ഇന്ന് ഞാൻ എഴുതുന്നത് എന്റെ ഒരു സുഹൃത്തിനെക്കുറിച്ചാണു. അവൾ എനിക്ക് അയച്ചു തന്ന അവളുടെ കുറച്ചു സൃഷ്ടികൾ വായിച്ചപ്പോൾ എനിക്ക് തോന്നി അവളെക്കുറിച്ച് എന്റെ ബ്ലോഗ്ഗിൽ എഴുതണമെന്ന് ...
അവളുടെ ഓരോ ഡയറിക്കുറിപ്പുകൾ വായിച്ചപ്പോഴും എനിക്കറിയില്ല ഞാൻ അതിലെ ഓരോ വരികളും എപ്പോളോ എവിടെയോ വായിച്ചതുപോലെ .... അവ എത്ര തവണ വായിച്ചുവെന്നെനിക്കറിയില്ലാ ... കാരണം അവ എനിക്ക് നഷ്ടപ്പെട്ട ഏതോ ഓർമ്മകൾ എന്നിലേക്ക് കൊണ്ടു വരുന്നുത് പോലെ എനിക്ക് തോന്നി....
എനിക്ക് വല്ലാത്ത ഒരു നൊസ്റ്റാൾജിക്ക് ഫീലിംഗ് അനുഭവപ്പെട്ടു... ചിലപ്പോൾ തോന്നി ഞാൻ എപ്പോളോ എഴുതി വെച്ച എനിക്ക് നഷ്ടപ്പെട്ട വരികളാണോ അതെന്ന്... അതോ ഞാൻ എഴുതുവാൻ വെച്ച വരികളോ ... എനിക്കറിയില്ല ശരിക്കും നിന്റെ അക്ഷരങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു ... അവയെ ഞാൻ വല്ലാതെ പ്രണയിക്കുന്നതുപോലെ ...
എന്റെ അക്ഷരങ്ങളേക്കാൾ എന്റെ ചിന്തകളേക്കാൾ അവ ഒരു പിടി മുന്നിലാണെന്ന് എനിക്ക് തോന്നി ....
അതെ സുമി നീയാണു ഇന്നത്തെ എന്റെ അതിഥി ...
ഞാനും സുമിയും തമ്മിലുളള ബന്ധത്തിന്റെ കഥ മുഴുവനായും എനിക്കിവിടെ പറയുവാൻ താത്പര്യമില്ല... കാരണം ചില ഓർമ്മകൾ എന്റെ സ്വകാര്യതയായി സൂക്ഷിക്കാനാണു എനിക്ക് താത്പര്യം ... അവൾ എന്നെ ഒരിക്കലും നേരിട്ട് കണ്ടതായി ഓർക്കുന്നില്ല .. കാരണം ഞങ്ങൾ സുഹൃത്തുക്കളായിരുന്നില്ല.. എല്ലാ സൗഹൃദങ്ങളേയും പോലെ ഒരു സൗഹൃദത്തിലൂടെയുമല്ല ഞങ്ങളുടെ ബന്ധം തുടങ്ങിയതും...
8 വർഷങ്ങൾക്ക് മുൻപാണു ഞാൻ അവളെ ആദ്യം കാണുന്നത് ... അജുവിന്റെ വാക്കുകളിലൂടെയാണു അവളെക്കുറിച്ച് ഞാൻ ആദ്യം അറിയുന്നത് .. അന്നൊക്കെ അജു നിന്നെക്കുറിച്ചു പറയുമ്പോൾ അവന്റെ മുഖത്തെയും അവന്റെ വാക്കുകളിലേയും അഹങ്കാരം ഒന്ന് കാണണമായിരുന്നു ... ഞാൻ നല്ല ഒരു ശ്രോതാവായിരുന്നതുകൊണ്ട് അവൻ ആയിരം പ്രാവശ്യം നിന്നെക്കുറിച്ചു പറയുമ്പോളും അവന്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ ആദ്യം കേൾക്കുന്നതുപോലെയിരുന്നു കേൾക്കുമായിരുന്നു....
