കമ്പിളി പുതപ്പിന്റെ അടിയിൽനിന്നും തല പൊക്കി നോക്കിയപ്പോൾ ഞാൻ കണ്ടു കൊച്ചു വെളുപ്പാൻ കാലത്തെ ഒരു പണിയുമില്ലാത്ത എന്റെ പടച്ചോനെത്തി എന്റെ ജനാലക്കൽ നിൽക്കുന്നത്.
"ഒരു നല്ല സ്വപ്നം കണ്ടുകൊണ്ടിരിക്കയായിരുന്നു. ഇങ്ങളത് നശിപ്പിച്ചല്ലോ. "
എന്റെ സ്വപ്‌നത്തിന്റെ രസം കളഞ്ഞ പടച്ചോനോട് നീരസപ്പെട്ടുകൊണ്ട് ഞാനെണീറ്റ് പുതപ്പും തലയിൽ കൂടിയിട്ട് നിലത്തിട്ടിരിക്കുന്ന ബെഡിൽ ഞാൻ എണീറ്റിരുന്നു.
"അന്റെ സ്വപ്നം കാണൽ എന്താണെന്ന് എനിക്കറിയാം. ഞാനാലോചിക്കുകയായിരുന്നു സ്വപ്നങ്ങളുടെ ലോകത്ത് ഒരു സെൻസർ ബോർഡ് അത്യാവശ്യമായിട്ടും വേണം. ഇല്ലാച്ചാൽ അന്റെ ഈ സ്വപ്നം കാണൽ ഒരിക്കലും അവസാനിപ്പിക്കാൻ പോണില്ലാ." അത് പറഞ്ഞപ്പോൾ പടച്ചോന്റെ മുഖത്തോരു നാണത്തിൽ കലർന്ന ചിരി ഞാൻ കണ്ടു.
"ഇങ്ങളു സെൻസർ ബോർഡിനെ വെച്ചാൽ അവരു എന്റെ സ്വപ്നങ്ങളെ സെൻസർ ചെയ്ത് ഒരു വഴിക്കാക്കുമെന്നല്ലാതെ എന്റെ സ്വപ്നങ്ങളെ വെട്ടിക്കുറക്കാമെന്ന് ഇങ്ങളു നിരീക്കണ്ടാ... ആ സ്വപ്നങ്ങളെക്കുറിച്ച് അറിയാവുന്നവർക്കറിയാം അതിന്റെ ആഴമെന്താണെന്ന്." അതും പറഞ്ഞു ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചു.
ആ ചിരിക്കിടയിലും ഞാൻ മനസ്സിൽ ചിന്തിച്ചു എന്റെ പ്രണയത്തിന് ചിറകുകൾ മുളച്ചതും ആ സ്വപ്നങ്ങളിലൂടെയാണു. അവയില്ലാതെ എനിക്കെന്ത് ജീവിതം.
അതും ആലോചിച്ച് അങ്ങനെയിരുന്നപ്പോൾ പടച്ചോൻ എന്റെ മുറിയിലെ കർട്ടൻ മുഴുവനായും തുറന്നു. ഇന്നെന്തോ നല്ല തണുപ്പുണ്ട്. പുതപ്പിനു പോലും ആ തണുപ്പിനെ പ്രധിരോദിക്കുവാൻ സാധിക്കുന്നില്ലാ.
പടച്ചോനെ കൈകാണിച്ചു വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു, " ഇങ്ങളു ഇബിടെ വന്ന് കുത്തിയിരിക്കീൻ."
പടച്ചോൻ എന്റെ അടുത്തുവന്ന് എന്റെ കൂടെ നിലത്തിരുന്നു. ഞങ്ങൾ രണ്ടു പേരും ജനാലയിൽക്കൂടി വെളിയിലോട്ട് നോക്കി പ്രകൃതി സൗന്ദര്യമാസ്വധിച്ചുകൊണ്ട് ഞങ്ങളുടെ കത്തിവെക്കൽ തുടങ്ങി.
