My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, February 2, 2016

മഴയായി പൊഴിയും പ്രണയം



പ്രകൃതി തൻ പ്രണയം മഴയായി പൊഴിയുമ്പോൾ
നിൻ പ്രണയത്തിൻ മഴ നീർത്തുളളികൾ
പെയ്തിറങ്ങുന്നതോ എന്റെ ഹൃദയത്തിൽ
ഞാൻ കേൾക്കുന്നു ആ മഴയുടെ സംഗീതം


മഴനീർ കണങ്ങൾ നനുത്ത കുളിരും പേറി
ഈ ഭൂവിനെ ഗാഢമായി പുണരുമ്പോൾ
എന്നിലെ അനുരാഗം തേടുന്നതോ 
നിന്റെ പ്രേമോദാരമായ ആലിംഗനത്തെ


പ്രകൃതി തൻ മടിത്തട്ടിൽ മഴ ചാറ്റലിൻ നടുവിൽ
ഞാൻ കാണുന്നു അവ്യക്തമാം നിൻ നിഴൽ
എൻ മെയ്യിൽ പടരും പ്രണയത്താൽ ഞാനറിയുന്നു 
നിൻ സാമീപ്യം അദൃശ്യമാം നിൻ സ്പർശം


തോരാതെ പെയ്യുമീ മാരി തൻ കുളിരിൽ
 വിറങ്ങലിക്കുമെൻ മനസ്സും തനുവും
നിൻ ആശ്ലേഷത്താൽ അറിയുന്നു 
നിന്നിലെ പ്രണയത്തിൻ ഊഷ്മളതയേ


 ഒരു വർഷം പോൽ എന്റെ ആത്മാവിൽ
പെയ്തിറങ്ങുമീ അനശ്വരമാം പ്രണയത്തെ
ചേർത്തീടട്ടെ എന്നുമെൻ നെഞ്ചോട്‌
എന്നിലെ ജീവൻ അണയും വരെ.

കാർത്തിക....

Monday, February 1, 2016

എന്റെ പുസ്തകങ്ങൾ (അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി)


രണ്ടു ദിവസമായിട്ട്‌ നല്ല തണുപ്പാണു. ഞാനെന്റെ ജാക്കറ്റിന്റെ അകത്ത്‌ ചുരുണ്ടു കൂടിയിരുന്നു എന്റെ നോവൽ എഴുതിക്കൊണ്ടിരുന്നപ്പോൾ അടുക്കളയിൽ ഒരു ശബ്ദം കേട്ടു. ഞാനെണീറ്റു ചെന്നു നോക്കിയപ്പോൾ എന്റെ പടച്ചോൻ ഞാൻ എനിക്ക്‌ ഉണ്ടാക്കിവെച്ച കാപ്പി രണ്ടു കപ്പിലാക്കിയെടുക്കുന്നത്‌ കണ്ടു.

"അതു ശരി!!! എന്റെ കാപ്പിയൊന്നും വേണ്ടന്ന് പറഞ്ഞു പോയ ആളു ഇപ്പോ എന്റെ കാപ്പിക്കപ്പുമായി നിൽക്കുന്നു. കൊളളാട്ടോ." അതും പറഞ്ഞു ഞാൻ എന്റെ പങ്ക്‌ കാപ്പി ആശാന്റെ കൈയ്യിൽ നിന്നും വാങ്ങി.



പുളളി ഒരു വെളുക്കെ ചിരിയെനിക്ക്‌ സമ്മാനിച്ചിട്ടു പറഞ്ഞു, "എന്തോ തണുപ്പാ ഇവിടെ. ഞാനൊന്ന് നാട്ടിൽ പോയിട്ടു വന്നപ്പോഴേക്കും ദുബായി തണുത്ത്‌ വിറക്കുകയാണല്ലോ."

"ഒരു കാപ്പി കുടിച്ച്‌ അന്റെ ബാക്കി കഥയും കൂടി കേൾക്കാമെന്നു വിചാരിച്ചാ ഞാനിങ്ങോട്ട്‌ കയറിത്‌."
അതും പറഞ്ഞ്‌ ആശാൻ എന്റെ നോവെലെടുത്ത്‌ നോക്കി.

"നാട്ടിൽ എന്തുണ്ട്‌ വിശേഷം?" ഞാൻ ചോദിച്ചു.

"നാട്ടിലെ വിശേഷമൊന്നും നീയറിയണില്ലാ. ഓ അനക്ക്‌ പിന്നെ റ്റി.വി കാണണ പരിപാടിയൊന്നുമില്ലല്ലോ. ഇപ്പോ നാട്ടിലു സരിത മയമല്ലേയെന്ന്. ഓളു എന്റെ പേരും കൂടി പറയുമോയെന്ന് പേടിച്ച്‌ ഞാൻ ദുബായിക്ക്‌ വണ്ടി കേറി." അതും പറഞ്ഞ്‌ പടച്ചോൻ ഒരു ദീർഘനിശ്വാസം വിട്ടു.

അതു കേട്ട്‌ ഞാൻ പൊട്ടിച്ചിരിച്ചു. ഇടക്കങ്ങനെയാ മൂപ്പരു നമ്മളു വിചാരിക്കാത്ത സമയത്ത്‌ ചിരിയുടെ ഒരു ഗുണ്ടു പൊട്ടിക്കും.

ഞങ്ങൾ രണ്ടുപേരും സോഫയിലേക്കിരുന്നു. ഞാനെന്റെ കഥ പറയുവാൻ തുടങ്ങി.

എന്റെ കൊച്ചു കൊച്ചു ഡയറി എഴുത്തുകളിലൂടെ അക്ഷരങ്ങളോടുളള എന്റെ പ്രണയം പുരോഗമിച്ചു. വായിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വായിക്കുവാനായി എനിക്ക്‌ പുസ്തകങ്ങൾ ഇല്ലായിരുന്നു. എനിക്ക്‌ പുസ്തകങ്ങൾ വാങ്ങിച്ചു തരുവാൻ ആരുമില്ലായിരുന്നു, ഇന്ന പുസ്തകം വായിക്കണമെന്ന് പറയാനും ആരുമില്ലായിരുന്നു.

അന്നത്തെക്കാലത്ത്‌ ഞാൻ വായിച്ച പുസ്തകങ്ങൾ ബാലരമയും, പൂമ്പാറ്റയും, വനിതയുമൊക്കെയാണു. ബഷീറിനെക്കുറിച്ചും, മാധവിക്കുട്ടിയെക്കുറിച്ചും, എം. ടിയെക്കുറിച്ചും, പെരുമ്പടവം ശ്രീധരൻ തുടങ്ങിയ ഒരുപാട്‌ എഴുത്തുകാരെക്കുറിച്ചു ഞാൻ പത്രങ്ങളിലൂടെ വായിച്ചറിയുന്നുണ്ടായിരുന്നെങ്കിലും ആരുടെയും പുസ്തകം സ്വന്തമാക്കുവാനുളള ഭാഗ്യം എനിക്കില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു വേനലവധിക്ക്‌ എന്റെ ഒരു ബന്ധു ഒരു പുസ്തകം എന്റെ കൈയിൽ തന്നിട്ടു പറഞ്ഞു , " എടീ കൊച്ചേ ഇത്‌ ഞാൻ നമ്മുടെ ലൈബ്രറിയിൽ നിന്നും എടുത്തതാ. നിനക്ക്‌ വേണമെങ്കിൽ ഇതു വായിച്ചോ".

ജീവിതത്തിൽ ആദ്യമായി എന്റെ കൈയിൽ കിട്ടുന്ന, ഞാൻ ആദ്യമായി വായിക്കുന്ന ഒരു നോവൽ.

"കോവിലന്റെ - തട്ടകം". 


എന്റെ കൈയിൽ ആ പുസ്തകം കിട്ടിയപ്പോൾ ശരിക്കും എനിക്ക്‌ തോന്നിയത്‌ ഞാൻ നാളുകളായി കാത്തിരുന്ന നിധി എന്റെ കൈയിൽ കിട്ടിയ പോലെയായിരുന്നു. ആദ്യമേ തന്നെ ഞാൻ ആ എഴുത്തുകാരനെക്കുറിച്ചു
വായിച്ചു.

കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് തട്ടകം. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു, വയലാർ അവാർഡ്‌, ഒ. എൻ.വി. പുരസ്കാരം, എ.പി. കളയ്ക്കാട് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ തട്ടകത്തിനു ലഭിച്ചിട്ടുണ്ട്.
(കടപ്പാട്‌ ഗൂഗിൾ)

ഞാൻ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി ആ ഭാഷാ ശൈലിയും അതിന്റെ പൊരുളും മനസ്സിലാക്കുവാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന്. ആ പുസ്തകം ഒരു സാധരണക്കരനു മനസ്സിലാക്കുവാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. അത്രക്കും ശക്തമായിരുന്നു ആ ദ്രാവിഡ ഭാഷ. പക്ഷേ ഞാനത്‌ മുഴുവനും വായിച്ചു. അത്‌ വായിച്ചു കഴിഞ്ഞ സന്തോഷത്തിൽ ഞാൻ മമ്മിയോട്‌ അത്‌ പറഞ്ഞു. അത്‌ കേട്ടു കൊണ്ട്‌ പപ്പ അപ്പുറത്തെ മുറിയിൽ നിൽപ്പുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി പപ്പയെന്നെ അനുമോദിച്ചുകൊണ്ട്‌ അന്നൊരു കാര്യം പറഞ്ഞു,

"ആ പുസ്തകം വായിക്കുവാൻ ഞാൻ ശ്രമിച്ചു പക്ഷേ മൂന്നു നാലു പേജ്‌ വായിച്ചോപ്പോളെക്കും എനിക്ക്‌ മടുപ്പ്‌ തോന്നി. എനിക്ക്‌ താത്പര്യം തോന്നിയില്ല പിന്നീട്‌ വായിക്കുവാൻ. നീയത്‌ മുഴുവൻ വായിച്ചിട്ടുണ്ടെങ്കിൽ അത്‌ കാണിക്കുന്നത്‌ നിന്റെ വായനയോടുളള താത്പര്യത്തെയാണു. നിന്റെ അക്ഷരങ്ങളോടുളള ഇഷ്ടത്തെയാണു."