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് അജു പറഞ്ഞു സുമിയിന്ന് ഇവിടെ വരുന്നുണ്ടെന്ന് .... സത്യം പറഞ്ഞാൽ നിന്നെയൊന്ന് നേരിട്ട് കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ... അങ്ങനെ ഞങ്ങളുടെ ക്ലാസ്സ് കഴിഞ്ഞ് നീയെത്തി ... അപ്പോളേക്കും അജു തന്റെ ശിങ്കിടി പിള്ളേരെയൊക്കെക്കൂട്ടി നിന്നെ പരിചയപ്പെടുത്തുവാൻ വന്നു... പക്ഷേ ഞാൻ മാത്രം നിന്നെ പരിചയപ്പെടുവാൻ വന്നില്ല... ക്ലാസ്സിന്റെ സൈഡിലുളള കൈവരിയിൽ ചാരി ദൂരെനിന്ന് ഞാൻ നിന്നെ നോക്കി നിന്നു.... സത്യം പറയാമല്ലോ എനിക്ക് നിന്നെ കണ്ടപ്പോൾ ആദ്യം തോന്നിയതെന്താണെന്ന് പറയട്ടെ ... "ഒന്നാന്തരം അഹങ്കാരി". (ഒരു പക്ഷേ ഒരു അഹങ്കാരിക്കേ മറ്റൊരഹങ്കാരിയേ തിരിച്ചറിയാൻ സാധിക്കൊത്തളളായിരിക്കും ല്ലേ!!!). അതുകൊണ്ടാണല്ലോ ഞാൻ അജുവിന്റെ സുഹൃത്തായതും... ;).
അജു എല്ലാവരേയും പരിചയപ്പെടുത്തി.. അപ്പോളേക്കും ഞാൻ പതിയെ അവിടേക്ക് വന്നു.. എന്നേയും അജു നിനക്ക് പരിചയപ്പെടുത്തി... അന്ന് ഞാൻ നിന്നെ ചേച്ചിയെന്ന് വിളിച്ചോയെന്ന് ഒരു സംശയം !!!! ...ബഹുമാനം കൊണ്ടൊന്നുമല്ല കൂടെനിന്ന പിളളങ്ങളെല്ലാം ചേച്ചിയെന്ന് വിളിച്ചതുകൊണ്ടാ ട്ടോ.... അങ്ങനെ ഞാൻ അജുവിന്റെ പ്രിയപത്നിയെ പരിചയപ്പെട്ടു.... എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരിക്കൽക്കൂടി ഞാൻ നിന്നെ കണ്ടു... പക്ഷേ നിന്റെ ഓർമ്മകളിലോ നിന്റെ ജീവിതത്തിലോ നീ എന്നെ കണ്ടതായി ഓർക്കുന്നില്ല ... കാരണം എനിക്കേ നിന്നെ അറിയാമായിരുന്നുളളൂ അതും അജുവിന്റെ വാക്കുകളിലൂടെ ... ഞാൻ നിനക്ക് തികച്ചും അന്യയായിരുന്നു...
പിന്നെ നീയെന്റെ ജീവിതത്തിലേക്ക് വന്നത് ഫെയ്സ് ബുക്കിലൂടെ .... അതും സൗഹൃദത്തിന്റെ പേരിലല്ലാ നമ്മൾ അവിടെയും പരിചയപ്പെടുന്നത്... പിന്നെ ബാക്കിയെല്ലാം ഒരു ചരിത്രം ... നമ്മൾക്ക് മാത്രമായി കാലം എഴുതിച്ചേർത്ത കുറേ അനുഭവങ്ങൾ ....
