(തരംഗിണി നടത്തിയ കഥാ കവിത മത്സരത്തിൽ ഏറ്റവും നല്ല കഥയെന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട എന്റെ കഥ. അക്ഷരങ്ങക്കുടെ ലോകത്തെ ആദ്യ അംഗീകാരം എനിക്കായി നൽകിയ എന്റെ സൃഷ്ടി... തരംഗിണി ഭാരവാഹികൾക്ക് എന്റെ ഹൃദയംഗമായ നന്ദി അർപ്പിക്കുന്നു).
http://tharamginionline.com/articles/viewarticle/1206.html
http://tharamginionline.com/articles/viewarticle/1206.html
"പ്രഭാതങ്ങളും, പ്രദോഷങ്ങളും, രാത്രികളും അവള്‍ക്കു സമ്മാനിച്ചിരിക്കുന്നത് അന്ധകാരത്തിന്‍റെ മുഖപടം അണിഞ്ഞ ആ ഇരുട്ടറകളാണ്. ഈ ലോകവും അതില്‍ വസിക്കുന്ന മനുഷ്യര്‍ ഉള്‍പ്പെടുയുള്ള കോടാനുകോടി ജീവ ജാലങ്ങളും അവള്‍ക്കിന്നന്യമാണ്. അവളുടെ ചിന്തകളില്‍, ഇനിയുള്ള യാത്രകളില്‍ അവള്‍ക്ക് അനുഭവിച്ച് അറിയുവാന്‍ കഴിയുന്നത് അവളുടെ ലോകം മാത്രമായിരിക്കും.
അവിടെ സ്നേഹബന്ധങ്ങളില്ല, മുറിപ്പാടുകളില്ല, സ്വപ്നങ്ങളില്ല , യാഥാര്‍ത്യങ്ങളുമില്ല." തന്‍റെ പുതിയ ലേഖനത്തിന്‍റെ ആമുഖം എഴുതി നിര്‍ത്തിയ നന്ദു പിന്നീട് ചിന്തിച്ചത് ഈ ലോകത്തില്‍ നടമാടുന്ന ക്രൂരതകളെ കുറിച്ചാണ്.
ഇന്നു പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ചയോടെ എല്ലാവരും പങ്കിടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ആണ്. സ്ത്രീകള്‍ക്ക് നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പീഡനങ്ങള്‍, മതസൗഹാര്‍ദ്ദത്തെ വെല്ലുവിളിച്ചു ദൈവത്തെ കോമാളിയാക്കിക്കൊണ്ട് മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചൂതാട്ടം നടത്തി സ്വന്തം കീശ വീര്‍പ്പിക്കുവാന്‍ തത്രപ്പെട്ടോടുന്ന രാഷ്ട്രീയ കോമരങ്ങളുടെ പരസ്പരമുള്ള ചെളി വാരി എറിയല്‍.
"നന്ദൂ.... അച്ഛന്‍ വിളിക്കുന്നു നിന്നെ" അമ്മയുടെ നീട്ടിയുള്ള വിളി തന്‍റെ ചിന്തകള്‍ക്ക് വിരാമം ഇട്ടു.പിന്നെ ഗോവണിപ്പടികള്‍ ഇറങ്ങി താഴെ ഇറയത്ത് ചാരുകസേരയില്‍ വിശ്രമിക്കുന്ന അച്ഛന്‍റെ അരികിലേക്ക് പോയി.
"അച്ഛന്‍ എന്നെ വിളിച്ചുവോ?" അതും പറഞ്ഞു വരാന്തയിലെ തൂണിലേക്ക് ചാരി നന്ദു ഇരുന്നു.
"നീ ആ കുട്ടിയേ പോയി കണ്ടിരുന്നുവോ?" അച്ഛന്‍റെ മനസ്സില്‍ തളം കെട്ടി നിന്ന ദുഃഖം ആ വാക്കുകളില്‍ പ്രതിഫലിച്ചു.