എനിക്ക്‌ അന്നൊരുപാട്‌ സന്തോഷം തോന്നി. 

എന്റെ കഥയും കേട്ട്‌ ഏത്തക്കാ വറുത്തതും കൊറിച്ചു കൊണ്ടിരുന്ന എന്റെ പടച്ചോൻ പെട്ടെന്നൊരു ഡയലോഗും പൊക്കിപ്പിടിച്ചു വന്നു,

"അന്റെ ഉപ്പ സ്നേഹമുളള ആളാ. പക്ഷേ പുളളിക്ക്‌ അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ലാ. അത്രയേയുളളൂ."

ഞാൻ ചിരിച്ചുകൊണ്ട്‌ എന്റെ കഥ തുടർന്നു.

പിന്നേയും എന്റെ ആ ബന്ധു വേറൊരു പുസ്തകമായും വന്നു. പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെയെന്ന നോവൽ.ഞാനൊരുപാടിഷ്ടപ്പെടുന്ന നോവലുകളിൽ ഒന്നാണു. അതുപോലെ എം. ടി. യുടെ കാലം എന്ന നോവൽ.  പിന്നീട്‌ എന്റെ ബന്ധു പുസ്തകങ്ങളൊന്നും കൊണ്ടുവന്നില്ലാ. തന്ന പുസ്തകങ്ങൾ എന്റെ കൈയ്യിൽ നിന്നും തിരിച്ചു വാങ്ങിയതുമില്ലാ.

"ഓനെ ലൈബ്രറിക്കാരു ഇപ്പോഴും തപ്പിനടക്കുന്നെണ്ടെന്നാ ഞാനറിഞ്ഞത്‌ ആ മൂന്നു പുസ്തകങ്ങളും കൊടുക്കാത്തതിന്റെ പേരിൽ." അതും പറഞ്ഞു പടച്ചോൻ കുണുങ്ങി കുണുങ്ങി ചിരിച്ചു.

"ഇങ്ങൾക്കറിയുമോ എനിക്ക്‌‌ ആദ്യമായി പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നത്‌ എന്റെ മാഷാണു. ഒരു ദിവസം ക്ലാസ്സിലെ ഇടവേളയുടെ സമയത്ത്‌ മാഷ്‌ എന്നോടു ചോദിച്ചു നീ ഷിവ്‌ കേരയുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോയെന്നു."

ഞാൻ ആദ്യമായിട്ടായിരുന്നു ആ പേരു കേൾക്കുന്നത്‌ തന്നെ.

ഞാൻ പറഞ്ഞു, "ഇല്ലാ.. അതെവിടുന്നാ വാങ്ങിക്കാൻ പറ്റുകാ?"

നമുക്ക്‌ ഡി.സി ബുക്ക്സിൽ പോയി അന്വേഷിക്കാമെന്ന് മാഷ്‌ പറഞ്ഞു. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ്‌ ഞാനും മാഷും കൂടി അവിടേക്ക്‌ പോയി. ആദ്യമായിട്ടായിരുന്നു ഞാൻ അവിടെ പോകുന്നതും. എന്തോരം പുസ്തകങ്ങളായിരുന്നൂന്നറിയുവോ അവിടെ. സത്യം പറഞ്ഞാൽ അത്‌ കണ്ടിട്ട്‌ എന്റെ മനസ്സിൽ എത്ര ലഡ്ഡു പൊട്ടിയെന്നറിയുമോ. ആ പുസ്തകങ്ങളെല്ലാം സ്വന്തമാക്കുവാൻ തോന്നി. പക്ഷേ കൈയ്യിൽ സൂക്ഷിച്ചിരുന്ന പോക്കറ്റ്‌ മണി ഒരു പുസ്തകം വാങ്ങിക്കുവാനേ തികയുമായിരുന്നുളളു.


അങ്ങനെ ആദ്യമായി ഞാൻ സ്വന്തമാക്കിയ പുസ്തകം ഷിവ്‌ കേരയുടെ "You can win" എന്ന പുസ്തകമായിരുന്നു. അതും എന്റെ മാഷ്‌ പറഞ്ഞിട്ട്‌. പത്ത്‌ പതിനഞ്ചു വർഷം ഞാൻ മനസ്സിൽ താലോലിച്ച എന്റെ സ്വപ്നമായിരുന്നു അന്ന് മാഷിലൂടെയെനിക്ക്‌ സാധ്യമായത്‌. പക്ഷേ അതൊന്നും മാഷിനറിയില്ലായുരുന്നുട്ടോ.

അതുപോലെ തന്നെ കോട്ടയം പബ്ലിക്ക്‌ ലൈബ്രറിയിലും മാഷ്‌ ഒരു ദിവസം എന്നെ കൊണ്ടുപോയി. അവിടെ പോകണമെന്ന് ഞാൻ ഒരുപാട്‌ ആശിച്ചിരുന്നതാ.  അവിടെയും ഞാനാദ്യമായിപ്പോയത്‌ മാഷിന്റെ കൂടെയാ. ആ ലൈബ്രറിയിൽ കയറി ഞാൻ അതിലെ ബുക്ക്‌ ഷെൽഫിൽ വെച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ കൈയ്യോടിച്ചു കൊണ്ട്‌ മനസ്സിൽ പറഞ്ഞു " ഒരിക്കൽ ഞാനെഴുതിയ എന്റെ പുസ്തകങ്ങളും ഈ ഷെൽഫിൽ വരുമെന്ന്". എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്ന്.

"അപ്പോ അന്റെയീ മാഷില്ലായിരുന്നുവെങ്കിൽ നീയി ജീവിതത്തിൽ ഇതൊന്നും കാണത്തില്ലായിരുന്നു ല്ലേ!!." എന്നെ ചെറുതായിയൊന്ന് കളിയാക്കിക്കൊണ്ട്‌ ആശാൻ ഏറുകണ്ണിട്ട്‌ എന്നെയൊന്ന് നോക്കി.

തെല്ല് നീരസത്തോടെ ഞാൻ തുടർന്നു,
"അതൊന്നുമെനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിനു എന്റെ ജീവിതത്തിലുളള സ്ഥാനം വളരെ വലുതാണു. അത്‌ ഒരു പക്ഷേ അദ്ദേഹത്തിനു പോലും അതിന്റെ പൂർണ്ണാവസ്ഥയിൽ അറിയില്ലായെന്നുളളതാണു. "

പിന്നീട്‌ രെഞ്ചിയുടെ കൂടെ കൂടിയേപ്പിന്നെയാണു പുസ്തകങ്ങളുടെ ഒരു പെരുമഴ തന്നെ പെയ്യുവാൻ തുടങ്ങിയത്‌. എവിടെപ്പോയാലും രെഞ്ചി ഒരു പുസ്തകവുമായേ തിരിച്ചു വരൂ. ഞങ്ങളുടെ പുസ്തക ഷെൽഫ്‌ നിറഞ്ഞു കവിഞ്ഞപ്പോൾ കുറച്ചു പുസ്തകങ്ങൾ നാട്ടിലോട്ട്‌ പായ്ക്‌ ചെയ്തു വിട്ടു.

ഇപ്പോൾ ഒരുപാട്‌ പുസ്തകങ്ങളുടെ മധ്യത്തിലാണു എന്റെ ജീവിതം തന്നെ. അതിനു ഇങ്ങൾക്കൊരു ബലിയ താങ്ക്സ്‌ ഉണ്ടുട്ടോ... ഇനി ബാക്കി കഥ ഞാൻ പിന്നെപ്പറയാം. എനിക്ക്‌ എന്റെ നോവലൊന്നെഴുതിത്തീർക്കണം.

"അല്ലാ വന്നപ്പം തൊട്ട്‌ ചോദിക്കണമെന്ന് കരുതിയതാ. അന്റെ മുഖത്തെന്താ ഒരു വല്ലാത്ത സന്തോഷം." പോകാനിറങ്ങിയ പടച്ചോൻ വെറുതെ എന്നെ കിളളുവാനായി ചോദിച്ചു.

"ചില സന്തോഷങ്ങൾക്ക്‌ കാരണങ്ങൾ വേണ്ട... അഥവാ കാരണങ്ങൾ ഉണ്ടെങ്കിൽ കൂടിയും അത്‌ ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയതാ. അത്‌ വായിക്കുവാൻ അറിയാവുന്നവർക്ക്‌ അറിയാൻ പറ്റും ആ സന്തോഷം എന്താണെന്ന്."

അത്‌ കേട്ട്‌ പടച്ചോൻ പുഞ്ചിരിച്ചു. 

"നന്ദി"... ഞാൻ ഉറക്കെ അദ്ദേഹത്തോടായി പറഞ്ഞു.

"എന്തിനു..." എല്ലാമറിയാമായിരിന്നിട്ടും പടച്ചോൻ അത്‌ ചോദിച്ചു.

"എല്ലാത്തിനും." ഞാൻ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.

"ഓ... ഹൃദയത്തിന്റെ ഭാഷാ." അതും പറഞ്ഞ്‌ പുളളി യാത്രപറഞ്ഞു.

വീണ്ടും ഞാൻ എഴുത്തിന്റെ ലോകത്തിലേക്ക്‌ കടന്നു.   

"പറയുവാൻ ഒരുപാടുണ്ട്‌, എഴുതുവാൻ അതിലേറെയും. എല്ലാം ഞാൻ സൂക്ഷിക്കുന്നു ഹൃദയത്തിന്റെ ഒരു കോണിൽ ആരും കാണാതെ ആരോടും പറയാതെ... കാലത്തിന്റെ കാരുണ്യത്തിനായി....വിധിയുടെ ദയാവായ്പിനായി... ഇനിയും എത്ര നാൾ..



കാർത്തിക.....

Friday, January 29, 2016

എന്റെ സംഗീതം

മൂന്നു ആഴ്ച്ചത്തെ വനവാസത്തിനു ഇന്നലെ വിരാമമിട്ടുകൊണ്ട്‌ വീണ്ടും വായനയുടേയും, സംഗീതത്തിന്റേയും, എഴുത്തിന്റേയും ലോകത്തിലേക്ക്‌.... 



