My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, December 31, 2015

ഹൃദയം നിറഞ്ഞ നന്ദി ..

ജീവിതമാകുന്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിനുകൂടി തിരശീല വീണുകൊണ്ട്‌ ഇന്ന് അതിൽ അവസാനത്തെ വരികളും കുറിക്കുന്നു.

എന്റെ ജീവിതത്തിൽ സ്വർണ്ണലിപികളിൽ എഴുതിച്ചേർക്കപ്പെട്ട അദ്ധ്യായം... പക്ഷേ ചില അദ്ധ്യായങ്ങളിലെ അക്ഷരങ്ങൾ എന്റെ കണ്ണുനീരിനാൽ എവിടെയൊക്കെയോ പടർന്നിരിക്കുന്നു.

"ഒരു നോക്കു കാണാതെ , ഒന്നു തൊടുവാൻ കഴിയാതെ എന്റെ ആത്മാവിൽനിന്നും ശരീരത്തിൽനിന്നും വേർപ്പെട്ട എന്റെ പൊന്നു കുഞ്ഞിന്റെ ഓർമ്മകളുടെ അദ്ധ്യായങ്ങൾ...."

"എല്ലാം ഒരു മൗനത്തിൻ മറയിൽ ഒളിപ്പിച്ച്‌ എന്നിൽ നിന്ന് ദൂരേക്ക്‌ പറന്നകന്നുപോയ ഇപ്പോഴും എന്റെ നെഞ്ചോട്‌ ചേർത്ത്‌ നിർത്തുന്ന ആ നല്ല സൗഹൃദത്തിന്റെ ഓർമ്മകളിൽ കുറിക്കപ്പെട്ട അദ്ധ്യായങ്ങൾ .."

"ജീവിതത്തിൽ ഇനിയുളള യാത്ര എല്ലാ ബന്ധങ്ങളിൽ നിന്നുമകന്ന് തനിയായിരിക്കുമെന്ന തീരുമാനത്തിനായി എഴുതിച്ചേർത്ത അദ്ധ്യായങ്ങൾ..."

"2015 ....
നീയെനിക്ക്‌ വേദനകൾ മാത്രമാണു സമ്മാനിച്ചതെങ്കിലും ..
. എനിക്ക്‌ വിട ചൊല്ലേണ്ടാ നിന്നോട്‌ ... 
ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു നിന്നിൽ നിന്നകന്നു പോകുന്ന ഓരോ നിമിഷങ്ങളിലും എന്റെ ശരീരത്തിൽ നിന്ന് എന്റെ ജീവനും അകന്നു പോയിരുന്നിരുന്നെങ്കിലെന്ന്... 
നീ നിന്റെ യാത്ര അവസാനിപ്പിക്കുന്ന നിമിഷം എന്റേയും ഈ ഭൂമിയിലെ യാത്ര അവസാനിച്ചിരുന്നെങ്കിലെന്ന്..

പുതിയ വർഷത്തിൽ നീയൊരോർമ്മയായി മാറുമ്പോൾ എന്റെ കുഞ്ഞിന്റെ ഓർമ്മകളുടെ കൂടെ, എന്റെ പ്രണയത്തിന്റെ ഓർമ്മകളുടെ കൂടെ ഞാനും ഒരോർമ്മയായി മാറിയിരുന്നെങ്കിലെന്ന്..."

"മരണമേ നീയെന്നെ പ്രണയിക്കുകയാണോ..
എനിക്കും ചുറ്റും നിന്റെ ഗന്ധം പടരുന്നു ...
നീയെന്നെ ആഴത്തിൽ ചുംബിക്കുന്നത്‌ ഞാനറിയുന്നു...
എന്റെ നഗ്നമേനിയേ നീ ഗാഡമായി പുൽകുന്നതും ഞാനറിയുന്നു ...
നിന്റെ പ്രണയത്തിൻ തീവ്രതയിൽ ഞാനറിയുന്നു
ഈ ലോകത്തിൽ നിന്നേ പ്രണയിക്കുന്ന ആദ്യ വ്യക്തി ഞാനാണെന്ന് ..."

