My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, January 1, 2016

എന്റെ ആദ്യ നോവലിൽ നിന്ന് ...

ഇന്നത്തെ പ്രഭാതം എല്ലാവരുടേയും മനസ്സിൽ പുതിയ വർഷത്തിനുവേണ്ടിയുളള പ്രതീക്ഷകളും സ്വപ്നങ്ങളുമായി വിടർന്നിരിക്കുന്നു .... രാവിലെ ഏണീറ്റപ്പോൾ തോന്നി ഞാനെഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ ഒരു ഭാഗത്തോടു കൂടി ഈ വർഷത്തെ എന്റെ ബ്ലോഗും ഉണരട്ടെയെന്ന് ... അതിലെ ഒരദ്ധ്യായത്തിലെ കുറച്ചു ഭാഗം ഇവിടെ കുറിക്കുന്നു ....

***********************
"നേരം സന്ധ്യയോട്‌ അടുത്തിരിക്കുന്നു. ഭൂമിയെ ഇരുട്ടു മൂടുന്നതിനു മുൻപ്‌ പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം തങ്ങളുടെ കൂടുകളിലേക്ക്‌ ചേക്കേറുവാൻ തുടങ്ങിയിരിക്കുന്നു. സായം സന്ധ്യയ്ക്‌ പ്രകൃതിയുടെ മടിത്തട്ടിൽ തന്റെ എഴുത്തിന്റെ ലോകത്തിൽ അങ്ങനെ സ്വയം മറന്നിരിക്കുന്നത്‌ എനിക്കൊരുപാടിഷ്ടമാണു. ഞാൻ എഴുതുവാൻ തുടങ്ങിയാൽ പിന്നെ ആരുമെന്നെ ശല്യപ്പെടുത്തുന്നത്‌ എനിക്കിഷ്ടമല്ലാ. അവിടെ ഞാനും എന്റെ ചിന്തകളും സ്വപ്നങ്ങളും കഥാപാത്രങ്ങളും മാത്രമാണുളളത്‌.

നാലുമണിക്കാറ്റ്‌ തന്റെ ചിറകിൽ കുളിരും പേറി ഭൂമിയേയും എന്നേയും തഴുകി അതിന്റെ പ്രണയം എന്നെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. ഇളം വെയിലും കുളിർക്കറ്റും എന്റെ മനസ്സിലും പ്രണയമെന്ന അനശ്വര ഭാവം നിറച്ചിരിക്കുന്നു.എന്റെ പുതിയ നോവലിന്ന് തുടങ്ങുകയാണു. മുറ്റത്തെ മാവിൻ ചുവട്ടിൽ ഇട്ടിരിക്കുന്ന കസേരയിൽ ഞാൻ നിവർന്നിരുന്ന് എഴുതുവാനുളള ആശയങ്ങളെ ക്രോഡീകരിക്കുവാൻ തുടങ്ങി.

കഥാ തന്തുവിലേക്കുളള ബീജം മൊട്ടിടുവാൻ തുടങ്ങിയിരിക്കുന്നു. ആ ബീജവുമായി എന്റെ പ്രണയം സംഗമിക്കുമ്പോൾ അവിടെ എന്റെ പുതിയ നോവലിന്റെ ഭ്രൂണം ജനിക്കുകയായി. പേന കൈയ്യിൽ എടുക്കുന്നതിനു മുൻപ്‌ ദൈവങ്ങൾക്ക്‌ മുൻപിലും, ഗുരുക്കന്മാർക്ക്‌ മുൻപിലും, മാതാപിതാക്കന്മാർക്ക്‌ മുൻപിലും ഒരു നിമിഷം മൗനമായി പ്രാർത്ഥനകൾ സമർപ്പിച്ചു. അവരുടെ അനുഗ്രഹത്തോട്‌ കൂടി ഞാൻ പേനയെടുത്ത്‌ എന്റെ നോവലിന്റെ പേരു ആദ്യമായി എന്റെ കടലാസ്സിൽ കുറിച്ചു,

"നിർവചനങ്ങളില്ലാത്ത പ്രണയം."

"ജന്മജന്മാന്തരങ്ങളായി ഞാൻ തേടിയ പ്രണയത്തെ
എന്റെയാത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയത്തെ
എന്നിലെ പ്രണയത്തെ നീ തൊട്ടുണർത്തുകയായിരുന്നു
ഞാൻ അറിയുകയായിരുന്നു ആ പ്രണയസാഫല്യം."

അങ്ങനെ പുതിയ നോവലിന്റെ ആദ്യവരികൾ ഞാൻ കുറിച്ചു. ഇതെന്റെ ജീവിതമാണോ സ്വപ്നമാണോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. കാരണം എന്റെ ജീവിതവും സ്വപ്നങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണു.അതിൽ ഏതാണു സത്യം ഏതാണു മിഥ്യയെന്ന് എനിക്ക്‌ ഇതുവരേയും തിരിച്ചറിയുവാൻ കഴിഞ്ഞിട്ടില്ലാ.

ഞാനെന്റെ എഴുത്തിന്റെ ലോകത്തേക്ക്‌ പൂർണ്ണമായും ലയിച്ചപ്പോൾ ചാക്കോച്ചനും ഗോവിന്ദാമ്മയും അവരുടെ ലോകത്തായിരുന്നു. രണ്ടുപേരും മനക്ക്‌ ചുറ്റും പടർന്നു പന്തലിച്ചു കിടക്കുന്ന പച്ചപ്പട്ടുവിരിച്ച പ്രകൃതിയുടെ മടിത്തട്ടിൽ തങ്ങളുടെ കഥകളുമായി വിഹരിച്ചു.