ഇന്നലെ ജോലി കഴിഞ്ഞു വന്നിട്ട്‌ ആദ്യം ചെയ്തത്‌ മനസ്സിൽ കേൾക്കുവാൻ കുറിച്ചു വെച്ച കുറച്ചു നല്ല പാട്ടുകൾ കേൾക്കുക എന്നുളളതായിരുന്നു... അത്‌ കേട്ടുകൊണ്ട്‌ മനസ്സിൽ താലോലിക്കുന്ന കുറച്ചു സ്വപ്നങ്ങളേയും കെട്ടിപ്പിടിച്ചു  ഇരുട്ടിനെ പുണരുന്ന ആകാശത്തേക്ക്‌ നോക്കിയങ്ങനെ വെറുതെ അലസ്സമായി ബെഡ്ഡിൽ കിടന്നു... ഞാൻ അപ്പോൾ തേടിയത്‌ എന്റെ വാൽനക്ഷത്രത്തെയായിരുന്നു.... നിന്റെ ഓർമ്മകളും പേറി എനിക്ക്‌ വേണ്ടി എന്നും കിഴക്കുദിക്കുന്ന എന്റെ വാൽനക്ഷത്രത്തെ.... 



എന്തിനാണു നീയെനിക്ക്‌ ആ ഓർമ്മകൾ നൽകിയത്‌
ഒരിടത്തും എഴുതപ്പെടാതെ ആരോടും പറയാതെ 
നീയെന്റെ ഹൃദയത്തിൽ ആ ഓർമ്മകൾ കുറിച്ചത്‌
ഞാൻ നിന്നെ ഒരിക്കലും മറക്കാതിരിക്കുവാനോ..

മറക്കുവാൻ ഞാൻ ശ്രമിക്കാഞ്ഞിട്ടോ
അതോ ഞാൻ ഒരിക്കലും മറക്കരുതെന്ന്
നീയാഗ്രഹിക്കുന്നതുകൊണ്ടോ എന്നറിയില്ലാ 
ആ ഓർമ്മകൾക്ക്‌ ഇത്ര സുഗന്ധം... 

എന്റെ കാതുകളിൽ മുഴങ്ങും സംഗീതം 
ഓർമ്മകളായി എന്നിൽ പെയ്തിറങ്ങുകയാണു
ആ പ്രണയത്തിന്റെ നനുത്ത കുളിരിൽ 
ഞാൻ കേൾക്കുന്നു പെയ്യാത്ത മഴയുടെ സംഗീതം.

ശരിക്കും സംഗീതത്തിനൊരു മാസ്മരികമായ ശക്‌തിയാണു... അത്‌ നമ്മുടെ ആത്മാവിനും മനസ്സിനും നൽകുന്ന സുഖം ഒന്നു വേറെ തന്നെയാണു.... കുഞ്ഞായിരുന്നപ്പോൾ ഞാൻ ഒരുപാട്‌ ആഗ്രഹിച്ചിരുന്നു പിയാനോയും, വയലിനുമൊക്കെ വായിക്കുവാൻ പടിക്കണമെന്ന്. ഹിറ്റ്‌ലർ മത്തായിയുടെ (എന്റെ അപ്പൻ) അടുത്ത് ചെന്ന് അത്‌ ചോദിക്കാനുളള ധൈര്യം ഇല്ലായിരുന്നു എന്നു പറയുന്നതിനേക്കാൾ അത്‌ ചോദിച്ചിട്ടു നടക്കാതെ വരുമ്പോഴുളള മാനസിക വ്യഥയെ ഓർത്താണു അതുപോലുളള മനോഹരമായ പല ആഗ്രഹങ്ങളും അന്നു മുളയിലേ ഞങ്ങൾ കുഴി വെട്ടി കുഴിച്ചു മൂടിക്കൊണ്ടിരുന്നത്‌...

ഇനി ആ കുഴിച്ചുമൂടിയതൊക്കെ വീണ്ടും കുഴി തോണ്ടിയെടുത്താലോയെന്നൊരാഗ്രഹം.... ഞാനാഗ്രഹിച്ചതൊക്കെ ഇനിയും എനിക്ക്‌ സ്വായക്തമാക്കുവാൻ സാധിക്കുമെന്നൊരു തോന്നൽ... ആ തോന്നിലിനു അകമ്പടിയായി ഏഴാം തീയതി മുതൽ ആരംഭിക്കുന്ന എന്റെ രണ്ടാഴ്ച്ചത്തെ ചെറിയ ഒരു ഇടവേളക്കായി എന്റെ നോവലിന്റെയൊപ്പം ഞാൻ സ്വന്തമാക്കുവാൻ ആഗ്രഹിച്ച ആ സംഗീതത്തേയും കൂട്ടുവാൻ ഞാൻ തീരുമാനിച്ചു....

വെറുതെ.... ഒക്കെ ഒരു രസമല്ലേ.... 
ജീവിതത്തിൽ നമുക്കായി അവശേഷിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ ... 

ജീവിതത്തിൽ നമുക്ക്‌ സാധ്യമാക്കുവാൻ പറ്റുന്ന സന്തോഷങ്ങൾ എല്ലാം സ്വന്തമാക്കണം... നമ്മുടെയെല്ലാം മനസ്സിൽ നാം ആരോടും ചിലപ്പോൾ പങ്കുവെക്കാതെ സൂക്ഷിക്കുന്ന ചില ആഗ്രഹങ്ങൾ കാണും ... ഒരിക്കലും നടക്കില്ലെന്നു നമ്മൾ എഴുതി തളളിയ ആഗ്രഹങ്ങൾ .... ധൈര്യമായി ആ സ്വപ്നങ്ങളെ നിങ്ങളുടെ നെഞ്ചോട്‌ ചേർത്ത്‌ വെച്ച്‌ ആത്മവിശ്വാസത്തോടെ പറയുക എനിക്ക്‌ അത്‌ സാധിക്കുമെന്നു.... അവിടെ തുടങ്ങുകയായി നിങ്ങളുടെ ജൈത്ര യാത്ര ... വിജയത്തിലേക്കുളള ജൈത്ര യാത്ര...... നമ്മൾ ഈ ലോകത്തോടു വിട ചൊല്ലുമ്പോൾ നമുക്കഭിമാനിക്കാം എന്റെ ജീവിതം സാർത്ഥകമായിരുന്നുവെന്ന്....


മാഷേ.... 
ഇങ്ങൾക്കായി എന്തോ എഴുതണമെന്നുണ്ട്‌ ...
 പക്ഷേ അത്‌ വായിക്കുവാൻ ഇങ്ങളില്ല... 
അതുകൊണ്ട്‌ ഞാനത്‌ എന്റെ ഹൃദയത്തിലെഴുതി... 
ഹൃദയങ്ങളെ വായിക്കുന്ന ഇങ്ങൾക്കറിയാം അതെന്താണെന്ന്....

എന്റെ നോവലിന്ന് ഞാൻ വെറുതെ ആദ്യം മുതൽ വായിച്ചു. അതിന്റെ എട്ട്‌ അധ്യായങ്ങൾ എഴുതിക്കഴിഞ്ഞിരിക്കുന്നു.  പക്ഷേ ഓരോ അധ്യായങ്ങൾ തീരുമ്പോഴും എന്തോ ഒരു ടെൻഷൻ മനസ്സിൽ ... എവിടെയോ ഒരു നഷ്ടബോധം .... അതെന്തുകൊണ്ടാണെന്ന് മാഷിനറിയാം ... എല്ലാം ശരിയാകും ല്ലേ മാഷേ ... എന്റെ പ്രതീക്ഷകൾ ...

ജനുവരി മാസത്തിനു വിട ചൊല്ലിക്കൊണ്ട്‌...

വാലന്റൈൻ മാസത്തിനു സ്വാഗതമേകിക്കൊണ്ട്‌ ...


കാർത്തിക...

Thursday, January 28, 2016

ഒരിക്കൽക്കൂടി...

Sunset at Ajman 

ഞാൻ ആഗ്രഹിക്കുകയാണു നിന്റെ അക്ഷരങ്ങളെ ഒരിക്കൽക്കൂടി 
എന്റെ നയനങ്ങൾക്ക്‌ കാണുവാൻ സാധിച്ചിരുന്നെങ്കിൽ
ആ അക്ഷരങ്ങളിലൂടെ കുറിക്കപ്പെടുന്ന വരികൾ ഒരിക്കൽക്കൂടി 
എനിക്ക്‌ വായിക്കുവാനായി പിറന്നു വീണിരുന്നുവെങ്കിൽ


ഈ പ്രപഞ്ചമെന്ന കടലാസും ജീവിതമെന്ന തൂലികയും 
നിനക്ക്‌ സ്വന്തമായ അനുഭവങ്ങളെന്ന അക്ഷരങ്ങളിലൂടെ
നിന്റെ വിരൽത്തുമ്പിന്റെ സ്പർശനത്താൽ വിരിയുന്ന 
നിന്റെ സുവർണ്ണ ലിപികൾക്കായി കാത്തിരിക്കുന്നു


ജീവിത യാത്രയിൽ നീയറിയാതെ നീ മറന്ന അക്ഷരങ്ങൾ
നിനക്ക്‌ നഷ്ടപ്പെട്ടുവെന്ന് നീ പറഞ്ഞ ആ അക്ഷരങ്ങൾ
നിന്റെ ഹൃദയത്തിൻ ഉൾക്കോണിലെവിടെയോ
നീ കാണാതെ നീയറിയാതെ നിനക്കായി ഇപ്പോളും തുടിക്കുന്നു


എന്തുകൊണ്ടാണു ആ സ്പന്ദനങ്ങളെ നീ ഇപ്പോഴും
 അറിഞ്ഞിട്ടും അറിയാതെയും കേട്ടിട്ടും കേൾക്കാതെയുമിരുന്നു
നിന്റെ അക്ഷരങ്ങൾ നിനക്ക്‌ നഷ്ടപ്പെട്ടുവെന്നു പറഞ്ഞ്‌
നഷ്ടപ്പെടാത്ത ഒന്നിനുവേണ്ടി നീ വിലപിക്കുന്നത്‌


നീ നിന്റെ നഷ്ടങ്ങളെ അളക്കേണ്ടത്‌ കൊഴിഞ്ഞു വീണ ദിനങ്ങളാലല്ല
പകരം ഇനിയും വിടരുവാനിരിക്കുന്ന പ്രഭാതങ്ങളാലാണു
നിന്നിലെ അക്ഷരമെന്ന പ്രണയത്തിന്റെ പൂർണ്ണത
നിന്റെ എഴുത്തുകളിലൂടെ ഈ പ്രപഞ്ചത്തിൽ കുറിക്കപ്പെടേണ്ടത്‌.