"ഉം...." നന്ദു മൂളുക മാത്രം ചെയ്തു.
"അവര്‍ക്ക് എന്തു സഹായം വേണമെങ്കിലും നീ ചെയ്തു കൊടുക്കണം. ആരും തുണയില്ലാത്ത പാവങ്ങള്‍ ആണ്". അതും പറഞ്ഞു അച്ഛന്‍ മുറിക്കുള്ളിലേക്ക് പോയി.
രാത്രി അന്ധകാരത്തെ പുണരുവാന്‍ തുടങ്ങിയിരിക്കുന്നു. ഇരുട്ടിലേക്ക് കണ്ണും നട്ട് വീണ്ടും ചിന്താമൂകനായി നന്ദു ഇരുന്നു. അവ നന്ദുവിനെ കൂട്ടികൊണ്ടു പോയത് പേമാരി ഒഴിഞ്ഞ ആ രാത്രിയുടെ ഓര്‍മ്മകളിലേക്കായിരുന്നു.
അന്നു പ്രത്ര ഓഫീസില്‍ നിന്നും പതിവിലും വൈകിയാണ് ഇറങ്ങിയത്. കര്‍ക്കടകമഴയുടെ തീക്ഷണതയില്‍ സംഹാരതാണ്ടവമാടുന്ന പ്രകൃതിയുടെ മടിത്തട്ടിലൂടെ തന്‍റെ ബൈക്കിലുള്ള യാത്ര ദുഃസഹം ആകുമെന്ന് അറിഞ്ഞുകൊണ്ട് രാഘവേട്ടനുമായി കുറെനേരം സംസാരിച്ചിരുന്നു.
പിന്നെ മഴ കുറച്ചു തോര്‍ന്നപ്പോള്‍ ബൈക്ക് എടുത്ത് യാത്ര ആരംഭിച്ചു. കുറച്ചു ദൂരം ചെന്നപ്പോള്‍ ആരുടെയോ കരച്ചില്‍ കേട്ടു ബൈക്ക് നിര്‍ത്തി.
കരച്ചിലിന്‍റെ ഇടവേളകളില്‍ തളം കെട്ടിയ നിശബ്ദത ആ ശബ്ദം എവിടെ നിന്നു വരുന്നുവെന്നു മനസ്സിലാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി. വഴിക്ക് ഇരു വശവും കുറ്റിക്കാടുകള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്നു..
മനസ്സില്‍ തെല്ലു ഭയം ഘനീഭവിച്ചെങ്കിലും വേഗം തന്നെ ആ ശബ്ദത്തിന്‍റെ ഉറവിടം ലക്ഷ്യം വെച്ചു നടക്കുവാന്‍ തുടങ്ങി. തന്‍റെ മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ താന്‍ കണ്ടത് വിവസ്ത്രയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ശരീരം ആണ്. താന്‍ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ വീണ്ടും നിലവിളിക്കുവാന്‍ തുടങ്ങി.
"വേണ്ട... എന്‍റെ അടുത്തേക്ക് വരരുത്. എന്നെ ഇനി ഉപദ്രവിക്കരുത്.
ഞാന്‍ നിങ്ങളുടെ കാല് പിടിച്ചു അപേക്ഷിക്കുകയാണ്. എന്‍റെ ജീവിതം നശിപ്പിക്കരുത്." ആ വാക്കുകള്‍ അവളുടെ അബോധാവസ്ഥയില്‍ നിന്നും ഉയര്‍ന്നു വന്നതായിരുന്നു. അവളുടെ ദയനീയവസ്ഥയിലും ഞാന്‍ എന്ന മനുഷ്യ മൃഗവും അവളുടെ നഗ്നശരീരത്തെ കണ്ണുകള്‍ കൊണ്ടു കീറിമുറിക്കുവാന്‍ മറന്നില്ല. വേഗം തന്‍റെ ജാക്കറ്റു കൊണ്ടു അവളുടെ ശരീരം മറച്ചു.