"അന്നെയൊരു കാര്യം ഓർമ്മിപ്പിക്കാൻ വന്നതാ ഞാൻ. ഈയ്യൊരു കഥയെഴുതിക്കിണ്ടിരിക്കുന്ന കാര്യം മറന്നോ. ഇപ്പോ ഇതിലു അന്റെ കഥയൊന്നും കാണാറേയില്ലാ."
"ബെസ്റ്റ്... കഥ പോയിട്ട് കഥയുടെ "ക" എന്നെഴുതാൻ എനിക്ക് സമയമില്ലാ. എന്നിട്ട് ഇപ്പോ കഥയുടെ വാലും പിടിച്ചു വന്നിരിക്കുന്നു ഇങ്ങളു. എത്ര ദിവസമായീന്നറിയുമോ ഒന്ന് മനസ്സിരുത്തിയൊന്ന് എഴുതീട്ട്, ഒന്ന് വായിച്ചിട്ട്." ഞാൻ പടച്ചോനോടായി പറഞ്ഞു.
"അല്ലാ.. ഇപ്പോളാ ഒരു കാര്യമോർത്തത്. ഇങ്ങളു അമ്മടെ മുബീത്താന്റെ അടുത്തു പോകാറില്ലാ. ഓരുക്ക് എപ്പോളും പരാതിയാ ഇങ്ങളെ ഞാൻ പിടിച്ചു വെച്ചോണ്ടിരിക്കുകയാന്നു പറഞ്ഞ്. ഇങ്ങളെന്താ മുബീത്തയായിട്ട് പിണക്കാ."
എന്റെ ചോദ്യം കേട്ട് അമ്പരപ്പോടെ പടച്ചോൻ പറഞ്ഞു,
"ആരു??? ഇമ്മടെ മുബീന്റെ കാര്യമാ നീയീ പറയണത്. ഓളു വല്ല്യ എഴുത്തുകാരിയല്ലേ. ഓളോട് എനിക്കെന്ത് പിണക്കം. ഞാനവിടെ ചെല്ലുമ്പോളൊക്കെ ഓൾക്ക് ഓരോരോ തിരക്കുകളാ. ഒന്നു സംസാരിക്കാൻ പോണക്കും നേരല്ല്യാ. അല്ലാ അനക്കെങ്ങനെയാ ഓളെ പരിചയം ?"
"എന്റെ ബ്ലോഗ്ഗ് വായിക്കുവാൻ ഇടക്ക് കാനഡായിന്ന് ഇങ്ങ് ദുബായിൽ ലാൻഡ് ചെയ്യാറുണ്ട് ഇടക്ക്. എനിക്ക് മുബീത്താന്നേ അറിയൂ. ഒരു പാട് യാത്ര ചെയ്യാനും , എഴുതുവാനും, വായിക്കുവാനുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു ഇത്താ. നല്ലൊണം പാചകവും ചെയ്യൂട്ടോ. പിന്നെ ആ അക്ഷരങ്ങളിൽ ഞാൻ കാണുന്നു ഒരു നല്ല മനസ്സുളള, ഉളളിൽ ഒരുപാട് സ്നേഹമുളള ഇത്തായെ. അത്രയേ എനിക്കറിയൂ മുബീത്തയക്കുറിച്ചു."
"ശരി ഇനി കാനഡ വഴി പോകുമ്പോൾ മുബീനെ പോയി കണ്ട് അന്റേയും ഓളുടേയും പരാതി തീർത്തേക്കാം.."
അപ്പോ എനിക്ക് എന്റെ പടച്ചോനോട് പാവം തോന്നി. ഞാൻ പടച്ചോന്റെ കൈയ്യിൽ തോണ്ടിയിട്ടു ചോദിച്ചു, "ഇങ്ങൾക്ക് വിഷമമായോ ഞങ്ങടെ പരാതി കേട്ടിട്ട്?".