"അല്ലാ... അപ്പോ നീ പോകുവാൻ തന്നേ തീരുമാനിച്ചോ???? "
മരണവുമായിട്ടുളള എന്റെ പ്രണയത്തെ തടസ്സപ്പെടുത്തി ആശാൻ രംഗപ്രവേശനം ചെയ്തു.

"ഇങ്ങളെന്നെ പ്രണയിക്കുവാൻ സമ്മതിക്കില്ലാ." അത്‌ പറഞ്ഞപ്പോൾ എന്റെ മുഖത്തെ ഗൗരവം പടച്ചോൻ ശ്രദ്ധിച്ചു.

"യ്യോ !!!! അന്റെ പ്രണയം കൊണ്ട്‌ ഞാൻ പൊറുതിമുട്ടിയിരിക്കുവാ. ഇയ്യ്‌ പ്രണയിച്ചോ.... അല്ലാ നാളെ പുതുവത്സമായിട്ടും അന്റെ മുഖത്തെന്താ ഇത്ര ഗൗരവം??"

"ഒന്നുമില്ലാ.. വെറുതെ.." വിദൂരതയിലേക്ക്‌ കണ്ണും നട്ട്‌ ഞാനുത്തരം പറഞ്ഞു.

"ഈയ്യ്‌ മരണത്തെ പ്രണയിക്കുകയാണെന്ന് പറഞ്ഞിട്ടും ഇന്നെന്താ അന്റെ കണ്ണുകളിൽ തിളങ്ങുന്ന ആ പ്രണയത്തെ എനിക്ക്‌ കാണുവാൻ കഴിയാത്തത്‌." എല്ലാം അറിയാം പടച്ചോനു പക്ഷേ ചിലകാര്യങ്ങൾ അങ്ങേർക്ക്‌ നമ്മുടെ വായിൽനിന്ന് തന്നെ കേൾക്കണം .

"ഇന്നലെ ഞാൻ വെറുതെ കുറച്ചു കരഞ്ഞായിരുന്നു. ചിലപ്പോൾ ആ കണ്ണുനീരിനൊപ്പം എന്റെ പ്രണയവും കുതിർന്നുപോയതായിരിക്കും." അതു പറഞ്ഞപ്പോളും ഞാൻ അദ്ദേഹത്തെ നോക്കിയില്ലാ.

എന്റെ ഉത്തരം കേട്ടിട്ട്‌ പടച്ചോൻ ഒന്നും മിണ്ടാതായപ്പോൾ ഞാൻ അങ്ങോട്ട്‌ ഒരു ചോദ്യം ചോദിച്ചു, "ഞാനെന്തിനാ കരഞ്ഞതെന്ന് ഇങ്ങളു ചോദിക്കുന്നില്ലേ?"

"ഇല്ലാ." ആ മറുപടി ഞാൻ പ്രതീക്ഷിച്ചില്ലാ.

"ഞാൻ പൊകുവാ. അന്റെ മൂഡ്‌ ശരിയല്ലാ. പോകുന്നതിനു മുൻപ്‌ അത്‌ പറഞ്ഞിട്ട്‌ പോയില്ലെങ്കിൽ എങ്ങനെയാ,

"HAPPY NEW YEAR "

പടച്ചോൻ അത്‌ പറഞ്ഞിട്ടും ഞാൻ അദ്ദേഹത്തെ നോക്കിയില്ലാ. തിരികെ ആശംസ പറഞ്ഞതുമില്ലാ. അദ്ദേഹം എന്റെ അടുത്ത്‌ നിന്നെണീറ്റ്‌ പതിയെ നടക്കുവാൻ തുടങ്ങി.