എന്തു ചെയ്യണം എന്നറിയാതെ ഇതികര്‍ത്തവ്യാമൂഡനായി കുറെ നേരം നിന്നു. പോലീസിനെ കാത്തു നില്‍ക്കുന്നത് ഒരു പക്ഷേ ആ പെണ്‍കുട്ടിയുടെ ജീവനു ഭീക്ഷണി ആകും എന്നു തോന്നിയത് കൊണ്ടു തണുത്തുറഞ്ഞ ആ ശരീരം സ്വന്തം കൈകളില്‍കോരിയെടുത്ത് അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ അരങ്ങേറിയ നാടകം തന്നില്‍ വീണ്ടും നിരാശയും ദേഷ്യവും ഒരുമിച്ച് ഉയര്‍ന്നു പൊങ്ങുമാറാക്കി. പീഡന കേസ് ആയതിനാല്‍ പോലീസ് വരാതെ അവര്‍ക്കു ഒന്നു ചെയ്യുവാന്‍ സാധിക്കുകയില്ലാത്രെ. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. താന്‍ ഒരു പത്രപ്രവര്‍ത്തകന്‍ ആയതുകൊണ്ടും തന്നെ പോലീസുകാര്‍ക്ക് പരിചയം ഉള്ളതുകൊണ്ടും നടന്ന സംഭവങ്ങള്‍ അവര്‍ വിശ്വസിക്കാതെ വിശ്വസിച്ചു എന്നു വേണം പറയാന്‍.
ആ രാത്രി മുഴുവന്‍ ആ പെണ്‍കുട്ടിക്ക് കൂട്ടായി ഞാന്‍ ആ ആശുപത്രി വരാന്തയില്‍ ഇരുന്നു.കുറച്ചു കഴിഞ്ഞു ബോധം വീണ പെണ്‍കുട്ടി അലമുറ യിട്ടു കരയുന്ന ശബ്ദം കേട്ടാണ് ഞാന്‍ അവിടേക്കു ഓടി ചെന്നത്. പക്ഷേ കാമഭ്രാന്തന്മാരായ മനുഷ്യ മൃഗങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചത് മാനസിക വിഭ്രാന്തിയെന്ന നിതാന്തമായ ഇരുള്‍ നിറഞ്ഞ ജീവിതം ആയിരുന്നു. പിന്നീട് എല്ലാ പത്രമാധ്യമങ്ങളും ആ പീഡന പരമ്പരയും കൊട്ടി ആഘോഷിച്ചു.
അവളുടെ പേടിച്ചരണ്ട മുഖവും കീറിമുറിക്കപ്പെട്ട ആ നഗ്നശരീരവും എന്‍റെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിത്തീര്‍ത്തു.പോലീസുകാര്‍ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തകര്‍ന്നടിഞ്ഞ അവരുടെ മനസ്സില്‍ നിന്നുയര്‍ന്ന ജല്പനങ്ങള്‍ എന്‍റെ കാതുകളെ തുളച്ചു എന്‍റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി," എന്‍റെ മോളെ... നിനക്ക് ഈ ഗതി വന്നല്ലോ?? ഇനി വൃദ്ധരായ ഞങ്ങള്‍ക്ക് ആരാണുള്ളത്??നിന്‍റെ ശരീരം കീറിമുറിച്ച ആ കാപാലികന്മാര്‍ ഓര്‍ത്തില്ലല്ലോ അവര്‍ തകര്‍ത്തെറിയുന്നത് ഒര്രു പാവം പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ കുടുംബത്തേയുമാണെന്ന്. എന്‍റെ കുഞ്ഞേ ഞങ്ങള്‍ക്കിത് സഹിക്കുവാന്‍ കഴിയുന്നില്ലാ!!!!"