ചാക്കോച്ചന്റെ ഉറക്കെയുളള സംസാരം ഞാനും കേൾക്കുന്നുണ്ടായിരുന്നു,
"ഗോവിന്ദന്മാമോ ഈ മനക്ക്‌ എത്ര വർഷം പഴക്കം വരും ??"

പാണ്ഡിത്യം തെളിയിക്കുവാൻ കിട്ടിയ അവസരം ഗോവിന്ദന്മാമ നഷ്ടപ്പെടുത്തിയില്ലാ, "കുഞ്ഞേ എന്റെ അറിവ്‌ ശരിയാണെങ്കിൽ ഏകദേശം നൂറു നൂറ്റിയൻപത്‌ വർഷം പഴക്കം വരും. ബ്രഹ്മദത്തൻ നമ്പൂതിരിയാണു ഇത്‌ പണികഴിപ്പിച്ചത്‌. വർഷങ്ങൾക്ക്‌ മുൻപ്‌ പഴമയും പ്രൗഡിയും ഒരുപോലെ വാണിരുന്ന ഇല്ലമാണിത്‌. പിന്നീട്‌ കാലം പട്ടിണിയും പരിവട്ടവും മാത്രം നൽകുവാൻ തുടങ്ങിയപ്പോൾ ഉളള പ്രൗഡിയൊക്കെ വിറ്റ്‌ ഇവിടുത്തെ നമ്പൂതിരികൾ എങ്ങോട്ടോ പോയി. കാർത്തിക കുഞ്ഞ്‌ ഇത്‌ വാങ്ങിച്ചിട്ട്‌ അഞ്ച്‌ വർഷമാകുന്നു. ശരിക്കും പറഞ്ഞാൽ കുഞ്ഞിത്‌ വാങ്ങിക്കുമ്പോൾ ഈ ഇല്ലം മൊത്തം ക്ഷയിച്ചിരിന്നു. കുഞ്ഞ്‌ കുറേ കാശുമുടക്കി ഇത്‌ ഈ രൂപത്തിലാക്കുവാൻ. "

"വർഷത്തിലൊന്നോ രണ്ടോ തവണ കാർത്തിക കുഞ്ഞ്‌ ഇവിടെ വരും. കഥ എഴുതാനാണു വരുന്നത്‌. പക്ഷേ കുഞ്ഞിനെ കാണാൻ അങ്ങനെ ഇവിടെയാരും വരാറില്ല. ആകെ വരുന്നത്‌ ആ സാറാണു. സാറു വന്നാൽ രണ്ട്‌ മൂന്നു ദിവസം ഇവിടെ തങ്ങും. അവരു വളരെയടുപ്പമ്മുളള സുഹൃത്തുക്കളാണല്ലേ." ഗോവിന്ദന്മാമ എന്തോ രഹസ്യം അറിയുവാണുളള ഉദ്വേഗത്തിൽ ചാക്കോച്ചനോട്‌ ചോദിച്ചു.

അത്‌ മനസ്സിലാക്കിയ ചാക്കോച്ചൻ ചിരിച്ചുകൊണ്ട്‌ ചോദിച്ചു, "അജയ്‌ സാറിനെക്കുറിച്ചാണോ ഗോവിന്ദന്മാമ പറയുന്നത്‌. അവരു കോളേജിൽ പടിക്കുമ്പോൾ മുതലുളള സുഹൃത്തുക്കളാണു. രണ്ട്‌ പേർക്കും എഴുത്തും വായനയുമൊക്കെ തലക്ക്‌ പിടിച്ചവർ. മിക്കകാര്യങ്ങളിലും ഒരേ അഭിരുചിയുളളവർ. എന്താ ഗോവിന്ദന്മാമാ എവിടെയോ ഒരു സംശയത്തിന്റെ മുളളു മനസ്സിലുണ്ടല്ലോ?" ....

**********************

ഈശ്വരാ എന്റെ വലിയ ഒരു സ്വപ്നമാണിത്‌... ഞാനെന്ന എഴുത്തുകാരിയുടെ ആദ്യ സംരഭം .... നീ അത്‌ പൂർത്തിയാക്കുവാൻ എന്നേയും എന്റെ തൂലികയേയും എന്റെ അക്ഷരങ്ങളേയും പ്രാപ്തമാക്കുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ...

മാഷേ... എന്റെ നോവലിനുവേണ്ടി ഞാനെഴുതിയത്‌ ... എനിക്ക്‌ വേണ്ടി പ്രാർത്ഥിക്കണം .. ആ പ്രർത്ഥനകൾ മാഷിന്റെ അനുഗ്രഹങ്ങളായി എന്നിൽ എത്തുച്ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.... എന്റെ പ്രാർത്ഥനകളും എന്നും മാഷിന്റെ കൂടെയുണ്ടാവും ...

  ഈ പുതുവർഷം അതിന്റെ എല്ലാ നന്മകളോടും കൂടി മാഷിന്റെ ജീവിതത്തിൽ അനുഭവഭേദ്യമാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു .. പ്രാർത്ഥിക്കുന്നു....


സ്നേഹപൂർവം കാർത്തിക...







No comments: