്തോടും ഈ ലോകത്തിൽ എല്ലാവരും വസിക്കുവാൻ സർവേശ്വരൻ ഇടവരുത്തട്ടേയെന്ന് അവരിൽ ചിലർ പ്രാർത്ഥിച്ചിട്ടുണ്ടാവും ...

Image courtesy Google

പ്രളയം 260 ആൾക്കാരുടെ ജീവൻ കവർന്നുവെന്നാണു ഔദ്യോതിക കണക്കുകൾ . എന്നാൽ കണക്കിൽ പെടാത്ത എത്രയോ മരണങ്ങൾ ഇനിയും ഉണ്ടാകുമെന്നുളളത്‌ എല്ലാവർക്കും അറിയാവുന്ന നഗ്നസത്യം .. അയ്യായിരത്തോളം വീടുകൾ വെളളത്തിനടിയിലാണെന്നാണു ബി.ബി.സി. വാർത്തയും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. എത്രയൊ കോടികളുടെ നഷ്ടമ്മാണു ഒരു മഴ
പ്രളയത്തിന്റെ രൂപത്തിൽ വരുത്തിയിരിക്കുന്നത്‌ ..

ചെന്നൈ നഗരത്തിനു വേണ്ടി അവിടുത്തെ ജനതക്ക്‌ വേണ്ടി ഒരു പിടി സഹായം എത്തിക്കാൻ നമുക്ക്‌ കഴിഞ്ഞില്ലെങ്കിൽ കൂടിയും അവർക്കു വേണ്ടി നമുക്ക്‌ പ്രാർത്ഥിക്കാം ... ആ ദുരന്തത്തെ അതിജീവിക്കുവാൻ സർവ്വേശ്വരൻ ഒരു പാടു നല്ല സംഘടനക്കളുടെയും , നല്ല വ്യക്തിത്വങ്ങളുടേയും രൂപത്തിൽ ഒരു കൈ സഹായവുമായി അവരിലേക്ക്‌ എത്തിച്ചേരട്ടെയെന്ന് പ്രാർത്ഥിക്കാം ....

ഒരു പാട്‌ പ്രാർത്ഥനക്കളോടെ
കാർത്തിക ...