പടച്ചോൻ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു,
"അന്റെ പരിഭവും പരാതിയും സന്തോഷവും കുറുമ്പത്തരങ്ങളുമൊക്കെ അറിയാനല്ലേ ഞാനിവിടെ വരുന്നത്. അനക്ക് മറ്റുളളവരെപ്പോലെ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതുകൊണ്ട് ഞാൻ എപ്പോ വന്നാലും ഇബിടെയിങ്ങനെ നക്ഷത്രം ഉദിച്ചപോലെ ഇരിപ്പുമുണ്ടാവും. അതൊക്കെ വിട് ... നീ അന്റെ കഥയുടെ ബാക്കി പറ."
"എനിക്കിന്ന് കഥ പറയാനുളള മൂഡില്ലാ. നാളെ ഇങ്ങളു ബരീൻ എന്റെ മനസ്സിൽ ഒരാഴ്ച്ചയായി ഒരു നല്ല ആശയം സാംശീകരിച്ചിട്ടുണ്ട്."
അതും പറഞ്ഞ് ഞാൻ പുതപ്പോക്കെ മാറ്റി എണീറ്റു. ഒരു നല്ല കാപ്പിയുമിട്ട് ഒരു കപ്പ് കാപ്പി പടച്ചോനും കൊടുത്തു.
"അന്റെ കാപ്പി കൊളളാട്ടോ.." കാപ്പി കിട്ടിയ സന്തോഷത്തിൽ പടച്ചോൻ എന്നെ സുഖിപ്പിക്കാനും മറന്നില്ല.
കാപ്പിയും കുടിച്ച് പോകാനിറങ്ങിയ പടച്ചോടാനായി ചോദിച്ചു,
"ഇങ്ങളെന്റെ മാഷിനെ കാണാറുണ്ടോ?"
പോകുവാനൊരുങ്ങിയ പടച്ചോൻ എന്റെ ചോദ്യം കേട്ട് എന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ പടച്ചോൻ നടന്നകന്നു.
പടച്ചോൻ നടന്നകന്നു പോകുന്തോറും ഞാൻ പ്രതീക്ഷിച്ചു അദ്ദേഹം പുറകോട്ട് തിരിഞ്ഞ് എനിക്കുളള ഉത്തരം തരുമെന്ന്.
അദ്ദേഹം എന്റെ കണ്ണിൽ നിന്നു മറയുന്നതും നോക്കി ഞാൻ നിന്നു. പക്ഷേ എനിക്ക് കിട്ടേണ്ടാ ഉത്തരം മത്രം എനിക്ക് കിട്ടിയില്ലാ...
എന്താണു ആ മൗനത്തിന്റെ അർത്ഥം???
ഞാൻ അതും ആലോചിച്ച് അങ്ങനെയിരുന്നപ്പോൾ ഞാൻ കണ്ടു വെളളി മേഘങ്ങൾക്കിടയിൽ ഞാൻ അന്വേഷിച്ച ആ മുഖം...
ജീവിതത്തിൽ ചില ചോദ്യങ്ങൾക്കുളള ഉത്തരം മൗനമാണു.
ആ മൗനത്തിന്റെ മറയിൽ ഒളിപ്പിച്ചിരിക്കുന്നതും നാം കേൾക്കുവാനാഗ്രഹിക്കുന്ന നാം അറിയുവാനാഗ്രഹിക്കുന്ന ഉത്തരങ്ങളുമായിരിക്കാം... പക്ഷേ വാചാലമല്ലാത്ത ആ ഉത്തരങ്ങളാണു നമ്മുടെ പ്രതീക്ഷകൾ...
ആരും കാണാതെ നമ്മൾ നമ്മുടെ മനസ്സിൽ നെയ്തുകൂട്ടുന്ന സ്വപ്നങ്ങൾ ....
കാർത്തിക....
No comments:
Post a Comment