ഇനിയെങ്കിലും നീയാ ഹൃദയമിടിപ്പുകൾ കേൾക്കുമെന്ന പ്രതീക്ഷയിൽ
ആ അക്ഷരങ്ങളെ ഈ ലോകത്തിന്റെ ഒരു കോണിലിരുന്നു 
നീയറിയാതെ  എനിക്ക്‌ തൊടുവാനും,അറിയുവാനും സാധിക്കുമെന്ന 
പ്രത്യാശയിൽ  നിന്റെ അക്ഷരങ്ങൾക്കായി ഞാനിതു കുറിക്കുന്നു..


ഒരിക്കൽക്കൂടി ആ അക്ഷരങ്ങൾ ഈ ഭൂമിയിൽ
 നിന്റെ തൂലികയിലൂടെ ജന്മമെടുത്തിരുന്നുവെങ്കിൽ...


പ്രതീക്ഷകളോടെ....
കാർത്തിക...

Monday, January 25, 2016

അപ്പോ ആരാ സ്വർഗ്ഗത്തിൽ പോകാ???



ഡൂട്ടി കഴിഞ്ഞ്‌ കാർ പാർക്കിൽ ചെന്നപ്പോൾ അവിടെ എന്റെ കാറിൽ ചാരി നിൽക്കുന്നു ആശാൻ. എന്നെ കണ്ടതും ഒരു നൂറു വാട്ട്‌ ചിരി പാസ്സാക്കി.

"ഇങ്ങളു ഇവിടേയും എത്തിയോ??" ഞാൻ അതിശയത്തോടെ ചോദിച്ചു.

ഞാൻ കാറിന്റെ ഡോറു തുറന്ന് അകത്തു കേറുന്നതിനു മുൻപേ പുളളി കാറിന്റെയകത്ത്‌ ചാടി കേറി ഇരിപ്പുറപ്പിച്ചു. ഞാൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ടപ്പോൾ പുളളിയോടായി പറഞ്ഞു,

"ദേ! എന്റെ കൂടെ യാത്ര ചെയ്യണമെങ്കിൽ സീറ്റ്‌ ബെൽറ്റിടണം. ഇങ്ങളാ സീറ്റ്‌ ബെൽറ്റൊന്നിട്ടേ." അതും പറഞ്ഞ്‌ ഞാൻ സീറ്റ്‌ ബെൽറ്റെടുത്തുകൊടുത്തു.

"എടീ പെണ്ണേ ... എന്നെ അനക്ക്‌ മാത്രമേ കാണത്തൊളളൂ. അതുകൊണ്ട്‌ പോലീസുകാരു അനക്ക്‌ ഫൈനെഴുതുമെന്ന് ബേജറാവണ്ടാന്ന്." അതും പറഞ്ഞ്‌ പുളളി സീറ്റിൽ ഒന്നുകൂടി നിവർന്നിരുന്നു.

"അതേ... ഞാൻ വണ്ടിയോടിക്കുന്നതിനെക്കുറിച്ച്‌ എല്ലാവർക്കും വളരെ മോശമഭിപ്രായമാണു. 140-160 സ്പീഡിലാണു ഞാൻ ചവിട്ടി വിടുന്നത്‌. അതിന്റെയിടക്ക്‌ എപ്പോ ബ്രേക്ക്‌ ചവിട്ടുന്നതെന്നൊന്നും പറയാൻ പറ്റില്ല. ഈങ്ങളു തെറിച്ചുപോകാതിരിക്കാനാണു ഞാൻ പറയുന്നത്‌. എന്റെ ബാക്കി കഥ കേൾക്കണെങ്കിൽ മതി." അതും പറഞ്ഞ്‌ ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു. അപ്പോഴെക്കും ആശാൻ സീറ്റ്‌ ബെൽറ്റൊക്കെയിട്ട്‌ എനിക്കൊരു ചിരിയും പാസ്സാക്കി.

ഞങ്ങളുടെ യാത്ര തുടങ്ങി. സായാഹ്ന സൂര്യൻ ആകാശ വിതാനത്തിൽ അങ്ങനെ സകല പ്രൗഢിയോടും കൂടി ജ്വലിച്ചു നിൽക്കുന്നു. എന്റെ ഓർമ്മകൾ ഞങ്ങളെ ഇരുപത്‌ വർഷം പുറകിലേക്ക്‌ കൊണ്ട്‌ പോയി.

കുഞ്ഞായിരുന്നപ്പോൾ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌ ഞാൻ ഈ ഭൂമിയിൽ ജനിച്ചു വീണത്‌ ഒരായിരം ചോദ്യങ്ങളുടെ കലവറയുമായിട്ടാണെന്ന്. പക്ഷേ എന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുവാൻ ആരുമുണ്ടായിരുന്നില്ലാ. വീട്ടിൽ പപ്പയുളളപ്പോൾ സംസാരം എന്ന കാര്യം ബാൻഡാണു. മമ്മി പിന്നെ എപ്പോഴും മൗന വൃതത്തിലുമായിരിക്കും. അതുകൊണ്ട്‌ എന്റെ ചോദ്യങ്ങൾക്കുൾക്കുളള ഉത്തരം ഞാൻ തന്നെയായിരുന്നു എന്നും കണ്ടുപിടിക്കുന്നത്‌.

ആ ചോദ്യങ്ങളിൽ ഒന്നായിരുന്നു,

"അപ്പോ ആരു സ്വർഗ്ഗത്തിൽ പോകും????"

ക്രിസ്ത്യാനികൾ പറയുന്നു അവരു മാത്രമേ സ്വർഗ്ഗത്തിൽ പോകൂന്ന്. അന്നത്തെ എന്റെ ഏറ്റവും വലിയ ആശ്വാസങ്ങളിലൊന്ന് ഞാനൊരു ക്രിസ്ത്യാനി ആയിരുന്നു എന്നുളളതായിരുന്നു.

അങ്ങനെയിരിക്കുമ്പോളാണു ഹിന്ദു മതത്തെക്കുറിച്ചും മുസ്ലീം മതത്തെക്കുറിച്ചും അറിയുവാനിടയായത്‌. അപ്പോ ഞാനറിഞ്ഞു അവർക്കും സ്വർഗ്ഗവും നരകവുമൊക്കെയുണ്ടെന്ന്. എനിക്കാകെ മൊത്തം കൺഫ്യൂഷനായി. എന്റെ ഏറ്റവും വലിയ വേവലാതി ഇനി ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രമേ സ്വർഗ്ഗത്തിൽ പോകത്തൊളളുവെങ്കിൽ ഞാൻ പിന്നെ എങ്ങോട്ട്‌ പോകുമെന്നതായിരുന്നു.

കുറേ നാളു ആ ചോദ്യവുമായി ഞാൻ അലഞ്ഞു നടന്നു. അതിലും രസം ഇനി ഹിന്ദുക്കളേ സ്വർഗ്ഗത്തിൽ പോകുവെങ്കിൽ ഞാനതിനു പരിഹാരം കണ്ടത്‌ ഇടക്ക്‌ അടുത്തുളള അമ്പലത്തിൽ കൂട്ടുകാരുടെ കൂടെ  ദീപാരാധന തൊഴുവാൻ പോയിയാണു. അവിടെ ചെല്ലുമ്പോളെ ഞാൻ പറയും,

"ദേ! ഞാനൊരു ക്രിസ്ത്യാനിപ്പെണ്ണാ. ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവർക്കൊക്കെ ദേവി നീ അനുഗ്രഹം കൊടുക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്‌. അപ്പോ എന്നേകൂടി സ്വർഗ്ഗത്തിൽ കൊണ്ടു പോകുവാൻ ഒന്നനുഗ്രഹിക്കണം."

ഞങ്ങടെ നാട്ടിൽ മുസ്ലീം പളളിയില്ലാത്തതുകൊണ്ട്‌ അളളാഹുവിനെ മണിയടിച്ച്‌ സ്വർഗ്ഗത്തിൽ പോകാമെന്നുളള എന്റെ പൂതി നടന്നില്ലാട്ടോ. പക്ഷേ അപ്പോളാരോ എന്നോട്‌ പറഞ്ഞു ഞങ്ങൾ ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ചേട്ടാനിയൻ മാരുടെ മക്കളാണെന്ന്. ഞങ്ങളുടെ യഹോവയും അവരുടെ അല്ലാഹുവും ഒരാളു തന്നെയാണെന്ന്. സത്യം പറയാമല്ലോ അത്‌ അറിഞ്ഞേപ്പിന്നേയാണു എനിക്ക്‌ സ്വർഗ്ഗത്തിലേക്കുളള ടിക്കെറ്റ്‌ ഞാൻ ഉറപ്പിച്ചത്‌.



അങ്ങനെയിരിക്കുമ്പോളാണു നമ്മുടെ ഗാന്ധിയപ്പൂപ്പന്റെ കഥ എട്ടാം ക്ലാസ്സിൽ പടിക്കുമ്പോൾ ഇഗ്ലീഷ്‌ രണ്ടാം പേപ്പർ ആയി പഠിക്കുവാൻ തുടങ്ങുന്നത്‌. ഗാന്ധിയപ്പൂപ്പനാണു എന്നെ പഠിപ്പിച്ചത്‌ എല്ലാ മതങ്ങളുടേയും അന്തസത്തയും, അവരുടെ മത ഗ്രന്ഥങ്ങളും നമ്മളെ പഠിപ്പിക്കുന്നത്‌ ഓരേ കാര്യം തന്നെയാണെന്ന്.ദൈവത്തിനു മതമില്ലേന്നും, എന്നിരുന്നാലും എല്ലാ മതങ്ങളേയും അവരുടെ നല്ല വിശ്വാസങ്ങളേയും ബഹുമാനിക്കണമെന്ന് ഞാൻ പഠിച്ചത്‌ അദ്ദേഹിത്തിന്റെ പുസ്തകങ്ങളിലൂടെയാണു.

