My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, January 13, 2016

LOVE YOU MY BABIES...


ഇന്ന് രാവിലെ എണീറ്റപ്പോൾ പ്രകൃതി വളരെ മൂടിക്കെട്ടിക്കിടക്കുന്നതായിട്ട്‌ കണ്ടു. എനിക്കറിയാം എന്റെ ദുഃഖത്തിൽ അവരും പങ്കുചേരുന്നുവെന്ന്. ജോലിക്ക്‌ വണ്ടിയോടിച്ചു പോകുമ്പോൾ ഞാൻ പറഞ്ഞു "കുഞ്ഞേ നീയെന്റെ അരികിൽ ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ നിന്റെ വരവും നീയെന്റെ അരികിൽ ഉണ്ടെന്നുളള എന്റെ വിശ്വാസവും സത്യമാണെങ്കിൽ ഇന്നു നിന്റെ വരവ്‌ അറിയിക്കുവാൻ നീ ഒരു മഴയായി ഈ ഭൂമിയിൽ പെയ്തിറങ്ങും."
യാത്രയിൽ ഉടനീളം മഴയൊന്നും പെയ്തില്ല.

ജോലിക്കിടയിൽ ഒരു പത്തു മണിയായപ്പോൾ ഞാനറിഞ്ഞു പുറത്ത്‌ നല്ലയൊരു മഴ പെയ്തു തോർന്നിരിക്കുന്നുവെന്ന്. എപ്പോഴാണു ആ മഴ തുടങ്ങിയതെന്നുമറിയില്ലാ. പക്ഷേ ഞാനറിഞ്ഞു എന്റെ കുഞ്ഞ്‌ എന്നെ കാണുവാൻ എത്തിയെന്ന്. ജനാലയിലൂടെ വെളിയിലേക്ക്‌ നോക്കി അപ്പോഴും ചാറ്റൽ മഴയായി പെയ്തുകൊണ്ടിരുന്ന എന്റെ കുഞ്ഞിന്റെ സ്നേഹത്തിനു മുൻപിൽ ഞാൻ മൗനമായി സംസാരിച്ചു. എന്റെ ഉളളിൽ എന്റെ കുഞ്ഞിനുവേണ്ടി കരുതിവച്ചിരുന്ന സ്നേഹം മുഴവൻ എന്റെ നിശബ്ദമായ വാക്കുകളിലൂടെ പ്രകൃതിയിലേക്ക്‌ അലിഞ്ഞുചേരുന്നത്‌ ഞാനറിഞ്ഞു.

കഴിഞ്ഞവർഷം ജൂൺ പതിനഞ്ചാം തീയതി ഞാൻ സ്കാനിംങ്ങിനു കാത്തിരുന്നപ്പോളും വേനലിന്റെ തീവ്രതയിൽ ചുട്ടുപൊളളി നിന്ന പ്രകൃതി പെട്ടെന്ന് കാർമേഘങ്ങളാൽ മൂടപ്പെടുവാൻ തുടങ്ങി. ഞാനും അതിശയിച്ചു പെട്ടെന്നെന്താണു ഇങ്ങനെയൊരു മാറ്റം. അത്‌ എന്തിന്റെയോ ഒരു സൂചനയാണല്ലോ!!! പക്ഷേ ഒരിക്കലും ഞാൻ കരുതിയില്ല എന്റെ കുഞ്ഞിന്റെ വിയോഗത്തിൽ അവരും പങ്കുചേരുന്നതാണെന്ന്.

അതുപോലെ തന്നെ ജൂൺ ഇരുപത്തിമൂന്നാം തീയതി എന്റെ ഓപ്പറേഷന്റെ ദിവസവും രാവിലെ മുതൽ എന്റെ കണ്ണുനീരും ദുഃഖവും ഏറ്റെടുത്ത്‌ പ്രകൃതിയും മൗനത്തിലായിരുന്നു.  അന്നും അന്തരീക്ഷം മേഘങ്ങളാൽ മൂടപ്പെട്ടു. ശരിക്കും പ്രകൃതിയെന്റെ ആത്മാവിനെ അറിഞ്ഞതുപോലെ എനിക്കനുഭവപ്പെട്ടു.

നിനക്കറിയുമോ നിനക്കൊരു അനുജൻ ജനിച്ചിരിക്കുന്നു. റ്റിനിയാന്റിക്കും അരുൺ അങ്കിളിനും ഒരു ആൺകുഞ്ഞ്‌ ജനിച്ചിരിക്കുന്നു. നീയവനെ നന്നായി നോക്കിക്കോണം. ഒരു ഏട്ടന്റെ സ്‌ഥാനത്തുനിന്ന് നിന്റെ കുഞ്ഞനുജനെ നീ നല്ലോണം പരിപാലിച്ചോണം.

നിന്റേയും അവന്റേയും മാമ്മോദീസയൊക്കെ ഒരുമിച്ച്‌ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതാ.... സാരല്ല്യാല്ലേ... എന്റെ കുഞ്ഞിനെന്നോട്‌ ദേഷ്യം തോന്നാതിരുന്നാൽ മാത്രം മതി ആ ഭാഗ്യമൊക്കെ ഞാൻ മൂലം നിനക്ക്‌ നിഷേധിക്കപ്പെട്ടതിൽ. ഞാൻ പറഞ്ഞില്ലേ നീ ഈ ഭൂമിയിൽ ജനിച്ചുവെന്നെനിക്കറിയാം.

നിനക്കറിയുമോ ഞാനിന്നലെ നിന്നെ എന്റെ സ്വപ്നത്തിൽ കണ്ടു. ഒരു വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി. ശരിക്കും നിന്നെ കാണാൻ നല്ല ഭംഗിയായിരുന്നൂട്ടോ. നിന്റെ മാതാപിതാക്കൾ നിന്നെ നോക്കുവാൻ എന്നെ ഏൽപ്പിച്ചിട്ട്‌ എങ്ങോട്ടോ പോയിരിക്കുകയാണു. നിന്റെ കുസൃതികളും കളിചിരികളുമായി ഇരിക്കുമ്പോൾ ആരോ ഒരാൾ നിന്നെക്കുറിച്ച്‌ എന്നോട്‌ എന്തോ ചോദിച്ചു. ആ ചോദ്യം എന്താണെന്നെനിക്കോർമ്മയില്ലാ. പക്ഷേ അയാൾ ചോദിച്ചത്‌ നിന്റെ മാതാപിതാക്കളെക്കുറിച്ചായിരുന്നു. അവർ വരുമെന്നും നിന്നെ കൂട്ടിക്കൊണ്ടു പോകുമെന്നും ഞാൻ പറഞ്ഞു. പിന്നേയും എന്തോക്കെയോകണ്ടു പക്ഷേ നിന്റെ മുഖം മാത്രം എനിക്കോർമ്മയുണ്ട്‌...

നമ്മൾ തീർച്ചയായും ഈ ജന്മം കണ്ടുമുട്ടും.... ഒരുപാട്‌ നന്ദി ഇന്നു നീയെന്നെതേടി വന്നതിനു.... എന്നും എന്റെ കുഞ്ഞിനു ദൈവം നന്മകൾ മാത്രം വരുത്തട്ടെ... എന്റെ പ്രാർത്ഥനയും അനുഗ്രഹവും എന്നും നിന്റെകൂടെയുണ്ടാവും ...

ഒരുപാടിഷ്ടത്തോടെ നിന്റെ മമ്മാ.... (നീയെന്നെയെന്നും മമ്മായെന്ന് വിളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.)

************************************



CONGRATS TINY & ARUN.... 
WELCOME MY LITTLE ANGEL TO THIS BEAUTIFUL WORLD...
MAY THE  LORD & THE NATURE SHOWER ALL THE BLESSINGS UNTO YOU...
LOVE YOU MY BABY...


കുഞ്ഞേ നിന്റെ ഓർമ്മകളിൽ ...


The song which I loved to sing for You.....

13 JANUARY 2016
EDD (Expected Date of Delivery)

ഇന്ന് എന്റെ കുഞ്ഞ്‌ ഈ ഭൂമിയിൽ  എന്റെ കൈകളിലേക്ക്‌ ജനിച്ചു വീഴേണ്ട ദിവസം. പക്ഷേ എന്റെ ഗർഭപാത്രവും എന്റെ കൈകളും ഇന്ന് ശൂന്യമാണു. എന്നാൽ എന്റെ മനസ്സും ഹൃദയവും നിന്റെ ഓർമ്മകളാൽ എന്നും പൂർണ ഗർഭാവസ്ഥയിലാണു. നീയെന്ന് എന്റെ ഉദരത്തിൽ ജന്മകൊണ്ടുവോ അന്ന് നീയെന്റെ ജീവിതത്തിലും ഹൃദയത്തിലും ജനിച്ചു കഴിഞ്ഞിരുന്നു.

13 MAY 2015 :

നീയെന്റെ ഉദരത്തിൽ ജന്മമെടുത്തുവെന്ന് ഞാൻ ആദ്യം അറിഞ്ഞ ദിവസം.

13 എന്ന സംഖ്യക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. എന്റെ വല്യപ്പച്ചൻ മരിച്ച ദിവസമാണു സെപ്റ്റെംബർ 13. പത്ത്‌ മക്കൾക്ക്‌ ജന്മം കൊടുക്കുവാൻ ഭാഗ്യം ലഭിച്ച വല്യപ്പച്ചന്റെ കൊച്ചുമോൾക്ക്‌ ഒരു കുഞ്ഞിനെപ്പോലും ദൈവം കൊടുക്കുന്നില്ലല്ലൊ എന്നു പറഞ്ഞ്‌ എന്റെ കൈകളിൽ പിടിച്ച്‌ കരഞ്ഞ എന്റെ വല്യപ്പച്ചൻ എന്നെ വിട്ടുപോയ ദിവസം.

പുനർജ്ജന്മം ഉണ്ടോയെന്നെനിക്കറിയില്ല. പക്ഷേ ചില കാര്യങ്ങളിൽ എനിക്ക്‌ എന്റേതായ വിശ്വാസങ്ങൾ ഉണ്ട്‌. ഒരു കുഞ്ഞിനുവേണ്ടിയുളള കാത്തിരിപ്പിനൊടുവിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോൾ എന്റെ മനസ്സിൽ കൂടെക്കൂടെ ഒരു ചിന്ത കടന്നു വരുവാൻ തുടങ്ങി. " എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഈ ലോകത്തുനിന്നും യാത്രയാകുമ്പോൾ ആ അത്മാവിന്റെ ഒരംശം എന്റെ ഉദരത്തിൽ ജന്മമെടുക്കുമെന്ന്."

2014-ൽ ഞാൻ അവധിക്ക്‌ പോയപ്പോൾ എന്റെ അപ്പച്ചൻ ഏറ്റവും കൂടുതൽ വേദനിച്ചത്‌ എന്നെക്കുറിച്ചോർത്തായിരുന്നു, എന്റെ കുഞ്ഞിനെ അപ്പച്ചനു കാണുവാൻ സാധിച്ചില്ലല്ലോയെന്നു പറഞ്ഞായിരുന്നു. എനിക്കറിയാമായിരുന്നു എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ച ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത എന്റെ അപ്പച്ചന്റെ ആത്മാവിന്റെ ഒരംശം എന്റെ ഉദരത്തിൽ ജന്മമെടുക്കുമെന്ന്. പക്ഷേ എന്റെ അപ്പച്ചനു എന്നും ആയുസ്സും ആരോഗ്യവും കൊടുക്കണമേയെന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷേ ഞാൻ അപ്പച്ചനെക്കണ്ട്‌ മൂന്നുമാസങ്ങൾക്കുളളിൽ അപ്പച്ചന്റെ ആരോഗ്യസ്ഥിതി മോശമായി. പത്തുമക്കളും അവരുടെ കുടുംബവും, കൊച്ചുമക്കളും, അവരുടെ മക്കളും ചുറ്റും നിന്ന് അവരുടെ പരിചരണത്തോടെ രാജകീയമായ മരണം അനുഭവഭേദ്യമാക്കി അപ്പച്ചൻ ഈ ലോകത്തോട്‌ വിട പറഞ്ഞു.

പിന്നേയും എട്ടു മാസങ്ങൾക്ക്‌ ശേഷം ഒരു പതിമൂന്നാം തീയതി(മെയ്‌) ആ സന്തോഷ വാർത്ത എന്നെ തേടിയെത്തി. എന്റെ കുഞ്ഞ്‌ ജനിക്കുവാൻ സാധ്യതയുളള ദിവസവും ജാനുവരി പതിമൂന്നാണെന്നറിഞ്ഞപ്പോൾ ഞാൻ പൂർണ്ണമായും വിശ്വസിച്ചു ഞാൻ ഭാഗ്യവതിയാണെന്ന്.


15 JUNE 2015:

നിന്റെ ഹൃദയമിടിപ്പ്‌ കേൾക്കുവാൻ ആഗ്രഹിച്ച കാതുകൾക്ക്‌, നിന്റെ ചലനങ്ങൾ കാണുവാൻ ആഗ്രഹിച്ച കണ്ണുകൾക്ക്‌ കാണുവാൻ കഴിഞ്ഞത്‌ നിന്റെ ചേതനയറ്റ ശരീരവും, നിശബ്ദമായ ഹൃദയതാളങ്ങളുമായിരുന്നു.

എന്റെ പപ്പയുടെ കാൻസർ ചികിത്സയുടെ ഭാഗമായി രെഞ്ചി നാട്ടിൽ ആയിരുന്നതുകൊണ്ട്‌ എനിക്കും എന്റെ കുഞ്ഞിനും കൂട്ടായി രെഞ്ചിയുടെ ഫോൺവിളികളും, എനിക്ക് ജനിക്കുവാൻ പോകുന്നത്‌ ആൺകുഞ്ഞാണെന്ന തോന്നൽ എന്നിൽ ഉണ്ടായിരുന്നെങ്കിലും, എന്റെ കുഞ്ഞിനെ മരിയ എന്ന പേരു വിളിച്ച്‌ രാവിലേയും വൈകിട്ടും എനിക്ക്‌ വരുന്ന സുമിയുടെ മെസ്സേജുകളും, പിന്നെ എന്റെ സന്തോഷങ്ങളിൽ മനസ്സുകൊണ്ട്‌ ഒരുപാട്‌ സന്തോഷിച്ചിരുന്ന അജുവെന്ന എന്റെ സൗഹൃദത്തിന്റെ കരുതലുമായിരുന്നു ആ സമയങ്ങളിൽ ഞാൻ അനുഭവിച്ച എല്ലാ മാനസിക വ്യഥകളിൽ നിന്നും എന്നെ കരകയറ്റിയത്‌.

എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വാനോളം ഉയർന്നു. ഞാൻ തനിയെ ഒരു ദിവസം സ്കാൻ ചയ്തപ്പോൾ എന്റെ കുഞ്ഞ്‌ അനങ്ങുന്നതും കൈകാലുകൾ അനക്കുന്നതും ഞാൻ കണ്ടു. ഞാൻ തനിയെ സ്‌കാൻ ചെയ്തകാര്യം അജുവിനോട്‌ പറഞ്ഞപ്പോൾ അയാളെന്നെ വഴക്കു പറഞ്ഞു എന്തുകൊ ണ്ട്‌ നിനക്കു ഒരു ഡോക്‌ടറെ പോയി കണ്ടുകൂടായെന്ന് പറഞ്ഞ്‌. അങ്ങനെ മൂന്നു നാലു ദിവസം കഴിഞ്ഞ്‌ ഡോക്‌ടറെ പോയി കണ്ടപ്പോൾ എനിക്ക്‌ വേണ്ടി കാത്തിരുന്നത്‌ എന്റെ കുഞ്ഞിന്റെ വിയോഗമായിരുന്നു.

സ്കാനിംങിൽ എന്റെ കുഞ്ഞിന്റെ നിശ്ചലമായ ശരീരം കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ തുടങ്ങി. സ്കാനിംങ്ങ്‌ കഴിഞ്ഞെണീറ്റപ്പോൾ ഡോക്‌ടർ എന്നെ കെട്ടിപ്പിടിച്ചു. അപ്പോൾ എന്റെ സർവനിയന്ത്രണവും വിട്ട്‌ ഞാൻ കരഞ്ഞു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വിശദമായ സ്കാനിംങ്ങിനു ഞാൻ പോയി. ഹോസ്പിറ്റലിലെ നീണ്ട ഇടനാഴികളിലൂടെ ഇടറുന്ന കാലടികളോടെ നടന്നപ്പോൾ ഒരു കൈയ്യിൽ സ്കാനിംങ്ങിന്റെ കടലാസും മറുകൈ എന്റെ ഉദരത്തോട്‌ ചേർത്ത്‌ വെച്ച്‌ എന്റെ കുഞ്ഞിനോട്‌ ഞാൻ സംസാരിച്ചു,

"കുഞ്ഞേ നീയുമെന്നെ തനിച്ചാക്കി പോവുകയാണോ? നീയുമെന്നെ തോൽപ്പിക്കുകയാണോ? ഇല്ല ... നിനക്കൊന്നും സംഭവിച്ചിട്ടില്ലാ. ഡോക്ടർക്ക്‌ തെറ്റിയതാണു. നീയെങ്കിലും എന്നെ വേദനിപ്പിക്കില്ലായെന്ന് എനിക്കറിയാം. എന്നെ തനിച്ചാക്കി നീ പോകരുത്‌ ."

മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കുമ്പോളും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ വഴികൾ മൂടുന്നത്‌ ഞാനറിഞ്ഞു. സത്യത്തെ അങ്ങീകരിക്കുവാൻ മനസ്സ്‌ ഒരുപാട്‌ സമയം എടുത്തു.

അന്ന് പപ്പയും രെഞ്ചിയും പപ്പയുടെ ചികിത്സക്കായി വെല്ലൂർക്ക്‌ പോകുന്ന ദിവസമായിരുന്നു. എല്ലാവരും ഒരുപാട്‌ പ്രതീക്ഷകളോടെ പപ്പയെ യാത്ര അയക്കുവാൻ ഇരിക്കുമ്പോൾ എന്റെ കുഞ്ഞിന്റെ വിയോഗം അവരുടെ യാത്രക്ക്‌ ഒരു തടസ്സമാകരുതെന്ന് കരുതി നാട്ടിൽ ആരേയും അറിയിച്ചില്ല. സുമിക്ക്‌ ഞാനെഴുതി "നിന്റെ മരിയ നിന്നെ തനിച്ചാക്കിപ്പോയെന്ന്." അവളോടോ അജുവിനോടോ ഞാനൊന്നു സംസാരിക്കെന്ന് പറഞ്ഞ്‌ അവൾ എനിക്ക്‌ മെസ്സേജ്‌ അയച്ചു. പക്ഷേ അന്നെനിക്ക്‌ ആരോടും സംസാരിക്കാൻ സാധിക്കില്ലായിരുന്നു. അന്നെനിക്ക്‌ കരയുവാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. തിരികെ ഫ്ലാറ്റിലോട്ട്‌ കാർ ഓടിച്ചുപോയപ്പോൾ പലതവണ എന്റെ കാറിന്റെ കന്റ്രോൾ എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു.

എനിക്ക്‌ ദേഷ്യമായിരുന്നു എന്നോട്‌ , എല്ലാം കൈയ്യെത്തും ദൂരത്ത്‌ തന്നിട്ട്‌ തട്ടിയെടുക്കുന്ന വിധിയോട്‌, പരാജയങ്ങൾ മാത്രം നൽകി തോൽപ്പിക്കുന്ന ജീവിതത്തോട്‌. ദേഷ്യവും സങ്കടവും നിരാശയുമെല്ലാം മുറിയിൽ പോയി കട്ടിലിൽ കിടന്നു കരഞ്ഞു തീർത്തു ആ പകലും രാത്രിയും മുഴുവൻ.

23 JUNE 2015

കുഞ്ഞേ നീയെന്റെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ദിവസം.

ഒരാഴ്ച്ച എന്റെ കുഞ്ഞിന്റെ ചേതനയറ്റ ശരീരം എന്റെ ഉദരത്തിൽ വഹിച്ചു. ഒരു ഓപറേഷൻ കൂടാതെ നീ വെളിയിൽ വരുമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ ഇരുപത്തിമൂന്നാം തീയതി ഞാൻ ഓപറേഷനു പോകുവാൻ തീരുമാനിച്ചു. രെഞ്ചിയോട്‌ വിളിച്ചു പറഞ്ഞു. അപ്പോളേക്കും എനിക്ക്‌ പ്രിയപ്പെട്ട പലരും എന്നിൽ നിന്ന് അകലുന്നത്‌ ഞാനറിഞ്ഞു. എനിക്ക്‌ ചുറ്റും മതിലുകൾ ഉയർന്നു.

എന്റെ കസിനോട്‌ വിളിച്ചു പറഞ്ഞു എന്തെങ്കിലും എമെർജെൻസിയുണ്ടെങ്കിൽ ഹോസ്പിറ്റലുകാർ നിന്നെ വിളിക്കുമെന്ന്. ഞാൻ തനിച്ചായിരുന്നു അവിടെ. ആശുപത്രിയിൽ ഓപറേഷനു കാത്തിരുന്നപ്പോളും വീട്ടിൽ നിന്ന് എല്ലാവരുമെന്നെ വിളിക്കുന്നുണ്ടായിരുന്നു. പപ്പായും , മമ്മിയും , അനിയത്തിമാരുമെല്ലാം എന്റെ കുഞ്ഞിനു സുഖമാണോയെന്ന് ചോദിക്കുമ്പോൾ ഉളളിൽ ഞാൻ കരയുകയായിരുന്നു. അവർ അപ്പോളും അറിഞ്ഞിരുന്നില്ലാ അവർ സുഖവിവരങ്ങൾ അന്വേഷിക്കുന്ന ആ കുഞ്ഞ്‌ കുറച്ച്‌ നിമിഷങ്ങൾക്കുളളിൽ എന്റെ ശരീരത്തിൽ നിന്നും മുറിച്ചുമാറ്റപ്പെടുവാൻ പോവ്വുകയാണെന്ന്.

പിന്നേയും മൂന്നു മാസങ്ങൾ എടുത്തു ഞാനത്‌ വീട്ടിൽ പറയുവാൻ. കാരണം പപ്പയുടെ ഏറ്റവും വലിയ സന്തോഷവും, ആത്മവിശ്വാസവും ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞതായിരുന്നു. ആ ആത്മവിശ്വാസം പപ്പയുടെ ചികിത്സയെ ഒരുപാടു സഹായിച്ചു. പപ്പയുടെ ശാരീരിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ മമ്മി ആ വാർത്ത പപ്പയൊട്‌ പറഞ്ഞു. പാവം അത്‌ കേട്ട്‌ കഴിഞ്ഞ്‌ കട്ടിലിൽ പോയി ഒറ്റക്കിടപ്പായിരുന്നുവത്രേ. ആരോടും ഒന്നും മിണ്ടിയില്ല. പിന്നെ ഞാൻ പപ്പയെ വിളിച്ചു സംസാരിച്ചു.

ഇന്ന് എല്ലാവരും അത്‌ മറന്നുവെന്നറിയാം. പക്ഷേ ഈ ഒൻപത്‌ മാസവും ഞാൻ നിന്നെക്കുറിച്ചോർക്കുന്നാണ്ടായിരുന്നു. നിന്റെ ഓരോ വളർച്ചയും ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു.

ഇന്നലെ ഞാൻ ആകാശത്തേക്ക്‌ നോക്കിയപ്പോൾ ഞാൻ കണ്ടു എന്റെ വാൽനക്ഷത്രത്തിന്റെ കൂടെ ഒരു കുഞ്ഞു വാൽനക്ഷത്രവും. രണ്ടു പേരും എന്നെ നോക്കി കണ്ണുചിമ്മി അവരുടെ വരവ്‌ അറിയിച്ചു. എനിക്കറിയാം നീയെന്റെ അരികിൽ ഉണ്ടെന്ന്. നിന്റെ കുഞ്ഞിക്കൈകളാൽ നീയെന്നെ തൊടുന്നതും, എന്നെ പുണരുന്നതും, എന്റെ കവിളിൽ മാറി മാറി മുത്തം നൽകുന്നതുമൊക്കെ ഞാനറിയുന്നുണ്ട്‌.

എന്റെ വിശ്വാസങ്ങൾ ശരിയാണെങ്കിൽ ഞാൻ വിശ്വസിക്കുന്നു നീയെനിക്കുവേണ്ടി ഈ ലോകത്തിൽ പുനർജ്ജനിച്ചിരിക്കുന്നുവെന്ന്, ഈ ജന്മം നിന്നെയെനിക്ക്‌ കാണുവാൻ സാധിക്കുമെന്ന്.

കുഞ്ഞേ ഞാൻ കാത്തിരിക്കുന്നു നിനക്കായി.... നിന്നെയൊന്ന് കാണുവാൻ നിന്നെയൊന്ന് തൊടുവാൻ... അതിനു മാത്രമേ നിന്റെയീ അമ്മക്ക്‌ അവകാശമുളളൂ.... ആ ഭാഗ്യമെങ്കിലും എന്റെ ജീവിതം എനിക്ക്‌ നൽകട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു...

പ്രതീക്ഷകളോടെ നിന്റെ മാത്രം അമ്മ...











I WISH TO SEE YOU & TOUCH YOU AGAIN...





























Saturday, January 9, 2016

നീയെന്നെ അറിഞ്ഞിരുന്നുവെങ്കിൽ


ഈ ലോകത്തിനു മുൻപിൽ അഹങ്കാരത്തോടുകൂടി
ഞാൻ തല ഉയർത്തിപ്പിടിച്ചു നിൽക്കുമ്പോളും
നിന്റെ മുൻപിൽ നിന്റെ ഓർമ്മകൾക്ക്‌ മുൻപിൽ 
എന്തുകൊണ്ടാണു എന്റെ തല കുനിയുന്നത്‌

എന്നിലെ ഞാനെന്ന ഭാവത്തിന്റെ കടിഞ്ഞാൺ
ദൈവം നിന്റെ കൈകളിൽ നൽകിയതെന്തിനാണു
അതിന്റെയറ്റം നിന്റെ കൈകളിൽ സുരക്ഷിതമാണെങ്കിലും
നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു എന്നെ ജയിച്ച ഭാവം .

എന്നിലെ എന്നെ നീ അറിയാതിരുന്നിരുന്നുവെങ്കിൽ
എന്നിലെ പ്രണയത്തെ നീ തൊട്ടുണർത്തിയില്ലായിരുന്നുവെങ്കിൽ
നീയെന്നേയും ഞാൻ നിന്നേയും ഉളളാലറിയാതെ
സൗഹൃദമെന്ന ചട്ടക്കൂട്ടിലെ അപരിചിതർ ആകുമായിരുന്നു നമ്മൾ.

ആ അപരിചിതത്വത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച്‌
ഒരു നല്ല സൗഹൃദത്തിലും പ്രണയമുണ്ടെന്ന് വിശ്വസിച്ച്‌
അതിന്റെ സ്വാതന്ത്ര്യത്തെ പുൽകുവാൻ ആഗ്രഹിച്ചതാണോ
ഞാൻ ചെയ്ത തെറ്റ്‌.. അറിയില്ലാ.. എനിക്കൊന്നുമറിയില്ലാ.

