Sunset at Ajman
ഞാൻ ആഗ്രഹിക്കുകയാണു നിന്റെ അക്ഷരങ്ങളെ ഒരിക്കൽക്കൂടി
എന്റെ നയനങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നെങ്കിൽ
ആ അക്ഷരങ്ങളിലൂടെ കുറിക്കപ്പെടുന്ന വരികൾ ഒരിക്കൽക്കൂടി
എനിക്ക് വായിക്കുവാനായി പിറന്നു വീണിരുന്നുവെങ്കിൽ
ഈ പ്രപഞ്ചമെന്ന കടലാസും ജീവിതമെന്ന തൂലികയും
നിനക്ക് സ്വന്തമായ അനുഭവങ്ങളെന്ന അക്ഷരങ്ങളിലൂടെ
നിന്റെ വിരൽത്തുമ്പിന്റെ സ്പർശനത്താൽ വിരിയുന്ന
നിന്റെ സുവർണ്ണ ലിപികൾക്കായി കാത്തിരിക്കുന്നു
ജീവിത യാത്രയിൽ നീയറിയാതെ നീ മറന്ന അക്ഷരങ്ങൾ
നിനക്ക് നഷ്ടപ്പെട്ടുവെന്ന് നീ പറഞ്ഞ ആ അക്ഷരങ്ങൾ
നിന്റെ ഹൃദയത്തിൻ ഉൾക്കോണിലെവിടെയോ
നീ കാണാതെ നീയറിയാതെ നിനക്കായി ഇപ്പോളും തുടിക്കുന്നു
എന്തുകൊണ്ടാണു ആ സ്പന്ദനങ്ങളെ നീ ഇപ്പോഴും
അറിഞ്ഞിട്ടും അറിയാതെയും കേട്ടിട്ടും കേൾക്കാതെയുമിരുന്നു
നിന്റെ അക്ഷരങ്ങൾ നിനക്ക് നഷ്ടപ്പെട്ടുവെന്നു പറഞ്ഞ്
നഷ്ടപ്പെടാത്ത ഒന്നിനുവേണ്ടി നീ വിലപിക്കുന്നത്
നീ നിന്റെ നഷ്ടങ്ങളെ അളക്കേണ്ടത് കൊഴിഞ്ഞു വീണ ദിനങ്ങളാലല്ല
പകരം ഇനിയും വിടരുവാനിരിക്കുന്ന പ്രഭാതങ്ങളാലാണു
നിന്നിലെ അക്ഷരമെന്ന പ്രണയത്തിന്റെ പൂർണ്ണത
നിന്റെ എഴുത്തുകളിലൂടെ ഈ പ്രപഞ്ചത്തിൽ കുറിക്കപ്പെടേണ്ടത്.
ഇനിയെങ്കിലും നീയാ ഹൃദയമിടിപ്പുകൾ കേൾക്കുമെന്ന പ്രതീക്ഷയിൽ
ആ അക്ഷരങ്ങളെ ഈ ലോകത്തിന്റെ ഒരു കോണിലിരുന്നു
നീയറിയാതെ എനിക്ക് തൊടുവാനും,അറിയുവാനും സാധിക്കുമെന്ന
പ്രത്യാശയിൽ നിന്റെ അക്ഷരങ്ങൾക്കായി ഞാനിതു കുറിക്കുന്നു..
ഒരിക്കൽക്കൂടി ആ അക്ഷരങ്ങൾ ഈ ഭൂമിയിൽ
നിന്റെ തൂലികയിലൂടെ ജന്മമെടുത്തിരുന്നുവെങ്കിൽ...
പ്രതീക്ഷകളോടെ....
കാർത്തിക...
No comments:
Post a Comment