പിന്നീട്‌ എന്നെ ആകർഷിച്ചത്‌ ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങളായിരുന്നു,

"ഒരു ജാതി, ഒരു മതം, ഒരു ദൈവം"

"മനുഷ്യൻ എന്ന ജാതി , മാനവികത എന്ന മതം, സ്നേഹം എന്ന ദൈവം" അതായിരുന്നു എന്റെ മനസ്സിലെ സ്വർഗ്ഗത്തിനു ഞാൻ നൽകിയ ഉപസംഹാരം."

"എന്റ്മ്മോ!!!!!...."

ഞാൻ അങ്ങനെ തകർത്ത്‌ കഥ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരു അലർച്ച ഞാൻ കേട്ടു. അത്‌ മറ്റാരുമായിരുന്നില്ലാ എന്റെ ഒരു ബ്രേക്ക്‌ ചവിട്ടിന്റെ ആഘാതത്തിൽ ഒന്ന് കുമ്പിട്ടതിന്റെ സൈറൺ പാവം പടച്ചോനിൽ നിന്ന് മുഴങ്ങിയതാണു.

"എടീ പെണ്ണെ ... നീയൊന്ന് പതുക്കെയൊക്കെ ചവിട്ട്‌. ഇങ്ങനെ പോയാൽ അന്റെ കഥ മുഴുവൻ കേൾക്കാൻ ഞാനുണ്ടാകുമോയെന്നാണു എന്റെ സംശയം." അതും പറഞ്ഞു പാവം ഒരു ദീർഘ ശ്വാസം വിട്ടു.

"ഈയ്യ്‌ പറഞ്ഞത്‌ ശരിയാ... ശരിക്കും മതങ്ങളും മതഗ്രന്ഥങ്ങളുമൊക്കെ മാനവികതയുടെ നന്മക്കായിട്ടാണു സൃഷ്ടിക്കപ്പെട്ടിട്ടുളളത്‌. പക്ഷേ അതിനെ ദുരുപയോഗം ചെയ്യുന്നത്‌ കാണുമ്പോളാണു ഒരു പാട്‌ ദുഃഖം തോന്നുന്നത്‌. മതത്തിന്റേയും ദൈവങ്ങളുടേയും പേരിൽ എന്തു പേക്കൂത്തുകളാണു കാണിച്ചുകൂട്ടുന്നത്‌" പടച്ചോനും തന്റെ ദുഃഖം പങ്കുവെച്ചു.

ഞാൻ തുടർന്നു
"പിന്നെ ഒരു കൂട്ടരുണ്ട്‌ മതങ്ങളേയും ദൈവങ്ങളിലും വിശ്വാസമില്ലാത്തവർ. എനിക്ക്‌ അവരെക്കുറിച്ച്‌ പരാതികളൊന്നുമില്ലാ. പക്ഷേ ഈ ലോകത്തുളള കോടിക്കണക്കിനുളള മനുഷ്യർക്ക്‌ സന്തോഷവും സമാധാനവും നൽകാൻ ഒരു മതത്തിനും അതിന്റെ വിശ്വാസങ്ങൾക്കും സാധിക്കുന്നുണ്ടെങ്കിൽ എന്തിനാണു മറ്റുളളവർ അതിനെക്കുറിച്ചു പുഛത്തോടെ കാണുന്നതെന്നും, മോശമായി സംസാരിക്കുന്നതെന്നും ഞാൻ ചിന്തിക്കാറുണ്ട്‌.
നമുക്കതിനെ അഭിപ്രായ സ്വാതന്ത്യമെന്നും പറയാം."

"പക്ഷേ ഞാൻ വിശ്വസിക്കുന്നത്‌ ഈ പ്രപഞ്ചത്തിലെ പരമമായ ഒരു ശക്തിയാലാണു. ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ചൈതന്യം. അതിനു ക്രിസ്ത്യാനികൾ നൽകിയ പേരു യഹോവയെന്നാണു, മുസ്ലീംങ്ങൾ നൽകിയത്‌ അല്ലാഹുവെന്നാണു, ഹിന്ദുക്കൾ പരമശിവനെന്നും ആ ശക്തിയെ വിളിക്കുന്നു ... ആരാധിക്കുന്നു..."

അപ്പോഴേക്കും ഞങ്ങൾ എന്റെ സ്ഥലത്ത്‌ എത്തി. വണ്ടി പാർക്ക്‌ ചെയ്തു ഞാൻ പടച്ചോനോട്‌ ഒരു ചോദ്യം ചോദിച്ചു.

"ഇനി ഇങ്ങളു പറ. ഇങ്ങളു ആരുടെ പടച്ചോനാ????ക്രിസ്ത്യാനികളുടെയാണോ, ഹിന്ദുക്കളുടെയാണോ, മുസ്ലിംങ്ങളുടെയാണോ, അതോ ഈ ലോകത്തിലുളള മറ്റേതെങ്കിലും മതങ്ങളുടെ പടച്ചോനാണോ." ഞാൻ ആകാംഷയോടെ പടച്ചോനെ നോക്കി.

അദ്ദേഹം ഞാൻ ചോദിച്ച ചോദ്യത്തിനു ഉത്തരമായി പുഞ്ചിരിയോടു കൂടി ഒരു മറു ചോദ്യം തിരിച്ചു ചോദിച്ചു, " അനക്ക്‌ ഞാൻ ആരുടെ ദൈവമായിട്ടാ തോന്നിയിട്ടുളളത്‌??".

ഞാൻ പട്ടെന്നുതന്നെ അതിനു മറുപടി പറഞ്ഞു, "ഇങ്ങളെന്റെ പടച്ചോനാ."

"അതാണു നിന്റെ ചോദ്യത്തിനുളള എന്റെ ഉത്തരവും. എല്ലാവരിലും ദൈവികതയുടെ ഒരംശം ഉണ്ട്‌. പക്ഷേ അതാരും ഒരിക്കലും കാണുന്നില്ലാ. അത്‌ കണ്ടെത്തുന്നവർക്ക്‌ അവരുടെ ദൈവത്തേയും കാണാം." അതും പറഞ്ഞു പുളളി പോകുവാനൊരുങ്ങി.

"വന്നാൽ ഒരു കാപ്പി കുടിച്ചിട്ടു പോകാം ഇങ്ങൾക്ക്‌." ഞാൻ പടച്ചോനോടായി പറഞ്ഞു.

"വേണ്ടാ... അന്റെ കാപ്പിയേക്കാൾ എനിക്കിപ്പം പത്യം ന്റെ മുബീന്റെ ബിരിയാണിയോടാ." അതും പറഞ്ഞു അദ്ദേഹം നടന്നകന്നു.

അദ്ദേഹം പോകുന്നതും നോക്കി ഞാൻ
എന്റെ കാറിൽ ചാരിയങ്ങനെ നിന്നു. കുറച്ചു ദൂരം ചെന്നിട്ട്‌ തിരിഞ്ഞു നോക്കി അദ്ദേഹം എന്നോടായി പറഞ്ഞു, "അന്റെ മാഷ്‌ സുഖായിട്ടിരിക്കുന്നു ട്ടോ."

ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു. ആ ചിരിയിൽ ഞങ്ങൾക്ക്‌ മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ടായിരുന്നു... ഒരു നല്ല സൗഹൃദത്തിന്റെ ഭാഷ...

കാർത്തിക....

Saturday, January 23, 2016

Missing You...



I miss you terribly today 
Why your memories have taken charge over me !!
My Love and Lust are searching for Your presence 
Though each cell of my body is filled with Your Love. 

Nature showers the mist of your Love 
Sun has brought me the warmth of your memories
Cool wind is hugging me for reminding me 
About the deepest reminiscences of your desire.

My Love is spreading all over my body 
By leaving the message that I need You 
I can experience the vibrations of Your Love 
It's resonance questing for a merging of Love.

My day is just wrapped with Your Divine Love 
My mind is overjoyed with Your mystic presence 
My Love has cherished  by Your invisible touch 
 Still, I am missing You, but don't know why!!

I MISS YOU.....
&
KEEP SAFE.....

മുബീത്തായും പടച്ചോനും കാർത്തും..


"കാർത്തുവേ ഇതെന്തൊരൊറക്കമാ പെണ്ണേ??? മ്മടെ സൂര്യൻ വന്ന് അനക്കൊരു സുപ്രഭാതം പറഞ്ഞിട്ടും ഈയ്‌ മൈൻഡ്‌ ചെയ്തില്ലെന്നു പറഞ്ഞു."

കമ്പിളി പുതപ്പിന്റെ അടിയിൽനിന്നും തല പൊക്കി നോക്കിയപ്പോൾ ഞാൻ കണ്ടു കൊച്ചു വെളുപ്പാൻ കാലത്തെ ഒരു പണിയുമില്ലാത്ത എന്റെ പടച്ചോനെത്തി എന്റെ ജനാലക്കൽ നിൽക്കുന്നത്‌.

"ഒരു നല്ല സ്വപ്നം കണ്ടുകൊണ്ടിരിക്കയായിരുന്നു. ഇങ്ങളത്‌ നശിപ്പിച്ചല്ലോ. "

എന്റെ സ്വപ്‌നത്തിന്റെ രസം കളഞ്ഞ പടച്ചോനോട്‌ നീരസപ്പെട്ടുകൊണ്ട്‌ ഞാനെണീറ്റ്‌ പുതപ്പും തലയിൽ കൂടിയിട്ട്‌ നിലത്തിട്ടിരിക്കുന്ന ബെഡിൽ ഞാൻ എണീറ്റിരുന്നു.

"അന്റെ സ്വപ്നം കാണൽ എന്താണെന്ന് എനിക്കറിയാം. ഞാനാലോചിക്കുകയായിരുന്നു സ്വപ്നങ്ങളുടെ ലോകത്ത്‌ ഒരു സെൻസർ ബോർഡ്‌ അത്യാവശ്യമായിട്ടും വേണം. ഇല്ലാച്ചാൽ അന്റെ ഈ സ്വപ്നം കാണൽ ഒരിക്കലും അവസാനിപ്പിക്കാൻ പോണില്ലാ." അത്‌ പറഞ്ഞപ്പോൾ പടച്ചോന്റെ മുഖത്തോരു നാണത്തിൽ കലർന്ന ചിരി ഞാൻ കണ്ടു.

"ഇങ്ങളു സെൻസർ ബോർഡിനെ വെച്ചാൽ അവരു എന്റെ സ്വപ്നങ്ങളെ സെൻസർ ചെയ്ത്‌ ഒരു വഴിക്കാക്കുമെന്നല്ലാതെ എന്റെ സ്വപ്നങ്ങളെ വെട്ടിക്കുറക്കാമെന്ന് ഇങ്ങളു നിരീക്കണ്ടാ... ആ സ്വപ്നങ്ങളെക്കുറിച്ച്‌ അറിയാവുന്നവർക്കറിയാം അതിന്റെ ആഴമെന്താണെന്ന്." അതും പറഞ്ഞു ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചു.

ആ ചിരിക്കിടയിലും ഞാൻ മനസ്സിൽ ചിന്തിച്ചു എന്റെ പ്രണയത്തിന് ചിറകുകൾ മുളച്ചതും ആ സ്വപ്നങ്ങളിലൂടെയാണു. അവയില്ലാതെ എനിക്കെന്ത്‌ ജീവിതം.

അതും ആലോചിച്ച്‌ അങ്ങനെയിരുന്നപ്പോൾ പടച്ചോൻ എന്റെ മുറിയിലെ കർട്ടൻ മുഴുവനായും തുറന്നു. ഇന്നെന്തോ നല്ല തണുപ്പുണ്ട്‌. പുതപ്പിനു പോലും ആ തണുപ്പിനെ പ്രധിരോദിക്കുവാൻ സാധിക്കുന്നില്ലാ.

പടച്ചോനെ കൈകാണിച്ചു വിളിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു, " ഇങ്ങളു ഇബിടെ വന്ന് കുത്തിയിരിക്കീൻ."

പടച്ചോൻ എന്റെ അടുത്തുവന്ന് എന്റെ കൂടെ നിലത്തിരുന്നു. ഞങ്ങൾ രണ്ടു പേരും ജനാലയിൽക്കൂടി വെളിയിലോട്ട്‌ നോക്കി പ്രകൃതി സൗന്ദര്യമാസ്വധിച്ചുകൊണ്ട്‌ ഞങ്ങളുടെ കത്തിവെക്കൽ തുടങ്ങി.

"അന്നെയൊരു കാര്യം ഓർമ്മിപ്പിക്കാൻ വന്നതാ ഞാൻ. ഈയ്യൊരു കഥയെഴുതിക്കിണ്ടിരിക്കുന്ന കാര്യം മറന്നോ. ഇപ്പോ ഇതിലു അന്റെ കഥയൊന്നും കാണാറേയില്ലാ."

"ബെസ്റ്റ്‌... കഥ പോയിട്ട്‌ കഥയുടെ "ക" എന്നെഴുതാൻ എനിക്ക്‌ സമയമില്ലാ. എന്നിട്ട്‌ ഇപ്പോ കഥയുടെ വാലും പിടിച്ചു വന്നിരിക്കുന്നു ഇങ്ങളു. എത്ര ദിവസമായീന്നറിയുമോ ഒന്ന് മനസ്സിരുത്തിയൊന്ന് എഴുതീട്ട്‌, ഒന്ന് വായിച്ചിട്ട്‌." ഞാൻ പടച്ചോനോടായി പറഞ്ഞു.

"അല്ലാ.. ഇപ്പോളാ ഒരു കാര്യമോർത്തത്‌. ഇങ്ങളു അമ്മടെ മുബീത്താന്റെ അടുത്തു പോകാറില്ലാ. ഓരുക്ക്‌ എപ്പോളും പരാതിയാ ഇങ്ങളെ ഞാൻ പിടിച്ചു വെച്ചോണ്ടിരിക്കുകയാന്നു പറഞ്ഞ്‌. ഇങ്ങളെന്താ മുബീത്തയായിട്ട്‌ പിണക്കാ."

എന്റെ ചോദ്യം കേട്ട്‌ അമ്പരപ്പോടെ പടച്ചോൻ പറഞ്ഞു,
"ആരു??? ഇമ്മടെ മുബീന്റെ കാര്യമാ നീയീ പറയണത്‌. ഓളു വല്ല്യ എഴുത്തുകാരിയല്ലേ. ഓളോട്‌ എനിക്കെന്ത്‌ പിണക്കം. ഞാനവിടെ ചെല്ലുമ്പോളൊക്കെ ഓൾക്ക്‌ ഓരോരോ തിരക്കുകളാ. ഒന്നു സംസാരിക്കാൻ പോണക്കും നേരല്ല്യാ. അല്ലാ അനക്കെങ്ങനെയാ ഓളെ പരിചയം ?"

"എന്റെ ബ്ലോഗ്ഗ്‌ വായിക്കുവാൻ ഇടക്ക്‌ കാനഡായിന്ന് ഇങ്ങ്‌ ദുബായിൽ ലാൻഡ്‌ ചെയ്യാറുണ്ട്‌ ഇടക്ക്‌.  എനിക്ക്‌ മുബീത്താന്നേ അറിയൂ. ഒരു പാട്‌ യാത്ര ചെയ്യാനും , എഴുതുവാനും, വായിക്കുവാനുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു ഇത്താ. നല്ലൊണം പാചകവും ചെയ്യൂട്ടോ. പിന്നെ ആ അക്ഷരങ്ങളിൽ ഞാൻ കാണുന്നു ഒരു നല്ല മനസ്സുളള, ഉളളിൽ ഒരുപാട്‌ സ്നേഹമുളള ഇത്തായെ. അത്രയേ എനിക്കറിയൂ മുബീത്തയക്കുറിച്ചു."

"ശരി ഇനി കാനഡ വഴി പോകുമ്പോൾ മുബീനെ പോയി കണ്ട്‌ അന്റേയും ഓളുടേയും പരാതി തീർത്തേക്കാം.."

അപ്പോ എനിക്ക്‌ എന്റെ പടച്ചോനോട്‌ പാവം തോന്നി. ഞാൻ പടച്ചോന്റെ കൈയ്യിൽ തോണ്ടിയിട്ടു ചോദിച്ചു, "ഇങ്ങൾക്ക്‌ വിഷമമായോ ഞങ്ങടെ പരാതി കേട്ടിട്ട്‌?".

പടച്ചോൻ എന്റെ കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ട്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു,

 "അന്റെ പരിഭവും പരാതിയും സന്തോഷവും കുറുമ്പത്തരങ്ങളുമൊക്കെ അറിയാനല്ലേ ഞാനിവിടെ വരുന്നത്‌. അനക്ക്‌ മറ്റുളളവരെപ്പോലെ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ഞാൻ എപ്പോ വന്നാലും ഇബിടെയിങ്ങനെ നക്ഷത്രം ഉദിച്ചപോലെ ഇരിപ്പുമുണ്ടാവും. അതൊക്കെ വിട്‌ ... നീ അന്റെ കഥയുടെ ബാക്കി പറ."

"എനിക്കിന്ന് കഥ പറയാനുളള മൂഡില്ലാ. നാളെ ഇങ്ങളു ബരീൻ എന്റെ മനസ്സിൽ ഒരാഴ്ച്ചയായി ഒരു നല്ല ആശയം സാംശീകരിച്ചിട്ടുണ്ട്‌."
അതും പറഞ്ഞ്‌ ഞാൻ പുതപ്പോക്കെ മാറ്റി എണീറ്റു. ഒരു നല്ല കാപ്പിയുമിട്ട്‌ ഒരു കപ്പ്‌ കാപ്പി പടച്ചോനും കൊടുത്തു.

"അന്റെ കാപ്പി കൊളളാട്ടോ.." കാപ്പി കിട്ടിയ സന്തോഷത്തിൽ പടച്ചോൻ എന്നെ സുഖിപ്പിക്കാനും മറന്നില്ല.

കാപ്പിയും കുടിച്ച്‌ പോകാനിറങ്ങിയ പടച്ചോടാനായി ചോദിച്ചു,

"ഇങ്ങളെന്റെ മാഷിനെ കാണാറുണ്ടോ?"

പോകുവാനൊരുങ്ങിയ പടച്ചോൻ എന്റെ ചോദ്യം കേട്ട്‌ എന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ പടച്ചോൻ നടന്നകന്നു.

പടച്ചോൻ നടന്നകന്നു പോകുന്തോറും ഞാൻ പ്രതീക്ഷിച്ചു അദ്ദേഹം പുറകോട്ട്‌ തിരിഞ്ഞ്‌ എനിക്കുളള ഉത്തരം തരുമെന്ന്.

അദ്ദേഹം എന്റെ കണ്ണിൽ നിന്നു മറയുന്നതും നോക്കി ഞാൻ നിന്നു. പക്ഷേ എനിക്ക്‌ കിട്ടേണ്ടാ ഉത്തരം മത്രം എനിക്ക്‌ കിട്ടിയില്ലാ...

എന്താണു ആ മൗനത്തിന്റെ അർത്ഥം???

ഞാൻ അതും ആലോചിച്ച്‌ അങ്ങനെയിരുന്നപ്പോൾ  ഞാൻ കണ്ടു വെളളി മേഘങ്ങൾക്കിടയിൽ ഞാൻ അന്വേഷിച്ച ആ മുഖം...