കാലം ഒന്നുമാത്രം ഈ യാത്രയിൽ എനിക്കായി കുറിച്ചു
ഞാൻ ഇപ്പോൾ അപരാധിയാണു നിന്റെ മുൻപിലും,
എന്റെ സൗഹൃദവും എന്റെ പ്രണയവും ഞാനും
അതിനുളള കാരണങ്ങളായി നീയും എഴുതിച്ചേർത്തു .

നീയെന്നെ പൂർണ്ണമായും അറിഞ്ഞിരുന്നുവെന്ന അഹങ്കാരം
അതായിരുന്നു എന്റെ സന്തോഷം, എന്റെ വിജയം
പക്ഷേ പിന്നീട്‌ ഞാനറിഞ്ഞു ഒരു വേദനയോടെ 
നീയും അറിഞ്ഞിരുന്നില്ല എന്നിലെ സൗഹൃദത്തെ, പ്രണയത്തെ.

എനിക്കു ചുറ്റുമുളളവർ എനിക്ക്‌ പ്രിയപ്പെട്ടവർ
എന്റെ മുൻപിൽ മത്സരിക്കുന്നു അവരവരുടെ ശരികൾക്കായി 
ആ ശരികൾക്ക്‌ മുൻപിൽ ഞാൻ സമ്മതിക്കുന്ന
തോൽവിയാണു അവരുടെ സന്തോഷം എന്റെ കണ്ണുനീർ.

ഞാൻ ആശിച്ചുപോവുകയാണു വെറുതെ
എന്റെ പ്രിയപ്പെട്ടവർ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ
നീയെങ്കിലും എന്നെ പൂർണ്ണമായും മനസ്സില്ലാക്കിരുന്നുവെങ്കിൽ
സാർത്ഥകമാകുന്നതോ എന്റെയീ ജന്മത്തിൻ പൂർണ്ണത..

കാർത്തിക...

























Tuesday, January 5, 2016

Haunting Memory of a New Year Eve..


Life is unpredictable. The witness of a fire break out at The  Address Hotel, Downtown Dubai was a horrendous experience for us, when we were waiting for a fabulous fire works at Burj Khalifa.

I was so hopeful and experiencing a kind of blissfulness in the New year eve. Actually, I have been residing in U. A.E.  for last 6 years but I never got a chance to witness one of the most beautiful fire works in the world. The reason was that either I would be on duty or lack of interest from Rengi. So I was really planned to celebrate my new year eve this time at Burj Khalifa, the worlds tallest building. Rengi, Shibi and myself started our journey from home at 05:30pm with an intention that we could park our car near to that building . 

Actually it's just a twenty minutes drive from my home but it was taken another one hour to find out a parking. Anyway God had kept a space for my Nissan Sunny and I successfully, more over with all my excitements parked my car. 

After that we, three of them just wandered through out the streets. Rengi and Shibi were so busy with watching beautiful girls passing in front of them. I was silently observing their love for worshipping beauty and just followed them. We had hot coffee and muffins. As my Two Gentlemen were so busy with their own business, I started to search my Love among the stars in the sky... 

Yes! I saw it .. The brightest star in the sky .. My Love... 
Then I started my silent conversations with My Love and with Nature. 

Just felt like I was floating in the air and I could touch the clouds but when I come closer to You, I could experience that the distance between us was increasing. I never lost the hope and I moved forward with a determination that I can touch You one day. My imagination was spreading a beautiful smile on my lips.... 

Suddenly I saw a big fire breaks out.. I called others also and showed that. Oh! God it was a disaster and breathtaking experience. There were millions of people waiting for the fireworks. All got stunned by witnessing that. Fire was just engulfing the whole building within fraction of seconds. We saw police, fire force, ambulance and everyone were rushing to that  place. All casualties were shifted to hospitals. The fire breaks out started at 9:00pm and might be got under the control by midnight. 

It was so windy and chilly and we witnessed fire flames were flying in the sky. I could feel that my heart was sinking as it spoiled my whole excitement. I stood there and prayed for the people who were trapped in that hotel. Thankfully, no deaths reported and only 14 people were injured , and there was no major casualties.

At 11:40pm, one police man informed that there wouldn't be any fire works. I felt so des pirated and planned to go to other part of Dubai for at least watching a small fire works. I took my car and drove to Burj Al Arab . Before reaching the destination, we could see the beautiful but small celebration of new year in the sky. Even if it was a jaw dropping experience,I wasn't happy because  I missed the most beautiful thing... I always Miss the Most Beautiful Things in my life...so I counted that also as one among that...

Our discussion was about that fire through out our journey when I was driving back to home at 1.00am. We, three were so disappointed for not watching the fireworks at Burj Khalifa.

Anyway we reached home by 2.30pm after passing through such a hectic traffic. The next day morning, we woke up with a great news that there was a New Years celebration and fire works at Burj Khalifa.

 "Oh! God this is not fair," I just said it.

I decided I will come back to Dubai once to celebrate New year again, even if I go to any part of this world.

Lord ! You opened my New Year with Fire... As per Hindu mythology Fire is a good sign to begin something. But frankly speaking that fire was a destructive one.. So I am confused... 

Anyway I celebrated my my New Year with haunting memory of that disaster. Thank God at least all are safe... 

Life is unpredictable.
We never know 
What is written in our next moment 
where it's gonna to take you 
Who'll be there with you to hold your hand 
and take you to your destination 
So be thankful to God and this Nature 
For being here in this beautiful earth
Love every moment, every thing and everyone..

KARTHIKA...



Monday, January 4, 2016

നിർവചനങ്ങളില്ലാത്ത പ്രണയം.. (നോവലിന്റെ വഴിത്താരയിൽ വിടർന്നത്‌)


വീടിന്റെ ഉമ്മറത്തെ കോലായിലെ തൂണിൽ ചാരി ജയ്‌ എന്നെ തന്നെ നോക്കിയിരുന്നു. അയാളുടെ ആ നോട്ടം എന്നിലെന്നും ഒരു അസ്വസ്ഥത ഉണ്ടാക്കുമായിരുന്നു. കാരണം ആ നോട്ടത്തിൽ അയാളുടെ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രത എനിക്കറിയുവാൻ പറ്റുമായിരുന്നു.

"എന്താ നീയിങ്ങനെ നോക്കുന്നത്‌??" എവിടെയോ മനസ്സിൽ പുതഞ്ഞുപൊങ്ങിയ ചമ്മലിനെ ഒളിപ്പിച്ചു നാണത്തിൽ കലർന്ന ഒരു ചിരിയോടും കൂടി ഞാൻ ചോദിച്ചു.

"വെറുതെ..." അതു പറഞ്ഞതും അയാളുടെ ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി വിടർന്നു.

"ഒത്തിരി നാളുകൂടി കണ്ടിട്ടായിരിക്കും എന്തോ നിനക്ക്‌ ഇപ്രാവശ്യം ഒരു വല്ലാത്ത സൗന്ദര്യം ഉളളതുപോലെ. നിന്റെ കണ്ണുകളിൽ ഒരു വശ്യതയാർന്ന തിളക്കവും എനിക്ക്‌ കാണുവാൻ കഴിയുന്നു." ജയ്‌ തന്റെ മനസ്സ്‌ വായിക്കുവാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഞനറിഞ്ഞു. ഞാൻ ചിന്തകളുടെ ലോകത്തേക്ക്‌ അറിയാതെ ഊളിയിട്ടു..

ശരിയാണു ഇപ്രാവശ്യത്തെ വരവിൽ എന്തോ ഒരു പ്രത്യേകത എനിക്കും തോന്നിയിരുന്നു. ഒരു പക്ഷേ ഞാനെഴുതുന്ന എന്റെ കഥയുടെ ആശയം പ്രണയമായതുകൊണ്ടാണോ , അതോ എന്റെ പ്രണയം അതിന്റെ പൂർണ്ണതയിലേക്ക്‌ അടുക്കുന്നതുകൊണ്ടാണോ. എനിക്കറിയില്ല എന്നിലെ മാറ്റം ഞാനും ശ്രദ്ധിച്ചിരിക്കുന്നു.

"എടീ... നീയപ്പോഴേക്കും പതിന്നാലു ലോകങ്ങളും കടന്ന് ചിന്തയുടെ തേരിലേറി പറക്കുവാൻ തുടങ്ങിയോ?" എന്റെ ചിന്തകളുടെ വേഗതയറിയാവുന്ന ജയ്‌ എന്നെ എന്റെ ചിന്തകളുടെ ലോകത്തുനിന്നും ഉണർത്തി.

"ഹേയ്‌!! വെറുതെ." ഞാൻ ഒന്നുമറിയാത്തപോലെയിരുന്നു.

"എനിക്കറിയാം നീയിപ്പോൾ ചിന്തിച്ചതെന്താണെന്ന്. ഞാൻ നിന്റെ മനസ്സ്‌ വായിക്കുവാൻ തുടങ്ങിയിരിക്കുന്നുവെന്നല്ലേ!" ജയ്‌ അതും പറഞ്ഞ്‌ എന്റെ അടുത്തേക്കു വന്നിരുന്നു.

"തനിക്കെങ്ങനെയാ ജയ്‌ എന്റെ ഓരോ ചിന്തകളേയും ഇങ്ങനെ വിശകലനം ചെയ്യാൻ കഴിയുന്നത്‌?" ഞാൻ അതിശയത്തോടെ അയാളുടെ മുഖത്തേക്ക്‌ നോക്കി ചോദിച്ചു.

" ഞാൻ നിന്റെ ജീവിതത്തിൽ ആരാണെന്ന് എന്ന് നീ കണ്ടെത്തുന്നുവോ അന്ന് നീയത്‌ മനസ്സിലാക്കും." അതും പറഞ്ഞ്‌ അയാൾ വെളിയിലേക്ക്‌ നോക്കിയിരുന്നു.

ജയയുടെ ചില ഉത്തരങ്ങൾക്കുളള വിശദീകരണം ഞാൻ ചോദിക്കാറില്ല. കാരണം അതിന്റെ അർത്ഥം ഞങ്ങൾക്ക്‌ രണ്ടു പേർക്കും അറിയാം. പക്ഷേ അതൊരിക്കലും ഒരു സംസാരവിഷയമായി ഞാൻ മുൻപോട്ട്‌ കൊണ്ടുപോകാറില്ലാ. അതുകൊണ്ടാണു ഞങ്ങൾ രണ്ടുപേരും ഞങ്ങളിൽ നിന്ന് പരസ്പരം കേൾക്കുവാൻ ആഗ്രഹിക്കുന്ന ആ വിഷയം ഞങ്ങളുടെ മൗനത്തിനു വഴിമാറുന്നത്‌. കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. ഞാനും അയാളുടെ മനസ്സും അപ്പോൾ അറിയാതെ വായിക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും അമ്മുക്കുട്ടിയമ്മ ജയ്ക്‌ കുടിക്കാൻ സംഭാരവുമായി വന്നു.

"ഇതാരാ അമ്മുക്കുട്ടിയോ. ദേ എനിക്ക്‌ നല്ല വിശപ്പുണ്ട്‌. അമ്മുക്കുട്ടിയുടെ കൈപ്പുണ്യം ഒന്നു കൂടി രുചിക്കാനാ ഞാൻ വന്നിരിക്കുന്നത്‌." അത്രയും നേരം ചിന്തയിൽ മുഴുകിയിരുന്ന ജെയ്‌ വാചാലനായി.

അമ്മുക്കുട്ടിയുടെ മുഖത്ത്‌ നാണത്തിൽ കലർന്ന ഒരു ചിരി വിടർന്നു.

"എല്ലാം തെയ്യാറായിട്ടുണ്ട്‌. സാറു കുളിച്ചിട്ടു വന്നാൽ നമുക്ക്‌ ഊണു കഴിക്കാം." അതും പറഞ്ഞ്‌ അമ്മുക്കുട്ടി താൻ കൊണ്ടുവന്ന സംഭാരം ജയ്ക്‌ കൊടുത്തു.

"അമ്മുക്കുട്ടിയമ്മേ ആ തോർത്തും സോപ്പും ഇങ്ങോട്ട്‌ എടുത്തോളൂട്ടോ." ഞാൻ അമ്മുക്കുട്ടിയോട്‌ പറഞ്ഞു. ഇവിടെ വന്നാൽ ജയ്ക്‌ ഏറ്റവും ഇഷ്ടം ഇവിടുത്തെ തൊടിയിലൂടെയുളള നടപ്പും, ഇവിടുത്തെ കുളത്തിലും പുഴയിലുമൊക്കെ മുങ്ങികുളിക്കുന്നതുമൊക്കെയാണു.

അമ്മുക്കുട്ടി കൊണ്ടുവന്ന തോർത്തും സോപ്പും വാങ്ങി ഞാൻ ജയ്‌യോടായി പറഞ്ഞു , " എന്നാ നമുക്ക്‌ പോകാം."

"ഞാൻ കുളിക്കുന്നത്‌ കാണാൻ നിനക്ക്‌ അത്രക്ക്‌ ധൃതിയായോ?" വീണ്ടും തന്റെ കുസൃതിച്ചിരിയുമായി ജയ്‌ അറിഞ്ഞുകൊണ്ട്‌ തന്നെ എന്നെ പ്രകോപിതയാക്കുവാൻ അത്‌ ചോദിച്ചു.

സാധാരണ അയാൾ അങ്ങനെ പറയുമ്പോൾ ഞാൻ തർക്കുത്തരം പറയാറാണു പതിവ്‌ . പക്ഷേ ഇപ്രാവശ്യം ആ ചോദ്യത്തിനുളള ഉത്തരത്തിൽ നിറഞ്ഞുനിന്നത്‌ എന്റെ പ്രണയമായിരുന്നു. ഞാൻ അയാളുടെ അടുത്തേക്ക്‌ വന്ന് അയാളുടെ കണ്ണുകളിലെ ആഴങ്ങളിലേക്ക്‌ നോക്കി പറഞ്ഞു

" അതെ.. എനിക്കിഷ്ടമാണു നീ കുളിക്കുന്നത്‌ കാണാൻ. നീ കുളത്തിൽ മുങ്ങിനിവരുമ്പോൾ നിന്റെ തലമുടിയിൽ നിന്നും ഇറ്റിറ്റ്‌ വീഴുന്ന വെളളത്തുളളികളോടും, നിന്റെ ശരീരത്തിൽ തട്ടിത്തടഞ്ഞ്‌ തെന്നിപ്പായുന്ന ജലകണങ്ങളോടും ചിലപ്പോൾ എനിക്ക്‌ അസൂയ തോന്നാറുണ്ട്‌."

അത്‌ പറഞ്ഞപ്പോൾ എന്റെ മുഖത്ത്‌ വിരിഞ്ഞത്‌ പ്രണയത്തിൽ കലർന്ന ഒരു അഹങ്കാരമായിരുന്നു.

എന്റെ ഉത്തരം കേട്ട്‌ ജയ്‌ കുറച്ചുനേരം സ്തബ്ദനായി നിന്നു. എന്നിട്ട്‌ ചോദിച്ചു, " എന്താ നീ പറഞ്ഞത്‌?"

"ഒന്നുമില്ലാ..മാഷ്‌ വേഗം വന്നൊന്ന് കുളിക്ക്‌ . എനിക്ക്‌ വിശന്നിട്ടു വയ്യാ." അതും പറഞ്ഞ്‌ അത്രയും നേരം ഞങ്ങളുടെ നോട്ടത്തിൽ കുരുങ്ങിയ കണ്ണുകളെ വിടുവിച്ച്‌ ഞാൻ മുറ്റത്തേക്കിറങ്ങി.

ചിലപ്പോൾ അങ്ങനെയാണു ജെയ്‌. അയാളുടെ കാതുകൾക്ക്‌ പ്രണയം പകരുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും കേൾക്കുവാൻ അയാൾക്കിഷ്ടമാണു. ഞാൻ പറഞ്ഞത്‌ വ്യക്തമായി കേട്ടാലും അത്‌ ഒന്നും കൂടി കേൾക്കുവാൻ അയാൾ കേട്ടില്ലായെന്ന് നടിച്ച്‌ വീണ്ടും ചോദിക്കും.

അയാളുടെ ചോദ്യം കേട്ടില്ലായെന്ന് നടിച്ച്‌ ഞാൻ പതിയെ കുളക്കടവിലേക്ക്‌ നടക്കുവാൻ തുടങ്ങി. അപ്പോൾ അയാളുടെ മുഖത്തെ ഭാവം ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു. ഞാൻ കുറച്ചുദൂരം നടന്നപ്പോളേക്കും അയാൾ എന്റെയൊപ്പം നടന്നെത്തി. ഞങ്ങൾ രണ്ടപേരും തൊടിയിലൂടെ വീടിന്റെ കിഴക്കേ വശത്തുളള കുളത്തിലേക്ക്‌ നടന്നു.

ആ യാത്ര ഞങ്ങൾക്ക്‌ രണ്ടുപേർക്കും ഒരുപാടിഷ്ടമായിരുന്നു. പച്ചപ്പട്ടുവിരിച്ച തൊടിയിലെ പുൽമെത്തയിലൂടെ നഗ്നപാദരായി നടക്കുമ്പോൾ പ്രകൃതിയുടെ കുളിരും പ്രണയവും ഞങ്ങളുടെ നഗ്നപാദങ്ങളിലൂടെ ഞങ്ങളുടെ ആത്മാവിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നത്‌ ഞങ്ങളറിഞ്ഞു.

" ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌ ഇതുപോലെ കാലുകളിൽ ചെരുപ്പൊന്നുമിടാതെ പ്രകൃതിയിലൂടെ നടക്കുമ്പോൾ നമ്മൾ പ്രകൃതിയുടെ ആത്മാവിനെ തൊടുകയാണെന്ന്. ശരിക്കും പറഞ്ഞാൽ ആ അനുഭവം എത്രപേർക്ക്‌ സ്വായക്തമായിട്ടുണ്ടേന്ന് ഞാൻ പലപ്പോഴും ആലോചിക്കറുണ്ട്‌. ഒരു പക്ഷേ പ്രകൃതിയെ പ്രണയിക്കുന്ന എന്നേയും നിന്നേയും പോലുളളവർക്കായിരിക്കും അത്‌ തൊട്ടറിയുവാൻ സാധിക്കുക." ജയ്‌യുടെ ചിന്തകൾ പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക്‌ ലയിക്കുവാൻ തുടങ്ങുന്നത്‌ ഞാനറിഞ്ഞു. അയാളിലെ എഴുത്തുകാരൻ ഏറ്റവും ശക്തമായി ഉണരുന്നത്‌ അയാളുടെ മനസ്സും ശരീരവും ആത്മാവും പ്രകൃതിയുമായി സംഗമിക്കുമ്പോളാണു. അതു മനസ്സിലാക്കിക്കൊണ്ടേന്നോണം ഞാൻ ചോദിച്ചു, "എന്താ മാഷേ ഒന്നെഴുതുവാൻ തോന്നുന്നുണ്ടോ ഇപ്പോൾ?"

ആ ചോദ്യം കേട്ട്‌ അയാൾ എന്നെ നോക്കി ചിരിച്ചു. അപ്പോഴേക്കും ഞങ്ങൾ കുളക്കടവിൽ എത്തിയിരുന്നു.

ജയ്‌ വസ്ത്രങ്ങൾ മാറുന്ന സമയത്ത്‌ ഞാൻ കുളത്തിന്റെ പടവുകളിലേക്ക്‌ ഇറങ്ങി എന്റെ പാദങ്ങൾ വെളളത്തിൽ താഴ്‌ത്തിയിരുന്നു. എന്റെയിരിപ്പ്‌ കണ്ടുകൊണ്ട്‌ ജയ്‌ പറഞ്ഞു,

"ഈ കുളവും ഇതിലെ കുളവും ഇതിലെ ആമ്പൽ പൂക്കളും എനിക്ക്‌ എപ്പോഴും ഓർമ്മിക്കുവാൻ ഇഷ്ടപ്പെടുന്ന ഒന്നാണു. പക്ഷേ ആ ഓർമ്മകൾക്ക്‌ ജീവൻ പകരുന്നത്‌ എന്താണെന്ന് നിനക്കറിയുമോ ഞാൻ ഇവിടെ കുളത്തിൽ മുങ്ങിനിവരുമ്പോൾ ഈ കൽപടവുകളിൽ താടിക്ക്‌ കൈയ്യും കൊടുത്ത്‌ എന്റെ ഓരോ ചലനങ്ങളും വീക്ഷിച്ച്‌ ഒരു പുഞ്ചിരിയുമായി ഇരിക്കുന്ന നിന്റെ ഓർമ്മകളാണു.."

ജയ്‌യുടെ ആ സംസാരം എന്നെ വല്ലാതെ സ്പർശിച്ചു.  അയാളുടെ ഹൃദയത്തിന്റെ താളം അപ്പോൾ പ്രണയബന്ധിതമാണെന്ന് ഞാൻ അറിഞ്ഞു. ഞങ്ങളുടെ കണ്ണുകൾ വീണ്ടും എന്തിനെയോ തേടി അതിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുവാൻ തുടങ്ങി. ആ നോട്ടത്തിന്റെ ദൈർഘ്യം കൂടുന്നതറിഞ്ഞ ഞാൻ എന്റെ കണ്ണുകളെ അയാളിൽ നിന്നടർത്തിമാറ്റി ഒരു ചെറു പുഞ്ചിരിയോടെ തലകുമ്പിട്ടിരുന്നു. അപ്പോൾ എന്റെ വിരലുകൾ എന്തിനോവേണ്ടി മത്സരിക്കുന്നതായി ഞാൻ അറിഞ്ഞു. ചിലപ്പോൾ നമ്മിലെ ചില വികാരങ്ങൾ നിയന്ത്രിക്കപ്പെടുന്നത്‌ നമ്മളറിയാതെ തന്നെ ചലിക്കപ്പെടുന്ന നമ്മുടെ ശരീരഭാഗങ്ങളിലൂടെയാണു.

എന്റെ അസ്വസ്ഥത തിരിച്ചറിഞ്ഞ ജയ്‌യുടെ മുഖത്ത്‌ വിരിഞ്ഞ ചിരിക്ക്‌ എന്റെ വികാരങ്ങളെ അയാളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്ന അഹങ്കാരത്തിന്റെ ലാഞ്ചനയുണ്ടായിരുന്നു....

കാർത്തിക....

Friday, January 1, 2016

എന്റെ ആദ്യ നോവലിൽ നിന്ന് ...

ഇന്നത്തെ പ്രഭാതം എല്ലാവരുടേയും മനസ്സിൽ പുതിയ വർഷത്തിനുവേണ്ടിയുളള പ്രതീക്ഷകളും സ്വപ്നങ്ങളുമായി വിടർന്നിരിക്കുന്നു .... രാവിലെ ഏണീറ്റപ്പോൾ തോന്നി ഞാനെഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ ഒരു ഭാഗത്തോടു കൂടി ഈ വർഷത്തെ എന്റെ ബ്ലോഗും ഉണരട്ടെയെന്ന് ... അതിലെ ഒരദ്ധ്യായത്തിലെ കുറച്ചു ഭാഗം ഇവിടെ കുറിക്കുന്നു ....

***********************
"നേരം സന്ധ്യയോട്‌ അടുത്തിരിക്കുന്നു. ഭൂമിയെ ഇരുട്ടു മൂടുന്നതിനു മുൻപ്‌ പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം തങ്ങളുടെ കൂടുകളിലേക്ക്‌ ചേക്കേറുവാൻ തുടങ്ങിയിരിക്കുന്നു. സായം സന്ധ്യയ്ക്‌ പ്രകൃതിയുടെ മടിത്തട്ടിൽ തന്റെ എഴുത്തിന്റെ ലോകത്തിൽ അങ്ങനെ സ്വയം മറന്നിരിക്കുന്നത്‌ എനിക്കൊരുപാടിഷ്ടമാണു. ഞാൻ എഴുതുവാൻ തുടങ്ങിയാൽ പിന്നെ ആരുമെന്നെ ശല്യപ്പെടുത്തുന്നത്‌ എനിക്കിഷ്ടമല്ലാ. അവിടെ ഞാനും എന്റെ ചിന്തകളും സ്വപ്നങ്ങളും കഥാപാത്രങ്ങളും മാത്രമാണുളളത്‌.

നാലുമണിക്കാറ്റ്‌ തന്റെ ചിറകിൽ കുളിരും പേറി ഭൂമിയേയും എന്നേയും തഴുകി അതിന്റെ പ്രണയം എന്നെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. ഇളം വെയിലും കുളിർക്കറ്റും എന്റെ മനസ്സിലും പ്രണയമെന്ന അനശ്വര ഭാവം നിറച്ചിരിക്കുന്നു.എന്റെ പുതിയ നോവലിന്ന് തുടങ്ങുകയാണു. മുറ്റത്തെ മാവിൻ ചുവട്ടിൽ ഇട്ടിരിക്കുന്ന കസേരയിൽ ഞാൻ നിവർന്നിരുന്ന് എഴുതുവാനുളള ആശയങ്ങളെ ക്രോഡീകരിക്കുവാൻ തുടങ്ങി.

കഥാ തന്തുവിലേക്കുളള ബീജം മൊട്ടിടുവാൻ തുടങ്ങിയിരിക്കുന്നു. ആ ബീജവുമായി എന്റെ പ്രണയം സംഗമിക്കുമ്പോൾ അവിടെ എന്റെ പുതിയ നോവലിന്റെ ഭ്രൂണം ജനിക്കുകയായി. പേന കൈയ്യിൽ എടുക്കുന്നതിനു മുൻപ്‌ ദൈവങ്ങൾക്ക്‌ മുൻപിലും, ഗുരുക്കന്മാർക്ക്‌ മുൻപിലും, മാതാപിതാക്കന്മാർക്ക്‌ മുൻപിലും ഒരു നിമിഷം മൗനമായി പ്രാർത്ഥനകൾ സമർപ്പിച്ചു. അവരുടെ അനുഗ്രഹത്തോട്‌ കൂടി ഞാൻ പേനയെടുത്ത്‌ എന്റെ നോവലിന്റെ പേരു ആദ്യമായി എന്റെ കടലാസ്സിൽ കുറിച്ചു,

"നിർവചനങ്ങളില്ലാത്ത പ്രണയം."

"ജന്മജന്മാന്തരങ്ങളായി ഞാൻ തേടിയ പ്രണയത്തെ
എന്റെയാത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയത്തെ
എന്നിലെ പ്രണയത്തെ നീ തൊട്ടുണർത്തുകയായിരുന്നു
ഞാൻ അറിയുകയായിരുന്നു ആ പ്രണയസാഫല്യം."

അങ്ങനെ പുതിയ നോവലിന്റെ ആദ്യവരികൾ ഞാൻ കുറിച്ചു. ഇതെന്റെ ജീവിതമാണോ സ്വപ്നമാണോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. കാരണം എന്റെ ജീവിതവും സ്വപ്നങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണു.അതിൽ ഏതാണു സത്യം ഏതാണു മിഥ്യയെന്ന് എനിക്ക്‌ ഇതുവരേയും തിരിച്ചറിയുവാൻ കഴിഞ്ഞിട്ടില്ലാ.

ഞാനെന്റെ എഴുത്തിന്റെ ലോകത്തേക്ക്‌ പൂർണ്ണമായും ലയിച്ചപ്പോൾ ചാക്കോച്ചനും ഗോവിന്ദാമ്മയും അവരുടെ ലോകത്തായിരുന്നു. രണ്ടുപേരും മനക്ക്‌ ചുറ്റും പടർന്നു പന്തലിച്ചു കിടക്കുന്ന പച്ചപ്പട്ടുവിരിച്ച പ്രകൃതിയുടെ മടിത്തട്ടിൽ തങ്ങളുടെ കഥകളുമായി വിഹരിച്ചു.

ചാക്കോച്ചന്റെ ഉറക്കെയുളള സംസാരം ഞാനും കേൾക്കുന്നുണ്ടായിരുന്നു,
"ഗോവിന്ദന്മാമോ ഈ മനക്ക്‌ എത്ര വർഷം പഴക്കം വരും ??"

പാണ്ഡിത്യം തെളിയിക്കുവാൻ കിട്ടിയ അവസരം ഗോവിന്ദന്മാമ നഷ്ടപ്പെടുത്തിയില്ലാ, "കുഞ്ഞേ എന്റെ അറിവ്‌ ശരിയാണെങ്കിൽ ഏകദേശം നൂറു നൂറ്റിയൻപത്‌ വർഷം പഴക്കം വരും. ബ്രഹ്മദത്തൻ നമ്പൂതിരിയാണു ഇത്‌ പണികഴിപ്പിച്ചത്‌. വർഷങ്ങൾക്ക്‌ മുൻപ്‌ പഴമയും പ്രൗഡിയും ഒരുപോലെ വാണിരുന്ന ഇല്ലമാണിത്‌. പിന്നീട്‌ കാലം പട്ടിണിയും പരിവട്ടവും മാത്രം നൽകുവാൻ തുടങ്ങിയപ്പോൾ ഉളള പ്രൗഡിയൊക്കെ വിറ്റ്‌ ഇവിടുത്തെ നമ്പൂതിരികൾ എങ്ങോട്ടോ പോയി. കാർത്തിക കുഞ്ഞ്‌ ഇത്‌ വാങ്ങിച്ചിട്ട്‌ അഞ്ച്‌ വർഷമാകുന്നു. ശരിക്കും പറഞ്ഞാൽ കുഞ്ഞിത്‌ വാങ്ങിക്കുമ്പോൾ ഈ ഇല്ലം മൊത്തം ക്ഷയിച്ചിരിന്നു. കുഞ്ഞ്‌ കുറേ കാശുമുടക്കി ഇത്‌ ഈ രൂപത്തിലാക്കുവാൻ. "

"വർഷത്തിലൊന്നോ രണ്ടോ തവണ കാർത്തിക കുഞ്ഞ്‌ ഇവിടെ വരും. കഥ എഴുതാനാണു വരുന്നത്‌. പക്ഷേ കുഞ്ഞിനെ കാണാൻ അങ്ങനെ ഇവിടെയാരും വരാറില്ല. ആകെ വരുന്നത്‌ ആ സാറാണു. സാറു വന്നാൽ രണ്ട്‌ മൂന്നു ദിവസം ഇവിടെ തങ്ങും. അവരു വളരെയടുപ്പമ്മുളള സുഹൃത്തുക്കളാണല്ലേ." ഗോവിന്ദന്മാമ എന്തോ രഹസ്യം അറിയുവാണുളള ഉദ്വേഗത്തിൽ ചാക്കോച്ചനോട്‌ ചോദിച്ചു.

അത്‌ മനസ്സിലാക്കിയ ചാക്കോച്ചൻ ചിരിച്ചുകൊണ്ട്‌ ചോദിച്ചു, "അജയ്‌ സാറിനെക്കുറിച്ചാണോ ഗോവിന്ദന്മാമ പറയുന്നത്‌. അവരു കോളേജിൽ പടിക്കുമ്പോൾ മുതലുളള സുഹൃത്തുക്കളാണു. രണ്ട്‌ പേർക്കും എഴുത്തും വായനയുമൊക്കെ തലക്ക്‌ പിടിച്ചവർ. മിക്കകാര്യങ്ങളിലും ഒരേ അഭിരുചിയുളളവർ. എന്താ ഗോവിന്ദന്മാമാ എവിടെയോ ഒരു സംശയത്തിന്റെ മുളളു മനസ്സിലുണ്ടല്ലോ?" ....

**********************

ഈശ്വരാ എന്റെ വലിയ ഒരു സ്വപ്നമാണിത്‌... ഞാനെന്ന എഴുത്തുകാരിയുടെ ആദ്യ സംരഭം .... നീ അത്‌ പൂർത്തിയാക്കുവാൻ എന്നേയും എന്റെ തൂലികയേയും എന്റെ അക്ഷരങ്ങളേയും പ്രാപ്തമാക്കുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ...

മാഷേ... എന്റെ നോവലിനുവേണ്ടി ഞാനെഴുതിയത്‌ ... എനിക്ക്‌ വേണ്ടി പ്രാർത്ഥിക്കണം .. ആ പ്രർത്ഥനകൾ മാഷിന്റെ അനുഗ്രഹങ്ങളായി എന്നിൽ എത്തുച്ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.... എന്റെ പ്രാർത്ഥനകളും എന്നും മാഷിന്റെ കൂടെയുണ്ടാവും ...

  ഈ പുതുവർഷം അതിന്റെ എല്ലാ നന്മകളോടും കൂടി മാഷിന്റെ ജീവിതത്തിൽ അനുഭവഭേദ്യമാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു .. പ്രാർത്ഥിക്കുന്നു....


സ്നേഹപൂർവം കാർത്തിക...







Thursday, December 31, 2015

ഹൃദയം നിറഞ്ഞ നന്ദി ..

ജീവിതമാകുന്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിനുകൂടി തിരശീല വീണുകൊണ്ട്‌ ഇന്ന് അതിൽ അവസാനത്തെ വരികളും കുറിക്കുന്നു.

എന്റെ ജീവിതത്തിൽ സ്വർണ്ണലിപികളിൽ എഴുതിച്ചേർക്കപ്പെട്ട അദ്ധ്യായം... പക്ഷേ ചില അദ്ധ്യായങ്ങളിലെ അക്ഷരങ്ങൾ എന്റെ കണ്ണുനീരിനാൽ എവിടെയൊക്കെയോ പടർന്നിരിക്കുന്നു.

"ഒരു നോക്കു കാണാതെ , ഒന്നു തൊടുവാൻ കഴിയാതെ എന്റെ ആത്മാവിൽനിന്നും ശരീരത്തിൽനിന്നും വേർപ്പെട്ട എന്റെ പൊന്നു കുഞ്ഞിന്റെ ഓർമ്മകളുടെ അദ്ധ്യായങ്ങൾ...."

"എല്ലാം ഒരു മൗനത്തിൻ മറയിൽ ഒളിപ്പിച്ച്‌ എന്നിൽ നിന്ന് ദൂരേക്ക്‌ പറന്നകന്നുപോയ ഇപ്പോഴും എന്റെ നെഞ്ചോട്‌ ചേർത്ത്‌ നിർത്തുന്ന ആ നല്ല സൗഹൃദത്തിന്റെ ഓർമ്മകളിൽ കുറിക്കപ്പെട്ട അദ്ധ്യായങ്ങൾ .."

"ജീവിതത്തിൽ ഇനിയുളള യാത്ര എല്ലാ ബന്ധങ്ങളിൽ നിന്നുമകന്ന് തനിയായിരിക്കുമെന്ന തീരുമാനത്തിനായി എഴുതിച്ചേർത്ത അദ്ധ്യായങ്ങൾ..."

"2015 ....
നീയെനിക്ക്‌ വേദനകൾ മാത്രമാണു സമ്മാനിച്ചതെങ്കിലും ..
. എനിക്ക്‌ വിട ചൊല്ലേണ്ടാ നിന്നോട്‌ ... 
ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു നിന്നിൽ നിന്നകന്നു പോകുന്ന ഓരോ നിമിഷങ്ങളിലും എന്റെ ശരീരത്തിൽ നിന്ന് എന്റെ ജീവനും അകന്നു പോയിരുന്നിരുന്നെങ്കിലെന്ന്... 
നീ നിന്റെ യാത്ര അവസാനിപ്പിക്കുന്ന നിമിഷം എന്റേയും ഈ ഭൂമിയിലെ യാത്ര അവസാനിച്ചിരുന്നെങ്കിലെന്ന്..

പുതിയ വർഷത്തിൽ നീയൊരോർമ്മയായി മാറുമ്പോൾ എന്റെ കുഞ്ഞിന്റെ ഓർമ്മകളുടെ കൂടെ, എന്റെ പ്രണയത്തിന്റെ ഓർമ്മകളുടെ കൂടെ ഞാനും ഒരോർമ്മയായി മാറിയിരുന്നെങ്കിലെന്ന്..."

"മരണമേ നീയെന്നെ പ്രണയിക്കുകയാണോ..
എനിക്കും ചുറ്റും നിന്റെ ഗന്ധം പടരുന്നു ...
നീയെന്നെ ആഴത്തിൽ ചുംബിക്കുന്നത്‌ ഞാനറിയുന്നു...
എന്റെ നഗ്നമേനിയേ നീ ഗാഡമായി പുൽകുന്നതും ഞാനറിയുന്നു ...
നിന്റെ പ്രണയത്തിൻ തീവ്രതയിൽ ഞാനറിയുന്നു
ഈ ലോകത്തിൽ നിന്നേ പ്രണയിക്കുന്ന ആദ്യ വ്യക്തി ഞാനാണെന്ന് ..."

"അല്ലാ... അപ്പോ നീ പോകുവാൻ തന്നേ തീരുമാനിച്ചോ???? "
മരണവുമായിട്ടുളള എന്റെ പ്രണയത്തെ തടസ്സപ്പെടുത്തി ആശാൻ രംഗപ്രവേശനം ചെയ്തു.

"ഇങ്ങളെന്നെ പ്രണയിക്കുവാൻ സമ്മതിക്കില്ലാ." അത്‌ പറഞ്ഞപ്പോൾ എന്റെ മുഖത്തെ ഗൗരവം പടച്ചോൻ ശ്രദ്ധിച്ചു.

"യ്യോ !!!! അന്റെ പ്രണയം കൊണ്ട്‌ ഞാൻ പൊറുതിമുട്ടിയിരിക്കുവാ. ഇയ്യ്‌ പ്രണയിച്ചോ.... അല്ലാ നാളെ പുതുവത്സമായിട്ടും അന്റെ മുഖത്തെന്താ ഇത്ര ഗൗരവം??"

"ഒന്നുമില്ലാ.. വെറുതെ.." വിദൂരതയിലേക്ക്‌ കണ്ണും നട്ട്‌ ഞാനുത്തരം പറഞ്ഞു.

"ഈയ്യ്‌ മരണത്തെ പ്രണയിക്കുകയാണെന്ന് പറഞ്ഞിട്ടും ഇന്നെന്താ അന്റെ കണ്ണുകളിൽ തിളങ്ങുന്ന ആ പ്രണയത്തെ എനിക്ക്‌ കാണുവാൻ കഴിയാത്തത്‌." എല്ലാം അറിയാം പടച്ചോനു പക്ഷേ ചിലകാര്യങ്ങൾ അങ്ങേർക്ക്‌ നമ്മുടെ വായിൽനിന്ന് തന്നെ കേൾക്കണം .

"ഇന്നലെ ഞാൻ വെറുതെ കുറച്ചു കരഞ്ഞായിരുന്നു. ചിലപ്പോൾ ആ കണ്ണുനീരിനൊപ്പം എന്റെ പ്രണയവും കുതിർന്നുപോയതായിരിക്കും." അതു പറഞ്ഞപ്പോളും ഞാൻ അദ്ദേഹത്തെ നോക്കിയില്ലാ.

എന്റെ ഉത്തരം കേട്ടിട്ട്‌ പടച്ചോൻ ഒന്നും മിണ്ടാതായപ്പോൾ ഞാൻ അങ്ങോട്ട്‌ ഒരു ചോദ്യം ചോദിച്ചു, "ഞാനെന്തിനാ കരഞ്ഞതെന്ന് ഇങ്ങളു ചോദിക്കുന്നില്ലേ?"

"ഇല്ലാ." ആ മറുപടി ഞാൻ പ്രതീക്ഷിച്ചില്ലാ.

"ഞാൻ പൊകുവാ. അന്റെ മൂഡ്‌ ശരിയല്ലാ. പോകുന്നതിനു മുൻപ്‌ അത്‌ പറഞ്ഞിട്ട്‌ പോയില്ലെങ്കിൽ എങ്ങനെയാ,

"HAPPY NEW YEAR "

പടച്ചോൻ അത്‌ പറഞ്ഞിട്ടും ഞാൻ അദ്ദേഹത്തെ നോക്കിയില്ലാ. തിരികെ ആശംസ പറഞ്ഞതുമില്ലാ. അദ്ദേഹം എന്റെ അടുത്ത്‌ നിന്നെണീറ്റ്‌ പതിയെ നടക്കുവാൻ തുടങ്ങി.

അദ്ദേഹം എന്റെയടുത്തുനിന്നും നടന്നകന്ന് പോകുന്നതറിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ്‌ അദ്ദേഹം പോകുന്നത്‌ നോക്കിയിരുന്നു.
പിന്നെ ഉറക്കെ വിളിച്ചു ചോദിച്ചു, " ഇങ്ങളെന്തിനാ പത്ത്‌ മാസങ്ങൾക്ക്‌ മുൻപ്‌ ആ സ്വപ്നം എന്നെ കാണിച്ചത്‌???" എന്റെ ചോദ്യം കേട്ട്‌ തന്റെ നടപ്പ്‌ അവസാനിപ്പിച്ച്‌ അദ്ദേഹം തിരിഞ്ഞു നോക്കി. അപ്പോഴും എന്റെ മുഖത്തെ ഗൗരവം അതുപോലെ തന്നെയുണ്ടായിരുന്നു.

"അന്റെ കണ്ണുകളിൽ തിളങ്ങുന്ന പ്രണയവും, അന്റെ ചുണ്ടിൽ പ്രണയമായി വിടരുന്ന ആ പുഞ്ചിരിയും സമ്മാനിച്ചത്‌ ആ സ്വപ്നമാണു. 

നീ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന അന്റെ അക്ഷരങ്ങൾക്ക്‌ ഒരു പുതുജീവനും ആത്മാവും നൽകിയത്‌ ആ സ്വപ്നമാണു... 

അന്റെ ജീവിതകാലം മുയുവനും അമൂല്യമായി കാത്തൂസൂക്ഷിക്കാൻ സാധിക്കുന്ന സുമിയെന്ന പെൺസൗഹൃദത്തെ നൽകിയത്‌ ആ സ്വപ്നമാണു... 

അന്റെ ജീവനായ രെഞ്ചിയുടെ സന്തോഷത്തിനായി നിനക്ക്‌ ഈ ലോകത്തിൽ എന്തും ചെയ്യാമെന്നുളള ധൈര്യം നൽകിയത്‌ ആ സ്വപ്നമാണു ...

മാതൃത്വം അനക്ക്‌ അന്യമാണെന്ന് പറഞ്ഞ ശാസ്ത്രലോകത്തിനു മുൻപിൽ  മൂന്നു മാസം നിനക്ക്‌ ഉദരത്തിലേറ്റുവാൻ ഒരു കുഞ്ഞിനെ നൽകിയത്‌ ആ സ്വപ്‌നമാണു..... 

എല്ലാത്തിലും ഉപരി ഈ ലോകത്തിൽ നീ അറിയുന്ന നിന്നെയറിയുന്ന അന്റെ മാഷിന്റെ മനസ്സിൽ ആർക്കും ഒരിക്കലും അറിയുവാൻ സാധിക്കാത്ത, ആർക്കും ഒരിക്കലും മനസ്സിലാക്കുവാൻ സാധിക്കാത്ത നീ നേടിയ ആ സ്ഥാനവും ആ സ്വപ്നത്തിലൂടെയാണു..."

അദ്ദേഹത്തിന്റെ ആ ഉത്തരമായിരുന്നു 2015 എന്ന വർഷം എനിക്ക്‌ സമ്മാനിച്ച അമൂല്യമായ അനുഭവങ്ങൾ.

അതും പറഞ്ഞു പോകുവാൻ ഒരുങ്ങിയ പടച്ചോനോട്‌ എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയൊടെ ഞാൻ പറഞ്ഞു..

"പുതുവത്സരാശംസകൾ"

"2015 എന്ന വർഷത്തിൽ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുളള എല്ലാ വ്യക്തിത്വങ്ങൾക്കും നിങ്ങളുടെ സ്നേഹത്തുനും,സഹകരണത്തിനും,പിന്നെ എന്റെ പപ്പയ്ക്കു വേണ്ടി നിങ്ങൾ സമർപ്പിച്ച പ്രാർത്ഥനകൾക്കും ഒരു പാട്‌ നന്ദി അർപ്പിക്കുന്നു..."

"ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ഒരു നല്ല പുതുവർഷം ഞാൻ നേരുന്നു."

സ്നേഹപൂർവം കാർത്തിക..




Sunday, December 27, 2015

ആദ്യത്തെ പ്രണയം ( അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി)

പുറത്ത് വീശിയടിക്കുന്ന തണുത്ത കാറ്റും ചന്നം പിന്നം‌ പെയ്യുന്ന ചാറ്റൽ മഴയും ആസ്വദിച്ചങ്ങനെയിരുന്നപ്പോൾ ദേ വരുന്നു ആശാൻ.

"എന്തേ ഇത്ര വൈകിയത്‌ ഇന്ന് വരാൻ. ഒരു നല്ല മഴ ഇങ്ങൾക്കൊന്നു പെയ്യിച്ചൂടെ ഇവിടെ. ഞാൻ ഒരു നല്ല മഴക്കായി ഒരു വേഴാമ്പലിനെപ്പോലെ ഇവിടെയിരിക്കാൻ തുടങ്ങിയിട്ട്‌ എത്രനേരമായെന്നറിയുമോ?? ഇങ്ങൾക്കറിയില്ലേ മഴയെന്നത്‌ എന്റെ പ്രണയമാണെന്ന്"

"അല്ലാ... ഞാൻ പല പ്രാവശ്യം ചോദിക്കണമെന്ന് വിചാരിച്ചതാ...അനക്ക്‌ പ്രണയമല്ലാത്തതായി ഈ ലോകത്തിൽ എന്തെങ്കിലുമുണ്ടോ?? ചുമ്മാ ഇതുവഴി പോയപ്പോൾ അന്റെ രോഗവിവരം അന്വേഷിക്കാൻ ഒന്ന് കയറിയതാ.. അതിപ്പോൾ അബദ്ധമായീന്നു തോന്നുന്നു." ദൈവം ആണെന്ന് പറഞ്ഞിട്ട്‌ എന്താകാര്യം പുളളിക്കും ദേഷ്യം മൂക്കിന്റെ തുമ്പത്താ.

"എന്റെ പടച്ചോനെ ഞമ്മക്കൊന്നും വേണ്ടായേ... ഞമ്മളീ ചാറ്റ മഴയും ആസ്വദിച്ചിരുന്നോളാം." പടച്ചോന്റെ മുൻപിൽ ഞാൻ തോൽവി സമ്മതിച്ചു.

"അല്ലാ.. അന്റെ കഥ എന്തായി?? നീയ്‌ ഓർക്കുന്നുണ്ടോ നീ എനിക്കെഴുതിയ ആദ്യത്തെ കത്ത്‌." പടച്ചോൻ എന്റെ കഥയിലേക്ക്‌ കടന്നു.



"യ്യോ!!! ഇങ്ങളത്‌ മറന്നിട്ടില്ല. ഞാനും ഓർക്കുന്നു."

ഞാൻ അന്ന് അഞ്ചാം ക്ലാസ്സിൽ പടിക്കുന്ന സമയം. മരിച്ചുപോയ എന്റെ വല്യവല്യമ്മച്ചിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടാണു അക്ഷരങ്ങളോടുളള എന്റെ ആദ്യത്തെ പ്രണയം ഞാൻ കുറിക്കുന്നത്‌ "ദൈവത്തിനുളള എന്റെ കത്ത്‌". ഞാനിപ്പോഴും ഓർക്കുന്നു ഞങ്ങൾ കിടക്കുന്ന മുറിയിലെ ഒരു ചെറിയ മേശയിൽ വെച്ചിരിക്കുന്ന ടേബിൾ ലാമ്പിന്റെ അടിയിലിരുന്നാണു ആദ്യത്തെ വരികൾ ഞാൻ കുറിക്കുന്നത്‌. ഒരു ഇളം ചാണക പച്ച നിറത്തിലുളള ഒരു കുഞ്ഞു പോക്കറ്റ്‌ ഡയറി. അതിലു ഞാനെഴുതി,

"പ്രിയപ്പെട്ട അപ്പാ,

അപ്പയ്ക്‌ സുഖമെന്നു വിശ്വസിക്കുന്നു. എന്റെ വല്യവല്യമ്മച്ചി അങ്ങോട്ട്‌ വന്നായിരുന്നു. അമ്മച്ചിക്കും സുഖമെന്ന് വിശ്വസിക്കുന്നു. അമ്മച്ചി പോയതിൽപിന്നെ ഒരു രസവുമില്ല. പപ്പ ഇപ്പോൾ ഞങ്ങളെ ഒരുപാട്‌ വഴക്കു പറയും. എല്ലാത്തിനും ഞങ്ങളെ തല്ലുകയും ചെയ്യും. വേനലവധിക്ക്‌ മമ്മിയുടെ വീട്ടിൽ ചെല്ലുമ്പോൾ അമ്മച്ചിയുടെ കൂടെ നാലുമണിയാകുമ്പോൾ കാറ്റുകൊളളാൻ തെക്കോട്ട്‌ ഒരു നടപ്പുണ്ട്‌. എന്തു രസായിരുന്നു അത്‌. അമ്മച്ചി വടി കുത്തിപ്പിടിച്ചു വരും ഞാനും എന്റെ അനിയത്തിയും അമ്മച്ചിയുടെ കൂടെ ചാടി തുളളി നടക്കും. പക്ഷേ ഒരു കാര്യത്തിൽ മാത്രം അമ്മച്ചിയോട്‌ എനിക്ക്‌ ദേഷ്യമായിരുന്നു. പോകുന്ന വഴിക്ക്‌ മുറ്റത്തെവിടെയെങ്കിലും പശു ചാണകം ഇട്ടിട്ടുണ്ടെങ്കിൽ ഞങ്ങളെക്കൊണ്ട്‌ അത്‌ വാരിക്കും. വയ്യാന്ന് പറഞ്ഞാലും അത്‌ വാരി കളയാതെ അമ്മച്ചി മുൻപോട്ട്‌ നടക്കത്തില്ല. അങ്ങനെ എത്ര ചാണകം അമ്മച്ചി ഞങ്ങളെക്കൊണ്ട്‌ വാരിച്ചിരിക്കുന്നു. എന്നാലും അപ്പ അമ്മച്ചിയെ ഇത്ര നേരത്തെ വിളിക്കണ്ടായിരുന്നു. ഞാൻ ഇപ്പോൾ തനിച്ചായില്ലേ ഇവിടെ.അമ്മച്ചിയോട്‌ എന്റെ അന്വേഷണം പറയണം ട്ടോ."

അമ്മച്ചിയുടെ മരണശേഷമാണു ഞാനും പടച്ചോനും സുഹൃത്തുക്കളാകുന്നത്‌. എന്റെ എന്തു വിഷമ്മങ്ങളും ഞാൻ ദൈവത്തിനുളള കത്തിലൂടെ എഴുതുവാൻ തുടങ്ങി. ഒരിക്കലും എനിക്ക്‌ മറുപടി കിട്ടില്ലാ എന്നറിയാമായിരിന്നിട്ടും ഞാൻ എന്നും കത്തെഴുതുമായിരുന്നു.

ഞാൻ തന്നെ എനിക്കു ചുറ്റും ഒരു ലോകം സൃഷ്ടിച്ചു. സ്വപ്നങ്ങൾക്കൊണ്ടുളള വളരെ മനോഹരമായ ലോകം. ഞാനും ദൈവവും പ്രകൃതിയും അതിലെ ജീവജാലങ്ങളും അടങ്ങുന്ന ഒരു ലോകം. അവിടെ ഞങ്ങൾ പരസ്പരം ഒരുപാട്‌ സംസാരിക്കുമായിരുന്നു. എന്റെ എന്തു പ്രശ്നത്തിനും എനിക്ക്‌ ഉത്തരവും കിട്ടിയിരുന്നു. എല്ലാവരും ഉച്ചക്ക്‌ ഊണൊക്കെ കഴിഞ്ഞ്‌ ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉണർന്നിരിക്കും. പറമ്പിൽ കൂടി നടന്ന് മരങ്ങളോടും ചെടികളോടും പൂക്കളോടും കിളികളോടും അണ്ണാരക്കണ്ണന്മാരോടുമെല്ലാം പായാരം പറഞ്ഞു നടക്കും. ഞാൻ സ്ഥിരം സന്ദർശകയായതുകൊണ്ട്‌ ഞാൻ വരുമ്പോളേ അവർക്ക്‌ അറിയാം. ഞാൻ സംസാരിച്ചു തുടങ്ങുമ്പോഴേ അവർ ചെവിയോർത്തു എന്നേയും നോക്കി നിൽക്കുന്നത്‌ കാണാം. അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവർക്കും മനസ്സിലാകുമായിരുന്നു. പ്രകൃതിയുടെ ഭാഷ...

"നീയ്‌ അതു പറഞ്ഞപ്പോളാ നമ്മടെ ഇപ്പോളത്തെ കുട്ടികളെക്കുറിച്ച്‌ ഓർത്തത്‌. ഇപ്പോഴുളള കുട്ടികൾക്ക്‌ ആകെ അറിയാവുന്നത്‌ മൊബെയിലിന്റേയും , കർട്ടൂണിന്റേയും , കമ്പ്യൂട്ടർ ഗെയിമിന്റേയും ഭാഷയാണു. അവർക്ക്‌ ഈ പ്രകൃതീന്റെയും, അതിലെ ജീവജാലങ്ങളുടേയും ഭാഷയൊന്നും മനസ്സിലാകില്ലാ. അല്ലാ .. അതിനു പിളേളരെ പറഞ്ഞിട്ട്‌ കാര്യമില്ലാ.. അവരുടെ അപ്പനും അമ്മക്കും ആകെയറിയാവുന്ന ഭാഷ ഫേയ്സ്‌ ബുക്കിന്റെയാണല്ലോ...  അവരു ഫോട്ടൊയിട്ടും ലൈക്ക്‌ മേടിച്ചും സമയം കളയുമ്പോൾ പിളേളരു കാർട്ടൂൺ കണ്ടും ഗെയിമു കളിച്ചും സമയം കളയുന്നു... കലികാലം അല്ലാണ്ടെന്താ പറയുക.." പടച്ചോന്റെ പരാതി പറച്ചിൽ എന്റെ കഥയുടെ ഗതി മാറ്റി.