അദ്ദേഹം എന്റെയടുത്തുനിന്നും നടന്നകന്ന് പോകുന്നതറിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ്‌ അദ്ദേഹം പോകുന്നത്‌ നോക്കിയിരുന്നു.
പിന്നെ ഉറക്കെ വിളിച്ചു ചോദിച്ചു, " ഇങ്ങളെന്തിനാ പത്ത്‌ മാസങ്ങൾക്ക്‌ മുൻപ്‌ ആ സ്വപ്നം എന്നെ കാണിച്ചത്‌???" എന്റെ ചോദ്യം കേട്ട്‌ തന്റെ നടപ്പ്‌ അവസാനിപ്പിച്ച്‌ അദ്ദേഹം തിരിഞ്ഞു നോക്കി. അപ്പോഴും എന്റെ മുഖത്തെ ഗൗരവം അതുപോലെ തന്നെയുണ്ടായിരുന്നു.

"അന്റെ കണ്ണുകളിൽ തിളങ്ങുന്ന പ്രണയവും, അന്റെ ചുണ്ടിൽ പ്രണയമായി വിടരുന്ന ആ പുഞ്ചിരിയും സമ്മാനിച്ചത്‌ ആ സ്വപ്നമാണു. 

നീ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന അന്റെ അക്ഷരങ്ങൾക്ക്‌ ഒരു പുതുജീവനും ആത്മാവും നൽകിയത്‌ ആ സ്വപ്നമാണു... 

അന്റെ ജീവിതകാലം മുയുവനും അമൂല്യമായി കാത്തൂസൂക്ഷിക്കാൻ സാധിക്കുന്ന സുമിയെന്ന പെൺസൗഹൃദത്തെ നൽകിയത്‌ ആ സ്വപ്നമാണു... 

അന്റെ ജീവനായ രെഞ്ചിയുടെ സന്തോഷത്തിനായി നിനക്ക്‌ ഈ ലോകത്തിൽ എന്തും ചെയ്യാമെന്നുളള ധൈര്യം നൽകിയത്‌ ആ സ്വപ്നമാണു ...

മാതൃത്വം അനക്ക്‌ അന്യമാണെന്ന് പറഞ്ഞ ശാസ്ത്രലോകത്തിനു മുൻപിൽ  മൂന്നു മാസം നിനക്ക്‌ ഉദരത്തിലേറ്റുവാൻ ഒരു കുഞ്ഞിനെ നൽകിയത്‌ ആ സ്വപ്‌നമാണു..... 

എല്ലാത്തിലും ഉപരി ഈ ലോകത്തിൽ നീ അറിയുന്ന നിന്നെയറിയുന്ന അന്റെ മാഷിന്റെ മനസ്സിൽ ആർക്കും ഒരിക്കലും അറിയുവാൻ സാധിക്കാത്ത, ആർക്കും ഒരിക്കലും മനസ്സിലാക്കുവാൻ സാധിക്കാത്ത നീ നേടിയ ആ സ്ഥാനവും ആ സ്വപ്നത്തിലൂടെയാണു..."

അദ്ദേഹത്തിന്റെ ആ ഉത്തരമായിരുന്നു 2015 എന്ന വർഷം എനിക്ക്‌ സമ്മാനിച്ച അമൂല്യമായ അനുഭവങ്ങൾ.

അതും പറഞ്ഞു പോകുവാൻ ഒരുങ്ങിയ പടച്ചോനോട്‌ എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയൊടെ ഞാൻ പറഞ്ഞു..

"പുതുവത്സരാശംസകൾ"

"2015 എന്ന വർഷത്തിൽ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുളള എല്ലാ വ്യക്തിത്വങ്ങൾക്കും നിങ്ങളുടെ സ്നേഹത്തുനും,സഹകരണത്തിനും,പിന്നെ എന്റെ പപ്പയ്ക്കു വേണ്ടി നിങ്ങൾ സമർപ്പിച്ച പ്രാർത്ഥനകൾക്കും ഒരു പാട്‌ നന്ദി അർപ്പിക്കുന്നു..."

"ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ഒരു നല്ല പുതുവർഷം ഞാൻ നേരുന്നു."

സ്നേഹപൂർവം കാർത്തിക..




No comments: