ഈ ലോകത്തിനു മുൻപിൽ അഹങ്കാരത്തോടുകൂടി
ഞാൻ തല ഉയർത്തിപ്പിടിച്ചു നിൽക്കുമ്പോളും
നിന്റെ മുൻപിൽ നിന്റെ ഓർമ്മകൾക്ക് മുൻപിൽ
എന്തുകൊണ്ടാണു എന്റെ തല കുനിയുന്നത്
എന്നിലെ ഞാനെന്ന ഭാവത്തിന്റെ കടിഞ്ഞാൺ
ദൈവം നിന്റെ കൈകളിൽ നൽകിയതെന്തിനാണു
അതിന്റെയറ്റം നിന്റെ കൈകളിൽ സുരക്ഷിതമാണെങ്കിലും
നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു എന്നെ ജയിച്ച ഭാവം .
എന്നിലെ എന്നെ നീ അറിയാതിരുന്നിരുന്നുവെങ്കിൽ
എന്നിലെ പ്രണയത്തെ നീ തൊട്ടുണർത്തിയില്ലായിരുന്നുവെങ്കിൽ
നീയെന്നേയും ഞാൻ നിന്നേയും ഉളളാലറിയാതെ
സൗഹൃദമെന്ന ചട്ടക്കൂട്ടിലെ അപരിചിതർ ആകുമായിരുന്നു നമ്മൾ.
ആ അപരിചിതത്വത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച്
ഒരു നല്ല സൗഹൃദത്തിലും പ്രണയമുണ്ടെന്ന് വിശ്വസിച്ച്
അതിന്റെ സ്വാതന്ത്ര്യത്തെ പുൽകുവാൻ ആഗ്രഹിച്ചതാണോ
ഞാൻ ചെയ്ത തെറ്റ്.. അറിയില്ലാ.. എനിക്കൊന്നുമറിയില്ലാ.
കാലം ഒന്നുമാത്രം ഈ യാത്രയിൽ എനിക്കായി കുറിച്ചു
ഞാൻ ഇപ്പോൾ അപരാധിയാണു നിന്റെ മുൻപിലും,
എന്റെ സൗഹൃദവും എന്റെ പ്രണയവും ഞാനും
അതിനുളള കാരണങ്ങളായി നീയും എഴുതിച്ചേർത്തു .
നീയെന്നെ പൂർണ്ണമായും അറിഞ്ഞിരുന്നുവെന്ന അഹങ്കാരം
അതായിരുന്നു എന്റെ സന്തോഷം, എന്റെ വിജയം
പക്ഷേ പിന്നീട് ഞാനറിഞ്ഞു ഒരു വേദനയോടെ
നീയും അറിഞ്ഞിരുന്നില്ല എന്നിലെ സൗഹൃദത്തെ, പ്രണയത്തെ.
എനിക്കു ചുറ്റുമുളളവർ എനിക്ക് പ്രിയപ്പെട്ടവർ
എന്റെ മുൻപിൽ മത്സരിക്കുന്നു അവരവരുടെ ശരികൾക്കായി
ആ ശരികൾക്ക് മുൻപിൽ ഞാൻ സമ്മതിക്കുന്ന
തോൽവിയാണു അവരുടെ സന്തോഷം എന്റെ കണ്ണുനീർ.
ഞാൻ ആശിച്ചുപോവുകയാണു വെറുതെ
എന്റെ പ്രിയപ്പെട്ടവർ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ
നീയെങ്കിലും എന്നെ പൂർണ്ണമായും മനസ്സില്ലാക്കിരുന്നുവെങ്കിൽ
സാർത്ഥകമാകുന്നതോ എന്റെയീ ജന്മത്തിൻ പൂർണ്ണത..
കാർത്തിക...
No comments:
Post a Comment