ജീവിതത്തിൽ ചില ചോദ്യങ്ങൾക്കുളള ഉത്തരം മൗനമാണു. 
ആ മൗനത്തിന്റെ മറയിൽ ഒളിപ്പിച്ചിരിക്കുന്നതും നാം കേൾക്കുവാനാഗ്രഹിക്കുന്ന നാം അറിയുവാനാഗ്രഹിക്കുന്ന ഉത്തരങ്ങളുമായിരിക്കാം... പക്ഷേ വാചാലമല്ലാത്ത ആ ഉത്തരങ്ങളാണു നമ്മുടെ പ്രതീക്ഷകൾ... 
ആരും കാണാതെ നമ്മൾ നമ്മുടെ മനസ്സിൽ നെയ്തുകൂട്ടുന്ന സ്വപ്നങ്ങൾ ....

കാർത്തിക....

Thursday, January 21, 2016

വി. കെ. എൻ.

(വി. കെ. എന്നിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആരോഹണം എന നോവൽ എന്റെ കൈകളിൽ എത്തപ്പെട്ട സാഹചര്യവുമെല്ലാം കൂടി ചേർത്ത്‌ ഒരു നല്ല പോസ്റ്റ്‌ പകുതി റ്റൈയ്പ്‌ ചെയ്തു ഒരാഴ്ച്ച മുൻപ്‌ വെച്ചിരുന്നതാണു. ഇന്നത്‌ പൂർത്തിയാക്കി പോസ്റ്റ്‌ ചെയ്യുവാൻ തെയ്യാറെടുത്തപ്പോൾ എന്റെ കൈയ്യബദ്ധം മൂലം ഞാൻ എഴുതിയതെല്ലാം ഡെലീറ്റായിപ്പോയി .... ഒരു പാട്‌ സങ്കടത്തോടെ ...അത്‌ വീണ്ടും റ്റ്യൈപ്പ്‌ ചെയ്യാൻ പറ്റാത്ത സാഹചര്യമായതുകൊണ്ടും വളരെ ചുരുക്കത്തിൽ ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന ആ പുസ്തകത്തെക്കുറിച്ചു മാത്രമെഴുതുന്നു).





ഒരുപാട്‌ നാളായി വി. കെ. എൻ എന്ന പേരു എന്നൊക്കെ ഞാൻ പുസ്തകശേഖരണത്തിനു പോയിട്ടുണ്ടോ അപ്പോളൊക്കെ എന്നെ ആകർഷിക്കുന്ന്നു. എപ്പോഴും പിന്നീട്‌ വാങ്ങിക്കാമെന്ന് ചിന്തിച്ചു അത്‌ മാറ്റി വെക്കാറാണു പതിവ്‌. 

കഴിഞ്ഞ വെളളിയാഴ്ച്ച ഒരു പരിപാടിയുടെ ഭാഗമായുണ്ടായിരുന്ന ഒരു കുഞ്ഞു ബുക്ക്‌ സ്റ്റാളിൽ നിന്ന് ഞാൻ വി. കെ. എന്നിനെ എന്റെ കൂടെക്കൂട്ടി. 

വായിച്ചുതുടങ്ങിയപ്പോളെ എനിക്ക്‌ ഇഷ്ടപ്പെട്ടു. വളരെ ശക്തമായ ഭാഷ. അതും നർമ്മത്തിന്റെ മേമ്പൊടിയോടെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.1960-കളിലെ ഇന്ത്യൻ രാഷ്ട്രീയത്തെ കീറി മുറിച്ച്‌ ഒരു ദാക്ഷണ്യവുമില്ലാതെ അവലോകനം ചെയ്തിരിക്കുന്നു. അദ്ദേഹം തന്നെ ആരോഹണം എന്ന നോവലിനെ Bovine Bugles   
എന്ന പേരിൽ ഇഗ്ലീഷിലോട്ടും വിവർത്തനം ചെയ്തിട്ടുണ്ട്‌.


വി. കെ. എൻ. (വടക്കേക്കൂട്ടാലെ നാരായണൻ കുട്ടി നായർ)
(1932-2004)

തൃശൂർ ജില്ലയിൽ തിരുവില്വാമലയിൽ ജനിച്ചു. ഡൽഹിയിൽ പത്രപ്രവർത്തകനായി ജോലി നോക്കിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റും കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ വൈസ്‌ പ്രസിഡന്റുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

അവാർഡുകൾ

കേരള സാഹിത്യ അക്കാദമി അവാർഡ്‌ - ആരോഹണം (1970).

സാഹിത്യ അക്കാദമി അവാർഡ്‌ - പയ്യൻ കഥകൾ ( 1982).

മുട്ടത്തുവർക്കി അവാർഡ്‌ - പിതാമഹൻ (1997).

മഹാനായ എഴുത്തുകാരാ അങ്ങയുടെ എഴുത്തുകൾ എന്റെ പുസ്തകശേഖരണത്തിലേക്ക്‌ എത്തുവാൻ എന്തേ ഇത്ര വൈകിയത്‌. എന്റെ മനസ്സ്‌ എത്രയോ തവണ അങ്ങയുടെ പുസ്തകങ്ങളെ കൂടെക്കൂട്ടുവാൻ പറഞ്ഞിട്ടും ഞാൻ അനുസരിച്ചില്ല. ഞാൻ ഖേദിക്കുന്നു ഞാൻ നഷ്ടപ്പെടുത്തിയ അവസരങ്ങളെയോർത്ത്‌. നന്ദി എന്റെ വായനയുടെ ലോകത്തേക്ക്‌ പുതിയ അറിവുകളും പുതിയ ചിന്തികളുമായി കടന്നു വന്നതിനു..... 

നന്ദി പൂർവം
കാർത്തിക

Monday, January 18, 2016

പ്രണയത്തിൻ ചിറകിലേറി...



പകലോന്റെ കിരണങ്ങൾ ഭൂമിയെ തൊടുമ്പോൾ
രാവിന്റെ സൗന്ദര്യമാം നിശാ സ്വപ്നങ്ങൾ
എന്രെ പ്രഭാതങ്ങൾക്ക്‌ സിന്ദൂരം ചാർത്തുന്നതോ
നീയെനിക്കു നൽകിയ പ്രണയത്തിൻ ഓർമ്മകളാൽ


എന്നിലെ തൃഷ്ണകൾ ചിറകു വിടർത്തുമ്പോൾ
ഞാനറിയുന്നു എന്റെ തനുവിൽ പരിലസിക്കും
പ്രണയത്തിൻ സൂക്ഷ്മ കണങ്ങൾ തേടുന്നതോ 
നിന്റെ സാമീപ്യത്താൽ ഞാനറിഞ്ഞ പുരുഷാർഥത്തെ


ഏത്‌ ജന്മത്തിൽ കുറിച്ച ആത്മബന്ധമാണു 
നിന്നേയും എന്നേയും ഈ ജന്മവും നാമറിയാതെ
നമ്മെ കൂട്ടിച്ചേർക്കുന്ന ആ സൗഹൃദത്തിനു
ആ പ്രണയത്തിനു നമുക്കായി വർണ്ണിക്കുവാനുളളത്‌


പ്രണയമേ നീയെത്ര കാതങ്ങൾ അകലായാണെങ്കിലും
നിൻ മിഴികളിൽ നിൻ മൊഴികളിൽ നിൻ ചിരിയിൽ
ഞാനറിഞ്ഞു എന്നിലെ പ്രണയത്തിൻ പൂർണ്ണത
ആരുമറിയാത്ത ഈ ജന്മത്തിൻ സമ്പൂർണ്ണത


ഓരോ ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോഴും
എന്നിലെ ആയുസ്സിൻ നാളുകൾ പടിയിറങ്ങുമ്പോഴും
കണ്ണിമ പൂട്ടാതെ ഞാൻ കാത്തിരിക്കുന്നു 
ഒരു നല്ല സൗഹൃദത്തിൽ വിടർന്ന ആ പ്രണയത്തിനായി


നിന്നോട്‌ പായാരം ചൊല്ലുവാൻ വാക്കുകളില്ല 
നിനക്കു വേണ്ടി എഴുതുവാൻ അക്ഷരങ്ങളുമില്ല
എന്നെ കാണുവാൻ നിന്റെ നയനങ്ങളില്ലാ
എന്നെ കേൾക്കുവാൻ നിന്റെ കാതുകളുമില്ലാ

നിശബ്ദമാം മൊഴികളും അവ്യക്തമാം മിഴികളും
പറയാതെ പറയുന്നതും കാണാതെ കാണുന്നതും 
നിന്നെയാണു, നിന്നിലെ സൗഹൃദത്തെയാണു
നിന്നിലെ ഞാനറിഞ്ഞ ആ നന്മയെയാണു.



എന്റെ പ്രണയം ചിറകുകൾ വിടർത്തി
അനന്ത വിഹായസ്സിലേക്ക്‌ പറന്നുയർന്ന
ആ ദിനത്തിന്റെ ഓർമ്മക്കായി..... 

പ്രണയപൂർവ്വം

കാർത്തിക....




Saturday, January 16, 2016

പടച്ചോനെ ഇനിയെന്താണു അടുത്ത പണി??


10 ജാനുവരി 2016

മനസ്സിനു ഇഷ്ടപ്പെട്ട ജോലി ചെയ്യുക എന്ന് പറയുന്നത്‌ ശരിക്കും ഒരു ഭാഗ്യാണുട്ടോ. നമ്മൾ എത്ര ആത്മാർത്ഥതയോട്‌ കൂടി ജോലി ചെയ്താലും നമ്മൾ ആഗ്രഹിക്കുന്ന ജോലിയല്ലാ നമ്മൾ ചെയ്യുന്നതെങ്കിൽ ആ ജോലിയുടെ അവസാനം ഒരു ആത്മസംതൃപ്തിയും
 നമുക്ക്‌ ലഭിക്കില്ലാ... പിന്നെ ജീവിക്കുവാൻ വേണ്ടി എല്ലാവരും ഇഷ്ടങ്ങൾ നോക്കാതെ പണിയെടുക്കുന്നു.