ആ ആശുപത്രി ചുവരുകളില്‍ മുഴങ്ങിയ ആ രോദനം എന്‍റെ ഹൃദയത്തില്‍ ക്രൂരയമ്പുകളായി പതിച്ചപ്പോള്‍ ഈ ലോകത്തോടും അതില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടും കൂടി മദിച്ചു വാഴുന്ന മനുഷ്യന്‍ എന്ന മൃഗത്തോടും അടങ്ങാത്ത പുച്ഛം തോന്നി. ഒരു പക്ഷേ ദൈവത്തിനു പറ്റിയൊരു കൈയബദ്ധം ആയിരിക്കാം മനുഷ്യനു നല്കിയ ബുദ്ധിയും വിവേകവും.
ഇന്നു ഞാന്‍ ആ പെണ്‍കുട്ടിയെ കാണുവാന്‍ പോയി , മാനസികാശുപത്രിയുടെ ഇരുളടഞ്ഞ തടവറയില്‍ അവള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.അവളുടെ മുഖത്തെ നിസംഗത ഒരായിരം ചോദ്യങ്ങള്‍ എന്നിലേക്ക് വര്‍ഷിച്ചു.ജീവിതത്തെക്കുറിച്ച് എത്ര സ്വപ്നങ്ങള്‍ ആ പാവം പെണ്‍കുട്ടി കണ്ടിരിക്കും. തന്‍റെ കുടുബത്തിന്‍റെ ഭാരവും ചുമന്നു ആ രാത്രിയില്‍ അവള്‍ ക്ഷീണിച്ചവശയായി ജോലി സ്ഥലത്തു നിന്ന് തിരികെ പോരുമ്പോഴാണ് മദ്യത്തിന്‍റെ ലഹരിയില്‍ മൃഗമാക്കപ്പെട്ട ആ മനുഷ്യര്‍ അവളെ ആക്രമിച്ചത്.
തന്‍റെ ശരീരവും അതിലെ അവയവങ്ങളും അതിലുപരി തന്‍റെ പവിത്രതയും പിച്ചി ചീന്തപ്പെട്ടപ്പോള്‍ അവള്‍ എത്രയധികം വേദനിച്ചിരിക്കണം.
തന്‍റെ കണ്ണുകള്‍ നിറയുന്നത് നന്ദു അറിഞ്ഞു.തന്‍റെ ലേഖനത്തിനു അടിക്കുറിപ്പായി അയാള്‍ ഇങ്ങനെ എഴുതുവാന്‍ തീരുമാനിച്ചു.
"നാനത്വത്തില്‍ ഏകത്വം എന്ന്‍ അഭിമാനിച്ച ഇന്ത്യയുടെ ആത്മാവ് ഇപ്പോള്‍ മതഭ്രാന്തന്മാര്‍ കീറി മുറിക്കുകയാണ്, മാതാവിനെ ദൈവത്തെ പോലെ കാണണം എന്ന് പഠിപ്പിച്ച ഭാരതം ഇപ്പോള്‍ കാമഭ്രാന്തന്‍മാരുടെ കാമ കേളികള്‍ക്ക് മുന്‍പില്‍ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു. ഒരു മൃഗത്തിന്‍റെ മാംസം ഭക്ഷിച്ചതിന് ഒരു മനുഷ്യനെ കൊലപ്പെടുത്തിയവര്‍ ഒരു സ്ത്രീയുടെ അഭിമാനത്തെ, ശരീരത്തെ നഗരങ്ങളിലും ബസ്സുകളിലും ചുവന്ന തെരുവിലും കീറിമുറിച്ചു കൊന്നു തള്ളപ്പെടുന്നത് എന്തുകൊണ്ട് കാണുന്നില്ല???ദൈവങ്ങള്‍ക്കായി വാദിക്കുന്നവര്‍ എന്തുകൊണ്ട് ഈ ഭൂമിയില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയും, ചൂക്ഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടിയും ശബ്ദം ഉയര്‍ത്തുന്നില്ല. മൃഗീയതയല്ല നമുക്ക് വേണ്ടത്... മറിച്ച് മാനവികതയാണ് എല്ലാ മതങ്ങള്‍ക്കും മനുഷ്യനും വേണ്ടത്..".
No comments:
Post a Comment