നീ എനിക്കയച്ച ഓരോ സന്ദേശങ്ങളിലൂടെ നിന്നെ ഞാൻ ഒരുപാട് അറിഞ്ഞിരുന്നു ... എനിക്ക് തോന്നിയിട്ടുളളത് നീ എന്നെ അറിഞ്ഞതിൽ കൂടുതൽ ഞാൻ നിന്നെ അറിഞ്ഞിരുന്നു എന്നുളളതാണു... അതുകൊണ്ടാണു നീ ഇനി എന്നെ ഒരിക്കലും കാണില്ലാ എന്നു പറഞ്ഞു പിരിഞ്ഞ ദിവസവും, ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റൂവാങ്ങിയ ആ ദിവസവും നിന്നോട് ഒരു തരി ദേഷ്യം എനിക്ക് തോന്നാഞ്ഞത്... നിന്നെ വെറുക്കുവാൻ എനിക്ക് സാധിക്കാതിരുന്നത് ...
പക്ഷേ എനിക്കറിയാം നിനക്ക് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ദേഷ്യവും, വെറുപ്പും , അസൂയയുമൊക്കെ തോന്നിയിട്ടുളള വ്യക്തി ഞാനാണു... ഒരു പക്ഷേ എന്നെ കൊല്ലുവാൻ വരെ നിനക്ക് തോന്നിയിട്ടുളള നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാവാം... ല്ലേ!!!
പിന്നീട് നീ വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു ... ആ വരവിൽ നീയെനിക്ക് സമ്മാനിച്ച ഏറ്റവും വലിയ അനുഭവമാണു നിന്റെ എഴുത്തുകൾ... കാരണം ആ അക്ഷരങ്ങളിൽ ഞാൻ കാണുന്നു നല്ല ഒരു എഴുത്തുകാരിയെ ... ഒരു പക്ഷേ എന്റെ പ്രണയത്തെ ...
പ്രിയ സുഹൃത്തെ ഞാൻ സൗഹൃദങ്ങളുടെ കൂട്ടുകാരിയല്ല ... പക്ഷേ എന്റെ ആത്മാവിലും , എന്റെ ഹൃദയത്തിലും ഞാൻ എനിക്ക് ഇഷ്ടപ്പെടുന്ന ഒരാൾക്ക് കൊടുക്കുന്ന സ്ഥാനം സൗഹൃദങ്ങളേക്കാൾ ഒരുപാട് മുകളിലാണു ... ആ സ്ഥാനം ഞാൻ എന്റെ ജീവിതത്തിൽ നൽകിയിട്ടുളളത് രണ്ടോ മൂന്നോ വ്യക്തികൾക്ക് മാത്രം ... ഇപ്പോൾ നിന്റെ അക്ഷരങ്ങളിലൂടെ നിന്റെ എഴുത്തുകളിലൂടെ നീയെന്റെ ഹൃദയത്തിൽ ആ സ്ഥാനം നേടിയിരിക്കുന്നു .. കാരണം അക്ഷരങ്ങൾ എന്റെ പ്രണയമാണു അതിനെ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്നവർ എനിക്കെന്നും പ്രിയപ്പെട്ടവരുമാണു...
ഇനിയും തുടരുവാനുളള നമ്മുടെ യാത്രയിൽ കാലം നമുക്കായി എന്തൊക്കെ കുറിച്ചു വെച്ചിരിക്കുന്നുവെന്ന് നമുക്കറിയില്ല... പക്ഷേ നിന്നിലെ എഴുത്തുകാരിയെ ഈ ലോകം അറിയണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു ... ഒരു പക്ഷേ കാർത്തിക എന്ന എഴുത്തുകാരിയുടെ ഒരു പുസ്തകം തന്നെ ഭാവിയിൽ ഒരിക്കലും നീ ഓർക്കുന്നില്ലാത്ത,ഒരിക്കലും ഇനി കണ്ടുമുട്ടുവാൻ സാധ്യതയില്ലാത്ത നമ്മുടെ സൗഹൃദത്തെക്കുറിച്ചുളളതായിരിക്കും ...
എന്നും നന്മകൾ നേർന്നുകൊണ്ട് നിന്റെ സുഹൃത്ത്...
No comments:
Post a Comment