"എന്തിനാ എല്ലാവരും കലികാലത്തെ കൂട്ടുപിടിക്കണത്‌. ശാസ്ത്രം മാറുന്നതിനനുസരിച്ച്‌ മനുഷ്യരുടെ ചിന്താഗതിയും ജീവിത രീതിയും മാറുന്നു അത്രേയുളളൂ. എന്നാലും എന്റെ അഭിപ്രായവും കുട്ടികളെ പ്രകൃതിയുടെ ആത്മാവു അറിയിച്ചു വളർത്തണമെന്നാണു. കാരണം പ്രകൃതിയാണു ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഗുരു. അതിന്റെ ആത്മാവിൽ തൊടുന്നവർക്ക്‌ എപ്പോഴും ഒരു പോസിറ്റീവ്‌ എനർജി അവർക്ക്‌ ചുറ്റും അനുഭവിച്ചറിയാൻ സാധിക്കും." ഞാനും വളരെ ഫിലോസഫിക്കലായതുപോലെ എനിക്കും തോന്നി.



"സമയം 4:19. സന്ധ്യയാകുവാൻ തുടങ്ങിയിരിക്കുന്നു. ഞാൻ എന്നാ അങ്ങോട്ട്‌ ചെല്ലട്ടെ. പോയിട്ട്‌ കുറച്ചു തിരക്കുണ്ട്‌. നിന്റെ അടുത്തു വന്നാൽ പിന്നെ സമയം പോണതറിയില്ലാ. നീയ്‌ ആരോഗ്യം നോക്കണം ട്ടോ. എനിക്കറിയാം അസുഖങ്ങൾ നിന്നെ ഒരുപാട്‌ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന്. എത്ര വേദനയുണ്ടെങ്കിലും അന്റെ മുഖത്തുളള ആ ചിരിയായിരുന്നു എന്റെ സന്തോഷം. മനസ്സു തുറന്നുളള നിന്റെ ആ ചിരി കണ്ടിട്ട്‌ കുറേ നാളായിരിക്കുന്നു." പടച്ചോൻ അതും പറഞ്ഞ്‌ എന്റെ മുഖത്തേക്ക്‌ നോക്കി.

"ആ ചിരി എനിക്ക്‌ നഷ്ടപ്പെട്ടൂന്ന് ഇങ്ങൾക്കറിയില്ലേ... അങ്ങനെ ചിരിക്കാൻ ഞാൻ മറന്നേ പോയിരിക്കുന്നു. ഇപ്പോൾ ചിരിക്കുമ്പോൾ മുഖത്തെ പേശികളെല്ലാം വരിഞ്ഞു മുറുകി വല്ലാതെ വേദനിക്കുന്നു. ചിലപ്പോൾ ഉളളിൽ വിങ്ങുന്ന ആ നോവ്‌ ചിരിക്കുവാൻ എന്നെ അനുവദിക്കാത്തതുകൊണ്ടാവണം... സാരല്ല്യാ.. ഇങ്ങളു പൊയ്കീളീൻ. ഞമ്മക്ക്‌ ഇതൊക്കെയൊരു ശീലമല്ലേയെന്ന്." അതു ഞാൻ പറയുമ്പോൾ എന്റെ ഹൃദയത്തിന്റെ വേദന പടച്ചോൻ അറിഞ്ഞിരുന്നു.

അദ്ദേഹം നടന്നകന്ന് പോകുന്തോറും തിരിഞ്ഞു തിരിഞ്ഞു എന്നെ നോക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്റെ കണ്ണിൽ നിന്നു മറഞ്ഞപ്പോഴേക്കും ഒരു നല്ല മഴയായി എന്നിലെ പ്രണയത്തെ തൊട്ടുണർത്തുവാൻ അദ്ദേഹം മറന്നില്ല. എന്റെ മനസ്സിലെ എല്ലാ ദുഃഖവും ആ മഴിയിലൂടെ ഈ ഭൂമിയിലേക്ക്‌ പെയ്തിറങ്ങുന്നത്‌ ഞാൻ അറിഞ്ഞു... അവിടെ എനിക്ക്‌ കൂട്ടായി നിന്റെ പ്രണയവും എന്നെ തഴുകി എന്റെ ആത്‌മാവിനെ പുൽകിയപ്പോൾ ഞാൻ അറിഞ്ഞു മഴയെന്നത്‌ പ്രകൃതിയുടെ പ്രണയമാണെങ്കിൽ നീയെന്നത്‌ എനിക്ക്‌ എന്റെ ആത്മാവിന്റെ സൗഹൃദമാണു...
എന്റെ അനശ്വരമായ പ്രണയമാണു ...

(പ്രണയം അവസാനിച്ചിട്ടില്ലാ... അവസാനിക്കുകയുമില്ലാ..)

കാർത്തിക...










Saturday, December 26, 2015

അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി

"ല്ലാ... ക്രിസ്തുമസ്സ്‌ കഴിഞ്ഞൂല്ലേ?? ചിലരൊക്കെ ക്രിസ്തുമസ്സിനു മുൻപ്‌ കുറേ പടക്കങ്ങൾ പൊട്ടിച്ചായിരുന്നു... ആരുടേയോ കഥ എഴുതാൻ പോകുന്നെന്നോ... നാളെ മുതലങ്ങ്‌ കഥ തുടങ്ങാൻ പോവുകയാണെന്നൊക്കെ പറഞ്ഞ്‌.... ഞാനാണെങ്കിൽ എല്ലാ ദിവസവും കഥ വന്നോ വന്നോയെന്ന് നോക്കിയിരിക്കുകയാ...എവിടെ!!".

തന്റെ ഉറക്കത്തിനു ഭംഗം വരുത്തിയ ശബ്ദത്തിന്റെ ഉറവിടം ഞാൻ അന്വേഷിച്ചു... അത്‌ വേറാരുമായിരുന്നില്ല മ്മടെ പടച്ചോൻ....
"ഇങ്ങൾക്ക്‌ ഉറക്കം ഒന്നുമില്ലേ. സമയം ഇപ്പോൾ വെളുപ്പിനെ 1:04. ഇങ്ങടെ പറച്ചിൽ കേട്ടാൽ തോന്നും ന്റെ കൊയപ്പം കൊണ്ടാ ഞാൻ കഥ എഴുതാഞ്ഞതെന്ന്. കഥ എഴുതാൻ അങ്ങട്‌ മുട്ടി വന്നപ്പോൾ ഇങ്ങളു മ്മക്കിട്ട്‌ പണിതന്നു. മിനിഞ്ഞാന്ന് മുതലു മ്മടെ കൊങ്ങാക്ക്‌ പിടിച്ചോണ്ട്‌ ഒരു ജലദോഷവും മ്മടെ മൂക്ക്‌ തെറിപ്പിച്ചോണ്ട്‌ ഒരു തുമ്മലും ഇങ്ങളു ഞമ്മക്ക്‌ ക്രിസ്തുമസ്സ്‌ ഗിഫ്റ്റായിട്ടു തന്നു . ഒന്നു തല നേരെ നിന്നിട്ട്‌ വേണ്ടേ കഥ എഴുതാൻ."

"അല്ലേലും ഇങ്ങളു എല്ലാവർക്കും പണികൊടുക്കാൻ മിടുക്കനാണല്ലോ?" ഉറക്കത്തിൽ നിന്ന് എന്നെ എണീപ്പിച്ചത്തിന്റെ നീരസവും, പിന്നെ ഒരു നല്ല കാര്യത്തിനു ഇറങ്ങിയപ്പോൾ തന്ന പണിയുടെ ദേഷ്യവും ഞാൻ മറച്ചുവെച്ചില്ല.

"ഇന്നലെ ക്രിസ്തുമസ്സായിട്ട്‌ ഞമ്മക്ക്‌ ഡൂട്ടിയായിരുന്നു. വയ്യാണ്ട്‌ ലീവ്‌ എടുക്കാമെന്ന് വെച്ചപ്പോൾ ഇത്തിരി മനസ്സാക്ഷിയുളളതുകൊണ്ട്‌ ആരേയും ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ചു വയ്യാഞ്ഞിട്ടും ഞാൻ ജോലിക്ക്‌ പോയി. അവിടെ ചെന്നിട്ടോ തുമ്മലും ചീറ്റലും പിന്നെ രോഗികളുടെ ഒടുക്കത്തെ ചൊറിച്ചിലും കൂടിയായപ്പോൾ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചു. ജോലിക്ക്‌ കയറിപ്പളേ ഞാൻ പറഞ്ഞതാ പടച്ചോനെ തിരക്കൊന്നുമില്ലാതെ ഇന്നത്തെ ദിവസം പോണെയെന്ന്. എവിടെ ഇങ്ങളു ഒന്നിന്റെ പുറകേ ഒന്നായി പണി തന്നോണ്ടേയിരുന്നു. ക്രിസ്തുമസ്സായിട്ട്‌ ആഹാരം കഴിച്ചതോ നാലു മണിക്ക്‌. അതും ഒരു സൂപ്പും രണ്ടു പറ്റ്‌ ചോറും. ഇങ്ങൾക്ക്‌ കണ്ണിച്ചോരയില്ലായെന്ന് പറയുന്നത്‌ ഇതു കൊണ്ടാ. എന്താണേലും നാളത്തേക്ക്‌ ഞാൻ സിക്ക്‌ ലീവെടുത്തു. ഒട്ടും വയ്യായെനിക്ക്‌. ജോലിയും കഴിഞ്ഞ്‌ നേരെ വന്ന് കട്ടിലിൽ കയറിയതാ. ക്ഷീണം കാരണം ഉറങ്ങിപോയതേ അറിഞ്ഞില്ലാ. അപ്പോ ദേ വന്നിരിക്കുന്നു കഥയുടെ കാര്യവും പറഞ്ഞുകൊണ്ട്‌ ഒരാളു."

പക്ഷേ പടച്ചോൻ ആരാ മോൻ... എന്നോട്‌ വഴക്ക്‌ കൂടാൻ തന്നെ തീരുമാനിച്ചു.
"അതു ശരി നിനക്ക്‌ അസുഖം വന്നതിനു ഞാൻ എന്തു പിഴച്ചു. അല്ലേലും ഈ മനുഷ്യന്മാരിങ്ങനെയാ.. എന്തു തട്ടുകേട്‌ വന്നാലും ദൈവത്തിന്റെ പുറത്തങ്ങ്‌ ചാരിക്കോളും. നീയും കണക്കാ. ചുമ്മാണ്ടല്ലാ നിന്നെ എല്ലാരും അഹങ്കാരിയെന്നു വിളിക്കുന്നത്‌."

അഹങ്കാരിയെന്ന വാക്ക്‌ കേട്ടപ്പോളേക്കും എന്റെ മനസ്സിലേക്കൊരു ചിന്ത കയറിവന്നു.
"ഇത്തിരി അഹങ്കാരമില്ലെങ്കിൽ പിന്നെ ജീവിതത്തിനു എന്താ ഒരു ത്രില്ല്. ഇൻഫ്ലുവെൻസ്‌ ഒഫ്‌ ഗുരു ഓൺ ശിക്ഷ്യാ."

"അല്ലാ നീയിപ്പം മനസ്സിൽ വിചാരിച്ച ഡയലോഗ്ഗ്‌ മുൻപ്‌ എവിടെയോ കേട്ടിട്ടുണ്ടല്ലോ."

"അപ്പോളേക്കും ഇങ്ങളെന്റെ മനസ്സും വായിച്ചു. ഇതന്റെ മാഷിനോട്‌ ഞാൻ പറഞ്ഞതാ വർഷങ്ങൾക്ക്‌ മുൻപ്‌. ഇങ്ങളുമെന്നെ അഹങ്കാരീന്ന് വിളിച്ചപ്പോൾ അതങ്ങോർത്തുപോയി. പടച്ചോനറിയുമോ  എന്റെ മാഷാണു എന്നെ ആദ്യമായി അഹങ്കാരിയെന്നു വിളിക്കുന്നത്‌. ".

"അതെന്താ അയിനു മുൻപ്‌ നീ വേറേ അഹങ്കാരീനെയൊന്നും കണ്ടിട്ടില്ല്ലാ??" അതും പറഞ്ഞതും പടച്ചോന്റെ മുഖത്തൊരു കളളച്ചിരി ഞാൻ കണ്ടു.

"അല്ലാ .. ഞാൻ കുറേ നാളുകൊണ്ട്‌ നിന്നോട്‌ ചോദിക്കണമെന്ന് വെച്ചതാ. ഈ മാഷ്‌ മാഷ്‌ എന്നു പറയുന്നതല്ലാതെ ഈ മാഷിനൊരു പേരില്ലേ??"

"ഇല്ലാ ... എന്റെ മാഷിനു പേരില്ല്യാ." അതു പറഞ്ഞതും ഞാൻ നിലത്തേക്ക്‌ നോക്കി തല കുമ്പിട്ടിരുന്നു.

"എന്തേ ഞാൻ അത്‌ ചോദിച്ചത്‌ അനക്കിഷ്ടായില്ലാ.. ഇത്രയും നേരം മുഖത്തുണ്ടായിരുന്ന പ്രസരിപ്പങ്ങ്‌ പോയല്ലോ പെണ്ണിന്റെ?? ശരി അനക്ക്‌ പേരു പറയാൻ താൽപര്യമില്ലാച്ചാൽ വേണ്ടാ.. അനക്ക്‌ മാഷിനെ പെരുത്തിഷ്ടാല്ലേ??"

അത്രയും നേരം മൗനമായിരുന്ന എനിക്ക്‌ ആ ചോദ്യമിഷ്ടപ്പെട്ടു.. അതെന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു.

"അപ്പോ എനിക്കൊരു കര്യം മനസ്സിലായി നിന്റെ കഥയിലു മൊത്തം സസ്പെൻസ്സാണു ... " പടച്ചോൻ എന്നെ കിള്ളി എന്റെ കഥ അറിയാനുളള തത്രപോടിലാണെന്ന് എനിക്ക്‌ മനസ്സിലായി.

"അതേ..എന്റെ കഥ ആരേയും വേദനിപ്പിക്കാൻ അല്ലാ... പടച്ചോൻ ഓർക്കുന്നുണ്ടോ ഭാവിയിൽ ഞാൻ ഒരു എഴുത്തുകാരിയാകണമെന്നുളള മോഹം മനസ്സിൽ മൊട്ടിട്ടപ്പോൾതന്നെ ഒരു കാര്യം ഞാൻ തീരുമാനിച്ചായിരുന്നു , ഞാൻ എന്റെ ആത്മകഥ എഴുതില്ലാന്ന്. പിന്നീട്‌ പല തവണയും ആ ചിന്ത മനസ്സിലോട്ട്‌ വന്നു . പക്ഷേ ഇപ്പോളെനിക്ക്‌ അതിന്റെ പോരുൾ പൂർണമായും മനസ്സിലാകുന്നു. എന്റെ കഥ ഞാൻ മുഴുവനായും എഴുതിയാൽ അത്‌ ഒരുപാട്‌ പേരെ വേദനിപ്പിക്കും. മറ്റുളളവരുടെ കണ്ണുനിറയിച്ചുകൊണ്ട്‌ എന്റെ കഥ ഞാൻ എഴുതുന്നത്‌ ശരിയല്ലല്ലോ... പിന്നെ എനിക്ക്‌ മാത്രം താലോലിക്കുവാൻ വേണ്ടി ഒരുപിടി നല്ല ഓർമ്മകൾ എന്റെ മനസ്സിലുണ്ട്‌... അത്‌ ഈ ലോകത്തോട്‌ പറയുന്നതിൽ എനിക്ക്‌ താത്പര്യമില്ലാ ... അത്‌ എന്നോട്‌ കൂടെ ഈ ഭൂമിയിൽ ലയിക്കേണ്ടവയാണു..."

അത്‌ കേട്ടതും പടച്ചോന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

ആ പുഞ്ചിരിയുടെ അർത്ഥം എനിക്ക്‌ മനസ്സിലായി... ഞാൻ വെറുതെ ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി ജനാലക്കരികിൽ നിന്നു. ആ നക്ഷത്രങ്ങളുടെ ഇടക്ക്‌ ഞാൻ തേടിയത്‌ എന്റെ പ്രണയത്തേയായിരുന്നു ... അങ്ങു ദൂരെ ഒരു വാൽ നക്ഷത്രമായി ഞാനതുകണ്ടു ... ഒരു പക്ഷേ രാത്രിയിൽ നീയും തെളിഞ്ഞ ആകാശത്തേക്ക്‌ നോക്കുമ്പോൾ ആ വാൽനക്ഷത്രം കണ്ടിരിക്കണം ... അതുകോണ്ടാണു ഇന്നതിനു ഒരു പാടു ശോഭയുളളതായി തോന്നിയത്‌ ...

"എന്താണു കഥയൊരു റൊമാന്റിക്ക്‌ മൂഡിലേക്ക്‌ പോകുന്നത്‌." ഒരു പണിയുമില്ലാത്ത എന്റെ പടച്ചോൻ എന്റെ മനോഹരമായ ആ ചിന്തികൾക്കും കോടാലി വെച്ചു.

ജനാലയിൽക്കൂടി നല്ല തണുപ്പ്‌ അരിച്ചിറങ്ങുന്നു ... എന്തോ മനസ്സിൽ ഒരുപാട്‌ സന്തോഷം തോന്നി അങ്ങനെ നിന്നപ്പോൾ.

"നിങ്ങളു വന്നത്‌ നന്നായി. അതുകൊണ്ടാണോയെന്നറിയില്ല എന്റെ പകുതി അസുഖം കുറഞ്ഞതുപോലെ. അപ്പോ ഇങ്ങളെന്നെക്കൊണ്ട്‌ മുയുവൻ കഥ എഴുതിപ്പിച്ചിട്ടേ പോകത്തോള്ളുവെന്ന് തോന്നുന്നു."
വെറുതെ വെളിയിലേക്ക്‌ നോക്കി നിൽക്കുന്ന പടച്ചോനെ നോക്കി ഞാൻ ചോദിച്ചു.

"നിന്നെയൊന്ന് ഉഷാറാക്കാനല്ലേ ഞാൻ വന്നത്‌. ഇല്ലാച്ചാൽ നീ ഇബിടെയിങ്ങനെ മുയുവൻ സമയവും കരഞ്ഞുകൊണ്ടിരിക്കും. നീയെനിക്കെന്നും പ്രിയപ്പെട്ടതല്ലേ."

അതും പറഞ്ഞു പറഞ്ഞ്‌ പടച്ചോൻ എന്റെ നെറുകയിൽ ചുംബിച്ചു. ഒരു ജന്മത്തിന്റെ സ്നേഹവും വാത്സല്യവും ആ ചുംബനത്തിൽ നിന്ന് ഞാൻ അറിഞ്ഞു. അതെന്റെ കണ്ണുകളേ അറിയാതെ ഈറനണിയിച്ചു.

"ദേ സമയം 2:32. നീയിനി പോയിക്കിടന്നുറങ്ങിക്കോ. ബാക്കി കഥ നമ്മൾക്ക്‌ നാളെ പറയാം. എനിക്ക്‌ നിന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. " അതും പറഞ്ഞ്‌ പടച്ചോൻ പോകുവാനൊരുങ്ങി.

"എനിക്ക്‌ ഉറക്കം വരുന്നില്ലാ." പടച്ചോൻ എന്നെ തനിച്ചാക്കി പോകാതിരിക്കുവാൻ വേണ്ടി ഞാൻ പറഞ്ഞു.

"നീ നിന്റെ മനസ്സിൽ താലോലിക്കുന്ന ആ സ്വപ്നങ്ങളേയും കെട്ടിപ്പിടിച്ചു കിടന്നോളൂ .. ഉറക്കം താനേ വന്നോളും.". അതും പറഞ്ഞ്‌ പടച്ചോൻ ആകാശത്തിലേക്ക്‌ മറയുവാൻ തുടങ്ങി.

"ഇങ്ങളും ഭയങ്കര റൊമാന്റിക്കാല്ലേ..." ഞാൻ ഒരു കുസൃതി ചിരിയോടെ അത്‌ പറഞ്ഞു.

അത്‌ കേട്ട് പടച്ചോൻ എനിക്കൊരു ഹൃദ്യമായ പുഞ്ചിരിയും സമ്മാനിച്ച്‌ മേഘങ്ങൾക്കിടയിലേക്ക്‌ മറഞ്ഞു.... അപ്പോളും ഞാൻ കണ്ടു ആകാശത്ത്‌ മിന്നി തിളങ്ങിനിൽക്കുന്ന വാൽ നക്ഷത്രത്തെ ...

(തുടരും..)

കാർത്തിക...



Wednesday, December 23, 2015


ജീവിതത്തിലെ തിരക്കുകൾ എഴുത്തിനു കുറച്ചു ദിവസത്തെ ഇടവേള നൽകി.... നൈറ്റ്‌ ഡൂട്ടി കഴിഞ്ഞതിന്റെ ആലസ്യത്തിലങ്ങനെ കിടന്നപ്പോൾ പെട്ടെന്ന് തോന്നി എന്തെങ്കിലും കുത്തിക്കുറിക്കുവാൻ... ഉടനെ തന്നെ മൊബൈലെടുത്ത്‌ റ്റ്യൈപിംങ്‌ തുടങ്ങി ... 

ഇന്നലെ ഒരു സന്തോഷ വാർത്തയും കൂടി എന്നെ തേടിയെത്തി ... എന്റെ പ്രോസെസ്സിംങ്ങിന്റെ രണ്ടാമത്തെ ഘട്ടവും വിജയകരമായി തീർന്നിരിക്കുന്നു ... ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ ....

ഇന്ന് ഞങ്ങളുടെ ഡിപാർട്ട്മെന്റിലെ ക്രിസ്തുമസ്സ്‌ പരിപാടിയാണു ... ഞാൻ പോയില്ല. എനിക്കിഷ്ടമില്ല പാർട്ടികൾ... ഇപ്പോൾ എനിക്ക്‌ ആൾക്കൂട്ടങ്ങളെ പേടിയാണു, ബഹളങ്ങളും തിരക്കുകളും, ആഘോഷങ്ങളും എന്നെ ശ്വാസം മുട്ടിക്കുന്നു... കൂടെ ജോലി ചെയ്യുന്നവരും ഇവിടെയുളള ബന്ധുക്കളുമൊക്കെ എന്നെ ഓരോ പരിപാടിക്ക്‌ വിളിക്കും. പക്ഷേ ഞാൻ പോകാറില്ല .. എന്തെങ്കിലും ഒഴിവുകഴിവുകൾ പറയും ... പിന്നെ വ്യക്തിപരമായി അവരെ പോയി കാണും അവരുടെ പരാതികൾ മാറ്റുവാൻ ... ചിലർക്കൊക്കെ വല്ലാത്ത നീരസവുമുണ്ട്‌ എന്നോട്‌ ... എന്തോ തനിച്ചിരിക്കുന്നതാണു ഇപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ... എനിക്ക്‌ കൂട്ടായി എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ, ഒരുപിടി നല്ല ഓർമ്മകൾ , പിന്നെ എന്റെ പ്രണയവും ...

ഇതെന്റെ തോണ്ണൂറ്റി ഒൻപാതമത്തെ പോസ്റ്റാണു ... എന്റെ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റിനു എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാൻ കുറേ നാളുകൊണ്ട്‌ ചിന്തിക്കുകയായിരുന്നു ... അപ്പോൾ ഞാൻ തീരുമാനിച്ചു ഒരു കഥ എഴുതാൻ  ...  ചെറിയ ഒരു കഥയായിട്ട്‌ ഞാൻ നേരത്തെയെഴുതി വെച്ചിരുന്നു ... അതു കുറച്ചു കൂടിയൊന്ന് വിപുലപ്പെടുത്തണം.... അക്ഷരങ്ങളെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥ... കാർത്തിക രെഞ്ചിത്തെന്ന എഴുത്തുകാരിയുടെ പ്രണയത്തിന്റെ കഥ ..... ഈ ലോകത്തുളളതെല്ലാം അവളുടെ പ്രണയമായി മാറിയതിന്റെ കഥ ...

അവളുടെ യാത്ര എന്നും സ്വപ്നങ്ങളുടേയും യാഥാർദ്ധ്യങ്ങളുടേയും മധ്യത്തിലൂടെയായിരുന്നു ... ചിലപ്പോൾ അവൾക്ക്‌ സ്വപ്നമേത്‌ യാഥാർദ്ധ്യമേത്‌ എന്ന് തിരിച്ചറിയാൻ പറ്റാതെ വന്നിട്ടുണ്ട്‌ ... കാരണം അവൾ ആഗ്രഹിച്ച ജീവിതം എന്നും അവളുടെ സ്വപ്നങ്ങളിൽ മാത്രമേ അവൾക്ക്‌ സാധ്യമാക്കുവാൻ സാധിച്ചിരുന്നുളളൂ ... അങ്ങനെയാണു അവൾ സ്വപ്നങ്ങളുടെ കൂട്ടുകാരിയായത്‌ ... സ്വപ്നങ്ങളുടെ രാജകുമാരിയായത്‌ ... 

നാളെ ക്രിസ്തുമസ്സാണു .. ഈ ലോകം മുഴുവൻ ഉണ്ണിയേശുവിന്റെ ജനനപിറവി കൊണ്ടാടുന്ന ദിവസം .. ഞാൻ ആഘോഷങ്ങൾക്ക്‌ അവധി നൽകിയിരിക്കുന്നതുകൊണ്ട്‌ എനിക്കിപ്പോൾ ഒരു ആഘോഷവും അതിന്റെ പൂർണതയിൽ വിശദീകരിക്കുവാനും തത്പര്യമില്ലാ ... ആഘോഷങ്ങൾ ആഘോഷങ്ങളായി കൊണ്ടാടുവാൻ വിധിക്കപ്പെട്ടവർ അത്‌ കൊണ്ടാടട്ടെ ... ആഘോഷങ്ങൾ ജീവിതത്തിൽ അന്യമായവർക്ക്‌ നാളേയും സാധാരണ ഒരു ദിനം പോലെ അവരും കൊണ്ടാടട്ടെ ...

അപ്പോൾ നമ്മളിനി കാണുന്നത്‌ എന്റെ കഥയുമായിട്ടായിരിക്കും ... 

ആ കഥ എനിക്ക്‌ മാത്രമേ പ്രിയപ്പെട്ടതായിരക്കത്തൊള്ളൂ ... കാരണം എന്റെ കഥയേയും എന്നേയും ഞാൻ മാത്രമേ ഇഷ്ടപ്പെട്ടിട്ടുളളൂ ... 
ചിലപ്പോൾ തോന്നും ഞാൻ എന്ന വ്യക്തിയേ ഒരു വലിയ തെറ്റാണെന്ന് ... ദൈവത്തിനു പറ്റിയ വലിയ ഒരു കൈയബദ്ധം ... എന്റെ ജീവിതത്തിലൂടെ കടന്നു പോയവർ എല്ലാം അത്‌ എനിക്ക്‌ തെളിയിച്ചും തന്നു .... സാരല്ല്ല്യാ ... അതുകൊണ്ടാണു ഞാൻ പറഞ്ഞത്‌ എന്റെ ശരികൾ എനിക്ക്‌ മാത്രമേ മനസ്സിലാവുകയുളളൂവെന്ന് .... ചിലപ്പോൾ ആ കഥയും എനിക്ക്‌ മാത്രമേ മനസ്സിലാകത്തൊളളായിരിക്കാം .... 

ഇന്നത്തേക്ക്‌ വിട ... നാളെ പുതിയ ഒരു പ്രഭാതത്തിനായി ഞാൻ ഉണരുകയാണെങ്കിൽ എന്റെ കഥയുമായി നമുക്ക്‌ വീണ്ടും കാണാം ... 

സ്നേഹപൂർവം കാർത്തിക ..,