 ജോലിയ്കിടയിൽ വീണു കിട്ടിയ ഒരു നാൽപ്പതു മിനിട്ട്‌ ഇടവേളയിൽ എന്റെ ചിന്തികൾ കാട്‌ കയറുവാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ഒരാൾ എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ പുള്ളി എന്നെ കണ്ട്‌ നിർത്താതെ ചിരിക്കുകയാണു. അതിന്റെ കൂടെ ഒരു ഡയലോഗും.

"അന്റെ വെടിക്കെട്ട്‌ ചീറ്റിയ കാര്യം ഞാൻ അറിഞ്ഞായിരുന്നു. "

ഞാൻ ഒന്നും മിണ്ടിയില്ലാ.

അപ്പോൾ വീണ്ടും പുളളിതന്നെ സംസാരം തുടർന്നു.

"അനക്കെന്നോട്‌ ദേഷ്യാ?? അനക്ക്‌ തോന്നുന്നുണ്ടോ അന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഞാൻ അനക്ക്‌ നിഷേധിക്കുകയാണെന്ന്????"

അപ്പോളും ഞാനൊന്നും മിണ്ടിയില്ലാ.

"അപ്പോ സംഗതി വളരെ ഗൗരവമുളളതാണല്ലോ??" പടച്ചോൻ തന്നെ വീണ്ടും തുടർന്നു.

അവസാനം ഞാനെന്റെ മൗനം ഖണ്ഡിച്ചു,

 "ഇങ്ങൾക്ക്‌ എന്നോട്‌ വല്ല വൈരാഗ്യവുമുണ്ടോ??? ഞാൻ എത്ര പ്രതീക്ഷയോടെയാണു ബുർജ്ജ്‌ കലീഫേലെ വെടിക്കെട്ട്‌ കാണാൻ പോയതെന്നറിയുമോ. എന്റെ ഈ വർഷമെങ്കിലും എനിക്ക്‌ ഏറ്റവും സന്തോഷത്തോടെ തുടങ്ങണമെന്ന് ഞാൻ ഒരുപാട്‌ ആഗ്രഹിച്ചു. മുപ്പത്തി ഒന്നാം തീയതി ഏഴുമണി തൊട്ട്‌ ബുർജ്ജ്‌ കലീഫേന്റെ കീഴിൽ ഞാൻ ആകാശത്തിൽ എന്റെ വാൽനക്ഷത്രത്തെ നോക്കിയും , രെഞ്ജിയും ഷിബിയും മദാമ്മമാരേയും ഫിലിപ്പിനോകളേയും വായിനോക്കിയും സമയം കളഞ്ഞുകൊണ്ടിരുന്ന ഞങ്ങക്ക്‌ പണി തന്നത്‌ ഒരു തീപിടുത്തത്തിന്റെ രൂപത്തിലും . ഞങ്ങളുടെ മുൻപിൽ കുറച്ച്‌ അകലത്തിലായി ഒരു ഹോട്ടലു മുഴുവനായും നിന്ന് കത്തണ കണ്ടപ്പോൾ ഞങ്ങളുടെ ചങ്കു തകർന്നു. എനിക്ക്‌ ഒരുപാട്‌ സങ്കടം തോന്നി. വെടിക്കെട്ടും കണ്ടില്ലാ ഒരു കുന്തവും കണ്ടില്ലാ."

എന്റെ മനസ്സിലുളള ദേഷ്യം മുഴുവനും പുറത്തുവരുവാനായി അദ്ദേഹം ഒരു നല്ല കേൾവിക്കാരനായി നിന്നു.

"ഇങ്ങളെന്നെ അത്‌ കാണിക്കാഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു ഞാൻ ഈ നാട്ടിൽ നിന്നു പോയാലും ഒരു ഹോളിഡേക്ക്‌ ഞാൻ ഇവിടെ തിരികെ വന്ന് എന്റെ ചീറ്റിപ്പോയ വെടിക്കെട്ട്‌ കാണുമെന്ന് . അവിടം കൊണ്ട്‌ തീർന്നുവെന്ന് മനസ്സിനെ പറഞ്ഞ്‌ സമാധാനിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ദേ വരുന്നു അടുത്തപണി."

"എന്റെ ജോലി സ്ഥലത്തുനിന്നും എന്നെ മൂന്നാഴ്ച്ചത്തേക്ക്‌ വേറൊരു സ്ഥലത്തേക്ക്‌ ഇട്ടിരിക്കുന്നു. അവിടെ പണികിട്ടിയത്‌ ഞാൻ എഴുതികൊണ്ടിരിക്കുന്ന നോവലിനും. ആഴ്ചയിൽ മൂന്നോ നാലോ ഡൂട്ടിയുണ്ടായിരുന്ന ഞാനിപ്പോൾ റെഗുലർ ഷിഫ്റ്റിലേക്ക്‌ മാറ്റപ്പെട്ടിരിക്കുന്നു. ഇപ്പോൾ നോവിലെഴുത്ത്‌ ഗോവിന്ദ. എന്തിനാ ഇങ്ങൾ എന്നോടിങ്ങനെ ചെയ്യുന്നത്‌."

"പക്ഷേ ഞാനൊരു കാര്യം തീരുമാനിച്ചു. എനിക്ക്‌ തോറ്റ്‌ തരാൻ മനസ്സില്ല. ഇപ്പോൾ ഞാൻ നാലു മണിക്കെണീറ്റ്‌ കുറച്ചു സമയം എന്റെ എഴുത്തിന്നായി മാറ്റിവെക്കുവാൻ തുടങ്ങി. എനിക്കൊരു റ്റാർജ്ജെറ്റ്‌ ദിവസമുണ്ട്‌ . അന്ന് എനിക്കത്‌ തീർത്തിരിക്കണം. "

"അഹങ്കാരമാണെന്ന് കരുതരുത്‌ , ഇങ്ങളോടുളള വാശിയുമല്ലാ. എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും നിഷേധിക്കപ്പെടുമ്പോഴുളള വേദന കൊണ്ടാ."

"പടച്ചോനെ ഇനിയെന്താണു അടുത്ത പണി???"
ഞാൻ അതും പറഞ്ഞ്‌ തല കുമ്പിട്ടിരുന്നു.

പടച്ചോൻ എന്റെ അടുത്ത്‌ വന്നിരുന്ന് എന്റെ തോളിൽ തട്ടിക്കൊണ്ട്‌ പറഞ്ഞു,

"എനിക്കറിയാം നീയിപ്പോൾ ചെയ്യുന്ന ജോലി നിനക്ക്‌ പ്രിയപ്പെട്ടതല്ലെന്ന്. പക്ഷേ നീയെന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുളള ഉയർച്ച മുഴുവനും ആ ജോലിയിലൂടെ നിനക്ക്‌ ലഭിച്ച സാമ്പത്തിക ഭദ്രതകൊണ്ടാണു. നിന്റെ പ്രിയപ്പെട്ടവർക്ക്‌ മുൻപിൽ നീ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത്‌ നൽകിയതും ആ ജോലിയാണു. നിനക്ക്‌ വേണ്ട സാഹചര്യങ്ങളെല്ലാം ഞാൻ ഒരുക്കി തന്നു. ഇനി നീയാണു തീരുമാനിക്കേണ്ടത്‌ ആത്മാവിശ്വാസത്തോടെ നീ ആഗ്രഹിക്കുന്ന ജോലിക്കായി പരിശ്രമിക്കണോയെന്നത്‌. ഓരോ മനുഷ്യർക്കുവേണ്ട സമയവും സാഹചര്യവുമൊക്കെ കാലം ഒരുക്കിത്തരും അത്‌ ബുദ്ധിപൂർവ്വം ഉപയോഗിക്കേണ്ടത്‌ മനുഷ്യരുടെ ധർമ്മമാണു." പടച്ചവനെ തർക്കിച്ചു തോൽപ്പിക്കുവാൻ ഈ ലോകത്താർക്കും കഴിയില്ലായെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.

അപ്പോളേക്കും എന്റെ ബ്രേക്കും കഴിഞ്ഞു.

"ഞാൻ പോകുവാ.. ഇങ്ങളോടിനി ഞാൻ സംസാരിച്ചുകൊണ്ടിരുന്നാൽ എന്റെ ജോലി തെറിക്കും." അതും പറഞ്ഞ്‌ ഞാൻ പോകുവാൻ ഇറങ്ങി.

"അനക്കെന്നോട്‌ ദേഷ്യമുണ്ടോ???" പടച്ചോൻ എന്നോടതു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ച ദുഃഖം ഞാനറിഞ്ഞു.

"ഹേയ്‌... ഇങ്ങോളോടെനിക്ക്‌ ദേഷ്യമോ... ഒരിക്കലുമില്ലാ. ദേഷ്യം ഉണ്ടായിരുന്നു പണ്ട്‌. എനിക്ക്‌ നിങ്ങൾ ഒരു കുഞ്ഞിനേക്കൂടി തരില്ലായെന്നറിഞ്ഞപ്പോൾ. പക്ഷേ ഒരു കുഞ്ഞിന്റെ അമ്മയായി മാത്രം ജീവിക്കാനുളളതല്ലാ എന്റേയീ ജീവിതമെന്ന് ഞാൻ പൂർണ്ണമായും മനസ്സിലാക്കിയ ദിവസം.. ഒരു പാട്‌ കുഞ്ഞുങ്ങൾക്ക്‌ എന്റെ മാതൃത്വം പങ്കിടപ്പെടേണ്ടതാണെന്ന് ഞാൻ തീരുമാനിച്ച ദിവസം ഞാനറിഞ്ഞു നിങ്ങൾക്കെന്നോടുളള സ്നേഹം.. ഇങ്ങളെന്റെ ആജന്മ സൗഹൃദമല്ലേ.. "

അതും പറഞ്ഞ്‌ ഞാനിറങ്ങി. അപ്പോൾ ഞാൻ കണ്ടു അദ്ദേഹത്തിന്റെ കണ്ണുകളിൽ വാത്സല്യത്തിന്റെ ഒരു വലിയ പ്രകാശം വിടരുന്നത്‌, അത്‌ മനോഹരമായ പുഞ്ചിരിയായി ആ ചുണ്ടുകളിൽ വിടർന്നു.

കാർത്തിക....